ഇരിക്കാൻ ഇടമില്ലാത്ത അൽ ബിദ്ദ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കളി നടത്തിപ്പ് കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഖത്തര്‍. രാജ്യ തലസ്ഥാനമായ ദോഹയില്‍ നിന്നും 55 കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ച് നഗരങ്ങളിലായുള്ള എട്ട് സ്റ്റേഡിയങ്ങളിലായി, ലോക രാജ്യങ്ങളെ തമ്മില്‍ മത്സരിപ്പിച്ച ഖത്തറിന്റെ സംഘാടന മികവ് പ്രശംസനീയമാണ്. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുന്നവയാണ്. ലുസൈലിലെ ലുസൈല്‍ ഐകണിക് സ്റ്റേഡിയം, അല്‍ ഖോറിലെ അല്‍ ബൈത് സ്റ്റേഡിയം, അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയം, അഹ്മദ് ബിന്‍ അലി സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ റയ്യാനിലെ എജ്യുകേഷന്‍ സിറ്റി സ്റ്റേഡിയം, ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയം പിന്നെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ സ്റ്റേഡിയം 974. ഇവിടങ്ങളിലെ മൈതാനങ്ങളിലാണ് 32 രാജ്യങ്ങളില്‍ നിന്നുമെത്തിയ ലോക ഫുട്ബോള്‍ താരങ്ങള്‍ പരിശീലനത്തിനും മത്സരത്തിനുമായി മൈതാനത്തിറങ്ങിയത്. ഖത്തര്‍ ശതകോടികള്‍ ചെലവഴിച്ച് അനാവശ്യമായി സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കുന്നു എന്ന വിമര്‍ശനം വന്നതോടെ ഉപയോഗ ശൂന്യമായ 974 കണ്ടെയ്നര്‍ കൊണ്ട് നിര്‍മ്മിച്ചതാണ് സ്റ്റേഡിയം 974. ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള 16-ാം റൗണ്ട് നോക്കൗട്ട് മത്സരമായിരുന്നു ഈ മൈതാനത്തെ അവസാന മത്സരം. ലോകകപ്പ് കഴിയുന്നതോടെ ഇത് പൊളിച്ചു നീക്കും.

സ്റ്റേഡിയം 974. കടപ്പാട് : ട്വിറ്റർ

എന്നാല്‍ ഖത്തറില്‍ പന്തുരുണ്ട ആദ്യ മത്സരം മുതല്‍ കാല്‍പന്ത് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന ഒമ്പതാമതൊരു മൈതാനമുണ്ടിവിടെ. മറ്റൊരു മൈതാനത്തില്‍ നിന്നും ലഭിക്കാത്ത കളിയാവേശമാണവിടെയെന്ന് ആരാധകരൊന്നടങ്കം പറയുന്ന, ദോഹ നഗരത്തില്‍ നിന്നും മെട്രോ വഴി പത്ത് മിനിട്ട് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്ന അല്‍ ബിദ്ദ മൈതാനം. അവിടെയാണ് 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി പ്രത്യേകം തയാറാക്കിയ ഔദ്യോഗിക ഫാന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഫുട്ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസിയും, സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, കാനറികളുടെ സുല്‍ത്താന്‍ നെയ്മര്‍ ജൂനിയറും കളത്തിലിറങ്ങുന്ന ദിവസങ്ങളില്‍ ഖത്തറില്‍ ലോകകപ്പിന്റെ ഒമ്പതാമത്തെ മൈതാനമായി, അല്‍ ബിദ്ദ ഫാന്‍ സോണ്‍ മാറും.

ഫാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള റോക്ക് ബാന്റിനും ഡിജെ പാര്‍ട്ടിക്കുമൊക്കയായി നിര്‍മ്മിച്ച അഞ്ച് കൂറ്റന്‍ സ്‌ക്രീനിലായി, എല്ലാ ലോകകപ്പ് മത്സരങ്ങളും ആരാധകര്‍ക്കായി ഇവിടെ പ്രദര്‍ശിപ്പിക്കന്നുണ്ട്. ഫിഫയുടെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഹയ്യാ കാര്‍ഡ് കൈവശപ്പെടുത്തിയവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം എന്നുമാത്രം. വന്‍ ആരാധക ബലമുള്ള ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍, മത്സരം നടക്കുന്നത് എന്‍പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈലില്‍ ആണെങ്കില്‍ പോലും അതിന്റെ ഇരട്ടി വരും മത്സര ടിക്കറ്റ് ലഭിക്കാത്ത ഖത്തറിലെത്തിയ കാല്‍പന്താരാധരുടെ എണ്ണം. രണ്ടു കളികള്‍ ഒരുപോലെ നടന്ന അവസാന ഘട്ട ഗ്രൂപ്പ് മത്സരങ്ങളില്‍ കാണികള്‍ ‘അത്ക്കും മേലെ’ വന്ന ദിവസങ്ങളായിരുന്നു.

ഫാന്‍ സോണില്‍ കളി കണ്ട ദിവസം

ഗ്രൂപ്പ് മത്സരങ്ങള്‍ക്കും മുന്നേ, ഖത്തറിലെ ഈ ഒമ്പതാമത്തെ മൈതാനത്തിലിരുന്ന് ഞാന്‍ വീര്‍പ്പുമുട്ടിയ ഒരു കളി പറയാം. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിന്നാലെ പാതിരാവില്‍ കാനറി പക്ഷികളുടെ ചിറകടിയുമായി നെയ്മര്‍ ജൂനിയറും കളത്തിലിറങ്ങിയ ഖത്തര്‍ ലോകകപ്പിന്റെ ഏഴാം നാള്‍. ദോഹയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള 974 സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പോര്‍ച്ചുഗല്‍-ഘാന മത്സരം നടന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ താത്കാലിക വേദിയാണ് ഈ സ്റ്റേഡിയം. 40,000 പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കുന്ന ആ മൈതാനത്തില്‍ ഖത്തറിലെത്തിയ സിആര്‍ 7 ന്റെ മുഴുവന്‍ ആരാധകരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നത് ഉറപ്പായിരുന്നു. അവരെല്ലാം എത്തിപ്പെട്ടതാവട്ടെ ഫാന്‍ ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീനിന് മുന്നിലും. 45000 ആളുകളെ സുഖമായി ഉള്‍ക്കൊള്ളാന്‍ വിസ്തൃതിയുള്ള മൈതാനമാണ് അല്‍ ബിദ്ദ. എന്നാല്‍ മത്സരം തുടങ്ങിയപ്പോഴേക്കും എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ്-ഘാന ആരാധകരുടെ അമിതമായ തള്ളിച്ചയാല്‍ മൈതാനത്തിന്റെ പരിധി കടന്നു. ഘാനക്കെതിരെയുള്ള കടുത്ത പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചു കയറിയ 974 സ്റ്റേഡിയത്തില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങിയിട്ടും, അതേ മത്സരം കഴിഞ്ഞ ബിദ്ദ ഫാന്‍സ് സോണില്‍ നിന്നും ഫുട്ബോള്‍ ആരാധകര്‍ പുറത്തിറങ്ങാന്‍ തയാറായിരുന്നില്ല. നാട്ടില്‍ പാതിരാവിലും ഇവിടെ രാത്രി പത്ത് മണിക്കുമായി നടന്ന ബ്രസീല്‍-സെര്‍ബിയ മത്സരം തന്നെയായിരുന്നു അതിന് കാരണം.

അല്‍ ബിദ്ദ ഫാൻസോണിൽ ആരാധകർ

ഫിഫ ലോക കപ്പിന്റെ ഫൈനല്‍ മത്സരത്തിന് വേദിയാവുന്ന അര്‍ജന്റീനയുടെ ആദ്യ മത്സരം നടന്ന ലുസൈല്‍ ഐകണിക് സ്റ്റേഡിയത്തിലാണ് നെയ്മര്‍ ജൂനിയറും സംഘവും കളിക്കാന്‍ ഇറങ്ങിയത്. 80,000 പേര്‍ക്ക് പങ്കെടുക്കാവുന്ന ഖത്തറിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് വേദി എന്ന നിലയില്‍, ലുസൈല്‍ സ്റ്റേഡിയം ഏറ്റവും തിരക്കേറിയതായിരിക്കും എന്നതിനാല്‍ ബിദ്ദയിലെ നിലവിലെ തിരക്ക് വർധിക്കില്ലെന്ന ആത്മ വിശ്വാസത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ഇരുമത്സരങ്ങള്‍ക്കുമിടയിലെ ഒഴിവുസമയത്ത് നടന്ന രണ്ടു ഡിജെ പാട്ടിന്റെയും ഡാന്‍സിന്റെയും അകമ്പടി കഴിഞ്ഞതോടെ മൈതാനം മനുഷ്യരാല്‍ തിളച്ചുമറിഞ്ഞു. പിന്നാലെ വേദിയില്‍ നിന്നും നിര്‍ദ്ദേശം വന്നു. കളി കാണാനായി ഇനിയുമാളുകള്‍ പുറത്തു കാത്തു നില്‍ക്കുന്നതിനാല്‍ ഇവിടെയുള്ളവര്‍ അവരോട് സഹകരിച്ച് ചേര്‍ന്നിരിക്കണം എന്നതായിരുന്നു നിര്‍ദ്ദേശം. മത്സരം ആരംഭിക്കാന്‍ സമയമായപ്പോള്‍, എല്ലാ പരിധിയും വിടുമെന്നത് വ്യക്തമായി. ആളുകള്‍ക്ക് ഇരിക്കാന്‍ തീരെ ഇടമില്ലാത്ത അവസ്ഥ. കാനറികളുടെ സാംബാ താളം മൈതാനത്ത് തുടങ്ങിയതോടെ കഥ വീണ്ടും മാറി. പിന്നാലെ, കളി അവതരണം ഇടക്ക് നിര്‍ത്തിവെച്ച് അടുത്ത അനൗണ്‍സ്മെന്റ് വന്നു. ‘മൈതാനത്തിന്റെ പരിധിയുടെ ഇരട്ടി ആളുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്! സുരക്ഷയുടെ ഭാഗമായി, എല്ലാവരും എഴുന്നേറ്റ് നില്‍ക്കാന്‍ തയാറാവണം. ഇവിടെ ഇരിക്കാന്‍ സ്ഥലമില്ല!’

തുടര്‍ന്ന് എഴുന്നേറ്റു നിന്നാണ് ഞങ്ങള്‍ മത്സരം പൂര്‍ത്തിയാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്കൊപ്പം ഒരു സ്റ്റേഡയത്തില്‍ എന്നതിനേക്കാള്‍ അനുഭൂതിയില്‍ നിന്നാണ് സെര്‍ബിയക്കെതിരെയായ ബ്രസീലിന്റെ ആധികാരിക വിജയം കണ്ടത്. ഇനിയെങ്ങനെ പുറത്തിറങ്ങും! എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്തു ചെയ്യും? എന്നെല്ലാമുള്ള ആധിയായിരുന്നു അപ്പോള്‍ മനസിലുണ്ടായിരുന്നത്. പക്ഷേ ഒന്നുമുണ്ടായില്ല.

Also Read

3 minutes read December 8, 2022 1:56 pm