അമ്പത് വർഷം പിന്നിടുന്ന മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ

1960കളിലെയും 70കളിലെയും വേറിട്ട ലോക രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരുപാട് മേഖലകളിൽ പുതിയ തുടക്കങ്ങൾ ഉണ്ടായല്ലോ. യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതിന്റെ ഭാഗമായി ഉണ്ടായ പുതുതരംഗങ്ങളുടെ തുടർച്ചയെന്നോണം ഇന്ത്യയിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായ ലളിതവും സ്വാഭാവികവുമായ ഒരു തുടക്കമായിരുന്നു മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ (MFC). ബിഹാറിലെ പട്ടിണി മരണങ്ങൾ പോലുള്ള ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ തുടങ്ങിയ യുവാക്കളെ ഒന്നിപ്പിച്ച് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘തരുൺ ശാന്തി സേന’യിൽ പങ്കാളികളായിരുന്ന ആരോഗ്യരംഗവുമായി ബന്ധപ്പെട്ടവരിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ആശയമാണ് മെഡിക്കോ ഫ്രണ്ട്‌സ് സർക്കിൾ.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികാരത്തിൽ എത്തിയ വിവിധ ഭരണസംവിധാനങ്ങൾ മനുഷ്യ വിമോചനത്തിന്റേതായ പ്രത്യാശകളെ സഫലീകരിക്കാൻ കഴിയാത്തവയായി മാറിയ സാഹചര്യത്തിൽ, തെറ്റായ പ്രവണതകളിൽ നിന്ന് വിടുതൽ നേടാനായി നിരവധി പുതുചലനങ്ങളും പ്രസ്ഥാനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപം കൊള്ളുകയുണ്ടായല്ലോ. ഫ്രീഡം ഓഫ് സ്പീച്ച് മൂവ്മെന്റ്, യുദ്ധവിരുദ്ധ, ആന്റി ന്യൂക്ലിയർ, അപ്പാർത്തീട് വിരുദ്ധ മുന്നേറ്റങ്ങൾ, തൊഴിലാളികളുടെയും മറ്റും നേതൃത്വത്തിൽ നടന്ന പുതിയ പ്രക്ഷോഭങ്ങൾ, 1968ലെ ഫ്രഞ്ച് കലാപം, ഇടതുപക്ഷത്തിന് അകത്തുനിന്ന് നവീന ഇടതുപക്ഷം , എന്നിങ്ങനെ ലോക സാഹചര്യങ്ങൾ വലിയ രീതിയിൽ ചലനാത്മകവും, പ്രതീക്ഷയുടെയും പ്രത്യാശയുടേതും പുതുനാമ്പുകൾ ഉയരുന്ന കാലവുമായിരുന്നല്ലോ അത്‌. അത്തരം ഒരു സാഹചര്യത്തിൽ തന്നെയാണ് MFC പോലുള്ള ഒരു പുതു സംരംഭം ഇന്ത്യയിൽ ആരംഭിച്ചത്.

1967ൽ രൂപീകൃതമായ ‘തരുൺ ശാന്തി സേന’ ജനാധിപത്യം, സെക്കുലറിസം, ലോകസമാധാനം സാമൂഹ്യസമത്വം തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ തീരുമാനിക്കുകയുണ്ടായി. ഇതിലെ അംഗങ്ങൾ, ഈ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി നടത്തുക മാത്രമല്ല വ്യക്തിജീവിതത്തിലും ഇതിനനുസരിച്ചുള്ള രീതികൾ പിന്തുടർന്ന് വരുകയും ചെയ്യുന്നുണ്ടായിരുന്നു. ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയുള്ള സാമൂഹിക മാറ്റത്തിനായി നിലകൊണ്ടുകൊണ്ട് തന്നെ വർത്തമാന സാഹചര്യത്തിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഈ സംഘത്തിന്റെ പ്രവർത്തന രീതിയായിരുന്നു. ഇന്ത്യൻ ഗ്രാമീണ മേഖലയിൽ ജനകീയ വിദ്യാഭ്യാസം, കൃഷി, ഗ്രാമ വികസനം ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഇവർ പ്രവർത്തിച്ചു.

മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ അമ്പതാം വാർഷിക സമ്മേളനത്തിൽ നിന്നും. കടപ്പാട്:mfc

അന്ന് ഈ സംഘത്തിൽ ഏതാണ്ട് ഇരുപതോളം മെഡിക്കൽ വിദ്യാർഥികളോ യുവ ഡോക്ടർമാരായോ ഉണ്ടായിരുന്നു. സാധാരണക്കാരായ ഗ്രാമീണരുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനായി എന്ത് ചെയ്യാൻ കഴിയും എന്നുള്ളതായിരുന്നു മെഡിക്കൽ വിഭാഗത്തിൽ പെടുന്ന ഈ സബ് ഗ്രൂപ്പിന്റെ പ്രധാന ആലോചന. മെഡിക്കൽ വിദ്യാഭ്യാസത്തിന് ശേഷം വടക്കെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യാൻ ആരംഭിച്ച ഇവരിൽ ഒരാളായ അഭയ് ബാങ്ഗിന് ഗ്രാമീണ മേഖലയിലെ കാതലായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസം എത്രമാത്രം അപര്യാപ്തമാണെന്ന് ബോധ്യം വരികയുണ്ടായി. പോഷണക്കുറവ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, വരുമാനക്കുറവ് തുടങ്ങിയ കാര്യങ്ങൾക്ക്‌ പരിഹാരം കാണാതെ വ്യവസ്ഥാപിത മെഡിക്കൽ പഠന രീതിയിലൂടെ ആർജിച്ച കാര്യങ്ങൾ കൊണ്ട് മാത്രം അവിടെ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിയുകയായിരുന്നു

തുടർന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തരുൺ ശാന്തി സേനയിലെ സമാന മനസ്കരായ മറ്റ് മെഡിക്കൽ വിഭാഗത്തിൽ നിന്നുള്ളവരുമായും ചെറു കുറിപ്പുകളിലൂടെ പങ്കുവെക്കാൻ ആരംഭിച്ചു .അത്തരത്തിൽ ആരംഭിച്ച ഒരു ചർച്ചാ സംഘമാണ് പിന്നീട് മെഡിക്കോ ഫ്രണ്ട്‌സ് സർക്കിൾ ആയി മാറിയത്. ഇന്ത്യയിൽ അന്ന് നിലനിന്നിരുന്ന മെഡിക്കൽ വിദ്യാഭ്യാസ രീതികളുടെയും ആരോഗ്യരക്ഷാസംവിധാനങ്ങളുടെയും പോരായ്മകളും പരിമിതികളും, ഡോക്ടർമാർക്ക് ഉണ്ടായിരിക്കേണ്ട ക്ലിനിക്കൽ അറിവുകളുടെ പ്രസക്തി, ഡോക്ടറും ഫാർമസിസ്റ്റും നേഴ്സും ലാബ് ടെക്നീഷ്യനും എല്ലാം ഒന്നിച്ച് ഒരു ടീമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം, ഡോക്ടർമാർ മരുന്ന് കമ്പനി പ്രതിനിധികളിൽ നിന്ന് മരുന്നിന്റെ സാമ്പിളുകളും ചെറിയ സമ്മാനങ്ങളും വാങ്ങുന്നതിലെ നൈതിക പ്രശ്നങ്ങൾ, ശമ്പള വർധന പോലുള്ള കാര്യങ്ങൾക്ക് ഡോക്ടർമാർ ജോലി മുടക്കി സമരം ചെയ്യുന്നത് നീതീകരിക്കത്തക്കതാണോ തുടങ്ങിയവയെല്ലാം അക്കാലങ്ങളിൽ അവർക്കിടയിൽ ചർച്ചാവിഷയമായ കാര്യങ്ങളാണ്.

മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ അമ്പതാം വാർഷിക സമ്മേളനത്തിൽ നിന്നും. കടപ്പാട്:mfc

1974 ഉജ്ജയിനയിൽ ഏതാനും പേർ ഒന്നിച്ചുകൂടിയാണ് ഔപചാരികമായി മെഡിക്കോ ഫ്രണ്ട്‌സ് സർക്കിളിന് രൂപം കൊടുക്കുന്നത്. തുടർന്ന് സേവാഗ്രാമിലും കോഴിക്കോടും വാരണാസിയിലുമായി MFC യുടെ വാർഷിക കൂടിച്ചേരലുകൾ തുടരുകയുണ്ടായി. 1976 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് തരുൺ ശാന്തി സേനയ്ക്കും മെഡിക്കോ ഫ്രണ്ട്‌സ് സർക്കിളിനും നേരത്തെ തുടർന്ന് വന്നിരുന്നത് പോലുള്ള പ്രവർത്തന പരിപാടികളും മീറ്റിങ്ങുകളും നടത്താൻ കഴിയാതെ വന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ, കൈകൊണ്ട് എഴുതിയും സൈക്ലോസ്റ്റൈൽ ചെയ്തും സർക്കുലേറ്റ് ചെയ്തിരുന്ന ബുള്ളറ്റിനുകൾ പ്രിന്റഡ് ഫോമിലേക്ക് മാറ്റുകയുണ്ടായി. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ട യുവ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും കൂടി മെഡിക്കോ ഫ്രണ്ട്സുകളിലേക്ക് ഇക്കാലമാകുമ്പോഴേക്കും ബന്ധപ്പെടുകയുണ്ടായി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഇമ്രാന കദീർ, ബോംബെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്നിരുന്ന അമർജസ്സാനി എന്നിവരും ധ്രുവ് മംഗട്, സത്യമാല തുടങ്ങിയവരും അക്കാലത്താണ് MFC യുമായി ബന്ധപ്പെടുന്നത്. ജെ.എൻ.യുവിലെ സെൻഡർ ഓഫ് സോഷ്യൽ മെഡിസിനിലെ ഡി ബാനർജിയും ഇമ്രാന കദീറും, ബോംബെ കേന്ദ്രീകരിച്ച് എൻ.എച്ച് ആന്റിയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഫൗണ്ടേഷൻ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിറ്റി ഹെൽത്തി(FRCH)ലെ ഡോക്ടർമാരും സാമൂഹ്യപ്രവർത്തകരും, ഇന്ത്യയിലെ സമഗ്ര ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്നിരുന്ന ജാംഗഡ് പ്രോജക്റ്റിലെ രവി അറോളും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ കമല ജയറാവുവും കമ്മ്യൂണിറ്റി ബേസ്ഡ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഒക്കെ ബന്ധപ്പെടുന്ന ഒരു പ്ലാറ്റ്ഫോമായി മെഡിക്കൽ ഫ്രണ്ട്സ് സർക്കിളും, ഇവരൊക്കെ ലേഖനങ്ങൾ വഴി ആശയങ്ങൾ പങ്കുവെക്കുന്ന വേദിയായി ബുള്ളറ്റിനും മാറുകയുണ്ടായി.

മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ അമ്പതാം വാർഷിക സമ്മേളനത്തിൽ നിന്നും. കടപ്പാട്:mfc

ആക്കാലങ്ങളിൽ ഗാന്ധിയൻ വിഭാഗത്തിൽപ്പെട്ടവരുടെയും ഇടതുപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും സ്വാധീനവും കൂടുതലായി ഉണ്ടായിരുന്ന മെഡിക്കോ ഫ്രണ്ട്‌സ് സർക്കിളിന്റെ വാർഷിക യോ​ഗങ്ങളും അർദ്ധവാർഷിക യോ​ഗങ്ങളും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന താത്വിക ചർച്ചകളുടെ വേദികളായി മാറാറുണ്ടായിരുന്നു. സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഇടതുപക്ഷ രീതികളും സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തോടൊപ്പം, അപ്പോഴത്തെ അവസ്ഥകളിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് മുന്നോട്ടുപോകേണ്ടതുണ്ട് എന്നുള്ള ഗാന്ധിയൻ നിലപാടിലുന്നിയുള്ള പഴയ തരുൺ ശാന്തി സേനയിൽ ഉണ്ടായിരുന്ന പ്രതിനിധികളും അടങ്ങുന്ന ഒന്നായിരുന്നു അക്കാലങ്ങളിൽ MFC. ഇതിൽനിന്ന് വ്യത്യസ്തമായി അക്കാദമിക്കായ രീതിയിൽ മാത്രം കാര്യങ്ങൾ കാണുന്ന പ്രവണതയുള്ളവരും ഉണ്ടായിരുന്നു. ആദ്യകാല മെമ്പർമാരുടെ അഭിപ്രായത്തിൽ, പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമ്പോളും വ്യക്തിബന്ധങ്ങളുടെ ശക്തമായ ഒരു തലം നിലനിർത്താൻ അവർക്കൊക്കെ അന്നും ഇന്നും MFC ക്ക് അകത്ത് കഴിയുന്നുണ്ട്. അത്‌ ഈ സംഘത്തിന്റെ ഒരു വലിയ വിജയവുമാണ്.

ഡോ. ബിനായക് സെൻ മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ അമ്പതാം വാർഷിക സമ്മേളനത്തിൽ. കടപ്പാട്:mfc

എല്ലാമാസവും പുറത്തിറങ്ങുന്ന ബുള്ളറ്റിനിലൂടെ ഈ രംഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോവുക, വർഷത്തിലൊരിക്കൽ രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടുന്ന വാർഷിക യോ​ഗങ്ങളിലും അർദ്ധവാർഷിക യോഗങ്ങളിലും നേരിട്ട് പങ്കെടുത്ത് ചർച്ചകൾ നടത്തുക, എന്നതായിരുന്നു MFCയുടെ പ്രധാന പ്രവർത്തന രീതികൾ. കൂടാതെ ബുള്ളറ്റിനുകളിൽ പ്രസിദ്ധീകരിച്ചുവരുന്ന നല്ല ലേഖനങ്ങൾ ഒന്നിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന രീതിയും ആദ്യകാലം മുതൽ തുടർന്നുവരികയുണ്ടായി. രോഗനിർണയം തേടി (ഇൻ സെർച്ച് ഓഫ് ഡയഗ്നോസിസ്) ഹെൽത്ത് കെയർ വിച്ചു വേ ടു ഗോ, അണ്ടർ ദി ലെൻസ് ഹെൽത്ത് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ എന്നീ പുസ്തകങ്ങൾ ഈ രീതിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നുണ്ട്. ഇവയിൽ ചിലത് മലയാളത്തിൽ അടക്കം പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിലും വിവിധ ശ്രേണികളിൽപ്പെട്ട ഇടത് വിഭാഗങ്ങളിൽ ഉള്ളവരും, പ്രത്യയശാസ്ത്ര പിൻബലത്താലല്ലാതെ സയന്റിഫിക് അടിസ്ഥാനത്തിൽ കാര്യങ്ങൾ നോക്കിക്കാണുന്നവരും, ഫെമിനിസ്റ്റ്, പാരിസ്ഥിതിക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരും, അംബേദ്കറൈറ്റുകളും എല്ലാം അടങ്ങുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇന്നിപ്പോൾ MFC. ആരംഭകാലം മുതൽ കോഴിക്കോട് MFC യുടെ ഒരു പ്രാദേശിക ഗ്രൂപ്പ്‌ പ്രവർത്തിച്ച് വരുന്നുണ്ടായിരുന്നു.1976 ൽ കോഴിക്കോട് രാമനാട്ടുകരയിൽ വച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന നവീനും, ഭരതനും കൂട്ടുകാരും MFC യുടെ പ്രാദേശിക കോൺഫ്രൻസും 1977ൽ നാലാമത് MFC നാഷണൽ കോൺഫറൻസും സംഘടിപ്പിക്കുകയുണ്ടായി. പിന്നീട് 1980 കളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു കൂട്ടം മെഡിക്കൽ നോൺ-മെഡിക്കൽ വിദ്യാർഥികളും യുവ ഡോക്ടർമാരും MFC യുമായി അടുത്ത ബന്ധം പുലർത്തുകയും ആറേഴ് വാർഷിക കോൺഫറൻസുകളിൽ കൂട്ടമായി പങ്കെടുക്കുകയും, നിരവധി പേർ ബുള്ളറ്റിൻ വരിക്കാരായി ചേരുകയും ഉണ്ടായി. 1989 ൽ ആലുവയിൽ വച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആഥിത്യം വഹിച്ചുകൊണ്ട് ഒരു MFC കോൺഫറൻസും നടക്കുകയുണ്ടായി

ചില പ്രധാന ഇടപെടൽ മേഖലകൾ

ആരംഭകാലം മുതൽ തന്നെ ഒരു ഏകീകൃതമായ സംഘടന എന്നതിനപ്പുറം വ്യത്യസ്തമായ ആശയധാരകളിൽ നിന്നുള്ളവരുടെ സംഘമായി പ്രവർത്തിക്കുമ്പോഴും ആരോഗ്യരംഗത്തെ പ്രശ്നങ്ങളിൽ താല്പര്യമുള്ള ആളുകളുടെ ഒരു പ്ലാറ്റ്ഫോം ആയാണ് MFC പ്രവർത്തിച്ച് വന്നിരുന്നത്. ദേശീയതലത്തിൽ ഏകോപിതമായ രീതിയിൽ പ്രവർത്തന പരിപാടികൾക്ക് രൂപം നൽകി പ്രവർത്തിച്ച സംഭവങ്ങൾ കുറവാണെങ്കിലും പ്രാദേശികമായി പലവിധ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു രീതിയാണ് തുടർന്നുവന്നത്.

കേസരി പരിപ്പിന്റെ ആരോഗ്യപ്രശ്നങ്ങൾ

മൂന്ന്-നാല് മേഖലകളിലാണ് പ്രധാനമായും ഏകോപിതമായ രീതിയിൽ അഖിലേന്ത്യാ തലത്തിൽ MFC ഇടപെട്ടിട്ടുള്ളത്. അതിൽ ആദ്യത്തേത് വടക്കേ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സാധാരണക്കാരായ ജനങ്ങൾ ആഹാരത്തിനായി ഉപയോഗിച്ചിരുന്ന കേസരി പരിപ്പിന്റെ ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രചരണ പരിപാടികളും അത്‌ നിരോധിക്കാനുള്ള ശ്രമങ്ങളും അതിന്റെ വിജയവുമാണ്. (കേസരി പരിപ്പ് കഴിച്ചാൽ ഞരമ്പ് സംബന്ധമായ തളർച്ച രോഗങ്ങൾ ഉണ്ടാവുന്നതാണ്). ആവശ്യമായ പഠനങ്ങളുടെ കൂടി പിൻബലത്താനാണ് ഇതിനാവശ്യമായ പ്രചാരണ പരിപാടികളൾ നടത്തിയതും തുടർന്ന് അതിന്റെ നിരോധനത്തിലേക്ക് കാര്യങ്ങൾ നയിച്ചതും.

കേസരി പരിപ്പ് കഴിച്ചതിനെ തുടർന്ന് രോ​ഗബാധിതനായ കുട്ടി. കടപ്പാട്:chssachetan

ഔഷധ മേഖല

ഔഷധ രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെയും, നിരോധിച്ചതും നിരോധിക്കേണ്ടതും ആവശ്യമരുന്നുകളെയും സംബന്ധിച്ചുള്ള ബോധവൽക്കരണവും, അതിനുവേണ്ടിയുള്ള സർക്കാർ നടപടികൾക്കായുള്ള ശ്രമങ്ങളും പൊതുതാത്പര്യ ഹർജികളും ഒക്കെ അടങ്ങുന്ന പ്രവർത്തന മേഖലയുണ്ടായിരുന്നു. അഖിലേന്ത്യാ തലത്തിൽ തന്നെ പ്രവർത്തിക്കുന്ന ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിലെ സമാനസ്വഭാവമുള്ള സംഘടനകളും പ്രവർത്തകരും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഒക്കെ ചേർന്നുള്ള പ്രവർത്തനങ്ങൾ ഈ മേഖലകളിൽ ഇപ്പോഴും തുടരുന്നു. ഇതിന്റെ ഭാഗമായി തന്നെ ഹൈ ഡോസ് ഈസ്ട്രജൻ പ്രൊജസ്ട്രജൻ മരുന്നുകൾക്കെതിരെയും, ഇഞ്ചക്ടബിൾ കോൺട്രാ സെപ്റ്റിവ്സ്, ഡെപ്പോപ്രൊവേര തുടങ്ങിയവക്ക് എതിരെയുള്ള പ്രവർത്തനങ്ങളും, പ്രചരണ പരിപാടികളും, ആവശ്യമായ ഗവേഷണ പ്രവർത്തനങ്ങളുടെ പിൻബലത്തോടെയുള്ള പൊതുതാത്പര്യ ഹർജികളും എല്ലാം MFC കൂടി പങ്കാളികളായി നടത്തുകയുണ്ടായി.

ഭോപ്പാൽ ദുരന്തം

ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കമ്പനിയിലെ വിഷവാതക ചോർച്ചയെ തുടർന്നുള്ള മെഡിക്കൽ ഇടപെടലുകളും ഗവേഷണ പ്രവർത്തനങ്ങളും അതിന്റെ തുടർച്ചകളും ആണ് MFC ഒരു ഗ്രൂപ്പ് എന്ന നിലയിൽ നേരിട്ട് ഇടപെട്ട മറ്റൊരു പ്രധാന മേഖല. 8000 ത്തോളം ആളുകൾ ആദ്യ ദിവസങ്ങളിൽ തന്നെ മരണമടയുകയും തുടർ വർഷങ്ങളിൽ ഇത് 16,000 ത്തോളമായി ഉയരുകയും ലക്ഷക്കണക്കിന് ആളുകൾക്ക്‌ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്ത ദുരന്തം. മീഥയിൽ ഐസോ സയണേറ്റ് വാതകച്ചോർച്ചയെ തുടർന്ന് ഗ്യാസ് ബാധിതർക്ക് പെട്ടെന്ന് തന്നെ കൊടുക്കേണ്ട ആന്റിഡോട്ട് മരുന്നായ തയോ സൾഫേയേറ്റ് ചികിത്സ സർക്കാർ സംവിധാനങ്ങൾ വഴി ഒരിക്കലും ലഭ്യമാവാതിരുന്ന സാഹചര്യത്തിൽ അവിടെ പ്രവർത്തിച്ചുവന്നിരുന്ന ജഗരിയിലി ഗ്യാസ് കുണ്ട് സംഘർഷ മോർച്ചയുടെ നേതൃത്വത്തിൽ രൂപംകൊടുത്ത ജനാരോഗ്യകേന്ദ്രം വഴി MFC അടക്കമുള്ള ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ജനകീയ ആരോഗ്യ പ്രവർത്തകരാണ് മറുമരുന്നായ തായോ സൾഫേറ്റ് കൊടുത്തുകൊണ്ടുള്ള ചികിത്സ ആരംഭിക്കുന്നത്.

ഭോപ്പാൽ ദുരന്ത സമയത്തെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:indianexpress

ദുരന്തത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനായി നടത്തിയ എപ്പിഡമിയോളജിക്കൽ സർവേയും പിന്നീട് അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങൾ പ്രത്യേകം പഠിക്കാനായി നടത്തിയ പ്രഗ്നൻസി ഔട്ട്ക്കം സർവേയും MFC യുടെ ഈ രംഗത്തെ പ്രധാന ഇടപെടലുകൾ ആയിരുന്നു. കുറ്റക്കാരായ യൂണിയൻ കാർഡ് കമ്പനിയെ ശിക്ഷിക്കുന്നതിനും ഗ്യാസ് ബാധിതരായ ആളുകൾക്ക് നഷ്ടപരിഹാരവും മറ്റ് ചികിത്സ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള സർക്കാർ നടപടികൾക്ക് ആക്കം കൂട്ടാനും ഈ പഠനങ്ങൾ സഹായകമായിട്ടുണ്ട്. ഇപ്പോൾ MFC യുടെ ഭാഗമാണെന്ന് പറയാൻ കഴിയില്ലെങ്കിലും ആദ്യകാലങ്ങളിൽ മുതൽ അവിടുത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവന്നിരുന്ന സത്യനാഥ് സാരംഗിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 28 വർഷമായി ഗ്യാസ് ബാധിതർക്ക് ഇടയിലുള്ള പഠനവും അവർക്ക് വേണ്ടിയുള്ള അലോപ്പതിയും ആയുർവേദവും യോഗയും പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനങ്ങളും, സമഭാവന എന്ന എൻ.ജി.ഒയുടെ ക്ലിനിക്കിലൂടെ ഇപ്പോഴും ലഭ്യമാക്കി വരികയാണ്. ഭോപ്പാലിൽ ഇന്റർനാഷണൽ മെഡിക്കൽ കമ്മീഷൻ വിളിച്ച് ചേർക്കാനും മറ്റ് തുടർപ്രവർത്തനങ്ങൾക്കുമെല്ലാം MFC നേതൃത്വം നൽകിയിട്ടുണ്ട്.

മറ്റ് പ്രവർത്തനങ്ങൾ

ആരോഗ്യരംഗത്തെ സ്ത്രീകളുടെ പ്രത്യേക പ്രശ്നങ്ങൾ, ബോംബെ കേന്ദ്രീകരിച്ചുള്ള ആശുപത്രിമരണങ്ങളുടെയും ആശുപത്രി പ്രവർത്തനങ്ങളിലെ പോരായ്മകളിലുള്ള ഇടപെടലുകൾ, ബുദ്ധിവളർച്ച കുറവുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ അൺ എത്തിക്കലായി നടപ്പിലാക്കിയ ഗർഭപാത്രം നീക്കം ചെയ്യൽ ശാസ്ത്രക്രിയ കൾക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ, നിർബന്ധിത വന്ധ്യംകരണ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ, ഗുജറാത്തിലെ ഭൂമികുലുക്കവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഗുജറാത്തിലെ കലാപ സമയത്തെ ഇടപെടലുകൾ, ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കൽ ഡൽഹി കലാപത്തിലെ ഇടപെടലുകൾ, ഡോക്ടർ പ്രവീൺ തൊഗാഡിയയുടെ മെഡിക്കൽ റജിസ്ട്രേഷൻ പിൻവലിപ്പിക്കാനുള്ള സമരങ്ങൾ, ബിനായക് സെന്നിന്റെ അറസ്റ്റിന് എതിരെയും അദ്ദേഹത്തെ ജയിൽ വിമുക്തനുമാക്കാനുമുള്ള പ്രക്ഷോഭ പരിപാടികൾ, ആരോഗ്യരംഗത്തെ ജാതീയമായ വേർതിരിവുകളുടെയും മതപരമായ വേർതിരിവുകളുടെയും പ്രശ്നങ്ങൾ, പല മേഖലകളിലും കൊടുത്ത പൊതുതാത്പര്യ ഹർജികൾ എന്നിങ്ങനെ വളരെ വിപുലമായ പ്രവർത്തനങ്ങൾ MFC കഴിഞ്ഞ 50 വർഷമായി ഇന്ത്യയിൽ നടത്തുന്നുണ്ട്.

മണിപ്പൂരിലെ ഒരു മെഡിക്കൽ ക്യാമ്പ്. കടപ്പാട്:economictimes

2023ലെ മണിപ്പൂർ കലാപബാധിതർക്ക് ആരോഗ്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലും മെഡിക്കോ ഫ്രണ്ട്‌സ് സർക്കിൾ പ്രതിനിധികൾ ഇപ്പോഴും പങ്കാളികളായിക്കൊണ്ടിരിക്കുന്നുണ്ട്. MFC യുടെ കൺവീനർ അടക്കം പല അംഗങ്ങളും അവിടം സന്ദർശിച്ച് അവരുടെ ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. ബംഗ്ലാദേശിൽ ജനകീയ ആരോഗ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡോക്ടർ സഫറുള്ള ചൗധരി നടത്തിവന്നിരുന്ന പ്രവർത്തനങ്ങളിലും ഗണശാസ്താ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും MFC നേരിട്ട് പ്രവർത്തിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് ഹെൽത്ത് റിവ്യൂവും, റാഡിക്കൽ ജേണൽ ഓഫ് ഹെൽത്തും

1984 മുതൽ മെഡിക്കോ ഫ്രണ്ട്‌സ് സർക്കിളിന്റെ ഭാഗമായി പ്രവർത്തിച്ചുവന്നിരുന്ന ഇടത് ചിന്താധാരയിൽ പെട്ടവർ രൂപംകൊടുത്ത ഒരു പ്രസിദ്ധീകരണമാണ് ‘സോഷ്യലിസ്റ്റ് ഹെൽത്ത്‌ റിവ്യൂ’. ആരോഗ്യത്തിന്റെ രാഷ്ട്രീയം സ്ത്രീകളുടെ ആരോഗ്യവും ഔഷധരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 18 ഓളം വിഷയങ്ങൾ കേന്ദ്രീകരിച്ച് ത്രൈമാസിക രൂപത്തിൽ സോഷ്യലിസ്റ്റ് ഹെൽത്ത് റിവ്യൂ എന്ന പേരിൽ ആദ്യവും, പിന്നീട് റേഡിക്കൽ ജേർണൽ ഓഫ് ഹെൽത്ത്‌ എന്ന പേരിലും പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവയുടെ എല്ലാ ലക്കങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.

MFC യും അതിന്റെ പ്രവർത്തനങ്ങളും നിലവിൽ അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഏറെ പ്രസക്‌തമാണ്. ആരോഗ്യരംഗം പോലെ നിരവധി തലങ്ങളുള്ളതും അതിബൃഹത്തുമായ ഒന്നിൽ സൂക്ഷ്മമായി ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സവിശേഷ പ്രവർത്തനങ്ങൾ ആവശ്യമാണ്. പൊതുവായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സ്ഥൂലവിശകലനങ്ങളിലും, ഇടപെടലുകളിലുമായി ഈ പ്രവർത്തനങ്ങളെ തളച്ചിടാനാവില്ല. ആരോഗ്യത്തിന്റെ മേഖലയിൽ MFC അത്തരത്തിൽ ഒരു പൊതുമണ്ഡലം നിലനിർത്തി വരുന്നു എന്നത് വളരെ പ്രസക്തമാണ്. സാമൂഹ്യനീതിയും, മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളും അടിസ്ഥാനമാക്കി ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈകോർക്കാനാവുന്ന, ഒന്നിച്ച് പ്രവർത്തിക്കാനാവുന്ന ഒരു പ്ലാറ്റ്ഫോർമാണ് ഇതെന്നതും ഈ സംഘത്തെ വ്യത്യസ്‌തമാക്കുന്നു.

അമ്പതാം വാർഷിക സമ്മേളനവും ജനകീയ ആരോഗ്യ മാനിഫെസ്റ്റോയും

ഒരു വർഷത്തെ തയ്യാറെടുപ്പുകളോടുകൂടി കഴിയുന്നത്ര പഴയകാല മെമ്പർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള MFC യുടെ അമ്പതാം വാർഷിക പരിപാടി 2024 ഫെബ്രുവരി 23 മുതൽ 25 വരെ സേവാഗ്രാമിലെ ഗാന്ധിജിയുടെ ആശ്രമത്തിൽ വച്ച് (ബാപ്പുക്കുടി) നടന്നു. ബിനായക് സെന്നും അശോക് ഭാർഗവയും അടക്കമുള്ള ആദ്യകാല മെമ്പർമാരും മെഡിക്കൽ കോളേജുകൾ/പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും യുവ ഡോക്ടർമാരും മറ്റ് പാരമെഡിക്കൽ വിഭാഗങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് സംഘടനാ പ്രതിനിധികളും മാധ്യമപ്രവർത്തകരും അടക്കം 170 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.

‘മെഡിക്കോ ഫ്രണ്ട് സർക്കിൾ ഒരു തിരിഞ്ഞുനോട്ടവും മുന്നോട്ടുള്ള വഴികളും’ (MFC looking backward and way forward) എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. കേന്ദ്രസർക്കാർ വലിയ അവകാശവാദങ്ങളോടെ അവതരിപ്പിക്കുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ പരിപാടികളും സംസ്ഥാന സർക്കാരുകളുടെ പെരുമ പറയുന്ന പരസ്യങ്ങളുമുണ്ടായിരിക്കുമ്പോഴും അടിക്കടി ദുർബലമായിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ ചികിത്സ സംവിധാനങ്ങളുടെയും പടരുന്ന പകർച്ച വ്യാധികളുടെയും ഒരു ചിത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തത്.

ജീവിതശൈലി രോഗങ്ങളും വയോജനാരോഗ്യങ്ങളുടെ പ്രശ്നങ്ങളും ഒക്കെയായി അനുദിനം സങ്കീർണ്ണമായി കൊണ്ടിരിക്കുന്ന ആരോഗ്യരംഗം, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പൊതുമേഖല ആരോഗ്യ സംവിധാനങ്ങൾ സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് കൊടുക്കുന്ന അവസ്ഥ, വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഒഴിവുകളും പുതുതായി ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കാതിരിക്കലും അടക്കമുള്ള പ്രശ്നങ്ങൾ, വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവും ചില സംസ്ഥാനങ്ങളുടെ പുതിയ ചില തുടക്കങ്ങളും ചർച്ചാവിഷയമായി.

കേരളത്തിൽ ആദ്യകാലങ്ങളിൽ ജനകീയ മുന്നേറ്റങ്ങളുടെ പിൻബലത്തോടെ ആർജിക്കാൻ കഴിഞ്ഞ നല്ല ആരോഗ്യ അവസ്ഥകളും പിന്നീട്, 1980കൾക്ക് ശേഷം ആരോഗ്യമേഖലയിലെ മുരടിപ്പും ഇപ്പോഴുണ്ടായിട്ടുള്ള രണ്ടാം തലമുറ പ്രശ്നങ്ങളും ജീവിതശൈലീരോഗ, വയോജനാരോഗ്യ പരിചരണ പ്രശ്നങ്ങളും പട്ടികവർഗ്ഗ വിഭാഗങ്ങൾ അടക്കമുള്ള പിന്നോക്ക മേഖലകളിലെ ആരോഗ്യപ്രശ്നങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉണ്ടായ നല്ല മാറ്റങ്ങളും സാമൂഹിക പങ്കാളിത്തത്തോടെയുള്ള പാലിയേറ്റീവ് പരിചരണ സംവിധാനങ്ങളുടെ വ്യാപനവും നല്ല വശങ്ങളായി എടുത്തു പറയുകയുണ്ടായി. തമിഴ്നാട്ടിലെ സ്കൂളുകളിലെ കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റ് കൂടി കൊടുക്കുന്ന പുതിയ പരിപാടിയെക്കുറിച്ചും അപകടം മരണങ്ങൾ കുറയ്ക്കാനുള്ള AK-48 പ്രോഗ്രാമിനെക്കുറിച്ചും (അപകട ശേഷമുള്ള ആദ്യ 48 മണിക്കൂറിലെ മെഡിക്കൽ ഇടപെടലുകൾ ഉറപ്പുവരുത്താനുള്ള നടപടികൾ) ആരോഗ്യ അവകാശ നിയമം പാസാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതും നല്ല തുടക്കങ്ങളായി വിലയിരുത്തപ്പെട്ടു.

ബീഹാർ, ഒറീസ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഇപ്പോഴുള്ള ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഒഴിവുകൾ, ആരോഗ്യ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് കൊടുക്കുന്ന പ്രവണതകൾ തുടങ്ങിയവയെല്ലാം വലിയ രീതിയിൽ പ്രശ്നങ്ങളായി അവതരിപ്പിക്കപ്പെടുകയുണ്ടായി. പൊതുമേഖല ആരോഗ്യ ഇൻഷുറൻസ് ഉദ്ദേശിക്കുന്ന ഫലം കിട്ടുന്നില്ല എന്ന കാര്യവും ചർച്ചയ്ക്ക് വന്നു. ഛത്തീസ്ഗഡിൽ നല്ല രീതിയിൽ നടന്നുവരുന്ന മിതാനിൻ പോഗ്രാം (ആശ പ്രോഗ്രാം) അതിന് നേതൃത്വം കൊടുക്കുന്ന അവിടുത്തെ State Health Systems Resource Centre ഉം, സർക്കാർ ഡോക്ടർമാർക്കായി പുതുതായി ആരംഭിച്ച ഫാമിലി മെഡിസിൻ പി.ജി ഡിപ്ലോമ കോഴ്സും, ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നല്ല കാര്യങ്ങളായി ഉന്നയിക്കപ്പെട്ടു.

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലെ ഗ്രാമീണ ജനതയെ പരിചരിക്കുന്ന മിതാനിൻ. കടപ്പാട്:@WBemetara/X

ആരോഗ്യ രംഗത്തെ സ്വകാര്യ മേഖലയുടെ വളർച്ച ഇന്ന് കോർപ്പറേറ്റ് ആശുപത്രികളുടെ ഘട്ടവും കഴിഞ്ഞ് പൊതുവിൽ കോർപ്പറേറ്റൈസേഷൻ എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും, സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിനായി റെഗുലേഷൻ, റജിസ്ട്രേഷൻ, അക്രിഡിറ്റേഷൻ എന്നുള്ള രീതിയിൽ ആരംഭിച്ച നിയമനിർമ്മാണങ്ങൾ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മുന്നോട്ടുപോയിട്ടില്ലെന്ന് മാത്രമല്ല, നിയമങ്ങൾ പാസാക്കിയ കേരളമടക്കമുള്ള സ്ഥലങ്ങളിൽ വെറും രജിസ്ട്രേഷനിൽ മാത്രം കാര്യങ്ങൾ ഒതുങ്ങി നിൽക്കുകയാണെന്നത് ദൗർഭാഗ്യകരമായ അവസ്ഥയായും വിലയിരുത്തുകയുണ്ടായി. പൊതുമേഖലാ ഇൻഷുറൻസുകൾ ഉദ്ദേശിക്കുന്ന രീതിയിൽ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യരംഗത്തെ അൺ എത്തിക്കൽ പ്രവണതകൾക്കെതിരെയുള്ള പ്രവർത്തന പരിപാടികളുടെ ആവശ്യകതയും ചർച്ചചെയ്യപ്പെട്ടു.

സമ്മേളനത്തിൽ ചർച്ചാവിഷയമായ മറ്റൊരു പ്രധാനകാര്യം, 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി ജനകീയ ആരോഗ്യ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തി പൊതു മണ്ഡലത്തിൽ ഉയർത്തിക്കൊണ്ടുവരേണ്ട വിഷയങ്ങളെ കുറിച്ചുള്ളതായിരുന്നു. ആറ് പ്രധാന മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള താഴെ പറയുന്ന സെക്ഷനുകൾ ഉൾക്കൊള്ളുന്ന ജനകീയ ആരോഗ്യ മാനിഫെസ്റ്റോ വിശദമായി ചർച്ച ചെയ്യുകയുണ്ടായി.

I. പൊതുമേഖലാ ചികിത്സാ സംവിധാനങ്ങൾ വിപുലപ്പെടുത്താനുള്ള നടപടികൾ
കേന്ദ്ര സർക്കാർ നിലവിലെ ജി.ഡി.പിയുടെ 1.3 ശതമാനം മാത്രം ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുന്നതിൽ നിന്നും അത് മൂന്നു ശതമാനമായി ഉയർത്തേണ്ടതും തുടർന്ന്, അധികം വൈകാതെ അഞ്ച് ശതമാനത്തിൽ എത്തിക്കേണ്ടതുമാണ്.
കോർപ്പറേറ്റ് മേഖല അടക്കമുള്ള സ്വകാര്യ ചികിത്സ മേഖലയ്ക്ക് അനുകൂലമായ നയപരിപാടികൾ തിരുത്തുകയും സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾക്ക് പാട്ടത്തിന് കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യുക,
പൊതുമേഖലയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഫാർമസിസ്റ്റുകളുടെയും ലാബ് ടെക്നീഷ്യൻമാരുടെയും മറ്റു പൊതു ജനാരോഗ്യ പ്രവർത്തകരുടെയും മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുക.
ആരോഗ്യമിഷന്റെ കീഴിലുള്ള കോൺട്രാക്ച്വൽ നിയമനങ്ങൾ സ്ഥിരം നിയമനം ആക്കുക. നിയമന രീതികൾ സുതാര്യമാക്കുക, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക.
സംസ്ഥാന പൊതുമേഖല ആരോഗ്യ ഇൻഷുറൻസുകൾ സംയോജിപ്പിച്ച് ഫലപ്രദമായി പൊതുമേഖലാ സംവിധാനം വഴി നടപ്പിലാക്കുക.
ആവശ്യ മരുന്നുകളും അവശ്യ ലാബ് പരിശോധനകളും സൗജന്യമായി ലഭ്യമാക്കുക.
പട്ടികവർഗ്ഗ പട്ടികജാതി വിഭാഗങ്ങൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയ വിഭാഗങ്ങൾക്ക് മുന്തിയ പരിഗണനയോടെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക.
അലോപ്പതിയോടൊപ്പം പരമ്പരാഗത ചികിത്സകളും ആയുർവേദവും മറ്റ് ചികിത്സാരീതികൾ വഴിയുള്ള സേവനങ്ങളും ലഭ്യമാക്കുക.

II. സ്വകാര്യമേഖലയെ നിയന്ത്രിക്കാനുള്ള നടപടികൾ
2011ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നിയന്ത്രണാധികാരങ്ങളോടെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുക.
സ്വകാര്യ ആശുപത്രികളിൽ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് ഉറപ്പു വരുത്തുക.
അതോടൊപ്പം സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് പ്രോട്ടോകോളുകളും, നിശ്ചിതമായ ചികിത്സാ നിരക്കുകളും ഉറപ്പുവരുത്തുക.
രോഗികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികളും പരാതികൾ പരിഹരിക്കാനുള്ള സെല്ലുകളുടെ പ്രവർത്തനങ്ങളും.
ആവശ്യമായ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന സ്വകാര്യമേഖല വഴി പൊതുമേഖലയിലെ കുറവുകൾ പരിഹരിക്കുക.

III. മരുന്ന് വ്യവസായ വിതരണ രംഗത്ത് ശാസ്ത്രീയമായ പരിപാടികൾ
എല്ലാ ആവശ്യമരുന്നുകളും അവയുടെ കെമിക്കൽ പേരിൽ തന്നെ ലഭ്യമാക്കുകയും മെഡിക്കൽ ഉപകരണങ്ങൾ കർശനമായ വില നിയന്ത്രണ നിയമങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുക.
അനാവശ്യ മരുന്നുകളും, അനാവശ്യ മരുന്നുകളുടെ കോമ്പിനേഷനുകളും (ഫിക്സിഡ് ഡോസ് കോമ്പിനേഷനുകൾ) നിർത്തലാക്കുക.
മരുന്ന് കമ്പനികളുടെ അൺ എത്തിക്കലായ മരുന്ന് കച്ചവട തന്ത്രങ്ങൾ ഒഴിവാക്കുക. മരുന്നുകളുടെ മാർക്കറ്റിങ്ങിന് ഏകീകൃതമായ ഒരു സമ്പ്രദായം നടപ്പിൽ വരുത്തുക.
ഔഷധ നിർമ്മാണ വിതരണ രംഗത്ത് കർശനമായ ഗുണനിയന്ത്രണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക.
മരുന്ന് കമ്പനികൾ ജനറിക് പേരുകളിൽ മരുന്നുകൾ ലഭ്യമാക്കുകയും, ഡോക്ടർമാർ ജനറിക് പേരുകളിൽ മരുന്നുകൾ എഴുതുകയും ചെയ്യുന്ന സംവിധാനം നിലവിൽ വരുത്തുക.

IV. സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും നഴ്സിംഗ് കോളേജുകളുടെയും കാര്യത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ
സ്വകാര്യമേഖലയിലെ വ്യാപനം കുറച്ച് പൊതു മേഖലാ സ്ഥാപനങ്ങളുടെ ഭാഗമായി പുതിയ മെഡിക്കൽ നേഴ്സിങ് കോളേജുകൾ, ആവശ്യകത അടിസ്ഥാനമാക്കി ആരംഭിക്കുക.
സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസുകൾ ഗവൺമെന്റ് മെഡിക്കൽ കോളേജിലേതിന് തുല്യമാക്കുക.
സർക്കാർ മെഡിക്കൽ, നേഴ്സിങ് കോളേജുകൾക്ക് ബാധകമായ എല്ലാ നിയമങ്ങളും സ്വകാര്യ മെഡിക്കൽ, നേഴ്സിങ് കോളേജുകൾക്ക് ബാധകമാക്കുക.

V. മെഡിക്കൽ രോഗ നിർണയ സംവിധാനങ്ങളുടെ ദുരുപയോഗം തടയാനുള്ള നടപടികൾ
ലബോറട്ടറി പരിശോധനകളും വിവിധ തരം സ്കാനിംഗ് പരിശോധനകളും ശാസ്ത്രീയമായി ആവശ്യകതകളുടെ അടിസ്ഥാനത്തിൽ മാത്രം ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനുള്ള നടപടികളും അവയുടെ ദുരുപയോഗം തടയാനുള്ള നടപടികളും കൈക്കൊള്ളുക.

VI. ആരോഗ്യത്തിന്റെ സാമൂഹിക നിർണയഘടകങ്ങൾ പരിഹരിക്കാനുള്ള നടപടികൾ
ശരിയായ പോഷണം, താമസ സൗകര്യം, തൊഴിൽ, വരുമാനം തുടങ്ങിയ പരമ്പരാഗത സാമൂഹിക നിർണയഘടകങ്ങളും, പാരിസ്ഥിതിക മലിനീകരണം, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തൊഴിൽ സാഹചര്യങ്ങളിൽ, ജീവിതശൈലികൾ, മദ്യം, പുകയില, മയക്കുമരുന്നുകൾ തുടങ്ങിയവയുടെ ദുരുപയോഗം എന്നിവ ഒഴിവാക്കാനുള്ള നടപടികൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

അവസാന ദിവസം മൺമറഞ്ഞ MFC അംഗങ്ങളായ ഇലീന സെൻ, കമല ജയറാവൂ, അമിത് സെൻ ഗുപ്ത, കോഴിക്കോട്ടെ നവീൻ (70 കളിലെ കോഴിക്കോട് ഗ്രൂപ്പിനും 1977 ലെ നാലാമത് MFC മീറ്റിനും കോഴിക്കോട്-രാമനാട്ടുകര നേതൃത്വം നൽകിയ ഡോക്ടർ) തുടങ്ങിയ പത്തുപേരെ ഓർമ്മിക്കുന്ന ചടങ്ങും നടന്നു. അടുത്ത അർദ്ധ വാർഷിക മീറ്റ് 2024 ആഗസ്റ്റ് 8,9 തീയതികളിൽ കോഴിക്കോട് വച്ച് നടത്താനും, തുടർന്ന് ആഗസ്റ്റ് 10,11 തിയ്യതികളിൽ MFC യുടെ 50-ാം വാർഷികാത്തോട് അനുബന്ധിച്ചുള്ള കോഴിക്കോട് ടീമിന്റെ രണ്ട് ദിവസത്തെ പ്രത്യേക പ്രോഗ്രാം നടത്തുവാനും തീരുമാനിച്ചു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read