ദിവസവും ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ച് ​ഗാസ

ഇസ്രായേൽ രണ്ടാഴ്ച്ചയായി തുടരുന്ന ശക്തമായ ബോംബാക്രമണത്തെ തുടർന്ന് ഗാസയിൽ അയ്യാരിത്തിലേറെ പലസ്തീനികൾ മരിക്കുകയും രക്ഷപ്പെട്ടവർ കടുത്ത പട്ടിണിയിലും അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധജലവും മരുന്നും ലഭിക്കാതെ കഷ്ടപ്പെടുകയുമാണ്. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണ പൗരരാണ്. ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഒക്ടോബർ 7 ന് ഇസ്രയേൽ തുടങ്ങിയ തുടർച്ചയായ മിസൈൽ ആക്രണത്തിന് മുമ്പ് തന്നെ ഗാസയിലെ 60 ശതമാനത്തിലധികം വരുന്ന ജനങ്ങൾക്കും ഭക്ഷണത്തിനായി പുറത്ത് നിന്നുമുള്ള സഹായം ആവശ്യമായിരുന്നു.

കരയിലൂടെയും, കടലിലൂടെയും, വ്യോമമാർഗത്തിലൂടെയുള്ള ഇസ്രായേലിന്റെ ഉപരോധത്തിന് 2007 മുതൽ വിധേയരാകുന്ന 2.3 ദശലക്ഷം ആളുകളാണ് 10 കിലോമീറ്റർ (6 മൈൽ) വീതിയും 41 കിലോമീറ്റർ (25 മൈൽ) നീളവും മാത്രമുള്ള ഗാസയിൽ താമസിക്കുന്നത്. ഇസ്രയേലിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്ത് നിന്ന് ഇസ്രായേലി പട്ടാളക്കാരും കുടിയേറ്റക്കാരും 2005 ൽ പിൻവാങ്ങിയതിന് ശേഷം അഞ്ച് മിലിറ്ററി ആക്രമണങ്ങളാണ് ഗാസക്ക് നേരെയുണ്ടായത്. ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിതരണം ഇസ്രായേൽ നിർത്തിയതിനാൽ ഗാസയിലെ മാനുഷിക സാഹചര്യം ‘മഹാദുരന്തമായി’ മാറിയെന്ന് യു.എൻ ഏജൻസികൾ പറയുന്നു.

കടപ്പാട്: അൽ-ജസീറ

എന്താണ് ഗാസയിൽ ലഭ്യമായ ഭക്ഷണത്തിന്റെ നിലവിലെ അവസ്ഥ?

ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെയും (ഡബ്ല്യു.എഫ്.പി) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെയും (എഫ്.എ.ഒ) സംയുക്ത റിപ്പോർട്ട് പ്രകാരം ഗാസയിലെ മുഴുവൻ ജനങ്ങളും ഭക്ഷ്യക്ഷാമം നേരിടുന്നു. “ഇസ്രായേൽ ആക്രമണം മൂലമുണ്ടായ നാശം ഗാസയിലെ ഭക്ഷ്യവിതരണ ശൃംഖലയെ ഗുരുതരമായി തടസ്സപ്പെടുത്തി”- റിപ്പോർട്ട് പറയുന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് സഹായവുമായി വന്ന മൂന്ന് ട്രക്കുകൾക്ക് അതിർത്തി കടക്കാൻ ഇസ്രായേൽ അനുവാദം നൽകി. എന്നാൽ അവശ്യ സാധനങ്ങളുമായി 100 ട്രക്കുകൾ ഇപ്പോഴും റഫ അതിർത്തിയിൽ ഇസ്രയേലിന്റെ അനുമതിക്കായി കാത്തുകിടക്കുകയാണ്. നിരവധി ബേക്കറികൾ ബോംബ് ചെയ്യപ്പെട്ടതിനാലും മറ്റുള്ളവ ആവശ്യത്തിനുള്ള വെള്ളം, വൈദ്യുതി എന്നിവ ലഭ്യമല്ലാത്തതിനാൽ അടയ്ക്കുന്നതിനാലും വേൾഡ് ഫുഡ് പ്രോഗ്രാം അടക്കമുള്ള യു.എൻ ഏജൻസികൾക്ക് ദിവസം ഒരു നേരത്തെ ഭക്ഷണമേ നല്കാൻ സാധിക്കുന്നുള്ളൂ.‌

തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അഹമ്മദ് അബ്ദുൽ അസീസ് സ്കൂളിൽ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) നടത്തുന്ന അഭയകേന്ദ്രത്തിലാണ് കിഫ ഖുദെ താമസിക്കുന്നത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കിഫയുടെ കുടുംബത്തിന് ജീവൻ നിലനിർത്താൻ, രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ മൂന്ന് കഷണം ബ്രഡും, നാല് കുപ്പി വെള്ളവും ലഭിക്കുമെന്ന് അദ്ദേഹം അൽ-ജസീറയോട് പറഞ്ഞു. “ഞങ്ങൾ ഒരു കഷ്ണം ബ്രെഡ് പകുതിയായി മുറിച്ച്, ജാമോ മറ്റെന്തെങ്കിലുമോ ഉണ്ടെങ്കിൽ അതിനുള്ളിൽ തേച്ച് കുട്ടികൾക്ക് നൽകുന്നു. അല്ലെങ്കിൽ ബ്രഡ് മാത്രമായി കഴിക്കുന്നു. ഞങ്ങൾക്ക് ജീവിക്കാൻ ഈ ഭക്ഷണം പര്യാപ്തമല്ല, എന്നാൽ ഇതാണ് ഞങ്ങൾക്ക് ഇപ്പോൾ ഉള്ളത്.” അദ്ദേഹം പറഞ്ഞു.

വെള്ളം ശേഖരിക്കുന്ന കുട്ടികൾ. കടപ്പാട്:AFP

ഭക്ഷ്യക്ഷാമം ഇപ്പോൾ മുമ്പത്തേക്കാൾ രൂക്ഷമാണോ?

നിലവിലുള്ള പരിമിതമായ ഭക്ഷണം എത്ര ദിവസത്തേക്ക് തികയുമെന്ന് പോലും ആർക്കും അറിയാത്ത വിധം രൂക്ഷമാണ് സാഹചര്യം. വ്യോമാക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ട കടകളുടെ അലമാരകളെല്ലാം കാലിയാണ്, മാത്രമല്ല പുതിയ സ്റ്റോക്ക് ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ച ഒക്ടോബർ 7 ന്, കൂടുതൽ ആളുകളും പണമൊന്നും കൈയ്യിലെടുക്കാതെ തിടുക്കത്തിലാണ് വീടുകളിൽ നിന്നും ഇറങ്ങിയത്. വളരെ കുറഞ്ഞ അളവിൽ ലഭ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങാനുള്ള സാഹചര്യം പോലും എല്ലാവർക്കുമില്ല.

16 വർഷമായി തുടരുന്ന ഗാസക്ക് മേലുള്ള ഇസ്രായേലിന്റെ ഉപരോധം നിലനിൽക്കുമ്പോൾ തന്നെ ഭക്ഷ്യവിതരണം പരിമിതമായിരുന്നു. എന്നിരുന്നാലും ഗാസയിലെ ബേക്കറികളിൽ നിന്ന് പ്രതിദിനം ആറോ ഏഴോ ബ്രഡുകളെങ്കിലും തനിക്ക് ലഭ്യമായിരുന്നതായി ഖുദെ പറയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ പോറ്റാൻ അത് മതിയായിരുന്നു. “ടിന്നിൽ വരുന്ന ചീസോ, ഹുമസോ ലഭിക്കുകയാണെങ്കിൽ അവ ചേർത്ത് ഞങ്ങൾ ഈ ബ്രഡ് കഴിക്കുമായിരുന്നു.”

“നിലവിലെ യുദ്ധത്തിന് മുമ്പ് തന്നെ, ഗാസയിലേക്ക് വരുന്ന ഭക്ഷണം പ്രധാനമായും ടിൻ ചീസ്, ഉരുളക്കിഴങ്ങ് ചിപ്‌സ്, ഇൻസ്റ്റന്റ് നൂഡിൽസ് തുടങ്ങിയ ടിന്നിലടച്ച സാധനങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളുമാണ്. ഈ അമിതമായി സംസ്കരിച്ച ഭക്ഷണം ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കുന്നവയാണ്.” കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന പലസ്തീനിയൻ സൈക്കോതെറാപ്പിസ്റ്റായ ഇമാൻ ഫറജല്ല അൽ-ജസീറയോട് പറഞ്ഞു. തൽഫലമായി, ഗാസ നിവാസികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി യു.കെയിൽ പ്രവർത്തിക്കുന്ന പോഷകാഹാര വിദഗ്ധയായ യുസ്ര ഇഷാഖ് പറഞ്ഞു. “ഗാസയിലെ പലസ്തീനികൾ ഇതിനകം തന്നെ വർഷങ്ങളായി പോഷകാഹാരക്കുറവുള്ളവരാണ്, ആ ശരീരങ്ങളാണ് വീണ്ടും ഭക്ഷണ നിയന്ത്രണം സഹിക്കേണ്ടിവരുന്നത്, ഇത് വലിയ അപകടമുണ്ടാക്കും.” കലോറിയിൽ ഗണ്യമായ കുറവ് വരുമ്പോൾ, കൊഴുപ്പും പിന്നീട് പേശി പിണ്ഡവും വിഘടിപ്പിക്കാൻ തുടങ്ങും. ഇത് അവയവങ്ങൾ പ്രവർത്തനരഹിതമാകാൻ തുടങ്ങുന്ന അപകടഘട്ടമാണെന്ന് ഇഷാഖ് വിശദീകരിക്കുന്നു.

ബ്രഡും വെള്ളവുമായി ക്യാമ്പിലേക്ക് മടങ്ങുന്നവർ. കടപ്പാട്:AFP

16 വർഷത്തെ ഇസ്രായേൽ ഉപരോധം ഗാസയെ എങ്ങനെ ബാധിച്ചു?

“പ്രാദേശികമായി വളർന്നിരുന്ന തക്കാളികളും, വെള്ളരിക്കയും, അമ്മമാർ പാലിൽ നിന്നും വീട്ടിലുണ്ടാക്കുന്ന ചീസും, മിക്ക വീടുകളിലും വളർത്തിയിരുന്ന കോഴികളുടെ മുട്ടകളും ആയിരുന്നു ഞങ്ങളുടെ പ്രഭാത ഭക്ഷണം. അത് സത്യസന്ധമായും മറ്റൊരു കാലഘട്ടമായി തോന്നുന്നു.” 1990 കളിലെ ഗാസയിൽ വളർന്ന ഫറജല്ല പറയുന്നു. പഠനം തുടരുന്നതിനും സൈക്കോതെറാപ്പിസ്റ്റാകുന്നതിനുമായി ഏകദേശം 20 വർഷം മുമ്പ് അവൾ ഗാസയിൽ നിന്ന് കാലിഫോർണിയയിലേക്ക് പോയി. പക്ഷേ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രകളിൽ നിന്നും ഇടയ്ക്കുള്ള പതിവ് കോളുകളിൽ നിന്നും ഗാസയിലെ യാഥാർത്ഥ്യങ്ങൾ അവൾക്ക് നന്നായി അറിയാം.

“പലസ്തീനികൾ അത്താഴം മാത്രമല്ല, ദിവസത്തിൽ മൂന്ന് തവണയും കുടുംബമായി ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഞങ്ങൾക്ക് മഖ്‌ലൂബയും (മാംസം, പച്ചക്കറികൾ, അരി എന്നിവയടങ്ങുന്ന വിഭവം) മൻസഫും (പുളിച്ച തൈരിൽ പാകം ചെയ്ത ആട്ടിൻകുട്ടി) വാരക് അനാബും (മുന്തിരി ഇലകൾ നിറച്ചത്) എന്നീ വിഭവങ്ങൾ മുൻപ് ലഭിക്കുമായിരുന്നു. എന്നാൽ ഇസ്രായേലി ഉപരോധത്തിൻ കീഴിൽ മാംസം ബലിപ്പെരുന്നാളിൽ മാത്രം ലഭിക്കുന്ന ഒരു അപൂർവതയായി മാറി. അതു പോലും ഗാസയിലേക്ക് ആടുമാടുകൾ എത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ മാത്രമേ സാധ്യമായിരുന്നൊള്ളു.” ഫറജല്ല ഫോണിലൂടെ പറഞ്ഞു.

ഗാസയിൽ താമസിച്ചിരുന്ന അവളുടെ കുടുംബം ഭക്ഷണം വളരെ കുറച്ച് കഴിക്കാൻ തുടങ്ങിയതിന് കാരണം സംസ്കരിച്ച ഭക്ഷണ സാധനങ്ങൾക്ക് വലിയ തുക വിലയായി നൽകേണ്ടി വരുന്നു എന്നതിനാലാണ്. വളരെ പരിമിതമായ വ്യാപാരവും യാത്രയും മൂലം ഗാസയുടെ സമ്പദ്‌വ്യവസ്ഥ ഞെരുക്കം നേരിടുന്നുമുണ്ട്. “ഭക്ഷണ സാധനങ്ങളുടെ ലഭ്യതയിലുള്ള പരിമിതി മൂലം ഗാസയിലുള്ള എന്റെ സഹോദരി വിഭവങ്ങൾ മാറ്റാൻ തുടങ്ങി. ആവശ്യത്തിന് കോഴിയിറച്ചി ലഭ്യമായിരുന്നെങ്കിൽ അവൾ ഉണക്കമുന്തിരിയും, പരിപ്പുകളും ചേർത്ത സ്റ്റഫ്ഡ് ചിക്കൻ തയ്യാറാക്കിയേനെ, എന്നാൽ ഉപരോധമുള്ളപ്പോൾ ലഭിക്കുന്ന മാംസം അവളുടെ കുട്ടികൾക്കും കുടുംബത്തിനും സൂപ്പുണ്ടാക്കാനേ അവൾ ഉപയോഗിക്കൂ. അതവർ ബ്രഡിനോടൊപ്പം കഴിക്കും.” രജല്ലാഹ് പറഞ്ഞു.

യുദ്ധം തകർത്ത തെരുവിലൂടെ വെള്ളം തേടി. കടപ്പാട്:AP

ഗാസയിൽ ഇപ്പോഴും ആവശ്യത്തിന് വെള്ളമുണ്ടോ?

ഗാസയിൽ ഇപ്പോൾ വെള്ളമുണ്ട്, പക്ഷേ അത് പരിമിതവും മലിനമായതും ഉപ്പുരുചിയുള്ളതുമാണ്. ഗാസയിലെ ഒരേയൊരു ഭൂഗർഭ ജലസംഭരണി ഉപയോഗിച്ച് തീരാറായതിനാൽ വെള്ളം കുടിക്കാൻ മാത്രം വൃത്തിയുള്ളതല്ലാതായിരിക്കുന്നു. ഈ വെള്ളം ചെടികൾ നനക്കാനും യോഗ്യമല്ല. ഗാസയിലെ ലഭ്യമായ ജലത്തിന്റെ 97 ശതമാനവും, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) മാനദണ്ഡങ്ങൾക്ക് അനുസൃതമായവയല്ലെന്ന് യുഎൻ പറയുന്നു. ഇസ്രായേൽ അധീനതയിലുള്ള ഗാസയിൽ താമസിക്കുന്ന പലസ്തീനികൾ കുടിവെള്ളത്തിനായി സ്വകാര്യ വാട്ടർ ടാങ്കുകളെയും ചെറിയ ഡിസലൈനേഷൻ (ലവണാംശം ഇല്ലാതാക്കുന്ന പ്രക്രിയ) പ്ലാന്റുകളെയും ആശ്രയിക്കുന്നു. ഇന്ധനം തീർന്നതിനെത്തുടർന്ന് ഗാസയിലെ അവസാനത്തെ ഡിസലൈനേഷൻ സ്റ്റേഷന്റെ പ്രവർത്തനം ചൊവ്വാഴ്ച (ഒക്ടോബർ 24) നിർത്തി. തെക്കൻ ഗാസയിലേക്കുള്ള ജലവിതരണം പുതുക്കിയതായി ഇസ്രായേൽ പറയുന്നുണ്ടെങ്കിലും, ഇസ്രായേൽ ഷെല്ലാക്രമണത്തിൽ നിരവധി വാട്ടർ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പലസ്തീനികൾ പറയുന്നു. കൂടാതെ വൈദ്യുതി ഇല്ലാത്തതിനാൽ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്ന പമ്പുകളും പ്രവർത്തിക്കുന്നില്ല.

ഖുദെ പറഞ്ഞു: “ഞങ്ങൾ ഭാഗ്യമുള്ളവരുടെ കൂട്ടത്തിൽപ്പെടുന്നു. ഞങ്ങളുടെ പക്കൽ കുറച്ച് വെള്ളമുണ്ട്.”.‌ ഓരോ രണ്ട് ദിവസത്തിലും UNRWA വിതരണത്തിൽ നിന്ന് നാല് പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറയ്ക്കാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹം തനിക്കും കുടുംബത്തിനും ലഭിക്കുന്ന ഈ നിയന്ത്രിത അളവ് ജലത്തിന്റെ കാര്യത്തിൽ ജാഗരൂകനാണ്. “ദിവസവും ഒരു ഗ്ലാസ് വെള്ളം മാത്രം കുടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വെള്ളം കുടിക്കുന്നത് നിയന്ത്രിച്ചു. വേഗത്തിൽ കുടിച്ചുതീർക്കാതെ ഉപയോഗിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതിനാൽ ഞങ്ങളുടെ കൈവശമുള്ള വെള്ളം കഴിയുന്നിടത്തോളം തീരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.” ഖുദെ കൂട്ടിച്ചേർത്തു. മറ്റ് പലസ്തീനികൾ സോഷ്യൽ മീഡിയയിൽ അവർ എങ്ങനെയാണ് ഭക്ഷണം നിയന്ത്രിച്ച് വിതരണം ചെയ്യുന്നതെന്നും, കുട്ടികൾ ഭക്ഷണവും വെള്ളവും ആദ്യം കഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നതെങ്ങനെയെന്നും വിവരിച്ചിട്ടുണ്ട്.

വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ. 2023 ഒക്ടോബർ 11ന് എടുത്ത ചിത്രം. കടപ്പാട്:AFP

വെള്ളം ഇല്ലാതെ ഒരാൾക്ക് എത്രനാൾ അതിജീവിക്കാൻ കഴിയും?

ആരോഗ്യമുള്ള ഒരു മുതിർന്നയാൾക്ക് വെള്ളമില്ലാതെ 10 ദിവസം വരെയും ഒരു കുട്ടിക്ക് അഞ്ച് ദിവസം വരെയും ജീവിക്കാൻ കഴിയുമെന്ന് ജറുസലേം ആസ്ഥാനമായുള്ള ഡബ്ല്യു.എഫ്.പി പോഷകാഹാര വിദഗ്ധൻ അൽ-ജസീറയോട് പറഞ്ഞു. നമ്മുടെ ശരീരം 75 ശതമാനം വെള്ളത്താൽ നിർമ്മിതമാണ്. മുതിർന്നവർ അവരുടെ ശരീരം മികച്ച ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതിന് പ്രതിദിനം 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കണം. എന്നാൽ ക്ഷാമം മൂലം ഇതിൽ വരുന്ന കുറവ് വ്യക്തമാക്കുന്നത് ആളുകൾ കുറച്ച് വെള്ളം കുടിക്കുന്നു എന്നാണ്. “അതെ, നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്, നമ്മുടെ തലച്ചോറിനും, വൃക്കയ്ക്കും, ഹൃദയത്തിനും. വെള്ളം നമ്മുടെ രക്തത്തിലൂടെയും ദഹനരസങ്ങളിലൂടെയും വിയർപ്പിലൂടെയും കടന്നുപോകുന്നു. വെള്ളമില്ലെങ്കിൽ നമ്മൾ മരിക്കും.” ഇഷാഖ് പറഞ്ഞു. വളരെ കുറച്ച് വെള്ളം കുടിച്ചാൽ ആദ്യ ദിവസം തന്നെ നിർജലീകരണത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ആരംഭിച്ചേക്കാം. അതിനാൽ ഒരാൾക്ക് തലകറക്കവും, ക്ഷീണവും, വായ വരണ്ടതായും അനുഭവപ്പെട്ടേക്കാം. ഇത് മനുഷ്യന്റെ ആലോചനാശേഷിയെ അതിവേ​ഗം കുറയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കടപ്പാട്: അൽ-ജസീറ, പരിഭാഷ: നിഖിൽ വർ​ഗീസ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read