കാലടിപ്പാടുകളില്ലാത്ത കുടിയേറ്റക്കാർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg
ആദിൽ ഹുസൈൻ, ലെന, നിമിഷ സജയൻ എന്നിവർ. സിനിമയിൽ നിന്നുള്ള രം​ഗം

Foot prints on water’ എന്നാണല്ലോ പേര്. എന്നാൽ വെള്ളത്തിൽ കാൽപ്പാടുകൾ പതിയാറില്ല. കുടിയേറ്റം എന്നത് തന്നെ ഒരുതരത്തിൽ വെള്ളത്തിലൂടെ, കടലിലൂടെയുള്ള നാട് കടക്കലാണല്ലോ. സിനിമയുടെ പേരിന് പിന്നിൽ കുടിയേറ്റത്തെക്കുറിച്ചുള്ള അത്തരം സൂചനകളുണ്ടോ?

ഈ സിനിമയുടെ പ്രധാന കഥ ഒരച്ഛൻ തന്റെ കാണാതായ മകളെ അന്വേഷിക്കുന്നതാണ്. അവരെല്ലാം അദൃശ്യരായ ആളുകളാണ്. കാരണം, അവർ അനധികൃത കുടിയേറ്റക്കാരാണ്. അതുകൊണ്ടുതന്നെ അവർക്ക് പൊലീസിന്റെയടുത്ത് ഒരു സഹായത്തിനും പോകാൻ കഴിയില്ല. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരയവരിൽ ആരെയെങ്കിലും കാണാതാകുകയോ, എന്തെങ്കിലും പ്രശ്നം നേരിടുകയോ ചെയ്താൽ എന്താണ് സംഭവിക്കുക എന്നുള്ളതാണ് ‘Foot prints on water’ ന്റെ പ്രധാന ആശയം. വെള്ളത്തിൽ നടക്കുമ്പോൾ നമ്മൾ കാൽപ്പാടുകൾ ഒന്നും അവശേഷിപ്പിക്കുന്നില്ല. അതുപോലെ അദൃശ്യരാക്കപ്പെട്ട ഈ കമ്മ്യൂണിറ്റി‌യിലുള്ളവരുടെ സാന്നിദ്ധ്യം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഈ മനുഷ്യരെല്ലാം അദൃശ്യരാണ്, കാൽപ്പാടുകൾ എവിടെയും പതിക്കാത്തവരാണ്. അതാണ് ആ പേരിന് പിന്നിലെ ആശയം.

കുടിയേറ്റം എന്നാൽ രക്ഷപെടാനുള്ള വഴിയായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാൽ ‘Foot Prints on Water’ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ മറ്റൊരുവശത്തെ‌യാണ് കാണിക്കുന്നത്. യു.കെയിലേക്ക് കുടിയേറി താമസിച്ച ഒരു വ്യക്തി എന്ന നിലയിൽ ഇത്തരത്തിലുള്ള ഒരു കാഴ്ചപ്പാട് കുടിയേറ്റത്തെക്കുറിച്ച് രൂപപ്പെടുത്താൻ പ്രവാസ ജീവിതം എത്രത്തോളം സഹായിച്ചു?

ഞാനും എന്റെ കുടുംബവും എനിക്ക് പത്ത്-പതിനൊന്ന് വയസുള്ളപ്പോൾ, സഹോദരി നീത ഉൾപ്പടെ (തിരക്കഥാകൃത്ത്) യു.കെയിലേക്ക് പോയി. എന്റെ അച്ഛൻ അവിടെ ഒരു ജോലി കണ്ടുപിടിച്ചു. അങ്ങനെയാണ് ഞങ്ങൾ അങ്ങോട്ട് പോയത്. ഞങ്ങൾ‌ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ലഭിക്കുമെന്ന് കരുതിയ ജോലിയായിരുന്നില്ല അതെന്ന്. ഭാ​ഗ്യത്തിന് അച്ഛന് ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യതകളുള്ളതുകൊണ്ട് മറ്റ് ജോലിക്ക് അപേക്ഷിക്കാൻ കഴിഞ്ഞു. ആദ്യം കുറച്ച് കഷ്ടപ്പെട്ടെങ്കിലും അതൊക്കെ മറികടന്ന് ഒന്ന്-രണ്ട് വർഷത്തിനകം ഞങ്ങൾക്ക് മുന്നോട്ടുപോകാൻ സാധിച്ചു. എന്നാൽ സിനിമയിൽ കാണിച്ചതുപോലെ ഒരു വീട്ടിൽ ഒരുപാട് കുടുബങ്ങൾ താമസിക്കുന്നത്, കുടിയേറി വരുന്നവരെ പലരും ചൂഷണം ചെയ്യുന്നത് എല്ലാം ഞങ്ങളുടെ ചുറ്റും കുറേകണ്ടിരുന്നു. ഞങ്ങൾ ആദ്യം പോയപ്പോൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല വീടൊക്കെ. ഈ സിനിമയിലേത് പോലെ വിസ ഏജന്റ്സ് കബളിപ്പിക്കുന്നത് നമ്മളെ വലിയ അപകടാവസ്ഥയിലേക്ക് തള്ളിവിടും. നാട്ടിൽ നിന്ന് സ്റ്റുഡന്റ്സ് വിസയിൽ വരുന്നവരൊക്കെ സമയം കഴിഞ്ഞിട്ടും ഇത് പോലെ അവിടെ തന്നെ നിന്ന് ഇത്തരം കഷ്ടപ്പാടുകളിലൂടെ കടന്നുപോകാറുണ്ട്. അല്ലെങ്കിൽ വിസിറ്റിം​ഗ് വിസയിൽ പോയി കഷ്ടപ്പെടാറുണ്ട്. നമ്മൾ പോയത് വർക്ക് വിസയായതുകൊണ്ട് വേറെ ജോലി കിട്ടി കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിഞ്ഞു. പക്ഷേ ഇത്തരത്തിൽ അനധികൃത കുടിയേറ്റം തന്നെ ലക്ഷ്യം വെച്ച് പോകുന്ന ഒരു കൂട്ടരുണ്ട്. വിസിറ്റിങ്ങ് വിസ വഴി പോയിട്ട് പിന്നെ അവർ തിരിച്ചുവരില്ല. അങ്ങനെ പോകുന്ന കുറച്ചുപേർ പത്തും ഇരുപതും വർഷമായി അവിടെയുണ്ട്. അവിടെ ജോലി ചെയ്യാൻ കഴിയുന്നതരത്തിലുള്ള വർക്ക് വിസ ഇവർ‌ക്ക് ലഭിക്കുക ബുദ്ധിമുട്ടാണ്. കാരണം അദൃശ്യരായ ഒരു കമ്മ്യൂണിറ്റിയെ പോലെയാണ് അവർ ജീവിക്കുന്നത്. മിനിമം കൂലി 10 പൗണ്ട് ആയിരിക്കെ ഇവർ ഒന്നും രണ്ടും പൗണ്ടിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കൃത്യമായ വിവരങ്ങൾ ഇല്ലാത്തവരും ടാക്സ് കൊടുക്കാത്തവരും ആണെന്ന് അറിയുന്നത് കൊണ്ട് പലരും ഇവരെ ജോലിക്കെടുക്കുന്നു. ഞങ്ങളുടെ അനുഭവങ്ങൾ ഈ സിനിമ രൂപപ്പെടുത്തുന്നതിൽ ഒരുപാട് ഉപകരിച്ചു. ആദ്യം പോയ സമയത്ത് ഞങ്ങൾ അവിടെ സൗത്ത്ഹോൾ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. സൗത്ത്ഹോൾ ഏഷ്യക്കാർ അധികമുള്ള സ്ഥലമാണ്. എനിക്ക് ആ സ്ഥലം അത്ഭുതമായിരുന്നു. കാരണം കേരളത്തിൽ നിന്നും പോകുമ്പോൾ ഞാൻ കരുതിയത് കുറേ ബ്രിട്ടിഷുകാരെ കാണും, സമ്പന്നമായ ഏരിയ കാണും എന്നൊക്കായാണ്. എന്നാൽ അവിടെ കണ്ടതെല്ലാം ഇന്ത്യൻ കടകളും റസ്റ്റോറന്റുകളുമായിരുന്നു. ഞാൻ പോയ സ്കൂളിൽ പോലും എല്ലാ കുട്ടികളും കുടിയേറ്റക്കാരായിരുന്നു. അഫ്​ഗാനിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഒക്കെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലം അഭയം തേടി വന്നവരുമുണ്ട്. അങ്ങനെ ഒരു ജീവിതം ഞങ്ങൾക്ക് പരിചയമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഉൾക്കാഴ്ച നമുക്ക് കിട്ടയതും ഇതിനെ കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന് മോട്ടിവേഷൻ വന്നതും.

നിമിഷ സജയൻ, ആദിൽ ഹുസൈൻ, ലെന. സിനിമയിലെ രം​ഗം

Female Gaze വിഭാ​ഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമയാണല്ലോ ഇത്. ഒരു പുരുഷ കഥാപാത്രത്തിന്റെ വികാരങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. എന്നാൽ സിനിമയുടെ അവസാനം ലെനയുടെ കഥാപാത്രം സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ തീരുമാനം എടുക്കുന്നതോടെ സിനിമ സ്ത്രീ കേന്ദ്രീകൃതമായ ഒരു തലത്തിലേക്ക് മാറുന്നുണ്ട്. തിരക്കഥ, സംവിധാനം എന്നിവ സ്ത്രീകൾ കൈകാര്യം ചെയ്തതുകൊണ്ടാണോ അത്തരത്തിലുള്ള കാഴ്ചപ്പാടിലേക്ക് സിനിമ വികസിച്ചത്?

സിനിമ ഐ.എഫ്.എഫ്.കെയിൽ curated section ലെ female gaze വിഭാ​ഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നി, കാരണം curated section ൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങൾ നോക്കിയാൽ നിരവധി ഫെസ്റ്റിവലുകളിലൊക്കെ പോയി അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ട സിനിമകളായിരുന്നു. അതിൽ female gaze എന്ന ടൈറ്റിൽ മാത്രമല്ല, ഒരു ഐഡന്റിറ്റി ​ഗേസ് എന്ന തലത്തിൽ ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഞങ്ങൾ കുടിയേറ്റക്കാരായതുകൊണ്ടാണ് നമുക്കിങ്ങനെ ഒരു സാഹചര്യം അടുത്ത് കണ്ട് അതിനെ കുറിച്ച് ഒരു കഥ പറയാൻ പറ്റിയത്. പിന്നെ ഞാനും എന്റെ സഹോദരിയും സ്ത്രീകളാണ് ‍അതുകൊണ്ട് ആ ഒരു സ്ത്രീപക്ഷ ചിന്താഗതി സ്വാഭാവികമാണ്. തിരക്കഥയിൽ ഞങ്ങൾ അത്രത്തോളം സഹകരണപരമായ രീതിയായിരുന്നു സ്വീകരിച്ചത്. പുരുഷ കാഴ്ചപ്പാടുകളും വികാരങ്ങളും അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ഒരു ​ഗിവ് ആന്റ് ടേക്ക് നയമായിരുന്നു സ്വീകരിച്ചത്. ഞങ്ങൾ അഭിനേതാക്കളുമായും സിനിമാറ്റോ​ഗ്രാഫർ, പ്രൊഡ്യൂസർ, എഡിറ്റർ ഒക്കെ ആയി ചർ‌ച്ച ചെയ്തു. കാരണം ഞങ്ങളുടെ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചതിൽ ഏകദേശം 50 ശതമാനം സ്ത്രീകളും 50 ശതമാനം പുരുഷന്മാരുമായിരുന്നു. സമത്വമുള്ള ഒരു കൂട്ടം ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒരോരുത്തരുടെയും ആശയങ്ങൾ പരസ്പരം പങ്കുവെച്ച് ‍ജോലി ചെയ്യുമ്പോൾ എല്ലാവരുടെയും ആശയം നമുക്ക് കൊണ്ടുവരാൻ കഴിയും. ലെനയുടെ കഥാപാത്രം അവരുടെ തിരഞ്ഞെടുപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇപ്പോഴും അനധിക‍ൃത കുടിയേറ്റത്തിന്റെ എണ്ണം കുറയുന്നില്ല, അത് അവർ തിരഞ്ഞെടുക്കുന്നതാണ്. ഞാൻ നിയോറിയലസം സ്കൂളിന്റെ ആരാധികയാണ്. യഥാർത്ഥ്യത്തെ സ്ക്രീനിൽ കാണിക്കണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അവർക്ക് നല്ലതല്ലാത്തത് തിരഞ്ഞെടുക്കുന്നവരെയും നമ്മൾ ബഹുമാനിക്കണം. അങ്ങനെയാണ് ലോകം മുന്നോട്ടുപോകുന്നത്. നിമിഷയുടെ കഥാപാത്രം നോക്കിയാലും തന്റെ സുഹൃത്തിന്റെ മകളുടെ സുരക്ഷക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്നതായി കാണാം. അവൾക്ക് വേണ്ടി സ്വയം പോരാടുന്ന ഒരാളായാണ് ‍ഞങ്ങൾ നിമിഷയെ അവതരിപ്പിച്ചിരിക്കുന്നത്. തന്നെ രക്ഷിക്കാൻ അച്ഛനെയോ മുൻ കാമുകനയോ അവൾ കാത്തിരിക്കുന്നില്ല. അതൊക്കെ ചിലപ്പോൾ ഞങ്ങൾ സ്ത്രീകളായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാൽ പുരുഷ സംവിധായകരാണെങ്കിലും അത്തരത്തിൽ കാണിക്കുന്നവരുണ്ടാകും കാണിക്കാത്തവരുമുണ്ടാകും. അത് അവരുടെ ചിന്താ​ഗതിക്കനുസരിച്ചാണ്. എന്റെ സുഹൃത്തുക്കളായ പല പുരുഷ സംവിധായകരും വളരെ ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രഘുവിന്റെ കഥാപാത്രം ചെയ്ത ആദിൽ ഹുസൈൻ ഓരോ കാര്യവും ഞങ്ങളുമായി ചർച്ച ചെയ്താണ് അഭിനയിച്ചത്. ഇത്തരത്തിൽ സഹകരണത്തോടെയുള്ള ചർച്ചകൾ വരുമ്പോൾ സംവിധായകരെന്ന നിലയിൽ ജൻഡറിനപ്പുറം ഞങ്ങളത് മനസിലാക്കി ഉൾക്കൊള്ളുന്നു. ഈ സിനിമയുടെ കഥ തന്നെ അച്ഛനും മകളും തമ്മിലുള്ള ബന്ധം ആണ്. അതുകൊണ്ട് രണ്ട് ജൻഡർ വശത്ത് നിന്നും നോക്കുക എന്നത് പ്രധാനമാണ്.

നിമിഷ സജയൻ, ആദിൽ ഹുസൈൻ. സിനിമയിലെ രം​ഗം

മലയാളികൾ യു.കെയിലേക്കുള്ള കുടിയേറ്റത്തെ സ്വപ്ന തുല്യമായിട്ടാണ് കാണുന്നത്. സിനിമയിലേത് പോലെ തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാൽ പോലും കുടിയേറ്റം നാൾക്കുനാൾ വർധിക്കുകയാണ്. സിനിമയിൽ നിന്ന് വ്യത്യസ്തമായി, തൊഴിലില്ലായ്‌മ യുവതലമുറയുടെ കുടിയേറ്റത്തിന് വലിയ തോതിൽ കാരണമാകുന്ന സാഹചര്യത്തിൽ മലയാളികളുടെ കുടിയേറ്റത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?

നല്ല അവസരങ്ങൾക്ക്‌ വേണ്ടി, അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ആളുകൾ കുടിയേറി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത് എന്ന സങ്കൽപ്പം ചരിത്രപരമാണ്. ഈ തലമുറയിലുള്ളവരും, വർഷങ്ങൾക്ക് മുൻപുള്ളവരും ഇന്ത്യക്കകത്തും പുറത്തുമായി കാലങ്ങളായി കുടിയേറുന്നുണ്ട്, ഇനിയും അത് തുടരുക തന്നെ ചെയ്യും. ‍ഞങ്ങൾക്ക് ഇത്തരത്തിൽ രേഖകളില്ലില്ലാത്ത മനുഷ്യരുടെ ജീവിതം ജീവിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഞങ്ങൾക്ക് അത്തരത്തിലുള്ളവരുടെ ജീവിതം കണ്ട് പരിചിതമായിരുന്നു. നമ്മുടെ നാട്ടിലാകുമ്പോൾ, യു.കെയിൽ അടിപൊളി ആണല്ലോ ലൈഫ് എന്ന് ആളുകൾ ചിന്തിക്കും. കുറച്ച് പേർക്ക് അങ്ങനെയാകും, എന്നാൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെ യു.കെയിൽ പോകുന്നവർക്ക് അപകടവുമുണ്ടാകും. പ്രത്യേകിച്ച് സ്റ്റുഡന്റ്സ് വിസയിൽ പോയി പഠിക്കുക എന്ന പേരിൽ വിസയെടുത്തിട്ട് ജോലി ചെയ്യുന്നവർ. അവർ നോക്കുന്നത് നാട്ടിൽ ഒരു ചെറിയ ജോലി ചെയ്യുന്നതിനേക്കാൾ കുറച്ചുകൂടി പൈസ കിട്ടും എന്നായിരിക്കാം. പക്ഷേ അതിന് നമ്മൾ കൊടുക്കേണ്ടി വരുന്ന വില എന്തൊക്കയൊണ്? മനുഷ്യാവകാശ ലംഘനങ്ങൾ, വളരെ മോശമായ ജീവിത സാഹചര്യങ്ങൾ, സുരക്ഷിതമല്ലാത്ത ചുറ്റുപാടുകൾ, ആരോ​ഗ്യ പരിരക്ഷയില്ലാത്ത അവസ്ഥ… ഇത്തരം കാര്യങ്ങളിൽ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. ആളുകൾ മനസിലാക്കണം ഇതൊക്കയാണ് റിസ്ക് എന്ന്. ഇതൊക്കെ കണ്ട്‌ മനസിലാക്കിയിട്ടും അവർ വീണ്ടും ആ ജീവിതം തിരഞ്ഞെടുക്കുകയാണെങ്കിൽ കുഴപ്പമില്ല, കാരണം അവർക്ക് ഇഷ്‍ടമുള്ള ജീവിതം തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ അറിയാതെ പോകുന്ന കുറച്ചുപേരുണ്ട്. ഈ വിഷയങ്ങളെ കുറിച്ച് അധികമാരും അങ്ങനെ ചർച്ച ചെയ്യാറില്ല. സിനിമകളും അധികം എടുത്തിട്ടുമില്ല. ഞങ്ങൾ മലയാളികൾ കൂടി ആയതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ സിനിമയിൽ കാണിച്ചത്. സിനിമയിലുള്ളത്‌ എനിക്ക് അറിയുന്ന സാഹചര്യങ്ങളാണ്, കൂടാതെ ഒരു സാമൂഹിക പ്രധാന്യമുള്ള സന്ദേശം കൂടി സിനിമയിലുണ്ട്, അത് എനിക്ക് സിനിമ ചെയ്യാൻ കൂടുതൽ ആവേശം നൽകി. ‍മലയാളി എന്ന നിലയിൽ കേരളത്തിന്റെ ഭാ​ഗത്തെ കഥയും, കുടിയേറ്റക്കാരി എന്ന നിലയിൽ ആ കഥയും എനിക്ക് പരിചിതമായിരുന്നു. ഈ സിനിമ കണ്ട് ആർക്കെങ്കിലും അവബോധം ഉണ്ടായാൽ അത് തന്നെ വലിയൊരു കാര്യമാണ്.

നതാലിയ ശ്യാമും നീത ശ്യാമും

സിനിമയിൽ അനധികൃത കുടിയേറ്റക്കാർ പലതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നതായി കാണിക്കുന്നുണ്ട്. അത്തരം അനുഭവങ്ങൾക്ക് യാഥാർത്ഥ്യവുമായി എത്രമാത്രം ബന്ധമുണ്ട്?

നേരത്തെ പറഞ്ഞത് പോലെ ഞങ്ങൾ കുടിയേറി വന്നതുകൊണ്ട് ഞങ്ങൾക്ക് പരിചിതമായിരുന്നു സാഹചര്യങ്ങൾ. എന്നാൽ തിരക്കഥ എഴുതാൻ തുടങ്ങിയപ്പോൾ നീത ഇതേപറ്റി കൂടുതൽ പഠിച്ചു. കുടിയേറ്റം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ഈ അവയവ കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമ്മളറിയുന്നത്. അങ്ങനെ ഞങ്ങൾ കുറച്ചധികം സമയം ചിലവഴിച്ച് അനധികൃത കുടിയേറ്റക്കാരോട് സംസാരിച്ചു. ചൂഷണത്തിനിരയായ കുറെയാളുകളോട് രണ്ട് മൂന്ന് വർഷത്തോളം സംസാരിച്ചാണ് ഇതിനായി റിസർച്ച് ചെയ്തത്. എന്നാൽ എല്ലാ വർഷവും നിയമങ്ങൾ മാറും, ആളുകൾ വരുന്നത് മാറും. അന്ന് കോവിഡ് സമയം ആയിരുന്നു. ആ സമയത്ത് യു.കെയിൽ നടന്ന കാര്യങ്ങൾ എങ്ങനെ ഈ മനുഷ്യരെ ബാധിച്ചു എന്നതൊക്കെ സിനിമയിലുൾപ്പെടുത്താൻ പരമാവധി ഞങ്ങൾ ശ്രമിച്ചിരുന്നു.

സിനിമയിലെ രം​ഗം

യു.കെ, കേരളം എന്നിങ്ങനെ രണ്ട് ഭൂപ്ര​ദേശങ്ങളെ സിനിമയിൽ കാണിക്കുന്ന രംഗങ്ങളിൽ രണ്ട് തരം ട്രീറ്റ്മെന്റ് ആണല്ലോ സ്വീകരിച്ചിരിക്കുന്നത്. അതേക്കുറിച്ച് പറയാമോ?

കഥയുടെ മിക്കവാറും ഭാ​ഗങ്ങൾ യു.കെയിലാണ് നടക്കുന്നതെങ്കിലും കേരളത്തിൽ വന്ന് കുറച്ച് ഭാ​ഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. രണ്ട് സ്ഥലങ്ങളേയും വത്യസ്ത രീതിയിൽ അവതരിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. സിനിമാറ്റോ​ഗ്രാഫർ അഴകപ്പൻ നാരായണൻ ആയിരുന്നു. ശബ്ദം, ദൃശ്യങ്ങൾ എന്നിവയിലൂടെ കഥ പറയുന്ന സമീപനമാണ് ചിന്തിച്ചത്. ഞാൻ സിനിമാറ്റോ​ഗ്രാഫറിനോട് പറഞ്ഞിരുന്നത് യു.കെയിൽ എല്ലാം ​ഇരുണ്ടതും, ​നി​ഗൂഢമായതുമാണ്. അനധികൃത കുടിയേറ്റക്കാരുടെ യാഥാർത്ഥ്യങ്ങളെ കാണിക്കുന്ന രീതിയിൽ ആകണം ചിത്രീകരണം. മാത്രമല്ല ഞങ്ങൾ ഇത് ഷൂട്ട് ചെയ്തത് മഞ്ഞുകാലത്താണ്. ആ സമയത്ത് സ്വഭാവികമായി നിറങ്ങൾക്ക് അങ്ങനെ തെളിച്ചമുണ്ടാകില്ല. യു.കെ കുറച്ച് വരണ്ടതും ഇരുണ്ടതുമായി കാണിച്ചിട്ട് കേരളം പലപ്പോഴും രഘുവിന്റെ കഥാപാത്രം ആലേചിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. അപ്പോൾ കാൽപ്പനികമായാകുമല്ലോ ആ സ്ഥലത്തെക്കുറിച്ച് ആലോചിക്കുന്നത്. അതുകൊണ്ട് കേരളം കാണിക്കുമ്പോൾ കഴിയുന്നത്ര പച്ചപ്പ്, തെളിച്ചം, പോസിറ്റിവിറ്റി വേണമെന്നാണ് ‍‍ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഞാനൊരു സ്റ്റോറി ബോർഡും, കളർ പാലറ്റും മൂഡ് ബോർഡും റിസർച്ച് ചെയ്ത് കൊടുത്തിരുന്നു. അദ്ദേഹമതിൽ എപ്പോഴും റഫർ ചെയ്താണ് ഓരോന്നും ചെയ്തത്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്തൊക്കെ അത് വളരെയേറെ ഉപകരിച്ചിരുന്നു. റസൂൽ പൂക്കുട്ടി ആയിരുന്നു സൗണ്ട് ഡിസൈനർ. യു.കെയിലൊക്കെ ഇത്രയും കെട്ടിടങ്ങളും നിർമ്മാണങ്ങളും ഉള്ളത് കൊണ്ട് അധികം കേൾക്കാത്തത് പക്ഷികളുടെ ശബ്ദവും പ്രക‍ൃതിയുടെ ശബ്ദങ്ങളുമാണ്‌. മനോഹരമായ സ്ഥലത്തല്ല കഥ നടക്കുന്നത്, മറിച്ച് ഒരുപാട് ജനസംഖ്യയുള്ള കുടിയേറ്റ കേന്ദ്രീകൃത സ്ഥലത്താണ്. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ വത്യാസം തോന്നിക്കുവാനായി കേരളം കാണിക്കുമ്പോൾ വെള്ളത്തിന്റെ ശബ്ദം, കാറ്റിന്റെ ശബ്ദം, ജീവികളുടെ ശബ്ദം എന്നിവയും യു.കെയിൽ കൂടുതൽ നിർമ്മാണങ്ങൾ, ട്രാഫിക്ക്, കോവിഡ് ‍ടൈം ആയതുകൊണ്ട് ആംബുലൻസ് അങ്ങനെയൊരു വത്യസ്തത നിലനിർത്താൻ ആയിരുന്നു ഞാൻ പറഞ്ഞത്. അദ്ദേഹം അത്തരത്തിൽ മനോഹരമായി ശബ്ദം ഡിസൈൻ ചെയ്തു.

Also Read

7 minutes read December 16, 2023 9:27 am