ഇൻഡ്യ എന്ന ഐഡിയ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

റോമിള ഥാപ്പറും ​ഗായത്രി ചക്രവർത്തി സ്പിവാക്കും തമ്മിൽ പരസ്യമായി നടന്ന സംഭാഷണമാണ് ‘ഇൻഡ്യ എന്ന ഐഡിയ’. ബുദ്ധിമതികളും മഹാപണ്ഡിതകളും സുന്ദരികളുമായ രണ്ട് പ്രൗഢ ബുദ്ധിജീവികൾ അരങ്ങിലവതരിപ്പിച്ച ഇടപാടാണിത്. അടുത്ത കൂട്ടുകാരികളാണിവർ. ഡൽഹിയിലും ന്യൂയോർക്കിലുമൊക്കെ ഇവർ ഒത്തൊരുമിച്ച് സംസാരിച്ചിട്ടുണ്ട്. വാദപ്രതിവാദങ്ങൾ നടത്തിയിട്ടുണ്ട്. വഴക്കടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകം ഒരു ഡയലോ​​ഗ് ആണെന്ന് കവറിൽ തന്നെയുണ്ട്. ഡയലോ​ഗിൽ ഏർപ്പെടുന്നവർ സമവായത്തിൽ എത്തിക്കൊള്ളണമെന്നൊന്നുമില്ല. എന്നാൽ രണ്ടോളേയും പരസ്പരം ​ഗൗരവമായെടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു പൊതു പരിസരം വേണം താനും. ഇന്നത്തെ ഇൻഡ്യയെ കുറിച്ചുള്ള ആശങ്കകളാണ് ഈ പൊതു പരിസരം. ഇൻഡ്യ എന്ന സ്വത്വത്തിലൂന്നൂന്ന സാംസ്കാരിക ദേശീയ വാദവും മതസ്പർദ്ധയും അവ കൊണ്ടുവരുന്ന അധികാര രൂപങ്ങളും എന്ത് ഇൻഡ്യയെയാണ് രൂപപ്പെടുത്തുന്നത് എന്ന ചോദ്യമാണ് രണ്ടുപേരും പങ്കുവെക്കുന്നത്.

ഏറെ സൗഹൃദവും കുലീനതയും സൂക്ഷിക്കുമ്പോഴും റോമിളയും ​ഗായത്രിയും ഈ ഡയലോ​ഗിലൂടെ വിപരീത കോണുകളിലേക്ക് നീങ്ങുന്നതാണ് നാം കാണുന്നത്. യോജിക്കുകയോ വിയോജിക്കുകയോ അല്ല. ചിന്തിച്ചും ചിന്താ മധുരമായി സംസാരിച്ചും അവർ മാന്യമായ അകലത്തിലേക്ക് മാറുകയാണ്. വിഭിന്ന വീക്ഷണങ്ങൾ ഉള്ളവർ സംസാരിച്ച് അടുക്കുന്നതാണ് നമുക്ക് പരിചയമുള്ള സംഭാഷണ രീതി. അല്ലെങ്കിൽ അടിച്ചുപിരിയും. ദേശീയ വാദത്തിന്റെ അനുകൂലികളും പ്രതികൂലികളും അവരവരുടെ വാട്ട്സാപ്പ് ​ഗ്രൂപ്പുകളിൽ അവർ കേൾക്കാനാ​ഗ്രഹിക്കുന്നത് മാത്രം വീണ്ടും വീണ്ടും പറയുന്ന പതിവ് രീതിയല്ല ഇവരുടേത്. പരസ്പര കാലുഷ്യമേതുമില്ലാതെ, കൂട്ടുവെട്ടാതെ, ഇവർ പറഞ്ഞകലുന്നു.

ദി ഐഡിയ ഓഫ് ഇൻഡ്യ ഡയലോ​ഗിൽ റോമിള ഥാപ്പറും ​ഗായത്രി ചക്രവർത്തി സ്പിവാക്കും. കടപ്പാട്:historyforpeace.pw

റോമിള വളർന്നത് കന്റോൺമെന്റ് സംസ്കാരത്തിലും ദേശീയതയിലുമാണ്. സ്വാതന്ത്ര്യത്തിന് മുൻപ് വെള്ളക്കാരും ഇൻഡ്യക്കാരും ഒരുമിച്ച് കഴിയുകയും എന്നാൽ അകലം സൂക്ഷിക്കുകയും ചെയ്ത സംരക്ഷിത കോളനിയായിരുന്നു കന്റോൺമെന്റുകൾ. അവിടെ ഇൻഡ്യക്കാരെ ഇൻഡ്യക്കാർ മാത്രമേ സന്ദർശിച്ചിരുന്നുള്ളൂ എന്ന് റോമിള ഓർക്കുന്നുണ്ട്. സ്വതന്ത്ര ഇൻഡ്യയിൽ തന്നെ വരേണ്യമായ സംരക്ഷിത വലയത്തിൽ വളരുകയും എന്നാൽ ഇൻഡ്യയെ മുഴുവനായും ചിന്തിച്ചുൾക്കൊള്ളാൻ ശ്രമിക്കുകയാണ് റോമിള.

കൽക്കട്ടയിലെ വരേണ്യതയിൽ ജനിച്ചു വളർന്ന ​ഗായത്രി അറിഞ്ഞിരുന്നത് വർ​ഗീയ ലഹളയും പട്ടിണിയും രോ​ഗവും വഷളാക്കിയ ഇൻഡ്യയെയാണ്. താൻ ഇൻഡ്യക്കാരിയല്ല എന്ന തോന്നലാണത് അവരിലുണ്ടാക്കിയത്. പിന്നീട് വിദ്യാർത്ഥിയായി അമേരിക്കയിലെത്തിയപ്പോൾ ഹിപ്പികളുടെ ഇൻഡ്യയാണവരെ എതിരേറ്റത്. ഇപ്പോൾ ഹിന്ദു പ്രവാസികളുടെ ഇൻഡ്യയാണ്. ​ഗായത്രിക്ക് ഇവയിലൊന്നിലും പെടാനായില്ല. എല്ലാ വർഷവും ബം​ഗാളിലെ ആദിവാസിക്കുട്ടികളെ പഠിപ്പിക്കാനും അവരോടൊപ്പം കഴിയാനും എത്തുമ്പോഴും അവരെ ജനാധിപത്യത്തിന് തയ്യാറാക്കുമ്പോഴും “ഞങ്ങളുടെ ഇൻഡ്യ”യെ വിമർശനപൂർവ്വം കണ്ടു ​ഗായത്രി.

ഇൻഡ്യക്കാരായായിരിക്കുമ്പോഴും ഇൻഡ്യയിൽ നിന്ന് ഒരകലത്തിലാണ് ഇവര‍്‍ തുടങ്ങുന്നത്. “ഞങ്ങൾ ഇൻഡ്യക്കാർ, മേരാഭാരത് മഹാൻ” എന്ന ഉടമസ്ഥതയും സ്വത്വബോധവും ആവേശവുമല്ല ഇവരുടെ സംഭാഷണത്തെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇൻഡ്യ ഒരാശയത്തേക്കാൾ അരങ്ങാണ്. ഹിന്ദുത്വയും ഫാസിസത്തിനും എതിരായ മുദ്രാവാക്യ ആഘോഷത്തിൽ നിന്നും തെല്ലുമാറിയിരുന്ന് സ്വസ്ഥമായി ചിന്തിക്കാനും സ്നേഹത്തോടെ അകലാനുമുള്ള അരങ്ങ്.

റോമിള ഥാപ്പർ. കടപ്പാട്:thedharmadispatch

ഇൻഡ്യ ഒരു ഐഡിയാ ആണോ? റോമിളയും ​ഗായത്രിയും ആശയവാദികളല്ല. ആശയങ്ങൾ യാഥാർത്ഥ്യത്തിന് മുകളിലൂടെ തെന്നി തെറിച്ചുപോവുകയും അർത്ഥങ്ങൾ മാറ്റുകയും ചെയ്യുമെന്ന് റോമിള. ഇൻഡ്യയെന്ന ആശയത്തിന് വ്യക്തത വരുത്തി അർത്ഥം കൊടുത്ത് ഒരിടത്ത് തളച്ചിടാൻ നോക്കുമ്പോഴേക്കും അത് പുതിയ അർത്ഥങ്ങളുമായി തെന്നിമാറിക്കളയും. ചരിത്രകാരിക്കും ഇത് അസൗകര്യമാണ്. അവർക്ക് എന്തിനും സ്ഥലും കാലവുമൊക്കെ നിശ്ചയിക്കണമല്ലോ? എന്നാൽ ഇൻഡ്യയെന്ന ആശയത്തിന്റെ കാലം കാര്യമായി കണക്കാക്കുന്നുണ്ട് റോമിള. അത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തുണ്ടായ ആധുനികമായ ഒരാശയമാണ്.

എന്നാൽ ഇൻഡ്യയെന്ന നാമം, വാക്ക് പുതിയതല്ല. എന്നാൽ വേദകാലത്തോ ​ഗുപ്തകാലത്തോ മു​ഗൾ ഭരണത്തിൻ കീഴിലോ ഈ വാക്കിന്റെ വകഭേദങ്ങളിൽ ഒരു ജനത തിരിച്ചറിഞ്ഞിരുന്നു എന്ന് നമുക്ക് പറയാനാവില്ല. ബി.സി മൂന്നാം സഹസ്രാബ്ദത്തിലെ സുമേറിയക്കാർ സിന്ധു സംസ്കാരത്തെ മേലുഹ എന്ന് വിളിച്ചിരുന്നു. പിന്നീട് വേദകാലത്ത് ആര്യാവർത്തത്തിന്റെ ഭൂമിശാസ്ത്രം ബുദ്ധരും ജൈനരും മനുവാദികളും കണ്ടത് ഒരുപോലെയല്ല. അശോകന്റെ ലിഖിതങ്ങളിൽ ഭാരതവർഷമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ പശ്ചിമേഷ്യൻ രേഖകളിൽ അൽ-ഹിന്ദാണ്. ഇവരെല്ലാം ഈ പദങ്ങൾ ഉപയോ​ഗിച്ചത് ഒരേ വസ്തുവിനെയോ ഭൂപ്രദേശത്തെയോ കുറിക്കാനല്ല. ബ്രിട്ടീഷുകാർ കിഴക്ക് അവർ കീഴടിക്കിയ ഭൂപ്രദേശത്തെ ഇൻഡ്യ എന്ന് വിളിച്ചു. പിന്നീട് 1920 തോടെ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനം ഇൻഡ്യയെന്ന പേരിൽ സംസ്കാരം, ഭാഷ, മതം ഇവ ഉൾച്ചേർത്ത് ഇന്ന് നമ്മൾ വിളിക്കുന്ന ഇൻഡ്യയെ കണ്ടെത്തി. ഇതോടെ രണ്ട് ഇൻഡ്യകൾ കൂടി ഉണ്ടായി എന്ന് റോമിള – ഹിന്ദു മഹാസഭയുടെ ഹിന്ദു ഇൻഡ്യയും മുസ്ലീം ലീ​ഗിന്റെ ഇൻഡ്യയല്ലാത്ത പാക്കിസ്ഥാനും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സോഷ്യലിസ്റ്റ് ഇൻഡ്യയും ഉണ്ടായി വന്നു. ചുരുക്കത്തിൽ ഇൻഡ്യ പലമയാണ്.

​ഗായത്രിയും ആശയത്തെ സംശയത്തോടെയാണ് കാണുന്നത്. ആശയത്തിന്റെ തെന്നിമാറലും അതുണ്ടാക്കുന്ന പലമയുമാണല്ലോ ചരിത്രകാരിയുടെ പ്രശ്നങ്ങൾ. എന്നാൽ ​ഗായത്രി ഒരടുക്കള പ്രയോ​ഗത്തിലൂടെയാണ് ആശയത്തിലെ അപകടത്തെ അവതരിപ്പിക്കുന്നത്. പലപല ചിന്തകളെ ഒരു കലത്തിലിട്ട് തിളപ്പിക്കുമ്പോൾ ഉപയോ​ഗിക്കുന്ന അടപ്പാണ് ആശയം. ഈ അ‍ടുപ്പിനടിയിൽ അടുപ്പിലെ ചൂടേറ്റ് ആശയക്കൂട്ടുകൾ ക്രിസ്റ്റലീകരിക്കുന്നു. രാഷ്ട്രത്തെക്കുറിച്ചുള്ള പല സങ്കൽപ്പനങ്ങൾ തിളപ്പിക്കാനിടുമ്പോൾ മുകളിലിരുന്ന അടപ്പാണ് ഇൻഡ്യ എന്ന ആശയം. ഒടുവിൽ ഇരുന്ന് തിളച്ച് അടഞ്ഞ കലത്തിനടിയിൽ രാഷ്ട്ര വസ്തു (Nation-thing) ഉറഞ്ഞുകൂടുന്നു. ഈ വസ്തുവാണ് അവക്ഷിപ്തമാണ് – അല്ലാതെ ദേശ രാഷ്ട്ര സങ്കല്പനങ്ങളല്ല ഇൻഡ്യയെന്ന ആശയത്തിൽ ഇൻഡ്യക്കാരെ ഉന്മത്തരാക്കുന്നത്. ആശയത്തിന് കീഴെ തിളച്ച് മറിയുന്ന നാനാർത്ഥങ്ങൾക്കിടയിൽ വഴുവഴുക്കുന്ന ദേശ-സാധനം ഊറിക്കൂടുന്നത് ​ഗായത്രി തിരിച്ചറിയുന്നു.

ഗായത്രി ചക്രവർത്തി സ്പിവാക്ക്. കടപ്പാട്:youtube

റോമിളയും ​ഗായത്രിയും കുട്ടികളായിരുന്നപ്പോൾ അവർ കണ്ട ഇൻഡ്യയുണ്ട്. റോമിള കന്റോൺമെന്റിലും ​ഗായത്രി കൽക്കട്ടയിലും കണ്ട ഇൻഡ്യ. അതിനപ്പുറത്തുള്ള ഇൻഡ്യയെക്കുറിച്ചുള്ള ഭാവനകളിലാണ് അവർ വളർന്നത്. പുസ്തകങ്ങളിലൂടെ അവരറിഞ്ഞ നെഹ്റു കണ്ടെത്തിയ ഇൻഡ്യ. പക്ഷേ അന്നൊന്നും ഈ സങ്കൽപ്പത്തിൽ പതിയിരുന്ന അപകടങ്ങൾ അവർ തിരിച്ചറിഞ്ഞിരുന്നില്ല.

വിദേശത്ത് പഠിക്കാൻ പോയ റോമിള ഇൻഡ്യയിൽ തിരിച്ചുവരുന്നത് പുതിയ ഇൻഡ്യയുടെ നിർമ്മാണത്തിൽ പങ്കാളിയാകാമെന്ന ഉത്സാഹത്തോടെയാണ്. എന്നാൽ സാമ്പത്തിക വികസനത്തിൽ മാത്രം ശ്രദ്ധിക്കുന്ന രാഷ്ട്ര നിർമ്മാണമാണ് ഇവി‍ടെ നടന്നത്. ജാതി, മതം തുടങ്ങിയവയൊക്കെ അവ​​ഗണിക്കപ്പെട്ടു. പാശ്ചാത്യ ലോകത്തിലേക്ക് കുടിയേറിയ പ്രവാസികളുടെ രാഷ്ട്രീയ സാംസ്കാരിക അരക്ഷിതത്വം ഇവിടെ സ്വാധീനം ചെലുത്തിതുടങ്ങി. ഇത് മധ്യവർ​ഗത്തിലെങ്കിലും ഇടുങ്ങിയ സ്വത്വ സങ്കല്പനങ്ങൾ വളർത്തിയെടുത്തു. സാമ്പത്തിക രം​ഗത്തെ ഏകപക്ഷീയമായ ഊന്നലിന് പകരം ജാതി, മതം, സംസ്കാരം, ഭാഷ ഇങ്ങിനെ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളും തമ്മിലുള്ള പരസ്പര ബന്ധങ്ങളിലുള്ള സമ​ഗ്രതയായി ഇൻഡ്യയെ കാണേണ്ടതുണ്ടെന്ന് റോമിള. ഇതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

ആശയത്തിന്റെ അടപ്പുപാത്രത്തിനടിയാൽ അടുപ്പിൽ ഊർന്നുകൂടുന്ന വഴുവഴുപ്പുള്ള ദേശ-സാധനത്തെ ഇൻഡ്യയെന്നു വിളിക്കണോ? അങ്ങിനെ ചെയ്താൽ അതിൽ പങ്കുപറ്റാത്ത ഇൻഡ്യക്കാരെക്കുറിച്ചാണ് നം ചിന്തിക്കേണ്ടതെന്ന് ​ഗായത്രി പറയുന്നു. വിദേശത്ത് വെച്ച് ഒരാളോട് സലാം അലൈക്കും എന്ന് പറഞ്ഞപ്പോൾ നിങ്ങൾ മുസ്ലീമാണോ എന്നായി മറുചോദ്യം. എന്നാൽ ഇതും ഒരു ഇൻഡ്യൻ അഭിവാദനമല്ലേ എന്ന് ​ഗായത്രി തിരിച്ച് ചോദിച്ചു. സ്വന്തം സ്വത്വ സങ്കൽപ്പത്തിൽ നിന്ന് മാറി നിന്ന് ഇൻഡ്യനാകുന്ന രീതിയാണ് ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.

റോമിളയും ​ഗായത്രിയും അദ്ധ്യാപികമാരാണ്. ഇൻഡ്യ എന്ന ആശയം എങ്ങിനെ പഠിപ്പിക്കണം എന്ന ചോദ്യത്തോടെയാണ് ​ഗായത്രി സംഭാഷണം ആരംഭിക്കുന്നതു തന്നെ. ജീവിത വിജയത്തേക്കാൾ വിമർശന ചിന്തയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന കാര്യത്തിൽ അവർ യോജിക്കുന്നു. ഉത്തരം പറയാനല്ല ചോദ്യങ്ങൾ ചോദിക്കാനാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്. ഭാഷാ സംസ്കാരങ്ങളുടെ സങ്കുചിതത്വത്തെ വിമർശനാത്മകമായി ഭേദിക്കാൻ ഇം​ഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യം റോമിള ഊന്നിപ്പറയുന്നുണ്ട്. ​ഗ്ലോബൽ സൗത്ത് എന്നത് വംശവെറിയിൽ നിന്ന് വരുന്ന ആശയമാണെന്ന് ​ഗായത്രിയും. എന്നാൽ ഇം​ഗ്ലീഷിനെ സംശയത്തോടെയാണ് ​ഗായത്രി കാണുന്നത്. ജാതി മത സംബന്ധങ്ങളില്ലാത്ത ശുദ്ധ സെക്കുലറിസ്റ്റായ ഒരു സിവിൽ നിയമം നമുക്കുണ്ടാക്കിക്കൂടെ എന്ന് ഇന്നും ചോദിക്കാൻ കഴിയുന്ന നിർമ്മല ബു​ദ്ധിയാണ് റോമിളയുടേത്.

ഈ ഇം​ഗ്ലീഷ് സെക്കുലറിസത്തെ ​ഗായത്രി നേരിടുന്നത് “Who are we”? എന്ന ചോദ്യത്തോടെയാണ്. നമ്മൾ സെക്കുലറിസ്റ്റുകളിൽ ഏറെ ദൂരെയാണ് താനെന്ന് അവർക്കറിയാം. മതത്തെ പറ്റിയുള്ള നമ്മുടെ വാദങ്ങളിലെ പ്രതിസന്ധിയിൽ നിന്നാണ് തുടങ്ങേണ്ടത്. ഇന്ന് മതം ബാത്റൂം പോലെ ഒരു സ്വകാര്യ ഇടമായിരിക്കുന്നു. ഇത് സെക്കുലറിസമല്ല. മതത്തിനെ നിഷേധിക്കുകയല്ല, ഡീ ട്രാൻസന്റലൈസ് (de transcendalise) ചെയ്യുകയാണ് വേണ്ടത്. എന്ന് വെച്ചാൽ മതത്തെ മുഖവിലയ്ക്കെടുക്കുക. (ഇതാണ് നാരായണ ​ഗുരു ചെയ്തത്. ചാത്തന്റെ ശല്യമാണെന്ന പരാതിയുമായെത്തിയ വിശ്വാസിക്ക് ചാത്തനുള്ള എഴുത്ത് സ്വന്തം ഒപ്പിട്ട് കൊടുത്തുവിട്ടു ​ഗുരു. മതവിശ്വാസം തെറ്റാണെന്ന് തെളിയാക്കാനോ, അതിന് അതിനപ്പുറമുള്ള മാനമോ അർത്ഥമോ വിശദീകരണമോ കല്പിച്ചു കൊടുക്കാനോ ​ഗുരു മെനക്കെട്ടില്ല. ഇതാണ് മതത്തിന്റെ ഡീ ട്രാൻസന്റലൈസേഷൻ. ഇതാണ് ​ഗ്രാസ് റൂട്ട് ലെവലിലുള്ള മതം).

ഒരിക്കൽ ബം​ഗ്ലാദേശിൽ വെച്ച് ​ഗായത്രി ദരിദ്രരായ ആളുകളുടെ കൂടെയിരുന്ന് ബീഫ് കഴിക്കുകയായിരുന്നു. അവർ പെട്ടെന്ന് ​ഗായത്രിയോട് ചോദിച്ചു, ഞങ്ങൾ കഴിക്കുന്നതിരിക്കട്ടെ പക്ഷേ (ഹിന്ദുവായ) നിങ്ങൾ എന്തിനാണ് ഇത് കഴിക്കുന്നത്. അവർ ​ഗായത്രിയുടെ മതവികാരത്തെ മാനിക്കാൻ ശ്രമിക്കുകയായിരുന്നു. അത്രയേയുള്ളൂ മതം. അതിനെ ഹിംസാത്മകമായ വ്യാത്യാസങ്ങളുണ്ടാക്കാനുള്ള ഉപകരണമാക്കാതിരുന്നാൽ മതി.

​ഗായത്രിയുടെ ഡി-ട്രാൻസന്റലൈസേഷൻ എന്ന ആശയം കൂടുതൽ വ്യക്തമാക്കാൻ നമുക്ക് രാമചന്ദ്ര ​ഗാന്ധിയുടെ മതസങ്കല്പനങ്ങളുടെ ലഭ്യത എന്ന (Availability of Religions Ideas) എന്ന പുസ്തകത്തിന്റെ സഹായം തേടാം. ദൈവം, പ്രാർത്ഥന, ആത്മാവ് തുടങ്ങിയ മതാത്മക സങ്കല്പനങ്ങൾ വിശ്വാസികളല്ലാത്തവർക്കും ലഭ്യമാണ് എന്ന് രാമചന്ദ്ര​ഗാന്ധി വാദിക്കുന്നു. നിങ്ങളുടെ അടുത്ത ഒരാൾ മാറാരോ​ഗം ബാധിച്ച് മരണത്തോട് മല്ലിടുമ്പോൾ എല്ലാ ശാസ്ത്രനിയമങ്ങൾക്കും അപ്പുറം ഏതോ അത്ഭുതമെന്നോണം അയാൾ സുഖപ്പെടാനുള്ള ഒരു സാധ്യത നിങ്ങൾ സങ്കല്പിച്ചെന്നിരിക്കും. ഹൃദയമുള്ള ആരും അത് സങ്കല്പിച്ചുപോകും. അങ്ങിനെ സങ്കല്പിക്കാനുള്ള കോപ്പാണ് മത ചിന്ത തരുന്നത്. ഇങ്ങനെ നടന്നിരുന്നെങ്കിൽ എന്ന് ചിന്തിക്കുവാൻ അങ്ങനെ നടന്നേക്കും എന്ന് വിശ്വസിക്കേണ്ടതില്ല. എന്നാൽ ഇത്തരം ഒരു സാധ്യത ആരായാനുള്ള വകുപ്പുണ്ടെങ്കിൽ ആരായുക തന്നെ വേണം. അത് മനുഷ്യയുക്തിയുടെ നിർബന്ധമാണ്. മതവിശ്വാസത്തെ വിശ്വാസിയുടെ സ്വകാര്യമായിക്കണ്ട് സഹിഷ്ണുത കാട്ടിയാൽ പോരാ. അയാളുടെ മത സങ്കല്പങ്ങൾ ഏറ്റെടുത്ത് അയാളെപ്പോലെ ആകാവുന്നത്ര ചിന്തിച്ചുപോവുകയും വേണം. ഈ ലഭ്യതയാണ് മതത്തിന്റെ ഡീ-ട്രാൻസന്റലൈസേഷൻ ഉറപ്പുവരുത്തുന്നത്.

സനിൽ വി, ഇൻസൈറ്റ് പബ്ലിക്ക-ബുക് പീഡിയ ബുക്‌ഷോപ്പിൽ നടന്ന സംഭാഷണത്തിൽ

ആദിവാസി ജീവിതവുമായുള്ള ​ഗായത്രിയുടെ നിരന്തരം ബന്ധം ഭാഷയേയും സംസ്ക്കാരത്തേയും ഡീ-ട്രാൻസന്റലൈസ് ചെയ്യുന്നുണ്ട്. വാചിക ഭാഷകൾ മരിക്കുന്നു എന്ന് നമ്മൾ ആവലാതിപ്പെടുന്നു. എന്നാൽ ആദിവാസികൾ അവരുടെ ഭാഷയിൽ ശ്രദ്ധിക്കുന്നില്ല. അതിനെ പരിഹരിക്കുന്നതിലും തല്പരരല്ല. ബിർഭൂമയിലെ ആദിവാസികൾ മ​ഗധും ബം​ഗാളിയും പറയുന്നു. എഴുതപ്പെടാത്ത ഭാഷകൾക്ക് കുറുകെ അവർ യഥേഷ്ടം സഞ്ചരിക്കുന്നു. വാചിക ഭാഷകൾ അതിജീവനത്തിന്റെ ഭാഷകളാണ്. സെൻസസിലുള്ള, സ്വന്തമായി പേരുള്ള മുഖ്യധാരാ ഭാഷകളെപ്പോലെയല്ല ഇവ. ഓർമ്മയിൽ എഴുതപ്പെട്ടവയാണ് ഈ ഭാഷകൾ. അക്ഷരങ്ങൾക്ക് മുമ്പേ ഡിജിറ്റലൈസ് ചെയ്യപ്പെട്ട ഭാഷകൾ. ഭാഷാപരമായ ഒത്തുപൊരുത്തങ്ങളിലൂടെ ഒരു ഭാഷ മറ്റൊന്നിലേക്ക് പ​കർന്ന് അതിജീവിക്കുന്നു.

ഡീ-ട്രാൻസന്റലൈസേഷന് പറ്റിയൊരു ഉദാഹരണം ​ഗായത്രി തരുന്നുണ്ട്. ഒരിക്കൽ എയർപോർട്ടിൽ വച്ച് ന്യൂയോർക്കിലെ വരേണ്യ ഇം​ഗ്ലീഷ് ആരോ പറയുന്നത് കേട്ട് ​ഗായത്രി പുച്ഛിച്ച് ചിരിച്ചു. അപ്പോൾ​ ​ഗായത്രിയുടെ അമ്മ ചോദിക്കുകയാണ്, ‘അതും ആരുടെയെങ്കിലും മാതൃഭാഷയല്ലേ?’

എന്റെ ഭാഷ, എന്റെ ദേശം, എന്റെ രാജ്യം, എന്റെ മൂല ഇതൊക്കെ നമ്മുടെ കംഫർട്ട് സോണുകളാണ്. നമ്മുടെ സ്വകാര്യമായ കംഫർട്ട്സോണുകൾ. ദേശീയവാദം ഈ സ്വകാര്യതയെ നമുക്കപരിചിതമായ പൊതുമണ്ഡലത്തിലേക്ക് വലിച്ചെറിയുകയാണ്. ഈ കംഫർട്ട് സോണുകളുടെ സ്വകാര്യത 18-ാം നൂറ്റാണ്ടിൽ ഉണ്ടായി വന്ന ബൂർഷ്വാ പൊതുമണ്ഡലത്തിനെതിരെ രൂപം കൊണ്ടതല്ല. അവ സഹജമായ സ്വകാര്യതകളാണ്. ഈ സ്വകാര്യതകൾ ഒരു പൊരുത്തത്തിലൂടെ ഭാഷയിൽ നിന്നും ഭാഷയിലേക്കും ദേശത്തിൽ നിന്നും ദേശത്തിലേക്കും മതത്തിൽ നിന്നും മതത്തിലേക്കും തെന്നിമാറി സഞ്ചരിക്കാൻ കഴിയുന്നവയാണ്. സ്വകാര്യതകൾ ഒത്തുപൊരുത്തത്തിലൂടെ (equivalence) തുല്യത (equality) തേടാതെ തന്നെ പൊതുമണ്ഡലങ്ങൾ തീർക്കുന്നുണ്ട്. എന്നാൽ ദേശീയവാദം ഈ സ്വകാര്യസോണുകളെ വർ​ഗമാക്കി വലിച്ചിട്ട് ഒരേസമയം രഹസ്യവും പരസ്യവുമാക്കുന്നു. ഒരു മതം മറ്റൊരു മതത്തിന്റെ പള്ളി പൊളിക്കുന്നു. ദേശീയവാദം ഭരണഘടന ഉറപ്പുവരുത്തേണ്ട മനുഷ്യാവകാശത്തെ ജന്മാവകാശം കൊണ്ട് പകരം വയ്ക്കുന്നു. ഇത് സാധ്യമാകുന്നത് ആൺ-പെൺ ഭിന്നലൈം​ഗികതയിൽ അധിഷ്ഠിതമായ ദേശ-രാഷ്ട്ര സങ്കല്പത്തെ മുന്നോട്ടുവയ്ക്കുമ്പോഴാണ്. ദേശീയവാദം ഒരേസമയം സ്ത്രീയെ ആദർശവൽക്കരിക്കുകയും തെരുവിലിട്ട് റേപ്പുകയും ചെയ്യും.

2007ൽ ജൂഡിത് ബട്ട്ലറുമായി ​ഗായത്രി ഈ വിഷയം ദീർഘമായി ചർച്ച ചെയ്തിട്ടുണ്ട് (Who Sings the Nation-state?). ഹന്ന അരണ്ടിന്റെ ദേശ-രാഷ്ട്രത്തിന്റെ അപചയവും മനുഷ്യാവകാശങ്ങളുടെ അവസാനവും എന്ന ലേഖനത്തിന് ചുറ്റുമാണ് ബട്ട്ലർ ആ ചർച്ച ഒരുക്കിയത്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങൾ രാഷ്ട്രമില്ലാത്ത ന്യൂനപക്ഷങ്ങളാൽ നിറഞ്ഞു. ജൂതന്മാരും അർമീനിയക്കാരുമായിരുന്നു ഈ ന്യൂനപക്ഷങ്ങളിൽ ഭൂരിപക്ഷം. എല്ലാ രാജ്യങ്ങളിലും ആ ഭരണകൂടങ്ങളും നിയമങ്ങളും അം​ഗീകരിക്കാത്ത ന്യൂനപക്ഷങ്ങൾ ഉണ്ടായിരുന്നു. ഇതോടെ രാഷ്ട്രം ഭരണകൂടത്തെ വിഴുങ്ങി. പൗരത്വം മനുഷ്യാവകാശ പ്രശ്നമല്ലാതായി. അത് ജന്മം കൊണ്ട് കിട്ടേണ്ടതാണ്. ഇതിന് മുമ്പും പൗരത്വവും ജന്മവും തമ്മിൽ ബന്ധമില്ലായിരുന്നു എന്നല്ല. എന്നാൽ ലോക മഹായുദ്ധത്തിന് ശേഷമാണ് അതൊരു രാഷ്ട്രീയ പ്രശ്നമാകുന്നത്. രണ്ട് തരത്തിലാണ് ഭരണകൂടം ഈ അഭയാർത്ഥികളെ – ന്യൂനപക്ഷത്തെ – കൈകാര്യം ചെയ്യാൻ ശ്രമിച്ചത്. ഒന്നുകിൽ അവരെ മാതൃരാഷ്ട്രത്തിലേക്ക് തിരിച്ചയയ്ക്കുക അല്ലെങ്കിൽ അവരെ സ്വാംശീകരിക്കുക. ഇത് രണ്ടും പരാജയപ്പെട്ടതോടെ പൗരത്വപ്രശ്നം പൊലീസ് ഏറ്റെടുത്തു. ഭരണകൂടം അം​ഗീകരിക്കാത്ത ഒരാൾക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ ഒറ്റക്കാര്യം ചെയ്താൽ മതി – എന്തെങ്കിലും കുറ്റകൃത്യം.

ഭാവനാത്മകമായി നാം പറഞ്ഞുണ്ടാക്കുന്ന കഥയാണ് ‘നേഷൻ’ എന്ന ബനഡിക് ആൻഡേഴ്സൺ ആഖ്യാനത്തിൽ നിന്ന് ​ഗായത്രി അകലം സൂക്ഷിക്കുന്നുണ്ട്. നേഷനുള്ളിൽ ആഖ്യാന രൂപങ്ങൾ ഉരുത്തിരിഞ്ഞ് വരുന്നതിന് മുമ്പേ നാം സൂക്ഷിക്കുന്ന സ്വകാര്യതയുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ ഇന്ത്യയുടെ പക്ഷം ചേർന്ന് ആവേശം കൊള്ളുന്നത് ഇന്ത്യ എന്റെ രാജ്യമായതുകൊണ്ടാണ്. ഇത് നമുക്ക് അം​ഗീകരിക്കാൻ കഴിയണം. അല്ലാതെ തമ്മിൽ നല്ല ടീമിനെ മാത്രമേ അനുകൂലിക്കാവൂ എന്ന് നിർബന്ധം പിടിക്കരുത്. പാകിസ്ഥാൻ ടീമിന് ആർപ്പുവിളിക്കുന്ന ഇന്ത്യാക്കാരെ വളഞ്ഞുപിടിക്കുമ്പോൾ നമ്മുടെ സ്വകാര്യതയെ ദേശീയവാദം വൾ​ഗറായി പരസ്യവത്കരിക്കുകയാണ്. നമ്മൾ വഴുവഴുക്കുന്ന ദേശ സാധനത്തോട് ചേർത്തുനിർത്തുകയാണ്. ഈ യാഥാർത്ഥ്യത്തെ ജന്മവുമായി ഘടിപ്പിക്കുന്നത് ആൺ-പെൺ ഭിന്ന ലൈം​ഗിതകയിൽ ഊന്നുന്ന പുനരുല്പാദന സങ്കല്പനങ്ങളാണ്.

ഇവിടെ ​ഗായത്രി കൃത്യമായ തെരഞ്ഞെടുപ്പ് നടത്തുന്നു. ഭരണകൂടാവകാശങ്ങൾ ഉറപ്പുവരുത്തുന്ന, വിതരണ നീതിയിൽ ശ്രദ്ധിക്കുന്ന അമൂർത്തമായ സ്റ്റേറ്റിന് വേണ്ടി അവർ വാദിക്കുന്നു. പൗരത്വ നിയമത്തിന് പടയൊരുക്കുന്ന സാംസ്കാരിക ദേശീയവാദത്തിനും നോൺ ​ഗവൺമെന്റൽ എന്ന പേരിൽ അന്താരാഷ്ട്ര മൂലധനത്തിന്റെ ഏജന്റുമാരായി വർത്തിക്കുന്ന എൻ.ജി.ഒകൾക്കും എതിരായ നിലപാടാണിത്. ദേശീയവാദത്തിന്റെ പ്രലോഭനങ്ങളിൽ വീഴാത്ത അമൂർത്തമായ സ്റ്റേറ്റാണിത്. നമുക്ക് ഡ്രൈവിം​ഗ് ലൈസൻസും മറ്റും തരുന്ന, റേഷൻകട നടത്തുന്ന സ്റ്റേറ്റ്.

The Idea of India, ബുക്ക് കവർ

അമൂർത്തമായ ഈ സ്റ്റേറ്റ് ഹോബ്സ് മുന്നോട്ടുവച്ച സ്വാർത്ഥരായ പുരുഷന്മാരുടെ താത്പര്യങ്ങളെ സംരക്ഷിക്കാനുണ്ടാക്കിയ പരിപാടിയല്ല. മാർക്സ് കണ്ട വർ​ഗ സമരത്തിന്റെ വേദിയല്ല. ഹെ​ഗലിന്റെ ചിന്തയുടെ ജൈവികമായ വികാസവുമല്ല. ​ഗായത്രിയുടെ കൂട്ടുകാരനായ ബർനാഡ് ഹർക്കോർട്ട് പറയുന്നപോലെ സ്റ്റേറ്റു പോലെയുള്ള എന്തോ ഒരു എടാകൂടമാണിത്. സ്റ്റേറ്റ് പോലെ തോന്നിപ്പിക്കുന്ന കെട്ടുപാടുകൾ. ഫൂക്കോ ഭരണകൂടത്തെ കണ്ടത് എതാണ്ടിതുപോലെയാണ്. ഫാക്ടറികളിൽ രൂപപ്പെടുത്തിയെടുത്ത അച്ചടക്കാധികാരത്തിന്റെ രീതികൾ പൊലീസ്, കമ്പോളം തുടങ്ങിയ ഭരണകൂടക്കെട്ടുപാടുകളിലൂടെയാണ് നടപ്പിൽ വന്നത്. ഭരണകൂട ഭീകരത എന്നൊക്കെ നാം പറയുമെങ്കിലും അധികാരത്തിന്റെ യഥാർത്ഥ ഭീകരത സ്റ്റേറ്റിന്റെ തലത്തിലല്ല. ഭരണകൂടം ഭരണഘടന ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. വിതരണ നീതി ഉറപ്പുവരുത്താൻ പോലും അതിനെക്കൊണ്ടാവണമെന്നില്ല.

ദേശീയവാദത്തിന്റെ പ്രലോഭനങ്ങളിൽ നിന്ന് മുക്തമായ അമൂർത്തമായ സ്റ്റേറ്റ് എന്ന കെട്ടുപാടിനെ അം​ഗീകരിക്കുന്നതുകൊണ്ടാണ് ​ഗായത്രിക്കും കുട്ടികൾക്കും ഞങ്ങൾ ഇൻഡ്യക്കാർ എന്ന് ഉച്ചത്തിൽ വിളിച്ചുപറയാൻ കഴിയുന്നത്. ഇതിന് ദേശീയവാദവുമായി ബന്ധമൊന്നുമില്ല. ഇൻഡ്യയുടെ ദേശീയ​ഗാനം ടാ​ഗോർ ബം​ഗാളി ഭാഷയിൽ രചിച്ചതാണെങ്കിലും ഹിന്ദി ഉച്ചാരണത്തിലാണ് പാടാറ് എന്ന് ​ഗായത്രി നിരീക്ഷിക്കുന്നുണ്ട്. അത് ബം​ഗാളി ഉച്ചാരണത്തിൽ പാടിയാൽ ദേശീയ​ഗാനമാവുകയില്ല! ആളുകൾ ചിരിക്കും. ഈ നൂറ്റാണ്ടിന്റെ ആദ്യം അമേരിക്കയിലെ പൗരത്വമില്ലാത്ത സ്പെയിൻകാർ അമേരിക്കൻ ദേശീയ​ഗാനം സ്പാനിഷിൽ പാടുകയുണ്ടായി. ദേശീയവാദിയായ പ്രസിഡൻ്റ് ബുഷിന് അത് സ്വീകാര്യമായിരുന്നില്ല. അമേരിക്കൻ ദേശീയ​ഗാനം ഇം​ഗ്ലീഷിൽ തന്നെ വേണമെന്ന് അയാൾ ശഠിച്ചു. വിദ്യാഭ്യാസം, നമ്മുടെ കുട്ടികളെ ഇത്തരം ശാഠ്യങ്ങളിൽ നിന്നും വിടുവിച്ച് അവരുടെ സ്വകാര്യമായ കംഫർട്ട് സോണുകളെ ഒത്തുപൊരുത്തത്തിലൂടെ സ്റ്റേറ്റ് എന്ന കെട്ടുപാടിലൂടെ നൂണ്ട് പോകാൻ സന്നദ്ധമാക്കണം.

റൊമിള ഇൻഡ്യയെ സമ​ഗ്രമായി അറിയാൻ ശ്രമിക്കുന്ന ചരിത്രകാരിയാണ്. The Entire Political Science ൽ ബിരുദാനന്തര ബിരുദമുള്ള ദേശീയവാദി പ്രധാനമന്ത്രിയ്ക്ക് വഴങ്ങുന്നതല്ല ഈ സമ​ഗ്രത. അവർക്ക് നവോത്ഥാന സങ്കല്പങ്ങളിലും സെക്കുലറിസത്തിലും വിശ്വാസമുണ്ട്. എന്നാൽ കീഴാള ചരിത്രത്തിലും താരതമ്യ സാഹിത്യ പഠനത്തിലും തല്പരരായ ​ഗായത്രി ഇതിൽ രണ്ടിലും വിശ്വാസമർപ്പിക്കുന്നില്ല. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലും ബം​ഗാളി ആദിവാസി സ്കൂളുകളിലും മാറി മാറി പഠിപ്പിക്കുന്ന ഇവർ ഇൻഡ്യയെ ഒരേസമയം ഒരതിജീവന മാതൃകയായും വഴുവഴുപ്പുള്ള ​ദേശസാമ​ഗ്രിയായും കണ്ടെടുക്കുന്നു. റോമിള ഇൻഡ്യയെന്ന സ​മ​ഗ്രതയിൽ നിന്നും ജൈവികമായി വളരുന്ന സെക്കുലർ സ്റ്റേറ്റിനെ കാത്തിരിക്കുന്നു. ഗായത്രിയാവട്ടെ അമൂർത്തവും ​ഗതികെട്ടതുമായ സ്റ്റേറ്റ് എന്ന ഇടപാടിലൂടെ തന്ത്രപരമായി നൂണ്ടിറങ്ങാൻ ശ്രമിക്കുന്നു. ഇങ്ങനെ പറഞ്ഞകലുമ്പോഴും എയർ ഇൻഡ്യ വിമാനത്തിലെ അറിയിപ്പിന്റെ ഒടുവിൽ കേൾക്കുന്ന ‘ജയ് ഹിന്ദ്’ കേട്ട് രണ്ട് പേരും ചിരിക്കുന്നുണ്ട്!

Also Read

10 minutes read February 11, 2024 10:28 am