Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ജി20 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യയിലുടനീളം നിർബന്ധിത കുടിയൊഴിപ്പിക്കൽ നടക്കുന്നു എന്ന് ‘The Forced Evictions Across India and G20 Events’ എന്ന റിപ്പോർട്ട്. ‘കൺസേൺഡ് സിറ്റിസൺസ്’ എന്ന കൂട്ടായ്മ പൊതുതെളിവെടുപ്പിലൂടെ തയ്യാറാക്കിയ ഈ റിപ്പോർട്ട് 2023ന് ജൂലൈ 13ന് ദില്ലിയിലെ ഫോറിൻ കറസ്പോണ്ടൻസ് ക്ലബിൽ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തക പമേല ഫിലിപ്പോസ്, മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ, ഷിംല മുൻ ഡെപ്യൂട്ടി മേയർ ടികേന്ദർ സിംഗ് പൻവാർ, മുതിർന്ന അഭിഭാഷകൻ ആനന്ദ് യാഗ്നിക് എന്നിവരായിരുന്നു പൊതുതെളിവെടുപ്പിൽ അംഗങ്ങളായിരുന്നതും റിപ്പോർട്ട് തയ്യാറാക്കിയതും.
“ഇന്ത്യയുടെ ദേശീയ തലസ്ഥാനത്ത് മെഗാ പരിപാടികൾ പ്രഖ്യാപിക്കപ്പെടുമ്പോഴെല്ലാം നഗരത്തിന്റെ ചേരിപ്രദേശങ്ങളിൽ അനിശ്ചിതത്വം ഉടലെടുക്കാറുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ പേരിലാണ് ഇത്തവണ ആ അനിശ്ചിതത്വം ഉയർന്നുവന്നിരിക്കുന്നത്. ഇന്ത്യയുടെ ശക്തിയും ആഢംബരവും കാണിക്കുന്നതിനുള്ള ഒരു വലിയ പബ്ലിക് റിലേഷൻ അഭ്യാസമായി മാറിയിരിക്കുകയാണ് ജി 20 ഉച്ചകോടിയുടെ ഭാഗമായ പരിപാടികൾ. സൗന്ദര്യവൽക്കരണ പരിപാടികൾ, കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ, യമുന വെള്ളപ്പൊക്ക പ്രദേശങ്ങളുടെ സംരക്ഷണം, സ്മാരകങ്ങളുടെ സംരക്ഷണം എന്നീ പേരിൽ നഗരത്തിലുടനീളം ജനവാസകേന്ദ്രങ്ങൾ തകർക്കപ്പെടുന്നു. തുഗ്ലക്കാബാദിലെയും മെഹ്‌റൗളിയിലെയും പൊളിക്കലുകൾ ജി20 പ്രതിനിധികൾക്കായി ആസൂത്രണം ചെയ്യുന്ന ‘പൈതൃക നടത്തം’പരിപാടിയുമായി ബന്ധപ്പെട്ടാണ്. ഏറ്റവും വലിയ പൊളിക്കൽ നടന്ന തുഗ്ലക്കാബാദിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം 2,50,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.” വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ ആമുഖം പറയുന്നു.
2023 മെയ് 23ന് ആണ് ദില്ലിയിലെ സുർജിത് ഭവനിൽ പൊതുതെളിവെടുപ്പിന്റെ ഭാഗമായ ഹിയറിംഗ് നടന്നത്. മുംബൈ, കൊൽക്കത്ത, നാഗ്പൂർ, ഇൻഡോർ, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിർബന്ധിത കുടിയൊഴിപ്പിക്കലിന്റെ വേദനാജനകമായ അനുഭവങ്ങൾ സമിതിക്ക് മുമ്പാകെ വച്ചു. പൊതുതെളിവെടുപ്പിൽ ഇവർ നൽകിയ സാക്ഷ്യങ്ങൾ റിപ്പോർട്ട് സംഗ്രഹിക്കുന്നുണ്ട്. ഹിയറിംഗിനിടെ ഹാജരാക്കിയ തെളിവുകൾ അധികാരികൾ ദുരിതബാധിതരായ സമൂഹങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച ക്രൂരത വെളിപ്പെടുത്തുന്നവയായിരുന്നു. ആ വാക്കുകൾ റിപ്പോർട്ടിൽ ഉദ്ധരണികളായി ഉൾച്ചേർത്തിട്ടുണ്ട്.
മനുഷ്യാവകാശ പ്രവർത്തകനായ ഹർഷ് മന്ദർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു, “ഈ ദുരിതപൂർണമായ സംഭവങ്ങൾ സർക്കാർ പ്രകടിപ്പിക്കേണ്ട അനുകമ്പയുടെ അഭാവത്തെക്കുറിച്ച് അഗാധമായ ചോദ്യങ്ങൾ ഉയർത്തുന്നു. മുൻകൂർ നോട്ടീസ് നൽകാത്തതെ ക്രൂരമായി വീടുകൾ പൊളിക്കുന്നത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഈ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണെന്ന ധാരണ ഈ മനുഷ്യർക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനുള്ള ന്യായീകരണമായി മാറുന്നു.”
നിർബന്ധിത കുടിയൊഴിപ്പിക്കലിന്റെ ഏറ്റവും വേദനാജനകമായ ഒരു സംഭവമാണ് ദില്ലി നഗരത്തിൽ യമുന തീരത്ത് താമസിച്ചിരുന്ന ഭവനരഹിതരുടെ ഷെൽട്ടറുകൾ തകർത്തത്. 2023 മാർച്ച് മാസത്തിൽ, DUSIB (Delhi Urban Shelter Improvement Board) യമുനയുടെ തീരത്തുള്ള നിരവധി ഷെൽട്ടറുകൾ തകർത്തു. സരായ് കലൈഖാനിൽ ദരിദ്രരായ മനുഷ്യർ താമസിച്ചിരുന്ന അഭയകേന്ദ്രവും പൊളിച്ചുനീക്കി. ജി 20 വേദിയിലേക്ക് വരുന്ന വിശിഷ്ടാതിഥികൾക്കായി സമീപത്ത് ഒരു പാർക്ക് നിർമ്മിച്ചതിനാലാണ് ഈ പൊളിച്ചുനീക്കൽ.
“കഠിനമായ കാലാവസ്ഥയിലും ഇവിടെ താമസിക്കുന്ന മനുഷ്യരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാതെ അവരെ ഭവനരഹിതരാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സെപ്തംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഇന്ത്യ വളർന്നുവരുന്ന താരമായി ഉയർത്തിക്കാട്ടപ്പെടാൻ വേണ്ടിയാണ് ഇത്. ഈ മനുഷ്യരെ നിരന്തരം അവഗണിച്ച ശേഷം ഇവരിൽ നിന്ന് തന്നെ അതേ സർക്കാർ വോട്ട് തേടുന്നത് വിരോധാഭാസമാണ്.” സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകയുമായ പമേല ഫിലിപ്പോസ് പറഞ്ഞു,
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി 2023 മാർച്ചിൽ നാഗ്പൂരിൽ നടന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ സി 20 സമ്മേളനത്തിന്റെ ഭാഗമായി ചേരികൾ പച്ച തുണികൊണ്ട് മറയ്ക്കുകയുണ്ടായി. ജി 20 മീറ്റിംഗിന്റെ ഭാഗമായി വിശാഖപട്ടണത്തിന്റെ ഹൃദയഭാഗത്ത് 5.5 അടി ഉയരമുള്ള പച്ച ഷീറ്റുകൾ എ.എസ്.ആർ നഗറിലെ നൂറിലധികം ആദിവാസി കുടുംബങ്ങളുടെ കുടിലുകൾ മറയ്ക്കുന്നതിനായി സ്ഥാപിച്ചു. റിപ്പോർട്ട് ഇക്കാര്യങ്ങൾ വിശദമാക്കുന്നു.
“സ്മാർട് സിറ്റി മിഷൻ, സ്വച്ഛ് ഭാരത് തുടങ്ങിയ ഇടപെടലുകൾ ഉണ്ടായിട്ടും നഗരങ്ങളുടെ കാര്യത്തിൽ വ്യത്യാസമുണ്ടായിട്ടില്ല എന്നത് നിരാശാജനകമാണ്. ഇന്ത്യൻ നഗരങ്ങളിലെ ദരിദ്രരമായ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സവിശേഷമായ പദ്ധതികൾ രൂപീകരിക്കുന്നതിന് പകരം ദരിദ്രരെ അവർ ജീവിക്കുന്ന ഇടങ്ങളിൽ നിന്ന് പുറത്താക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.” വസ്തുതാന്വേഷണ സമിതി അംഗവും ഷിംല മുൻ ഡെപ്യൂട്ടി മേയറുമായ ടികേന്ദർ സിംഗ് പൻവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജി 20 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകളുടെ പേരിൽ ഏകദേശം 2,50,000 മുതൽ 3,00,000 വരെ വ്യക്തികളെ യമുന സമതലത്തിലുള്ള തുഗ്ലക്കാബാദ്, ബേല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചതായി കുടിയൊഴിപ്പിക്കലിനെതിരെ പ്രവർത്തിക്കുന്ന ‘ബസ്തി സുരക്ഷാ മഞ്ചി’ന്റെ പ്രവർത്തകൻ ഷക്കീൽ അബ്ദുൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ കുടിയൊഴിപ്പിക്കലുകളെക്കുറിച്ച് പഠിക്കുന്ന ‘ലാന്റ് കോൺഫ്ലിക്ട് വാച്ച്’ എന്ന സംഘടനയുടെ പ്രതിനിധി പൃഥിരാജ് ഈ കുടിയൊഴിപ്പിക്കലിന് പിന്നിലെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്നു. റിപ്പോർട്ടിൽ പൃഥിരാജിന്റെ വിശദീകരണം ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “ദില്ലി മെഹ്‌റോളിയിൽ അനധികൃതമായ ഭൂമിയിൽ താമസിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഇടത്തം സാമ്പത്തികശേഷിയുള്ള 700 വീട്ടുടമസ്ഥർക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആത്യന്തികമായി ഇവിടെ തകർക്കപ്പെട്ടത് 25 വീടുകൾ മാത്രമാണ്. മറുവശത്ത്, അതിദരിദ്രർ താമസിക്കുന്ന തുഗ്ലക്കാബാദിൽ 1500 ഓളം വീട്ടുടമസ്ഥർക്ക് നോട്ടീസ് നൽകുകയും 3000 വീടുകൾ തകർക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ പക്ഷപാതിത്വം വ്യക്തമാക്കുന്ന നടപടിയാണ്.”
“അവർ പ്രവർത്തിക്കാതെ നഗരത്തിന് ഒരു ദിവസം പോലും ഓടാൻ കഴിയില്ല. പക്ഷെ നമ്മൾ അവർക്ക് ഇടം നൽകുന്നതേയില്ല. അവർ അലാദ്ദീന്റെ കഥയിലെ ജിന്നിനെപ്പോലെ ആകണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്- ഞങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകിയ ശേഷം നിങ്ങൾ അപ്രത്യക്ഷരാകൂ.” സമിതി അംഗമായ ഹർഷ് മന്ദർ റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു.