ട്രംപിന്റെ ഗാസ ഏറ്റെടുക്കൽ മറ്റൊരു വംശഹത്യാ പദ്ധതിയോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഗാസയിലെ വെടിനിർത്തലും ട്രംപിന്റെ രണ്ടാം വരവും പശ്ചിമേഷ്യയിൽ എന്ത് മാറ്റമാണ് കൊണ്ടുവരിക എന്ന സന്ദേഹങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനം വരുന്നത്. ഗാസ എന്ന ഭൂപ്ര​ദേശം അമേരിക്ക ഏറ്റെടുത്ത് വികസനം കൊണ്ടുവരുമെന്നാണ് വാർത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞത്. “ഗാസയിലെ ജീവിതം അവർക്ക് വളരെ നിർഭാഗ്യകരമായിരുന്നു. അവർ നരകതുല്യമായാണ് അവിടെ ജീവിക്കുന്നത്. ആളുകൾക്ക് ജീവിക്കാൻ വാസയോഗ്യമല്ല ഗാസ, അവർ തിരികെ പോകാൻ ആഗ്രഹിക്കുന്നതിന്റെ കാരണം അവർക്ക് മറ്റ് മാർഗമില്ലാത്തതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.” ട്രംപ് പറഞ്ഞു. യു.എസിലേക്ക് അനധികൃതമായി കുടിയേറിയ ഏകദേശം 15 ലക്ഷം പേരെ സൈനിക വിമാനങ്ങളിൽ നാടുകടത്തുന്ന നടപടികൾ ഒരു ഭാഗത്ത് തുടരുമ്പോഴാണ് വൈരുധ്യമുള്ള ഈ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് നടത്തുന്നത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ്ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യത്തെ ഗാസയിൽ വിന്യസിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാസയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും പലസ്‌തീനികളെ മറ്റ് രാജ്യങ്ങളിൽ പുനരധിവസിപ്പിക്കണമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് സാധ്യതയെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

വെടിനിർത്തലിനെ തുടർന്ന് ഗാസയിലേക്ക് മടങ്ങിവരുന്ന ഫലസ്തീനികൾ
കടപ്പാട്: Al Jazeera

ട്രംപിന്റെ പ്രസ്‌താവനയെ പൂർണമായും പിന്തുണച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. അമേരിക്ക തങ്ങളുടെ ഉറ്റ സുഹൃത്താണെന്ന് പറഞ്ഞ നെതന്യാഹു, ട്രംപിന്റെ തീരുമാനം ചരിത്രം മാറ്റിമറിക്കുമെന്നും വ്യക്തമാക്കി. ഗാസ മുനമ്പിൽ നിന്നും പലസ്‌തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. കര, കടൽ, വ്യോമയാന മാർഗങ്ങളിലൂടെ ഇതിനായുള്ള പദ്ധതികൾ ഒരുക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. ട്രംപിന്റെ ഈ തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലുള്ള വലിയൊരു ജനവിഭാഗത്തിന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാൻ ഇത് അനുവദിക്കും. ഹമാസിന് ഏതിരായ ഇസ്രയേലിന്റെ സൈനിക നടപടികൾ കാരണം പലസ്‌തീനികൾക്ക് പിന്നീടൊരിക്കൽ ഗാസയിലേക്ക് മടങ്ങാൻ സാധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതിരോധ മന്ത്രി മറുപടിയൊന്നും പറഞ്ഞില്ല.

നീക്കത്തെ എതിർത്ത് ഹമാസും ലോക രാജ്യങ്ങളും

അതേസമയം, ട്രംപിന്റെ നീക്കത്തെ വിമർശിച്ചും അപലപിച്ചും വിവിധ രാജ്യങ്ങളും ഹമാസും രംഗത്തെത്തി. തങ്ങളുടെ മണ്ണിൽ നിന്ന് ജനതയെ നാടുകടത്താനും കൈമാറാനുമുള്ള ഏത് പദ്ധതികളെയും നിരസിക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് ജബലിയ അഭയാർഥി ക്യാമ്പിലെ പലസ്തീനികൾ പറഞ്ഞു.

ഗാസയിലെ ജനങ്ങളെ ജോർദാൻ, ഈജിപ്‌ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ നിർദേശം. എന്നാൽ ഇക്കാര്യം നിരസിച്ചുകൊണ്ട് ഇരുരാജ്യങ്ങളും രംഗത്തെത്തി. ഗാസയിൽ നിന്നും 2.2 ദശലക്ഷം പലസ്‌തീനികളെ പുറത്താക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, പലസ്‌തീൻ എന്ന സ്വതന്ത്ര രാഷ്‌ട്രം സ്ഥാപിക്കുന്നതുവരെ അമേരിക്കയുമായി യാതൊരു നയതന്ത്ര ബന്ധവും സ്ഥാപിക്കില്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവന പലസ്തീനികളെ ഈജിപ്തിലേക്ക് പുറത്താക്കാനുള്ള ഇസ്രായേലിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരുടെ ആഹ്വാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ അഭിപ്രായങ്ങൾ ‘വംശീയ ഉന്മൂലനത്തിനും’ നിർബന്ധിത പുറത്താക്കലിനും വേണ്ടിയുള്ള ആഹ്വാനത്തിന് തുല്യമാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ പ്രതികരിച്ചു.

വെടിനിർത്തലിനെത്തുടർന്ന് പലസ്തീൻ സഹോദരങ്ങൾ അവരുടെ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇരിക്കുന്നു. കടപ്പാട്: Retuers

പാലസ്തീനികൾ ജീവിക്കേണ്ടത് അവരുടെ മണ്ണിലാണെന്ന് യു.കെ പറഞ്ഞു. നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്നും ഫ്രാൻസ് അഭിപ്രായപ്പെട്ടു. ഗാസ പാലസ്തീനികളുടേത്, അവർ കഴിയേണ്ടതും അവിടെയെന്ന റഷ്യയും അഭിപ്രായപ്പെട്ടു. പാലസ്തീനികളെ ബലമായി മാറ്റുന്നത് എതിർക്കുന്നു എന്ന് ചൈനയും പറഞ്ഞു.

ട്രംപിന്റെ പദ്ധതികളും പഴയ തന്ത്രങ്ങളും

2020 ലും സമാനമായ പദ്ധതികളുമായി ട്രംപ് രംഗത്തെത്തിയിരുന്നു. പലസ്തീനിന്റെയും ഇസ്രായേലി ജനതയുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ദർശനം എന്ന് പേരിട്ട പദ്ധതിയിൽ ഇസ്രയേലിന് ഭൂമി നൽകൽ, ഗാസയ്ക്ക് 50 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ട്, കിഴക്കൻ ജറുസലേമിൽ നിന്ന് വളരെ അകലെയുള്ള ഒരു ദരിദ്ര പ്രദേശത്ത് പലസ്തീൻ തലസ്ഥാനം തുടങ്ങിയ ആശയങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്. എന്നാൽ പലസ്തീനികൾ നിർദേശത്തെ പൂർണ്ണമായും നിരസിച്ചതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.

ഗാസ ഏറ്റെടുത്ത് പുനർനിർമ്മിക്കും, സാമ്പത്തിക വികസനം സൃഷ്ടിക്കും, ജനങ്ങൾക്ക് തൊഴിലവസരങ്ങളും വീടുകളും നൽകും. ഇതിനായി ഈജിപ്റ്റ്, ജോർദ്ദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീനികളെ ഏറ്റെടുക്കണം. അന്താരാഷ്ട്ര സമൂഹങ്ങൾക്ക് ഐക്യത്തോടെ ജീവിക്കാൻ കഴിയുന്ന റിസോർട്ട് ​ഗാസയിൽ നിർമ്മിക്കും, ഗാസയുടെ സുരക്ഷയ്ക്ക് യു.എസ് സൈന്യത്തെ അയയ്ക്കും എന്നീ പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തിയത്. ദീർഘകാല ഉടമസ്ഥാവകാശ നിലപാടാണ് ട്രംപ് ഉദ്ദേശിക്കുന്നത്.

പലസ്‌തീനിലെ സങ്കീർണമായ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ ട്രംപ് പ്രഖ്യാപിച്ച തന്ത്രങ്ങളെ വംശഹത്യയുടെ മറ്റൊരു ഭാഷയായി മാത്രമേ കാണാൻ കഴിയുള്ളു. ട്രംപിന്റെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളും ഈ പ്രഖ്യാപനത്തിൽ ഒളിച്ചിരിപ്പുണ്ട്. പലസ്തീനികൾക്ക് മറ്റ് മാർഗമില്ലാത്തതു കൊണ്ടാണെന്ന് ​ഗാസയിലേക്ക് തിരികെ പോകാൻ അവർ ആഗ്രഹിക്കുന്നത് എന്ന് ട്രംപ് പറയുമ്പോൾ, വെടിനിർത്തലിന് ശേഷം തകർന്നടിഞ്ഞ ഗാസയുടെ മണ്ണിൽ അതിജീവനത്തിനായി ശ്രമിക്കുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പലസ്‌തീൻ എന്ന സ്വതന്ത്ര രാഷ്‌ട്രം മാത്രമാണ് ആ ജനതയുടെ ലക്ഷ്യം.

Also Read

3 minutes read February 8, 2025 3:47 am