മുരളി ​ഗോപി, ആൾക്കൂട്ടമല്ല ഭരണകൂടമാണ് പ്രതി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഗുജറാത്ത് വംശഹത്യയുടെ ഭീകരതകൾ പരാമർശിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. കോടികൾ ചെലവഴിച്ച ഒരു കൊമേഴ്ഷ്യൽ സിനിമയിലൂടെ ഗുജറാത്ത് വംശഹത്യയും, സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ സംഘപരിവാർ ഭീഷണികളും തുറന്നുകാട്ടിയ എമ്പുരാൻ ടീം തീർച്ചയായും പ്രശംസയർഹിക്കുന്നുണ്ട്. ഒരു മലയാള സിനിമ ഇതുവരെ നേരിടാത്ത തരത്തിലുള്ള ‘സെൽഫ് സെൻസറിങ്ങി’നും ആൾക്കൂട്ട ആക്രോശങ്ങളെ തുടർന്ന് എമ്പുരാൻ സിനിമയ്ക്ക് വിധേയമാവേണ്ടി വന്നു. ഗുജറാത്ത് വംശഹത്യയുടെ നടക്കുന്ന ഓർമ്മകൾ എഴുത്തിലൂടെ പുനരാവിഷ്കരിക്കാൻ ശ്രമിച്ചെങ്കിലും മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ നിലപാടുകൾ എമ്പുരാനെ മുൻനിർത്തി മാത്രം വിലയിരുത്താൻ കഴിയുന്നതാണോ? സിനിമയിൽ ചിത്രീകരിച്ചപോലെ ഒരു ആൾക്കൂട്ട ഹിംസ മാത്രമായിരുന്നോ ഗുജറാത്തിലെ മുസ്ലീം വംശഹത്യ?

കേരള രാഷ്ട്രീയവും അതിലെ കുടുംബവാഴ്ചയും അഴിമതിയും മയക്കുമരുന്ന്/കള്ളക്കടത്ത് ലോബിയും തുടങ്ങി, മുണ്ടുമടക്കികുത്തുന്ന മോഹൻലാൽ എന്ന പോപുലർ ടെംപ്ലേറ്റ് അടക്കം ഒരു കച്ചവട സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായ അളവുകളിൽ ചേർത്തൊരുക്കിയ ഒന്നായിരുന്നു ലൂസിഫർ എന്ന ഒന്നാം ഭാഗം. എന്നാൽ ലൂസിഫർ എവിടെ നിർത്തിയോ അവിടെ നിന്നായിരുന്നില്ല എമ്പുരാന്റെ തുടക്കം. അത് കൃത്യമായും 2002-ലെ കലുഷിതമായ ഇന്ത്യയെ കാണിച്ചുകൊണ്ടായിരുന്നു. ഹിന്ദുത്വവാദികൾ ഗുജറാത്ത് സർക്കാരിന്റെ പിന്തുണയോടെ നടത്തിയ മുസ്ലീം വംശഹത്യയിലേക്കാണ് അത് എത്തിച്ചേരുന്നത്. വംശഹത്യയിൽ തന്റെ കുടുംബവും ജനതയും ഒന്നടങ്കം ഇല്ലാതെയായ സയീദ് മസൂദിന്റെ ബാല്യകാലത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.

എമ്പുരാൻ പോസ്റ്റർ. കടപ്പാട്: facebook

ഒരു തവണ മാത്രം നെടുമ്പള്ളി മണ്ഡലത്തിൽ നിന്നും എം.എൽ.എ ആയി ജയിച്ച സ്റ്റീഫൻ നെടുമ്പള്ളി, പി.കെ രാംദാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജതിൻ രാംദാസിനെ മുഖ്യമന്ത്രിയായി അവരോധിച്ച്, കേരളം വിട്ട് അഞ്ച് വർഷം കഴിഞ്ഞുള്ള കാലഘട്ടമാണ് പിന്നീടുള്ള സിനിമയുടെ ടൈംലൈൻ. സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി-അബ്രാമിന്റെ അന്താരാഷ്ട്ര നെക്സസുകളിലേക്കും നിഗൂഢതകളിലും കൂടുതലായി കടന്നുചെല്ലുന്നതിന് പകരമായി സയീദ് മസൂദ് എന്ന അബ്രാമിന്റെ വലംകൈയായ ഹിറ്റ്മാന്റെ പ്രതികാരത്തിലാണ് സിനിമയുടെ ഹുക്ക് പോയന്റ്.

ഗുജറാത്തിൽ നടന്നത് അക്രമാസക്തമായ ഒരു ആൾക്കൂട്ട ഹിംസയല്ലെന്നും അത് കൃത്യമായും ഭരണകൂടത്തിന്റെ ഒത്താശയോടെയും ഭരണസംവിധാനങ്ങളുടെ പിന്തുണയോടെയും നടത്തിയെടുത്ത വംശീയ ഉന്മൂലനമാണെന്നും (ethnic cleansing) വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും മാധ്യമ റിപ്പോർട്ടുകളും പുസ്തകങ്ങളും നമുക്ക് മുന്നിലുണ്ട്. റാണ അയൂബിന്റെ ‘ഗുജറാത്ത് ഫയൽസ്: അനാട്ടമി ഓഫ് എ കവർ അപ്’, രേവതി ലോളിന്റെ ‘ദി അനാട്ടമി ഓഫ് ഹേറ്റ്’, ഗുജറാത്ത് വംശഹത്യകാലത്ത് ഗുജറാത്ത് കേഡറിൽ എ.ഡി.ജി.പിയായി പ്രവർത്തിച്ച് വിരമിച്ച മലയാളി ഐ.പി.എസ് ഓഫീസർ ആർ.ബി ശ്രീകുമാറിന്റെ ‘ഗുജറാത്ത് ബിഹൈൻഡ് ദി കർട്ടൻ’, മനോജ് മിട്ടയുടെ ‘മോദി ആന്റ് ഗോധ്ര: ഫിക്ഷൻ ആന്റ് ഫാക്ട് ഫൈൻഡിങ്ങ്’ തുടങ്ങിയ പുസ്തകങ്ങൾ  ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നുണ്ട്. നരേന്ദ്ര മോദി നയിച്ചിരുന്ന അന്നത്തെ ഗുജറാത്ത് സർക്കാറിന് ഈ ഉന്മൂലന പദ്ധതിയുടെ ആസൂത്രണത്തിലും നടപ്പിലാക്കലിലുമുള്ള പങ്കും ഇരകളായവരും സത്യസന്ധരായ ഉദ്യോഗസ്ഥരും പിന്നീട് തുറന്നുകാണിച്ചിട്ടുണ്ട്.

എന്നാൽ എമ്പുരാനിൽ പരാമർശിച്ച ഗുജറാത്ത് വംശഹത്യയും അതിന്റെ ഭൂതവും ഭാവിയുമെല്ലാം ബാബ ബജ്രംഗി എന്ന വ്യക്തിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുകയും ഭരണകൂടത്തെയും അതിന്റെ ഇടപെടലുകളെയും അപ്രത്യക്ഷമാക്കി (invisible) നിർത്തുകയുമാണ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ഭരണകൂട ചെയ്തികളെ അപ്രത്യക്ഷമാക്കുന്നതിലൂടെ വംശഹത്യയ്ക്ക് സാക്ഷിയാകേണ്ടി വന്ന വ്യക്തിയുടെ ട്രോമയെ ഹിംസാക്തമകമായ പ്രതികാരത്തിലേക്ക് ചുരുക്കുന്നതിലൂടെ പ്രേക്ഷകരുടെ ‘അഡ്രിനാലിൻ റഷ്’ ഉയർത്തുക എന്നതായിരുന്നു മുരളി ഗോപിയുടെ ലക്ഷ്യം. ഗുജറാത്ത് വംശഹത്യയുടെ പേരിൽ ഇത്തരത്തിലുള്ള എന്ത് പ്രതികാരമാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്? ഗുജറാത്തും എൻ.ഐ.എയും സംഘപരിവാർ ഭീകരതയും പരാമർശിക്കപ്പെടുന്നത് കൊണ്ട് തന്നെ ഹിന്ദുത്വ ശക്തികൾ ചിത്രത്തിനെതിരെ രംഗത്തെത്തി എന്ന യാഥാർത്ഥ്യം നിലനിൽക്ക തന്നെ, വംശഹത്യയെയും അതിന്റെ പ്രത്യാഘാതങ്ങളെയും ഇരകളായിത്തീർന്ന മുസ്ലീം ജനതയുടെ അതിജീവനത്തെയും പ്രേക്ഷകരുടെ കയ്യടികൾക്ക് വേണ്ടി ഒരു വ്യക്തിയിലേക്കും പ്രതികാരത്തിലേക്കും മാത്രമായി ഒതുക്കുന്ന വാണിജ്യതന്ത്രമാണ് (commercialization) മുരളി ഗോപി എഴുത്തിൽ സ്വീകരിച്ചിരിക്കുന്നത്.

അശോക് മോച്ചി എന്ന പ്രതിനിധാനം

കയ്യിൽ ഇരുമ്പ് ദണ്ഡേന്തി, തലയിൽ കാവി റിബ്ബൺ കെട്ടി ക്രൗര്യഭാവത്തോടെ നിൽക്കുന്ന അശോക് മോച്ചി, വംശഹത്യയിൽ ഇരയാക്കപ്പെട്ട് സ്വന്തം ജീവനായി നിസ്സഹായതയോടെ കൈകൂപ്പി നിൽക്കുന്ന കുത്തുബുദ്ദീൻ അൻസാരി-ഗുജറാത്ത് വംശഹത്യയുടെതായി ഏറ്റവും കൂടുതൽ പങ്കുവെക്കപ്പെട്ട രണ്ട് ചിത്രങ്ങളാണ് ഇരുവരുടെയും. ഇന്നും ഗുജറാത്ത് വംശഹത്യ പരാമർശിക്കപ്പെടുമ്പോൾ ഏറ്റവും കൂടുതൽ പങ്കുവെക്കപ്പെടുന്ന ചിത്രവും ഇതുതന്നെയാവാം. എന്നാൽ അശോക് മോച്ചിയുടെയും കുത്തുബുദ്ദീൻ അൻസാരിയുടെയും ചിത്രങ്ങളിലേക്ക് ഗുജറാത്ത് വംശഹത്യയുടെ പ്രതിനിധാനങ്ങൾ ഒതുങ്ങിപ്പോകുമ്പോഴും മറച്ചുവയ്ക്കപ്പെടുന്നത് ഭരണകൂടത്തിന്റെ കൈകളാണ്. അശോക് മോച്ചി ഹിന്ദുത്വശക്തികളാൽ തെറ്റിദ്ധരിക്കപ്പെട്ട് ആയുധമെടുത്ത് തെരുവിലറങ്ങിയ ആയിരക്കണക്കിന് ആളുകളിൽ ഒരാൾ മാത്രം. ഒരുപാട് വർഷങ്ങൾക്കിപ്പുറം വംശഹത്യയെ തള്ളിപറഞ്ഞുകൊണ്ട് മതസൗഹാർദത്തിനായി പരസ്യമായി രംഗത്തുവരികയുണ്ടായി അയാൾ. അഹമ്മദാബാദിൽ അശോക് മോച്ചിയുടെ ചെരിപ്പുകടയുടെ ഉദ്ഘാടനത്തിനെത്തിയത് കുത്തുബുദ്ദീൻ അൻസാരിയായിരുന്നു. ‘വംശഹത്യയുടെ ഇരയും വേട്ടക്കാരനും’ ഒരേ വേദി പങ്കിടുന്നതിന്റെ വൈരുദ്ധ്യത്തിന് കൂടിയാണ് അഹമ്മദാബാദ് അന്ന് സാക്ഷ്യം വഹിച്ചത്. ‘കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു –മുസ്‌ലിം ഐക്യത്തിന്റെ നാടാകണം, ഞങ്ങൾക്കിനി ഹിംസ വേണ്ട’ എന്നായിരുന്നു അശോക് മോച്ചി അന്ന് പറഞ്ഞത്. എന്നാൽ അശോക് മോച്ചിമാരെ നിർമ്മിച്ചെടുക്കുന്നവർ അപ്പോഴും അദൃശ്യരായി തുടർന്നു.

അശോക് മോച്ചിയും കുത്തുബുദ്ദീൻ അൻസാരിയും. കടപ്പാട്: edtimes.in

അദൃശ്യമായ ഭരണകൂടം

2002 ഫെബ്രുവരി 27ന് ഗോധ്രയിൽ വെച്ച് സബർമതി എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിൽ 59 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ആരാണ് കാരണക്കാരെന്നത് ഇപ്പോഴും അവ്യക്തമാണെങ്കിലും ഗോധ്രയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയത് ഹിന്ദുത്വശക്തികളാണ്. അവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. സബർമതി എക്സ്പ്രസിൽ കത്തിയെരിഞ്ഞ മൃതദേഹങ്ങളുമായി അഹമ്മദാബാദിലേക്ക് വിലാപ യാത്ര നടത്താൻ വിശ്വഹിന്ദു പരിഷത്തിന് സർക്കാർ അനുമതി നൽകി. അന്നത്തെ അഹമ്മദാബാദ് കമ്മീഷണറായിരുന്ന പി.സി പാണ്ഡെ 2004 ആഗസ്റ്റിൽ ജസ്റ്റിസ് നാനാവതി കമ്മീഷന് മുമ്പാകെ നൽകിയ മൊഴി ഇതിൽ പ്രധാനപ്പെട്ടതാണ്. ഗോധ്രയിൽ നിന്നും അഹമദാബാദിലേക്ക് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ എത്തിക്കാൻ സർക്കാരിന്റെ ഉന്നതതലത്തിൽ നിന്നും തീരുമാനമുണ്ടായെന്നും, അത് പിന്നീടുള്ള വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായി തീർന്നുവെന്നുമാണ് പി.സി പാണ്ഡെ അന്ന് പറഞ്ഞത്. ഗുജറാത്ത് സർക്കാർ നിയോഗിച്ച നാനാവതി കമ്മീഷൻ, മുസ്ലീങ്ങളാണ് ട്രെയിനിന് തീവെച്ചതെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. എന്നാൽ പിന്നീട് ലാലു പ്രസാദ് യാദവ് റെയിൽവെ മന്ത്രിയായിരുന്നപ്പോൾ നിയമിച്ച ബാനർജി കമ്മീഷൻ, കർസേവകർ പാകം ചെയ്യാനുപയോഗിച്ച സ്റ്റൗ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും, ബോഗിക്ക് പുറത്ത് നിന്നല്ല ഉള്ളിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നുമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്., എന്നാൽ ഈ റിപ്പോർട്ട് ഗുജറാത്ത് സർക്കാർ നിരസിച്ചിരുന്നു. ബാനർജി കമ്മീഷൻ റിപ്പോർട്ടിനെ കൂടാതെ ഗോധ്ര ദുരന്തം മുൻകൂട്ടി നിശ്ചയിച്ച ഒന്നായിരുന്നുവെന്ന് സാധൂകരിക്കുന്ന നിരവധി അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അധ്യക്ഷനായ കൺസേൺഡ് സിറ്റിസൺ ട്രൈബ്യൂണൽ റിപ്പോർട്ടിലും ഗോധ്രയിൽ ട്രെയിനിന് അകത്ത് നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പറയുന്നത്.

നരേന്ദ്ര മോദി

ഗുജറാത്ത് വംശഹത്യയിലെ ഭരണകൂട ഇടപെടലുകളെ സധൈര്യം തുറന്നുകാണിച്ച ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു മലയാളിയായ ആർ.ബി ശ്രീകുമാർ. ഗുജറാത്ത് വംശഹത്യയിലെ ഭരണകൂടത്തിന്റെ പങ്ക് വെളിപ്പെടുത്തിയതിന് അർഹമായ പ്രൊമോഷൻ പോലും നിഷേധിക്കപ്പെടുകയും, അന്വേഷണ ഏജൻസികളാൽ വേട്ടയാടപ്പെടുകയും ചെയ്ത വ്യക്തയാണ് അദ്ദേഹം. 2002 ഫെബ്രുവരി 27ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിൽ ഹിന്ദുക്കളെ അവരുടെ രോഷം തീർക്കാൻ അനുവദിക്കണമെന്ന് മോദി പറഞ്ഞുവെന്ന് ആർ.ബി ശ്രീകുമാർ വെളിപ്പെടുത്തി. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടും, അന്നത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹരേൻ പാണ്ഡ്യയും ഈ പ്രസ്താവന ശരിവെക്കുന്നുണ്ട്.

പൊളിറ്റിക്കൽ ക്യാപിറ്റൽ സമാഹരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമായാണ് ഗോധ്രയെ ബിജെപി കണ്ടെതെന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആർ.ബി ശ്രീകുമാർ വെളിപ്പെടുത്തിയത്. “നരേന്ദ്ര മോദി ഈ വിഷയത്തിൽ ശരിക്കുമൊരു മാസ്റ്ററാണ്. ഗുജറാത്തിലെ 30 ജില്ലകളിൽ 11 ജില്ലകളിലാണ് കനത്ത അക്രമം നടന്നത്. സത്യസന്ധരായ പൊലീസ് ഓഫീസർമാർക്ക് ചുമതലയുണ്ടായിരുന്ന ജില്ലകളിൽ കാര്യമായ അതിക്രമങ്ങളൊന്നും തന്നെയുണ്ടായില്ല. സൂറത്ത് ഇതിന് നല്ല ഉദാഹരണമാണ്. വി.കെ ഗുപ്ത എന്ന കാര്യപ്രാപ്തിയുള്ള ഓഫീസർക്കായിരുന്നു സൂറത്തിൽ പൊലീസ് സേനയുടെ ചുമതല.” അദ്ദേഹം പറയുന്നു. 2002 ഫെബ്രുവരി 28ന് ഉച്ചയോടെ താൻ ഓഫീസിലിരിക്കുമ്പോൾ 96 മുസ്‌ലിങ്ങൾ നിഷ്ഠൂരമായി കൊല്ലപ്പെട്ട നരോദപാട്യ പൊലീസ് ക്യാമ്പിൽ നിന്ന് കമാൻഡന്റ് ഖുർഷിദ് അഹ്‌മദ് തന്നെ വിളിച്ചുവെന്നും, അഞ്ഞൂറോളം മുസ്ലീങ്ങൾ അഭയം തേടി വന്നിട്ടുണ്ടെന്നും എന്ത് ചെയ്യണമെന്ന് ചോദിച്ചുവെന്നും ആർ.ബി ശ്രീകുമാർ പറയുന്നുണ്ട്. “എല്ലാവരേയും ക്യാമ്പിനുള്ളിൽ പ്രവേശിപ്പിച്ച് സംരക്ഷിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു. ഭാവിയിൽ ഇക്കര്യത്തിൽ ക്യാമ്പിലെ ഓഫീസർമാർക്ക് പ്രശ്‌നമില്ലാതിരിക്കാൻ അപ്പോൾ തന്നെ ഫാക്സ് മുഖാന്തരം ഉത്തരവ് രേഖാമൂലം നൽകുകയും ചെയ്‌തു. പിന്നീട് മോദി സർക്കാർ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഈ മുസ്ലീങ്ങളുടെ സംരക്ഷണം കൊട്ടിഘോഷിക്കുകയുണ്ടായി. എന്നാൽ കുറെ മുസ്ലീം അഭയാർത്ഥികളെ ക്യാമ്പിൽ പ്രവേശിപ്പിക്കാൻ പിന്നീട് ഈ ഓഫീസർമാർ തയ്യാറായിട്ടില്ല. ലോക്കൽ ബിജെപി നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവർ ഈ നിലപാട് എടുത്തതെന്നാണ് ഞാനറിഞ്ഞത്. നരോദപാട്യയിൽ കൊല്ലപ്പെട്ട 96 പേരിൽ ഭൂരിപക്ഷവും ഇങ്ങനെ പുറത്താക്കപ്പെട്ടവരായിരുന്നു. ഇതിനുള്ള പ്രത്യുപകാരമെന്നോണം ഖുർഷിദിനെ സൂറത്ത് സിറ്റിയിൽ ഡെപ്യൂട്ടി കമ്മീഷണറായും അദ്ദേഹത്തിന്റെ ഭാര്യ ഷാമിന ഹുസൈനെ വത്സദ് ജില്ലയിൽ ജില്ലാ വികസ‌ന ഓഫിസറായും നിയമിച്ചു.” ആർ.ബി ശ്രീകുമാർ പറയുന്നു.

ആർ.ബി ശ്രീകുമാർ

കൂടാതെ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായിരുന്ന അന്നത്തെ ഗുജറാത്ത് ഐ.ജി രാകേഷ് അസ്താനയുടെ പങ്കും ആർ.ബി ശ്രീകുമാർ വെളിപ്പെടുത്തുന്നുണ്ട്. “ഗോധ്ര കേന്ദ്രീകരിച്ച് താമസമാക്കിയ മുസ്ലീം തീവ്രവാദികൾ 50 ലിറ്റർ പെട്രോൾ സൂക്ഷിച്ചുവെച്ചിരുന്നുവെന്നും അതുപയോഗിച്ചാണ് ഗോധ്രയിൽ തീവെപ്പ് നടത്തിയതെന്നുമായിരുന്നു അസ്താനയുടെ കണ്ടെത്തൽ. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ബി. ജോയിന്റ് ഡയറക്‌ടർ രാജേന്ദ്രകുമാർ ഇതിലേക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയേയും കൊണ്ടുവന്നു.” ആർ.ബി ശ്രീകുമാർ പറയുന്നു. പിന്നീട് രാകേഷ് അസ്താന മോദി ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ 2016 ഡിസംബറിൽ സിബിഐയുടെ ഇടക്കാല മേധാവിയായി നിയമിക്കപ്പെട്ടു, 2021-ൽ അസ്താനയെ ഡൽഹി പൊലീസ് കമ്മീഷണറായും നിയമിച്ചു. നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനായ രാകേഷ് അസ്താനയും മോദിയും തമ്മിലുള്ള ബന്ധം പലവട്ടം ചർച്ചകളിൽ നിറഞ്ഞുനിന്നിട്ടുള്ളതാണ്.  

ഗോധ്ര ദുരന്തത്തിലെ മൃതദേഹങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്ര നടത്തിയതിനെ ആർ.ബി ശ്രീകുമാർ ഓർമ്മിക്കുന്നത് ഇങ്ങനെയാണ്: “വി.എച്ച്.പി നേതാക്കൾക്കാണ് മൃതദേഹങ്ങൾ കൈമാറിയത്. ഗുജറാത്തിലെ ഒരു ജില്ലയിൽ ഞാൻ എസ്.പി. ആയിരിക്കുമ്പോൾ മുഖ്യമന്ത്രി എന്നോട് ഒരാളുടെ മൃതദേഹം അയാളുടെ അമ്മയ്ക്ക് കൈമാറണമെന്ന് പറഞ്ഞു. മരിച്ചയാളുടെ അമ്മയും ഭാര്യയും തമ്മിൽ പിണക്കമായിരുന്നു. അപ്പോൾ ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞത് മരിച്ചയാളുടെ ഭാര്യയ്ക്ക് മാത്രമേ മൃതദേഹം കൈമാറാനാവുകയുള്ളൂ എന്നാണ്. അതാണ് നിയമം അനുശാസിക്കുന്നത്. പക്ഷേ, ഗോധ്രയിൽ ഈ നിയമം കാറ്റിൽ പറത്തപ്പെട്ടു അങ്ങനെയാണ് മൃതദേഹങ്ങളും വഹിച്ച് അഹമ്മദാബാദിൽ റാലി നടത്തിയത്.” ആർ.ബി ശ്രീകുമാർ പറയുന്നു. കലാപത്തിൽ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതി നൽകാനെത്തിയ മുസ്ലീങ്ങൾ നൽകിയ മൊഴികൾ കൃത്യമായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തക പോലും ചെയ്തിട്ടില്ലെന്ന് ആർ.ബി ശ്രീകുമാർ പറയുന്നുണ്ട്. ക്രമിനിൽ നീതിനിർവഹണ സംവിധാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ പോലും ഗുജറാത്തിൽ ലംഘിക്കപ്പെട്ടതിന് തെളിവായി അദ്ദേഹം ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വെളിപ്പെടുത്തലുകളെ തുടർന്ന് ഒട്ടേറെ പ്രതികാര നടപടികൾക്കും ആർ.ബി ശ്രീകുമാർ വിധേയനാകേണ്ടി വന്നു. ഗുജറാത്ത് കലാപ കേസിൽ വ്യാജ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് 2022ൽ ആർ.ബി ശ്രീകുമാറിനെയും മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ സകിയ ജാഫരി നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഈ അറസ്റ്റ് നടന്നത്. 2022 സെപ്റ്റംബർ 28-ന് ഗുജറാത്ത് ഹൈക്കോടതി ആർ.ബി. ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു.

ഗുജറാത്ത് ബിഹൈൻഡ് ദി കർട്ടൻ, കവർ

മറ്റൊരു പ്രധാന വെളിപ്പെടുത്തലാണ് നടൻ നസീറുദ്ദീൻ ഷായുടെ സഹോദരൻ, ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് ജനറലായിരുന്ന സമീറുദ്ദീൻ ഷായുടേത്. മുസ്ലീങ്ങൾക്കെതിരെ ഹിന്ദുത്വ തീവ്രവാദികൾ അഴിച്ചുവിട്ട കലാപം അമർച്ചചെയ്യാൻ 2002 മാർച്ച് ഒന്നിന് തന്റെ നേതൃത്വത്തിൽ 3000 സൈനികരുമായി അഹമ്മദാബാദിൽ എത്തിയിരുന്നുവെങ്കിലും ആക്രമണങ്ങൾ നിയന്ത്രിക്കാൻ 24 മണിക്കൂറിന് ശേഷമാണ് സൈന്യത്തിന് അനുമതി ലഭിച്ചതെന്നാണ് സമീറുദ്ദീൻ ഷാ വെളിപ്പെടുത്തിയത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രിയുടെ വസതിയിൽ മോദിയെയും കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിനെയും നേരിട്ട് കണ്ട് സൈനിക നീക്കത്തിന് അനുമതി ചോദിച്ചെങ്കിലും പിറ്റേദിവസമാണ് നടപടിയുണ്ടായതെന്ന് ‘ദി സർക്കാരി മുസൽമാൻ’ എന്ന തന്റെ ആത്മകഥയിലൂടെയാണ് സമീറുദ്ദീൻ ഷാ വെളിപ്പെടുത്തിയത്.

സമീറുദ്ദീൻ ഷാ

ഇതെല്ലാം, ജനാധിപത്യ ഭരണസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ട് ഭരണകൂടം എങ്ങനെയാണ് വംശഹത്യ നടത്തിയതെന്നും തെളിവുകൾ നശിപ്പിച്ചതെന്നും ഇരകൾക്ക് നീതിനിഷേധിച്ചതെന്നുമുള്ളതിന് തെളിവുകളാണ്. ഈ തെളിവുകളെല്ലാം നിലനിൽക്കെയാണ്, മുരളി ഗോപി ഗുജറാത്ത് വംശഹത്യയെ അശോക് മോച്ചിമാരിലേക്കും ബാബ ബജ്രംഗിമാരിലേക്കും മാത്രമായി ചുരുക്കുകയും ഇരകളുടെ പ്രതികാരം എന്ന സിനിമാറ്റിക് ചിന്തയിലേക്ക് പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നത്. അവിടെ വംശഹത്യയ്ക്ക് വഴിയൊരുക്കിയ ഭരണകൂടമില്ല, പൊലീസ് സേനയില്ല, ബ്യൂറോക്രാറ്റുകളില്ല. ആക്രമണോത്സുകരായ ആൾക്കൂട്ടത്തെ മാത്രമാണ് ഫ്രെയിമുകളിൽ കാണാൻ കഴിയുന്നത്. അത്തരത്തിലുള്ള ഒരു ആൾക്കൂട്ട ഹിംസ മാത്രമായിരുന്നില്ല ഗുജറാത്ത് വംശഹത്യ. ആരാണ് ആ ആൾക്കൂട്ടത്തെ സൃഷ്ടിച്ചത് എന്ന ചോദ്യം സിനിമയും അഡ്രസ് ചെയ്യുന്നില്ല.

ഗുജറാത്ത് കലാപകാലത്തെ ഭരണകൂടത്തിന്റെ പല ചെയ്തികളോടും എതിർപ്പ് പ്രകടിപ്പിച്ച മോദി സർക്കാരിലെ റവന്യൂ മന്ത്രി ഹരേൻ പാണ്ഡ്യയുടെ വധം, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ ഏറ്റുമുട്ടൽ കൊലപാതകം, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കേസിൽ അമിത് ഷായോട് കോടതിയിൽ ഹാജരാവാൻ ഉത്തരവിട്ടതിനെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ബി.എച്ച്. ലോയ, ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്, വ്യാജ ഏറ്റുമുട്ടൽ കേസുകളിലെ പ്രതിയായ ഡി.ജി വൻസാര പിന്നീട് നടത്തിയ വെളിപ്പെടുത്തലുകൾ… എത്രയെത്ര സംഭവങ്ങളിലാണ് ഗുജറാത്ത് ഭരണകൂടത്തിന്റെ പങ്ക് സംശയിക്കപ്പെടുന്നത്. ആ നേതൃത്വമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഗുജറാത്തിൽ നടത്തിയ പരീക്ഷണം ഇന്ത്യയൊന്നാകെ വ്യാപിപ്പിക്കാൻ അവർ ശ്രമിക്കുന്ന കാലത്താണ് 2002 ലെ ‘ആൾക്കൂട്ട ഹിംസ’യ്ക്ക് പ്രതികാരവുമായി എമ്പുരാൻ വരുന്നത്.!

വംശഹത്യയെ തുടർന്ന് ലഷ്കർ ഇ- തൊയ്ബയിൽ എത്തിപ്പെടുന്ന സയീദ് മസൂദ് എന്ന ബാലന്റെ ഭൂതകാലമാണ് ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. ലഷ്കർ ഇ തൊയ്ബയെ പരാമർശിച്ചതിലൂടെ ഒരുതരം സമീകരണ (balancing) രാഷ്ട്രീയമാണ് മുരളി ഗോപി മുന്നോട്ട് വെക്കുന്നതെന്ന്. തീവ്രവാദ സംഘടനയിലെ ക്യാമ്പിൽ, ആരാണ് നിങ്ങളുടെ ശത്രുക്കൾ എന്ന് ചോദിക്കുമ്പോൾ ‘ഹിന്ദുസ്ഥാൻ’ എന്നുത്തരം പറയാനാണ് സയീദ് മസൂദടക്കമുള്ള കുട്ടികളെ പഠിപ്പിക്കുന്നത്. ക്യാമ്പിൽ നിന്നും സയീദ് മസൂദിനെയും കുട്ടികളെയും രക്ഷിക്കാനെത്തുന്ന അബ്രാം ഖുറേഷിയുടെ സൂപ്പർ ഹീറോ ഇമേജ് തുടർന്ന് വെളിവാകുന്നുണ്ട്. തൊട്ടടുത്ത രംഗത്തിൽ തീവ്രവാദ ക്യാമ്പിൽ റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളെ രക്ഷിക്കാനെത്തുന്നത് ഖുറേഷി അബ്രാമിന്റെ വലംകൈയായി വളർന്ന സയീദ് മസൂദ് ആണ്. ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദവും ഗുജറാത്ത് വംശഹത്യയും ഒരു പോപ്പുലർ സിനിമയിലൂടെ പറയുമ്പോഴും മുസ്ലീം തീവ്രവാദത്തെ പരാമർശിച്ചാൽ മാത്രമേ ബാലൻസിങ്ങ് രാഷ്ട്രീയം കൃത്യമാവുകയുളളൂ എന്നുള്ള പൊതുബോധമാണ് എമ്പുരാനും പിന്തുടരുന്നത്. അവസാനം സയീദ് മസൂദിനെ ചൂണ്ടി ‘ഏതാണീ മലബാറി’ എന്ന് ബാബ ബജ്രംഗി ചോദിക്കുമ്പോൾ ‘മലബാറി നഹി ഹിന്ദുസ്ഥാനി’ എന്ന് പറഞ്ഞുകൊണ്ടാണ് അയാളെ വകവരുത്തുന്നത്. കൃത്യമായും ഒരു  ഹൈപ്പർനാഷണലിസത്തിന്റെ അടരുകൾ ആ രംഗത്തിൽ കാണാൻ കഴിയും. ഇന്ത്യയിലെ ഒരു മുസ്ലീമിന് എപ്പോഴും താൻ ദേശസ്നേഹിയാണെന്ന് തെളിയിക്കേണ്ടി വരുന്നതിന്റെ അധിക ബാധ്യതയുണ്ടെന്ന് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് മുരളി ഗോപി തന്റെ എഴുത്തിലൂടെ.

എമ്പുരാനിലെ ഒരു രംഗം.

മുരളി ഗോപി സിനിമകളുടെ അരാഷ്ട്രീയത

ഗോധ്രയെക്കുറിച്ചുള്ള സൂചനകൾ ടൈറ്റിൽ കാർഡിൽ മാത്രമുള്ള ഒരു പരാമർശമായതുകൊണ്ട് തന്നെ ഗോധ്ര ദുരന്തത്തിൽ എന്താണ് മുരളി ഗോപിയുടെ യഥാർത്ഥ നിലപാട് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ‘എന്റെ വീടിന്റെ ചുമരിൽ ഒരാളുടെ ഫോട്ടോ മാത്രേമേ ഒളളൂവെന്നും അത് തന്റെ അച്ഛന്റെയാണെന്നും, ജയൻ മാപ്പ് പറയില്ല’ എന്നുമുള്ള മുരളി ഗോപിയുടെ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ ഇന്ദ്രജിത്ത് അവതരിപ്പിച്ച വട്ട് ജയൻ എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണ് എമ്പുരാന്റെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ പരക്കെ പങ്കുവെക്കപ്പെട്ടിട്ടുള്ളത്. മുരളി ഗോപിയുടെ വീട്ടിലെ ചുമരിലുള്ള ഭരത് ഗോപി ഗുജറാത്ത് വംശഹത്യയ്ക്ക് കൃത്യം രണ്ട് വർഷങ്ങൾക്ക് ശേഷം 2004-ൽ ബിജെപി അംഗത്വം സ്വീകരിച്ച വ്യക്തിയാണ്. കൃത്യമായ രാഷ്ട്രീയ വിലപേശൽ നടത്തികൊണ്ടായിരുന്നു അന്നത്തെ ഭരത് ഗോപിയുടെ ബിജെപി പ്രവേശനമെന്ന് നടനും ഫോട്ടോഗ്രാഫറും ഗോപിയ്ക്കൊപ്പം ബിജെപിയിൽ ചേർന്ന എൻ.എൽ ബാലകൃഷ്ണൻ തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. സംഗീത നാടക അക്കാദമി പാർട്ട്ടൈം ചെയർമാനായി ഭരത് ഗോപിയെ നിയമിക്കണമെന്നും, പോയിവരാൻ വിമാന ടിക്കറ്റും താമസ സൗകര്യവും പോക്കറ്റ് മണിയും വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടാണ് ഭരത് ഗോപി ബിജെപിയിൽ ചേരാൻ സന്നദ്ധനായതെന്നുമാണ് എൻ.എൽ ബാലകൃഷ്ണൻ തന്റെ ആത്മകഥയായ ‘ഒറ്റഫ്രെയ്മിൽ ഒതുങ്ങാതെ’ എന്ന പുസ്തകത്തിൽ പറയുന്നത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വാജ്പേയി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇതെല്ലാം സാധിച്ചുതരാമെന്ന ഉറപ്പിന്റെ പുറത്താണ് വെങ്കയ്യ നായിഡുവിൽ നിന്നും ഇരുവരും അംഗത്വം സ്വീകരിച്ചത്. എന്നാൽ വാജ്പേയി സർക്കാറിന് അധികാരം കിട്ടാതെ വന്നതോടെ ഇക്കാര്യങ്ങളൊന്നും നടന്നില്ലെന്നും പുസ്തകത്തിൽ പറയുന്നു.  

മുരളി ഗോപി

മിലിറ്റന്റ് ഹിന്ദുത്വയെ എതിർക്കാൻ കഴിയാത്തത് അതിന്റെ പുറത്ത് നിന്ന് സംസാരിക്കുന്നത് കൊണ്ടാണെന്നും, അതിന്റെ അകത്ത്  നിന്ന് സംസാരിച്ചാൽ മാത്രമേ കാര്യമുള്ളൂ എന്ന നിലപാട് പറഞ്ഞ വ്യക്തിയാണ് മുരളി ഗോപി. മുരളി ഗോപി എന്ന തിരക്കഥാകൃത്തിനെ അടയാളപ്പെടുത്തിയ 2013-ൽ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് ശേഷമുള്ള എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം ആവർത്തിച്ച് ആവർത്തിച്ച് പറയുന്ന ഒരു കാര്യമാണ് ‘ഇവിടെ ഏറ്റവും കൂടുതൽ റൈറ്റ് വിങ്ങ് ടെന്റൻസീസ് കാണിക്കുന്നത് ലെഫ്റ്റ് ആണ്’ എന്നുള്ളത്. മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷവത്കരിക്കപ്പെട്ടുവെന്നും സ്റ്റാലിനിസ്റ്റ് പ്രവണതകൾ കാണിക്കുന്നുവെന്നും അതിനെ നന്നാക്കി എടുക്കലാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിൽ പലപ്പോഴും നിഴലിക്കുന്നുണ്ട്.

അതേസമയം വലതുപക്ഷത്തെ കുറിച്ചുള്ള മുരളി ഗോപിയുടെ നിലപാട് ഇങ്ങനെയാണ്: “റൈറ്റ് വിങ്ങിനെ സബ്ഹ്യൂമനൈസ് ചെയ്യരുത്, അവരെ അഡ്രസ് ചെയ്യണ്ടതുണ്ട്.” അതായത്, നൂറ് വർഷം കൊണ്ട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന, വംശഹത്യകൾക്ക് വഴിയൊരുക്കുന്ന, ദലിതരെയും ആദിവാസികളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സംസ്കാരത്തിന്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും നിരന്തരം വേട്ടയാടുന്ന, തീവ്രദേശീയതയും മതമൗലികവാദവും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന പ്രസ്ഥാനത്തെയും അതിലെ ആളുകളെയും സബ്ഹ്യൂമനൈസ് ചെയ്യരുത് എന്നതാണ് മുരളി ഗോപിയുടെ നിലപാട്. അതുകൊണ്ട് തന്നെ തന്റെ സിനിമയിൽ ആർ.എസ്.എസ് ശാഖ കാണിച്ചതിനെ വലിയ അഭിമാനത്തോടെയാണ് മുരളി ഗോപി പറയുന്നത്. “ആർ.എസ്.എസ് ശാഖ എന്നത് ഞാൻ വളർന്ന സ്ഥലങ്ങളിൽ ഉള്ളൊരു കാര്യമാണ്, ഒരുപാട് സ്ഥലങ്ങളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഒരൊറ്റ സിനിമയിൽ പോലും ഞാൻ ആർ.എസ്.എസ് ശാഖ കണ്ടിട്ടില്ല, എന്തുകൊണ്ടാണ്? അവർ ഈ സൊസൈറ്റിയുടെ പാർട്ട് അല്ല എന്നുള്ളത് കൊണ്ടാണോ? ഞാൻ ആർ.എസ്.എസ് ശാഖ കണ്ടിട്ടുണ്ട്, ഞാൻ എന്റെ സിനിമയിൽ അത് കാണിക്കും. റൈറ്റ് വിങ്ങിനെ, ഫാസിസത്തെ ഡിമൊണൈസ് ചെയ്യാൻ നോക്കുമ്പോഴാണ് ഫാസിസം ശക്തി പ്രാപിക്കുന്നത്. ഇത്രയും കാലമായി ഇവിടെ സിനിമയുണ്ട്, 2012-ൽ പുറത്തിറങ്ങിയ ഈ അടുത്ത കാലത്ത് എന്ന സിനിമയിലാണ് ആർ.എസ്.എസ് ശാഖ ആദ്യമായി കാണിച്ചതെന്ന് പറഞ്ഞാൽ അതാരുടെ പ്രശ്നമാണ്?” മുരളി ഗോപി പറയുന്നു. വംശീയ പ്രത്യയശാസ്ത്രം പിൻപറ്റുന്ന ഒരു ഫാസിസ്റ്റ് സംഘടനയെയും അതിലെ മനുഷ്യരെയും എങ്ങനെയാണ് ഹ്യൂമനൈസ് ചെയ്യാൻ കഴിയുന്നത് എന്ന ചോദ്യം അപ്പോഴും അവിടെ അവശേഷിക്കുന്നു.

സിനിമ എന്ന മാധ്യമത്തിലൂടെ ആർ.എസ്.എസ് ശാഖ കാണിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. പക്ഷേ അത് എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ലളിത് വചാനിയുടെ ‘ദി ബോയ് ഇൻ ദി ബ്രാഞ്ച്’, ‘ദി മെൻ ഇൻ ദി ട്രീ’ തുടങ്ങീ ഡോക്യുമെന്ററികൾ പരിശോധിച്ചാൽ ആർ.എസ്.എസിന്റെ നിലവിലെ സർസംഘ് ചാലക് ആയ മോഹൻ ഭാഗവതിന്റെ സംഭാഷണം അതിൽ കാണാൻ കഴിയും. സംഘപരിവാറിനെ അവരുടെ പ്രത്യയശാസ്ത്ര നിർമ്മിതിയുടെ അടിത്തറയായ ശാഖകളെ ഒരിക്കലും ലെജിറ്റിമൈസ് (legitimize) ചെയ്യുകയോ ഗ്ലോറിഫൈ ചെയ്യുകയോ അല്ല ലളിത് വചാനി തന്റെ കലാസൃഷ്ടികളിലൂടെ ചെയ്തിരിക്കുന്നത്. എന്താണ് ശാഖകളുടെ യാഥാർത്ഥ്യമെന്നും കർസേവകർക്ക് ബാബരി മസ്ജിദ് തകർക്കാൻ നാഗ്പൂരിൽ നിന്നും എങ്ങനെയാണ് ആജ്ഞകൾ വന്നതെന്നുമുള്ള ഞെട്ടിക്കുന്ന യഥാർത്ഥ്യം അതിൽ നിന്നും പ്രേക്ഷകർക്ക് വായിച്ചെടുക്കാം. ‘ഈ അടുത്തകാലത്ത്’ എന്ന സിനിമയിലെ ആർ.എസ്.എസ് ശാഖയ്ക്കും അതിലെ പ്രവർത്തകർക്കും കൃത്യമായും വീരപരിവേഷമാണ് കുറച്ച് സെക്കന്റുകൾ കൊണ്ട് മുരളി ഗോപി ചാർത്തികൊടുത്തിരിക്കുന്നത്. മുരളി ഗോപിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, സംഘപരിവാറിനെ സബ്ഹ്യൂമനൈസ്  ചെയ്യാതെ ഗ്ലോറിഫൈ ചെയ്ത് ഫാസിസത്തെ എതിർത്തതുകൊണ്ടുള്ള  പരിണിതഫലങ്ങളാണ് എമ്പുരാൻ എന്ന സിനിമ ഇപ്പോൾ നേരിടുന്നത്.

ടി ദാമോദരൻ, ശ്രീനിവാസൻ, പ്രിയദർശൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ തുടങ്ങിയവർ എൺപതുകൾ മുതൽ പോപ്പുലർ സിനിമകളിലൂടെ സൃഷ്ടിച്ചെടുത്ത അരാഷ്ട്രീയത, സംവരണ വിരുദ്ധത, മുസ്ലീം വിരുദ്ധത തുടങ്ങിയവയുടെ പ്രതിഫലനം ആത്യന്തികമായി ഫലം ചെയ്തിരിക്കുന്നത് ഒരു അരാഷ്ട്രീയ-വലതുപക്ഷത്തിന്റെ വളർച്ചയ്ക്ക് മാത്രമാണ്. ഇതിന്റെ തുടർച്ചയെന്നോണം കാണാൻ കഴിയുന്നതാണ് മുരളി ഗോപിയുടെ മിക്ക സിനിമകളും. ലൂസിഫറിലൂടെ, രാഷ്ട്രീയമെന്നാൽ വലിയ തിന്മയും-ചെറിയ തിന്മയും തമ്മിലുള്ള പോരാട്ടമാണെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. ജനാധിപത്യത്തിലൂടെ ഭരണത്തിലെത്തുന്നവർ എപ്പോഴും അഴിമതിയെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും കേരളത്തെ രക്ഷിക്കാൻ ഒരു സൂപ്പർ ഹീറോയാണ് എല്ലാകാലത്തും ആവശ്യമെന്നും ലൂസിഫറും എമ്പുരാനും പറയുന്നു. ഇടതുപക്ഷത്തെ, ശ്രീനിവാസന്റെ സന്ദേശം ലൈൻ കട്ടൻചായ-പരിപ്പുവട എന്ന ടെംപ്ലേറ്റിൽ നിന്ന് ഉയർത്തികൊണ്ടുവരാൻ പോലും മുരളി ഗോപിക്ക് സാധിക്കുന്നില്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും വട്ട് ജയൻ എന്ന അരാഷ്ട്രീയവാദിയായ നായകന്റെ ഉയർത്തെഴുനേൽപ്പാണ് സിനിമ മുന്നോട്ടുവെക്കുന്നത്. കൂടാതെ ചരിത്രത്തെ വളച്ചൊടിച്ച് എ.ബി.വി.പിയുടെ വിദ്യാർത്ഥി നേതാവിലൂടെ അവരുടെ വയലൻസിന്റെ ഗ്ലോറിഫൈ ചെയ്യുന്നതിനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ശ്രമിക്കുന്നുണ്ട്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോസ്റ്റർ

ഇനി 2017-ൽ പുറത്തിറങ്ങിയ ടിയാൻ എന്ന സിനിമ പരിശോധിച്ചാലും ഹിന്ദുത്വയെ/ ഹിന്ദുയിസത്തെ ഗ്ലോറിഫൈ ചെയ്യുന്ന നിരവധി ഘടകങ്ങൾ ചിത്രത്തിൽ കാണാൻ കഴിയും. ബ്രാഹ്മണനായ, ‘നല്ല ഹിന്ദു’വായ ഒരു നായകനും മുസ്ലീമായ, ബോംബൈ തെരുവുകളിലെ ദാദയായ അസ്ലൻ മുഹമ്മദ് എന്ന മറ്റൊരു നായകനും. പട്ടാഭിരാമ ഗിരിയെന്ന ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രത്തെകൊണ്ട് നിരന്തരം താനൊരു ബ്രാഹ്മണനാണെന്ന് പറയിപ്പിക്കുക വഴി ബ്രാഹ്മണിസത്തെ കൂടിയാണ് മുരളി ഗോപി വാഴ്ത്തിപാടുന്നത്. വേദങ്ങളിലും ഉപനിഷത്തുകളിലും വിശ്വസിക്കുന്ന ‘യഥാർത്ഥ ഹിന്ദുയിസം’ മറ്റൊന്നാണ് എന്ന് പറയാൻ ശ്രമിക്കുന്ന, ആൾദൈവങ്ങളെ ന്യായീകരിക്കുന്ന എന്നാൽ മിലിറ്റന്റ് ഹിന്ദുത്വയെ വിമർശിക്കുന്നുവെന്ന തോന്നൽ ഭൂരിപക്ഷം പ്രേക്ഷകരിൽ ജനിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമയാണ് ടിയാൻ. ‘സനാതന ധർമ്മവും ഹിന്ദുത്വശക്തികളും തമ്മിൽ ഭയങ്കര സംഘർഷമുണ്ട്’ എന്നാണ് ടിയാനുമായി ബന്ധപ്പെട്ട് മുരളി ഗോപി ഒരിക്കൽ പറഞ്ഞത്. സമകാലിക ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസം അതിന്റെ ശക്തി പ്രാപിച്ചത് സനാതന ധർമ്മത്തെ പ്രത്യയശാസ്ത്രവത്കരിച്ചുകൊണ്ടാണെന്നുള്ള യാഥാർത്ഥ്യം മുരളി ഗോപി എപ്പോഴും മറച്ചുപിടിക്കാൻ ശ്രമിക്കുന്നു. അനീതികളെയും അസമത്വങ്ങളെയും ന്യായീകരിക്കുന്ന വേദങ്ങളും ഉപനിഷത്തുകളും ഡൈനാമിറ്റ് വെച്ച് പൊട്ടിക്കണമെന്ന് പറഞ്ഞത് ഡോ. ബി.ആർ അംബേദ്കറാണ്. ശങ്കരന്റെ അദ്വൈതത്തിലും അഹം ബ്രഹ്മാസ്മി എന്ന വേദവാക്യത്തിലും വിപ്ലവം തേടാൻ മുരളി ഗോപിയെ പ്രേരിപ്പിക്കുന്നതിന്റെ പേര് കൂടിയാണ് ഹിന്ദുത്വം.

ടിയാൻ പോസ്റ്റർ

ഹിന്ദുത്വയുടെ സാംസ്കാരിക ഫാസിസം

മഹാത്മാ ജ്യോതിബാ ഫൂലെയുടെ ജീവിതത്തെ ആസ്പദമാക്കി ആനന്ദ് മാധവൻ സംവിധാനം ചെയ്ത ‘ഫൂലെ’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അഖില ഭാരതീയ ബ്രാഹ്മിൺ സമാജും, പരശുറാം ആർത്തിക് വികാസ് മഹാമണ്ഡലുമാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യം യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ട്രെയ്ലർ വിവാദമായതോടെ സെൻസർ ബോർഡ് ഇടപെടുകയും ജാതിവ്യവസ്ഥയെ പരാമർശിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യാൻ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഏപ്രിൽ 11ന് റിലീസ് ചെയ്യാന്നിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല. മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ അക്രമണവും അരങ്ങേറുന്നുണ്ട്. 2025-ൽ ബ്രിട്ടന്റെ ഓസ്കർ എൻട്രിയായിരുന്ന സന്ധ്യ സൂരി സംവിധാനം ചെയ്ത ‘സന്തോഷ്’ എന്ന ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചത് ഈയടുത്താണ്. ഇന്ത്യൻ പൊലീസ് സേനയിലെ സ്ത്രീ വിരുദ്ധതയും ഇസ്ലാമോഫോബിയയും ജാതീയതയും ചർച്ച ചെയ്യുന്നതിനാൽ തന്നെ നിരവധി രംഗങ്ങൾ ഒഴിവാക്കണമെന്നാണ് ഇന്ത്യൻ സെൻസർ ബോർഡ് നിർദ്ദേശിച്ചത്. എന്നാൽ സിനിമയിലെ അത്തരം രംഗങ്ങൾ ഒഴിവാക്കിയാൽ സിനിമയുടെ ആത്മാവ് തന്നെ നഷ്ടമാവുമെന്ന കാരണത്താൽ അണിയറപ്രവർത്തകർ അതിന് തയ്യാറായില്ല.

സന്തോഷ് സിനിമയുടെ പോസ്റ്റർ

ഒരുവശത്ത് ഇത്തരത്തിലുള്ള രാഷ്ട്രീയമായ കത്രികവയ്ക്കൽ സെൻസർ ബോർഡ് തുടരുമ്പോൾ അവർ ആവശ്യപ്പെടാതെ സ്വന്തം നിലയ്ക്ക് ഉള്ളടക്കത്തിൽ കത്രികവെക്കാൻ തയ്യാറായ എമ്പുരാന്റെ അണിയറ പ്രവർത്തകർ തെറ്റായ ഒരു മാതൃകയാണ് നിർമ്മിച്ചിരിക്കുന്നത്. മിലിറ്റന്റ് ഹിന്ദുത്വയെ എതിർക്കാൻ കഴിയാത്തത് അതിന്റെ പുറത്ത് നിന്ന് സംസാരിച്ചതുകൊണ്ടാണ് എന്ന മുരളി ഗോപിയുടെ തന്നെ നിലപാടിന്റെ വൈരുദ്ധ്യമാണ് എമ്പുരാൻ. നിങ്ങൾ അതിന്റെ അകത്ത് നിന്ന് സംസാരിച്ചാലും പുറത്ത് നിന്ന് സംസാരിച്ചാലും, അവരെ ഹ്യൂമനൈസ് ചെയ്തുവെന്ന പരിഗണനയൊന്നും മിലിറ്റന്റ് ഹിന്ദുത്വ നിങ്ങൾക്കോ നിങ്ങളുടെ കലയ്ക്കോ തരാൻ പോകുന്നില്ല. ഗുജറാത്ത് വംശഹത്യ കേവലം ഒരു വ്യക്തിയുടേയോ ആൾക്കൂട്ടത്തിന്റെയോ സൃഷ്ടിയല്ലെന്നും, വംശഹത്യയെ ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്തുകൊണ്ടാണ് ഹിന്ദുത്വ ഇന്ത്യയിൽ കരുത്താർജ്ജിക്കുന്നതെന്ന് ഇപ്പോഴെങ്കിലും മുരളി ഗോപിക്ക് ബോധ്യമായിട്ടുണ്ടാകുമോ?

Also Read

14 minutes read April 11, 2025 12:40 pm