തീവ്ര വലതുപക്ഷത്തിന് എതിരായ ഐക്യനിര

ലോകത്താകമാനം തെരഞ്ഞെടുപ്പുകളുടെ വർഷമാണിത്. റഷ്യയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഏകപക്ഷീയമായി പുടിൻ തെരഞ്ഞെടുക്കപ്പെട്ടു. വളരെ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വലതുപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പും അവസാനിച്ചു. അമേരിക്കയിൽ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥിയായി നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമാണ് മുഖാമുഖം. യൂറോപ്പിലും തെരഞ്ഞെടുപ്പുകൾ നടന്നുകൊണ്ടേയിരിക്കുന്നു. ബ്രിട്ടനിലും ഫ്രാൻസിലും ഫലം വന്നുകഴിഞ്ഞു. ഇതിനുപുറമെ ഇറാനിലും മിതവാദിയായ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

യൂറോപ്പിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി വന്ന റിസൾട്ടുകൾ ജനാധിപത്യ വിശ്വാസികൾക്ക് ആശ്വസിക്കാവുന്നതാണ് എന്ന് കരുതുന്നതിൽ തെറ്റില്ല. 2010 മുതൽ തുടർച്ചയായ 14 വർഷം അധികാരത്തിലിരുന്ന കൺസർവേറ്റീവുകൾക്ക് അധികാരം നഷ്ടപ്പെട്ടു. സെൻട്രൽ-ലെഫ്റ്റ് നിലപാടുകൾ എടുക്കുന്ന ലേബർ പാർട്ടി മഹാഭൂരിപക്ഷം നേടി അധികാരത്തിൽ വന്നു. 625ൽ 412 സീറ്റും നേടിയാണ് ലേബർ പാർട്ടി അധികാരത്തിലേറിയത്. അതേസമയം റിഫോം യു.കെ പാർട്ടി 14 ശതമാനം വോട്ട് നേടിയെന്നതും ശ്രദ്ധേയമാണ്. ഇറ്റലിയിൽ തീവ്ര ദേശീയ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോർജിയ മെലോണി 2022ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പടിഞ്ഞാറൻ യൂറോപ്പിൽ വലത് തരംഗം ശക്തമായത്.

ഫ്രാൻസിലെ ഇടതുസഖ്യമായ എൻ.എഫ്.പിയിലെ മുഖ്യപാർട്ടിയായ ‘ഫ്രാൻസ് അൺബൗണ്ട്’ മുതിർന്ന നേതാവ് ഴാൻ ലുക് മിലോഷൻ സംസാരിക്കുന്നു. കടപ്പാട്: bbc.com

ഈ തെരഞ്ഞെടുപ്പുകളുടെ പൊതു പശ്ചാത്തലത്തിലാണ് ഫ്രാൻസിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നിലപാടെടുക്കുന്ന മാരി ലീ പെന്നിന്റെ നാഷണൽ റാലി പാർട്ടി വലിയ വിജയം നേടിയിരുന്നു. ഫ്രഞ്ച് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ റാലി വലിയ ഭൂരിപക്ഷം നേടുമെന്നായിരുന്നു പൊതുവെയുള്ള പ്രവചനം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം അതിലേക്കുള്ള സൂചനകൾ നൽകുകയും ചെയ്തു. എന്നാൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും അട്ടിമറിക്കുന്നതാണ് ഫ്രാൻസിൽ നിന്ന് വന്ന തെരഞ്ഞെടുപ്പ് ഫലം. 182 സീറ്റുകൾ നേടി ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് ഒന്നാമതും നിലവിലെ പ്രസി‍ഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിനൈസൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻസെംബിൾ ബ്ലോക്ക് 168 സീറ്റുകൾ നേടി രണ്ടാമതും എത്തിയപ്പോൾ, കഠിനമായ കുടിയേറ്റ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും വംശീയ ദേശീയതയും മുന്നോട്ടുവെക്കുന്ന നാഷണൽ റാലിക്ക് 143 സീറ്റ് മാത്രം നേടാനാണ് സാധിച്ചത്. തൂക്കു മന്ത്രിസഭക്കുള്ള സാധ്യതയാണ് ഫ്രാൻസിൽ കാണുന്നത്.

ഫ്രാൻസിന്റെ ജനാധിപത്യ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന ഫലമെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. 1789ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാ​ഗമായി ഉയർന്നുവന്ന സമത്വം-സാഹോദര്യം-സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമാണ് ആധുനിക ലോകരാഷ്ട്ര വ്യവസ്ഥയുടെ അടിത്തറയായി വർത്തിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ പാരമ്പര്യമുള്ള ഫ്രാൻസിലെ ജനത തീവ്ര വലതുപക്ഷത്തേക്ക് പൂർണമായും ചാഞ്ഞില്ല എന്നത് ഫ്രാൻസിന്റെ ചരിത്രാനുഭവത്തോട് നീതി പുലർത്തുന്ന ഒരു സംഭവമാണ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാരി ലീ പെൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന അഭിപ്രായവും ശക്തമാണ്. പക്ഷേ, ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ അത്തരമൊരു തീരുമാനത്തിലേക്ക് ഫ്രാൻസ് പോകാനുള്ള സാധ്യത നന്നേ കുറവാണ് എന്നാണ് എന്റെ നിരീക്ഷണം.

ഫ്രാൻസിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ നിന്നുള്ള ദൃശ്യം കടപ്പാട്: hindustantimes.com

യൂറോപ്യൻ യൂണിയന്റെ (ഇ.യു) അമരസ്ഥാനത്തുള്ള രണ്ട് രാജ്യങ്ങളാണ് ജർമനിയും ഫ്രാൻസും. ബ്രക്സിറ്റിന് ശേഷം ഇം​ഗ്ലണ്ട് യൂറോപ്യൻ യൂണിയനിൽ ഇല്ല. സ്വാഭാവികമായും ഇ.യുവിലെ വലിയ സാമ്പത്തിക ശക്തിയെന്ന നിലക്ക് ജർമനിയും ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തിയെന്ന നിലക്ക് ഫ്രാൻസും നിർണായക സ്ഥാനത്താണ് നിലകൊള്ളുന്നത്. യൂറോപ്യൻ യൂണിയന്റെ വിദേശ നയം, ആഭ്യന്തര നയം, കുടിയേറ്റ നയം എന്നിവ നിശ്ചയിക്കുന്നതിൽ ഫ്രാൻസിന് വലിയ റോളുണ്ട്. സ്വാഭാവികമായും ഇടതുപക്ഷത്തിന്റെ നേതൃത്വത്തി‍ൽ നിലവിൽ വരുന്ന ​ഗവൺമെന്റ് തീവ്ര വലതുപക്ഷത്തേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന ലോകക്രമത്തിന് പുതിയ ദിശബോധം നൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശ​കത്തിന്റെ തുടക്കത്തോടെ തന്നെ യൂറോപ്പിലാകെ ഒരു തീവ്ര വലതുപക്ഷ തരം​ഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വംശീയ ദേശീയത, കുടിയേറ്റ വിരുദ്ധത എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ രാഷ്ട്രീയമാണ് അവിടെ വളർന്നുവരുന്നത്. പ്രത്യേകിച്ചും പശ്ചിമ യൂറോപ്പിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി നേരിട്ട് ​ബന്ധമുള്ള കാര്യമാണത്. ഇം​ഗ്ലണ്ടിന്റെ കാര്യം തന്നെയെടുക്കുക. യൂറോപ്യൻ യൂണിയന്റെ ഭാ​ഗമായി തുടരുന്നത് കൊണ്ട് അവർക്ക് അഭയാർത്ഥികളെ സ്വീകരിക്കേണ്ടി വന്നു. ഇത് ബ്രിട്ടീഷുകാരായ ആളുകളുടെ തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചു, ലണ്ടൻ പോലുള്ള മഹാന​ഗരങ്ങളിൽ സെക്യൂരിറ്റി പ്രശ്നങ്ങൾ വർധിച്ചു, ക്രൈം റേറ്റ് കൂടി എന്നീ വാദങ്ങൾ ശക്തിപ്പെട്ടു. ഈയൊരു പശ്ചാത്തലത്തിലാണ് ബ്രക്സിറ്റ് സാധ്യമാക്കി ഇം​ഗ്ലണ്ട് ഇ.യുവിൽ നിന്ന് പുറത്തുപോകുന്നത്. ആ സമയത്ത് കുടിയേറ്റ വിരുദ്ധത, മുസ്ലിം വിരുദ്ധത എന്ന അർത്ഥത്തിലും കൂടി അവതരപ്പിച്ചവരാണ് റിഫോം യു.കെ എന്ന പാർട്ടി. ഫ്രാൻസിലെ നാഷണൽ റാലിയും വ്യത്യസ്തമല്ല. ജർമനിയിൽ എ.എസ്.‍ഡി (അലയൻസ് ഫോർ സെക്യൂറിം​ഗ് ഡെമോക്രസി) ഇത്തരത്തിലൊരു പാർട്ടിയാണ്. ​ബ്രിട്ടനിൽ നാല് സീറ്റേ ഉള്ളുവെങ്കിലും ആകെ 14 ശതമാനം വോട്ടു നേടാൻ റിഫോം യു.കെക്കായി എന്നതും ആകെയുണ്ടായിരുന്ന 88 സീറ്റിൽ നിന്ന് 143ലേക്ക് കുതിച്ചു ചാടാൻ നാഷണൽ റാലിക്കായി എന്നതും ഏറെ പ്രാധാന്യത്തോടെ തന്നെ നാം കാണേണ്ടതുണ്ട്. തീവ്രവലതുപക്ഷം അധികാരം നേടുന്ന തരത്തിൽ വൻ മുന്നേറ്റം പ്രതീക്ഷിക്കപ്പെട്ടിരുന്നിടത്ത് അത്തരമൊരു സാഹചര്യം ഫ്രാൻസിൽ വന്നില്ല എന്നതാണ് ആകെയുള്ള ആശ്വാസം. അതേസമയം പശ്ചിമ യൂറോപ്പിലെ പ്രധാന രാജ്യങ്ങളായ ജർമനി, ഇറ്റലി, ഫ്രാൻസ്, ഇം​ഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിൽ തീവ്ര വലതുപക്ഷ ശക്തികൾ കൂടുതൽ ശക്തിയാർജിക്കുകയും ചെയ്യുന്നുവെന്നത് ​ഗൗരവത്തിൽ കാണേണ്ട കാര്യവുമാണ്.

മതേതര-ജനാധിപത്യ പക്ഷത്ത് നിലയുറപ്പിക്കുന്ന പാർട്ടികൾ ഐക്യപ്പെട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെങ്കിൽ ഇപ്പോഴും പാർലമെന്റിൽ ഭൂരിപക്ഷം കിട്ടും എന്നതിൽ സംശയമില്ല. അത്തരത്തിലൊരു ഐക്യം പരിമിതമായ തോതിലെങ്കിലും ഉണ്ടായതുകൊണ്ടാണ് 243 സീറ്റുമായി ശക്തമായ ഒരു പ്രതിപക്ഷം ഇന്ത്യയിൽ ഉണ്ടായത്. ഫ്രാൻസിലും സമാന സാഹചര്യമാണ് ഉണ്ടായത്. വിയോജിപ്പുകൾക്കിടയിലും ഇടതു പക്ഷവും മക്രോണിന്റെ മധ്യ-വലതുപക്ഷ പാർട്ടിയും സഹകരിച്ചതുകൊണ്ടാണ് തീവ്രവലതുപക്ഷത്തെ മാറ്റി നിർത്താൻ സാധിച്ചത്. ഫ്രാൻസിന്റെ രാഷ്ട്രീയ ചരിത്രം എടുത്താൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാൾ മാക്രോണാണ്. അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇത് പ്രധാനമാണ്. നിലവിലെ ഐക്യം നിലനിർത്തിയാൽ വലതുപക്ഷത്തിന്റെ മുന്നേറ്റം തടയാൻ സാധിക്കും.

ഇറാനിലെ കാര്യമെടുക്കുക, പ്രസിഡന്റിന് വലിയ തോതിലുള്ള അധികാരം ഒന്നുമില്ലെങ്കിലും പരമോന്നത നേതാവായ ആയത്തുല്ല ഖുമൈനി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളയാളാണ് പ്രസിഡന്റ്. ഒരു ലിബറൽ ഡെമോക്രാറ്റാണ് മസൂദ് പെസഷ്കിയാൻ. തീവ്ര യാഥാസ്ഥിക പക്ഷത്തുള്ളയാളല്ല അദ്ദേഹം. ഇറാനിലും ജനങ്ങളെ കേൾക്കുന്ന, ലിബറൽ നിലപാടുകളുമായി മുന്നോട്ടുപോകുന്ന പെസഷ്കിയാനാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ലോകത്ത് ഒരുതരത്തിൽ തീവ്ര വലതുപക്ഷ തരംഗം ഉണ്ടാകുമ്പോൾ തന്നെ സമാന്തരമായി ഒരു ജനാധിപത്യ മുന്നേറ്റവും ഉണ്ടാകുന്നു എന്നത് ചേർത്തു വായിക്കേണ്ടതുണ്ട്. മാനവികതയ്ക്കു വേണ്ടി ശബ്ദിക്കുന്ന, മനുഷ്യപക്ഷത്ത് നിന്ന് ചിന്തിക്കുന്ന മനുഷ്യർ ഐക്യപ്പെടേണ്ടതിനെക്കുറിച്ചാണ് ഫ്രാൻസിലെയും ഇറാനിലെയും ബ്രിട്ടനിലെയുമെല്ലാം വിജയം സൂചിപ്പിക്കുന്നത്.

മസൂദ് പെസഷ്കിയാൻ. കടപ്പാട്: cnbc.com

ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ നേതാവായിരുന്ന ജെർമി കോർബിന് പകരക്കാരനായിട്ടാണ് സ്റ്റാർമർ അധികാരത്തിലെത്തുന്നത്. പലസ്തീൻ ഒരു സ്വതന്ത്ര്യ രാജ്യമായി അംഗീകരിക്കണം എന്ന് ലോക വേദികളിൽ നിരന്തരം ആവശ്യപ്പെട്ട മനുഷ്യനായിരുന്നു ജെർമി കോർബ്. അതിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് ലേബർ പാർട്ടി ഇപ്പോൾ സ്വീകരിച്ചിട്ടില്ല. സ്വതന്ത്ര്യ പലസ്തീൻ എന്ന ആശയത്തോട് കൂടുതൽ അനുഭാവപൂർണമായ നിലപാട് ബ്രിട്ടൻ സ്വീകരിക്കാനാണ് സാധ്യത. ഫ്രാൻസിലെ ഇടതുനയം പലസ്തീൻ വിഷയത്തോട് ഐക്യപ്പെട്ട് നിൽക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല. അനാവശ്യ ഉപരോധ വ്യവസ്ഥകൾ യൂറോപ്പിനെ മറ്റു രാജ്യങ്ങളിൽ നിന്ന് അകറ്റുകയേ ഉള്ളൂവെന്ന് വാദിക്കുന്ന ഇവർ ഇറാനുമായുള്ള ബന്ധവും സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെടുന്ന കൂട്ടരാണ്.

സമീപകാലത്ത് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വളരെ ശക്തമായ ബന്ധം ഇന്ത്യയും ഫ്രാൻസും തമ്മിൽ രൂപപ്പെട്ട് വന്നിട്ടുണ്ട്. പ്രത്യേകിച്ച് സൈനിക രംഗത്ത്. നമ്മൾ അവരുടെ യുദ്ധവിമാനങ്ങൾ വാങ്ങുന്നുണ്ട്. ഇന്ന് ലോകത്ത് ഇന്ത്യ ശക്തമായ സൈനിക ബന്ധം കാത്തുസൂക്ഷിക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങൾ റഷ്യ, ഇസ്രായേൽ, അമേരിക്ക, ഫ്രാൻസ് എന്നിവയാണ്. ഇന്ത്യയിലേക്ക് ആയുധങ്ങൾ ഇറക്കുമതി ചെയ്യുകയും തന്ത്രപ്രധാനമായ നീക്കുപോക്കുകൾ നടത്തുകയും ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളിൽ റഷ്യ കഴിഞ്ഞാൽ രണ്ടാമത് ഫ്രാൻസാണ്. സ്വാഭാവികമായും ഇതുവരെ നിലനിന്നുപോന്നിരുന്ന ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന് ഉലച്ചിൽ തട്ടാൻ സാധ്യതയില്ല. ബന്ധം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.

(തയ്യാറാക്കിയത്: വി.പി.എം സ്വാദിഖ്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read