Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
പരിഭാഷ: ഫാത്തിമ നെസ്‌റിൻ
2021 നവംബറിൽ ഗ്ലാസ്ഗോയിൽ വച്ച് നടന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവെൻഷൻ ഒഫ് ക്ലൈമറ്റ് ചേഞ്ചിന്റെ 26-ാമത് കോപ് സമ്മേളന അദ്ധ്യക്ഷനായിരുന്ന അലോക് ശർമ്മയും യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസും മറ്റ് നേതാക്കന്മാരും ‘താപനം 1.5 °C ആയി നിലനിർത്തുക’ എന്ന് ആവർത്തിച്ച് ഉരുവിട്ടുകൊണ്ടേയിരുന്നത് സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ വാക്യമായി അത് മാറുക എന്ന ലക്ഷ്യത്തോടെ ആയിരിക്കാം. അതുകൊണ്ടുതന്നെ കോപ് 26 ൽ ഏറ്റവും അധികം ഉയർന്നുകേട്ട വാക്യവും അതുതന്നെയായിരുന്നു. പല കാരണങ്ങളാൽ യാഥാർത്ഥ്യമാകാതെ പോയ പാരീസ് ഉടമ്പടിയുടെ, ‘ആഗോള താപനം മൂലമുണ്ടായ താപനില വർദ്ധനവ് വ്യാവസായിക വിപ്ലവത്തിനു മുമ്പുണ്ടായിരുന്ന താപനിലയേക്കാൾ 1.5 °C ആയി പരിമിതപ്പെടുത്തുക’ എന്ന ലക്ഷ്യത്തെ പരിരക്ഷിക്കാൻ വേണ്ടിയാണ് ഇവർ ഈ വാദവുമായി മുന്നോട്ടുവന്നത്.
സാങ്കേതിക വിദഗ്ധരും വിപണിയിൽ ശുഭാപ്തിവിശ്വാസമുള്ളവരും നിർദ്ദേശിക്കുന്ന രീതികളിലൂടെ ഭൂമിയുടെ താപനം 1.5°C ന് താഴെയായി നിലനിർത്തുക എന്നത് ഇനിയും സാധ്യമാണോ? നേടിയെടുക്കാനാവുന്ന ഒരു ലക്ഷ്യമാണോ ഇത് എന്ന് സംശയിക്കാൻ നിരവധി കാരണങ്ങളുണ്ട്. ഉദാഹരണത്തിന്; ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള ആഗോളതാപനം ഇതിനകം 1.5°C എത്തിയിട്ടുണ്ടെങ്കിലും താൽക്കാലികമായി അത് പ്രകടമല്ലാത്തത് അന്തരീക്ഷത്തിലെ വായു മലിനീകാരികളായ പർട്ടിക്കുലേറ്റ് മാറ്ററുകളുടെ (Particulate Matter) സാന്നിധ്യം കൊണ്ടാണ്.
ഏറ്റവും ഉയർന്ന ഹരിതഗൃഹ വാതക ഉദ്വമനമുള്ള രാജ്യങ്ങൾ 1.5°C യിൽ പരിമിതപ്പെടുത്തുന്നതിന് അപര്യാപ്തമായ ഉദ്വമന-കുറയ്ക്കൽ ലക്ഷ്യങ്ങൾ ആണ് മുന്നോട്ടുവച്ചിട്ടുള്ളത്. പരസ്പര വിരുദ്ധങ്ങളായ കാലാവസ്ഥാ ലക്ഷ്യങ്ങളും നയങ്ങളും കാലാവസ്ഥാ ശാസ്ത്രവും ആണ് ഇന്ന് നിലവിലുള്ളത്. അതിനാൽ ഉദ്വമനം കുറയ്ക്കുന്നതിന് സഹായകരമായ ഒരു സാഹചര്യം ഇതുവരെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഡിമാൻറ് സൈഡ് മനേജ്മെൻറ് വഴി ഫോസ്സിൽ ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള കാൽ നൂറ്റാണ്ടിന്റെ പ്രയത്നവും പരാജയപ്പെട്ടു.
1.5°C മരിച്ചു, എങ്കിലും 1.5°C നീണാൾ വാഴട്ടേ
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡിനൊടൊപ്പം മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളപ്പെട്ടതാണ് ഭൂമിയുടെ താപനില വ്യാവസായിക കാലഘട്ടത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ 1.1°C ആയി വർദ്ധിക്കാൻ കാരണമായത്. കൂടാതെ ഫോസിൽ ഇന്ധനം കത്തിക്കുമ്പോൾ പുറന്തള്ളപ്പെടുന്ന സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ (SO2, NO2) ഭൂമിയിലേക്ക് പതിക്കുന്ന സോളാർ വികിരണങ്ങളെ പ്രതിഫലിപ്പിക്കുവാൻ കഴുവുള്ള എയറോസോളുകളുടെ precursor വാതകങ്ങളാണ്. ഈ എയറോസോളുകൾ ഏകദേശം 0.4°C ഓളം ഭൂമിയെ തണുപ്പിക്കുന്നതിനും കാരണമാകുന്നു.
SO2, NO2 ഉം കൂടി ഉൾപ്പെടുന്ന അന്തരീക്ഷ മലിനീകരണം പ്രതിവർഷം 4.2 ദശലക്ഷം മരണം, ദശലക്ഷക്കണക്കിന് ടൺ വിളവ് നഷ്ടം, വനനശീകരണം, ജൈവവൈവിധ്യ നഷ്ടം, ജലാശയങ്ങളുടെ അമ്ലീകരണം, ജലസംബന്ധിയായ ഇക്കോളജിയുടെ ക്ഷതം, മനുഷ്യനിർമ്മിത ഘടനകളുടെ കേടുപാടുകൾ എന്നിവക്ക് കാരണമാകുന്നു. അതിനാൽ വായു മലിനീകരണം നിയന്ത്രിക്കേണ്ടത് അനിവാര്യമായി മാറുന്നു. ലോകമെമ്പാടും ഫലപ്രദമായ ഒരു ‘ക്ലീൻ എയർ പോളിസി’ നടപ്പിലാക്കുകയാണെങ്കിൽ, ഗണ്യമായ അളവിൽ എയറോസോളുകൾ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യപ്പെടുകയും ഇത് ‘ടെർമിനേഷൻ ഷോക്ക്’ എന്ന അവസ്ഥയിലേക്ക് എത്തുകയും രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ആഗോള താപനം 1.5°C ൽ എത്തുകയും ചെയ്യും.
ഉദ്വമന അളവ് കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ
ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) 2021 ആഗസ്റ്റിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ റിപ്പോർട്ട് ആയ ‘ക്ലൈമറ്റ് ചേഞ്ച് 2021- ദ ഫിസികൽ സയൻസ് ബേസിസ്’ താപന ലക്ഷ്യമായ ≤1.5°C നിറവേറ്റണമെങ്കിൽ നിലവിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2030-35 ഓടെ പകുതിയായി കുറക്കണമെന്നും 2050-55 ഓടെ ലോകം നെറ്റ് കാർബൺ സീറോ ആയിത്തീരണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. വരുന്ന 30 വർഷത്തിൽ പ്രതിവർഷം ഏഴ് ശതമാനം എന്ന തോതിൽ ഉദ്വമനം കുറക്കണം എന്ന് സാരം. പക്ഷെ 2015 ൽ പാരീസ് ഉടമ്പടി ഒപ്പുവച്ച ശേഷം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പ്രതിവർഷം 1.2 ശതമാനമായി വർദ്ധിച്ചിരിക്കുകയാണ്.
പാരീസ് ഉടമ്പടിക്ക് ഇതുവരെയും അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താൻ കഴിഞ്ഞിട്ടില്ല. 2030 ഓടെ വിവിധ രാജ്യങ്ങൾ ഉദ്വമനം കുറക്കാനായി സമർപ്പിച്ച ദേശീയ പ്രതിജ്ഞകൾ (National Pledges to Reduce Emissions) കണക്കിലെടുത്ത് തയ്യാറാക്കിയ കൽപിത ഉദ്വമനവും (Projected Emissions ) ഭൂമിയുടെ താപനം ≤1.5°C ൽ പരിമിതപ്പെടുത്തുന്നതിന് അഭികാമ്യമായ ഉദ്വമനവും തമ്മിലുള്ള വ്യത്യാസത്തെയാണ് എമിഷൻ ഗ്യാപ് അഥവാ ഉദ്വമന വിടവ് എന്ന് വിളിക്കുന്നത്. യു.എൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ എമിഷൻ ഗ്യാപ് റിപ്പോട്ട് പ്രകാരം ഉദ്വമന വിടവ് 2016-2020 കാലയളവിൽ ഇരട്ടിയായിട്ടുണ്ട്. ആഗോള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ 70 ശതമാനവും ഉദ്വമനത്തിൽ മുൻ നിരയിലുള്ള ആദ്യ ആറ് രാജ്യങ്ങളായ ചൈന, യു.എസ്.എ, യൂറോപ്യൻ യൂണിയൻ, ഇന്ത്യ, റഷ്യ, ജപ്പാൻ എന്നിവരുടെ സംഭാവനയാണ്. കഴിഞ്ഞ ദശകത്തിൽ ഈ രാജ്യങ്ങൾ അവരുടെ ഉദ്വമനം ആഗോള താപനം നേരിടാൻ പര്യാപ്തമായ അളവിൽ പരിമിതപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
ഭാവിയിൽ ഈ രാജ്യങ്ങൾ അവരുടെ ഉദ്വമന നിരക്ക് കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കാര്യക്ഷമമായ നിലയിലേക്ക് ഉയർത്തുമോ? നിലവിലുള്ള ആസൂത്രണങ്ങൾ സൂചിപ്പിക്കുന്നത് യൂറോപ്യൻ യൂണിയനും ജപ്പാനും അടുത്ത ദശകത്തോടെ മാത്രമേ ഉദ്വമനം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നാണ്. അതേസമയം ചൈന, യു,എസ്, റഷ്യ എന്നീ രാജ്യങ്ങൾ അവരുടെ ഉദ്വമനം സ്ഥിരമായി നിലനിർത്തുകയും ഇന്ത്യയുടെ ഉദ്വമനം മൂന്ന് ഇരട്ടിയായി ഉയരുകയും ചെയ്യും. 2050 ഓടെ നെറ്റ് കാർബൺ സീറോ ആവുമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ജപ്പാനും, 2060 ഈ ലക്ഷ്യം കൈവരിക്കുമെന്ന് ചൈനയും റഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ 2070 ഓടെ നെറ്റ് കാർബൺ സീറോ ആവും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഉദ്വമനത്തിൽ മുൻ നിരയിലുള്ള ആദ്യ ആറ് രാജ്യങ്ങളിൽ മറ്റ് അഞ്ച് രാജ്യങ്ങളെ അപേക്ഷിച്ച് തങ്ങളുടെ ഉദ്വമനം കുത്തനെ കുറക്കേണ്ടതില്ല എന്ന് വാദിക്കാൻ ഇന്ത്യക്ക് മാത്രമേ കഴിയൂ. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിൽ ആണെങ്കിലും ഇന്ത്യയുടെ സഞ്ചിത ഉദ്വമനം (cumulative emissions – 1751-2020 കാലയളവിൽ ഒരു രാജ്യത്തിന്റെ/പ്രദേശത്തിന്റെ മൊത്തം ഉദ്വമനം) മൂന്ന് ശതമാനവും നിലവിലെ ഉദ്വമനം ഏഴ് ശതമാനവും മാത്രമേയുള്ളൂ. ഇന്ത്യയുടെ പ്രതിശീർഷ വാർഷിക ഉദ്വമനമാണെങ്കിൽ കേവലം 1.9 ടൺ മാത്രമാണ്. ഇത് ആഗോള ശരാശരിയുടെ രണ്ടര ഇരട്ടിയിൽ കുറവാണ്. ഉദ്വമനത്തിൽ മുൻ നിരയിലുള്ള മറ്റ് അഞ്ച് രാജ്യങ്ങളുടെ നിലവിലെ ആഗോള ഉദ്വമനത്തിലെ പങ്ക് ലോക ജനസംഖ്യയിലെ പങ്കിനേക്കാൾ എത്രയോ വലുതാണ്. ഇന്ത്യക്ക് നെറ്റ് കാർബൺ സീറോ ആവാനുള്ള കാലയളവിൽ ചെറിയ ഒരു ഇളവ് കൊടുക്കുകയാണെങ്കിൽ മറ്റു രാജ്യങ്ങൾ വളരെ വലിയ അളവിൽ ഉദ്വമനം കുറക്കേണ്ടതായി വരും. അതിന് അവർ തുനിയില്ല താനും.
വരുന്ന ദശകമാണ് മനുഷ്യരാശി ഇനി വിജയത്തിലേക്കോ വിനാശത്തിലേക്കോ എന്ന് നിർണ്ണയിക്കുന്നത്. ഭൂമിയുടെ താപനം 1.5°C ൽ പരിമിതപ്പെടുത്താനായി ഈ ദശകത്തിൽ ചെയ്യാൻ നമുക്ക് രണ്ട് വഴികൾ ആണുള്ളത്. ഉദ്വമനത്തിൽ മുൻ നിരയിലുള്ള മറ്റ് ആറ് രാജ്യങ്ങൾ അവരുടെ ഉദ്വമനം വർഷത്തിൽ 7 ശതമാനം വച്ച് കുറക്കുക എന്നതാണ് ഒന്നാമത്തെ വഴി. രണ്ടാമത്തെ വഴി, ആഗോള സമ്പദ്‌വ്യവസ്ഥ തകരുമ്പോൾ തൽഫലമായി ഉദ്വമനവും കുത്തനെ കുറയും എന്നതാണ്. 1990 ലെ സോവിയറ്റ് യൂണിയന്റെ തകർച്ചക്കു ശേഷം കിഴക്കൻ യൂറോപ്പിന്റെ ഉദ്വമനം കുറഞ്ഞതു പോലെ.
മാറുന്ന കാലാവസ്ഥാ ഗോൾപോസ്റ്റുകൾ
കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രതിസന്ധി ആണെന്ന തിരിച്ചറിവിന് ശേഷം ഉണ്ടായ നാലാമത്തെ കാലാവസ്ഥാ കരാർ ആണ് താപനില വർദ്ധനവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2015 ൽ നിലവിൽ വന്ന പാരീസ് ഉടമ്പടി. മുമ്പുണ്ടായ മൂന്ന് കാരാറുകളിൽ രണ്ട് എണ്ണം പരാജയപ്പെടുകയും ഒന്ന് കാലാവസ്ഥാ ചർച്ചകളെ വളരെയധികം സ്വാധീനിച്ചെങ്കിലും കോപ്-ൽ ഔപചാരികമായി അംഗീകരിക്കപ്പെടാതെ പോവുകയും ചെയ്തു.
1992 ലെ റിയോ ഉച്ചകോടിയിലാണ് പരാജയപ്പെട്ട ഒന്നാമത്തെ കരാർ ഒപ്പ് വെക്കുന്നത്. “അപകടകരമായ മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കുന്നതിന് ആനുപാതികമായ അളവിൽ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷ സാന്ദ്രത സ്ഥിരപ്പെടുത്തുക” എന്നതായിരുന്നു അതിന്റെ പ്രഖ്യാപിത ലക്ഷ്യം. പക്ഷെ റിയോ ഉച്ചകോടി ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനക്ഷമമായ പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടർന്നുള്ള ചർച്ചകളിൽ വിശ്വാസമർപ്പിച്ച് പിരിയുകയാണുണ്ടായത്. ആ സമയത്ത് ആണവോർജ്ജം ആണ് വലിയ പരിഹാരം എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. എങ്കിലും ഒരു ആണവോർജ്ജ പദ്ധതിക്കും അതിന്റേതായ വെല്ലുവിളികൾ ഉണ്ടായിരുന്നതുകൊണ്ട് അത് നടപ്പിലാക്കപ്പെട്ടില്ല. തൽഫലമായി CO2 ന്റെ ആന്തരീക്ഷത്തിലെ അളവ് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരുന്നു.
1997 ലെ ക്യോട്ടോ ഉടമ്പടി ആയിരുന്നു രണ്ടാമത്തെ കാലാവസ്ഥാ കരാർ. വികസിത വടക്കൻ രാജ്യങ്ങൾ 2012 ഓടെ ഉദ്വമനം 1990 ലെ ഉദ്വമനത്തിന്റെ 5.12 ശതമാനമായി കുറക്കുക എന്നതായിരുന്നു ക്യോട്ടോ പ്രോട്ടോക്കോൾ മുന്നോട്ടുവച്ച നിർദ്ദേശം. എന്നാൽ ഇത്തരമൊരു ഉത്തരവാദിത്വം അവികസിത തെക്കൻ രാജ്യങ്ങളുടെ മേൽ ഉണ്ടായിരുന്നില്ല. വടക്കൻ രാജ്യങ്ങൾക്ക് ഉത്പാദനം തെക്കൻ രാജ്യങ്ങളിൽ നിന്നും ഔട്ട്സോഴ്സ് ചെയ്യാനും തൽഫലമായി സാധനങ്ങളും സേവനങ്ങളും കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനും കഴിഞ്ഞു. അങ്ങനെ അവർ ഔട്ട്സോഴ്സ് ചെയ്ത ഉത്പാദനത്തിൽ നിന്നുള്ള ഉദ്വമനം, അവരുടെ ഉദ്വമനം കണക്കാക്കുന്ന കണക്കിൽ ഉൾപ്പെടുത്തിയില്ല. ഉപഭോഗത്തിന്റെ ഫലമായുള്ള ഉദ്വമനത്തിന്റെ (consumptive emissions – ഒരു രാജ്യമോ പ്രദേശമോ ഉപയോഗിച്ച എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉദ്വമനം; അത് എവിടെ നിർമ്മിച്ചതാണെന്നത് ബാധകമല്ല) അടിസ്ഥാനത്തിലാണ് ഉദ്വമനം കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ വടക്കൻ രാജ്യങ്ങളുടെ ഉദ്വമനം ക്യോട്ടോ പ്രോട്ടോക്കോൾ പീരിയഡിൽ (1990-2012) 14.5 ശതമാനമായി ഉയർന്നിട്ടുണ്ട്.
ക്യോട്ടോ പ്രോട്ടോകാൾ പരാജയപ്പെട്ടതിനാൽ 2009 ലെ കോപ്പൻഹേഗൻ കരാറിൽ റിയോ ഉച്ചകോടിയിലെ കാലാവസ്ഥാ ലക്ഷ്യമായ ‘അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് സുരക്ഷിതമായ അളവിൽ പരിമിതപ്പെടുത്തുക’ എന്ന ലക്ഷ്യത്തെക്കുറിച്ച് വീണ്ടും പ്രതിപാദിക്കുകയുണ്ടായി. ഈ ലക്ഷ്യം കൈവരിക്കാനായി അതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ബി.ഇ.സി.സി.എസ് (bio energy with carbon capture and storage) ടെക്നോളജിയാണ് ഉണ്ടായിരുന്നത്. ബി.ഇ.സി.സി.എസ് ടെക്നോളജിയുടെ ഭാഗമായ സി.സി.എസ് ടെക്നോളജി (Carbon capture and storage technology) വളരെ ചിലവേറിയതും പരാജയത്തിന് സാധ്യതയേറെ ഉള്ളതുമാണ്. അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുത്ത് ഭൂമിക്കടിയിൽ സംഭരിച്ചു വെച്ചിരുന്ന CO2 ശേഖരത്തിന്റെ ക്യാപ് റോക്ക് (മൂടി വെക്കാനുപയോഗിച്ച പാറ) തകരുകയും അത് ഭൂകമ്പത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് 2011 ൽ അൾജീരിയയിലെ സലായിൽ സ്ഥാപിച്ചിരുന്ന സി.സി.എസ് ഫെസിലിറ്റി അടച്ചുപൂട്ടുകയൂണ്ടായി. ഇതുവരെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സി.സി.എസ് പ്രോജക്റ്റുകൾ വളരെ കുറവാണ്. കൂടാതെ അവ സാമ്പത്തികമായി പ്രായോഗികമാണോ എന്നതും സംശയമാണ്.
കോപ്പൻഹേഗൻ കരാറിന്റെ സമയത്ത് പല ശാസ്ത്ര പഠനങ്ങളും കാർബൺ ബജറ്റുകളെ കുറിച്ച് ചർച്ച ചെയ്തിരുന്നു. അതായത്, താപനില1.5°C താഴെ തുടരാൻ പുറത്തുവിടാവുന്ന ആഗോള ഹരിതഗൃഹ വാതകങ്ങളുടെ പരമാവധി അളവ് എന്തായിരിക്കണം എന്ന്. IPCC അതിന്റെ അഞ്ചാമത്തെ അസെസ്മെന്റ് റിപ്പോർട്ടിൽ കാർബൺ ബജറ്റുകളെക്കുറിച്ച് പ്രതിപാദിക്കുകയും അതിന് കൂടുതൽ പ്രാധാന്യം നൽകുകയുമുണ്ടായി.
കാർബൺ ബജറ്റുകൾ വടക്കും തെക്കും ഉള്ള രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന അന്തരങ്ങളെ ആഴത്തിലാക്കി. 2°C-ൽ കൂടുതൽ ചൂട് കൂടുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. തങ്ങളുടെ വികസന നിലവാരം സംരക്ഷിക്കുന്നതിനായി വടക്കൻ രാജ്യങ്ങൾ അവരുടെ ഉദ്വമനം അനുവദനീയമായ താപനില വർദ്ധനവിന് കണക്കാക്കിയിട്ടുള്ള കാർബൺ ബജറ്റിൽ കവിയാതെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തും നിന്നും പുറന്തള്ളപ്പെടുന്ന CO2 വിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന ആഗോള ആഘാതം സമാനമാണ്. അതുകൊണ്ട് എല്ലാ രാജ്യങ്ങളും (വടക്കും തെക്കും), 2050-ഓടെ നെറ്റ് കാർബൺ സീറോ ആയി മാറണം എന്ന് വടക്കൻ രാജ്യങ്ങൾ വാദിക്കുന്നു. ചില തെക്കൻ രാജ്യങ്ങൾ, പ്രത്യേകിച്ചും അതിവേഗ വളർച്ചാ നിരക്ക് ഉള്ള ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾ ഏറ്റവും കൂടുതൽ കാലാവസ്ഥാ ദുർബല പ്രദേശങ്ങളിൽ ഉൾപ്പെടുന്നതാണെന്നും കുറഞ്ഞ അതജീവനശേഷിയുള്ള ജനങ്ങളാണെന്നും അറിഞ്ഞിട്ടും ഉദ്വമനം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ ചെലുത്താതെ ദേശീയ വികസനത്തിന് കൂടുതൽ മുൻഗണന നൽകുന്നു. അവശേഷിക്കുന്ന കാർബൺ സ്പേസിന്റെ ഭൂരിഭാഗവും തെക്കൻ രാജ്യങ്ങളിലേക്ക് വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചൈനീസ് വിദഗ്ധർ വടക്കൻ രാജ്യങ്ങളെ സമീപിച്ചു. കോപ് മീറ്റിംഗുകളിൽ കാർബൺ ബജറ്റുകൾ ഇപ്പോഴും തർക്കവിഷയമായി തുടരുന്നു. ഇവ കാലാവസ്ഥാ ലക്ഷ്യങ്ങളായി ഔപചാരികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും കാലാവസ്ഥാ ചർച്ചകളെ സാരമായി സ്വാധീനിക്കുന്നുണ്ട്.
2012-ലെ ദോഹ കോപ്-ൽ യൂറോപ്പ്യൻ യൂണിയൻ, ഐസ്‌ലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ രണ്ടാം ക്യോട്ടോ പ്രോട്ടോകോൾ വ്യവസ്ഥകളുടെ കാലയളവ് അംഗീകരിച്ചു. ഇതിന്റെ ഫലമായി 1990 അടിസ്ഥാന വർഷമായി കണക്കാക്കി 2020 ഓടെ തങ്ങളുടെ ഉദ്വമനം 20 ശതമാനം കുറയ്ക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ഈ വാഗ്ദാനങ്ങളുടെ പരിമിതികൾ, അതിന്റെ ശതമാനാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ എന്നിവയാണ് ആഗോള താപന വർദ്ധനവിനെ അടിസ്ഥാനമാക്കിയുള്ള നാലാമത്തെ കാലാവസ്ഥാ ലക്ഷ്യമായ, പാരീസ് ഉടമ്പടിക്ക് തുടക്കം കുറിച്ചത്.
വിപണി സംവിധാനങ്ങൾ പരാജയപ്പെടുന്നു
ക്യോട്ടോ പ്രോട്ടോക്കോളിന്റെ ഉദ്വമനം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ആയ -ക്ലീൻ ഡെവലപ്മെൻറ് മെക്കാനിസം (CDM), ജോയിന്റ് ഇംപ്ലിമെന്റേഷൻ (JI), ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യം കുറയ്ക്കാൻ മാർക്കറ്റ് മെക്കാനിസങ്ങൾ ഉപയോഗിക്കുന്ന എമിഷൻ ട്രേഡിംങ് എന്നിവയെല്ലാം പരാജയപ്പെട്ടു.
ക്യോട്ടോ പ്രോട്ടോകോൾ പ്രകാരം ഉദ്വമനം കുറക്കാൻ പ്രതിബദ്ധതയുള്ള (അനെക്സ് 1 രാജ്യം) വടക്കൻ രാജ്യങ്ങൾക്ക് സർട്ടിഫൈഡ് എമിഷൻ റിഡക്ഷൻ ക്രെഡിറ്റുകൾ നേടുന്നതിന് തെക്കൻ രാജ്യങ്ങളിൽ ഉദ്വമനം കുറക്കാൻ വേണ്ട പ്രോജക്ട് നടപ്പിലാക്കുവാൻ CDM അനുവദിക്കുന്നു. (പരിശോധിച്ചുറപ്പിച്ച ഒരു ടൺ CO2 കുറവിന് ഒരു CER – Certified Emission Reductions ലഭിക്കും) അത് ഉദ്വമന കുറക്കൽ ലക്ഷ്യങ്ങളിലെ (എമിഷൻ റിഡക്ഷൻ ടാർഗെറ്റ്) കുറവ് നികത്താനോ കാർബൺ വിപണിയിൽ വിൽക്കുവാനോ സാധിക്കും. ആഗോളതലത്തിൽ ഏറ്റവും ചിലവ് കുറവുള്ള ഇടങ്ങളിൽ ഉദ്വമനം കുറയ്ക്കുന്നതിനായുള്ള നിക്ഷേപം നടത്താൻ CDM വടക്കൻ രാജ്യങ്ങളെ അനുവദിക്കുന്നു. CDM പദ്ധതികളിൽ പങ്കെടുക്കുന്ന ദക്ഷിണ രാഷ്ട്രങ്ങൾ പണം സ്വീകരിക്കുന്നതിലൂടെയും ഉദ്വമനം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളും പ്രക്രിയകളും ഏറ്റെടുക്കുന്നതിലൂടെയും ഏറെ പ്രയോജനം നേടുകയും ചെയ്യുന്നു. 2008 നും 2021 നും ഇടയിൽ, CDM പ്രോജക്റ്റുകൾ 2.16 ബില്യൺ CER-കൾ സമ്പാദിച്ചു. അതായത്, 2.16 ജിഗാ ടൺ CO2 പുറന്തള്ളുന്നത് സൈദ്ധാന്തികമായി തടയുകയോ നീക്കം ചെയ്യുകയോ ചെയ്തു എന്നർത്ഥം. ഇത് അനെക്സ് ഒന്ന് രാജ്യങ്ങളിലെ സഞ്ചിത ഉദ്വമനത്തിന്റെ 1.25 ശതമാനവും ആഗോള ഉദ്വമനത്തിൻറെ 0.5 ശതമാനവും മാത്രമാണ്.
ജോയിന്റ് ഇംപ്ലിമെന്റേഷൻ (JI) ഒരു അനെക്സ് 1 രാജ്യത്തിന് മറ്റൊരു അനെക്സ് 1 രാജ്യത്തിലെ എമിഷൻ-റിഡക്ഷൻ പ്രോജക്റ്റിൽ നിന്നും ഉദ്വമന കുറക്കൽ യൂണിറ്റുകൾ (എമിഷൻ റിഡക്ഷൻ യൂണിറ്റുകൾ) നേടാൻ അനുവദിക്കുന്നു. ഒരു ടൺ CO2 കുറക്കുമ്പോഴാണ് ഒരു യൂറോ ലഭിക്കുക. അതിനെ ക്യോട്ടോ പ്രോട്ടോകോൾ ലക്ഷ്യം നേടുന്നതിനായി ഉപയോഗിക്കാം. ഒരു രാജ്യം ആതിഥേയരായിരിക്കുമ്പോൾ തന്നെ വിദേശ നിക്ഷേപം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിൽ നിന്ന് പ്രയോജനം നേടാം. നിക്ഷേപ രാജ്യത്തിന് ക്യോട്ടോ പ്രോട്ടോകോൾ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുള്ള കാര്യക്ഷമമായ മാർഗം ജോയിന്റ് ഇംപ്ലിമെൻറേഷൻ (JI) വാഗ്ദാനം ചെയ്യുന്നു. ജോയിന്റ് ഇംപ്ലിമെന്റേഷൻ തുടങ്ങി 2021 സെപ്തംബർ വരെയുള്ള കാലയളവിനുള്ളിൽ 872 ദശലക്ഷം യൂറോ അനുവദിച്ചു നൽകുകയുണ്ടായി. ഇത് 872 മെട്രിക് ടൺ CO2ന്റെ ഉദ്വമനം കുറയ്ക്കുന്നതിന് തുല്യമാണ്. അതായത്, അനെക്സ് 1 രാജ്യങ്ങളുടെ സഞ്ചിത ഉദ്വമനത്തിൻറെ 0.5 ശതമാനം.
ക്ലീൻ ഡെവലപ്മെൻറ് മെക്കാനിസം (CDM) ജോയിൻറ് ഇംപ്ലിമെന്റേഷൻ (JI) എന്നിവ നന്നായി പ്രവർത്തിച്ചുവെന്ന് നമ്മൾ അനുമാനിച്ചാലും, അത് തടയുകയോ നീക്കം ചെയ്യുകയോ ചെയ്തത് അനെക്സ് 1 രാജ്യങ്ങളുടെ സഞ്ചിത ഉദ്വമനത്തിന്റെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ്. ഒരു വ്യത്യാസം വരുത്താൻ കഴിയാത്തത്ര ചെറുതാണ് അത്. CDM-ന്റെ പരാജയത്തിന് മറ്റ് കാരണങ്ങളും ഉണ്ടായിരുന്നു. CDM യഥാർത്ഥവും അളക്കാവുന്നതും ആയ അധിക ഉദ്വമനം കുറയ്ക്കൽ, CDM കാരണം മാത്രം സംഭവിക്കുന്ന ഉദ്വമനം കുറയ്ക്കൽ എന്നിവയെക്കുറിച്ചുള്ള ധാരണ നൽകിയില്ല. ഒക്കോ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രാൻഥം ഇൻസ്റ്റിറ്റ്യൂട്ട്, കോമ്പൻസേറ്റ് എന്നിവർ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് CDM സ്റ്റാറ്റസ് അനുവദിച്ച ധാരാളം പദ്ധതികൾക്ക് CDM പദവി ഇല്ലായിരുന്നെങ്കിൽ പോലും അവ ഉദ്വമനം കുറയ്ക്കുമായിരുന്നു എന്നാണ്. പല പദ്ധതികളിലും പ്രഖ്യാപിത ഉദ്വമന കുറയ്ക്കൽ പെരുപ്പിച്ച് കാണിക്കുകയും ചില പദ്ധതികൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവുകയും ചെയ്തു. CDMൽ വനവൽക്കരണം പോലെയുള്ള ‘സിങ്ക്’ പദ്ധതികൾ ഉൾപ്പെടുത്തിയത് ഉദ്വമനം കുറയ്ക്കാനുള്ള അനെക്സ് 1 രാജ്യങ്ങളുടെ ശ്രമത്തെ ദുർബലപ്പെടുത്തി. CER-കൾ വിപണിയിൽ വിൽക്കാവുന്ന ഉപകരണങ്ങളായതിനാൽ, അവയുടെ ഡിമാൻഡും വിലയും സാമ്പത്തിക അസ്ഥിരത മൂലം ഏറ്റക്കുറച്ചിലുകൾ നേരിടുന്നു. 2008-ലെ സാമ്പത്തിക മാന്ദ്യം യൂറോപ്പിന്റെ ഉദ്വമനം കുറയ്ക്കുകയും തൽഫലമായി CER-കളുടെ ആവശ്യകത കുറയുകയും ചെയ്തു.
കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ ആവശ്യകത
ക്യോട്ടോ പ്രോട്ടോകോൾ ഒപ്പുവച്ചതിന് ശേഷമുള്ള കാൽ നൂറ്റാണ്ടിൽ, ആഗോള ഊർജ്ജ ഉപഭോഗം 2019 ൽ 14 ജിഗാ ടൺ ആയി ഇരട്ടിയായി. ഫോസിൽ ഇന്ധനങ്ങളും പുനരുൽപ്പാദിപ്പിക്കാവുന്നവയും യഥാക്രമം 67 ശതമാനവും 15 ശതമാനവും ഊർജ്ജ വികാസത്തിന് സംഭാവന ചെയ്തു. പുതുക്കാവുന്ന ഊർജജരൂപങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് പകരം ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യതയിലുള്ള കുറവ് നികത്തുകയാണ് ചെയ്തത്. ഇത് ക്ലാസിക് Jevons paradox ന്റെ ഒരു ഉത്തമ ഉദാഹരണമാണ്. അതേ കാലയളവിൽ അനെക്സ് 1 രാജ്യങ്ങളിലെ ഊർജ ഉപഭോഗം നാല് ജിഗാ ടണ്ണിൽ സ്ഥിരമായി തുടർന്നു. 0.3 ജിഗാ ടൺ ഫോസിൽ ഇന്ധനങ്ങൾ മാത്രമാണ് പുനരുപയോഗിക്കാവുന്ന ഊർജങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെട്ടത്. അത് വളരെ പരിതാപകരമായ പ്രകടനം ആണ്.
ഏറ്റവും വലിയ ഹരിതഗൃഹ വാതക ഉദ്വമനമുള്ള രാജ്യങ്ങളുടെ ഉദ്വമനം കുറയ്ക്കാനുള്ള ശ്രമങ്ങൾ, താഴ്ന്ന അളവിലുള്ള ലക്ഷ്യങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ ഗോൾപോസ്റ്റുകൾ, പരസ്പര വിരുദ്ധമായ കാലാവസ്ഥാ ശാസ്ത്രവും നയവും, വിപണി സംവിധാനങ്ങളുടെ പരാജയം എന്നിവയെല്ലാം വ്യക്തമാക്കുന്നത് നമ്മുടെ ഉദ്വമനം പകുതിയായി കുറയ്ക്കാൻ ഇനി ഒമ്പത് വർഷമേ ശേഷിക്കുന്നുള്ളൂ എന്നുള്ളതാണ്. കാലാവസ്ഥാ പ്രവർത്തനത്തിന്റെ പരാജയങ്ങളും അതിനുള്ള പ്രതിവിധികളും വിശകലനം ചെയ്യുന്നതിനുപകരം COP 26 പാരീസ് ഉടമ്പടിയിലെ വിപണി അധിഷ്ഠിത സംവിധാനങ്ങൾക്ക് സമാനമായ നിയമങ്ങൾ രൂപപ്പെടുത്തുന്നതിന് ധാരാളം സമയം ചെലവഴിച്ചു. ആ വിപണി നിയമങ്ങളാകട്ടെ ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിൽ പരാജയപ്പെട്ടവയ്ക്ക് സമാനമായവയും.
സർക്കാരുകൾ നടത്തിയ ചർച്ചകളിൽ നിരാശരായി, കാലാവസ്ഥാ ദുർബലരായ 55 രാജ്യങ്ങൾ ചേർന്ന ക്ലൈമറ്റ് വൾനറബിൾ ഫോറം എന്ന ഗ്രൂപ്പ് രൂപീകരിക്കുകയും ‘കാലാവസ്ഥാ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കാൻ ഗ്ലാസ്ഗോ ഉച്ചകോടിയോട് ആവശ്യപ്പെടുകയും ചെയ്തു. വടക്കൻ രാജ്യങ്ങളിൽ നിന്നും വർഷവും 100 ബില്യൺ ഡോളറിന്റെ കാലാവസ്ഥാ ധനസഹായത്തിനായുള്ള ഡെലിവറി പ്ലാൻ ഉൾപ്പെടുത്താനും ഫോറം അഭ്യർത്ഥിച്ചു. കൂടാതെ ഓരോ COP ലും കാലാവസ്ഥാ ലക്ഷ്യം ഫലപ്രദമായി ഉയർത്തുന്നത് നിർബന്ധമാക്കുവാനും (പ്രത്യേകിച്ച് ഉയർന്ന കാർബൺ ഉദ്വമനമുള്ള രാജ്യങ്ങൾ) ക്ലൈമറ്റ് വൾനറബിൾ ഫോറം ഗ്രൂപ്പ് COP 26 പ്രസിഡൻസിയോട് ആവശ്യപ്പെട്ടു. ഫോറത്തിന്റെ ഉദ്ദേശ്യങ്ങൾ ശ്ലാഘനീയമാണെങ്കിലും അതിന്റെ നിർദ്ദേശങ്ങൾ പരാജയപ്പെട്ട ഡിമാൻഡ് സൈഡ് മാനേജ്മെന്റിന്റെ പരിധിയിലാണ് നിൽക്കുന്നത്. താപനില വർദ്ധനവ് 1.5°C -ൽ താഴെയായി പരിമിതപ്പെടുത്തുക എന്നത് നിലവിലുള്ള മാർഗ്ഗങ്ങൾ വെച്ച് ഇനി സാധ്യമല്ല. എന്നിരുന്നാലും, ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്ന നിർണ്ണായകമായ തീരുമാനം എടുക്കുകയും അതോടൊപ്പം ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളുകയുമാണെങ്കിൽ ഭൂമിയുടെ താപനില വർദ്ധനവ് 1.5°C നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
1. തെക്കും വടക്കുമുള്ള രാജ്യങ്ങൾ കൂട്ടായി 2050-ന് മുമ്പുള്ള ഒരു തീയതിയിൽ ആഗോള നെറ്റ് കാർബൺ സീറോ ആകാൻ പ്രതിജ്ഞയെടുക്കണം. നെറ്റ് കാർബൺ സീറോ നടപ്പാക്കുമ്പോൾ പരിഗണിക്കേണ്ട സുപ്രധാന നയപരിപാടികൾ ഇവയാണ്. പ്രകൃതിദത്തമായ നീക്കം ചെയ്യലുകൾ; ഊർജ്ജ പരിവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ഒരു ആഗോള പദ്ധതിയായി സ്ഥാപിക്കുക; വിപണി രീതികളെ ആശ്രയിക്കുന്ന ഡിമാൻഡ് ആശ്രയിച്ചുള്ള മാനേജ്മെന്റ് ഉപേക്ഷിക്കുകയും ശേഷിക്കുന്ന മിക്കവാറും എല്ലാ ഫോസിൽ ഇന്ധന ശേഖരവും ഭൂഗർഭത്തിൽ തന്നെ നിലനിർത്തുന്നതിന് നിർബന്ധിക്കുന്ന സപ്ലൈ സൈഡ് മാനേജ്മെന്റ് സ്വീകരിക്കുകയും ചെയ്യുക.
2. കാലാവസ്ഥാ നീതിയുടെ തത്വങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സമ്പത്തും അതുണ്ടാക്കുന്ന ആരോഗ്യ അപായങ്ങളും ലോക ജനതയ്ക്കിടയിൽ തുല്യമായി പങ്കിടണം. അങ്ങനെ ഇതു വഴിയുണ്ടാവുന്ന ഗുണപരമായ സാമൂഹിക മാറ്റം എല്ലാ ജനങ്ങൾക്കും പ്രയോജനപ്പെടും. അത്തരം നീക്കം ദേശീയ വികസനത്തിനായി ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാനുള്ള പ്രലോഭനം കുറക്കും. കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന ദുർബല ജനവിഭാഗങ്ങൾ നേരിടാനിടയുള്ള അപകട സാധ്യതകൾ കുറയ്ക്കാനും അവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നിക്ഷേപം നടത്താനും സഹായിക്കും.
ഈ നടപടികൾക്ക് ഒരു വലിയ സാമൂഹിക മാറ്റം തന്നെ ആവശ്യമുണ്ട്. ഇപ്പോൾ ഇത് ഒരു ഉട്ടോപ്യൻ ആശയമായി തോന്നാം. എന്നാൽ ഏതാനും ദശാബ്ദങ്ങൾ വരെ കൊളോണിയലിസവും വർണ്ണവിവേചനവും അവസാനിപ്പിക്കുന്നത് അസാധ്യമാണെന്ന് കരുതപ്പെട്ടിരുന്നു. എന്നിട്ടും, ജനങ്ങൾ നയിച്ച പ്രസ്ഥാനങ്ങൾ ഫലമായി ഈ അടിച്ചമർത്തലുകൾക്ക് മാറ്റമുണ്ടായി. അതുപോലെ മേൽപ്പറഞ്ഞ നടപടികൾ നടപ്പിലാക്കുന്നതിലെ ജനങ്ങളുടെ സജീവമായ ഇടപെടൽ സമൂഹത്തെ കൂടുതൽ സുസ്ഥിരവും സമത്വാധിഷ്ഠിതവും മാനവികതയുള്ളതുമായി മാറ്റും. എല്ലാ രാഷ്ട്രങ്ങളും അങ്ങനെ ഒരു വ്യവസ്ഥിതിയിലേക്കുള്ള ചുവടുമാറ്റം ആഗ്രഹിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകണം. ഈ മാറ്റം പരാജയപ്പെടുന്നത് 2 – 3°C വരെ ചൂട് വർദ്ധിപ്പിക്കുമെന്നതിനാലും ആഗോള പരിസ്ഥിതിയെയും മനുഷ്യ സമൂഹത്തെയും സാരമായി ബാധിക്കുമെന്നതിനാലും അത് മനുഷ്യരാശിക്കും ജീവ ജാലങ്ങൾക്കും അംഗീകരിക്കാൻ കഴിയാത്ത ഒന്നായിരിക്കുമെന്നാണ് ശാസ്ത്ര സമൂഹം കരുതുന്നത്.
(സാഗർ ധാര: ഊർജ്ജം, അപകടസാധ്യതാ വിശകലനം എന്നിവയെക്കുറിച്ച് ഗവേഷണം ചെയ്യുകയും എഴുതുകയും ചെയ്യുന്നു. യു.എൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് കൺസൾട്ടന്റും യൂണിവേഴ്സിറ്റി അധ്യാപകനും ആയിരുന്നു).