Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തുടക്കത്തിൽ തന്നെ കർഷക സമരത്തെ സകല ജനായത്ത മര്യാദകളും ലംഘിച്ച് നിഷ്ഠൂരമായി അടിച്ചമർത്താൻ കേന്ദ്ര സർക്കാർ തുനിഞ്ഞിറങ്ങിയതെന്തുകൊണ്ട്? ഒന്നാമത് കർഷക സംഘടനകളാണ് തങ്ങൾക്ക് യഥാർത്ഥ തലവേദനയെന്ന്, ഇന്ത്യയിലെ നേരായ പ്രതിപക്ഷ ശക്തിയെന്ന് ബി.ജെ.പി ഭരണകൂടം തിരിച്ചറിയുന്നു. രണ്ടാമതായി, എതിർശക്തികളെ നിലംപരിശാക്കാൻ അവർ എടുത്തെറിയുന്ന വക്രോപായങ്ങളൊന്നും തന്നെ കർഷകർക്കെതിരെ വിലപ്പോകുന്നതല്ല. മൂന്നാമത്തെ കാര്യം, ഇന്ത്യയിൽ ശരിയായ രാഷ്ട്രീയം മുന്നോട്ടുവെച്ച്, ഭരണകക്ഷിയുടെ സ്വദേശീ കാപട്യത്താൽ മൂടിവെച്ചിരിക്കുന്ന പക്കാ നവലിബറൽ നയങ്ങളുടെ പാദസേവ തുറന്നുകാട്ടുന്നതിന് കാർഷിക സംഘങ്ങൾ മാത്രമേ മുന്നിലുള്ളൂ. അതിനാൽ, തെരഞ്ഞെടുപ്പ് ആസന്നമായ സന്ദർഭത്തിൽ, മതാധിപത്യത്തിൻ്റെ തനിസ്വരൂപം പുറത്തുകാണിച്ച് ‘അടിച്ചമർത്തലിന് ഒരു വോട്ട്’ വിധേയ പ്രജകളോട് അഭ്യർത്ഥിക്കാൻ കേന്ദ്രഭരണശക്തി തുനിഞ്ഞിറങ്ങിയിരിക്കുന്നു.
ദുർഭരണത്തിൻ്റെ ദുസ്വാദ് ആദ്യം തിരിച്ചറിയുന്ന സൂക്ഷ്മമാപിനികളാണ് പരമ്പരാഗത ഇന്ത്യൻ കർഷകർ. ഗാന്ധിജിയെ വരെ രാഷ്ട്രീയസമരത്തിൻ്റെ പഞ്ചാഗ്നിയിലേക്ക് കൊണ്ടുവന്ന ചമ്പാരൻ സമരത്തിൻ്റെ പിന്മുറക്കാരാണിവർ. 1757 ൽ പ്ലാസി യുദ്ധത്തോടെ സ്വേച്ഛാഭരണം തകൃതിയാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ ഇന്ത്യാ മഹാരാജ്യത്ത് ആദ്യം മുന്നിട്ടിറങ്ങിയതും ബംഗാളിലെ ആദിവാസി കൃഷിക്കാരാണ്. എന്നും അനീതി-അധർമ്മ ഭരണത്തിൻ്റെ സർവ്വഭാരങ്ങളും ശിരസ്സേന്താൻ ഇന്ത്യയുടെ അടിത്തട്ടിൽ കിടക്കുന്നവരാണ് കൃഷിക്കാരും കൃഷിപ്പണിക്കാരും. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെയും ജനായത്തത്തിൻ്റെയും സെക്കുലറിസത്തിൻ്റെയും നേരവകാശികളാണ് അടിത്തട്ട് കാർഷിക ജനത.
നൂറ്റാണ്ടുകളുടെ സമരത്തിലൂടെ മതേതര ജനായത്ത ഭാരതം പടുത്തപ്പോഴും അധികാരത്തിൻ്റെ രാജസദസ്സുകളിൽ ഉപവിഷ്ടരാകാതെ എന്നും പാടത്തേക്കിറങ്ങിയവരാണ് ഇന്ത്യൻ കാർഷിക സമൂഹം. അധികാര നിരാസക്തരായ ഈ ജനതതിയെ മാതൃകയാക്കിയതിനാലാകാം അധികാരക്കൈമാറ്റത്തിൻ്റെ മധുരദിനങ്ങളിൽ, അതിലൊന്നിലും അലിഞ്ഞു ചേരാതെ ഗാന്ധിജി നേരേ കലാപബാധിത നവഖലികളിൽ അലഞ്ഞത്. സഹിഷ്ണതയും അഹിംസയും മാനവിക മൂല്യങ്ങളായി അദ്ദേഹത്തിനു പകർന്നു കിട്ടിയതും കാർഷിക സംസ്കൃതിയിൽ നിന്നാണ്.
അധികാരത്തിലുപരി അവകാശങ്ങളിൽ അടിയുറച്ചുനിൽക്കുന്ന കർഷകപ്രസ്ഥാനങ്ങളെ, സാധാരണഗതിയിൽ പ്രതിപക്ഷ സർക്കാർ നേതൃത്വങ്ങളെയും മാധ്യമങ്ങളെയും വിരട്ടിയും തലോടിയും വശത്താക്കുന്നതുപോലെ, ഇ.ഡി. റെയ്ഡുകൾ കൊണ്ടും കേന്ദ്രവിഹിതം വിലക്കിക്കൊണ്ടും സ്ഥാനമാന പ്രലോഭനങ്ങൾ കൊണ്ടും വിലയ്ക്കെടുക്കാൻ കഴിയില്ല. അതിലൊക്കെ ഉപരി മതദ്വേഷമെന്ന മാരകവിഷദംശനത്താൽ സംഘടിത സമൂഹങ്ങളെ ചിതറി നിശ്ചേതനമാക്കുന്ന ഒടിവിദ്യയും നിഷ്ഫലമാകുന്നത് കൃഷിക്കാർക്ക് മുന്നിൽ മാത്രമാണ്. അതിനാൽ അതിക്രൂരമായ ഹിംസയല്ലാതെ മറ്റൊന്നും സമരത്തെ നേരിടാൻ തങ്ങളുടെ പക്കലില്ലെന്ന് ദേശസ്നേഹ വായ്ത്താരി അധികാരികൾക്കറിയാം.
മർദ്ദനോപായങ്ങൾ തുടക്കത്തിലേ തന്നെ പ്രയോഗിച്ചില്ലെങ്കിൽ കർഷകർ ഉയർത്തുന്ന ആവശ്യങ്ങൾ എന്തെന്ന് രാജ്യം ശ്രദ്ധിക്കും. അതാണ് മോദി ഭരണകൂടത്തെ അത്രയും അക്ഷമരായി സമരത്തെ നിർവീര്യമാക്കാൻ തിടുക്കത്തിൽ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി, ഇന്ത്യൻ പാർലമെൻ്റിൽ പുത്തൻ സാമ്പത്തിക-നവലിബറൽ നയങ്ങൾ ഓരോന്നായി കൊണ്ടുവന്നു, അവയെല്ലാം അനുസരിക്കാൻ പാർട്ടികൾ ഓരോരുത്തരും പിന്നാലെ പിന്നാലെ തയ്യാറായി, ഗത്യന്തരമില്ലാതെ വലയിൽ കുടുങ്ങിയ മീനുകൾ പോലെ ആഗോള നവലിബറൽ നയങ്ങൾക്ക് വിധേയപ്പെട്ടപ്പോൾ, ഈ കർഷക സമരത്തിലെ ഡിമാൻ്റുകൾ ശ്രദ്ധിക്കൂ. കൃഷിക്കാരെ മുൻനിർത്തി ഈ ആവശ്യങ്ങൾ പറയുന്നൂ, ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ ഒരു നവ ലിബറൽ നയത്തോടും ഇവിടുത്തെ അടിത്തട്ട് ജനങ്ങൾ പൊരുത്തപ്പെട്ടിട്ടില്ലെന്ന്; അവർക്ക് അതിനപ്പുറം പ്രതീക്ഷകളും ആത്മചോദനയും ഉണ്ടെന്ന്.
മുമ്പ് നവലിബറൽ പരിഷ്ക്കാരങ്ങൾക്കെതിരെയുള്ള ജനരോഷം ഭയന്ന് ഇതര പാർട്ടികൾ പരിഷ്ക്കാരങ്ങൾ തീവ്രമാക്കാതെ സാമാന്യമാര്യാദ കുറെയൊക്കെ പാലിച്ചെങ്കിൽ, അത്തരം ജനായത്ത മര്യാദകളെ വർഗ്ഗീയ കലാപം , മതദ്വേഷം, വ്യാജസ്വദേശീ പ്രണയം, കപടഭക്തി/ആത്മീയത, സാമൂഹ്യമാധ്യമങ്ങൾ, അധികാര കേന്ദ്രീകരണം, ഏകാധിപത്യ നായക സ്തുതി, തെരഞ്ഞെടുപ്പ് ടെക്നോളജി, ഏകശിലാ ഹിന്ദുത്വം, സാംസ്കാരിക യുദ്ധം, ചരിത്ര വക്രീകരണം എന്നീ കുതന്ത്രങ്ങളെ മുന്നിൽ നിർത്തി അട്ടിമറിക്കുകയും അതുവഴി പച്ചയായ നവലിബറൽ നയങ്ങളുടെ ഹോൾ സെയ്ൽ ഡീലർമാരായി മുന്നിലെത്തുകയും ചെയ്തു ബി.ജെ.പി. ഭരണകൂടം.
കഴുത്തറപ്പൻ നവലിബറൽ നയങ്ങളുടെ ചാട്ടവാറടികൾ, കഴിഞ്ഞ പത്ത് വർഷമായി നിരന്തരം ഏൽക്കുന്നതിൽ സഹിക്കാനാവാതെയാണ് കൃഷിക്കാർ വീണ്ടും ട്രാക്ടറുകളുമായി തലസ്ഥാനത്തേക്ക് മുന്നേറുന്നത്. അവരുടെ ആവശ്യങ്ങളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും, ഈ സമരം മോദിക്കെതിരെയോ എൻ.ഡി.എയ്ക്കെതിരെയോ അല്ല, അത് രാപ്പകൽ ദേശഭക്തിയും സ്വദേശീവാദവും മുഴക്കി, അത് മറയാക്കിയ അവരുടെ നവലിബറൽ നയങ്ങൾക്കെതിരെയാണെന്ന്. രാഷ്ട്രീയാധികാര ഭാഗമായ ഇന്ത്യയിലെ മറ്റെല്ലാ പാർട്ടികളും ഒന്നല്ലെങ്കിൽ മറ്റൊന്നിൽ ഇത്തരം നയങ്ങൾക്ക് മുന്നിൽ മുട്ടുകുത്താൻ വിധിക്കപ്പെട്ട് നിശ്ശബ്ദമാക്കപ്പെട്ടുമ്പോൾ, എല്ലാ എതിർസ്വരങ്ങളും അസ്തമിച്ചെന്നു കരുതി ലിബറൽ സ്വേച്ഛാധിപത്യത്തിൻ്റെ എക്കാലത്തെയും പങ്കാളികൾ വിരാജിക്കുമ്പോൾ, അടിത്തട്ട് കാർഷികജനതയിൽ നിന്നും ഈ നയങ്ങൾക്കെതിരെ സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും സ്വാഭിമാനത്തിൻ്റെയും സ്വാധികാരത്തിൻ്റെയും മാനുഷിക ചോദന ഉയരുമ്പോൾ ഈ മതാത്മക ഭരണകൂടം എങ്ങനെ വിറളി പിടിക്കാതിരിക്കും?
കർഷക സംഘടനകളുടെ ഒന്നാമത്തെ ആവശ്യം കൃഷിക്കാരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പിക്കുന്ന നിർദ്ദേശങ്ങൾ വച്ച സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും കർഷകരുടെയും കർഷക തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്നുമാണ്. സ്വദേശീ – വിദേശീ കോർപ്പറ്റുകളെ മാത്രം സേവിക്കുന്ന സാമ്പത്തിക നയത്തിന് മുന്നിൽ കർഷക വിലാപങ്ങൾക്കെന്തു പ്രസക്തി?
കൃഷിഭൂമി മറ്റാവശ്യങ്ങൾക്കു പിടിച്ചെടുക്കുമ്പോൾ തക്കതായ നഷ്ടപരിഹാരം കൊടുക്കണമെന്ന ആവശ്യവും ചെവിക്കൊള്ളാൻ സർക്കാർ തയ്യാറല്ല. കാരണം നവലിബറൽ കോർപ്പറേറ്റ് രാജിൽ ഭൂമി അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. സ്വദേശീ കാർഷികോല്പന്നങ്ങൾക്ക് വിലത്തകർച്ച വരുത്തുന്ന സ്വതന്ത്ര വ്യാപാരക്കരാർ റദ്ദാക്കണമെന്നും ലോക വ്യാപാര സംഘടനയിൽ നിന്നും വിട്ടുനിൽക്കണമെന്നും കർഷകർ പറയുമ്പോൾ, അദാനിയെ മാതിരി ആഗോള കോർപ്പറേറ്റിനെ സ്വദേശിയായി അണിയിച്ചുനിർത്തി, അവർക്കായി പാമോയിലും മറ്റും ഇറക്കി നാട്ടുവിഭവങ്ങളുടെ വില താഴ്ത്തുന്ന മോദീഭരണത്തിന് ഉറക്കം കെടും.
കർഷകക്ഷേമം ഉറപ്പാക്കാൻ വൈദ്യുതി, വളം, കൂലി, തൊഴിലുറപ്പ് എന്നിവയിലും ക്ഷേമാധിഷ്ഠിത മാറ്റങ്ങൾ കൃഷിക്കാർ ഉന്നയിക്കുന്നു. നവലിബറൽ നയങ്ങളാൽ ക്ഷേമരാഷ്ട്ര പദ്ധതികൾ അപ്പാടെ എടുത്തു മാറ്റി, വോട്ടു തട്ടാൻ പൊടിയിടുന്ന ചെപ്പടിവിദ്യകളും മതാധികാര വോട്ടും കാട്ടി ജനതയെ പാട്ടിലാക്കാം എന്നു കരുതുന്ന ഭരണവർഗ്ഗത്തിന് ഏറ്റവും പുച്ഛവും ഭയവും കാർഷിക ജനതയെ ആണ്. അതുകൊണ്ടാണവർ ഡ്രോൺ വഴി തൃക്കണ്ണിൽ നിന്നും കണ്ണീർവാതകം തുറക്കുന്നത്