ഗിഗ് തൊഴിലാളികളോട് കേരളത്തിന് കരുതലുണ്ടോ?

ജൂൺ 29നാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്ന ​ഗി​ഗ് വർക്കേഴ്സിന്റെ ക്ഷേമത്തിന് വേണ്ടി കർണാടക സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന്റെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചത്. ​ഗിഗ് വർക്കേഴ്സിന്റെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന ഈ ബിൽ കർണാടക നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു നീക്കം നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. രാജസ്ഥാനാണ് നേരത്തേ ഇത്തരമൊരു നിയമനിർമാണം നടത്തിയത്. ​2023 സെപ്തംബറിൽ നിയമമായി വന്നെങ്കിലും നവംബറിൽ ബി.ജെ.പി ​സർക്കാർ ഭരണത്തിലേറിയതോടെ രാജസ്ഥാനിൽ ഈ നിയമം നടപ്പാക്കുന്നതിൽ നിന്ന് ​ഗവൺമെന്റ് അൽപം പിന്നോട്ടു പോയിട്ടുണ്ട്. ഹരിയാന സർക്കാർ ഇവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സംസ്ഥാനതല ബോർഡ് രൂപീകരിക്കാനൊരുങ്ങുകയാണ്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് തെലങ്കാന ​ഗവൺമെന്റ് അത്തരമൊരു നിയമനിർമാണത്തിന് ഒരുങ്ങുകയും ചെയ്യുന്നുണ്ട്. എന്നാൽ തൊഴിലാളി ക്ഷേമത്തിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നയങ്ങൾ സ്വീകരിച്ചിട്ടുള്ള കേരളം ​ഗി​ഗ് വർക്കേഴ്സിന്റെ തൊഴിൽ സുരക്ഷയുറപ്പാക്കുന്നതിൽ എന്ത് തരം നടപടികളാണ് സ്വീകരിച്ചത്? ഗി​ഗ് വർക്കേഴ്സിന്റെ തൊഴിൽ സുരക്ഷയുറപ്പാക്കുന്ന സമ​ഗ്രമായ ഒരു നിയമ നിർമ്മാണത്തിനായി കേരളം ഇനിയുമെത്ര മുന്നോട്ട് പോകാനുണ്ടെന്ന് ഈ റിപ്പോർട്ട് പരിശോധിക്കുന്നു.

പരമ്പരാ​ഗത തൊഴിലുടമ-തൊഴിലാളി ബന്ധത്തിന് പുറത്ത് ജോലി ചെയ്യുന്ന, ഒരു പ്രത്യേക വർക്ക് അറേഞ്ച്മെന്റിൽ പങ്കുചേരുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്നവരാണ് ​ഗി​ഗ് വർക്കേഴ്സ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായി കാണുന്ന സ്വി​ഗി, സൊമാറ്റൊ, ഊബർ, ഓല, അർ​ബൻ കമ്പനി, പോർട്ടർ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ ഉദാഹരണം. ഇതിൽ ജോലിയെടുക്കുന്നവരാരും കമ്പനിയുടെ കരാറിൽ തൊഴിലാളികളായി അല്ല രജിസ്റ്റർ ചെയ്യുന്നത്. ഉടമ-തൊഴിലാളി ​ബന്ധത്തിനപ്പുറത്ത് ബിസിനസ് പാർട്ട്ണർ തുടങ്ങിയ പദാവലികളിലാണ് ഇവർ അറിയപ്പെടുന്നത്. സ്വാഭാവികമായും തൊഴിൽ സംരക്ഷണ നിയമത്തിന്റെ പരിരക്ഷ ഈ തൊഴിലാളികൾക്ക് ലഭിക്കുകയുമില്ല.

സ്വി​ഗി സൊമാറ്റോ തൊഴിലാളികൾ, കടപ്പാട്: thenewsminute

ജി​ഗ് വർക്കേഴ്സുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ എളമരം എം.പി കൊണ്ടുവന്ന ചോദ്യത്തിന് 2023 ഫെബ്രുവരി 2ന് അന്നത്തെ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി രാമേശ്വർ തെളി നൽകിയ മറുപടി ഈ പ്രശ്നത്തെ അഡ്രസ് ചെയ്യുന്നുണ്ട്. ‘India’s Booming Gig and
Platform Economy. Perspectives and Recommendations on the Future of Work’ എന്ന തലക്കെട്ടിൽ നീതി ആയോ​ഗ് പ്രസിദ്ധീകരിച്ച പഠനത്തിൽ 2020-21ൽ ഇന്ത്യയിൽ 7.7 മില്യൺ ​ഗി​ഗ് വർക്കേഴ്സ് പ്രവർത്തിക്കുന്നുണ്ടെന്നും 2029-30 ഓടെ ഈ കണക്ക് 23.5 മില്യണിലെത്തുമെന്നും സൂചിപ്പിക്കുന്നു. ​ഗി​ഗ് വർക്കേഴ്സിന്റെ കൂട്ടത്തിൽ 47 ശതമാനവും ഇടത്തരം വൈദ​ഗ്ധ്യം ആവശ്യമുള്ള മേഖലയിലും 22 ശതമാനം കൂടുതൽ വൈദ​ഗ്ധ്യം ആവശ്യമുള്ള മേഖലയിലും 31 ശതമാനം കുറഞ്ഞ വൈദ​ഗ്ധ്യം ആവശ്യമുള്ള മേഖലയിലും പ്രവർത്തിക്കുന്നവരാണ്. ഇടത്തരം വൈദ​ഗ്ധ്യമുള്ള മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം ക്രമേണ കുറയുകയാണെന്നും 2030ഓടെ ഇവരുടെ ആധിപത്യം കുറയുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വളരെ പെട്ടെന്ന് വളർന്നുവരുന്ന തൊഴിൽ മേഖല എന്ന അർത്ഥത്തിൽ സർക്കാറിന്റെ സജീവ ശ്രദ്ധ ഈ മേഖലയിൽ ആവശ്യമാണ്.‌ ചികിത്സാ ലീവ്, ആരോ​ഗ്യ ഇൻഷുറൻസ്, വാർദ്ധക്യ കാല പരിരക്ഷ എന്നിവ അവർക്ക് നൽകേണ്ടതിന്റെ അനിവാര്യതയും നീതി ആയോ​ഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ​കേന്ദ്രമന്ത്രി സൂചിപ്പിക്കുന്നുണ്ട്.

വളരുന്ന അസം​ഘടിത തൊഴിൽ മേഖല

1990കളിൽ രാജ്യം സ്വീകരിച്ച ഉദാരവൽക്കരണ നയങ്ങൾ സംഘടിത തൊഴിൽ മേഖലയെ തകർത്ത പ്രധാന കാരണങ്ങളിലൊന്നാണ്. 2014ൽ ദേശീയ സാമ്പിൾ സർവെ പുറത്തുവിട്ട 2011-12 വർഷത്തെ സ്ഥിതി വിവര കണക്കനുസരിച്ച് 1991ന് ശേഷം ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട ആകെ 6.1 കോടി തൊഴിലുകളിൽ 92 ശതമാനവും അസംഘടിത മേഖലയിലാണ്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക-ശാസ്ത്ര സ്ഥാപനമായ കൗൺസിൽ ഫോർ മോണിറ്ററിം​ഗ് ഇന്ത്യൻ എക്കോണമിയും അശോക സർവകലാശാലയും ചേർന്ന് 2021ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉൽപാദന മേഖലയിലെ സംഘടിത തൊഴിൽ 50 ശതമാനവും ഇല്ലാതായെന്നാണ്. 2016-17 കാലത്ത് ഇന്ത്യയിലെ ആകെ തൊഴിലിൽ 30 ശതമാനവും കൈകാര്യം ചെയ്തിരുന്ന ഉൽപാദനം, റിയൽ എസ്റ്റേറ്റ്, ഖനി മേഖലകളുടെ പങ്ക് 2020-21 ആയതോടെ 21 ശതമാനം ആയി ചുരുങ്ങിയെന്നും കണക്കുകകൾ സൂചിപ്പിക്കുന്നു. അനിശ്ചിതത്വം നിറഞ്ഞ, സ്ഥിരതയില്ലാത്ത അസംഘടിത തൊഴിൽ മേഖലയുടെ വളർച്ചക്കാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഈയൊരു അനിശ്ചിതത്തത്തിലേക്കാണ് ​ഗിഗ് പ്ലാറ്റ്ഫോം അടിച്ചുകയറി വരുന്നത്. ബാം​ഗ്ലൂരിൽ മാത്രം സ്വി​​​ഗി, സൊമാറ്റൊ, ഊബർ, ഓല, അർബൻ കമ്പനി, പോർട്ടർ, ഡൂൺസോ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലായി 2 ലക്ഷത്തോളം പേരാണ് പ്രവർത്തിക്കുന്നത്. കേരളത്തിലും യുവാക്കളും മധ്യവയസ്കരുമായി 2 ലക്ഷത്തിലധികം പേർ ​ഗി​ഗ് വർക്കിനെ ആശ്രയിക്കുന്നു.

സൊമാറ്റോയുടെ ഇൻസെന്റീവ് സംവിധാനം വരുമാനം കുറയ്ക്കുമെന്നാരോപിച്ച് പ്രതിഷേധിക്കുന്ന ജംഷഡ്പൂരിൽ നിന്നുള്ള ഡെലിവറി തൊഴിലാളികൾ, കടപ്പാട്: article-14.com

സൊമാറ്റോ തൊഴിലാളിയും ശരാശരി വരുമാനവും

ഓരോ ദിവസവും 12 മുതൽ 14 മണിക്കൂർ വരെ ജോലിയെടുത്താൽ സൊമാറ്റോ തൊഴിലാളിക്ക് ഒരു മാസം ലഭിക്കുന്ന ശരാശരി വരുമാനം 30000 ‍രൂപയാണ്. മൊബൈൽ റീച്ചാർജ് (300), പെട്രോൾ ചാർജ് (3*350= 10500), ബൈക്ക് ഓയിൽ ചെയ്ഞ്ച് (1500), ചെയിൻ സോക്കറ്റ് ചെയ്ഞ്ച് (1500), മൂന്ന് മാസത്തിലൊരിക്കൽ വരുന്ന ടയർമാറ്റം (1350), ഭക്ഷണ ചെലവ് (4500) എന്നിവ കണക്കുകൂട്ടിയാൽ ശരാശരി ഒരു തൊഴിലാളിക്ക് വരുന്ന പ്രാഥമിക ചെലവ് 19650 രൂപയാണ്. ആകെ വരവിൽ നിന്ന് ആകെ ചെലവ് കുറച്ചാൽ പിന്നെ ബാക്കിയാകുന്നത് 10350 രൂപ. ഒരു ദിവസം ബാക്കിയാകുന്ന ശരാശരി തുക കേവലം 345 രൂപയാണ്. നാട്ടിൽ ശരാശരി 8 മണിക്കൂർ ജോലിയെടുക്കുന്നയാൾക്ക് ലഭിക്കുന്ന ശരാശരി കൂലി 1000 രൂപയാണെന്നും ചേർത്തുവായിക്കേണ്ടതാണ്.

ദേശീയ ശ്രദ്ധയിലേക്ക് വരുന്ന ​ഗിഗ് വർക്കേഴ്സ്

​ഗി​ഗ് വർക്കേഴ്സിന് വേണ്ടിയുള്ള നിയമനിർമാണവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ മുന്നോട്ടുവന്നതോടെ വിഷയം കുറച്ചുകൂടെ ദേശീയ ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്. ജൂലൈ 23ന് അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ​ഗി​ഗ് വർക്കേഴ്സിന്റെ പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരി​ഗണിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് ഈ മാസം ആദ്യത്തിലാണ് ആവശ്യപ്പെട്ടത്. നേരത്തെ ​ഗി​ഗ് വർക്കേഴ്സിന്റെ സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്നത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി പുറത്തിറക്കിയ കോൺ​ഗ്രസിന്റെ ന്യായ് പത്രയിലൂടെ പറഞ്ഞ പ്രധാന വാ​ഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഭാരത് ജോഡോ യാത്രയിൽ ഇവരുമായി സംസാരിക്കുന്ന രാഹുൽ ​ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതെല്ലാം സൂചിപ്പിച്ചാണ് ജയറാം രമേശ് മാധ്യമങ്ങളോട് സംസാരിച്ചത്. “ഇന്ത്യയിലെ ​ഗി​ഗ് വർക്കേഴ്സിന് വേണ്ടി ശബ്ദിച്ച പ്രധാനപ്പെട്ട നേതാവാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്ര അവർക്കുകൂടിയുള്ള ഐക്യദാർഢ്യമായിരുന്നു. ഇപ്പോൾ ചില സംസ്ഥാന ​സർക്കാരുകൾ ചെയ്യുന്നതു പോലെ ​ഗി​ഗ് വർക്കേഴ്സിന്റെ ക്ഷേമത്തിന് വേണ്ടി ദേശീയ തലത്തിൽ ഒരു നിയമനിർമാണം അനിവാര്യമായിരിക്കുന്നു. 2022ൽ 77 ലക്ഷമായിരുന്നെങ്കിൽ 2030 ഓടെ 2.4 കോടിയിലേക്ക് അവരുടെ എണ്ണം എത്തുമെന്നാണ് കണക്കുകൾ പറയുന്നത്. ഇപ്പോൾ പന്ത് കേന്ദ്രസർക്കാറിന്റെ കോർട്ടിലാണ്. വരും ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം സാധിക്കുമെന്നാണ് പ്രതീക്ഷ”.

രാഹുൽ ​ഗാന്ധി ​ഗി​ഗ് വർക്കേഴ്സിനൊപ്പം, കടപ്പാട്: Civil Society Magazine

ഗിഗ് മേഖലയെ കുറിച്ച് പഠനം നടത്തുന്നവരാണ് കൊച്ചി കുഫോസി(KUFOS)ൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് ഡിപാർട്ട്മെൻിലെ അദ്ധ്യാപകനും ഗവേഷകനുമായ ഡോ. രാജേഷും, ഗവേഷക വിദ്യാർത്ഥിനിയായ ജിജി കെ.പി.യും. രാജസ്ഥാനിലും കർണാടകയിലും തമിഴ്നാട്ടിലുമാണ് ചെറിയ പ്രതീക്ഷയെങ്കിലുമുള്ള നീക്കങ്ങൾ നടന്നതെന്നാണ് അവർ പറയുന്നത്. അതേസമയം ഇതിന്റെ നടപ്പാക്കൽ എത്രത്തോളം കാര്യക്ഷമമാണെന്നതിൽ സംശയം ഉന്നയിക്കുന്നു ഡോ. രാജേഷ്. “മുകളിൽ സൂചിപ്പിച്ച സംസ്ഥാനങ്ങളിൽ നിയമനിർമാണം സാധ്യമായെങ്കിലും എത്രത്തോളം വേ​ഗത്തിൽ അത് നിയമമായി നടപ്പാകുമെന്നതിൽ സംശയമുണ്ട്. സോഷ്യൽ സെക്യൂരിറ്റി കോഡ് 2020ൽ ഒൻപതാമത്തെ അധ്യായത്തിൽ ​ഗി​ഗ് വർക്കർമാരെക്കുറിച്ചാണ് പറയുന്നത്. അവർക്ക് സോഷ്യൽ സെക്യൂരിറ്റി നൽകുമെന്നും അവരെ തൊഴിലാളികളായി പരി​ഗണിക്കുമെന്നുമൊക്കെ അതിൽ പറയുന്നുണ്ട്. പക്ഷേ, എല്ലാം പേപ്പറുകളിലാണ് ഉള്ളത് എന്നതിനാൽ എപ്പോ വരും എന്ന് ഒരു ഉറപ്പും പറയാൻ ഒക്കില്ല”.

എന്തുകൊണ്ടാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ​ഗി​ഗ് വർക്കേഴ്സിന്റെ എണ്ണം കൂടുന്നതെന്നതിനെക്കുറിച്ചും നിലവിൽ ലഭ്യമായ കണക്കിന്റെ ആധികാരികതയെക്കുറിച്ചുമെല്ലാം ഡോ. രാജേഷ് സംസാരിച്ചു. “കൂടുതലാളുകളും ടെക്നോളജി ഉപയോ​ഗിക്കുന്നവരാണ്. സ്വതന്ത്രമായി നടക്കുകയും ജീവിതത്തിൽ ഫ്ലക്സിബിലിറ്റി ആ​ഗ്രഹിക്കുകയും ചെയ്യുന്നവരാണ് പുതിയ തലമുറ. നിലവിലെ ​ഗി​ഗ് എക്കോണമി അതിനുള്ള അവസരമാണ് ഒരുക്കുന്നത്. കൊവിഡ് കാലത്ത് ഒരുപാട് പേരുടെ തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് വലിയൊരു തൊഴിൽ മേഖലയായി ഇത് വളർന്നത്. എറണാകുളം പോലെയുള്ള ന​ഗരങ്ങളിൽ ഇതിനെ ആശ്രയിക്കുന്നവർ മിക്കവരും വിദ്യാർത്ഥികളാണ്. അവർക്ക് ഒരു വരുമാന സ്രോതസ്സായി മാറുന്നുവെന്നതാണ് ഇതിന്റെ ​ഗുണം. അതേസമയം രണ്ട് ലക്ഷത്തിലേറെ തൊഴിലാളികൾ വിവിധ പ്ലാറ്റ്ഫോമുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ 30000 ളം പേർ മാത്രമാണ് ആക്ടീവായി ജോലിയിൽ ഏർപ്പെടുന്നത്. നീതി ആയോ​ഗ് നടത്തിയ പഠനം മാത്രമാണ് ഇവരുടെ ഡാറ്റയുമായി ബന്ധപ്പെട്ട് എല്ലാവരും കാര്യമായി ആശ്രയിക്കുന്നത്”.

​ഗി​ഗ് എക്കോണമിയിൽ രജിസ്റ്റർ ചെയ്ത എല്ലാവരും എല്ലാവിധ ആനുകൂല്യങ്ങൾക്കും അർഹരാണോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ അഭിപ്രായമാണ് ജിജി പങ്കുവെക്കുന്നത്. “ഓരോരുത്തർക്കും ഇഷ്ടമുള്ള പോലെ ജോലിയെടുക്കാനുള്ള അവസരം ​ഗി​ഗ് എക്കോണമി നൽകുന്നുണ്ട്. പരമ്പരാ​ഗത തൊഴിലിടത്തിൽ കാണുന്ന പോലെയുള്ള മുതലാളി-തൊഴിലാളി ബന്ധമല്ല അവിടെ കാണാനാകുക. ഇന്ന് എല്ലാം ഒഴിവാക്കി പോകാം എന്നുണ്ടെങ്കിൽ ഓരോരുത്തർക്കും അതിനുള്ള അവസരം ഉണ്ട്. ആർക്കും ഇഷ്ടമുള്ള രൂപത്തിൽ ജോയിൻ ചെയ്യുകയും ആവാം. ആരും ചോദിക്കാനും പറയാനും വരില്ല. സ്വാഭാവികമായും ഇത്തരം തൊഴിലാളികൾക്ക് എന്തിനാണ് ആനൂകൂല്യങ്ങൾ എന്നാണ് മാനേജ്മെന്റ് ഭാഷ്യം. അതുപോലെ എല്ലാ അസംഘടിത തൊഴിൽ മേഖലയുമായി ​ഗി​ഗ് എക്കോണമിയെ ചേർത്തു പറയാനും ഒക്കില്ല”. ​ഗി​ഗ് എക്കോണമിയിലുള്ള പ്രധാന പ്രശ്നം ട്രാൻസ്പരൻസിയാണെന്നും അതിൽ ​സർക്കാറുകളുടെ ശ്രദ്ധയുണ്ടാകണമെന്നും ജിജി അഭിപ്രായപ്പെട്ടു. “​ഗി​ഗ് എക്കോണമിയിൽ ജോലിയെടുക്കുന്നവരിൽ പകുതിയിലധികവും അത്ര എജ്യൂക്കേറ്റഡായ ആളുകളല്ല. സ്വാഭാവികമായും കമ്പനി നൽകുന്ന നിബന്ധനകൾ കാര്യമായി പരിശോധിക്കാതെ ടിക് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിൽ മാറ്റം വരണം. കർണാടക സർക്കാർ പുറത്തുവിട്ട ഡ്രാഫ്റ്റിൽ പ്രധാനമായും പറയുന്ന കാര്യങ്ങളിലൊന്ന് തൊഴിലാളിയുമായി കമ്പനി സംവ​ദിക്കുന്ന ഭാഷ ലളിതവും വ്യക്തവുമാകണമെന്നാണ്”​.

കടപ്പാട്: NITI Aayog

ഗി​ഗ് എക്കോണമിയിലെ കേരളം

നീതി ആയോ​ഗിന്റെ റിപ്പോർട്ടനുസരിച്ച് ഏകദേശം രണ്ട് ലക്ഷത്തിലേറെ ​ഗി​ഗ് വർക്കേഴ്സ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ദിനംപ്രതി ഇവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. ഒരു തരത്തിലുള്ള തൊഴിൽ സെക്യൂരിറ്റിയും ഇല്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പായ ഡോ. എൻ ജയരാജ് എം.എൽ.എ ഇവർക്കു വേണ്ടി ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. വളരെ വേ​ഗത്തിൽ വളരുന്ന, എന്നാൽ അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു തൊഴിൽ മേഖലയെക്കുറിച്ചുള്ള ആധികൾ നിയമസഭയിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് അദ്ദേ​ഹം കേരളീയത്തോട് സംസാരിച്ചു. “നാട്ടിൽ ഒരു സ്വയം തൊഴിലെന്ന നിലക്കാണ് ചെറുപ്പക്കാർ ​ഗി​ഗ് എക്കോണമിയെ തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരത്തുള്ളപ്പോഴും നാട്ടിൽ യാത്ര ചെയ്യുമ്പോഴും നിരവധി ചെറുപ്പക്കാരെയാണ് ഇത്തരത്തിൽ കാണാൻ സാധിച്ചത്. അവരിൽ പലരോടും നേരിട്ട് സംസാരിച്ചു. അപ്പോഴാണ് വലിയ രീതിയിലുള്ള തൊഴിൽ ചൂഷണത്തിനാണ് ഇവർ വിധേയരാകുന്നതെന്ന് മനസ്സിലായത്. ശമ്പളത്തിനപ്പുറത്ത് കമ്മീഷൻ പരിപാടിയായത് കൊണ്ട് ചൂഷണത്തിനുള്ള സാധ്യത ഏറെയാണല്ലോ. അങ്ങനെ കുറച്ചൂടെ ആഴത്തിൽ ആലോചിച്ചപ്പോഴാണ് ഈ മേഖലയിൽ സമ​ഗ്രമായ ഒരു നിയന്ത്രണ സംവിധാനം വേണമെന്ന് തോന്നിയത്. അങ്ങനെയാണ് ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരുടെയും പിന്തുണയാണ് അതിന് ലഭിച്ചത്. നിലവിൽ സർക്കാർ ഇതിനെക്കുറിച്ച് ​ഗൗരവത്തിൽ പഠിക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പുതന്നു. വളരെ വേ​ഗത്തിൽ ഒരു നിയമനിർമാണം കേരളത്തിൽ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം”.

ഡോ. എൻ ജയരാജ്

കേരള സർക്കാരിന് വേണ്ടി കിലെ (Kerala Institute of Labour and Employment- KILE) യാണ് പഠനം നടത്തുന്നത്. പഠന റിപ്പോർട്ട് കേരള സർക്കാറിന് സമർപ്പിച്ചിരിക്കുന്നുവെന്നും ​ഗി​ഗ് പ്ലാറ്റ്ഫോം ഓണേഴ്സിനെയും കൂടെ പരി​ഗണിച്ചുള്ള സമ​ഗ്രമായ ഒരു നിയമനിർമാണത്തിനെക്കുറിച്ചാണ് കിലെയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്നും കിലെയുടെ ചെയർമാൻ കെ.എൻ ​ഗോപിനാഥ് കേരളീയത്തോട് പറഞ്ഞു. “നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിച്ച ഡ്രാഫ്റ്റെല്ലാം പഠനവിധേയമാക്കി, ​ഗി​ഗ് വർക്കേഴ്സിനോടും ​ഗി​ഗ് ഓണേഴ്സിനോടും സംസാരിച്ച് സമ​ഗ്രമായ നിയമനിർമാണത്തിനാണ് കേരളം ഒരുങ്ങുന്നത്. നിരവധി പദ്ധതികളും നിർദേശങ്ങളുമാണ് ഇതിന്റെ ഭാ​ഗമായി ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. പെൻഷൻ സ്കീം, മറ്റേർണിറ്റി ബെനിഫിറ്റ്, ആരോ​ഗ്യ ഇൻഷുറൻസ് എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് മികച്ച സാമൂഹിക സുരക്ഷ ​ഗി​ഗ് വർക്കേഴ്സിന് ഉറപ്പുവരുത്തുക, പെട്രോൾ ചാർജ്, വാഹനം ഓടുന്ന ദൂരം എന്നിവ പരി​ഗണിച്ച് മിനിമം വേതനം സർക്കാർ കൊണ്ടുവരിക, തൊഴിലാളിക്കുമേൽ മുതലാളിമാർ വിവിധ രൂപത്തിൽ സമ്മർദ്ദം ചെലുത്തുന്നത് മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഉറപ്പാക്കുക, ജോലിയുടെ ഭാ​ഗമായി നൽകുന്ന ഇൻസന്റീവുകൾ, മറ്റു ആനുകൂല്യങ്ങൾ എന്നിവ നിലവിലുള്ളതിനെക്കാൾ വർധിപ്പിക്കുക, തൊഴിലാളികളുടെ പരാതികൾ ബോധിപ്പിക്കാനുള്ള സംവിധാനം ലേബർ ഡിപ്പാർട്ട്മെന്റിന് കീഴിൽ പരാതി പരിഹാര സെൽ എന്ന രൂപത്തിൽ കൊണ്ടുവരിക, വൈദ്യുതി, ഷെൽട്ടർ, ചാർജിം​ഗ് പോയിന്റ്, പാർക്കിം​ഗ് സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ന​ഗരങ്ങളിൽ വിവിധ ഇടങ്ങളി‍ൽ സംവിധാനിക്കുക, ​ഗി​ഗ് വർക്കേഴ്സിന്റെ സമ​ഗ്രമായ ഡാറ്റ ശേഖരണം നടത്തുക, തൊഴിലാളികൾക്ക് വേണ്ടി സ്കിൽ ഡെവലപ്മെന്റ് പരിപാടികൾ, ഡിജിറ്റൽ ലിറ്ററസി പരിപാടികൾ എന്നിവ നടത്തുക തുടങ്ങി നിരവധി നിർദേശങ്ങളാണ് കിലെയുടെ നേതൃത്വത്തിൽ നൽകിയിട്ടുള്ളത്”.

കെ.എൻ ഗോപിനാഥ്

മഴയായാലും വെയിലായാലും വിശ്രമമില്ലാതെ ഓടുകയാണ് നമുക്കു ചുറ്റുമുള്ള ​ഗി​ഗ് വർക്കേഴ്സ്. സ്ഥിരതയോടെ നന്നായി അധ്വാനിക്കുന്ന ‘പാർട്ണർ’ക്കായി കമ്പനി ഏർപ്പെടുത്തുന്ന റേറ്റിം​ഗ് നേടിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. എല്ലുമുറിയെ പണിയെടുത്താലെ ചിലയിടത്ത് ദിനേനയും ചിലയിടത്ത് ആഴ്ചയിലുമെല്ലാം നൽകുന്ന ഇൻസെന്റീവുകളും മറ്റു ആനുകൂല്യങ്ങളും ലഭിക്കൂ. അിതിനിടക്ക് എപ്പോഴെങ്കിലും ലൈനിലില്ലാതിരിക്കുകയോ ആഴ്ചയിൽ ഏതെങ്കിലും ദിവസം പണിക്കെത്താതിരിക്കുകയോ ചെയ്താൽ എല്ലാ ആനുകൂല്യങ്ങളും തടയപ്പെടും. തൊഴിലാളി-മുതലാളി ബന്ധം ഇല്ലാത്തതുകൊണ്ട് ഒരു നിയമത്തിന്റെ നൂലാമാലകളും കമ്പനിയേയോ മുതലാളിമാരെയോ ബാധിക്കുന്നില്ല. ഹോട്ടലിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് അമിത വില ഈടാക്കുമ്പോഴും അതിൽ വളരെ ചെറിയ വിവിതം മാത്രം ഡെലിവറി ബോയ്ക്ക്, ഡ്രൈവർക്ക് ലഭിക്കുന്ന ദുരവസ്ഥ. പലപ്പോഴും ഹോട്ടലുടമ പോലും അറിയാതെ അവരുടെ ഹോട്ടലിലെ മെനു ലിസ്റ്റ് കമ്പനി അപ്ഡേറ്റ് ചെയ്യുന്ന സ്ഥിതി വരുന്നു. അപ്പോഴും ലാഭം മുതലാളിക്ക് തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിൽ 45 ശതമാനം വർധനവാണ് ഡെലിവറി പ്ലാറ്റ്ഫോമുകളിലൊന്നായ സ്വി​ഗി നേടിയത്. അപ്പോഴും തൊഴിലാളിയുടെ ശരാശരി വരുമാനം 25000ത്തിനും 30000ത്തിനും ഇടയിലായി തുടരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ വിവിധ ചെലവുകൾ കഴിഞ്ഞാൽ പിന്നെ കയ്യിലുണ്ടാകുക തുച്ഛമായ തുക മാത്രം. നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്ന കമ്പനികൾ എന്ന അർത്ഥത്തിൽ ​ഗി​ഗ് എക്കോണമി രാജ്യത്ത് നിലനിൽക്കേണ്ടത് അനിവാര്യതയാണ്. പ്രത്യേകിച്ചും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ ഒരു സാഹചര്യത്തിൽ. അതേസമയം തൊഴിലാളി സൗഹൃദ ഇടം രൂപപ്പെടേണ്ടത് അനിവാര്യമാണ്. രാജ്യസഭാ എംപിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ജയറാം രമേശ് സൂചിപ്പിച്ച പോലെ സർക്കാറുകളുടെ കയ്യിലാണ് ഇപ്പോൾ കടിഞ്ഞാൺ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read