ഭക്ഷണം കൃത്യമായി എത്തിക്കാം, പക്ഷെ ഞങ്ങളുടെ കാര്യമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“മുട്ടിന്റെ ചിരട്ട ചിതറി. ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടാണ്. കൂടുതൽ സമയം വണ്ടി ഓടിക്കാൻ ഇപ്പോൾ കഴിയില്ല. എല്ലാം അവർക്ക് വേണ്ടി ജോലി ചെയ്യുമ്പോ സംഭവിച്ചതാണ്. മരുന്നിന്റെ സഹായം മാത്രമാണ് ആകെ ലഭിച്ചത്. ഒരു വർഷവും മൂന്ന് മാസവും ജോലി ചെയ്യാനായില്ല. ജോലിക്കിടയിൽ സംഭവിച്ച അപകടമായിട്ട് കൂടി മറ്റൊരു സഹായവും ലഭിക്കാത്ത കാര്യം ഞങ്ങളുടെ ഗ്രൂപ്പിൽ ഒരു മെസ്സേജ് ആയി ഇട്ടു. അതിന്റെ പേരിലായിരിക്കണം അവർ എന്റെ ഐ.ഡി കാൻസൽ ചെയ്തു. പിന്നെ പലരും ചെന്ന് പറഞ്ഞതിന് ശേഷമാണ് തിരികെ ജോലി ചെയ്യാനുള്ള അവസരം കിട്ടിയത്. ഇപ്പോഴും അവർക്ക് വേണ്ടി തന്നെയാണ് ജോലി ചെയ്യുന്നത്. വേറെ ജോലി സാധ്യതകളില്ലാത്തോണ്ട് ഇതല്ലാതെ മറ്റൊരു വഴിയുമില്ല.” അപക‌ടത്തിൽ സാരമായി പരിക്കേറ്റിട്ടും ബൈക്കിൽ ഭക്ഷണ വിതരണ ജോലി തുടരുന്ന അരുൺ (പേര് യഥാർത്ഥമല്ല) അമർഷത്തോടെയാണ് അനുഭവം വിവരിച്ചത്. ഇതെല്ലാം തുറന്നുപറഞ്ഞാൽ ജോലി നഷ്ടമാകുമോ എന്ന ഭയം അരുണിനുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ അരുൺ 2018 മുതൽ സ്വിഗി ഡെലിവറി തൊഴിലാളിയാണ്. 2020 സെപ്തംബറിൽ ജോലിക്കിടയിൽ സംഭവിച്ച റോഡപകടത്തെ തുടർന്നുണ്ടായ പരിക്കുകൾ അരുണിന്റെ ജീവിതം ദുരിതത്തിലാക്കി. പിന്നീട് ഒരു വർ‌ഷവും മൂന്ന് മാസവും വിശ്രമത്തിലായിരുന്ന അരുൺ തിരികെ സ്വി​ഗ്ഗിയിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും അലട്ടുന്നുണ്ടെങ്കിലും ഹോട്ടലുടമകളുടെയും കസ്റ്റമേഴ്സിന്റെയും സഹായങ്ങളോടെ അരുൺ ജോലിയിൽ തുടരുകയാണ്. സ്വിഗ്ഗിയുടെ ഭക്ഷണ വിതരണ സേവനം കേരളത്തിൽ തുടങ്ങുന്ന സമയത്ത് തൊഴിലാളികളുടെ എണ്ണം കുറവയായിരുന്നെന്നും, കൂടുതൽ വരുമാനം നേടാൻ സാധിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. “ആദ്യ സമയത്ത് അഞ്ച് കിലോമീറ്ററിനുള്ളിലുള്ള ഓർഡറിന് 40 രൂപയുടെ അടുത്ത് വേതനമായി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് 25 രൂപയായി കുറച്ചു. ആഴ്ചയിലുള്ള ഇൻസെന്റീവ് 1500-ൽ നിന്നും 1250 ആയും കുറച്ചു. ജോലി തുടങ്ങിയ സമയത്ത് പെട്രോളിന് 65 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 115 ലേക്ക് എത്തി. ഓരോ ഓർഡറിനും നൽകുന്ന തുക വർദ്ധിപ്പിക്കാതെ ഈ ജോലി തുടരുന്നത് ലാഭകരമല്ല.” അരുൺ കൂട്ടിച്ചേർത്തു.

കമ്പനിയുടെ ലോ​ഗോ പതിച്ച ചതുരബാ​ഗുകളിൽ ഭക്ഷണപ്പൊതികൾ തിരുകിവച്ച് റസ്റ്റോറന്റുകളിൽ നിന്നും തിരക്കേറിയ ന​ഗരപാതകളിലേക്ക് ഇരുചക്ര വാഹനങ്ങളിൽ പായുന്ന മനുഷ്യർ ഇന്ന് കേരളത്തിലെങ്ങും ഒരു പതിവ് കാഴ്ചയാണ്. നേരം തെറ്റാതെ ഭക്ഷണമെത്തിക്കുന്നതിനും കൃത്യസമയത്ത് പാഴ്സലുകൾ കൈപ്പറ്റുന്നതിനുമുള്ള തിടുക്കം പിടിച്ച ഓട്ടം. അ‌ടുത്ത ഓഡറിന്റെ അലാറം ഫോണിലെത്തുന്നതും പ്രതീക്ഷിച്ചുള്ള വഴിയരികിലെ ​ദീർഘമായ കാത്തിരിപ്പുകൾ. അറിയാത്ത ഇടങ്ങളിൽ മാപ്പ് നോക്കി എത്തിച്ചേരുന്നതിനുള്ള തപ്പിത്തടയലുകൾ. ഇങ്ങനെ പലപ്പോഴും പലയിടങ്ങളിലും വച്ച് ഡെലിവറി ബോയ്സ് എന്ന് വിളിക്കുന്ന ഭക്ഷണ വിതരണ തൊഴിലാളികളെ നമ്മൾ അഭിമുഖീകരിക്കാറുണ്ട്. എന്നാൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ വൻകിട ഭക്ഷണ വിതരണ കമ്പനികൾക്ക് വേണ്ടി പണിയെടുക്കുന്ന ഇവരുടെ തൊഴിൽ പ്രശ്നങ്ങൾ പൊതു ചർച്ചകളിലേക്ക് കടന്നുവരേണ്ടതുണ്ട് എന്നാണ് ഇവരുടെ തൊഴിൽ ജീവിതം വെളിപ്പെടുത്തുന്നത്. അദൃശ്യരായ തൊഴിൽ ദാതാക്കളും, ഏകീകൃതമല്ലാത്ത വേതന വ്യവസ്ഥയും, പരാതി പരിഹാരത്തിന് സംവിധാനമില്ലാത്തതും, അറിയിപ്പുകളൊന്നുമില്ലാത്ത പിരിച്ചുവിടലുമടക്കം നിരവധിയായ പ്രശ്ങ്ങൾ ഇവർ നിരന്തരം അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ഈ ഭക്ഷണ വിതരണ ജോലിക്കാർ തൊഴിലാളികളായി പോലും അം​ഗീകരിക്കപ്പെടുന്നില്ല എന്നത് അവകാശങ്ങൾ ഉന്നയിക്കുന്നതിനും നേടിയെടുക്കുന്നതിനും ഒരു തടസ്സമായി തീരുകയും ചെയ്യുന്നു. തൊഴിലാളികളായി കണക്കാക്കുന്നതിന് പകരം പാർട്ണർ (Delivery Partner) എന്ന പേര് നൽകി ചൂഷണത്തിന് പുതിയ രൂപം ചമയ്ക്കുകയാണ് ഈ രം​ഗത്തെ വൻകിട കമ്പനികൾ. ജീവിതശൈലിയും ഭക്ഷണരീതിയിലുമുണ്ടായ മാറ്റങ്ങളും ഡിജിറ്റലൈസേഷന്റെ വ്യാപനവും ഭക്ഷണ വിതരണ കമ്പനികളുടെ ബിസിനസ്സ് പട‌ിപടിയായി വളർത്തുമ്പോൾ താഴെത്തട്ടിൽ അധ്വാനിക്കുന്നവർ തുടർച്ചയായി തളരുകയാണ്.

ഏകീകൃതമല്ലാത്ത വേതന വ്യവസ്ഥ

“ഞങ്ങൾ കാലത്തുതൊട്ടു വൈകിട്ട് വരെ ഓടിയാലും ഒരു ആയിരം രൂപ മുട്ടുന്നില്ല. 360 രൂപയ്ക്ക് ദിവസവും പെട്രോൾ അടിക്കണം. കുടുംബം കൊണ്ടുപോകുവാൻ വേണ്ടി കഷ്ടപ്പെടുന്ന സമയമാണ്. കൊറോണയും മറ്റു പ്രശ്നങ്ങളും വന്ന് ബിസിനസ് പൊളിഞ്ഞപ്പോഴാണ് ഈ ജോലിക്ക് കയറിയത്. കേറുന്ന സമയത്ത് പാർട്ട് ടൈം ജോലിയെടുത്താലും 600 മുതൽ 700 രൂപ വരെ കിട്ടിയിരുന്നു. അന്ന് പിക്കപ്പിനും, വെയിറ്റ് ടൈം നും വേതനം തന്നിരുന്നു. ഇപ്പോൾ ഒന്നുമില്ല. എല്ലാം കട്ട് ചെയ്തു. ഈ നിലക്ക് മുന്നോട്ടു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല.” സൊമാറ്റോ കമ്പനിയുടെ റൈഡർ ആയി ജോലി ചെയ്യുന്ന ഷിബുവിന്റെ (പേര് യഥാർത്ഥമല്ല) വാക്കുകളാണ്. ഡെലിവറി പാർട്ണർ ആയി ജോലി ചെയ്യുന്ന തൊഴിലാളികളുടെ പൊതുവിലുള്ള അവസ്ഥയാണിതെന്നും ഷിബു പറയുന്നു. തൊഴിലാളികളെ ആകർഷിക്കുന്നതിനായി ആദ്യ ഘട്ടത്തിൽ ഉയർന്ന ശമ്പളം നൽകുകയും പിന്നീട് തങ്ങളുടെ ഇഷ്ടപ്രകാരം വേതനത്തിൽ വ്യത്യാസം വരുത്തുകയുമാണ് കമ്പനികൾ ചെയ്യുന്നത്.

“പുഴയ്ക്കൽ (തൃശൂർ) നിൽക്കുമ്പോൾ ആയിരിക്കും സ്വരാജ് റൗണ്ടിലുള്ള പത്തൻസ് ഹോട്ടലിലേക്ക് ഒരു ഓർഡർ ലഭിക്കുക. അവിടെ നിന്നും 4 കിലോമീറ്റർ ഓടി വന്ന് ഓർഡർ എടുത്താലും ഹോട്ടലിൽ നിന്നും കസ്റ്റമറുടെ വീട്ടിലേക്കുള്ള ദൂരത്തിനാണ് സൊമാറ്റോ പൈസ തരുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി ഹോട്ടലിൽ എത്ര നേരം കാത്തു നിന്നാലും ആ സമയത്തിനും ഇപ്പോൾ പൈസ തരുന്നില്ല. ഒരു ദിവസം 200 കിലോമീറ്ററിൽ അധികമോടി, 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്താലും 600 – 700 രൂപയാണ് ഇപ്പോൾ കയ്യിൽ കിട്ടുന്നത്”- ഒരു ഓർഡർ ലഭിക്കുന്നതിനായി വഴിയരികിൽ കാത്തിരിക്കുന്നതിനിടയിലാണ് പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഒരു വിതരണ തൊഴിലാളി ഈ കാര്യങ്ങൾ പങ്കുവെച്ചത്.” സൊമാറ്റോ ഓരോ റൈഡറിനും പ്രത്യേകം ഇൻസെന്റീവ് വാഗ്ദാനങ്ങൾ ദിവസവും നൽകും. ഈ ഇൻസെന്റീവ് ആഴ്ചയുടെ അവസാനം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നാണ് പറയുന്നത്. ഇത് തന്നെ ഓരോരുത്തർക്കും 100 മുതൽ 400 രൂപ വരെ വ്യത്യസ്തമായ രീതിയിലായിരിക്കും. ഈ തുക സൊമാറ്റോ ആപ്പിലുള്ള പേ-ഔട്ടിൽ (ഒരു ദിവസത്തെ ആകെ വരുമാനത്തെയാണ് പേ-ഔട്ട് എന്ന് പറയുന്നത്) കാണിക്കുകയില്ല. അതിനാൽ ഈ പൈസ ചിലപ്പോൾ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ആവുകയുമില്ല. പ്രാദേശിക മാനേജർമാരെ പരാതി അറിയിച്ചാലും യാതൊരു പരിഹാരവുമില്ല.” ഇതുകൂടി പറയുന്നതിനിടയിൽ ഒരു ഓർഡർ ലഭിക്കുകയും അത് കൈപ്പറ്റുന്നതിനായി അദ്ദേഹം തിരക്കിട്ട് പോവുകയും ചെയ്തു.

എട്ട് മണിക്കൂർ തൊഴിൽ, ആഴ്ചയിലൊരു ദിവസം അവധി തുടങ്ങിയ സാർവദേശീയമായി അംഗീകരിക്കപ്പെട്ട തൊഴിൽ നിയമങ്ങളൊന്നും ഭക്ഷണ വിതരണ തൊഴിലാളികൾക്ക് ബാധകമല്ല. ഭക്ഷണ വിതരണത്തിൽ ഏർപ്പെടുന്നവരെ സ്വതന്ത തൊഴിലാളികളായി കമ്പനികൾ അംഗീകരിക്കാത്തതാണ് ഇതിന് കാരണം. “ആഴ്ചയിൽ ഏഴ് ദിവസവും ഒൻപതര മണിക്കൂർ ജോലി ചെയ്താലാണ് ഒരു മുഴുവൻ സമയ തൊഴിലാളിക്ക് ഇൻസെന്റീവ് ആയി 1250 രൂപ ലഭിക്കുക. ശനി, ഞായർ ദിവസങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുന്ന തരത്തിലാണ് ഈ നിയമങ്ങൾ. ശനി, ഞായർ ദിവസങ്ങളിൽ ഏതെങ്കിലുമൊരു ദിവസം ലോഗ്- ഇൻ സമയം പൂർത്തിയാക്കിയില്ലെങ്കിൽ ഒരാഴ്ചത്തെ മുഴുവൻ ഇൻസെന്റീവും കമ്പനി റദ്ദാക്കും. മറ്റു ദിവങ്ങളിലാണ്‌ അവധിയെടുക്കുന്നതെങ്കിൽ 500 രൂപ കുറക്കും.” തിരുവനന്തപുരത്തെ സ്വിഗ്ഗി റൈഡർ ആയ അമീൻ (പേര് യഥാർത്ഥമല്ല) പറയുന്നു. തൊഴിലുമായി ബന്ധപ്പെട്ടുള്ള ചിലവുകൾ തുടർച്ചയായി വർദ്ധിക്കുകയാണെന്നതും ഇവരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുന്നു. “ഒരു ദിവസം മുഴുവൻ ജോലി ചെയ്യുന്ന തൊഴിലാളിക്ക് മുന്നൂറു മുതൽ നാനൂറു രൂപയ്ക്ക് വരെ ഇപ്പോൾ പെട്രോൾ അടിക്കേണ്ടി വരുന്നുണ്ട്. അത് കൂടാതെ മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ഓയിൽ മാറ്റേണ്ടിവരും. അതും കൂടാതെയാണ് വണ്ടിക്കു വരുന്ന പണികൾ ചെയ്യാൻ വേണ്ടിവരുന്ന ചിലവ്. ഇതെല്ലാം ഞങ്ങളുടെ ബുദ്ധിമുട്ട് വല്ലാതെ വർദ്ധിപ്പിക്കുകയാണ്.” സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന സുജിത് (പേര് യഥാർത്ഥമല്ല) പറയുന്നു.

ഡാറ്റ ഇന്റലിജൻസും കൂലി മോഷണവും

“മുൻപ് ഒരേസമയം രണ്ട് ഓർഡറുകൾ അടിച്ചാൽ രണ്ടിനും ഹോട്ടലിൽ നിന്നും അതാതു കസ്റ്റമേഴ്സിന്റെ സ്ഥലം വരെയുള്ള ദൂരത്തിനനുസരിച്ച് സ്വിഗ്ഗി വേതനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ പട്ടത്തു നിന്നും കാര്യവട്ടത്തേക്കും, കഴക്കൂട്ടത്തേക്കും രണ്ടു ഓർഡർ ലഭിച്ചെന്നു കരുതുക. രണ്ടാമത്തെ ഓർഡറിന് കമ്പനി കാര്യവട്ടത്തുനിന്നും കഴക്കൂട്ടത്തേക്കുള്ള ദൂരത്തിനു മാത്രമാണ് വേതനം തരുന്നത്. ഇതിലൂടെ കമ്പനി അധികലാഭമുണ്ടാക്കുകയാണ്.” അരുൺ പറഞ്ഞു. യഥാർത്ഥത്തിൽ രണ്ട് ഓർഡറിനും കമ്പനിക്ക് വെവ്വേറെ പണം ലഭിക്കുന്നുണ്ട്. എന്നാൽ ഡെലിവറി തൊഴിലാളിക്ക് രണ്ട് ഡെലിവറിക്കും കൂടി തുച്ഛമായ തുകയാണ് ലഭിക്കുന്നത്. ഡാറ്റ ഇന്റലിജൻസ് വഴിയും, അൽഗോരിതം വഴിയും ഈ കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായും അവർ വിശദമാക്കുന്നു. കൂടുതൽ വേതനം കമ്പനി ഓഫർ ചെയ്യുന്ന സമയങ്ങളിൽ ഓർഡറുകൾ വളരെ കുറഞ്ഞ എണ്ണം മാത്രമേ ഒരു റൈഡർക്ക് ലഭ്യമാവുകയുള്ളൂ എന്ന് കമ്പനി ഉറപ്പു വരുത്തുന്നതായും പരാതിയുണ്ട്. “4.15 നാണ് അവസാനമായി എനിക്കൊരു ഓർഡർ ഇന്ന് ലഭിച്ചത്. ഇപ്പോൾ സമയം 6.50 ആയി. ഇതുവരെയും വേറെ ഓർഡർ ലഭിച്ചിട്ടില്ല. കാരണം 5 മുതൽ 6 മണി വരെ ഇന്ന് 20 രൂപ അധിക വേതനമുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇൻസെന്റീവ് പ്രഖ്യാപിക്കുന്ന ഒരു മണിക്കൂറിൽ പരമാവധി ഒരു ഓർഡർ മാത്രം ഒരു വിതരണ തൊഴിലാളിക്ക് ലഭിയ്ക്കുന്ന രീതിയിൽ ഇവർ ക്രമീകരണം നടത്തുന്നതായി തോന്നാറുണ്ട്. 560 രൂപയാണ് ഇന്നാകെ ലഭിച്ചത്.” ഒരു ദിവസത്തെ ഷിഫ്റ്റ് അവസാനിപ്പിച്ചു തിരിച്ചു പോകുന്നതിനിടയിൽ നിരാശനായി ജോമി (പേര് യഥാർത്ഥമല്ല) പറഞ്ഞു.

“ഈ കമ്പനികളുടെ ഡാറ്റ ഇന്റലിജൻസ് വളരെ വലുതാണ്. ഡാറ്റാ ഇന്റലിജൻസ് വഴി ഏഴ് മണിക്കൂറിനപ്പുറം റൈഡർക്ക് ജോലിയൊന്നും ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ അവർക്ക് കഴിയും. അതുപോലെ ഒന്നിലധികം ഡെലിവറികൾ നടത്തുന്നതിനായി അവർ റൂട്ടുകൾ ഒപ്റ്റിമൈസ് ചെയ്യുന്നു. ഇത് തൊഴിലാളികളിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ കുറഞ്ഞ ദൂരത്തേക്കുള്ള ഒരു ഡെലിവറിക്ക് ശരാശരി 20 രൂപയാണ് ലഭിക്കുന്നത് . റൂട്ട് ഒപ്റ്റിമൈസേഷൻ അൽഗോരിതം രണ്ട് ഡെലിവറി ചെയ്യണമെന്ന് തൊഴിലാളിയോട് പറയുമ്പോൾ അവർക്ക് 40 രൂപയല്ല, 25 രൂപയാണ് ലഭിക്കുന്നത്. ഇതാണ് കൂലി മോഷണം.” ആൾ ഇന്ത്യ ​ഗിഗ് വർക്കേഴ്സ് യൂണിയൻ പ്രതിനിധി രിക്താ കൃഷ്ണസ്വാമി പറയുന്നു. പരമ്പരാഗത തൊഴിലുടമ-തൊഴിലാളി ബന്ധത്തിന് പുറത്ത് ജോലി ചെയ്യുന്ന അല്ലെങ്കിൽ ഒരു വർക്ക് അറേഞ്ച്മെന്റിൽ പങ്കുചേരുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്നവരെയാണ് ഗിഗ് വർക്കേഴ്സ് എന്ന് പറയുന്നത്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ റൈഡർമാർ ഗിഗ് വർക്കേഴ്സ് എന്ന പുതിയ തൊഴിൽ വിഭാ​ഗമായാണ് പരി​ഗണിക്കപ്പെടുന്നത്. ​ഗി​ഗ് വർക്കേഴ്സ് സ്ഥിരം തൊഴിലാളികൾ എന്ന വിഭാ​ഗത്തിൽ ഉൾപ്പെടാത്തതിനാൽ തന്നെ തൊഴിൽ നിയമങ്ങളുടെ പരിരക്ഷയും അവർക്ക് ലഭിക്കുന്നില്ല. ഫ്രീലാൻസർമാർ, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, ഓൺ-കോൾ തൊഴിലാളികൾ, മറ്റ് താൽക്കാലിക കരാർ തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്ന, പുതിയതായി രൂപപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ ഗിഗ് ഇക്കോണമി എന്നും പറയുന്നു. ഇന്ത്യയിൽ നിലവിൽ 15 ദശലക്ഷത്തിലധികം ഫ്രീലാൻസ് തൊഴിലാളികൾ ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നതായാണ് സർക്കാർ കണക്കുകൾ പറയുന്നത്.

പീസ് റേറ്റ് (ഒരു ഓർഡറിനുള്ള തുക), ഇൻസെന്റീവുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വേതന വ്യവസ്ഥയുടെ സ്വഭാവം തൊഴിലാളിയെ കൂടുതൽ വരുമാനത്തിനായി കൂടുതൽ മണിക്കൂർ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നു. മുഴുവൻ സമയ ഡെലിവറി പങ്കാളികളിൽ 47 ശതമാനം ഒരു ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നതായും അവരിൽ 18 ശതമാനം പേർ പ്രതിദിനം 15 മണിക്കൂറിന് മുകളിൽ പോലും ജോലി ചെയ്യുന്നതായും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഭക്ഷണ വിതര തൊഴിലാളികൾക്കിടയിൽ നടത്തിയ പഠനം വെളിവാക്കുന്നു. അൽ​ഗോരിതത്തെ അടിസ്ഥാനമാക്കിയുള്ള റേറ്റിംഗ് ചൂഷണസ്വഭാവമുള്ളതെന്ന് തൊഴിലാളികൾ പറയുന്നു. “സൊമാറ്റോ ഡെലിവറി തൊഴിലാളികളെ നാല് ശ്രേണിതിരിച്ചുള്ള തലങ്ങളിൽ റാങ്ക് ചെയ്യുന്നു. അവരുടെ ‘പ്രകടനം’ അനുസരിച്ച് – ഡയമണ്ട്, ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് റാങ്കിങ്. കൂടുതൽ ഉയർന്ന റാങ്കിങ് ഉള്ളവർക്ക് കൂടുതൽ ഉയർന്ന കൂലിയും ഇൻസെന്റീവും അടങ്ങുന്ന മികച്ച ഓർഡറുകൾ ലഭ്യമാകുന്നു. എങ്ങനെയാണ് തങ്ങൾക്ക് ഓർഡറുകൾ ലഭ്യമാകുന്നതെന്നും, എന്ത് അടിസ്ഥാനപ്പെടുത്തിയാണ് റേറ്റിംഗ് ചെയ്യുന്നതെന്നുമടക്കം ഈ സിസ്റ്റത്തെക്കുറിച്ചു പൊതുവായി തങ്ങൾക്കു ഒന്നും അറിയില്ലെന്ന് ഈ റിപ്പോർട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രതികരിച്ച തൊഴിലാളികൾ പറഞ്ഞു.”- ഡിജിറ്റൽ എംപവര്മെന്റ് ഫൌണ്ടേഷൻ (DEF) നടത്തിയ പഠനം പറയുന്നു. “ഈ പ്ലാറ്റുഫോമുകൾ വിവരങ്ങൾ പങ്കുവെക്കുന്നതിൽ തുല്യത കാണിക്കുന്നില്ല. ഇത് അവരുടെ ബിസിനസ്സ് മോഡലിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. വിവരങ്ങളുടെ കൈമാറലിലുള്ള ഈ അസമത്വം തൊഴിലാളികളും കമ്പനികളും തമ്മിലുള്ള അധികാര ബന്ധത്തിലും പ്രതിഫലിക്കുന്നു”. DEF റിപ്പോർട് ചൂണ്ടിക്കാണിക്കുന്നു.

ലഭ്യമാകാത്ത തൊഴിലാളി പദവി

തൊഴിൽ പ്രശനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിക്കുമ്പോൾ ഡെലിവറി തൊഴിൽ ചെയ്യുന്നവർ തങ്ങളുടെ തൊഴിലാളികൾ അല്ലെന്നും സ്വതന്ത്ര കരാറിലൂടെ ജോലിയിൽ ഏർപ്പെടുന്നവരാണെന്നുമാണ് കമ്പനിയുടെ വാദം. ഇതേ പ്രശ്‍നം ഉന്നയിച്ച് ആൾ ഇന്ത്യ ​ഗിഗ് വർക്കേഴ്സ് യൂണിയൻ കോടതിയെ സമീപിച്ചപ്പോഴും കമ്പനികൾ ഇത്തരത്തിലുള്ള നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഈ കേസുകളിലൊന്നും കൃത്യമായ വിധികളോ, തൊഴിലാളികൾക്ക് ഗുണപരമായ നീക്കങ്ങളോ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. “ഇന്ത്യയിൽ, ഞങ്ങളുടെ അടിയന്തിര ആവശ്യങ്ങളിലൊന്ന് തൊഴിലാളിയെന്ന പദവിയാണ്. കോർപ്പറേറ്റ് കമ്പനികൾ ഈ തൊഴിലിനെ എങ്ങനെയാണ് നിർവചിക്കുന്നത് എന്നത് ഞങ്ങളുടെ പ്രശ്നമല്ല. ​ഗിഗ് വർക്ക് ഒരു പുതിയ സം​ഗതിയല്ല. ഇത് ഏകദേശം 10 വർഷത്തോളമായി. എന്നാൽ ഈ തൊഴിലുമായി ബന്ധപ്പെട്ട പ്രശനങ്ങളിൽ ഇടപെടുന്നതിനോ, നിയയന്ത്രിക്കുന്നതിനോ കോടതികളോ സർക്കാരുകളോ തയ്യാറല്ല. ഇത്തരത്തിലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണം അടിക്കടി വർദ്ധിക്കുകയാണ്. കോവിഡ് കാലത്ത് ഇത് ക്രമാതീതമായി ഉയർന്നു. തൊഴിലാളികൾക്ക് നൽകിവരുന്ന പേ-ഔട്ട് കമ്പനികൾ വെട്ടിക്കുറച്ചു. ​ഗിഗ് തൊഴിലാളികൾ ആരോടാണ് കൂലി വർദ്ധനവ് ആവശ്യപ്പെടുക? ഒരിക്കൽ ലേബർ കമ്മീഷണർക്ക് മുൻപിൽ ഞങ്ങൾ ഈ പ്രശനം ഉന്നയിച്ചു. എന്നാൽ ഇടനിലക്കാരുമായി ഞങ്ങൾ സംസാരിക്കുകയില്ല എന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. അത്രത്തോളം അധികാരത്തോട് കൂടിയാണ് അവർ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നിഷ്ക്രിയത്വവും കമ്പനികൾക്ക് മേൽ നിയത്രണമില്ലാത്തതുമാണ് ഇവിടുത്തെ മുഖ്യ പ്രശ്‍നം.” രിക്താ കൃഷ്ണസ്വാമി വിവരിച്ചു. എന്നാൽ അമേരിക്കയിലും, ബ്രിട്ടനിലുമടക്കം ഈയടുത്ത് വന്ന വിധി പ്രസ്താവങ്ങൾ ​ഗിഗ്‌ എക്കോണമിയിൽ തൊഴിലെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കുന്നുണ്ട്.

“ഒരു വസ്തു മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുക എന്നതാണ് ഈ ജോലിയുടെ സ്വഭാവം. ആരാണ് ഇവിടെ നിയമനം നൽകുന്നത്? അത് സ്വിഗി അല്ലെങ്കിൽ സൊമാറ്റോ പോലുള്ള കമ്പനികൾ നേരിട്ട് തന്നെയാണ്. തൊഴിലാളികൾക്ക് മേൽ നിയന്ത്രണവും അധികാരവുമുള്ളതും ഇവർക്കാണ്. അതുപോലെ ചെയ്യുന്ന തൊഴിലിന് അവർ പ്രതിഫലം നൽകുന്നു. ഇങ്ങനെയാണ് ഡെലിവറി കമ്പനിയും ഡെലിവറി പാർട്ണറും തമ്മിൽ ഒരു ഉടമ്പടിയിലേക്കെത്തുന്നത്. ഇവിടെ ഡെലിവറി പാർട്ണർ ചില ജോലികൾ ചെയ്യാൻ നിർബന്ധിതരാണ്. തൊഴിൽ നൽകുന്ന കമ്പനിയും ഡെലിവറി പാർട്ണറും തമ്മിൽ തുല്യമായ ബന്ധമല്ല നിലനിൽക്കുന്നത്. അതിനാൽ ഡെലിവറി പാർട്ണർ ഇവിടെ തൊഴിലാളിയാണ്. സ്വതന്ത്രമായി ഇടപെടുന്ന ഒരു കരാറുകാരനായി ഡെലിവറി വർക്കറെ കാണാൻ കഴിയുകയില്ല. ഡെലിവറി ചെയ്യുന്ന വ്യക്തിക്ക് തൊഴിൽ സമയം തിരഞ്ഞെടുക്കാനും ഓർഡറുകൾ വേണ്ടെന്നു വക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ കടലാസ്സിൽ മാത്രമാണ്. അതിനാൽ തീർച്ചയായും ഡെലിവറി പാർട്ണറുടേത് ഒരു തൊഴിലാളിക്ക് സമാനമായ പദവിയാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്”. തൃശൂർ ​​ഗവൺമെന്റ് ലോ കോളേജിലെ അധ്യാപികയായ ദിവ്യ ഡി.വി പറയുന്നു.

വളരുന്ന ​ഗിഗ് ഇക്കണോമിയും തുടരുന്ന അസമത്വങ്ങളും

സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം സമീപകാലത്ത് നടത്തിയ ലേബർ ഫോഴ്‌സ് സർവേ കാണിക്കുന്നത് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് എന്നാണ്. രാജ്യത്തെ പെരുകുന്ന തൊഴിലില്ലായ്മ ഭക്ഷണ വിതരണം പോലെയുള്ള ​ഗിഗ്‌ ഇക്കോണമി ജോലികൾ ചെയ്യാൻ യുവാക്കളെ നിർബന്ധിതരാക്കുന്നു. ഈ മേഖലയിലെ ഒരു പ്രധാനപ്പെട്ട തൊഴിൽ ദാതാവാണ്‌ സ്വിഗ്ഗി, സോമറ്റോ പോലെയുള്ള ഭക്ഷണ വിതരണ കമ്പനികൾ. അതുകൊണ്ടുതന്നെ ഗിഗ്‌ ഇക്കോണമി ജോലികളിലേക്ക് എത്തുന്നവർ പ്രധാനമായും വന്നുചേരുന്നത് സ്വിഗ്ഗി, സോമറ്റോ പോലെയുള്ള ഭക്ഷണ വിതരണ ശൃംഖലയിലേക്കാണ്. “സർക്കാരുകൾ ​​ഗിഗ് ഇക്കണോമിയിൽ ഉണ്ടായിവരുന്ന ഈ തൊഴിലുകൾ ചൂണ്ടിക്കാണിച്ച്, കുറെയധികം തൊഴിലുകൾ സൃഷ്ടിച്ചു എന്ന പ്രതീതി വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമയത്ത് തൊഴിലില്ലായ്മയെകുറിച്ചുള്ള NSSO സർവ്വേ ഡാറ്റ പുറത്തായപ്പോൾ ​ഗിഗ്‌ എക്കണോമിയെ മുൻ നിർത്തിയാണ് സർക്കാർ പ്രതിരോധിച്ചത്. ഊബറും ഒലയും തന്നെ 22 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചപ്പോൾ തൊഴിലില്ലായ്മ എങ്ങനെ വർദ്ധിക്കും എന്നതായിരുന്നു നീതി ആയോഗ് മുന്നോട്ടുവച്ച ചോദ്യം. എന്നാൽ ഇതിൽ എത്ര പേര് ഈ തൊഴിലിൽ തുടരുന്നുണ്ട്? ഇതിലെത്ര പേർക്ക് കൃത്യമായ വരുമാനം ലഭിക്കുന്നുണ്ട്? എന്നീ ചോദ്യങ്ങൾ സർക്കാർ അഭിമുഖീകരിക്കുന്നതേയില്ല.” രിക്താ കൃഷ്ണസ്വാമി കൂട്ടിച്ചേർത്തു.

ഒരുവശത്ത് അധ്വാനിക്കുന്ന ഒരു വിഭാഗം ജനത ‘തൊഴിലാളി’ എന്ന പദവി നേടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറുവശത്ത് അം​ഗീകൃത തൊഴിലാളികളുടെ തൊഴിലവകാശങ്ങളും ആനുകൂല്യങ്ങളും റദ്ദ് ചെയ്യുന്ന രീതിയിലുള്ള പുതിയ ലേബർ കോഡുകൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. ​ഗിഗ് ഇക്കണോമിയുടെ ഭാഗമായി പ്രവർത്തിക്കുന്ന തൊഴിൽ മേഖലകളിൽ സംഭവിക്കുന്നത് പോലെ എട്ടു മണിക്കൂർ കഴിഞ്ഞും യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെ തൊഴിലെടുക്കേണ്ടി വരുന്ന അതേ സ്ഥിതിയിലേക്ക് അംഗീകൃത തൊഴിൽ മേഖലകളും മാറ്റപ്പെടുമോ എന്ന ആശങ്ക തൊഴിലാളി പ്രസ്ഥാനങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. തൊഴിലാളി’ എന്ന പദവിയും അതിന്റേതായ നിയമപരിരക്ഷയും ഉള്ളവർ പോലും ആകുലപ്പെടുന്ന കാലത്ത് എവിടെയാണ് പരാതിപ്പെടേണ്ടത് എന്നുപോലും അറിയാതെ നിസഹായരായി ഓടുകയാണ് ​ഗി​ഗ് വർക്കേഴ്സ്. ഭക്ഷണ സഞ്ചിയും തൂക്കി തിടുക്കത്തിൽ ബൈക്ക് ഓടിക്കുമ്പോൾ സ്വന്തം വിശപ്പകറ്റാനുള്ള വഴികൾ മാഞ്ഞുപോകുന്നതിന്റെ ആധി കൂടിയാണ് ഓരോ ഡെലിവറി റൈഡറും തോളിലേറ്റുന്നത്.

Also Read

9 minutes read May 16, 2022 3:58 pm