ജനാധിപത്യത്തെ തോൽപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. 1952 മുതൽ 2024 വരെ 18 പൊതു തെരഞ്ഞെടുപ്പുകളും നൂറിൽ‌പ്പരം അസംബ്ലി തെരഞ്ഞെടുപ്പുകളും നടത്തിയ ചരിത്രമുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. എന്നാൽ, സുതാര്യവും ജനാധിപത്യപരവുമായി നിലനിൽക്കാൻ ഭരണഘടന അനുശാസിക്കുന്ന സ്ഥാപനം കഴിഞ്ഞ 10 വർഷത്തെ മോദി ഭരണകാലത്ത് സ്വതന്ത്ര സ്വഭാവം വെടിഞ്ഞ് കേന്ദ്ര സർക്കാരിന്റെ ഏജൻസിയായി മാറിയിരിക്കുന്നു. വിവിപാറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, മാതൃക പെരുമാറ്റ ചട്ട ലംഘനം തുടങ്ങി നൈതികതയോടെ തീരുമാനം എടുക്കേണ്ട സാഹചര്യങ്ങളിലെല്ലാം കേന്ദ്ര സർക്കാരിന് അനുകൂലമായി മാത്രമാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. 2019 ലേയും 2024 ലേയും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേതാക്കൾ നടത്തിയ വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചപ്പോഴെല്ലാം നടപടികൾ എടുക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിലക്ക്, നോട്ടീസ് അയക്കൽ ഉൾപ്പടെയുള്ള നടപടിയെടുക്കുകയും ചെയ്തു. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മൂന്നാം മോദി സർക്കാർ ജൂൺ 9 ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും കൂടുതൽ പരാതികളും വിമർശനങ്ങളും നേരിട്ട ഒരു തെരഞ്ഞെടുപ്പായിട്ടാണ് 292 സീറ്റുകളുമായി എൻ.ഡി.എ അധികാരത്തിലേക്ക് തിരിച്ചെത്തിയ 18-ാം ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. മൂന്നാം വട്ടവും ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ രൂപീകരിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന പരാതികളെക്കുറിച്ച് അന്വേഷിക്കുകയാണ് ഈ റിപ്പോർട്ട്.

2024 – എന്തുകൊണ്ട് ഏഴ് ഘട്ടങ്ങൾ?

2019 ലെ തെരഞ്ഞെടുപ്പിന് സമാനമായി ഏഴ് ഘട്ടങ്ങളിലായാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തിൽ 21 സംസ്ഥാനങ്ങൾ, 102 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങൾ, 88 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം 11 സംസ്ഥാനങ്ങൾ 94 മണ്ഡലങ്ങൾ, നാലാം ഘട്ടം 10 സംസ്ഥാനങ്ങൾ 96 മണ്ഡലങ്ങൾ, അഞ്ചാം ഘട്ടം 8 സംസ്ഥാനങ്ങൾ 49 മണ്ഡലങ്ങൾ, ആറാം ഘട്ടം 8 സംസ്ഥാനങ്ങൾ 58 മണ്ഡലങ്ങൾ, ഏഴാം ഘട്ടം 8 സംസ്ഥാനങ്ങൾ 57 മണ്ഡലങ്ങൾ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിഹാർ, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പട്ടികപ്പെടുത്തിയത്. 1951 സെപ്റ്റംബർ മുതൽ 1952 ഫെബ്രുവരി വരെ നീണ്ടു നിന്ന ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയാണ് 2024ലേത്. ഇത്രയും നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നുവന്നു. മാധ്യമ അധികാരമുള്ള താര പ്രചാരകർക്ക് മാത്രം എല്ലാവരിലേക്കും എത്തിച്ചേരാൻ ഇത് വഴിയൊരുക്കുമെന്നും അസമമായ പ്രചാരണത്തിന് കാരണമാകുമെന്നും വിമർശനമുയർന്നു.

എം.ജി ദേവസഹായം ഐ.എ.എസ്

തെരഞ്ഞെടുപ്പ് ഷെഡ്യൂൾ തയ്യാറാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണോ എന്ന് തനിക്ക് സംശയമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് വോട്ടിങ് അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ സിറ്റിസൺസ് കമ്മീഷൻ ഓൺ ഇലക്ഷൻസ് അംഗവും മുൻ ഐ.എ.എസ് ഉദ്യോസ്ഥനുമായ എം.ജി ദേവസഹായം പറയുന്നത്. “മുഖ്യധാരാ മാധ്യമങ്ങൾ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്, പ്രധാനമന്ത്രിയുടെ എല്ലാ പ്രസംഗങ്ങളും അവർ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മാധ്യമങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നു. ചില സംസ്ഥാനങ്ങളിൽ പ്രചാരണ നിരോധിത ദിവസങ്ങളാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിരോധിതമായിരിക്കില്ല. ചില മണ്ഡലങ്ങളിൽ വോട്ട് ചെയ്യാൻ പോകുന്നവർക്ക് ടെലിവിഷനിൽ പ്രധാനമന്ത്രി മറ്റൊരിടത്ത് പ്രചരണം നടത്തുന്നത് കാണാൻ കഴിയും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇതുതന്നെ സംഭവിച്ചു. അതുമായി കൂട്ടിച്ചേർത്തുവേണം ഈ പ്രചരണത്തെയും കാണാൻ. അവർക്കുള്ള മാധ്യമ അധികാരം പരിഗണിക്കുമ്പോൾ ഇതിനെ ഒരിക്കലും ഒറ്റപ്പെട്ട പ്രവണതയായി കാണാൻ കഴിയില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് രണ്ടര മാസത്തേക്കാണ്. ഉത്തർപ്രദേശും അലഹബാദും ലക്‌നൗവും എടുത്താൽ ലക്‌നൗവിലുള്ളവർ പ്രധാനമന്ത്രി പാട്‌നയിലോ മറ്റോ സംസാരിക്കുന്നത് കാണും. 2019ലെ തെരഞ്ഞെടുപ്പ് 35 ദിവസങ്ങൾ നീണ്ടുനിന്നു, 2014ലെ തെരഞ്ഞെടുപ്പ് 35-36 ദിവസങ്ങളോളം ആയിരുന്നു. ഇത്തവണ 45 ദിവസങ്ങളാണ്. നാൽപത്തിയഞ്ച് ദിവസങ്ങൾ എന്നത് അസാധാരണമാണ്, പ്രത്യേകിച്ച് ഇത് ഒരു പ്രത്യേക വ്യക്തിക്ക് അല്ലെങ്കിൽ ഗ്രൂപ്പിന് സഹായകമാകുന്നു എന്നതുകൊണ്ട്. മാധ്യമ അധികാരമുള്ള ഒരു സ്റ്റാർ ക്യാംപയ്‌നർക്ക് എല്ലാവരിലേക്കും എത്താൻ കഴിയും, ഇത് പ്രചരണത്തിലുള്ള തുല്യതയുടെ സാധ്യതയെ അട്ടിമറിക്കുന്നതാണ്. രണ്ടാം ഘട്ട വോട്ടെടുപ്പും മൂന്നാം ഘട്ട വോട്ടെടുപ്പും തമ്മിലുള്ള കാലതാമസം നിരുത്തരവാദിത്തപരമാണ്. ഈ കാലയളവിൽ എന്തെങ്കിലും ഉത്സവ ദിവസങ്ങളുണ്ടോ എന്ന് ഞാൻ പരിശോധിച്ചു. അതൊന്നുമില്ല. മെയ് 7ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ വോട്ടിങ് നടക്കുന്നത് എൻ.ഡി.എയുടെ സ്വാധീന കേന്ദ്രങ്ങളായ 94 മണ്ഡലങ്ങളിലാണ്. 2019ൽ അവർ അവിടെ നേടിയത് 84 സീറ്റുകളാണ്, ഭരണപാർട്ടിക്ക് ഇവിടെ 100 ശതമാനം വോട്ടുകൾ ഉറപ്പിക്കാനായിരിക്കും ഇങ്ങനെ ചെയ്യുന്നത്. നാലാം ഘട്ടത്തിലും സമാന സ്ഥിതിയാണ്. നാലാം ഘട്ടത്തിലെ 96 മണ്ഡലങ്ങൾ- രണ്ടും ചേർന്നാൽ 190 മണ്ഡലങ്ങൾ എൻഡിഎയുടെ ശക്തികേന്ദ്രങ്ങളാണ്.”- ദ ഹിന്ദുവിന്റെ ഇൻ ഫോക്കസ് പോഡ്കാസ്റ്റിൽ ദേവസഹായം പ്രതികരിച്ചു.

പെരുമാറ്റച്ചട്ട ലംഘനങ്ങൾ

പ്രധാനമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കൾ നടത്തിയ പെരുമാറ്റ ചട്ട ലംഘനവും അതിനെതിരെ നടപടി സ്വീകരിക്കാതിരുന്നതുമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കമ്മീഷനെതിരെ ഉയർന്നുവന്ന മറ്റൊരു പ്രധാന പരാതി.

“മോഡൽ കോഡ് ഓഫ് കോൺഡക്റ്റ് ഒരു നിയമമല്ല. അതൊരു സ്വയം പാലിക്കേണ്ടതാണ്. രാഷ്ട്രീയപാർട്ടികൾ തന്നെയാണ് കോഡ് ഓഫ് കോൺഡക്റ്റ് രൂപപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അത് നടപ്പിലാക്കുന്നു. നിർദ്ദേശങ്ങൾ നൽകുകയും പ്രചാരണത്തിൽ നിന്നും വിലക്കുകയും മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യാൻ കഴിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ആരെയും ജയിലിലടക്കാൻ അധികാരമില്ല, ആരെയും അയോഗ്യരാക്കാൻ കഴിയില്ല. പക്ഷേ പെരുമാറ്റച്ചട്ടത്തിന്റെ ആധികാരികത ശക്തമാണ്.” മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്.വൈ ഖുറൈഷി മിറർ നൗ ചാനലിനോട് പ്രതികരിച്ചു. വിദ്വേഷ പ്രസ്താവനകളെ കുറിച്ച് ഏപ്രിൽ ഒന്നിന് നടന്ന ചർച്ചയിലാണ് ഖുറൈഷിയുടെ ഈ പ്രതികരണം. “പൊതു അഭിപ്രായ രൂപീകരണത്തെ ഇത് വളരെ ബാധിക്കുന്നുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും ഉൾപ്പെട്ടവയാണ് പെരുമാറ്റ ചട്ടത്തിലെ പല വ്യവസ്ഥകളും. 24 മുതൽ 28 മണിക്കൂറുകൾക്കുള്ളിൽ പ്രതികരണം ആവശ്യപ്പെട്ടുകൊണ്ടാണ് കോഡ് ലംഘിക്കുന്നവർക്ക് നോട്ടീസ് അയക്കുന്നത്. ഇരുപത് മണിക്കൂറുകൾക്കുള്ളിൽ മറുപടി ലഭിക്കും. പൊലീസ് എഫ്‌ഐആർ ആണെങ്കിൽ നടപടിയെടുക്കാൻ കാലതാമസം വരും.”

ഡോ. എസ്.വൈ ഖുറൈഷി

തെരഞ്ഞെടുപ്പ് കാലയളവ് ചെറുതാക്കുന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന നിലപാടാണ് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറക്കുന്നതിനും സഹായിക്കുന്ന പരിഷ്‌കരണമായിരിക്കും അതെന്നും അശോക് ലവാസ, തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കിനെക്കുറിച്ച് നടന്ന ചർച്ചയിൽ പറഞ്ഞു. “തെരഞ്ഞെടുപ്പ് കമ്മീഷനും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും തമ്മിൽ വലിയ വിടവ് രൂപപ്പെട്ടതായി തോന്നുന്നു, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള പരാതികൾ ഉയരുമ്പോൾ അതിൽ ജുഡീഷ്യൽ ഇടപെടലുകൾ തേടാതെ തന്നെ സ്വമേധയാ അവയെ തെരഞ്ഞെടുപ്പ് കമ്മീഷന് പരിഹരിക്കാൻ കഴിയേണ്ടതാണ്.” അശോക് ലവാസ കൂട്ടിച്ചേർത്തു.

അശോക് ലവാസ

രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുൻകാല പ്രവർത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. വോട്ട് നേടുന്നതിനായി ജാതീയവും വർഗീയവുമായ വികാരങ്ങളെ പ്രകോപിക്കുന്നതൊന്നും ചെയ്യരുത് എന്നാണ് പെരുമാറ്റ ചട്ടത്തിൽ നിർദ്ദേശിക്കുന്നത്. എന്നാൽ 2024 ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ നിശ്ബദ പ്രചാരണ ദിവസം വരെ ഇതിനെ പരസ്യമായി തന്നെ ലംഘിക്കുന്നത് പതിവായിരുന്നു.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്ന ശേഷം ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2024 മാർച്ച് 22ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നിൽ ഇന്ത്യ മുന്നണി നേതാക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു. എല്ലാ പാർട്ടികൾക്കും മത്സരിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വന്ന് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധിക്കേണ്ട സാഹചര്യം തെരഞ്ഞെടുപ്പെന്ന പ്രക്രിയയുടെ സമത്വമില്ലായ്മയെ വെളിപ്പെടുത്തുന്നതാണ്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി പുറത്തുവരുന്ന പ്രതിപക്ഷ നേതാക്കൾ. കടപ്പാട്:timesofindia

എന്നാൽ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ഇൻഡ്യ മുന്നണിയിലെ നേതാക്കളെല്ലാം ഹിന്ദു മതത്തെ മനഃപൂർവ്വം അധിക്ഷേപിക്കുന്നുവെന്നും ഹിന്ദു മതം വിശ്വസിക്കുന്ന ‘ശക്തി’ എന്ന സങ്കൽപ്പത്തെ തകർക്കുക എന്ന നയം പരസ്യമായി പ്രഖ്യാപിച്ചുവെന്നുമായിരുന്നു മോദിയുടെ ആരോപണം. ഇതിൽ ചട്ട ലംഘനം ആരോപിച്ച്, വിരമിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ഇ.എ.എസ് ശർമ്മ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ജൂൺ മൂന്നിന് തന്റെ പരാതികൾ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന ചോദ്യം ഉയർത്തി ശർമ ഇലക്ഷൻ കമ്മീഷന് തുറന്ന കത്ത് അയച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രമായി, നീതിയോടെ നടപ്പിലാക്കാനുള്ള പ്രധാനപ്പെട്ട അധികാരം കമ്മീഷൻ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നും ഈ കത്തിൽ ചോദിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചയുടൻ 48 മണിക്കൂർ കന്യാകുമാരി വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും മാധ്യമങ്ങൾ ഇത് സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, അഭിഷേക് സിംഘ്‌വി, സയ്യിദ് നസീർ ഹുസൈൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം കോൺഗ്രസ് പാർട്ടിക്കായി കമ്മീഷന് പരാതി നൽകിയിരുന്നു. കമ്മീഷൻ ഈ പരാതിയിൽ നടപടി എടുത്തിട്ടില്ല. ജനപ്രാതിനിധ്യനിയമത്തിന്റെ സെക്ഷൻ 123 പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതം ഉപയോഗിക്കുവാൻ പാടില്ല. ഈ നിയമപ്രകാരം മത ചിഹ്നങ്ങളോ ദേശീയ ചിഹ്നങ്ങളോ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. സെക്ഷൻ 123(3എ) ഇങ്ങനെ പറയുന്നു, “ഒരു സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിയുടെ ഏജന്റോ മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിൽ ശത്രുതയുടെ വികാരങ്ങൾ സൃഷ്ടിക്കുകയോ സൃഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.” സാമൂഹ്യമാധ്യമങ്ങളുടെയും സാങ്കേതികവിദ്യയുടെയും സാഹചര്യത്തിൽ ഈ സെക്ഷൻ കൃത്യമായി നിർവ്വചിക്കപ്പെടണം എന്ന് അഡ്വക്കേറ്റ് മദൻ ലോകൂർ വാദിക്കുന്നുണ്ട്. “തെരഞ്ഞെടുപ്പ് പ്രക്രിയകൾ സ്റ്റേറ്റിന്റെ മതേതര പ്രക്രിയയാണ്. ഈ പ്രക്രിയയിൽ മതത്തിന് സ്ഥാനമുണ്ടാകാൻ പാടില്ല, കാരണം മതം വ്യക്തിപരമാണ്, സ്റ്റേറ്റിനോ മറ്റൊരു വ്യക്തിക്കോ അത് വിഷയമാകേണ്ടതില്ല. മനുഷ്യരും ദൈവവും തമ്മിലുള്ള ബന്ധവും അതിനോട് ചേരാൻ വേണ്ടി മനുഷ്യർ തെരഞ്ഞെടുക്കുന്ന വഴികളും തീർത്തും വ്യക്തിപരമാണ്.”

വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതിനെക്കുറിച്ചുള്ള NDTVയുടെ റിപ്പോർട്ട്.

നമോ ടിവിയും 2019ലെ പെരുമാറ്റ ചട്ട ലംഘനങ്ങളും

2024ൽ നടന്നതുപോലുള്ള വർഗീയ പ്രചാരണം 2019ലെ തെരഞ്ഞെടുപ്പിലും നടന്നു.

2019 ലെ തെരഞ്ഞെടുപ്പിന് തൊട്ട് മുൻ‌പ് മാർച്ച് 26 നാണ് NaMo ടിവിയെന്ന ചാനൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. മോദിയുടെ ചിത്രം ലോഗോ ആയ NaMo ടി.വിയുടെ സമർപ്പണം ട്വിറ്റർ അറിയിപ്പിലൂടെ നരേന്ദ്ര മോദി തന്നെയായിരുന്നു നിർവഹിച്ചത്. പ്രധാനമായും മോദി നടത്തിയ പ്രസംഗങ്ങൾ, അഭിമുഖങ്ങൾ, റാലികൾ, സർക്കാർ പദ്ധതികൾ, മറ്റ് ബിജെപി നേതാക്കളുടെ അഭിമുഖങ്ങൾ, പ്രസംഗങ്ങൾ എന്നിവ ആവർത്തിച്ച് പ്രക്ഷേപണം ചെയ്തിരുന്ന NaMo ടിവിക്ക് സാധാരണ ടെലിവിഷൻ ചാനലുകൾക്ക് വേണ്ട അനുമതി ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. NaMo ടിവി പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് (ഐ & ബി) മന്ത്രാലയത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും എന്നാൽ നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നും അതുകൊണ്ട് സംപ്രേക്ഷണം തടയാൻ കഴിയില്ലെന്നുമാണ് മന്ത്രാലയം നൽകിയ വിശദീകരണം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ അംഗീകരിക്കപ്പെട്ട ടി.വി ചാനൽ പട്ടികയിൽ നമോ ടി.വി എന്നൊരു ചാനലുണ്ടായിരുന്നില്ല. ടാറ്റ സ്കൈ, വീഡിയോകോൺ, ഡിഷ് ടി.വി തുടങ്ങിയ പല ഡി.റ്റി.എച്ച് പ്രക്ഷേപകരും സൗജന്യമായി സംപ്രേക്ഷണം ചെയ്തിരുന്ന NaMo ടിവിയുടെ ഫണ്ട് വഹിച്ചിരുന്നത് ഭാരതീയ ജനതാ പാർട്ടിയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നിരന്തരം പ്രക്ഷേപണം നടത്തിയ ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മെയ് 17 ന് NaMo ടിവി സംപ്രേക്ഷണം നിർത്തുകയും ചെയ്തു. പെരുമാറ്റ ചട്ടത്തിന്റെ പ്രത്യക്ഷമായ ലംഘനമായിരുന്നിട്ടും തക്കതായ നടപടികൾ ഇതിനെതിരെ ഉണ്ടായിട്ടില്ല. 2019 ൽ ടെക്നോളജി പ്രചാരണ ആയുധമാക്കിയ ബിജെപി പ്രൊപ്പഗണ്ടയുടെ ഭാഗമായിരുന്നു NaMo ടിവിയും.

NaMo ടിവി സംപ്രേക്ഷണം

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് അഞ്ച് പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. ഇതിൽ നാലെണ്ണം പ്രധാനമന്ത്രി നടത്തിയ ലംഘനങ്ങളാണ്. “ഭൂരിപക്ഷ ജനസംഖ്യ ന്യൂനപക്ഷമായിട്ടുള്ള വയനാടിലേക്കാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ പോകുന്നത്, ഭൂരിപക്ഷം ഭൂരിപക്ഷമായ ഇടങ്ങളിൽ മത്സരിക്കാൻ ഭയമാണ്” എന്ന് വാർധയിൽ മോദി പറഞ്ഞത്. എന്നാൽ ഇതിൽ ലംഘനമുണ്ടെന്ന് സമ്മതിക്കാൻ പോൾ പാനൽ തയ്യാറായില്ല. മഹാരാഷ്ട്രയിലെ ലാത്തൂരിൽ, ആദ്യ വോട്ടർമാരോട് അവരുടെ വോട്ടുകൾ ബാലാകോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ ജവാൻമാർക്കും പുൾവാമ ആക്രമണത്തിലെ രക്തസാക്ഷികൾക്കും സമർപ്പിക്കണം എന്ന് പ്രസംഗിച്ചതിനുമെതിരെയാണ് രണ്ടാമത്തെ പരാതി. ഇന്ത്യയുടെ ആണവശക്തി ദീപാവലിക്ക് വേണ്ടിയുള്ളതല്ല എന്ന് പാകിസ്ഥാനെതിരെ ഭീഷണി ഉയർത്തിയ മോദിയുടെ മറ്റൊരു പ്രസംഗത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റ ചട്ട ലംഘനം കണ്ടെത്തിയിട്ടില്ല. കോൺഗ്രസ് ആയിരുന്നു പരാതി നൽകിയത്. നാഗ്പൂരിൽ നടത്തിയ ഒരു പ്രചാരണ പ്രസംഗത്തിൽ വയനാടിനെ പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ച അമിത് ഷായുടെ പ്രസംഗത്തിനെതിരെയും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അമിത് ഷായ്ക്ക് അനുകൂലമായ തീരുമാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടുപേർ അനുകൂലിക്കുകയും ഒരാൾ എതിർക്കുകയും ചെയ്തു. മുഴുവൻ പ്രസംഗവും പരിശോധിച്ചപ്പോൾ പെരുമാറ്റ ചട്ടലംഘനം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. പുൾവാമ ദുരന്തത്തിന് ശേഷം പാകിസ്ഥാനിലെ ഭീകരവാദ ക്യാംപുകൾ നശിപ്പിക്കാൻ മോദി തന്റെ എയർ ഫോഴ്‌സിനെ അയച്ചിട്ടുണ്ട് എന്ന്, പശ്ചിമബംഗാളിൽ വെച്ച് നടത്തിയ പ്രസംഗത്തിലും അമിത് ഷായ്ക്ക് കമ്മീഷന്റെ ക്ലീൻ ചിറ്റ് ലഭിച്ചു.

ഇതിൽ പങ്കാളിയാകാൻ വിസമ്മതിച്ച അശോക് ലവാസയെയും കുടുംബത്തെയും പിന്നീട് ആദായ നികുതി വകുപ്പ് ഉൾപ്പെടെ പിന്തുടർന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്ന പരാതികൾ ഓരോ ദിവസവും പരിഗണിക്കണം എന്ന അശോക് ലവാസയുടെ അഭിപ്രായം സുനിൽ അറോറ, സുശീൽ ചന്ദ്ര എന്നീ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് സ്വീകാര്യമായിരുന്നില്ല. ഉദയ്പൂരിലെ ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കടരിയ നടത്തിയ വർഗീയ പ്രസംഗങ്ങളുടെ പേരിൽ പ്രചാരണത്തിൽനിന്നും വിലക്കി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നതായിരുന്നു ലവാസയുടെ നിലപാട്, കടരിയയ്ക്ക് താക്കീത് നൽകുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്. പ്രഗ്യാ സിങ് ഠാക്കൂറിന് 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്താൻ ലവാസയ്ക്ക് കഴിഞ്ഞു. ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു എന്ന പ്രഗ്യയുടെ പ്രസ്താവനയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമായത്. 2019ൽ മോദിക്കും അമിത് ഷായ്ക്കും എതിരെ നിലപാട് വ്യക്തമാക്കിയതുകൊണ്ട് അശോക് ലവാസയുടെ ഫോൺ നമ്പർ പെഗാസസ് സ്‌പൈവെയറിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പിന്നീട് വന്ന വാർത്തകളിൽ വ്യക്തമായി. 2020 ൽ കാലാവധി പൂർത്തിയാകും മുൻപ് തന്നെ അശോക് ലവാസ സ്വയം വിരമിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൽഹിയിലെ മുഖ്യ കാര്യാലയം.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന വിവാദം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനയുടെ 324(2) വകുപ്പനുസരിച്ച്, പാർലമെന്റ് പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി), തെരഞ്ഞെടുപ്പ് കമ്മീഷണർ(ഇ.സി) എന്നിവരുടെ നിയമനം നടത്തേണ്ടത്. എന്നാൽ, രാജ്യം ഭരിച്ച സർക്കാരുകൾ എല്ലാം തന്നെ അത്തരമൊരു നിയമമോ ചട്ടമോ രൂപീകരിക്കാതെ സ്വന്തം താൽപര്യപ്രകാരം വ്യക്തികളെ ശുപാർശ ചെയ്യുന്ന രീതിയായിരുന്നു തുടർന്നത്. 2023 മാർച്ചിൽ, തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള അംഗങ്ങളുടെ നിയമന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സി.ഇ.സി), തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവരുടെ നിയമനത്തിലെ രാഷ്ട്രീയ സ്വാധീനം ഒഴിവാക്കാനായി മന്ത്രിസഭ തീരുമാനത്തിന് പകരം കൊളീജിയം മാതൃകയിൽ സ്വതന്ത്ര സംവിധാനം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അനൂപ് ബരൻവാൾ സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി പരിഗണിച്ച സുപ്രീം കോടതി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം രാഷ്ട്രപതിക്ക് ശുപാർശ നൽകേണ്ടതെന്ന് 2023 മാർച്ചിൽ ഉത്തരവിട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ മാത്രം ഇഷ്ടപ്രകാരമല്ല തെരഞ്ഞെടുപ്പു കമ്മീഷണർമാരെ തീരുമാനിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ ആ ചരിത്ര വിധി പ്രസ്താവിച്ചത് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചായിരുന്നു. ‌പാർലമെന്റ് നിയമം കൊണ്ടുവരുന്നതുവരെ ഈ സമിതി തുടരണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പ്രവർത്തന കാലാവധി 1991 ലെ നിയമപ്രകാരം ആറ് വർഷമോ 65 വയസ്സു വരെയോ ആണ്. എന്നാൽ 1996ന് ശേഷം ഒരു തെരഞ്ഞെടുപ്പ് കമ്മീഷ്ണർക്കും ആറ് വർഷ കാലാവധി ലഭിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയ ഭരണാഘടനാ ബഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിന് കൃത്യമായ നിയമമില്ലാത്തത് ‘പേടിപ്പെടുത്തുന്ന ട്രെൻഡ്’ ആണെന്നും ചൂണ്ടിക്കാട്ടി. ജനന തീയതി അറിയാവുന്നതിനാൽ, നിയമിക്കപ്പെടുന്നയാൾക്ക് ആറ് വർഷം മുഴുവൻ ലഭിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കുന്ന പ്രവണത തുടരുകയാണെന്നും ഭരണഘടനാ ബെഞ്ച് കുറ്റപ്പെടുത്തി.

ജസ്റ്റിസ് കെ.എം ജോസഫ്

എന്നാൽ കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശിച്ച കൊളീജിയം സംവിധാനത്തോട് എതിർ‌പ്പായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ സുതാര്യമാക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തെ മറികടന്നുകൊണ്ടാണ് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവർ ഉൾപ്പെടുന്ന സമിതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള അധികാരം നൽകുന്ന ബില്ല് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. എടുത്തു പറയേണ്ട കാര്യം സുപ്രീം കോടതി നിർ‌ദ്ദേശിച്ച സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മിഷണർമാരുടെയും നിയമനം പൂർണമായും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ജുഡീഷ്യറിക്ക് അതിൽ പങ്കില്ലെന്നുമായിരുന്നു ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളിന്റെ ന്യായീകരണം. 2023 ഡിസംബർ 21നാണ് ‘ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് (അപ്പോയ്ന്റ്‌മെന്റ്, കണ്ടീഷൻസ് ഓഫ് സെർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്) ബിൽ’ ലോക്‌സഭ പാസാക്കിയത്. പാർലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധവും, നൂറോളം അംഗങ്ങളുടെ സസ്‌പെൻഷനും, ഇന്ത്യാ മുന്നണിയിലെ അംഗങ്ങളുടെ അഭാവവുമൊക്കെ അവഗണിച്ചുകൊണ്ട് ശബ്ദവോട്ടോടെയാണ് ഇത്രയും നിർണായകമായ നിയമം കേന്ദ്ര സർക്കാർ പാസാക്കിയത്. നിയമന സമിതിയിൽ രണ്ട് പേർ കേന്ദ്ര സർക്കാരിൽ നിന്നാകുമ്പോൾ, നിഷ്പക്ഷത ഇല്ലാതാകുമെന്ന് പ്രതിപക്ഷം ആരോ‌പിച്ചു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ ബിൽ അവതരിപ്പിക്കുന്നു. കടപ്പാട്:thehindu

കേന്ദ്ര സർക്കാരിൽ സെക്രട്ടറി പദവിയിലിരിക്കുന്നവരെയോ തുല്യ പദവിയിലിരിക്കുന്നവരെയോ ആകും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായും പരിഗണിക്കുക. അപോയ്ന്റ്‌മെന്റ്, കണ്ടീഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫീസ് നിയമ പ്രകാരം ആദ്യം നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള സെർച്ച് കമ്മിറ്റി ഒരു ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമന സമിതിക്ക് നൽകും, നിയമന സമിതി നിശ്ചയിക്കുന്ന പേരുകൾ രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി നിയമന ഉത്തരവിറക്കും. നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും അടങ്ങുന്നതാണ് സേർച് കമ്മിറ്റി.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് 2022 നവംബർ 19 ന് അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയെടുക്കുന്നത്. കേസ് സുപ്രീം കോടതിയിലിരുന്ന സമയത്തും ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന അരുൺ ഗോയലിനെ ധൃതിപിടിച്ച് നിയമിച്ച കേന്ദ്ര സർക്കാർ നടപടിയെ അന്ന് കോടതി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരിൽ സെക്രട്ടറിയായിരുന്ന അരുൺ ഗോയലിനെ തലേദിവസം സർവീസിൽനിന്ന് സ്വയം വിരമിച്ച് പിറ്റേന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവ് നൽ‍കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യ കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനത്തിന് സുപ്രീം കോടതി കൃത്യമായ സംവിധാനം നിർദേശിച്ചിട്ടും ഗോയലിന്റെ നിയമനത്തിൽ അത് പരിഗണിക്കാതെയാണ് സർക്കാർ അതിവേഗ നിയമനം നടത്തിയത്. എന്നാൽ 2024 ലെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ മാർച്ച് എട്ടിന് അപ്രതീക്ഷിതമായി അരുൺ ഗോയൽ രാജിവെച്ചു. 2027 വരെ കമ്മീഷനിൽ സർവീസുള്ള ഗോയൽ രാജിവെച്ചത് പല അഭ്യൂഹങ്ങൾക്കും കാരണമായി. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചി‌രുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ഇത്ര സങ്കീർണ്ണമായ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന ആശങ്കയുളവായിരുന്നു. എന്നാൽ മാർച്ച് 14 ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനേയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചു.

അരുൺ ഗോയൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരുൾപ്പെടുന്ന നിയമന സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചത്. എന്നാൽ നിയമന സമിതിയിലെ പ്രതിപക്ഷ അംഗമായ അധീർ രഞ്ജൻ ചൗധരി ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ മുൻകൂട്ടി ലഭിച്ചില്ലെന്ന് (ആരോപണം ഉന്നയിച്ച് )വിയോജിപ്പ് രേഖപ്പെടുത്തി. ആദ്യം തനിക്ക് 212 പേരുടെ ലിസ്റ്റ് തന്നിരുന്നുവെന്നും മാർച്ച് 14 ന് തെരഞ്ഞെടുപ്പിനായുള്ള മീറ്റിംഗ് തുടങ്ങുന്നതിന് 10 മിനിറ്റ് മുൻപാണ് ആറുപേരുടെ അന്തിമ പട്ടിക നൽകിയതെന്നുമായിരുന്നു ആരോപണം. എന്നാൽ നിയമന സമിതിയിൽ സർക്കാരിന് മുൻതൂക്കമുള്ളതിനാൽ അധീർ രഞ്ജന്റെ വിയോജിപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് തടസമായില്ല. കോൺഗ്രസ് നേതാവ് ജയ താക്കൂർ, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചെങ്കിലും നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി, തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് ഇത്തരത്തിലൊരു നടപടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് മറുപടി നൽകി. ‌‘ചീഫ് എലക്ഷൻ കമ്മീഷണർ ആൻഡ് അദർ എലക്ഷൻ കമ്മീഷണേഴ്‌സ് (അപ്പോയ്ന്റ്‌മെന്റ്, കണ്ടീഷൻസ് ഓഫ് സെർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്) എന്ന കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമ പ്രകാരം ആദ്യമായി നടന്ന നിയമനമായിരുന്നു ഗ്യാനേഷ് കുമാറിന്റെയും സുഖ്ബിർ സിങ് സന്ധുവിന്റെയും. ഇവർ രണ്ടുപേരും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പല നിർണായക നയങ്ങളും നടപ്പിലാക്കാൻ പ്രവർത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു.

സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും

മുൻ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ അമിത് ഷായുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ്. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ‌ ആഭ്യന്തര വകുപ്പിലെ ജമ്മു കശ്മീരിന്റെ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന ഗ്യാനേഷ് കുമാർ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി മാറി കേന്ദ്ര ഭരണ പ്രദേശമായി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. 2020ൽ രാമക്ഷേത്ര നിർമാണത്തിനായി രൂപീകരി‌ച്ച രാമ ജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് മാധ്യസ്ഥം വഹിക്കുകയും ചെയ്തു. അമിത് ഷാ നേതൃത്വം കൊടുക്കുന്ന സഹകരണ മന്ത്രാലയത്തിലെ സെക്രട്ടറി ആയിട്ടായിരുന്നു അവസാന പദവി. ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന സുഖ്ബിർ സിങ് സന്ധുവാകട്ടെ 2019 മുതൽ 2021 വരെ നാഷണൽ ഹൈവേ അതോറിറ്റിയുടെ ചെയർപേഴ്സൺ ആയിരുന്നു. ബിജെപിയുടെ പുഷ്കർ സിങ്ങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയപ്പോൾ സന്ധുവിനെ ചീഫ് സെക്രട്ടറിയാക്കി. യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാനായി ഉത്തരാഖണ്ഡ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചു. 2004 മുതൽ ഒരു ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ആറ് വർഷത്തെ കാലയളവ് ലഭിച്ചിട്ടില്ല. 10 വർഷത്തെ യുപിഎ ഭരണത്തിൽ ആറ് സി.ഇ.സികളെ നിയമിച്ചു. എൻ.ഡി.എ സർക്കാരിന്റെ 10 വർഷ ഭരണത്തിൽ ഇതുവരെ എട്ട് പേരെ നിയമിച്ചിട്ടുണ്ട്.

ഇലക്ടറൽ ബോണ്ടിലെ മൗനം

2017 ലെ കേന്ദ്ര ബജറ്റിൽ ആദ്യമായി പ്രഖ്യാപിച്ച ഇലക്ടറൽ ബോണ്ട് എന്ന ആശയത്തെ ശക്തമായി എതിർത്തിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. 2017ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് മുൻ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്. 2018 ജനുവരി 29ന് സർക്കാർ ഇലക്ടറൽ ബോണ്ട് സ്കീം ചർച്ചയില്ലാതെ പാസാക്കി. ലോക്സഭയിലെ പോലെ രാജ്യസഭയിൽ‌‍ ഭൂരിപക്ഷമില്ല എന്നതിനാൽ ധന ബില്ലാക്കിയായിരുന്നു പദ്ധതി അവതരിപ്പിച്ചത്. ജനപ്രാതിനിധ്യ നിയമം, ആദായ നികുതി നിയമം-1961, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട്‌- 2010 (എഫ്.സി.ആർ.എ), കമ്പനീസ് ആക്‌ട്‌-2013 എന്നീ നാല് നിയമങ്ങളെ ഒന്നിച്ച് ഭേദഗതി ചെയ്‌തുകൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി 2018 ജനുവരി 2 മുതൽ നടപ്പാക്കിത്തുടങ്ങി.

20,000 രൂപയ്‌ക്കുമേൽ സംഭാവന നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നിർബ്ബന്ധമായും നൽകണം എന്നതായിരുന്നു ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം നിലനിന്നിരുന്ന വ്യവസ്ഥ. ഭേദഗതി വന്നതോടെ ഈ നിബന്ധന ഇല്ലാതെയായി. ബോണ്ടുകൾ വഴി ലഭിക്കുന്ന സംഭാവനകൾ വെളിപ്പെടുത്തുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതികളെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ 2017 മെയ് മാസത്തിൽ നിയമ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് ഒ.പി റാവത്ത്, എ.കെ ജ്യോതി, സുനിൽ അറോറ എന്നീ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഉണ്ടായിരുന്ന എതിർപ്പുകളും ആശങ്കകളും കേന്ദ്ര സർക്കാർ തങ്ങൾക്കനുകൂലമാക്കി മാറ്റിയത് ദ ടെയ്മിങ് ഓഫ് ദ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്ന റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. നീരാ റാഡിയ വിവാദങ്ങളുമായി ബന്ധമുണ്ടായിരുന്നതിനാൽ സിവിൽ സർവീസിൽ അത്ര നല്ല പദവികൾ ലഭിക്കാതിരുന്ന സുനിൽ അറോറക്ക് മോദി അധികാരത്തിൽ വന്ന ശേഷം ഉയർന്ന പദവികൾ നൽകുകയായിരുന്നു. വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ചുമതല അരുൺ ജയ്റ്റ്‌ലിക്കായിരുന്ന കാലത്ത് മന്ത്രാലയത്തിന്റെ സെക്രട്ടറി പദവി നൽ‌കുകയും തുടർന്ന് പ്രസാർ ഭാരതിയുടെ ഉപദേശക പദവിയും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ അറോറ പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് 2019 ലെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായല്ല നടന്നതെന്ന് ആരോപിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ രംഗത്തെത്തിയിരുന്നു. എ.കെ ജ്യോതിയാകട്ടെ 2009 മുതൽ 2013 വരെ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നു. റാവത്ത് മനസില്ലാ മനസോടെയും ജ്യോതി ചില കാര്യങ്ങളിൽ എതിർപ്പുകളോടെയും ഇലക്ടോറൽ ബോണ്ട് പദ്ധതിക്ക് സമ്മതം മൂളിയപ്പോൾ പൂർണ്ണ മനസോടെയാണ് അറോറ പദ്ധതിക്കൊപ്പം നിന്നതെന്നും അറോറയെ പദവിയിൽ നിയമിച്ച കേന്ദ്ര സർക്കാർ നേരത്തെ തന്നെ അറോറക്ക് സൂചന നൽകിയിരിക്കാമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. 2021ൽ സുപ്രീം കോടതിയിൽ ഇലക്ടറൽ ബോണ്ടിന്റെ ഭരണഘടന മൂല്യം പരിഗണിക്കവേ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും പദ്ധതിയോട് യോജിക്കുന്നുവെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിങ് സുതാര്യമാക്കാനാണെന്നാണ് പ്രധാനമന്ത്രിയുൾപ്പടെ ഇലക്ടറൽ ബോണ്ട് ആവിഷ്കരിച്ചപ്പോൾ‍ പറഞ്ഞത്. സുതാര്യതയുടെ പേര് പറഞ്ഞ ബി.ജെ.പിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 6069 കോടി രൂപയാണ് 2019 ഏപ്രിൽ മുതൽ ഫെബ്രുവരി 2024 വരെ ലഭിച്ചത്. ഇലക്ടറൽ ബോണ്ട് വഴി ആകെ സമാഹരിച്ചതിന്റെ ഏകദേശം 50 ശതമാനത്തോളം ബി.ജെ.പിക്ക് ലഭിച്ചു. 2024 ഫെബ്രുവരി15ന് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും വിവരാവകാശ നിയമത്തിന്റെയും(RTI) ആർട്ടിക്കിൾ 19(1)(എ)യുടെയും ലംഘനമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ ഇത് സംബന്ധിച്ച് അഭിപ്രായമൊന്നും ഇല്ലെന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രതിനിധി നൽകിയ മറുപടി. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കാവലാളായി മാറേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാത്തത് രാഷ്ട്രീയ വിധേയത്വത്തിന് തെളിവായി മാറുന്നു.

ജഗ്ദീപ് ഛോക്കർ

ഇലക്ടറൽ ബോണ്ട് കേസിൽ വെളിപ്പെട്ട വിവരങ്ങൾക്കുമേൽ അന്വേഷണം നടത്തുക പ്രയാസമായിരിക്കുമെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സ്ഥാപകനായ ജഗ്ദീപ് ഛോക്കർ ഫ്രണ്ട് ലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന സർക്കാർ ഏജൻസികൾ നിലവിൽ സർക്കാരിന്റെ അനൗദ്യോഗിക നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അധികാരം മാറിയാലും അന്വേഷണം നടക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് ജഗ്ദീപ് പറയുന്നത്. “ഫെബ്രുവരി 2017ൽ ആണ് ഇലക്ടറൽ ബോണ്ട് വ്യവസ്ഥ തുടങ്ങിയത്. നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പായി സെപ്തംബറിൽ തന്നെ നമ്മൾ പരാതി നൽകിയിരുന്നു. ഈ വ്യവസ്ഥ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കുമുള്ള ഫണ്ട് തടയുമെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു, അത് സംഭവിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഇതിന്റെ പ്രത്യേകത നമ്മൾ പരാതി നൽകിയത് 2017ൽ ആണെന്നാണ്, 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നു. ആരും ഇലക്റ്ററൽ ബോണ്ടിനെ കുറിച്ച് സംസാരിച്ചില്ല. ഒടുവിൽ നമ്മുടെ പരാതി സുപ്രീം കോടതി പരിഗണിച്ചത് 2023 ഒക്ടോബറിലാണ്. ഇലക്ടറൽ ബോണ്ട് വ്യവസ്ഥ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കി. രാഷ്ട്രീയ പ്രവർത്തനവും സർക്കാർ നടപടികളും മുതലാളിത്ത വ്യവസായത്തിന്റെ ഭാഗമാക്കി. പണം കൊണ്ട് രാഷ്ട്രീയത്തെ നിർണയിക്കാമെന്നായി.” ഛോക്കർ പറഞ്ഞു.

ഇവിഎം സുതാര്യതയും പരാതികളും

രാജ്യത്താദ്യമായി പൂർണ്ണമായി വിവിപാറ്റ് സംവിധാനം നടപ്പിലാക്കിയ പൊതു തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. 1982ൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ബാലറ്റ് പേപ്പറിന് പകരം ഇവിഎം അഥവാ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ചത് മുതൽ‌ പരാതികൾ നിരവധിയാണ്. ഇവിഎം സുതാര്യത ആവശ്യപ്പെടുന്നതിന്റെ ചെറിയ ചരിത്രം പരിശോധിക്കാം.
“തെരഞ്ഞെടുപ്പ് നടത്തി മുൻ പരിചയമുള്ള 150ലധികം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെയും പൗരാവകാശ ഗ്രൂപ്പുകളുടെയും എൻജിഓകളുടെയും പരാതികളിൽ നിന്ന് എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖംതിരിക്കുന്നത്? 2019 ഫെബ്രുവരിയിൽ 64 സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും അക്കാദമിക്കുകളും ഇലക്ഷൻ കമ്മീഷന് കത്തയച്ചു. ഏപ്രിലിലും ജൂലൈയിലും വീണ്ടും കത്തുകൾ അയച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം ജൂലൈ 2019ൽ ഇതിന് പ്രതികരണമായി വിവരാവകാശ നിയമം ഭേദഗതി ചെയ്തു. മൂന്ന് ദിവസങ്ങൾ കൊണ്ടാണ് ഭേദഗതി നടപ്പിലാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ആർ.ടി.ഐയുടെ പരിധിയിൽ നിന്നും സംരക്ഷിക്കാനാണ് ഇത് ചെയ്തത്.” എം.ജി ദേവസഹായം നിരീക്ഷിക്കുന്നു. 2018 ഏപ്രിലിൽ ഫോറം ഫോർ ഇലക്റ്ററൽ ഇന്റഗ്രിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്ത്, മുഴുവൻ വിവിപാറ്റും എണ്ണണം എന്നതാണ് ജനാധിപത്യപരമായ രീതി എന്ന് ചൂണ്ടിക്കാണിക്കുന്നു. 2018 മെയ് മാസത്തിൽ ഇവിഎം ഇൻ ചാർജ് ഉള്ള ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ നൽകിയത് ഇവിഎം നെ അനുകൂലിച്ചുകൊണ്ടുള്ള സാങ്കേതിക മറുപടിയായിരുന്നു. ഇതേത്തുടർന്ന് വിരമിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ കോൺസ്റ്റിറ്റിയൂഷണൽ കോണ്ടക്റ്റ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചർച്ചകളും ഫലം കണ്ടില്ല.

ഇവിഎം നിർമ്മിക്കുന്ന ഭാരത് ഇലക്ട്രോണിക്സിലും ബിജെപി ഓഫീസുമായി ബന്ധമുള്ളവർ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓരോ ബൂത്തിലെയും വോട്ടിങ്ങ് പാറ്റേണിന്റെ സ്വകാര്യത സൂക്ഷിക്കാനായി ടോട്ടലൈസർ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 2008-ൽ യുപിഎ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. 14 ബൂത്തുകളിലെ വോട്ടുകൾ ഒരുമിച്ച് എണ്ണാൻ അനുവദിക്കുന്ന ഒരു സംവിധാനമാണ് ടോട്ടലൈസർ. നിലവിൽ ഇവിഎം വഴിയുള്ള വോട്ടുകൾ വ്യക്തിഗത ബൂത്ത് അടിസ്ഥാനത്തിലാണ് എണ്ണുന്നത്. ടോട്ടലൈസർ സംവിധാനം വഴി തെരഞ്ഞെടുപ്പിന് മുമ്പുള്ള ഭീഷണികളിൽ നിന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള ഉപദ്രവങ്ങളിൽ നിന്നും വോട്ടർമാരെ രക്ഷിക്കാനാകും. എന്നാൽ ടോട്ടലൈസർ സംവിധാനത്തോട് എതിർപ്പുള്ള എൻഡിഎ സർക്കാർ 2017 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിൽ ടോട്ടലൈസർ ഉപയോഗിക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിഭജിച്ചും വർഗീയവത്കരിച്ചും ഭരിക്കുക എന്ന ആശയത്തിൽ മുന്നോട്ടുപോകുന്ന ബിജെപിക്ക് ടോട്ടലൈസർ സംവിധാനം വെല്ലുവിളിയാകുമെന്നതിനാലാണ് ബിജെപി അത് എതിർക്കുന്നത്.

ഇ.വി.എമ്മും വിവിപാറ്റും

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്നതിനിടെയാണ് നിർണായക വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് രണ്ട് വ്യത്യസ്ത വിധികളാണു പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സാങ്കേതിക വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷമാണ് വിധി. മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ലെന്നുള്ള വിശദീകരണം പൗരരുടെ വോട്ടർ വെരിഫിക്കേഷൻ എന്ന അവകാശത്തെ ചോദ്യം ചെയ്യുന്നതാണ്. വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്ന ഹർജിയിൽ സുപ്രീം കോടതി തീർപ്പ് കൽപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷം മാത്രമാണ്.

ഇലക്ഷൻ കമ്മീഷന്റെ വാർത്താ സമ്മേളനം

വോട്ടെണ്ണലിന്റെ തലേ ദിവസം ജൂൺ മൂന്നാം തീയ്യതി നടത്തിയ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിച്ചു. തെരഞ്ഞെടുപ്പിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഉന്നയിച്ച പ്രധാന അവകാശ വാദങ്ങൾ ഇതെല്ലാമാണ്.

ജമ്മു കശ്മീരിലെ മൊത്തം വോട്ടർ ടേൺ ഔട്ട് 58.58 ശതമാനം ആണ്. താഴ്വരയിൽ വോട്ടർ ടേൺ ഔട്ട് 51.05 ശതമാനം. ഇതൊരു വലിയ വിജയമാണ്. ജനാധിപത്യപരമായി സ്വന്തം ഭാവി തീരുമാനിക്കാൻ ജമ്മു കശ്മീരിലെ ജനങ്ങൾ തയ്യാറാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.

കശ്മീരി പണ്ഡിറ്റ് വോട്ടർമാർക്ക് ഫോം എം സമർപ്പിച്ച് ഗസറ്റഡ് ഓഫീസർമാരുടെ അറ്റസ്റ്റേഷൻ നേടിയ ശേഷം വോട്ടിങ് അനുമതി വാങ്ങിക്കാനുള്ള ബുദ്ധിമുട്ടേറിയ രീതി മാറ്റി സ്വന്തം ഒപ്പുവെച്ച് തന്നെ വോട്ടുചെയ്യാൻ കഴിയുന്ന രീതിയിലാക്കി.

സംഘർഷാവസ്ഥകൾ നിലനിൽക്കുമ്പോഴും മണിപ്പൂരിലെ പത്ത് ജില്ലകളിൽ 94 പോളിങ് സ്‌റ്റേഷനുകൾ പുതുതായി കൊണ്ടുവന്നു. ഇന്നർ മണിപ്പൂരിൽ 71.96 ശതമാനം, ഔട്ടർ മണിപ്പൂരിൽ 51.72 ശതമാനം എന്നിങ്ങനെയാണ് പോളിങ്. ജനങ്ങൾ വോട്ട് ചെയ്യാൻ വളരെ ആകാംക്ഷയോടെ നിൽക്കുകയായിരുന്നു.

പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവരും വോട്ട് ചെയ്യാനെത്തി.

ഞങ്ങൾക്കൊപ്പം വിവിധ ഏജൻസികൾ സ്വമേധയാ ജോലി ചെയ്തു. (അമൂൽ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളെയാണ് ഏജൻസികൾ എന്ന് വിളിക്കുന്നത്).

ഐപിഎൽ മാച്ചുകളിൽ വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ, സച്ചിൻ ടെൻഡുൽക്കറുടെ വോട്ടർ പ്രതിജ്ഞ, 16,000 പെട്രോൾ പമ്പുകൾ, ഇന്ത്യൻ പോസ്റ്റ്, ഇന്ത്യൻ റെയിൽവേയ്‌സ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ ചെയ്തു.

മസിൽ, മണി, മിസ് ഇൻഫർമേഷൻ, മോഡൽ കോഡ് ഓഫ് കോൺഡക്റ്റ്, മിസ്ചീവിയസ് നറേറ്റീവ്‌സ്, എന്നിവയാണ് തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച അഞ്ച് പ്രതിരോധ നയങ്ങൾ.

ജമ്മു കശ്മീർ, ജാർഖണ്ഡ്, ഒഡീഷ, മണിപ്പൂർ, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ പ്രശ്‌നബാധിത മേഖലകളായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുവർഷം നീണ്ട തയ്യാറെടുപ്പ് ഇവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന് വേണ്ടിവന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തിന്റെ സ്ക്രീൻഷോട്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ മണിപ്പൂരിൽ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചത് വിജയമായി അവകാശപ്പെടുമ്പോഴും ഏപ്രിൽ 15ന് മണിപ്പൂർ ട്രൈബൽ ഫോറം ആഭ്യന്തരമായി കുടിയിറക്കപ്പെട്ട മണിപ്പൂരി തദ്ദേശീയർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി തള്ളിക്കളയുകയാണ് ചെയ്തത്.

വാർത്താ സമ്മേളനത്തിൽ ജമ്മു കശ്മീരിലെ വോട്ടിങ് ടേൺ ഔട്ട് വർധനവിനെ പ്രത്യേകം പരാമർശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേക്കുറിച്ച് മെയ് 27ന് പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം കശ്മീരിൽ ഉയർന്ന വോട്ടർ ടേൺ ഔട്ടുമായി ജമ്മു കശ്മീർ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മായാത്ത മഷി അടയാളപ്പെടുത്തി എന്നായിരുന്നു കമ്മീഷന്റെ വാചകം. നിർണായകമായ ഈ പങ്കാളിത്തം സവിശേഷമായ ജനാധിപത്യ ഊർജ്ജത്തെയും പൗര ഇടപെടലിനെയും സൂചിപ്പിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെടുമ്പോഴും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ബാരാമുള്ളയിൽ നിന്ന് ജയിച്ച ഷെയ്ഖ് അബ്ദുൾ റാഷിദ് ഇപ്പോഴും ജയിലിൽ തുടരുകയാണ്. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് അബ്ദുൾ റാഷിദ് അറസ്റ്റ് ചെയ്യപ്പെട്ടത്. കാലങ്ങളായി കശ്മീരിനെ പ്രതിനിധീകരിക്കുന്ന നേതാക്കളോടുള്ള എതിർപ്പിന്റെ പ്രതിഫലനമായി ഈ ജനവിധിയെ കാണാം. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിന് ശേഷമുള്ള നയങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തലാണ് ഈ തെരഞ്ഞെടുപ്പ് എന്നാണ് കശ്മീരിൽ നിന്നും ഗാഫിറ ഖാദിറിന്റെ ഗ്രൗണ്ട് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിൽ 2019ലെ തെരഞ്ഞെടുപ്പിൽ ആകെ പോളിങ് ശതമാനം 44.37 ആയിരുന്നു, ബാരാമുള്ള, അനന്ത്നാഗ്- രജൗരി, ശ്രീനഗർ എന്നീ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിൽ 19.16 ശതമാനം ആയിരുന്നു പോളിങ്.

ഷെയ്ഖ് അബ്ദുൾ റാഷിദ്

ദൈനിക് ഭാസ്‌കർ ലേഖകൻ മുകേഷ് കൗശിക്, 2014ലെ നോട്ട ഓപ്ഷൻ കൊണ്ടുവന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, ഗുജറാത്തിലെ സൂറത്തിൽ തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനെ ചോദ്യം ചെയ്തു. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന് ശേഷം എന്തുകൊണ്ട് ജമ്മു കശ്മീരിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടത്തിയില്ല എന്ന് ഇന്ത്യ റ്റുഡേയുടെ ലേഖിക ഐശ്വര്യ പലിവാൾ ചോദിച്ചു. സൂറത്തിൽ തെരഞ്ഞെടുപ്പ് നടത്താത്തത് ഇതര സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങിയതുകാരണമാണ് എന്നായിരുന്നു ചീഫ് ഇലക്ഷൻ കമ്മീഷണറുടെ മറുപടി. ഇതര സ്ഥാനാർത്ഥികൾക്ക് മറ്റ് സ്ഥാനാർത്ഥിയിൽ നിന്നും ഭീഷണി നേരിടുകയോ കസ്റ്റഡിയിലാക്കപ്പെടുകയോ ചെയ്താൽ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന് അതിൽ ഇടപെടാൻ കഴിയൂ എന്നുമായിരുന്നു മറുപടി. ജമ്മു കശ്മീരിൽ ഉടൻ തന്നെ അസംബ്ലി തെരഞ്ഞെടുപ്പ് തുടങ്ങുമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തിയ ദിവസം സ്‌ക്രോളിന് നൽകിയ അഭിമുഖത്തിൽ, പ്രചാരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീം ജനതയെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ലേഖകൻ ആയുഷ് തിവാരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനോട് ചോദിച്ചു. “നമ്മൾ തീരുമാനിക്കുകയായിരുന്നു- ഇതൊരു വലിയ രാജ്യമാണ്- ഇരു പാർട്ടികളിലെയും ഉന്നതരായ രണ്ടു നേതാക്കൾക്കെതിരെ നമ്മൾ മനഃപൂർവ്വം നടപടിയെടുക്കാത്തതാണ്. രണ്ട് പാർട്ടി പ്രസിഡന്റുമാർക്കെതിരെയും തുല്യമായാണ് നടപടിയെടുത്തത്. നമ്മളെന്തിനാണ് രണ്ടുപേരെ ഒരു വശത്തും രണ്ടുപേരെ മറ്റൊരു വശത്തും നിർത്തുന്നത്? ഇത്രയും വലിയ ഈ രാജ്യത്തിന്റെ പദവികൾ വഹിക്കുന്നവർക്കും ഉത്തരവാദിത്തങ്ങളുണ്ട്, നമ്മൾ അവരെ അവരുടെ ഉത്തരവാദിത്തങ്ങൾ ഓർമ്മിപ്പിച്ചു.” രാജീവ് കുമാർ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗങ്ങൾ വാർത്താ സമ്മേളനത്തിൽ. കടപ്പാട്:scroll

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ബിജെപിക്കും രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നൽകിയ പരാതിയിൽ കോൺഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത് ഒരുപോലെയായിരുന്നു. ഇരു പാർട്ടിയുടെ അധ്യക്ഷന്മാരായ ജെ.പി നഡ്ഡയോടും, മല്ലികാർജുൻ ഖാർഗെയോടും മറുപടി നൽകണമെന്ന നിർദ്ദേശിച്ചായിരുന്നു നോട്ടീസ്. നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയെയും രാഹുൽ ​ഗാന്ധിക്കെതിരായ പരാതിയെയും കമ്മീഷൻ ഒരുപോലെ സമീപിച്ചതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

നഷ്ടമാകുന്ന വിശ്വാസ്യത

പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന ഡാറ്റയെക്കുറിച്ച് ​ഗൗരവമുള്ള ചില പരാതികൾ ഇത്തവണ ഉന്ന‌യിക്കുകയുണ്ടായി.

മെയ് 7ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട വോട്ടിങ് ഡാറ്റയെ കുറിച്ച് ആശങ്കയറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലെ വോട്ടർ ടേൺ ഔട്ടിന്റെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വെെകിയതിന്റെ കാരണവും പോൾ പാനൽ റിലീസ് ചെയ്യുന്ന ഡാറ്റയുടെ കൃത്യതയെക്കുറിച്ചും ഖാർഗെ അന്വേഷിച്ചു. ആദ്യഘട്ട പോളിങ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമാണ് ഇലക്ഷൻ കമ്മീഷൻ ഡാറ്റ പ്രസിദ്ധീകരിച്ചത്, രണ്ടാം ഘട്ട പോളിങ് കഴിഞ്ഞ് നാല് ദിവസങ്ങൾ കഴിഞ്ഞാണ് ഡാറ്റ പ്രസിദ്ധീകരിച്ചത്. ഈ കാലതാമസത്തിന് വിശദീകരണം നൽകാൻ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ല എന്നും ഖാർഗെ ചോദിക്കുന്നു.

എന്നാൽ ഖാർഗെയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല. ഇലക്ടറൽ പ്രക്രിയയുടെ ആധികാരികതയെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ ആക്രമിക്കുകയാണെന്നും വോട്ടർമാരുടെ പങ്കാളിത്തത്തെ അത് ബാധിക്കുമെന്നും വോട്ട് ചെയ്യാൻ പോകാൻ തീരുമാനിച്ച ഒരാളെ അതിന് സ്വാധീനിക്കാൻ കഴിയുമെന്നുമെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയിൽ പറയുന്നു. ഈ മറുപടിയെക്കുറിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇപ്രകാരം പ്രതികരിച്ചു, “ഇലക്ഷൻ കമ്മീഷൻ ഒരു ഭരണഘടനാ സംവിധാനമാണ്, എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരേ നിലയിൽ, നിർത്തുകയും നിഷ്പക്ഷമായി പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. സുകുമാർ സെൻ, ടി.എൻ ശേഷൻ, ജെ.എം ലിങ്‌ദോ എന്നിവരെപ്പോലുള്ള ഉദ്യോഗസ്ഥർ വഹിച്ച പദവിക്ക് എന്നേക്കുമായി പേരുദോഷം വന്നിരിക്കുകയാണ്.” കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയും തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസ നഷ്ടം സംഭവിച്ചതായി പറയുന്നു.

2021 നവംബറിൽ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡേ എന്നിവർ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ മിശ്രയുമായി ഒരു ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനെതിരെ അഞ്ച് ചീഫ് ഇലക്ഷൻ കമ്മീഷണർമാർ പ്രതികരിച്ചു. 2018ൽ ഇലക്ഷൻ കമ്മീഷനെ നയിച്ച ഒ.പി റാവത്ത് പറഞ്ഞത് ഇങ്ങനെയാണ്, “ഞങ്ങൾ കമ്മീഷനിൽ ഉണ്ടായിരുന്നപ്പോൾ ഇങ്ങനെയൊന്ന് സംഭവിച്ചിരുന്നില്ല. ഒരു മന്ത്രാലയവും ഇത്തരത്തിലുള്ള യോഗത്തിൽ പങ്കെടുക്കാൻ അറിയിച്ചിട്ടില്ല. ഗവൺമെന്റ് മീറ്റിങ് ആവശ്യമുള്ളപ്പോൾ അവരുടെ ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്ത് വരികയാണ് ചെയ്യുക. ഇത്തരം യോഗങ്ങൾ ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തോ ഓൺലൈനിലോ അല്ലെങ്കിൽ ഒരു സർക്കാർ ഓഫീസറുടെ അധ്യക്ഷതയിലോ നടന്നിട്ടില്ല.” ഇങ്ങനെയുള്ള യോഗങ്ങൾക്ക് മുൻപും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുത്തിരുന്നില്ല എന്ന് മറ്റൊരു ഇലക്ഷൻ കമ്മീഷൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ യോഗം. ഇത് സൂചിപ്പിക്കുന്നത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഉൾപ്പെടെയുള്ള കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ് തന്നെ ഭരണകൂടവുമായി അതിനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നാണ്.

ഒ.പി റാവത്ത്

ജനപ്രാതിനിധ്യ നിയമം തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ അധികാരങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 തെരഞ്ഞെടുപ്പ് കമ്മീഷന് സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പിന് മേലുള്ള നിയന്ത്രണവും തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുനൽകുന്നു. ആർട്ടിക്കിൾ 325 പറയുന്നത് മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗ/ ലൈംഗികതയുടെയോ പേരിൽ ഒരു വ്യക്തിയും വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെടാതെ പോകരുത് എന്നാണ്. വോട്ടർ രജിസ്‌ട്രേഷൻ, വോട്ടിങ് സമയം, വോട്ടെണ്ണൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ ക്രമക്കേടുകൾ സംഭവിക്കാം. വോട്ടർ രജിസ്‌ട്രേഷനിൽ ക്രമക്കേട് നടന്നു എന്നതിന് ഗവേഷകനായ സബ്യസാചി ദാസ് ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ വീഴ്ച’ എന്ന പഠനത്തിൽ മുന്നോട്ടുവെക്കുന്ന തെളിവുകൾ ബിജെപി എളുപ്പം ജയിക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിൽ വന്ന വളർച്ചയാണ്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള മണ്ഡലങ്ങളിലാണ് ഈ പ്രവണത കൂടുതലായി കാണപ്പെട്ടതെന്നും ദാസിന്റെ പഠനം നിരീക്ഷിക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായ ഇവിഎം ഡാറ്റയും വോട്ടർ ടേൺ ഔട്ടും തമ്മിലുള്ള വ്യത്യാസം ‘ദ ക്വിന്റി’ന്റെ പൂനം അഗർവാൾ തയ്യാറാക്കിയ റിപ്പോർട്ടിലൂടെ മുമ്പ് തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിന്റെ ഭാഗമായ 373 മണ്ഡലങ്ങളിൽ രണ്ട് തരത്തിലുള്ള ഡാറ്റയാണ് രൂപപ്പെട്ടത്. തമിഴ്‌നാട് ഇത്തരത്തിൽ ക്രമക്കേട് രേഖപ്പെടുത്തിയ മണ്ഡലങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. രേഖപ്പെടുത്തപ്പെട്ട ഇവിഎം വോട്ടുകളും കൗണ്ട് ചെയ്യപ്പെട്ട ഇവിഎം വോട്ടുകളും തമ്മിലുള്ള 10,000ൽ അധികം വോട്ടുകളുടെ വ്യത്യാസമാണ് ക്വിന്റ് റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ചോദ്യമായി ഉന്നയിച്ചത്. വിശദീകരണം അന്വേഷിച്ച് പ്രതികരണം തേടിയ റിപ്പോർട്ടർക്ക് ഉടൻ മറുപടി നൽകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പ്രതികരണം ലഭിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും ഈ വിവരങ്ങൾ നീക്കം ചെയ്യുകയായിരുന്നു. എന്തുകൊണ്ട് ഈ വിവരങ്ങൾ നീക്കം ചെയ്തു എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. എസ്.വൈ ഖുറേഷി, എൻ ഗോപാലസ്വാമി, എച്ച്.എസ് ബ്രഹ്‌മ എന്നീ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഈ ക്രമക്കേടുകൾക്ക് വിശദീകരണം നൽകണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത അങ്ങനെ മാത്രമേ നിലനിർത്താൻ കഴിയൂ എന്നും പറഞ്ഞിരുന്നു.

2012-2017 കാലയളവിൽ, ഉത്തർപ്രദേശിൽ നിന്നുള്ള വ്യക്തിഗതമായ പാനൽ ഡാറ്റ ഉപയോഗിച്ച് മുസ്ലീം വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടതായി ജൊനാതൻ ലെനെ നടത്തിയ ‘ഇൻകംബെന്റ്‌സ്, മൈനോറിറ്റീസ് ആൻഡ് വോട്ടർ പർജെസ്: എവിഡൻസ് ഫ്രം 120 മില്യൺ വോട്ടേഴ്‌സ് രജിസ്‌ട്രേഷൻസ് ഇൻ ഇന്ത്യ’ എന്ന പേപ്പറിൽ പറയുന്നു. സ്റ്റോക്‌ഹോം സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ 2020ൽ നടത്തിയ ഒരു സെമിനാറിലാണ് ഈ വിവരങ്ങൾ ജൊനാതൻ ലെനെ അവതരിപ്പിച്ചത്. “ഈ പേപ്പറിലൂടെ ഞാൻ വ്യക്തമാക്കുന്നത് മുസ്ലീം പേരുള്ള വോട്ടർമാർ ഇലക്ടറൽ റോളിൽനിന്നും നീക്കം ചെയ്യപ്പെടാനുള്ള വലിയ സാധ്യതകളാണ് മുസ്ലീം അല്ലാത്തൊരു രാഷ്ട്രീയ നേതാവോ, മുസ്ലീം ജനതക്കിടയിൽ ഒട്ടും പിന്തുണ കിട്ടാത്ത പാർട്ടിയിലെ (ഭാരതീയ ജനതാ പാർട്ടിയിലെ) നേതാവോ ആണ് മത്സരിക്കുന്നതെങ്കിൽ ഉള്ളത്. മുസ്ലീം, ബി.ജെ.പി മത്സരാർത്ഥികൾ തമ്മിൽ തെരഞ്ഞെടുപ്പിൽ മത്സരമുണ്ടായ മണ്ഡലങ്ങളാണ് ഇതിനായി പഠനവിധേയമാക്കിയത്, ഇവയാണ് വോട്ടേഴ്‌സ് ലിസ്റ്റ് അട്ടിമറിക്കാൻ സാധ്യതയുള്ളതും മുസ്ലീം വോട്ടുകൾ പ്രവചിക്കാൻ കഴിയുന്നതുമായ സാഹചര്യങ്ങൾ.” ജൊനാതൻ ലെനെയുടെ പേപ്പറിന്റെ ഉള്ളടക്കത്തിൽ വിവരിക്കുന്നു.

യൂസഫ് നെഗേഴ്‌സിന്റെ ‘എൻഫ്രാൻചൈസിങ് യുവർ ഓൺ? എക്‌സ്‌പെരിമെന്റൽ എവിഡൻസ് ഓൺ ബ്യൂറോക്രാറ്റ് ഡൈവേഴ്‌സിറ്റി ആൻഡ് എലക്ഷൻ ബയാസ് ഇൻ ഇന്ത്യ’ എന്ന പഠനം 2014ൽ ബിഹാറിലെ രണ്ട് ജില്ലകളെ ആധാരമാക്കി നടത്തിയതാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് സ്‌റ്റേഷൻ അഡ്മിനിസ്‌ട്രേറ്റർമാരുടെ വൈവിധ്യം അന്വേഷിക്കുകയാണ് ഈ പേപ്പറിൽ. തെരഞ്ഞെടുപ്പ് ദിവസം നിയമിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ജാതി, മത സ്വത്വങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകുന്നത് എങ്ങനെയെന്ന് ഇതിൽ അവതരിപ്പിക്കുന്നു. ജാതി മേധാവിത്വ രാഷ്ട്രീയത്തിന് എതിരായി യാദവരും മുസ്ലീങ്ങളും രാഷ്ട്രീയ സഖ്യം രൂപീകരിച്ച സംസ്ഥാനമെന്ന പ്രത്യേകതയും ഈ പഠനത്തിന്റെ പശ്ചാത്തലമായി യൂസഫ് നെഗേഴ്‌സ് പരാമർശിക്കുന്നുണ്ട്. പോളിങ് ഓഫീസർമാർക്ക് വോട്ടർമാരോടുള്ള പെരുമാറ്റം, സമീപനം എന്നിവയെക്കുറിച്ചും ഈ പഠനത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

ഭരണഘടനാ നിർമ്മാണ സഭയിൽ സംസാരിക്കുന്ന ഡോ. അംബേദ്കർ

ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചയിൽ സഭാ ചെയർമാൻ ഡോ. ബി.ആർ അംബേദ്കർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര ഘടന തീരുമാനിക്കുന്ന ഘട്ടത്തിൽ വോട്ടവകാശം ജനാധിപത്യത്തിൽ ഏറ്റവും മൗലികമാണെന്ന് പറയുന്നുണ്ട്. “ഇരുപത്തിയൊന്ന് വയസ്സുള്ളൊരു വ്യക്തി ഏതെങ്കിലും പ്രാദേശിക സർക്കാരിന്റെയോ ഓഫീസറുടെ മുൻവിധിയുടെ ഫലമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടരുത്. അത് ജനാധിപത്യ സർക്കാരിന്റെ വേരറുക്കും. വംശീയമായോ ഭാഷയുടെ പേരിലോ സംസ്കാരത്തിന്റെ പേരിലോ അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രാദേശികമെന്നതിനേക്കാൾ കേന്ദ്രിതമായ ഘടനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യം” എന്നായിരുന്നു ഡോ. അംബേദ്കർ പറഞ്ഞത്. പൗരർ വിവേചനം നേരിടുകയില്ല എന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നും ഡോ. അംബേദ്കർ പറയുന്നു.

2021 ഡിസംബർ ൽ ദ ലീഫ്‌ലെറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച എസ്.എൻ സാഹുവിന്റെ ലേഖനം തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിക്യൂട്ടീവിന്റെ ഭാഗമായി മാറുമോ എന്ന അംബേദ്കറുടെ ഭയത്തെക്കുറിച്ച് പറയുന്നുണ്ട്. “ഗവണ്മെന്റിന് മുകളിലായി കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിക്യൂട്ടീവിൽ നിന്നും സ്വതന്ത്രമായി നിലനിൽക്കേണ്ടതാണ്. ഭരണഘടനാ അസംബ്ലിയുടെ ഉദ്ദേശങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് കമ്മീഷനെ നയിക്കേണ്ടത്.” മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ സ്പെഷ്യൽ ഡ്യൂട്ടി ആൻഡ് പ്രസ് സെക്രട്ടറി ഓഫീസർ ആയിരുന്ന എസ്.എൻ സാഹു എഴുതുന്നു.

മിത്ത് വേഴ്‌സസ് റിയാലിറ്റി ?

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ 2024 ഏപ്രിൽ രണ്ടിന് ‘മിത്ത് വേഴ്‌സസ് റിയാലിറ്റി’ എന്നൊരു രജിസ്റ്റർ പുറത്തിറക്കി. തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അഖണ്ഡത ഉറപ്പാക്കുന്നതിനുമാണ് ഈ രജിസ്റ്റർ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പലതും ‘മിത്ത്’ ആണ് എന്ന നിലയിൽ ഫാക്റ്റ് ചെക്കിങ്ങിന് വിധേയമാക്കിയതായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

‘മിത്ത് വേഴ്‌സസ് റിയാലിറ്റി’ പേജ്.

തെരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന മോക് പോളിൽ കാസർഗോഡ് മണ്ഡലത്തിലെ ഒരു ഇവിഎം ടെസ്റ്റിങ് സെന്ററിൽ ഇവിഎം മെഷീനുകളിൽ ചെയ്ത വോട്ടുകളേക്കാൾ വിവിപാറ്റ് കൗണ്ട് ചെയ്തതിനെ തുടർന്ന് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പത്തനംതിട്ടയിലും ഇത്തരത്തിലുള്ള ഇവിഎം പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഈ പരാതി വ്യാജവിവരമാണ് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എ.ഡി.ആർ എന്ന സംഘടനയുടെ പരാതി സുപ്രീം കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് കാസർഗോഡ് ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധികവോട്ട് വന്നതെന്ന് വിവരം സുപ്രീം കോടതിയെ അറിയിച്ചത്. കോടതി വിശദീകരണം തേടിയപ്പോൾ ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചത് വ്യാജവിവരങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. പത്തനംതിട്ടയിലും സമാനമായ സംഭവമുണ്ടായി. ‌

തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികപ്പെടുത്തിയ മിത്തുകൾ

ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറിച്ച് നിലനിൽക്കുന്ന പരാതികളിൽ പലതും മിത്തുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇവിഎം ഹാക്ക് ചെയ്യാൻ കഴിയും

ഇവിഎം ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക വ്യാപകമായി നിലനിൽക്കുന്നുണ്ട്. സാങ്കേതികതയെ കുറിച്ചുള്ള സുതാര്യത ജനങ്ങളുടെ അവകാശമാണ്. ബാലറ്റ് പേപ്പർ വോട്ടിങ് പോലെ സുതാര്യമല്ല വിവിപാറ്റ് വോട്ടിങ് എന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം. പ്രത്യേകിച്ച് മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണാതെ ഇവിഎം ൽ രേഖപ്പെടുത്തപ്പെട്ട ഇലക്ട്രോണിക് വോട്ട് മാത്രം എണ്ണുന്നു എന്നതാണ് ഇതിലെ പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുപ്രീം കോടതിയും ഇവിഎം സംബന്ധിച്ചുള്ള പരാതികളിൽ ഇലക്ഷൻ കമ്മീഷന് അനുകൂലമായ നിലപാടാണ് എടുക്കുന്നത്.

വയർലെസ് കമ്മ്യൂണിക്കേഷനിലൂടെ ഇവിഎം മാറ്റിയെടുക്കാൻ കഴിയും

ആദ്യഘട്ട പരിശോധനയിൽ ഇവിഎം ആക്‌സസ് ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിയൂ, അതിനാൽ വയർലെസ് കമ്മ്യൂണിക്കേഷനിലൂടെ ഇവിഎം മാറ്റാൻ കഴിയില്ല എന്നാണ് ഇലക്ഷൻ കമ്മീഷന്റെ വാദം. ഇവിഎം സംശയരഹിതമാക്കണമെന്ന് ആവശ്യമുന്നയിക്കുന്നവർക്കുള്ള ആശങ്കകൾ പരിഹരിക്കാൻ പോന്നതല്ല ഇലക്ഷൻ കമ്മീഷൻ ‘യാഥാർത്ഥ്യം’ ആയി വെബ്‌സൈറ്റിൽ അവതരിപ്പിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ.

2024 മാർച്ച് 28നും ഏപ്രിൽ 8നും ഇടയിൽ 19 സംസ്ഥാനങ്ങളിലായി ലോക്‌നീതി-സി.എസ്.ഡി.എസ് എന്ന ​ഗവേഷണ സ്ഥാപനം നടത്തിയ സർവ്വേയിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസം കുറഞ്ഞതായി 58 ശതമാനം പേരാണ് പ്രതികരിച്ചത്. 48 ശതമാനം പേർ പ്രതികരിച്ചത് ഭരിക്കുന്ന പാർട്ടി ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമപ്പണി നടത്താൻ സാധ്യതയുണ്ട് എന്നാണ്. ഇന്ത്യയിലെ വലിയൊരു വിഭാ​ഗം ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് ഈ കണക്കുകൾ. 2024ലെ തെരഞ്ഞെടുപ്പ് കാലത്ത് കമ്മീഷൻ സ്വീകരിച്ച നിലപാടുകൾ ആ അവിശ്വാസത്തിന്റെ ആഴം വർദ്ധിപ്പിച്ചിരിക്കുകയാണ്. എന്നാൽ പരാതികളെയൊന്നും ​ഗൗരവത്തോടെ പരി​ഗണിക്കാതെ ‘മിത്ത്’ എന്ന പേരിൽ തള്ളിക്കളയാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ​​ഘടനയെ ദുർബലപ്പെടുത്തിയ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുന്നു എന്നതുകൊണ്ട് കമ്മീഷന്റെ നിഷ്പക്ഷത ഉറപ്പുവരുത്താൻ പൊതു സമൂഹം കൂടുതലായി ശ്രദ്ധിക്കേണ്ടി വരും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read