Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കേസുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനായി കോടതിയിൽ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച് എൽഗാർ പരിഷത്- ഭീമ കൊറെഗാവ് കേസിലെ മനുഷ്യാവകാശ പ്രവർത്തകരായ ഏഴ് രാഷ്ട്രീയ തടവുകാർ നിരാഹാരസമരത്തിൽ. തലോജ സെൻട്രൽ ജയിലിൽ നിന്നും ദക്ഷിണമുംബൈയിലുള്ള നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) കോടതിയിലേക്ക് പോകാനായി എസ്കോട്ട് ടീം ഇല്ലാത്തതുമൂലമാണ് കേസിന്റെ വാദത്തിന് മനുഷ്യാവകാശ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്ങ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബു, പ്രിസണേഴ്സ് റൈറ്റ് ആക്ടിവിസ്റ്റ് റോണ വിൽസൺ, കബീർ കാല മഞ്ച് പ്രവർത്തകരായ സാഗർ ഗോർഖെ, രമേശ് ഗൈച്ചോർ, വിദ്രോഹി മാസികയുടെ എഡിറ്റർ സുധീർ ധവാലെ, ആദിവാസി പ്രവർത്തകൻ മഹേഷ് റാവത്ത് എന്നിവർക്ക് ഹാജരാവാൻ സാധിക്കാതിരുന്നത്. കേസിൽ കുറ്റാരോപിതയായി ബൈക്കുള്ള വനിതാ ജയിലിൽ കഴിയുന്ന കബീർ കാല മഞ്ച് ആക്ടിവിസ്റ്റ് ജ്യോതി ജഗ്താപിനെ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. വി.ഐ.പി സന്ദർശനങ്ങളും, ഉത്സവങ്ങളും, തെരഞ്ഞെടുപ്പുകളും കാരണം ജയിലിൽ നിന്നും കോടതിയിലേക്കോ ആശുപത്രിയിലേക്കോ മറ്റോ കൊണ്ടുപോവാൻ സുരക്ഷാ ഉദ്യോഗസ്ഥരില്ലെന്ന കാരണമാണ് ഇതിന് ന്യായമായി ജയിൽ അധികൃതർ പറയുന്നത്.
കഴിഞ്ഞ തവണ സുരേന്ദ്ര ഗാഡ്‌ലിങ്ങിനെയും മറ്റുള്ളവരേയും വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഹാജരാക്കിയിരുന്നത്. ഇത്തവണ നേരിട്ട് ഹാജരാക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നീക്കം. വീഡിയോ കോൺഫറൻസ് സംവിധാനം തകരാറിലായതുമൂലം ഇത്തവണ അങ്ങനെയും ഹാജരാക്കാൻ സാധിച്ചില്ല എന്നാണ് പോലീസ് പറയുന്നത്.
“ആഴ്ചയിൽ ഒരിക്കൽ അച്ഛന് വീട്ടിലേക്ക് വിളിക്കാനുള്ള അനുവാദമുണ്ട്, വാദം കേൾക്കാൻ ഹാജരാക്കണമെന്ന കോടതിയുടെ നിർദ്ദേശം നിലനിൽക്കെ പൊലീസിന്റെ ഇത്തരമൊരു പ്രവൃത്തിയിൽ പ്രതിഷേധിച്ച് തങ്ങളെല്ലാവരും നിരാഹാര സമരം തുടങ്ങാൻ പോവുകയാണെന്നാണ് അച്ഛൻ പറഞ്ഞത്.” സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ മകനും അഭിഭാഷകനുമായ സുമിത്ത് ദി വയറിനോട് പറഞ്ഞു. സംസ്ഥാനത്തെ തടവുകാരെ ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ടും കോടതിയിൽ ഹാജരാക്കാറില്ലെന്ന് നേരത്തെ മഹാരാഷ്ട്ര സർക്കാർ തന്നെ സമ്മതിച്ച കാര്യമാണ്. വിവിധ കോടതികൾ ഈ വിഷയം ചൂണ്ടികാണിച്ച് സർക്കാരിനെ വലിയ രീതിയിൽ വിമർശിച്ചിട്ടുണ്ട്.
1818 ജനുവരി ഒന്നിന് പേഷ്വാ ബാജിറാവു രണ്ടാമന്റെ സവർണ്ണ സൈന്യത്തെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കൊപ്പം ചേർന്ന് മറാത്തയിലെ മഹർ ദലിതുകൾ പരാജയപ്പെടുത്തിയ ഭീമ കൊറേഗാവ് വിജയത്തിന്റെ ഓർമ്മയ്ക്കാണ് മഹാരാഷ്ട്രയിൽ ഭീമ കൊറേഗാവ് യുദ്ധ വിജയം എല്ലാ വർഷവും ആഘോഷിക്കുന്നത്. ഒരു സൈനിക വിജയം എന്നതിനപ്പുറം ജാതി വിവേചനത്തിനെതിരെയുള്ള മഹർ സമുദായത്തിന്റെ ചെറുത്തുനിൽപ്പുകൂടിയായിരുന്നു ഭീമ കൊറേഗാവ് യുദ്ധ വിജയം. 1928ൽ യുദ്ധ വിജയത്തിന്റെ നൂറ്റിയൊൻപതാം വാർഷികത്തിൽ ബാബാസഹേബ് അംബേദ്കർ ഭീമ കൊറേഗാവ് യുദ്ധ സ്മാരകം സന്ദർശിക്കുകയും, വലിയ ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തതോടുകൂടിയാണ് ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഭീമ കൊറെഗാവ് യുദ്ധവിജയം ചർച്ച ചെയ്യപ്പെടുന്നത്. പിന്നീട് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അംബേദ്കറൈറ്റുകളും ദലിത്- ബഹുജൻ പ്രവർത്തകരും ജനാധിപത്യവാദികളും എല്ലാ വർഷവും ജനുവരി ഒന്നിന് ഭീമ കൊറെഗാവ് യുദ്ധവിജയത്തിന്റെ സ്മരണാർത്ഥം മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവ് യുദ്ധസ്മാരകത്തിന് കീഴെ ഒത്തുചേരുകയും വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പുതുവർഷദിനമായി ആചരിക്കുന്ന ജനുവരി ഒന്ന് എന്നത് ദലിത് ചരിത്രത്തിലെ ഒത്തൊരുമയുടെയും അടിച്ചമർത്തലിനെതിരെയുള്ള പുതുപ്പിറവിയായും കൊണ്ടാടുന്നു. യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികവുമായി ബന്ധപ്പെട്ട് 2018ൽ ദലിത് സംഘടനകളും എൽഗാർ പരിഷത് പ്രവർത്തകരുടെയും നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ ആഘോഷങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. അത് വലിയ രീതിയിലുള്ള സംഘർഷങ്ങളിലേക്ക് വഴിതെളിക്കുകയുണ്ടായി. എൽഗാർ പരിഷത്തിന് പിന്നിൽ പ്രവർത്തിച്ചത് അർബൻ നക്സലുകളാണെന്നും, മാത്രമല്ല കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതിയായിരുന്നു ഭീമ കൊറേഗാവിൽ നടന്നതെന്നുമായിരുന്നു ഭരണകൂട ഭാഷ്യം. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന കമ്മിറ്റി ഫോർ ദി റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് (CRPP) എന്ന സംഘടനയുടെ അംഗങ്ങളായിരുന്നു ഭീമ കൊറെഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും എന്നുള്ളതാണ് ഇതിലെ മറ്റൊരു പ്രധാന കാര്യം. അടുത്തിടെ മരണപ്പെട്ട മുൻ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമായ ജി.എൻ സായിബാബയുടെ മോചനത്തിനായി നിലകൊണ്ടതിനാണ് ഭീമ കൊറെഗാവ് കേസിലെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറായ ഹാനി ബാബുവിനെ യു.എ.പി.എ ചുമത്തി ജയിലിലടക്കുന്നത്.
2017 ഡിസംബർ 31ന് പൂനെയിലെ ശനിവാർവാഡെയിൽ വെച്ചുനടന്ന എൽഗാർ പരിഷത് സമ്മേളനത്തിലെ പ്രകോപനപരമായ പ്രസംഗങ്ങളാണ് ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികദിനത്തിലരങ്ങേറിയ അക്രമസംഭവങ്ങൾക്ക് കാരണമായതെന്നും, സംഭവത്തിന് പിന്നിൽ മാവോയിസ്റ്റ് ഗൂഡാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും അധ്യാപകരെയും അക്കാദമിക്കുകളെയുമടക്കം പതിനാറ് പേരെ വിവിധ കാലയളവിൽ ഡ്രകോണിയൻ നിയമമായ യു.എ.പി.എ (Unlawful Activities (Prevention) Act 1967) ചുമത്തി അറസ്റ്റ് ചെയ്യുന്നത്. നിലവിൽ കവിയും ആക്ടിവിസ്റ്റുമായ വരവര റാവു, എഴുത്തുകാരനും അക്കാദമിക് വിദഗ്ധനുമായ ആനന്ദ് തെൽതുംബ്ദെ, ഷോമ സെൻ, മാധ്യമപ്രവർത്തകൻ ഗൗതം നവ്ലാഖ, അഭിഭാഷകരായ സുധ ഭരദ്വാജ്, അരുൺ ഫെരേര, ആക്ടിവിസ്റ്റ് വെർണൻ ഗോൺസാൽവസ് എന്നിവർക്ക് എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയവെയാണ് 84 വയസുള്ള ഫാദർ സ്റ്റാൻ സ്വാമി മരണപ്പെടുന്നത്. കോവിഡ് ബാധിച്ചപ്പോൾ പോലും സ്റ്റാൻ സ്വാമിക്ക് കൃത്യമായ ചികിത്സ നല്കാൻ ജയിൽ അധികൃതർ തയ്യാറാവാത്തതുകൊണ്ട് തന്നെ സ്റ്റാൻ സ്വാമിയുടെ മരണം ഒരു ഭരണകൂട കൊലപാതകമായാണ് ജനാധിപത്യവാദികൾ കാണുന്നത്.
എൽഗാർ പരിഷത് കേസിലെ കുറ്റാരോപിതരുടെ ജാമ്യവും നീതിയും പോലീസിന്റെയും ഭരണകൂടത്തിന്റെയും മനഃപൂർവ്വമുള്ള വീഴ്ചകൾ കാരണം ഇല്ലാതെയാവുമ്പോൾ നിയമം അനുശാസിക്കുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ പോലും രാഷ്ട്രീയ തടവുകാർക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഏഴ് പേരുടെയും നിരാഹാര സമരത്തെ ഭരണകൂടവും ജയിൽ അധികൃതരും എങ്ങനെയാണ് നേരിടാൻ പോകുന്നതെന്നാണ് ഇനിയുള്ള മറ്റൊരു പ്രധാന കാര്യം.