പുതുവർഷം കാണാതെ അഭയാർത്ഥി ക്യാമ്പിൽ തണുത്ത് മരിച്ച കുഞ്ഞുങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ന് 2025 ജനുവരി ഒന്ന്. ലോക രാജ്യങ്ങളെല്ലാം ആഡംബരം നിറഞ്ഞ ആഘോഷങ്ങളാൽ പുതുവർഷത്തെ വരവേൽക്കുമ്പോൾ ചരിത്രത്തിൽ നിന്നും മായ്ക്കാൻ കഴിയാത്ത ഒരു മുറിവുമായാണ് 2025 പുലർന്നത്. മെഡിറ്ററേനിയൻ കടലിന്റെ പടിഞ്ഞാറ്, ഇസ്രയേലിനും ഈജിപ്തിനും ഇടയിൽ 365 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു തുണ്ട് ഭൂമി, അവിടെ 15 മാസമായി ഇസ്രായേൽ തുടരുന്ന അതിക്രൂരമായ ആക്രമണങ്ങളാൽ സർവ്വതും നഷ്ടപ്പെട്ട് നിസഹയാരായ മനുഷ്യരും അവരുടെ പിഞ്ചുകുഞ്ഞുങ്ങളും പുതപ്പുകൾ പോലുമില്ലാതെ തണുത്തുറഞ്ഞ് മരണത്തോട് മല്ലിടുകയാണ്. ദിവസങ്ങൾ മാത്രം പ്രായമുള്ള ആറ് കുഞ്ഞുങ്ങൾ തണുത്തുറഞ്ഞു മരിച്ച വാർത്തയുമായാണ് 2024 ന്റെ അവസാന ദിവസങ്ങൾ കടന്നുപോയത്.

അതിശൈത്യം മൂലം ആറ് കുഞ്ഞുങ്ങളടക്കം ഏഴ് പേർ മരിച്ചെന്നാണ് പലസ്തീൻ ന്യൂസ് ഏജൻസിയായ വാഫാ വ്യക്തമാക്കുന്നത്. കനത്ത മഴയെത്തുടർന്ന് ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിൽ നൂറുകണക്കിന് ടെന്റുകൾ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും വെള്ളത്തിനടിയിലായി. തെക്കൻ ഗാസാ മുനമ്പിലെ ദേർ അൽ-ബലാഹ്, മവാസി ഖാൻ യൂനിസ് എന്നീ പ്രദേശങ്ങളെ മഴവെള്ളക്കെടുതിയും ശക്തമായ കാറ്റും ഗുരതരമായി ബാധിച്ചു. മഴവെള്ളം കയറി അഭയാർത്ഥികൾ താമസിച്ച ടെന്റുകൾ തകർന്നു.

പലസ്തീൻ കുഞ്ഞുങ്ങളുടെ മൃതദേഹത്തിന് സമീപം ആളുകൾ പ്രാർത്ഥിക്കുന്നു. കടപ്പാട്:Aljazeera

21 ദിവസം പ്രായമുള്ള ഐഷ അൽ-ഖസ്സസ്, 23 ദിവസം പ്രായമുള്ള അലി എസ്സാം സഖർ അസം,14 ദിവസം പ്രായമുള്ള സില മഹ്മൂദ് അൽ ഫാസിഹ്, ഒരു മാസം പ്രായമുള്ള ഇരട്ട കുട്ടികളായ അലി അൽ ബത്രാൻ, ജുമ അൽ ബത്രാൻ, നാല് ദിവസം മാത്രമുള്ള അലി ഹുസാം, എന്നീ കുഞ്ഞുങ്ങളും അഹമ്മദ് അൽ സഹർന എന്ന നഴ്സുമാണ് അതിശൈത്യം താങ്ങാനാകാതെ മരണപ്പെട്ടത്. ഹൈപ്പോതെർമിയ എന്ന അവസ്ഥയാണ് മരണ കാരണം. തണുപ്പ് കൂടുമ്പോൾ ശരീരത്തിനുണ്ടാകുന്ന അവസ്ഥയാണിത്. ശരീരത്തെ തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടാകാതെ വരുമ്പോഴാണ് ഹൈപ്പോതെർമിയ ഉണ്ടാകുന്നത്. നിലവിൽ ഭക്ഷണം, മരുന്നുകൾ, തണുപ്പിനെ ചെറുക്കാനാവശ്യമായ സാധനങ്ങൾ എന്നിവയെല്ലാം ഗാസയിൽ എത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരികുകയാണ്. മതിയായ ഭക്ഷണമില്ലാത്തതിനാൽ തന്നെ ഗാസയിലെ മനുഷ്യരെ സംബന്ധിച്ച് ശൈത്യം നേരിടാനുള്ള ആരോഗ്യവുമില്ല.

താമസിക്കുന്ന സ്ഥലങ്ങൾക്കാകട്ടെ അഭയാർത്ഥി ക്യാമ്പെന്ന പേര് മാത്രമാണുള്ളത്. തുണിയും നൈലോണും കൊണ്ട് നിർമ്മിച്ച താൽക്കാലിക ടെന്റുകളിലാണ് പിഞ്ചുകുഞ്ഞുങ്ങളും ഗർഭിണികളുമടക്കം കുടിയിറക്കപ്പെട്ട മനുഷ്യരെല്ലാം ജീവിക്കുന്നത്. കടലിന് സമീപത്തുള്ള ക്യാമ്പുകളായതിനാൽ തന്നെ മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. “അവർക്ക് വസ്ത്രമോ പുതപ്പോ വാങ്ങാൻ എൻ്റെ കയ്യിൽ പണമില്ലായിരുന്നു. ചില അയൽക്കാർ കുറച്ച് വസ്ത്രങ്ങൾ സംഭാവന ചെയ്തു, പക്ഷേ ഇരട്ടകൾക്ക് ചൂട് നിലനിർത്താൻ ഒരു ഹോസ്പിറ്റൽ ഇൻകുബേറ്ററിന് സമാനമായ നൈലോൺ ഉള്ള പോലെയുള്ള ഇൻകുബേഷൻ ആവശ്യമാണ്. എനിക്ക് നാല് മീറ്റർ നൈലോൺ വാങ്ങാൻ പോലും കഴിഞ്ഞില്ല. ഞാൻ UNRWA (United Nations Relief and Works Agency for Palestine Refugees- പലസ്തീനിയൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി) യിലേക്ക് പോയി. അവർ എനിക്ക് കുഞ്ഞുങ്ങളുടെ ചൂട് നിലനിർത്താൻ ചാർജ് ചെയ്യാവുന്ന ഒരു ഉപകരണം തന്നു. എന്നാൽ അത് മൂന്ന് മണിക്കൂർ മാത്രമേ പ്രവർത്തിക്കൂ. റീചാർജ് ചെയ്ത് പ്രവർത്തിക്കുന്നതാണ്. ഒരാൾക്ക് ഒന്നര മണിക്കൂർ വെച്ച് ഞാൻ അത് ഉപയോഗിച്ചു. എന്നാൽ രാത്രി ജുമാ മരവിച്ചു മരിച്ചു, ഉപകരണം നേരത്തെ ഉപയോഗിച്ചതിനാൽ ചാർജ് നഷ്ടപ്പെട്ടിരുന്നു.” മരിച്ചു പോയ ഇരട്ട കുട്ടികളായ അലി അൽ ബത്രാൻ, ജുമ അൽ ബത്രാൻ എന്നിവരുടെ പിതാവ് പറഞ്ഞതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർ‌ട്ട് ചെയ്യുന്നു. ദിവസത്തിൽ രണ്ടുതവണ ആശുപത്രിയിൽ പോയാണ് കുട്ടികളുടെ പിതാവ് ഉപകരണം റീചാർജ് ചെയ്തിരുന്നത്. 2023 ഒക്ടോബറിൽ ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേൽ ഗാസയിൽ വൈദ്യുതി വിച്ഛേദിക്കുകയും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഭൂരിഭാഗവും ബോംബെറിഞ്ഞ് നശിപ്പിക്കുകയും ഗാസാ മുനമ്പിലേക്കുള്ള എല്ലാത്തരം ഇന്ധനങ്ങൾക്കും കർശന നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു.

കനത്ത മഴയിൽ അഭയാർത്ഥി ടെന്റുകളിൽ വെള്ളം കയറിയപ്പോൾ. കടപ്പാട്:aljazeera

ജുമായും അലിയും മാസം തികയാതെ എട്ടാം മാസത്തിൽ ജനിച്ച കുഞ്ഞുങ്ങളായിരുന്നു. ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളും, രോഗികളുടെ എണ്ണത്തിലെ വർധനവും മൂലം ഇരട്ട കുട്ടികളെ ഇൻകുബേറ്ററിൽ നിന്ന് നേരത്തെ ഡിസ്ചാർജ് ചെയ്തതിനാൽ ടെൻ്റിലേക്ക് കൊണ്ടുവരേണ്ടി വന്നെന്നും മാതാപിതാക്കൾ പറയുന്നു. ഒരു വർഷത്തിലേറെയായി, ശീതകാല സമയത്തുപയോഗിക്കുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഇസ്രായേൽ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സഹായങ്ങളുടെ ഭാഗമായി പരിമിതമായ സാധനങ്ങൾ മാത്രമേ അവിടെ ലഭ്യമാകുന്നുള്ളൂ. കുഞ്ഞുങ്ങൾ തണുപ്പിൽ മരിച്ച വാർത്തയറിഞ്ഞ് പല മാതാപിതാക്കളും രാത്രി ഉറങ്ങാതെയിരുന്ന് തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കാലുകൾ പരിശോധിച്ച് ജീവനുണ്ടോയെന്നുറപ്പാക്കുന്ന അവസ്ഥയുണ്ടെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. ഇരുട്ടിൽ കുഞ്ഞുങ്ങൾ മരവിച്ച് മരിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അവരുടെ മൂക്കിന് താഴെ ശ്വാസമുണ്ടോയെന്ന് പരിശോധിക്കുമെന്നും എന്നിട്ടും തനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്നുമാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ ഗാസ മുനമ്പിലെ ഒരമ്മ കുറിച്ചത്.

ഇസ്രയേൽ‌ ഗാസയിൽ നടത്തുന്ന അധിനിവേശവും യുദ്ധവും മൂലം ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകൾക്കും സ്വന്തം വീടുകൾ നഷ്ടമായി. ജീവന് വേണ്ടി വീടുപേക്ഷിച്ച് എത്തിയ അനേകം മനുഷ്യർ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാറാൻ നിർബന്ധിതരായി. ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാൻ ഹോസ്പിറ്റലും കഴിഞ്ഞയാഴ്ച ഇസ്രായേൽ സൈന്യം ആക്രമിക്കുകയും സർജറി വിഭാഗത്തിന് തീ വെക്കുകയും ഹോസ്പിറ്റൽ ഡയറക്ടർ ഹുസാം അബുസാഫിയെ തടവിലാക്കുകയും ചെയ്തിരുന്നു.

കനത്തമഴയിൽ വെള്ളം കയറിയ അയാർത്ഥി ക്യാമ്പ്. കടപ്പാട്:aljazeera

സായുധ സംഘട്ടനങ്ങളുടെ ആഘാതം ഏറ്റവും വിനാശകരമായി കുഞ്ഞുങ്ങളെ ബാധിച്ച വർഷമാണ് 2024 എന്ന് യുണിസെഫ് റിപ്പോർട്ട് ചെയ്യുന്നു. 473 ദശലക്ഷത്തിലധികം കുട്ടികൾ, അതായത് ആഗോളതലത്തിൽ ആറിലൊന്ന് കുട്ടികൾ സംഘർഷ ബാധിത പ്രദേശങ്ങളിൽ ജീവിക്കുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യുദ്ധം തുടങ്ങുന്നത് കുഞ്ഞുങ്ങളല്ല, എന്നാൽ യുദ്ധങ്ങളിൽ കൂടുതൽ മരണപ്പെടുന്നതും യുദ്ധത്തിന്റെ യാതന അനുഭവിക്കുന്നതും കുഞ്ഞുങ്ങളാണെന്ന് സാരം. പടക്കങ്ങളും കരിമരുന്ന് പ്രയോഗങ്ങളും തീർക്കുന്ന ശബ്ദ വർണ വിസ്മയങ്ങളോടെ ലോകം പുതുവർഷം ആഘോഷിക്കുമ്പോൾ ചെറു ശബ്ദങ്ങൾ പോലും തങ്ങളുടെ ജീവനെടുക്കുന്ന ബോംബുകളാണോ എന്ന ഭീതിയിൽ കഴിയുന്ന കുഞ്ഞുങ്ങളും ഈ ലോകത്തുണ്ടെന്ന് ഓർമ്മിക്കാം.

Also Read

3 minutes read January 1, 2025 12:41 pm