കർഷകർ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ടിവരും

കർഷകരുടെ പ്രതിഷേധം, കാലാവസ്ഥാ വ്യതിയാനം, കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം മുന്നോട്ടുള്ള വഴികൾ എന്നിവയെക്കുറിച്ച് കാർഷിക രംഗത്തെ ഇന്ത്യയിലെ മുൻനിര വിദഗ്ധരിൽ ഒരാളായ ദേവീന്ദർ ശർമ്മയുമായുള്ള സംഭാഷണം. ഇന്ത്യൻ കർഷകരുടെ പ്രതിഷേധങ്ങളുടെ ഉത്ഭവവും കാർഷിക രംഗത്തെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും അദ്ദേഹം കേരളീയത്തോട് വിശ​ദീകരിക്കുന്നു.

കർഷക സമരത്തിൽ വളരെ സജീവമായി താങ്കൾ ഇടപ്പെട്ടിരുന്നല്ലോ. കേന്ദ്രസർക്കാർ വിവാദമായ മൂന്ന് ബില്ലുകൾ പിൻവലിച്ചെങ്കിലും കർഷകരുടെ മറ്റാവശ്യങ്ങൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. കർഷകരുടെ ജീവിതം ഒരു വർഷത്തിലേറെ നീണ്ട വലിയ പ്രക്ഷോഭത്തിന്‌ ശേഷവും മാറ്റമില്ലാതെ തുടരുന്നുവെന്നല്ലേ മനസിലാക്കേണ്ടത് ?

ജനവിരുദ്ധമായ മൂന്ന് ബില്ലുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു കർഷകർ സമരം ആരംഭിച്ചപ്പോൾ, നമുക്ക് വേണ്ടത് നാലാമത്തെ ഒരു നിയമം ആണെന്ന് പറഞ്ഞുകൊണ്ട് ഞാൻ ഒരു പ്രസ്താവന നടത്തിയിരുന്നു. അത് അടിസ്ഥാന താങ്ങുവില (Minimum Support Price -MSP) ഒരു നിയമപ്രാബല്യമുള്ള അവകാശമായി മാറണം എന്നായിരുന്നു. അന്ന് സമരം രംഗത്തുണ്ടായിരുന്നു പല കർഷക നേതാക്കളും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെയൊരാവശ്യം ആ സമയത്തു ആവശ്യപ്പെടുന്നത് സംബന്ധിച്ച് അവർക്കു പല ആശങ്കകളും ഉണ്ടായിരുന്നു. എല്ലാ വിളകൾക്കും മിനിമം സപ്പോർട്ട് പ്രൈസ് കിട്ടുകയാണെങ്കിൽ മറ്റു പല പ്രശ്നങ്ങളും അതോടെ ഇല്ലാതാവും എന്നതായിരുന്നു എന്റെ വാദം. കർഷക പ്രസ്ഥാനങ്ങൾ ഇതിന്റെ പ്രാധാന്യം മനസിലാക്കുകയും അത് സമരത്തിന്റെ മറ്റൊരു മുഖ്യ ആവശ്യമായി ഏറ്റെടുക്കുകയുമായിരുന്നു. താങ്കൾ പറഞ്ഞപോലെ MSP സംബന്ധിച്ച ആവശ്യം സർക്കാർ നടപ്പാക്കാൻ മടിച്ചു നിൽക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച കമ്മറ്റി ഫലപ്രദമായ രീതിയിലല്ല പ്രവർത്തിക്കുന്നത്. ഇപ്പോൾ കർഷകർ തങ്ങളുടെ ആവശ്യം നടപ്പാക്കി കിട്ടാൻ വേണ്ടിയുള്ള സമ്മർദ്ദം ചെലുത്തിവരികയാണ്. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്ത കാലത്തോളം അവരുടെ ജീവിത ദുരിതങ്ങൾ മാറാൻ പോകുന്നില്ല.

എത്രകാലം കർഷകർ ഇങ്ങനെ തെരുവിൽ സമരം ചെയ്തുകൊണ്ടിരിക്കും? മണ്ണിൽ പണിയെടുക്കൽ തന്നെ ഒരു വലിയ ഒരു പ്രതിരോധ പ്രവർത്തനം ആയിരിക്കെ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു വീണ്ടും തെരുവിൽ ഇറങ്ങേണ്ടിവരുന്നത് നമ്മുടെ ജനാധിപത്യ സംവിധാനങ്ങളുടെ പരാജയം കൂടിയല്ലേ?

മുമ്പും കർഷക പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു, എന്നാൽ കാർഷിക നിയമങ്ങൾ പുറത്തുവന്നപ്പോൾ, തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും സാമ്പത്തിക സുരക്ഷിതത്വം ആവശ്യപ്പെടാനുമുള്ള അവസാന അവസരമാണിതെന്ന് കർഷകർക്ക് മനസ്സിലായി. അങ്ങനെയാണ് ദില്ലിയിൽ സമരം ആരംഭിക്കുന്നത്. എന്തിനാണ് ഇങ്ങനെ ഓരോ പ്രതിസന്ധി സമയത്തും കർഷകർ തെരുവിൽ പ്രതിഷേധിക്കുന്നത് ? എപ്പോഴും കർഷകർ സമരം ചെയ്യേണ്ടവരാണെന്ന ധാരണ നമുക്ക് എന്തുകൊണ്ടാണ് മാറ്റാൻ കഴിയാത്തത്? ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാൻ, ബാങ്ക് വായ്‌പ്പ എഴുതിത്തള്ളാൻ, തങ്ങളുടെ ഭൂമി സംരക്ഷിക്കാൻ തുടങ്ങി ഓരോ ആവശ്യങ്ങൾക്കുമായി എന്തുകൊണ്ടാണ് അവർക്കു സമരം ചെയ്യേണ്ടിവരുന്നത്? അതും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന, ഭക്ഷ്യ ഉൽപ്പാദനം എന്ന മുഖ്യ മേഖലയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഒരു ജനവിഭാഗത്തിന്. തങ്ങളുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളണമെന്നു ആവശ്യപ്പെട്ടു എപ്പോഴെങ്കിലും കോർപ്പറേറ്റുകൾ സമരം ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടോ? എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കോർപ്പറേറ്റുകൾക്ക് നൽകിയ പത്തു ലക്ഷം കോടിയിലധികം രൂപയുടെ വായ്പകൾ ബാങ്കുകൾ എഴുതിതള്ളിയിരിക്കുന്നു.

ഗോതമ്പ് കൊയ്യുന്ന കർഷകൻ

കോർപ്പറേറ്റുകൾക്ക് അധികാര വ്യവസ്ഥയിൽ പണം ഉപയോഗിച്ച് സ്വാധീനം ചെലുത്താൻ കഴിയുന്നത് കൊണ്ടല്ലേ ? അങ്ങനെയൊരു സ്വാധീനം ചെലുത്താൻ കർഷകർക്കും കഴിയണമെന്നാണോ പറയുന്നത്?

പണം ഉപയോഗിച്ച് അധികാര ശക്തികളെ തങ്ങളുടെ വരുതിയിലാക്കണമെന്നല്ല. തങ്ങളുടെ ഉൽപ്പന്നങ്ങൾക്കു ന്യായമായ വില കിട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യം ലഭിച്ചു 75 വർഷങ്ങൾക്കു ശേഷവും കർഷകർക്ക് നിരന്തരം തെരുവിലിറങ്ങേണ്ടി വരുന്നത് നമുക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമല്ലേ? കർഷകർ ഇങ്ങനെ സമരം ചെയ്യാതെ തന്നെ സർക്കാർ സ്വയം ചെയ്യേണ്ട കാര്യമല്ലേ ഇതൊക്കെ? ഇപ്പോഴത്തെ രാഷ്ട്രീയപാർട്ടികളിൽ നിന്നും നമുക്ക് ഇത് പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കർഷക പ്രസ്ഥാനങ്ങൾ ദേശീയ തലത്തിൽ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ഞാൻ പറയുന്നത്. ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ പങ്കു വഹിക്കാതെ ഒരു പ്രശ്ന പരിഹാരം ഉണ്ടാകുമെന്നു ഞാൻ കരുതുന്നില്ല. ദില്ലിയിലെ സമരം അവസാനിച്ചു കഴിഞ്ഞു പാർലമെന്റ് തെരഞ്ഞെടുപ്പിന് 3 വർഷം ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടു വർഷം എല്ലാവരും തങ്ങളുടെ ഇടയിൽ നല്ല കെട്ടുറപ്പുണ്ടാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ശ്രമിക്കുകയും മൂന്നാമത്തെ വർഷം പാർലിമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയുമായിരുന്നു വേണ്ടത്. ജനസംഖ്യയുടെ 50 ശതമാനം കർഷകരാണ് നമ്മുടെ രാജ്യത്തെന്നു ഓർക്കണം. 31 ശതമാനം വോട്ടു നേടിയാണ് ബി ജെ പി അധികാരത്തിൽ വന്നിരിക്കുന്നത്. അപ്പോൾ എന്തുകൊണ്ട് കർഷകർക്ക് തങ്ങൾ നേതൃത്വം നൽകുന്ന ഒരു സർക്കാരിന് രൂപം നൽകുന്നതിനെക്കുറിച്ചു ആലോചിച്ചുകൂട? അങ്ങനെയൊരു സർക്കാരിനോട് കോർപ്പറേറ്റുകൾ തങ്ങളുടെ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവേണ്ടത്. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യവും കൂടിയല്ലേ?

എന്തുകൊണ്ട് കഴിഞ്ഞ യു പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയമായ നിലപാടെടുത്തില്ലെന്ന് ശ്രീ രാകേഷ് ടിക്കായതിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സംയുക്ത കിസാൻ മോർച്ച ബി ജെ പി യെ പിന്തുണക്കുന്നവർ അടക്കം ഉള്ള കർഷക സംഘടനകളുടെ ഒരു കൂട്ടായ്മയാണെന്നും അതിനു തെരഞ്ഞെടുപ്പ് സമയത്തു ഒരു രാഷ്ട്രീയ തീരുമാനം എടുക്കാൻ കഴിയില്ലെന്നുമായിരുന്നു.

അദ്ദേഹം പറഞ്ഞ സാഹചര്യം എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. കർഷക പ്രസ്ഥാനങ്ങൾ എന്തിനാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ മടിച്ചു നിൽക്കുന്നത് ? രാഷ്ട്രീയേതര പ്രസ്ഥാനമായി തുടരാൻ താല്പര്യപ്പെടുന്നവർ അങ്ങനെ തുടരട്ടെ. ബാക്കിയുള്ളവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചു ആലോചിക്കാവുന്നതെയുള്ളൂ. കർഷകർ എന്ന് ഞാൻ പറയുമ്പോൾ ഭൂമിയില്ലാത്ത കൃഷിക്കാരും , കർഷക തൊഴിലാളികളും , ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെട്ട മറ്റു സമൂഹങ്ങളും എന്നാണു ഉദ്ദേശിക്കുന്നത്. കർഷക പ്രക്ഷോഭത്തിൽ കർഷകരല്ലാത്ത പല വിഭാഗം ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും നമ്മൾ ദില്ലിയിൽ കണ്ടതാണ്. തീർച്ചയായും അങ്ങനെയൊരു ബഹുജന പ്രസ്ഥാനത്തിന് കർഷകരുടെ നേതൃത്വത്തിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. അങ്ങനെയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇന്ന് നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാങ്ങൾക്കു കഴിയാത്ത പല പുരോഗമനാത്മകമായ മാറ്റങ്ങളും കൊണ്ടുവരാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.1970 കളിൽ ജനസംഘത്തിനു പാർലമെന്റിൽ രണ്ടു സീറ്റുമാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ അവസ്ഥയിലേക്ക് അവർക്കു വളരാം എങ്കിൽ തീർച്ചയായും കർഷക രാഷ്ട്രീയ പ്രസ്ഥാനത്തിനും ഈ രാജ്യത്തു വളരാൻ കഴിയും.

ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2015 ലാണ് വിവിധ കർഷക പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു യോഗം ചണ്ഡിഗഡിൽ ആദ്യമായി നടക്കുന്നത്. കർഷക പ്രസ്ഥാനങ്ങളുടെ മൂവ്മെന്റ് ശക്തിപ്പെടുത്താൻ ആഗ്രഹിച്ച ഒരു വിഭാഗം കർഷകരുടെ ആവശ്യപ്രകാരം ഞാനായിരുന്നു അത് സംഘടിപ്പിക്കാൻ ശ്രമിച്ചത്. അന്ന് ഇരുപത്തി അയ്യായിരം കർഷകരുടെയെങ്കിലും പിന്തുണയുള്ള 55 കർഷക നേതാക്കളായിരുന്നു യോഗത്തിൽ ഉണ്ടായിരുന്നത്. ആ യോഗത്തിലാണ് വിവിധ പ്രസ്ഥാനങ്ങൾക്കിടയിൽ ഐക്യം രൂപപ്പെട്ടു വന്നത്. അന്ന് എന്നെ അത്ഭുതപ്പെടുത്തിയ കാര്യം പല കർഷക നേതാക്കൾക്കും പരസ്പ്പരം പരിചയം പോലും ഉണ്ടായിരുന്നില്ല എന്നതാണ്. ആ യോഗത്തിൽ കൂടുതൽ സമയവും ചെലവഴിച്ചത് അവർക്കിടയിലെ അനൗപചാരിക സംവാദങ്ങൾക്കായിരുന്നു. അതുവഴി അവർക്കിടയിൽ ബന്ധം ഉണ്ടാകുമെന്നു എനിക്ക് മനസിലായി. അത് സംഭവിക്കുകയും ചെയ്തു. അതിൽ വിവിധ രാഷ്ട്രീയ വിചാര ധാരകളിൽ വിശ്വസിക്കുന്നവർ ഉണ്ടായിരുന്നു. അതിനു ശേഷം അഞ്ചോളം അത്തരം യോഗങ്ങൾ രാജ്യത്തിന്റെ പലഭാഗത്തായി നടന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ഇത്തരം യോഗങ്ങൾക്കു നേതൃത്വം നൽകുന്നതിൽ നിന്നും മാറിനിൽക്കുകയും കർഷക പ്രസ്ഥാനങ്ങൾ തന്നെ അത് ഏറ്റെടുക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. കർഷക സമരത്തിൽ ആ ഐക്യത്തിന്റെ ശക്തി നമ്മൾ കണ്ടു. ഒരു കാലത്തു പരസ്പ്പരം പരിചയമില്ലാത്തവർക്കു അങ്ങനെ ഒരു സമരം സാധ്യമായെങ്കിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കാനും കർഷകർക്ക് കഴിയും.

സർക്കാർ ലക്ഷ്യമിടുന്നത് പരമാവധി കർഷകരെ ഗ്രാമീണ മേഖലയിൽ നിന്നും നഗരങ്ങളിൽ എത്തിക്കുകയും അവിടെ ലഭ്യമായ തൊഴിലവസരങ്ങൾ നേടാൻ അവരെ പ്രേരിപ്പിക്കുകയുമാണല്ലോ . ഇതുകൂടാതെ കൃഷി അവസാനിപ്പിക്കുന്ന കർഷകരുടെ ഭൂമി സ്വന്തമാക്കാനും സർക്കാർ ലക്ഷ്യമിടുന്നില്ലേ?

ഭൂമിയാണ് ഇന്നത്തെ ഏറ്റവും വലിയ മൂലധനം. എല്ലാവരുടെയും കണ്ണ് അതിനുമുകളിലാണ്. ഇതിനു സൗകര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ നേരിട്ട് ഭൂമി കയ്യടക്കണമെന്നില്ല. ഇതിനെ പ്രതിരോധിക്കുക എന്ന വളരെ സുപ്രധാനമായ ഉത്തരവാദിത്തം ആണ് കർഷകർക്കുള്ളത്. തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടുപോകും എന്നുള്ള ഭയം കൂടിയാണ് കർഷകരെ ഒരുമിപ്പിച്ചതും ദില്ലിയിൽ വലിയ പ്രക്ഷോഭത്തിന്‌ പ്രേരിപ്പിച്ചതും. ഇന്ന് അവർ അതുണ്ടാക്കാവുന്ന ദുരന്തത്തെക്കുറിച്ചു ബോധവാന്മാരാണ്. നമ്മൾ പ്രധാനപ്പെട്ട കാര്യങ്ങൾ നിരന്തരം എഴുതുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്‌താൽ അത് ജനങ്ങളുടെ മനസിലേക്കെത്തുമെന്നും അവരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുമെന്നുമാണ് എന്റെ അനുഭവം. കുറെ കാലമായി ഞാൻ പറയുകയും എഴുതുകയും ചെയ്ത കാര്യങ്ങൾ അവരെ സ്വാധീനിച്ചുവെന്നും പല യാഥാർഥ്യങ്ങളും മനസിലാക്കാൻ സഹായിച്ചു എന്നും കർഷകർ സമരം നടക്കുമ്പോൾ എന്നോട് പറയുകയുണ്ടായി. നിലനിൽക്കുന്ന സംവിധാനം തങ്ങൾക്കെതിരാണെന്നു സ്ത്രീകളടങ്ങുന്ന കർഷകർ മനസിലാക്കിയെന്നതാണ് അവരെ പ്രക്ഷോഭത്തിന്‌ പ്രേരിപ്പിച്ചത്. താങ്കൾ പറഞ്ഞപോലെ വലിയ സാമ്പത്തിക വിദഗ്‌ധർ അടക്കം പറയുന്നത് ഗ്രാമീണരെ നഗരങ്ങളിൽ എത്തിക്കാനാണ് . തകർന്നു കൊണ്ടിരിക്കുന്ന ഒരു ലോകത്തേക്ക് അവരെ പറിച്ചു നടാനുള്ള പദ്ധതികളാണ് സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ നഗരങ്ങളിൽ മാന്യമായ ജീവിത വേതനം വലിയ വിഭാഗം മനുഷ്യർക്ക് ലഭിക്കുന്നില്ലെന്നും വളരെ മോശം ജീവിത സാഹചര്യങ്ങളിലാണ് അവർ ജീവിക്കുന്നതെന്നും ആരും പറയുന്നില്ല.

കർഷകരെ വിവിധ രീതിയിൽ ചൂഷണം ചെയ്യുന്നത് ആഗോളതലത്തിൽ രൂപപ്പെടുത്തിയെടുത്ത ഒരു സാമ്പത്തിക ഘടനയുടെ (Economic Design ) കൂടി ഭാഗമായല്ലേ? അപ്പോൾ അധികാരത്തിൽ ഏതു രാഷ്ട്രീയപാർട്ടിയിരുന്നാലും സർക്കാരിന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനും കർഷകരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കാനും എളുപ്പത്തിൽ കഴിയുമോ?

അത് ഒരുപരിധിവരെ ഭരണ നേതൃത്വത്തിലിരിക്കുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കും. ആഗോള സാമ്പത്തിക ശക്തികൾ പിന്തുണയ്ക്കുന്ന നയങ്ങളുടെ അധീശത്വം ലോകവ്യാപകമായി നിലനിൽക്കുമ്പോഴും വ്യത്യസ്തമായ നിലപാടെടുക്കാനും ഒരു പരിധിവരെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിയും. രാഹുൽ ഗാന്ധിയോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് ആ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന് എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും. അദ്ദേഹം അധികാരത്തിൽ എത്തിയില്ലെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം മറ്റുള്ളവരെ സ്വാധീനിക്കും എന്നാണ് ഞാൻ കരുതുന്നത്. ശരിയായ കാര്യങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിരന്തരം പ്രവർത്തിച്ചാൽ അതിന്റെ ഫലം ഉണ്ടാകുമെന്നുതന്നെയാണ് എന്റെ ഉത്തമ വിശ്വാസം.

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയാൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഏറ്റവും പ്രധാനപ്പെട്ട കാര്യം MSP നിയമപരമാക്കുകയെന്നതാണ്. അത് കർഷകരുടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും. MSP നിയമവിധേയമാക്കിയില്ലെങ്കിൽ 6 ശതമാനം കർഷകർക്ക് മാത്രമേ Shanta Kumar Committee മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. ബാക്കി വലിയ വിഭാഗം കർഷകരുടെ പ്രശ്നങ്ങൾ അപ്പോഴും പരിഹരിക്കപ്പെടാതെ നിലനിൽക്കും. MSP പ്രഖ്യാപിച്ച 23 വിളകൾക്കും അതിനുള്ള നിയമപരമായ ഉറപ്പു ലഭിക്കുകയാണ് വേണ്ടത്. അതോടൊപ്പം സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശങ്ങളും നടപ്പാക്കട്ടെ. ഒരു ഉല്പന്നവും ആർക്കും അങ്ങനെ നിശ്ചയിച്ച വിലയിൽ കുറച്ചു വാങ്ങാൻ കഴിയില്ലെന്ന സ്ഥിതിയുണ്ടാവണം. ഇത് കാർഷിക വ്യവസ്ഥയെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നാണു ഞാൻ കരുതുന്നത്. വ്യവസായ ഉല്പന്നങ്ങൾക്കു ലഭിക്കുന്ന സാധ്യതകൾ കാർഷിക ഉൽപ്പന്നങ്ങൾക്ക് ലഭിക്കും.1990 കളിൽ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ കൊണ്ടു വന്നപ്പോൾ അന്ന് സർക്കാർ കാർഷിക മേഖലയുടെ വളർച്ച സാധ്യതകളെ പരിഗണിച്ചില്ല എന്നതാണ് വാസ്തവം. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. എന്നാൽ സാമ്പത്തിക വളർച്ചയിൽ കാർഷിക രംഗത്തിനും പങ്കു വഹിക്കാൻ കഴിയുമെന്നത് അവഗണിക്കപ്പെടുകയാണുണ്ടായത്.

ഇരുപത്തിമൂന്നു വിളകൾക്കാണ് MSP പ്രഖ്യാപിച്ചത് . അപ്പോൾ ചെറിയ അളവിൽ ഉൽപ്പാദിപ്പിക്കുന്ന മറ്റു വിളകളുടെ അവസ്ഥ എന്താണ്? അതിനു MSP നിലവിലില്ലെങ്കിൽ ചെറുകിട കർഷകരുടെ ബുദ്ധിമുട്ട് തുടരില്ലേ?

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന 260 ഓളം വരുന്ന മുഴുവൻ വിളകളെയും നമുക്ക് ഇതിൽ ഉൾപ്പെടുത്തുക പ്രായോഗികമല്ല. അതുകൊണ്ടാണ് 23 വിളകൾക്ക് സർക്കാർ MSP പ്രഖ്യാപിച്ചത്. പക്ഷെ മുഖ്യ വിളകൾക്ക് ന്യായമായ വില കിട്ടുമ്പോൾ സ്വാഭാവികമായും കാർഷിക രംഗത്ത് പുരോഗതി ഉണ്ടാവും. കൂടാതെ സംസ്ഥാന സർക്കാരുകൾക്ക് അതാത് സ്ഥലങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മറ്റു വിളകളുടെ ന്യായമായ വില ഉറപ്പാക്കാവുന്നതേയുള്ളൂ.

GAAT, ASIAN പോലുള്ളവയും ലോക ബാങ്ക് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ നയങ്ങളും കാർഷിക രംഗത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ടല്ലോ ?

അന്താരാഷ്‌ട്ര കരാറുകളെക്കുറിച്ചു നമ്മൾ അധികം വ്യാകുലപ്പെടേണ്ടതില്ലെന്നാണ് ഞാൻ എപ്പോഴും പറയുന്നത്. ഇതൊക്കെ നിലനിൽക്കുമ്പോൾ തന്നെയാണ് സമ്പന്ന രാജ്യങ്ങൾ അവർക്കു അനുകൂലമായ നിയമങ്ങൾ അവരുടെ രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. Reginional Comprehensive Economic Programme (RCEP) ൽനിന്നും ഇന്ത്യ ഗവണ്മെന്റ് പിൻവലിഞ്ഞില്ലേ? ഒരു പ്രധാന കരാറിൽ നിന്നും അങ്ങനെ ചെയ്യാമെങ്കിൽ നമ്മളെ ദോഷകരമായി ബാധിക്കുന്ന മറ്റു കരാറുകളിൽ നിന്നും എന്തുകൊണ്ട് പിൻവലിയാൻ കഴിയില്ല? നമ്മുടെ രാഷ്ട്രീയ നേതൃത്വം അതിനുള്ള ചങ്കൂറ്റം കാണിക്കണം എന്നു മാത്രം. നമ്മുടെ രാജ്യത്തെ കർഷകരുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെപ്പറ്റിയാണ് ഞാൻ ആലോചിക്കുന്നത്. ഇന്ത്യൻ സർക്കാർ അതിനുവേണ്ടി ആത്മാർത്ഥമായി ശ്രമിച്ചാൽ തുടർനടപടികൾ സാധ്യമാവുന്നതേ ഉള്ളൂ.

കർഷകർക്ക് ഒഴികെ മറ്റു മിക്ക വിഭാഗങ്ങളിലും കാലാനുസൃതമായ വരുമാന വർദ്ധനവ് ഉണ്ടാവുന്നുണ്ട്. സർക്കാർ കർഷകരെ എന്നും താഴ്ന്ന വരുമാനമുള്ള വിഭാഗമായി നിലനിർത്തുന്നത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് വേണ്ടിയാണോ?

നമ്മുടെ ലോകമെമ്പാടുമുള്ള അടിസ്ഥാന സമ്പദ് ക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത് കാർഷികവൃത്തിയെ ആ നിലയിൽ നിലനിർത്തിക്കൊണ്ടാണ്. അതാണ് അടിസ്ഥാനം പ്രശ്നം. ഞാൻ അത് ഒരു കാര്യം പറഞ്ഞു കൊണ്ട് വിശദീകരിക്കാം. ലോക ഭക്ഷ്യ വിതരണത്തിനുള്ള സംഭാവനകൾക്ക്, 1970 ൽ നോർമൻ ബോർലോഗിന് (Norman Borlaug) സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഞാൻ ഇന്ത്യൻ എക്സ്പ്രെസ്സിൽ ജോലിചെയ്യുബോൾ അദ്ദേഹം 1983 ൽ ഇന്ത്യയിൽ വന്നപ്പോൾ അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് അവസരം ഉണ്ടായി. അദ്ദേഹം ഉത്തരാഖണ്ഡിലെ Pantnagar കാർഷിക സർവകലാശാലയിലെ ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. 1983 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് പോളണ്ടിലെ സ്വതന്ത്ര ട്രേഡ് യൂണിയനുകൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള അഹിംസാത്മക പോരാട്ടത്തിന് ലെച്ച് വലേസയ്ക്ക് (Lech Walesa) ആയിരുന്നു. ഞാൻ അതിനെപ്പറ്റി നോർമൻ ബൊർലോഗിനോടു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു. “നോബൽ കമ്മിറ്റി പ്രഖ്യാപനം നടത്തുന്നതിന് മുൻപ് പോളണ്ടിൽ പോയി കാര്യങ്ങൾ മനസിലാക്കിയിരുന്നു. ഞാൻ ആ കമ്മറ്റിയുടെ അധ്യക്ഷനായിരുന്നു. അപ്പോൾ ഞാൻ മനസിലാക്കയിത് Lech Walesa പ്രവർത്തിച്ചുകൊണ്ടിരുന്നത് തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ അദ്ദേഹം ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നില്ല. Lech Walesa ഒരു വിഭാഗത്തെ അവഗണിച്ചുകൊണ്ട് മറ്റൊരു വിഭാഗത്തിന്റെ താൽപ്പര്യങ്ങളെ പിന്തുണയ്ക്കുകയായിരുന്നു. അതു -കൊണ്ട് Lech Walesa നോബിൾ പ്രൈസ് അർഹിക്കുന്നില്ല എന്നായിരുന്നു എന്റെ ശുപാർശ. എന്നാൽ അദ്ദേഹത്തിന് നോബൽ പ്രൈസ് നല്കുകയാണുണ്ടായത്.” അപ്പോൾ ഞാൻ അദ്ദേഹത്തോട് എന്തുകൊണ്ട് അദ്ദേഹം നൽകിയ ശുപാർശ നടപ്പായില്ല എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ലോകമൊട്ടുക്കുമുള്ള ധാരണ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില ഏറ്റവും കുറഞ്ഞ നിരക്കിൽ നിലനിർത്തണമെന്നാണ്. Norman Borlaug നൽകുന്ന ഈ വിവരണം ലോകത്തു നിലനിൽക്കുന്ന അടിസ്ഥാന ധാരണകളെ വിശദീകരിക്കുന്നതാണ്‌. ലോകമെമ്പാടും ഭക്ഷ്യ വില നിയന്ത്രിച്ചുകൊണ്ടാണ് മറ്റു സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരുന്നത് എന്ന് കാണാം. കർഷകരുടെ താൽപ്പര്യങ്ങളെ ബലികൊടുത്തുകൊണ്ടാണ് മറ്റു വിഭാഗണങ്ങളെ എക്കാലത്തും സർക്കാർ വളർത്തിയതെന്ന്‌ എന്ന് സാരം. അങ്ങനെ വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിൽ നിർത്തി അസംസ്കൃത വസ്തുക്കളും അധ്വാനവും വിലകുറഞ്ഞ നിരക്കയിൽ മറ്റു വ്യവസായങ്ങൾക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് സർക്കാർ.

ദില്ലിയിലെ കർഷക സമരത്തിൽ പങ്കു ചേരുന്ന സ്ത്രീകൾ

കർഷക ആത്മഹത്യയെക്കുറിച്ചു പൊതു സമൂഹം സംസാരിക്കുമ്പോഴും കർഷകർ സഹിക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചു പൊതു സമൂഹത്തിനു ശരിയായ അറിവുണ്ടെന്നു തോന്നുന്നുണ്ടോ? കർഷക സമരം അതിനു സഹായമായിട്ടുണ്ടോ?

OECD (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ഉം ICRIER (ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ്) ഉം നടത്തിയ ഒരു പ്രധാന പഠനത്തിൽ ഇന്ത്യൻ കർഷകർക്ക് 2000 മുതൽ 2016 വരെ 45 ട്രില്യൺ രൂപ യുടെ (USD 600 ബില്യൺ) നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മറ്റേതെങ്കിലും വ്യവസായത്തിന് ഇത്രയും വലിയ നഷ്ടം ഉണ്ടായി എന്ന് സങ്കൽപ്പിക്കുക. ഇവിടെ ഏതൊക്കെ കോലാഹലങ്ങൾ നടക്കും? നയപരമായ പ്രതിസന്ധിയായി (Policy Paralysis) എന്ന് സാമ്പത്തിക വിദഗ്‌ധർ അതിനെ വിശേഷിപ്പിക്കുമായിരുന്നു. താരതമ്യേന കൂടുതൽ വിലയിൽ സ്ഥിരതയുള്ള ചില വിളകളെ മാത്രമേ പഠനം പരിശോധിച്ചിട്ടുള്ളൂ. എന്നതിനാൽ, അത് മുഴുവൻ കാർഷിക ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയിരുന്നെങ്കിൽ നഷ്ടം എന്തുമാത്രം വലുതായിരിക്കും? ഈ അവസ്ഥയെക്കുറിച്ചു പൊതു സമൂഹത്തിനു മാത്രമല്ല നമ്മുടെ വിദഗ്ധർക്കും വലിയ ആശങ്കയൊന്നും ഇല്ല എന്നതാണ് യാഥാർഥ്യം. അതുപോലെ UNCTAD (യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ്) നടത്തിയ ഒരു പഠനം ഞാൻ ഓർക്കുന്നു. കാർഷിക ഉൽപന്നങ്ങളിലെ ഫാം ഗേറ്റ് വിലകൾ പണപ്പെരുപ്പത്തിനനുസരിച്ച് വർധിക്കാതെ നിശ്ചലമായി തുടരുന്നത് അത് ചൂണ്ടിക്കാട്ടുന്നു. 1985 മുതൽ 2005 വരെ, 20 വർഷമായി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ലഭിച്ചിരുന്ന വില വർധിച്ചിട്ടില്ല. ഇതാണ് ആഗോളതലത്തിലെ അവസ്ഥ. നമ്മുടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് 2016ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ വർഷത്തെ സാമ്പത്തിക സർവേ കണക്കാക്കിയത് 17 സംസ്ഥാനങ്ങളിൽ പ്രതിശീർഷ വരുമാനം 20,000 രൂപയിൽ താഴെയാണ് എന്നാണ്. അതായത് പ്രതിമാസം 1,700 രൂപയിൽ കുറവാണ്! കർഷക സമരം ഇത്തരം യാഥാർഥ്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു എന്നാണ് ഞാൻ കരുതുന്നത്.

ഇന്ത്യയിൽ 50 ശതമാനം കർഷകർ ഉണ്ടെന്നു താങ്കൾ പറഞ്ഞൂ. സാധാരണഗതിയിൽ വലിയ വോട്ടു ബാങ്ക് ആയ വിഭാഗങ്ങളുടെ താല്പര്യങ്ങൾക്കാണ് തങ്ങളുടെ അധികാരം നിലനിർത്താൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ മുൻഗണന നൽകുക. കർഷകരുടെ കാര്യത്തിൽ അത് മറിച്ചാവുന്നതു എന്തുകൊണ്ടായിരിക്കും?

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും രാഷ്ട്രീയ പാർട്ടികൾ വലിയ വാഗ്ദാനങ്ങൾ കർഷകർക്കുവേണ്ടി നടത്താറുണ്ട് . ഞാൻ നേരത്തെ സൂചിപ്പിച്ചതു അത്തരം ഒരു വാഗ്‌ദാനത്തെക്കുറിച്ചാണ്. എന്നാൽ അധികാരത്തിലെത്തുമ്പോൾ അവർ നൽകിയ വാഗ്ദാനങ്ങൾ മറക്കുകയും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടു കോർപ്പറേറ്റുകൾക്ക് ഒരിക്കലും തെരുവിൽ സമരം ചെയ്യേണ്ടിവരുന്നില്ല. അവർക്കനുകൂലമായ ഒരു ഡിസൈൻ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. കോർപ്പറേറ്റ് താല്പര്യങ്ങൾക്കപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ചു പലരും അറിവില്ലാത്തവർ കൂടിയാണ്.

സ്വാതന്ത്ര്യാനന്തരം അമേരിക്ക കൊണ്ടുവന്ന പൊതു നിയമം 480 (PL-480) പ്രകാരം ഇന്ത്യ അമേരിക്കയിൽ നിന്നുള്ള ഭക്ഷ്യവിള ഇറക്കുമതിയെ ആശ്രയിച്ചു ഇവിടുത്തെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചു. ഇന്ത്യൻ കർഷകരെ ശാക്തീകരിക്കുന്നതിനും ഇന്ത്യയെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കുന്നതിനുമുള്ള അവസരങ്ങൾ ഈ ആശ്രിതത്വം ഇല്ലാതാക്കിയില്ലേ? ഇത് നെഹ്‌റു തുടങ്ങിവച്ച വികസന നയങ്ങളുടെ പരിണിത ഫലമായി ഉണ്ടായതല്ലേ?

1943 ൽ ബംഗാൾ ക്ഷാമം ഉണ്ടായി ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യ സ്വതന്ത്രമാവുന്നത്. ആ സമയത്തു വിവിധ കാരണങ്ങളാൽ ഇന്ത്യൻ കാർഷിക വ്യവസ്ഥ തകർന്നിരിക്കുകയായിരുന്നു. ആ സമയത്തു അധികാരത്തിലെത്തുന്ന ഏതു സർക്കാരിനെ സംബന്ധിച്ചും പ്രഥമ പരിഗണന ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ പൂർത്തീകരിക്കുക എന്നതായിരിക്കും. PL 480 ആയിരുന്നു ആ സമയത്തു ലഭ്യമായ ഒരു പരിഹാരം. നെഹ്‌റു ഇന്ത്യൻ കാർഷിക രംഗത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്ന് പറയാൻ കഴിയില്ല. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ബി.എം ഭാട്ടിയ നടത്തിയ വിശകലനങ്ങൾ നോക്കിയാൽ അത് മനസിലാകും. നെഹ്‌റു 1955 ൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ഭക്ഷ്യ ഇറക്കുമതി നടത്തുന്നത് ഒരു രാഷ്ട്രത്തെ സംബന്ധിച്ചു അപമാനകരമായ കാര്യമാണെന്ന് പറയുന്നുണ്ട്. ഭക്ഷ്യ ഉൽപ്പാദനം വർധിപ്പിക്കാൻ നെഹ്‌റു ആ കാലത്തു ശ്രമിച്ചിരുന്നതായി കാണാൻ കഴിയും. നെഹ്രുവിനു ശേഷം വന്ന ലാൽ ബഹദൂർ ശാസ്ത്രിയും ഈ പ്രതിസന്ധിയെ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനു ശേഷം ഇന്ദിര ഗാന്ധിയാണ് ഭക്ഷ്യ രംഗത്തെ പ്രതിസന്ധിക്കു പരിഹാരമായി ഹരിത വിപ്ലവത്തിന് തുടക്കമിടുന്നത്. ഇതെല്ലാം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിലും അവർ ശ്രമിച്ചത് ഇന്ത്യയുടെ ഭക്ഷ്യ സ്വയംപര്യാപ്തതയായിരുന്നു എന്നു വേണം മനസിലാക്കാൻ. ഉൽപ്പാദനം വർധിപ്പിക്കാൻ ഏതു ഭരണാധികാരികളെയും പോലെ അവരും ആഗ്രഹിച്ചു എന്നതാണ് വാസ്തവം. അതുണ്ടാക്കിയ പ്രതിസന്ധികൾ തീർച്ചയായും മറുവശത്തുണ്ട്.

ഇന്ന് നമ്മൾ അനുഭവിക്കുന്ന കാലാവസ്ഥ പ്രതിസന്ധി പരിഗണിക്കുമ്പോൾ സർക്കാരിന്റെ പോളിസികളിൽ വരേണ്ട പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്നാണ് താങ്കൾ കരുതുന്നത്?

അതാണ് ഇപ്പോഴത്തെ വലിയ ഒരു പ്രതിസന്ധി. എങ്ങനെയെകിലും കാർഷികവൃത്തിയിൽ നിന്നും കർഷകരെ പുറത്തേക്കു കൊണ്ടുവരാൻ സർക്കാർ ശ്രമങ്ങൾക്ക് കാലാവസ്ഥ പ്രതിസന്ധി ആക്കം കൂട്ടുമോ എന്നാണു എന്റെ ഭയം. ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന കാര്യമല്ല . 1970 കളിൽ അമേരിക്കയിൽ 15 % കർഷകർ ഉണ്ടായിരുന്നു. ഇന്ന് അവരുടെ ജനസംഖ്യ 1 .5 ശതമാനം മാത്രമാണ്. ബ്രിട്ടനിലും സമാനമായ സ്ഥിതിയാണ്. അവിടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ കാർഷികവൃത്തിയിൽ ഏർപ്പെടുന്നുള്ളൂ. യൂറോപ്പ്യൻ രാജ്യങ്ങളിലെല്ലാം ഇതേ അവസ്ഥ നിലനിൽക്കുന്നു എന്ന് കാണാം. ഹോളണ്ടിൽ നടന്ന ഒരു കാര്യം എടുക്കാം. അവിടെ കാലാവസ്ഥ പ്രതിസന്ധി കർഷകരെ മറ്റു ജോലികളിലേക്ക് തള്ളിവിടാനുള്ള അവസരമായി ഉപയോഗിക്കുകയാണ് സർക്കാർ ചെയ്തത്. മൊത്തം ഉള്ള11000 കർഷകരിൽ നിന്നും 3 ശതമാനം കർഷകരോട് ചില ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ടു കൃഷി ഉപേക്ഷിക്കാനാണ് സർക്കാർ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതിയുടെ ഭാഗമായി വളർത്തു മൃഗങ്ങൾ മൂത്രമൊഴിക്കുന്നതിലൂടെയും വിസർജിക്കുന്നതിലൂടെയും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾക്ക് നികുതി ചുമത്താൻ ന്യൂസിലൻഡ് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇങ്ങനെ കർഷകരെ പുറത്താക്കി കോർപ്പറേറ്റു നിയന്ത്രണത്തിൽ ഭക്ഷ്യ ഉൽപ്പാദനം നടത്താൻ ആണ് ലോകമാകമാനമുള്ള ശ്രമം. അതിനുതകുന്ന സാങ്കേതിക വിദ്യയും മറ്റു സംവിധാനങ്ങളും വികസിപ്പിച്ചു കാർഷിക രംഗത്തെ ‘നൂതന രീതികൾ’ എന്ന നിലയിൽ പ്രചരിപ്പിച്ചു വരികയാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തു നിന്നും അതിന്റെ പകുതിയോളം വരുന്ന ജനതയെ കൃഷിയിൽ നിന്നും പുറത്താക്കിയിട്ടു എവിടെ പുനരധിവസിപ്പിക്കാനാണ്? ഇവിടെയാണ് പ്രതിബദ്ധതയും നിശ്ചയദാർഢ്യവും ഉള്ള ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടായിവരേണ്ടതിന്റെ പ്രസക്തി. അങ്ങനെ ഉണ്ടായാൽ മറ്റു സംവിധാനങ്ങൾ മാറിക്കൊള്ളും .

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം (Direct Income Support) നൽകണമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും അതിനെ കളിയാക്കുകയും അവഗണിക്കുകയും ചെയ്‌തു. എനിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. വിപണി സമ്പദ് വ്യവസ്ഥയിൽ അങ്ങനെ സാധ്യമല്ല എന്നായിരുന്നു വാദം. കുറെ ആളുകൾ എന്റെ വാദത്തിനെതിരെ നീണ്ട ലേഖനങ്ങൾ എഴുതി. പക്ഷെ കോർപ്പറേറ്റുകൾക്ക് വേറെ പേരിൽ ഇതേ സഹായം ചെയ്യുന്നതിനോട് ആർക്കും എതിർപ്പോ സംശയമോ ഇല്ലായിരുന്നു. പക്ഷെ പല കർഷക സംഘടനകളും ആക്ടിവിസ്റ്റുകളും എന്റെ വാദത്തെ അനുകൂലിച്ചു. അങ്ങനെ അന്നത്തെ ധനകാര്യ മന്ത്രി ആയിരുന്ന അരുൺ ജെയ്‌റ്റിലി എന്നെ ചർച്ചയ്ക്കു വിളിക്കുകയും അദ്ദേഹത്തോട് എന്റെ വാദങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 5000 രൂപ കർഷകർക്ക് ഓരോ മാസവും നൽകാനായിരുന്നു എന്റെ ആവശ്യം. ഇതിനു വേണ്ട പണം എങ്ങനെ ഉണ്ടാക്കും എന്ന പതിവ് ചോദ്യം ആയിരുന്നു അദ്ദേഹം ചോദിച്ചത്. എനിക്ക് അറിയാവുന്ന പല സാധ്യതകൾ അദ്ദേഹത്തോട് പങ്കുവയ്ക്കുകയും ചെയ്തു. എന്തായാലും വർഷം 6000 രൂപ, നൽകാൻ സർക്കാർ തയ്യാറായി. കാർഷിക ബഡ്ജറ്റിന്റെ പകുതി ഇപ്പോൾ കർഷകർക്ക് നേരിട്ട് പണമായി ലഭിക്കുന്നു. എന്തായാലും അതൊരു തുടക്കമായി ഞാൻ കരുതുന്നു. ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ചാൽ നിലവിലെ സംവിധാനത്തിന് അധികകാലം അവഗണിക്കാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്. മാത്രവുമല്ല ആദ്യം എന്നെ എതിർത്ത പല സാമ്പത്തിക വിദഗ്ധരും സർക്കാർ നടപടിയെ പ്രശംസിക്കുന്നതായും ഞാൻ കണ്ടു.

യു.പിയിലെ ഉള്ളി കർഷകർ

കാലാവസ്ഥ പ്രതിസന്ധി പരിഗണിച്ചു കൊണ്ട് അടിയന്തിരമായി സർക്കാർ കൈക്കൊള്ളേണ്ട നടപടികൾ എന്തൊക്കെയാണ്?

രണ്ടു കാര്യങ്ങൾ വളരെ പ്രധാനമാണ്. കർഷകർക്കു മാന്യമായി ജീവിക്കാനുള്ള വരുമാനം (Dignified Living Income ) ഉറപ്പാക്കുക. അതിനുള്ള വഴിയാണ് MSP നിയമവിധേയമാക്കുക എന്നത്. രണ്ടാമത്തേത് അഗ്രോ ഇക്കോളജിയിലേക്ക് മാറാൻ കർഷകരെ പിന്തുണക്കുക എന്നതാണ്. യൂറോപ്യൻ യുണിയൻ 200 ബില്യൺ യൂറോ ഇതിനായി മാറ്റിവയ്ക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും കീടനാശിനിയുടെ ഉപയോഗം 50 ശതമാനം കണ്ടു കുറയ്ക്കുമെന്നും അവർ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് നടപ്പാക്കുന്നതിന് എതിരെ കോർപ്പറേറ്റുകൾ രംഗത്തുവരുമെന്നു ഉറപ്പാണ്. എങ്കിലും അത് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനമാണ്. ഇന്ത്യയിലും പല ഭാഗത്തായി വ്യക്തികളും കാർഷിക കൂട്ടായ്മകളും രാസ കൃഷിയിൽ നിന്നും മാറി അഗ്രോ ഇക്കോളജിയിലേക്കു വരുന്നുണ്ട്. സർക്കാർ അതിനു വേണ്ട പിന്തുണ നൽകേണ്ടിയിരിക്കുന്നു. ആഗോളതലത്തിൽ കാർഷിക വൃത്തി 34 ശതമാനം ഹരിതഗൃഹ വാതക ഉദ്‌വമനത്തിനു കാരണമാകുന്നുണ്ട്. അതുകൊണ്ടു അത് കുറച്ചു കൊണ്ട് വരാൻ അഗ്രോ ഇക്കോളജിയിലേക്കു മാറേണ്ടത് വളരെ അനിവാര്യമാണ്.

34 ശതമാനം ഹരിതഗൃഹ വാതകങ്ങളുടെ ബഹിർവമനത്തിന് കാർഷിക രംഗം ഉത്തരവാദിയാണെങ്കിൽ ബാക്കിയുള്ള വലിയ ശതമാനം ഉണ്ടാകുന്നത് ഒഴിവാക്കാനാകുന്നതോ മനുഷ്യന് ഒരു രീതിയിലും പ്രയോജനം ഇല്ലാത്തതോ അല്ലെങ്കിൽ ഒരു ചെറിയ വിഭാഗത്തിന്റെ ആഡംബര ജീവിതത്തിനോ വേണ്ടിയാണെന്ന യാഥാർഥ്യം നിലനിൽക്കുന്നില്ലേ? വലിയ പല വ്യാവസായിക രാഷ്ട്രങ്ങളേക്കാൾ കൂടുതൽ കാർബൺ പുറന്തള്ളുന്നത് യു.എസ് സൈന്യമാണ്, മറൈൻ പൊല്യൂഷൻ ബുള്ളറ്റിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒരു വലിയ ക്രൂയിസ് കപ്പലിന് (cruise ship) 12,000 കാറുകളിൽ നിന്നുണ്ടാകുന്നതിനേക്കാൾ കൂടുതൽ കാർബൺ പുറന്തള്ളൽ നടത്തുന്നു എന്നാണ്. അപ്പോൾ നിയന്ത്രണങ്ങൾക്കുള്ള മുൻഗണന ഇത്തരം അനാവശ്യ രംഗങ്ങളിൽ നിന്നല്ലേ തുടങ്ങേണ്ടത്?

അത് തീർച്ചയായും പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സർക്കാരുകൾ കാർഷിക രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ എളുപ്പമാണെന്ന രീതിയിലാണ് ഹരിതഗൃഹ വാതക ഉദ്‌വമന നിയന്ത്രണങ്ങൾ കാർഷിക രംഗത്ത് നിന്നും ആരംഭിക്കുന്നത്. അതാണ് നമ്മൾ ന്യൂസിലാൻഡിലും മറ്റും കണ്ടുകൊണ്ടിരിക്കുന്നത്. എന്തായാലും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മറ്റു വ്യവസായങ്ങളും മാറ്റത്തിന് തയ്യാറാവേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. കാർഷിക രംഗത്തെ മാറ്റം മനുഷ്യരാശിയുടെ ആരോഗ്യ പൂർണ്ണമായ നിലനിൽപ്പിന് അനിവാര്യമാണെന്ന കാര്യം നമുക്ക് മറന്നുകൂട. കാലാവസ്ഥ പ്രതിസന്ധി അങ്ങനെയുള്ള ഒരു മാറ്റത്തിനുള്ള അവസരം നൽകുന്നു എന്ന് കണ്ടാൽ മതി. അതേസമയം കർഷകരുടെ താല്പര്യങ്ങൾ പരിഗണിച്ചും സാമൂഹ്യ നീതിക്കു പ്രാധാന്യം കൊടുത്തും അത് നടപ്പാക്കേണ്ടതുണ്ട്. കർഷകർ കൊയ്തുകഴിഞ്ഞു പാടത്തു വൈക്കോൽ തീയ്യിടുന്നതിനെ അപലപിക്കുന്നവർ SUV കാറുകൾ ഉണ്ടാക്കുന്ന വൻ കാർബൺ പുറംതള്ളൽ അവഗണിക്കുന്നു എന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. സ്വന്തം ജീവിത രീതി മാറ്റാതെ മറ്റുള്ളവർ മാറട്ടെ എന്ന് തന്നെയാണ് സമ്പന്നരായ ഒരു വിഭാഗം കരുതുന്നത്.

താങ്കൾ അഗ്രോ ഇക്കോളജിയെക്കുറിച്ചു പറഞ്ഞു . കർഷകർ അതിലേക്കു മാറുമ്പോൾ പ്രദേശിക സമ്പദ് വ്യവസ്ഥയെ (Local Economy) ശക്തിപ്പെടുകയും പ്രാദേശികവൽക്കരണം (Localisation) എന്ന പ്രക്രിയ സമാന്തരമായി നടക്കുകയും വേണ്ടേ? അപ്പോഴല്ലേ കർഷകർക്ക് സ്വാശ്രയത്വം കൈവരിക്കാൻ കഴിയുകയുള്ളൂ?

അന്താരാഷ്ട്ര നിയന്ത്രണങ്ങളിൽ നിന്നും കാർഷിക സമൂഹം മുക്തമാകേണ്ടതുണ്ട്. കർഷകരുടെ പല കാര്യങ്ങളും നിർണയിക്കപ്പെടുന്നത് പല അദൃശ്യ കണ്ണികളുമാണ്. അത് ഇല്ലാതാക്കാൻ ലോക്കലൈസേഷൻ വളരെ പ്രധാനമാണ്. ഇന്ന് നാം അനുഭവിക്കുന്ന കാലാവസ്ഥ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരം ലോക്കലൈസേഷൻ തന്നെയാണ്. പ്രാദേശിക സ്വയംപര്യാപ്തതയ്ക്കു ആ രീതിയിൽ പല മാനങ്ങളുണ്ട്. മനുഷ്യ പുരോഗതിയുടെ ഭാഗമായിട്ട് വേണം പ്രാദേശികവൽക്കരണത്തെ കാണാൻ. അല്ലാതെ പുരോഗതിയിൽ നിന്നുള്ള തിരിച്ചുപോക്കായല്ല.

താങ്കൾ ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന ഒരാളാണ് . ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനം കാലാവസ്ഥ പ്രതിസന്ധി പരിഗണിച്ചുകൊണ്ട് കാർഷിക രംഗത്ത് കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ?

ആന്ധ്രാ പ്രദേശിൽ കാർഷിക മേഖലയിൽ നടക്കുന്ന കമ്മ്യൂണിറ്റി മാനേജ്‌മന്റ് സിസ്റ്റം ഒരു നല്ല മാതൃകയായി തോന്നിയിട്ടുണ്ട്. Khammam ജില്ലയിലെ Penugolu ഗ്രാമത്തിൽ 15 വർഷം മുൻപ് ആരംഭിച്ച പരീക്ഷണം ഇന്ന് പല ഗ്രാമങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അവർ രാസവളങ്ങളുടെയും കീടനാശിനിയുടെയും ഉപയോഗം നന്നായി കുറച്ചിട്ടുണ്ട്. 2024 ആകുമ്പോഴേക്കും 60 ലക്ഷം വരുന്ന ആന്ധ്രയിലെ കർഷകർ രാസ കൃഷിയിൽ നിന്നും മാറാനാണ് അവർ പദ്ധതിയിട്ടിരിക്കുന്നത്. 7 ലക്ഷം കർഷകർ ഇപ്പോൾ തന്നെ അതിലേക്കു മാറി കഴിഞ്ഞു. ഇത് ആരംഭിച്ചത് ഒരു ഗ്രാമത്തിലെ ഒരു കർഷകൻ തുടങ്ങിയ പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടാണ്. പിന്നീട് സർക്കാരും അതിൽ ഇടപെടുകയായിരുന്നു. അതുകൊണ്ടാണ് അതിന്നു ഇത്രയും പ്രചാരം ലഭിച്ചത്. സ്വയം സഹായ സംഘങ്ങൾ (SHGs ) അതിന്റെ ഭാഗമാവുകയും കർഷകർ തന്നെ അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ആയിരുന്നു. കർഷകർക്ക് ആ മാറ്റത്തിന്റെ ഗുണം അനുഭവിക്കാൻ കഴിഞ്ഞതുകൊണ്ടാണ് അവർ അത് പ്രചരിപ്പിച്ചത്. ആന്ധ്രാ സർക്കാരിന് അത് കഴിയുമെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അത് നടപ്പാക്കാവുന്നതേയുള്ളൂ. അവിടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെട്ടു, ഉൽപ്പാദനക്ഷമത മെച്ചപ്പെട്ടു, മാത്രമല്ല ഈ പ്രദേശങ്ങളിൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നിട്ടും ഈ വലിയ മാറ്റത്തെക്കുറിച്ച് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല.

കർഷക സമരത്തിൻ്റെ ഭാഗമായി നടന്ന ട്രാക്ടർ റാലിയിൽ നിന്നും

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിലെ പൊതു സമൂഹം ഇപ്പോഴും ജൈവ കൃഷിയെ എതിർത്തുകൊണ്ടിരിക്കുകയാണ്. അത് ശാസ്ത്രീയമല്ലെന്നും നമ്മുടെ പട്ടിണി മാറ്റാൻ സഹായിക്കില്ലെന്നുമാണ് ശാസ്ത്ര യുക്തിവാദികൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

അത് കേരളത്തിൽ മാത്രമല്ല. പല ഭാഗങ്ങളിലും ഈ പ്രചാരണം ശക്തമാണ്. കേരളത്തിലെ പ്ലാനിങ് ബോർഡ് തന്നെ ജൈവ കൃഷിക്ക് എതിര് നിൽക്കുന്നതായാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളെയും വിശ്വാസങ്ങളെയും അതിജീവിക്കുന്ന ഒരു കാലം വരും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. ആന്ധ്രപ്രദേശിൽ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാണ് ജൈവകൃഷിക്ക് നേതൃത്വം നൽകുന്നത്. കേരളത്തിലെ കൃഷി മന്ത്രിക്കു ഇപ്പോഴത്തെ രീതിയിൽ നിന്നും മാറി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചാൽ അദ്ദേഹം അത് ചെയ്യുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന് അതിനുള്ള താൽപ്പര്യവും അറിവും ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് പ്രാവർത്തികമാക്കാനുള്ള പിന്തുണ മുഖ്യമന്ത്രി അദ്ദേഹത്തിന് നൽകേണ്ടിയിരിക്കുന്നു.

കാർഷിക രംഗത്തെ പ്രതിസന്ധികളെ മറികടക്കാനുള്ള മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ താങ്കൾ വളരെ ശുഭപ്രതീക്ഷ പുലർത്തുന്നതായി തോന്നുന്നു. ശരിയാണോ?

എന്റെ ജീവിതകാലത്തു തന്നെ കാർഷിക രംഗത്ത് ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് തന്നെയാണ് കർഷകരോട് ഞാൻ എപ്പോഴും പറയാറുള്ളത്. അവരുടെ ഇന്നത്തെ അവസ്ഥയ്ക്ക് താമസിയാതെ മാറ്റം ഉണ്ടാകുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. കർഷകർ എന്റെ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നതായും എനിക്ക് അറിയാം. എത്രകാലം നീതി നിഷേധിച്ചുകൊണ്ട് ഒരു സംവിധാനത്തിന് മുന്നോട്ടു പോകാൻ കഴിയും? ലോക ചരിത്രം നൽകുന്ന പാഠം അതാണ്. കൊളോണിയൽ ശക്തികളെ നമ്മൾ നാടുകടത്തിയില്ലേ? മാറ്റങ്ങൾ സാധ്യമാണ്. ഞാൻ ലോകത്തിന്റെ പല ഭാഗത്തുള്ള കർഷക നേതാക്കളോട് സംസാരിക്കാറുണ്ട്. അവരെല്ലാം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിൽ MSP നടപ്പിലാക്കിയാൽ ലോകത്തുള്ള പല രാഷ്ട്രങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാവും. ലോകമെമ്പാടും കർഷകർ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഒരു രാജ്യത്തു ഒരു മുന്നേറ്റം ഉണ്ടായാൽ അത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കും. ഇപ്പോഴത്തെ പ്രശ്നം ആര് പൂച്ചയ്ക്ക് മണികെട്ടും എന്നതാണ്. പ്രതീക്ഷ നൽകുന്ന വാർത്തകൾക്കായി ലോകത്താകമാനമുള്ള കർഷകർ ഇന്ത്യയെ ഉറ്റുനോക്കുകയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 3, 2023 2:35 am