ഡ്രോൺ വഴി കണ്ണീർവാതകം പ്രയോഗിക്കുന്ന വികസിത രാജ്യം

കഴിഞ്ഞ 30 വർഷത്തെ നവ ലിബറൽ പരിഷ്ക്കാരങ്ങൾ ഏറ്റവും കൂടുതൽ ആഘാതങ്ങൾ ഏൽപ്പിച്ചത് ഇന്ത്യൻ കാർഷിക മേഖലയ്ക്കാണ്. ഈ കാലയളവിൽ മൂന്നര ലക്ഷം കർഷകർ പരിഷ്ക്കാരങ്ങളുടെ പൊടിക്കാറ്റിൽ പിടിച്ചുനിൽക്കാനാവതെ സ്വയം മരണം വരിച്ചു. ഇന്ത്യയിൽ 30 വർഷത്തെ പിൻവാങ്ങൽ സഹനത്തിൻ്റെ ഗ്രാമീണ കർഷകചരിത്രം അവസാനിച്ചിരിക്കുകയാണ്.

പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് 1990കളുടെ ആദ്യം ഒപ്പിട്ടുകൊണ്ട് അന്നത്തെ ധനകാര്യ മന്ത്രി പറഞ്ഞത്, അടുത്ത ഒരു ദശകത്തോടെ പുതിയ കാറുകളും റോഡുകളും വന്ന് ഇന്ത്യ വികസിത രാജ്യങ്ങൾക്കൊപ്പമാകുമെന്നാണ്. ഇന്ന് ചുറ്റും ഓളം തല്ലുന്ന നാനാതരം കെട്ടിടങ്ങളും വാഹനങ്ങളും മെട്രോയും കോറിഡോറും അതിവേഗപാതകളും കാണുമ്പോൾ മൻമോഹൻ സിംഗിൻ്റെ പ്രവചനം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാർക്കും പറയാം. പുതിയ നിർമ്മിതികളുടെ ഈ നവ ഘോഷയാത്ര അരങ്ങേറുമ്പോൾ, വികസന ശോഭായാത്രയുടെ ലഹരിയിൽ സമൂഹം സ്വയംമറക്കുമ്പോൾ, ഇന്ത്യൻ കാർഷിക ഭൂമികളിൽ ഇക്കാലത്ത് സംഭവിച്ചതെന്തെന്ന് കാണിച്ചുതരുന്നു കൂർത്ത ആണികൾ തറച്ച ആറുവരിപ്പാതകളെ അതിജീവന സമരത്തിൻ്റെ സംഗമവേദിയാക്കിയ കർഷക സംഘങ്ങൾ.

നവ ലിബറൽ ആശയത്തിൻ്റെ സാമ്പത്തിക നടപടിക്ക് ലോകബാങ്ക് പേരിട്ടത് ‘ഘടനാപരമായ മാറ്റങ്ങൾ’ എന്നാണല്ലോ. ഇതിൻ്റെ ഭാഗമായി സാമ്പത്തിക നയങ്ങളും സ്ഥാപനങ്ങളും പരിഷ്ക്കരിച്ച് സമ്പദ് വ്യവസ്ഥ തന്നെ ഉടച്ചുവാർക്കാൻ ബാങ്ക് നിർദ്ദേശിച്ച പത്തിനങ്ങളിൽ ഒന്നാമത്തേതാണ് സർക്കാർ ചെലവ് വെട്ടികുറയ്ക്കുക എന്നത്. രണ്ടാമത്തെ ഉപദേശമാകട്ടെ, എവിടെ ചെലവാക്കിയാലും അതിൽ നിന്ന് നല്ലവരുമാനം ഉണ്ടാക്കണമെന്നും. മറ്റൊന്ന് അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ഇറക്കുമതി തടസ്സങ്ങൾ നീക്കുക; വേറൊന്ന് ഏതു രംഗത്തും സ്വകാര്യ മൂലധനത്തെ പ്രോത്സാഹിപ്പിക്കുക. പത്തു നിർദ്ദേശങ്ങളിൽ ഈ നാലെണ്ണവും നേരിട്ടുതന്നെ ഇന്ത്യൻ കാർഷിക സമൂഹങ്ങളെ തകർക്കുന്നതായിരുന്നു.

പട്ടം പറത്തി ഡ്രോണുകളെ പ്രതിരോധിക്കുന്ന കർഷകർ. കടപ്പാട്:indianexpress

കൃഷിക്കാരുടെ ക്ഷേമം മുൻനിർത്തി സ്വാതന്ത്ര്യാനന്തരം ആവിഷ്ക്കരിച്ച സബ്സിഡികളും സഹായങ്ങളും തടസ്സമാണ്, പകരം തുറന്ന വിപണിയുടെ സ്വതന്ത്ര മത്സരമാണ് കൃഷിക്കാർക്ക് ഉല്പാദനവും വിലയും കൂട്ടുക എന്ന് നവ ലിബറൽ നയം തിരുത്തിയെഴുതി. ലോക മാർക്കറ്റിന് ആവശ്യമുള്ള വിഭവങ്ങൾ എത്തിച്ചാൽ അതുവഴിയാണ് കാർഷിക രക്ഷ. സ്വയം പരിശ്രമിച്ച്, മാർക്കറ്റിനെ മനസ്സിലാക്കി ഉല്പന്നങ്ങൾ തയ്യാറാക്കിയാൽ അത് വിജയിക്കും; സബ്സിഡികളും സഹായങ്ങളും കൊടുത്താൽ തുറന്ന കാർഷിക വിപണി വളരില്ല. എന്നാൽ കാർഷിക മേഖലയെ കരകയറ്റാൻ കൊണ്ടുവന്ന 30 വർഷത്തെ പരിഷ്ക്കാരങ്ങൾ കൊണ്ട് ഒന്നും പരിഹരിച്ചില്ല.

ഇറക്കുമതി ചുങ്കങ്ങളും മറ്റും ഒഴിവാക്കി തടസ്സങ്ങളില്ലാത്ത രാജ്യാന്തര കാർഷിക വ്യാപാരം കൃഷിക്കാർക്ക് ഉല്പന്നങ്ങളിൽ ഉന്നതവില സാധ്യമാക്കുമെന്ന നവ ലിബറൽ വാഗ്ദനം 1990 കളുടെ അവസാനം തന്നെ അസാധ്യമായി തീർന്നു. ഗാർഹിക – കാർഷികാവശ്യങ്ങൾക്കുള്ള ഉപഭോക്തൃ വിഭവങ്ങളുടെ വിലക്കയറ്റത്തെ നേരിടാൻ തക്ക വില കാർഷികോല്പന്നങ്ങൾക്ക് കിട്ടാതെ ഗ്രാമീണ ജീവിതനിലവാരം ഇന്ന് ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിക്കുന്നു. നാഷണൽ സാമ്പിൾ സർവ്വേ പ്രകാരം 2012-13ലെയും 2018-19ലെയും കൃഷിക്കാരുടെ കുടുംബ വരുമാനം നോക്കിയാൽ, ഇക്കാലയളവിൽ വിലക്കയറ്റം 34 ശതമാനം ആയിരുന്നെങ്കിൽ കൃഷിക്കാരുടെ വരുമാനം 21.6 ശതമാനം മാത്രമാണ് കൂടിയത്. 2012 ൽ ഒരു മാസത്തെ കാർഷിക കുടുംബവരുമാനം 6427 രൂപയും 2018 ൽ ഇത് 10084 രൂപയുമാണ്.

ഡ്രോണുകളെ നേരിടുന്ന പട്ടം. കടപ്പാട്:toi

ഈ പശ്ചാത്തലത്തിലാണ് 2022 ൽ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് 2016 ലെ ബഡ്ജറ്റിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിനായി അശോക് ദൽവായ് കമ്മറ്റിയും ഉണ്ടാക്കി. എന്നാൽ ദൽവായ് കമ്മറ്റി ഉചിതമായ ഒരു നിർദ്ദേശവും നൽകിയില്ല. കടക്കെണിയിലായ കർഷകരുടെ സംഖ്യ 50.2 ശതമാനം ആയി കുറച്ചെന്നും സർക്കാർ അവകാശപ്പെട്ടു. വിലത്തകർച്ച നേരിടാൻ വില സ്ഥിരമാക്കാൻ പ്രത്യേക നിധി രൂപീകരിക്കുമെന്ന് 2014 ൽ തെരഞ്ഞെടുപ്പുവാഗ്ദാനം മോദി നൽകി. 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം മുൻനിർത്തി, മൂന്നു വർഷത്തിനകം കൃഷിച്ചെലവിൻ്റെ 43 ശതമാനം കൂടുതൽ താങ്ങുവില നൽകുമെന്ന് 2017 ൽ അമിത് ഷാ പ്രഖ്യാപിച്ചു. മാസം 3000 രൂപ വീതം ദരിദ്ര കൃഷിക്കാർക്ക് പെൻഷനും പ്രഖ്യാപിച്ചു. എന്നാൽ കടവും വിലത്തകർച്ചയും മൂലം മോദിഭരണത്തിൽ (2014-2022) ഇതേ വരെ 1,00,474 കൃഷിക്കാർ ജീവനൊടുക്കി. ശരാശരി 30 ആത്മഹത്യകൾ ഒരു ദിവസം. മോദിയുടെ രണ്ടാം വരവിൽ ആത്മഹത്യാ നിരക്ക് വർഷം 10281 എന്നത് 11290 ആയി ഉയർന്നു. ഇതിന് മുമ്പത്തെ കർഷക സമരത്തിൽ 750 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

തുറന്ന കാർഷിക വിപണി കയറ്റുമതി കൂട്ടി വരുമാനം വർദ്ധിപ്പിക്കും എന്ന വാഗ്ദാനവും പാഴായിരിക്കുന്നു. 2022-2023 ൽ കാർഷിക കയറ്റുമതി 100 ബില്യൻ ഡോളറാക്കുമെന്നു മോദി ഭരണം പ്രസംഗിച്ചു. എന്നാൽ കാർഷിക കയറ്റുമതി മുൻവർഷത്തേക്കാൾ 22 ശതമാനം കുറയുകയാണുണ്ടായത്. 1996-1997 ൽ കാർഷിക കയറ്റുമതി 27 ശതമാനം ആയിരുന്നത് 2022-23 ൽ 11.90 ശതമാനം ആയിട്ടുണ്ട്. അതായത് 32.97 ബില്യൻ ഡോളറാണ് ആകെ കിട്ടിയത്. എന്നാൽ ഇറക്കുമതി കൂടുകയും ചെയ്തു. ഇറക്കുമതി വർദ്ധനവാകട്ടെ റബ്ബർ, ഭക്ഷ്യയെണ്ണകൾ, പരുത്തി എന്നിവയുടെയെല്ലാം ആഭ്യന്തര വിലത്തകർച്ച വിളിച്ചു വരുത്തിയിരിക്കുന്നു. പരുത്തിയുടെ ഇറക്കുമതി തീരുവ മുഴുവനായും എടുത്തുകളഞ്ഞിട്ടുണ്ട്.

1990 കൾക്കു മുമ്പ്, കാർഷികോല്പാദനം കുറയുമ്പോൾ ഉയർന്ന വില കിട്ടിയിരുന്നെങ്കിൽ, ആഗോളവിപണി വില നിശ്ചയിക്കുമെന്നായതോടെ ഉല്പാദനക്കുറവുണ്ടെങ്കിലും പ്രാദേശിക കാർഷികോല്പന്നങ്ങൾക്ക് വില ആഭ്യന്തരമായി ഉയർത്തുന്നില്ല.

കാർഷിക പൊതുസംഭരണവും കുറഞ്ഞുവരുകയാണ്. 2021ൽ 23 മില്യൺ ടൺ ഗോതമ്പ് താങ്ങുവിലയിൽ കേന്ദ്രം സംഭരിച്ചെങ്കിൽ 2022 ൽ സംഭരിച്ചതാകട്ടെ ഇതിൻ്റെ 30 ശതമാനം കുറഞ്ഞ് 16 മില്യൺ ടൺ മാത്രം. ഇന്ത്യയുടെ ഇപ്പോഴത്തെ ഗോതമ്പ് ഉല്പാദനം ഏകദേശം 111 മില്യൺ ടൺ വരുമെന്നോർക്കുക. അതായത് മൊത്തം ഗോതമ്പ് ഉല്പാദനത്തിൻ്റെ 18 ശതമാനത്തിൽ താഴെ മാത്രമേ താങ്ങുവിലയിൽ സംഭരിക്കപ്പെടുന്നുള്ളൂ. ബാക്കിയെല്ലാം കമ്പോളത്തിൽ ഉല്പാദന ചെലവ് പോലും കിട്ടാതെ താഴ്ന്ന വിലയ്ക്ക് കൊടുക്കേണ്ട ഗതികേടിലാണ് കൃഷിക്കാർ.

സമരം ഡൽഹിയിലേക്ക് എത്താതിരിക്കാൻ വഴി കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്ന പൊലീസ്. കടപ്പാട്:nytimes

ഭക്ഷ്യവിളകളിൽ നിന്നും നാണ്യവിളകളിലേക്കുള്ള ചുവടുമാറ്റം, പുതിയ വിത്ത് നയവും മൊൺസാൻ്റോ മാതിരി കമ്പനികളുടെ ജി. എം. വിത്ത് കച്ചവടവും, പൊതു ജലസേചനത്തിൽ നിന്നുള്ള പിന്മാറ്റം, ഉല്പാദന ചെലവ് വർദ്ധനവ്, ബാങ്ക് വായ്പ നിരസിക്കൽ, വട്ടിപ്പലിശ, വിലത്തകർച്ച, കാലാവസ്ഥാ വ്യതിയാനം, ഉല്പാദന മുരടിപ്പ് ഇവയെല്ലാം കൂടി കൃഷിക്കാരെ ചക്രവ്യൂഹത്തിൽ അകപ്പെടുത്തുമ്പോൾ ആത്മഹത്യയിൽ അഭയം തേടിയ കൃഷിക്കാരിൽ നല്ലൊരുപങ്കും ചെറുകിടക്കാരായ ഒ. ബി.സി, എസ് സി, എസ്. ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.

കാർഷിക ഗവേഷണത്തിന് 1980 കളിലെ പൊതുചെലവ് 7 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോഴത് 2 ശതമാനത്തിലേക്ക് എത്തിനിൽക്കുന്നു. പകരം കാർഷിക ഗവേഷണം സ്വകാര്യമേഖലക്ക് വിട്ടുകൊടുത്തിട്ടുണ്ട്. വിത്തുകൾ വികസിപ്പിക്കാൻ 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചു. കാർഷിക രംഗത്ത് വിത്തിലും ബയോടെക്നോളജിയിലും കോർപ്പറ്റേറ്റുകൾ ആധിപത്യത്തിലായി.

നൂതന സാങ്കേതികവിദ്യകൊണ്ട് കൃഷിപ്പണി ചെലവ് കുറയ്ക്കാൻ വളം, കീടനാശിനി പ്രയോഗത്തിന് അദാനി കമ്പനിയാൽ നിർമ്മിച്ച ഡ്രോണുകളായിരുന്നു ഈ സർക്കാരിൻ്റെ അവസാനത്തെ നമ്പർ. എന്നാൽ അതേ ഡ്രോണുകൾ കൊണ്ട് കൃഷിക്കാർക്ക് നേരെ കണ്ണീർ വാതക പ്രയോഗം നടക്കുകയാണ് ഇപ്പോൾ. പ്രധാനമന്ത്രി പറയുന്നത് സംഭവിക്കുന്നുണ്ട്; ഡ്രോൺ വഴി കണ്ണീർവാതകം പ്രയോഗിക്കുന്ന വികസിത രാജ്യമായിരിക്കുന്നു നമ്മൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 17, 2024 9:16 am