Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“പ്രതിസന്ധിയുടെ ഈ പ്രത്യേകഘട്ടത്തിൽ, ഭരണകൂട നിർമ്മിതമായ ക്രൂര നിയമങ്ങൾ വളർന്നു വരുന്ന ഈ സന്ധിയിൽ, അവകാശങ്ങളുടെ സംരക്ഷകർക്ക് മുമ്പെന്നത്തേക്കാളുമധികം ഉത്തരവാദിത്തമാണ് ഉള്ളത്. ഈ ക്രൂര നിയമങ്ങൾ പടച്ചുവിടുന്ന ശക്തികളുടെ ആദ്യ ലക്ഷ്യം മനുഷ്യാവകാശ സംരക്ഷകർ ആണെന്നുള്ളതിൽ ഒരു സംശയവുമില്ല. അവരാണ് ഏറ്റവും വലിയ വെല്ലുവിളി, അവരാണ് വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന ഏറ്റവും വലിയ ശക്തി.” (“The defenders of the rights have greater responsibility at this particular juncture of crisis than ever before in the face of growing tyranny. No doubt first target of tyrannical forces are defenders of human rights. They are the greatest threat, they are the greatest destabilizing force.”) പ്രൊഫസർ ജി.എൻ സായിബാബയുടെ വാക്കുകളാണിത്, അദ്ദേഹം ജയിലിൽ നിന്ന് അയച്ച കത്തിലെ വരികൾ. 2020 മാർച്ചിൽ നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റെെറ്റ്സ് എന്ന സംഘടന ഏർപ്പെടുത്തിയ, മനുഷ്യാവകാശ പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ മുകുന്ദൻ സി മേനോന്റെ പേരിലുള്ള അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രൊഫ. ജി.എൻ സായിബാബയുടെ മകൾ മഞ്ജീര അദ്ദേഹം ജയിലിൽ നിന്നയച്ച ആ കത്ത് അവിടെ വായിച്ചു.
കോവിഡ് മഹാമാരി ജീവിതങ്ങളെ താറുമാറാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഡൽഹിയിൽ ഈ പരിപാടി നടന്നത്. ഭീമ കൊറേഗാവ് ’സംഘർഷ ഗൂഢാലോചന’ കേസിൽ ഇപ്പോൾ തടവിൽ കഴിയുന്ന, ജി.എൻ സായിബാബയുടെ സുഹൃത്ത് കൂടിയായ പ്രൊഫ. ഹാനി ബാബുവും ഈ പരിപാടിയിൽ സംസാരിച്ചിരുന്നു, ഒപ്പം ഡൽഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷനിലെ മറ്റ് അധ്യാപകരും. പ്രൊഫ. ജി.എൻ സായിബാബയുടെ അറസ്റ്റിന് ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ദൃക്സാക്ഷികളായിരുന്നു. അത്രയേറെ ഭീതിതവും നാടകീയവുമായിരുന്നു അതെന്ന് വിദ്യാർത്ഥികളുടെ അനുഭവരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
വിവർത്തകയും എഴുത്തുകാരിയുമായ റോഷെൽ പിന്റോ ജി.എൻ സായിബാബയെ കുറിച്ച് 2015ൽ സ്‌ക്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെ എഴുതുന്നു, “ഞാൻ ആദ്യമായി സായിബാബയെക്കുറിച്ച് കേൾക്കുന്നത് ഡൽഹി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപാർട്ട്‌മെന്റിലെ മുൻ കൊളീഗിൽ നിന്നാണ്, സായിബാബയുടെ പിഎച്ച്ഡി ഇംഗ്ലീഷിലുള്ള ഇന്ത്യൻ സാഹിത്യത്തെ കുറിച്ചായിരുന്നു എന്ന്. ഞാൻ പലപ്പോഴായി സായിബാബയെ കണ്ടിട്ടുള്ളത് വരാന്തയിലാണ്, എന്റെ ക്ലാസിന് ശേഷമോ മുമ്പോ ആയി ക്ലാസെടുക്കാൻ വരുമ്പോഴും ക്ലാസിൽനിന്ന് മടങ്ങുമ്പോഴും. ക്യാംപസിലെ ഡിസബിലിറ്റി ഉള്ളവരെ ഉൾക്കൊള്ളാത്ത കെട്ടിടങ്ങളിൽ മറ്റൊരാളുടെ സഹായമില്ലാതെ ചലിക്കുവാൻ സായിബാബയ്ക്ക് കഴിഞ്ഞിരുന്നില്ല. കെട്ടിടങ്ങളുടെ മേൽനിലകളിലേക്ക് പോകാൻ കഴിയാത്തതിനാൽ പലപ്പോഴും ക്ലാസുകളും മീറ്റിങ്ങുകളും മാറ്റേണ്ടിവരാറുണ്ട്. അതൊന്നും യൂണിവേഴ്‌സിറ്റിക്ക് അകത്തും പുറത്തുമായി നടന്ന പല രാഷ്ട്രീയ കൂട്ടായ്മകളിൽ ഭാഗമാകുന്നതിനോ ദേശീയ ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പരീക്ഷാ മേൽനോട്ടം നടത്താനോ സായിബാബയ്ക്ക് തടസ്സമായിരുന്നില്ല. വീട്ടിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചുമടങ്ങുമ്പോൾ ഡൽഹി യൂണിവേഴ്‌സിറ്റിയുടെ തെരുവിൽ വെച്ച് സാധാരണ വസ്ത്രധാരികളായ ഒരുകൂട്ടം ആളുകൾ ഒരു കാറിലേക്ക് അദ്ദേഹത്തെ വലിച്ചിട്ട് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് സായിബാബയുടെ അറസ്റ്റ് ഔദ്യോഗികമാക്കുകയും ചെയ്തു. ഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ എയർപോർട്ടിലെ ഒരു തൊഴിലാളിയുടെ ഫോണിൽനിന്നും മകളെ വിളിച്ച് സായിബാബ തന്നെയാണ് തട്ടിക്കൊണ്ടുപോകലിനെ കുറിച്ചുള്ള വിവരം അറിയിച്ചത്.
ഏറ്റവും അടിസ്ഥാനമായ വേദനസംഹാരികൾ കഴിക്കുന്നതിനെ താങ്ങാൻ മാത്രമുള്ള ആഹാരം കഴിക്കാനുള്ള അവകാശത്തിന് വേണ്ടിയും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള മരുന്ന് ലഭിക്കുമെന്ന് ഉറപ്പാക്കാനും വീൽചെയർ നന്നാക്കാനും നാഗ്പൂർ ജയിലിലെ അണ്ഡാ സെല്ലിനകത്ത് ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കാനുമെല്ലാം അധികാരികളോട് മാസങ്ങളോളം അപേക്ഷിക്കേണ്ടിവന്നു രാംലാൽ ആനന്ദ് കോളേജിലെ ബഹുമാന്യനായ ഇംഗ്ലീഷ് അധ്യാപകന്. ഈ അവകാശങ്ങൾക്കായി നിരാഹാര സമരം ചെയ്ത സായിബാബ ബോധരഹിതനാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സഹപ്രവർത്തകരും അദ്ദേഹത്തിന് ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തു. നട്ടെല്ലിനും ഹൃദയത്തിനും രോഗാവസ്ഥകളുള്ള വ്യക്തിയാണ് അദ്ദേഹം. മാവോയിസ്റ്റുകൾക്ക് നേരെ 2009ൽ നടന്ന ഓപ്പറേഷൻ ഗ്രീൻഹണ്ടിനെതിരെ നിലപാട് വ്യക്തമാക്കിയതാണ് അദ്ദേഹത്തെ ടാർഗറ്റ് ചെയ്യാൻ കാരണമെന്നാണ് സായിബാബയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. സ്വാതന്ത്ര്യമുണ്ടെന്ന് നമ്മൾ കരുതുന്ന ഇടങ്ങളുടെ വേട്ടയാടൽ സ്വഭാവം ഇങ്ങനെയെല്ലാം വെളിപ്പെടുന്നു, നമ്മുടെ ഏറ്റവും അടിസ്ഥാനമായ അവകാശങ്ങൾ ദിവസംതോറും പിൻവലിഞ്ഞുകൊണ്ടിരിക്കുകയാണ്. 2001ൽ പാർലമെന്റ് ആക്രമണക്കേസിൽ കുറ്റവാളിയാണെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ എസ്.എആർ ഗീലാനിയുടെ കേസും വ്യക്തമാക്കുന്നത് ഒരു സർവ്വകലാശാല അധ്യാപകനായിരിക്കുന്നത് സുരക്ഷയുടെ ഉറപ്പല്ല എന്നാണ്.”
പത്ത് വർഷത്തോളം നീണ്ട തടവിന് ശേഷം 2024 മാർച്ചിൽ കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങിയ പ്രൊഫസർ സായിബാബ ആന്തരിക അവയവങ്ങൾക്ക് ബാധിച്ച നാലോളം രോഗങ്ങളാൽ തളർന്നുപോയിരുന്നു. ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയും ഹൃദയാഘാതവും കാരണം ഒക്ടോബർ 12ന് അമ്പത്തേഴാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഡിസേബ്ൾഡ് വ്യക്തികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എൻജിഒ ആയ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബ്ൾഡ് പുറത്തിറക്കിയ പ്രസ്താവന നീണ്ട തടവുകാലവും ആവശ്യമായ ചികിത്സ കിട്ടാത്തതും സായിബാബയുടെ അകാലമരണത്തിന് കാരണമായി എന്ന് പറയുന്നു. “പിത്താശത്തിലെ കല്ലുകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷമുണ്ടായ അണുബാധകളോട് പ്രതിരോധിക്കാൻ കഴിയാതെയായിരുന്നു സായിബാബയുടെ മരണം. സായിബാബയ്ക്ക് ആദ്യമേ ചില രോഗങ്ങളുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട തടവ് ഈ പ്രശ്‌നങ്ങളിൽ ചിലത് സങ്കീർണമാകുവാനും പുതിയ രോഗബാധകളുണ്ടാകുന്നതിനും കാരണമായി. ഇരു കാലുകളെയും ബാധിച്ച പോളിയോ കൂടാതെ, ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയാത്ത ചില രോഗാവസ്ഥകളാണ് നട്ടെല്ലിനും നാഡീവ്യവസ്ഥയ്ക്കും ഉണ്ടായിരുന്നത്. അറസ്റ്റിനിടെ നേരിട്ട പരിക്കുകൾ കാരണം അദ്ദേഹത്തിന്റെ കൈകളിലൊന്നിന് ചലനശേഷി നഷ്ടമായി. നാഗ്പൂർ ജയിലിലെ കുപ്രസിദ്ധമായ അണ്ഡാ സെല്ലിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ തടവിലാക്കപ്പെട്ടതും അതിന് കാരണമായി. 2017ൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ കാലത്ത് അദ്ദേഹത്തിന് പാൻക്രിയാറ്റൈറ്റിസ് രോഗമുണ്ടെന്ന് നിർണ്ണയിക്കപ്പെട്ടു. ഗാൾബ്ലാഡറിലെ കല്ലുകൾ നീക്കംചെയ്യാൻ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നും കണ്ടെത്തി. സർജറിക്കായി ജാമ്യം നൽകണമെന്നും പരോൾ നൽകണമെന്നുമുള്ള തുടർച്ചയായ ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടു, കൊടുംകുറ്റവാളികളും കൊലപാതകികളും പീഡകരും ജാമ്യം നേടുകയും പരോളിലിറങ്ങുകയും ചെയ്തപ്പോളാണ് ഇതെല്ലാം സായിബാബയ്ക്ക് നിഷേധിക്കപ്പെട്ടത്. നമ്മുടെ ക്രിമിനൽ നീതിന്യായ സംവിധാനത്തെക്കുറിച്ചുള്ള സങ്കടകരമായ വിവരണമാണിത്. സ്റ്റാൻ സ്വാമി മരിച്ചതും കസ്റ്റഡിയിലാണെന്നും നമ്മളോർക്കണം.
സായിബാബയുടെ അറസ്റ്റിനെതിരെയും ജയിലിനകത്ത് അദ്ദേഹം നേരിടേണ്ടിവന്ന പ്രയാസങ്ങൾ ജീവിക്കുവാനും, അന്തസ്സിനും, തുല്യതയ്ക്കും, ക്രൂരവും മനുഷ്യത്വരഹിതവും നശീകാരിയുമായ സമീപനങ്ങൾക്കുമെതിരായ അവകാശങ്ങൾ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചും എൻ.പി.ആർ.ഡി തുടർച്ചയായി സമരം ചെയ്തിരുന്നു. ആരോഗ്യത്തിനും ന്യായമായ വാസസ്ഥലത്തിനുമുള്ള അവകാശങ്ങൾ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ഡിസേബ്ൾഡ് വ്യക്തികളുടെ അവകാശങ്ങളെ സംബന്ധിച്ച്, ഇന്ത്യ ഉൾപ്പെടെ ഒപ്പുവെച്ചിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളും ആഭ്യന്തര നിയമങ്ങളും ലംഘിക്കുന്നതാണ് സായിബാബയുടെ തടവ്. ചികിത്സ തുടർച്ചയായി നിഷേധിച്ചുകൊണ്ടുള്ള പീഡനം, ജയിലിൽ അനുഭവിക്കേണ്ടിവന്ന യാതനകൾ ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകർത്തു. ജയിൽമോചിതനായി തിരിച്ചെത്തിയത് ആരോഗ്യം നശിച്ച അവസ്ഥയിലാണ്. അതിനദ്ദേഹത്തിന് ജീവൻ വിലകൊടുക്കേണ്ടിവന്നു. ദരിദ്രർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പോരാടിയ സായിബാബയ്ക്ക് എൻ.പി.ആർ.ഡി അഭിവാദ്യമർപ്പിക്കുന്നു. ഈ സംവിധാനത്തിന്റെ അനീതിക്കും ക്രൂരതയ്ക്കുമെതിരെയാണ് സായിബാബ പോരാടിയത്. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഭാര്യ വസന്തയ്ക്കും മകൾ മഞ്ജീരയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും അനുശോചനമറിയിക്കുന്നു.”എൻ.പി.ആർ.ഡി പ്രസ്താവനയിൽ പറഞ്ഞു.
(കവിതാ പുസ്തകത്തിലെ ആമുഖത്തിൽ (ലെറ്റർ റ്റു സായി) കൗമാരകാലം മുതലുള്ള ജി.എൻ സായിബാബയുടെ സഹയാത്രിക എ.എസ് വസന്തകുമാരി ഇങ്ങനെ എഴുതുന്നു: “കുട്ടിക്കാലം മുതൽ തന്നെ നീ വളരെയധികം കഷ്ടപ്പെട്ടു. വിശാലമായ പാടങ്ങളും ഇരുപതിൽ കുറഞ്ഞ കുടിലുകളും മാത്രമുള്ള നിന്റെ ഗ്രാമത്തിൽ പോളിയോ വാക്‌സിൻ എന്ന സങ്കൽപം തന്നെ നിലവിലുണ്ടായിരുന്നില്ല. അഞ്ചു വയസ്സിന്റെ ഇളം പ്രായത്തിൽ നിനക്ക് നടക്കുവാനുള്ള ശേഷി നഷ്ടപ്പെട്ടു. അങ്ങനെയൊരിടത്ത് നിന്ന് പത്താം ക്ലാസിൽ നീ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. ഇതൊരു ചെറിയ നേട്ടമല്ല. തെങ്ങോല മേഞ്ഞ വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് നീ പഠിച്ചത്. ബിരുദം നേടിയ ശേഷം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎ ചെയ്യുവാൻ പോകുന്നതുവരെ നീ ഈസ്റ്റ് ഗോദാവരി ജില്ല വിട്ട് എങ്ങോട്ടും പോയിട്ടില്ല.” ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്നും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്‌ഗ്വേജസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി ഡൽഹി സർവ്വകലാശാല വരെയുള്ള ജി.എൻ സായിബാബയുടെ യാത്ര സർവ്വകലാശാലാ ഇടങ്ങളിൽത്തന്നെയുള്ള അവകാശ പ്രശ്‌നങ്ങളോട് ഒരിക്കലും സമരസപ്പെടാത്തതായിരുന്നു. ആക്‌സസിബിലിറ്റി പ്രശ്‌നങ്ങളുള്ള പൊതു ഇടങ്ങളിൽ അദ്ദേഹത്തെ എത്തിച്ച വീൽചെയറും ഈ സമരങ്ങളിലെല്ലാം കൂടെനിന്നു. മരണശേഷം വന്ന ചില കാർട്ടൂണുകളിൽ വീൽചെയർ ഉപേക്ഷിച്ച് സ്വർഗത്തിലേക്ക് പോകുന്ന ജി.എൻ സായിബാബയെ കാണാം. ഒന്നിൽ, വീൽചെയർ നീതിദേവതയെ ഏൽപ്പിച്ച് പോകുന്നു എന്ന സങ്കൽപമാണ്. ഈ കാർട്ടൂൺ വരച്ച രണ്ടുപേരും ദൈനംദിന ജീവിതത്തിൽ മൊബിലിറ്റി സാധ്യമാക്കാൻ വീൽചെയർ ഉപയോഗിക്കുന്നവരല്ലെങ്കിൽ ഈ കാർട്ടൂണുകൾ ഏബ്‌ളിസം പ്രചരിപ്പിക്കുന്നവയാണ്).
യുഎപിഎ സെക്ഷൻ 13 (നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിയാകുക/ നിയമവിരുദ്ധ പ്രവർത്തനം ചെയ്യാൻ ആഹ്വാനം ചെയ്യുക) സെക്ഷൻ 18 (ഭീകരവാദ പ്രവർത്തനം ചെയ്യുന്നതിന് ഗൂഢാലോചന ചെയ്യുക), സെക്ഷൻ 20 (ഭീകരവാദ സംഘടനയിൽ അംഗമാകുക), സെക്ഷൻ 38 (പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ ഭീകരവാദ സംഘടനയുമായി സഹകരിക്കുക), സെക്ഷൻ 39(ഭീകരവാദ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടുക, യോഗങ്ങളെ അഭിസംബോധന ചെയ്യുക) എന്നിവയായിരുന്നു സായിബാബയ്‌ക്കെതിരെ ചുമത്തിയിരുന്ന വകുപ്പുകൾ.
2014ൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം 2016ൽ സുപ്രീം കോടതിയിലൂടെ ജാമ്യം നേടി ജയിൽമോചിതനായ പ്രൊഫസർ സായിബാബ ഡൽഹി യൂണിവേഴ്‌സിറ്റി ക്യാംപസിലേക്ക് സസ്‌പെൻഷൻ പിൻവലിക്കാനുള്ള അപേക്ഷയുമായി പോയപ്പോൾ മൂന്ന് തവണ എബിവിപി പ്രവർത്തകരായ വിദ്യാർത്ഥികളിൽ നിന്നും ഭീഷണിയും ആക്രമണവും നേരിട്ടു. ആക്രമിച്ചവരിൽ പുറത്തുനിന്നെത്തിയവരും ഉൾപ്പെടും. വിദ്യാർത്ഥികളും അധ്യാപകരും മനുഷ്യ ചങ്ങല തീർത്താണ് സായിബാബയെ സംരക്ഷിച്ചത്. 2016 ഏപ്രിലിൽ, ‘യൂത്ത് കീ ആവാസ്’ വെബ്‌സൈറ്റിൽ ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി റിഷഭ് ജെയ്ൻ എഴുതിയ ലേഖനം അത് വിശദമാക്കുന്നു: “ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഛത്രപാൽ യാദവും അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിനെല്ലാം നിശബ്ദസാക്ഷിയായിരുന്നു കോളേജ് അഡ്മിനിസ്‌ട്രേഷൻ. വിദ്യാർത്ഥികളാണ് അന്ന് പ്രൊഫസറെ സംരക്ഷിക്കാൻ മുന്നോട്ടുവന്നത്. ഡൽഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനിലേക്ക് അവർ ഒരു അപേക്ഷയും അയച്ചു. അടുത്ത ദിവസം ഏപ്രിൽ 23ന് എബിവിപി പ്രവർത്തകർ കനത്ത പൊലീസ് സാന്നിധ്യത്തിലും ക്യാംപസിലെത്തി. കോളേജ് പ്രിൻസിപ്പാൾ, ചെയർമാൻ, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രൊഫസറോട് കോളേജിൽനിന്നും പുറത്തുപോകാൻ പറഞ്ഞു. ഏപ്രിൽ 25ന് വീണ്ടും പ്രൊഫസർ കോളേജിൽ എത്തിയപ്പോൾ നാൽപതോളം എബിവിപി പ്രവർത്തകരുമായി യൂണിയൻ ജോയിന്റ് സെക്രട്ടറി പ്രൊഫസറെ ഘെരാവോ ചെയ്യാനും അധിക്ഷേപിക്കുവാനും ശ്രമിച്ചു. ദേശദ്രോഹി, ഭീകരവാദി എന്നെല്ലാം വിളിച്ചു. അഡ്മിനിസ്‌ട്രേഷന്റെയും കോളേജ് അധികാരികളുടെയും നിസ്സംഗത നമ്മൾ മനസ്സിലാക്കണം. വിദ്യാർത്ഥികളോ അധ്യാപകരോ പ്രൊഫസറുടെ തിരിച്ചുവരവിന് എതിരല്ല, മറിച്ച് നമ്മളെല്ലാം അതിനെ സ്വാഗതം ചെയ്യുന്നു.”
2016 ഫെബ്രുവരിയിൽ മഹാരാഷ്ട്ര പൊലീസ് നാഗ്പൂർ റെയ്ഞ്ച് ഐ.ജി പി രവീന്ദ്ര കദം, ജി.എൻ സായിബാബ വിദ്യാർത്ഥികളെ അണ്ടർഗ്രൗണ്ട് മാവോയിസ്റ്റ് കേഡറിലേക്ക് റിക്രൂട്ട് ചെയ്തു എന്ന് ആരോപണം ഉന്നയിച്ചിരുന്നു. ജെഎൻയുവിലെ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരുൾപ്പെടെ നാലുപേരെ റിക്രൂട്ട് ചെയ്തു എന്നായിരുന്നു ആരോപണം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2013ൽ അറസ്റ്റ് ചെയ്യപ്പെട്ട ജെഎൻയു വിദ്യാർത്ഥിയായ ഹേം മിശ്രയും പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജയിൽമോചിതനായത്.
സായിബാബയ്ക്കൊപ്പം കുറ്റാരോപിതനായ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സ്വദേശിയായ പാണ്ഡു നരോടെ എന്ന മുപ്പത്തിയഞ്ചുകാരനായ ആദിവാസി യുവാവ് തടവറയിൽ കൊല്ലപ്പെടുകയായിരുന്നു. ജി.എൻ സായിബാബയും പാണ്ഡു നരോടെയും ഉത്തരാഖണ്ഡ് സ്വദേശിയായ ജെഎൻയു വിദ്യാർത്ഥി ഹേം മിശ്രയും ഉത്തരാഖണ്ഡ് സ്വദേശിയായ മാധ്യമപ്രവർത്തകൻ പ്രശാന്ത് രാഹിയും ഗഡ്ചിറോളി സ്വദേശി മഹേഷ് തിർകിയും ഈ കേസിൽ കുറ്റാരോപിതരായി. പാണ്ഡു നരോടെ അറസ്റ്റ് ചെയ്യപ്പെട്ടത് 2017ലാണ്. നാഗ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് 2022 ഓഗസ്റ്റിൽ നരോടെ രോഗബാധിതനായി മരിക്കുന്നത്. രോഗവിവരങ്ങളൊന്നും ജയിൽ അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നില്ല. മരണത്തിന് ദിവസങ്ങൾക്ക് മുമ്പായി നരോടെയെ ആശുപത്രിയിൽ വെച്ച് കണ്ട അഭിഭാഷകന് അദ്ദേഹം നൽകിയ വിവരം, കഴിഞ്ഞ ദിവസങ്ങളിൽ ചോര ഛർദ്ദിച്ചുവെന്നും മൂത്രത്തിലും ചോര കലർന്നിരുന്നു എന്നുമാണ്. നരോടെയ്ക്ക് വേണ്ട ചികിത്സ നൽകാൻ നാഗ്പൂർ ജയിൽ ആശുപത്രി പര്യാപ്തമായിരുന്നില്ല. രോഗാവസ്ഥ നന്നേ മോശമായപ്പോഴാണ് അദ്ദേഹത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത് എന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആകാശ് സോർടെ പറഞ്ഞിരുന്നു.
ജയിൽമോചിതനായ ശേഷം മാർച്ചിൽ ‘കമ്മിറ്റി ഫോർ ദ ഡിഫെൻസ് ആൻഡ് റിലീസ് ഓഫ് ജിഎൻ സായിബാബ’ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ഈ രാജ്യത്ത് ആരാണ് യഥാർത്ഥ കുറ്റവാളി എന്ന ചോദ്യമാണ് സായിബാബ ഉയർത്തിയത്. സായിബാബയുടെ ആ വാക്കുകളിലേക്ക്: “പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഡൽഹി പ്രസ് എനിക്ക് പരിചിതമാണ്. എനിക്ക് പരിചിതമായിരുന്നു. പക്ഷേ ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ എവിടെയാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ഇപ്പോഴും ഞാൻ കുപ്രസിദ്ധമായ അണ്ഡാ സെല്ലിൽ തന്നെയാണെന്ന് തോന്നുന്നു. ജയിൽമോചനം നടന്ന് 24 മണിക്കൂറുകൾക്ക് ശേഷവും എനിക്ക് മുന്നിലെ യാഥാർത്ഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാൻ കഴിയുന്നില്ല. കഴിഞ്ഞ ഏഴുവർഷം ഞാൻ അടഞ്ഞ ചുവരുകളിലേക്ക് മാത്രമാണ് നോക്കിയത്. എല്ലാം ചേർന്ന് എട്ടര വർഷങ്ങൾ ഞാൻ അതേ സെല്ലിൽ തന്നെ കഴിഞ്ഞു. ഇതൊരു കെട്ടിച്ചമച്ച കേസാണെന്ന് ചിലപ്പോൾ മുഴുവൻ ലോകത്തിനും അറിവുണ്ടായിരുന്നിരിക്കാം, പത്ത് വർഷങ്ങൾക്ക് മുമ്പ് പോലും. പക്ഷേ അതുകൊണ്ട് കാര്യമുണ്ടായിരുന്നില്ല, പരമോന്നത നീതിപീഠം എന്നെ വെറുതെവിട്ടിട്ടും. സീത നേരിട്ട അഗ്നിപരീക്ഷ പോലെയായിരുന്നു അത്. മിത്തോളജിക്കലി സീത ഒരു അഗ്നിപരീക്ഷയേ നേരിട്ടിട്ടുള്ളൂ. പക്ഷേ നമുക്ക് രണ്ട് അഗ്നിപരീക്ഷകൾ നേരിടേണ്ടിവന്നു. ടെസ്റ്റ് വിത്ത് ഫയർ. പക്ഷേ, ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിലിരിക്കുന്നത് രണ്ടുതവണ ഈ അഗ്നിപരീക്ഷ പാസായതിന് ശേഷമാണ്. കുറ്റാരോപിതനെന്ന നിലയിൽ എനിക്ക് മാത്രമല്ല, പരമോന്നത ജുഡീഷ്യറിക്കും ഇത് അഗ്നിപരീക്ഷയായി. നമ്മളെ കുറ്റവിമുക്തരാക്കുന്ന പരമോന്നത ജുഡീഷ്യറിയുടെ വിധി പോരാതെ വന്നു, പരമോന്നത ജുഡീഷ്യറി തന്നെ പരീക്ഷയ്ക്ക് വിധേയമായി. നമ്മൾ വിജയകരമായി പുറത്തുവന്നു, പരമോന്നത ജുഡീഷ്യറിയും നീതിപാലിച്ചു, പക്ഷേ അത് വൈകിയായിരുന്നു. വൈകിവരുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്. വിധി ഒരു തവണ പ്രഖ്യാപിച്ചാൽ പോര എന്നു വന്നു, പരമോന്നത ജുഡീഷ്യറിയും ഒരുപക്ഷേ, ഈ പരീക്ഷയിൽ വിജയിച്ചു. ജനാധിപത്യത്തിന് വേണ്ടി ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരേയൊരു സംവിധാനമായ ജുഡീഷ്യറിയും ഇപ്പോൾ പരീക്ഷിക്കപ്പെടുകയാണ്. നിയമത്തിന്റെ പ്രക്രിയ തന്നെ വലിയൊരു ശിക്ഷയാണ്, ഒരു ജനാധിപത്യ വ്യവസ്ഥയിൽ അതൊരിക്കലും അങ്ങനെ ആകരുത്. ഞാനിപ്പോഴുള്ളത് നല്ലൊരു അവസ്ഥയിലല്ല, എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള ആരോഗ്യമില്ല. സത്യത്തിൽ, എനിക്ക് ശരിയായി ഇരിക്കാൻ പോലും കഴിയുന്നില്ല. എന്നെ കീറിമുറിക്കുന്ന വേദനയോടെയാണ് ഞാൻ നിങ്ങൾക്കുമുന്നിലിരിക്കുന്നത്. തുളച്ചുകയറുന്ന വേദനകളാണ് എന്റെ ശരീരത്തിലുള്ളത്. അതുകൊണ്ട് ഞാൻ കുറച്ചുകാര്യങ്ങളേ സംസാരിക്കുകയുള്ളൂ. ഈ പത്തു വർഷങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും പിന്തുണച്ചതിന് മാധ്യമങ്ങൾക്ക് ഞാൻ നന്ദി അറിയിക്കുന്നു, ഡൽഹി പ്രസ്സിനും ഇന്ത്യയിലാകെയുള്ള മാധ്യമങ്ങൾക്കും. ഒരു വിഭാഗം മാധ്യമങ്ങൾ പിന്തുണച്ചിരുന്നില്ല. പക്ഷേ വലിയ വിഭാഗം മാധ്യമങ്ങളും നമുക്കൊപ്പം നിന്നു. ഇതെനിക്ക് ആ ചെറിയ തടവറയ്ക്കുള്ളിൽ നിന്ന് പോലും മനസ്സിലാക്കാൻ കഴിഞ്ഞു. മാധ്യമങ്ങൾ സത്യത്തെയും വസ്തുതകളെയും പിന്തുണയ്ക്കുന്നു, ജി.എൻ സായിബാബയെയല്ല. ജിഎൻ സായിബാബ സത്യത്തിനും വസ്തുതയ്ക്കുമൊപ്പം നിൽക്കുന്നുവെങ്കിൽ, വലിയൊരു വിഭാഗം മാധ്യമങ്ങൾ ജി.എൻ സായിബാബയ്‌ക്കൊപ്പം നിൽക്കും. ഡിസ്റ്റോപിയൻ ജയിലറയ്ക്കകത്ത് അതെനിക്ക് വലിയ പ്രതീക്ഷയായി. നിങ്ങൾ കാരണമാണ് എന്റെ കുടുംബം പ്രതീക്ഷയിൽ അതിജീവിച്ചത്. നേരെ ഒരു ഡോക്ടറെ കാണാൻ പോകുന്നതിന് പകരം മാധ്യമങ്ങളെ കാണാൻ വന്നത് അതുകൊണ്ടാണ്. നിങ്ങൾ സത്യത്തെയും വസ്തുതകളെയും പിന്തുണച്ചു. സുപ്രീം കോടതിയുടെ വിധിയും നമുക്ക് മുന്നിലുള്ള പ്രതീക്ഷയാണ്. എന്നെ ഭീകരവാദിയെന്ന് വിളിച്ചതിലൂടെ എന്റെ കുടുംബം ഒറ്റപ്പെടൽ നേരിട്ടു. നിങ്ങളുടെ പിന്തുണ കാരണം അവർക്ക് എഴുന്നേറ്റുനിൽക്കാൻ കഴിഞ്ഞു. എന്റെ അഭിഭാഷകർക്കും നന്ദി അറിയിക്കുന്നു. ഡൽഹിയിലെയും മുംബൈയിലെയും നാഗ്പൂരിലെയും അഭിഭാഷകർ ഒന്നിച്ചു പ്രവർത്തിച്ചു. അവർക്കും ഇതൊരു വലിയ പരീക്ഷയായിരുന്നു. ആ വലിയ സംഘത്തിലെ ഓരോരുത്തരെയും പേരെടുത്തു പറയൽ ബുദ്ധിമുട്ടാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊളിറ്റിക്കൽ കേസാണിത്, നിയമവിരുദ്ധവും അധാർമികവുമായ എല്ലാ വഴികളും പ്രോസിക്യൂഷൻ ഉപയോഗിച്ച കേസ്. അഭിഭാഷകർക്ക് ഇതൊരു നീണ്ട സമരമായിരുന്നു. എങ്കിലും രണ്ട് പേരെക്കുറിച്ച് ഞാൻ പറയുന്നു. മുംബൈ ഹൈക്കോടതിയിലെ സുബോധ് ധർമാധികാരി എഴുന്നേറ്റുനിന്ന് പറഞ്ഞു, ഈ കേസ് ഞാൻ ഒരു രൂപ പോലും വാങ്ങിക്കാതെ വാദിക്കും. മുംബൈ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന, പ്രായമുള്ള അഭിഭാഷകനാണ്. ആദ്യ വിചാരണയുടെ സമയത്ത് അദ്ദേഹം രോഗബാധിതനായി ആശുപത്രിയിലായിരുന്നു. ഹോസ്പിറ്റലിൽ നിന്നു വന്ന് അദ്ദേഹം വാദിച്ചു. രണ്ടാം ദിനവും അദ്ദേഹം രോഗക്കിടക്കയിൽ നിന്ന് വന്ന് കേസ് വാദിച്ചു. നിങ്ങൾക്ക് നന്ദി.
മറ്റൊരു അഭിഭാഷകൻ വിചാരണ കോടതിയിൽ എനിക്കുവേണ്ടി വാദിച്ചയാൾ ആയിരുന്നു. ഇന്ന് അദ്ദേഹം അഴികൾക്ക് പിന്നിലാണ്, സുരേന്ദ്ര ഗാഡ്‌ലിങ്. എൾഗാർ പരിഷദ് കേസിലാണ് അദ്ദേഹം ഇന്ന് ജയിലിൽ കഴിയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടത് എനിക്കൊപ്പം നിന്നു എന്ന ഒരൊറ്റ കാരണം കൊണ്ട്. സെഷൻസ് കോടതിയിൽ വളരെ കാര്യക്ഷമമായി കേസ് വാദിച്ചു. 35 വർഷങ്ങളുടെ അഭിഭാഷക അനുഭവമുള്ള മനുഷ്യാവകാശ അഭിഭാഷകൻ. ഈ കേസിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്ന രീതിയിൽ തന്നെ സുരേന്ദ്ര ഗാഡ്‌ലിങ് കേസ് വാദിച്ചു. മനുഷ്യാവകാശ അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ് അല്ല പരാജയപ്പെട്ടത്, രാജ്യത്തെ നിയമത്തിന് വിരുദ്ധമായ വിധി നൽകി സെഷൻസ് കോടതിയാണ് പരാജയപ്പെട്ടത്. വിചാരണയ്ക്കിടെ ചില പൊലീസ് ഓഫീസർമാർ വരികയും, സായിബാബയ്ക്ക് ശേഷം നിന്നെ ഞങ്ങൾ കണ്ടോളാം എന്ന് എന്റെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സായിബാബ കുറ്റക്കാരനാണെന്ന് സ്ഥാപിക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽ സുരേന്ദ്ര ഗാഡ്‌ലിങ് മറ്റൊരു കെട്ടിച്ചമച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശസ്തനായ മനുഷ്യാവകാശ അഭിഭാഷകനാണ്. ദരിദ്രരായ ആദിവാസികൾക്കും ദലിതർക്കും ദരിദ്രരായ മറ്റുവിഭാഗങ്ങളിൽനിന്നുള്ളവർക്കും വേണ്ടി കേസ് വാദിച്ചു. ആയിരക്കണക്കിന് കേസുകളിൽ അദ്ദേഹം വാദിച്ചു ജയിച്ചു. നമ്മുടെ രാജ്യത്തെ നിയമത്തിന്റെ മനുഷ്യത്വമുള്ള മുഖമാണ് സുരേന്ദ്ര ഗാഡ്‌ലിങ്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി അദ്ദേഹം ജയിലിലാണ്. പത്തുവർഷത്തോളം ഞാനനുഭവിച്ച ഹൃദ്രോഗം ഇന്ന് സുരേന്ദ്ര ഗാഡ്‌ലിങും അനുഭവിക്കുന്നു. തലോജ ജയിലിലാണ് സുരേന്ദ്ര ഗാഡ്‌ലിങ്. ഈയടുത്തായി എട്ടര വർഷത്തോളം ഞാൻ നേരിട്ട അതേ പ്രശ്‌നം ഇന്ന് ഗാഡ്‌ലിങ് നേരിടുന്നു, ഇടക്കിടെ ബോധം നഷ്ടപ്പെടുന്നു. ഈയിടെ, സുരേന്ദ്ര ഗാഡ്‌ലിങിന് മരുന്ന് നിഷേധിക്കപ്പെട്ടു. കുടുംബാംഗങ്ങൾ ജയിലിലേക്ക് അയക്കുന്ന ജീവൻരക്ഷാ മരുന്നുകളാണ് നിഷേധിക്കപ്പെടുന്നത്. സ്പീഡ് പോസ്റ്റിൽ അയക്കുന്ന മരുന്നുകൾ കാണാതെ പോകുന്നു. അയയ്ക്കുന്ന കത്തുകൾ തിരിച്ചെത്തുന്നു. ഇത് എന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ടുപോകുന്നത് തടയാൻ വേണ്ടി എനിക്ക് കഴിഞ്ഞ ഏഴ് വർഷങ്ങളായി ജയിലിൽ വെർട്ടിഗോ ടാബ്ലെറ്റ് കിട്ടുമായിരുന്നു. സിങ്കോ നിയന്ത്രിക്കുന്നതിന് വേണ്ടി. ആ ടാബ്ലറ്റ് സുരേന്ദ്ര ഗാഡ്‌ലിങ്ങിന് നിഷേധിക്കുകയാണ്. വെർട്ടിഗോയ്ക്കുള്ള ഒരു ചെറിയ ഗുളിക. തലോജ ജയിലിൽ തനിക്കെതിരെ വധശ്രമം നടക്കുന്നതായി ചൂണ്ടിക്കാണിച്ച് അദ്ദേഹം ജയിൽ അധികാരിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. സെക്ഷൻ 307 പ്രകാരമാണ് കേസ് ഫയൽ ചെയ്തത്. ഇതെല്ലാം ഞാൻ ഓർക്കുന്നത് ഞാനും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതുകൊണ്ടാണ്. എന്നിട്ടും ഞാൻ അതിജീവിച്ചു. എനിക്കറിയില്ല എങ്ങനെയാണ് ഞാൻ അതിജീവിച്ചതെന്ന്, ചിലപ്പോൾ, ഒരു ദിവസം തിരിച്ചുവരാൻ കഴിയും എന്ന പ്രതീക്ഷയിൽ ആയിരുന്നിരിക്കാം. ഞാൻ പ്രവർത്തിച്ചിരുന്ന അതേ ആളുകൾക്കൊപ്പം, പത്തുവർഷങ്ങൾക്ക് ശേഷവും എന്റെ സുഹൃത്തുക്കളും സഖാക്കളും എനിക്കൊപ്പമുണ്ട്.
പറയാനുള്ള മറ്റൊരു കാര്യം, എന്റെ കേസിലെ സഹകുറ്റാരോപിതരിൽ ഒരാൾ, ഈ കേസിൽ കുറ്റവാളിയാക്കപ്പെടുന്നതിന് മുമ്പ് എനിക്കയാളെയോ അയാൾക്ക് എന്നെയോ അറിയുമായിരുന്നില്ല. കുറ്റാരോപിതയി ഒരേ സെല്ലിൽ അടക്കപ്പെട്ട ശേഷമാണ് നമ്മൾ തമ്മിൽ അറിഞ്ഞത്. പാണ്ഡു നരോടെ ആണ് ആ വ്യക്തി. കസ്റ്റഡിയിൽ മരിക്കുകയായിരുന്നു, ചെറിയൊരു പനി വന്നതായിരുന്നു. പാണ്ഡു നരോടെ എങ്ങനെയാണ് മരിച്ചത്? 2017 മാർച്ച് ഏഴാം തീയ്യതി പാണ്ഡു നരോടെ എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം, ജഡ്ജ്‌മെന്റ് എന്നുവെച്ചാൽ എന്താണ് എന്നാണ്. കോടതി എന്താണെന്നോ കേസ് എന്താണെന്നോ പാണ്ഡു നരോടെയ്ക്ക് അറിയുമായിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രാക്തനമായ ഗോത്രവിഭാഗത്തിലെ അംഗമാണ്. നഗരങ്ങളൊന്നും അറിയില്ല, ഒരിക്കലും ഗ്രാമം വിട്ടുപോയിട്ടില്ല. എന്റെ കൺമുന്നിലാണ് മരിച്ചത്. അവസാന നിമിഷം വരെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാണ്ഡുവിനെ ആശുപത്രിയിലെത്തിച്ചില്ല, അപ്പോഴേക്കും മൂത്രത്തിൽ രക്തം കലർന്നിരുന്നു. തടവുകാർ ശബ്ദമുയർത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാണ്ഡു നരോടെ കൊല്ലപ്പെടുകയായിരുന്നു. വെറുമൊരു പനി വന്നതുകാരണം മരിച്ചതാണ് എന്ന് പറയാൻ കഴിയില്ല. ഇതൊരു ഭരണകൂട കൊലപാതകമാണ്. സ്വൈൻ ഫ്‌ളൂ കാരണമാണ് മരണമെന്ന് പറയാൻ കഴിയില്ല, അങ്ങനെ ഒരു റിപ്പോർട്ടും ജയിലിൽ നിന്ന് കിട്ടിയിട്ടില്ല. പുറത്തെ ഹോസ്പിറ്റലിൽ എത്തിച്ച ശേഷമാണ് അങ്ങനെ റിപോർട്ട് വന്നത്. നമുക്കറിയില്ല, എന്താണ് മരണകാരണമെന്ന്. ഒരു മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവനും ഞാൻ ദരിദ്രജനതയുടെ സഹനങ്ങളെ എന്റേതായി മനസ്സിലാക്കിയിരുന്നു. ജയിലിലടക്കപ്പെട്ടപ്പോൾ ഈ ജനങ്ങൾ എന്റെ സഹനങ്ങളെ അവരുടേതായി മനസ്സിലാക്കി. അണ്ഡാ സെല്ലിൽ വീൽചെയറിന് കയറാൻ പറ്റുമായിരുന്നില്ല. വീൽചെയറിന് ടോയ്‌ലറ്റിലേക്കും പോകാൻ പറ്റുകയില്ല. ടോയ്‌ലറ്റിലേക്ക് കയറാൻ പറ്റില്ല. രണ്ട് ആദിവാസി യുവാക്കളാണ് ഈ കേസിൽ ഉണ്ടായിരുന്നത്, ഇവർ അക്ഷരാർത്ഥത്തിൽ എന്നെ ടോയ്‌ലറ്റിലേക്ക് എടുത്തുകൊണ്ടുപോകുകയാണ് ചെയ്തത്. ഓരോ തവണയും എന്നെ എടുത്തുയർത്തി കൊണ്ടുപോകും, കുളിക്കുന്നതിനും അങ്ങനെതന്നെ. കൂടിക്കാഴ്ച നടക്കുന്നിടത്തേക്ക് പോകണമെങ്കിലും അങ്ങനെതന്നെ. ഓൺലൈൻ കൂടിക്കാഴ്ചയ്ക്ക് വേണ്ടി പോകണമെങ്കിലും അവർ എന്നെ എടുത്തുകൊണ്ടുപോകണം. പ്രിസൺ ഹോസ്പിറ്റലിലേക്ക് പോകണമെങ്കിലും എനിക്ക് സഹായം വേണം, കാരണം ഇവിടെയൊന്നും ഒരു റാംപ് പോലും ഇല്ല. ഇതാണ് ജയിലിനകത്തെ ആക്‌സസിബിലിറ്റി സാഹചര്യങ്ങൾ. അതിനെല്ലാമപ്പുറം എനിക്ക് സെല്ലിനകത്ത് തന്നെ ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിക്കാൻ കഴിയില്ല. കാരണം വീൽചെയർ സെല്ലിനകത്ത് അനങ്ങുകയില്ല. എത്ര വർഷം ഒരാൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയും? പോളിയോ ബാധിച്ചിട്ടുണ്ട് എന്നല്ലാതെ ജയിലിലടയ്ക്കപ്പെടുമ്പോൾ എനിക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നില്ല. ഞാൻ ഇന്ന് ജീവനോടെയുണ്ടെങ്കിലും എന്നിലെ ഓരോ അവയവവും എന്നെ തോൽപിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഹൃദയം പ്രവർത്തിക്കുന്നത് 55 ശതമാനം മാത്രമാണ്. ഹൈപർട്രോഫിക് കാർഡിയോമയോപതി എന്ന രോഗമുണ്ട് (ഹൃദയപേശികൾക്ക് കട്ടി കൂടുന്ന രോഗാവസ്ഥ). ഡോക്ടർ പറയുന്നത് 55 ശതമാനത്തിൽ നിന്ന് അൽപം കുറഞ്ഞാൽ പിന്നെ അതിജീവിക്കുകയില്ല എന്നാണ്.
എനിക്ക് സിൻകോപ് അറ്റാക്കുകൾ ഉണ്ടാകുന്നുണ്ട്, ഇടക്കിടെ അബോധാവസ്ഥയിലാകുന്ന അവസ്ഥയാണിത്. ഈ എപ്പിസോഡുകൾ ആവർത്തിച്ചുവരാറുണ്ട്. പക്ഷേ എനിക്കൊരിക്കലും ചികിത്സ കിട്ടിയിരുന്നില്ല. അവർ എന്നെ പരിശോധിച്ചിട്ടുണ്ട്. പക്ഷേ ചികിത്സിച്ചിട്ടില്ല. എനിക്ക് വേദനസംഹാരികളാണ് തന്നിരുന്നത്, നാലും ആറും തരം വേദനസംഹാരികൾ. 2014 മെയ് 9ന് ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പൊലീസ് എന്റെ ഇടതുകൈ പിടിച്ചുവലിച്ചിരുന്നു. എനിക്കിപ്പോൾ എന്റെ ഇടതുകൈ ഉയർത്താൻ കഴിയുന്നില്ല. പത്തുവർഷങ്ങൾക്ക് ശേഷവും എന്റെ ഇടതുകൈ വീർത്തിരിക്കുകയാണ്. ഇവിടെ വന്നപ്പോൾ കോമ്രേഡ് രാജ ചോദിച്ചത് ഇടതുകൈ വീർത്തിട്ടുണ്ടോ എന്നാണ്. കഴുത്തിലെ അഞ്ച് പേശികളും നാഡീവ്യവസ്ഥയും തകർന്നിരിക്കുകയാണ്. കാരണം എന്നെ അവർ വലിച്ചിഴച്ചാണ് ഡൽഹിയിൽ നിന്നും നാഗ്പൂരിലേക്ക് കൊണ്ടുപോയത്. രണ്ടായിരം കമാൻഡോകളാണ് പിന്നാലെ ഉണ്ടായിരുന്നത്. തലച്ചോറിൽനിന്നും കഴുത്തിലൂടെ കയ്യിലേക്ക് വരുന്ന ഞരമ്പുകൾക്ക് പരിക്കേറ്റു. എന്റെ ചുമൽ വലുതായി വീർത്തിരുന്നു. അണ്ടർ ട്രയൽ സമയത്ത് ഒമ്പത് മാസം ഞാൻ വേദനയനുഭവിച്ചു. അതിന് ശേഷം ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ഡോക്ടർമാർ പറഞ്ഞത് ഇത്രയും വൈകിയത് കാരണം ഇനിയൊന്നും ചെയ്യാൻ കഴിയില്ല എന്നാണ്. ജാമ്യം കിട്ടിയപ്പോൾ ചികിത്സ തുടങ്ങി. ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഉടനെ കൺവിക്ഷൻ നടന്നു. വീണ്ടും ഞാൻ ജയിലിലെ പഴയ അതേ സെല്ലിലേക്ക് തിരിച്ചെത്തി. അന്നുമുതൽ ഇടതുകൈയിൽ കടുത്ത വേദനയുണ്ട്, ഈ വേദന കാലിലേക്ക് പടരുന്നുണ്ട്, എന്റെ പോളിയോ ബാധിച്ച കാലിലേക്ക്. മസിലുകളിൽ സ്പാസ്മാറ്റിക് അറ്റാക്കുകൾ ഉണ്ടാകുന്നുണ്ട്, ഇതെന്നെ മരവിപ്പിക്കുന്നുണ്ട്. അണ്ഡാ സെല്ലിന് തൊട്ടപ്പുറത്തുള്ള ഹോസ്പിറ്റലിലേക്ക് പോലും എന്നെ കൊണ്ടുപോകുന്നില്ല. ഭക്ഷണം കഴിക്കാൻ പറ്റാറില്ല, അങ്ങനെ പിത്തസഞ്ചി (gallblader)യിൽ കല്ലുകൾ രൂപപ്പെട്ടു. പാൻക്രിയാസിനും പ്രശ്‌നങ്ങളുണ്ട്. എനിക്ക് പിത്തസഞ്ചിയിൽ കല്ലുകളും അക്യൂട്ട് പാൻക്രിയാറ്റൈറ്റിസും ഉണ്ട്. എനിക്ക് ഭക്ഷണം ദഹിക്കുന്നില്ല. ഒരു എംആർഐയിൽ കണ്ടെത്തിയത് തലച്ചോറിൽ ഒരു മുഴയുണ്ട് എന്നാണ്. മറ്റൊരു സ്‌കാനിങ്ങിൽ അവർ കണ്ടെത്തിയത് എന്റെ വൃക്കകളിൽ മുഴകളുണ്ട് എന്നാണ്. അറസ്റ്റിന് മുമ്പായി ഞാൻ വർഷം തോറും ഹെൽത് ചെക്കപ് ചെയ്യാറുണ്ടായിരുന്നു, എനിക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. ഒരു മരുന്നും കഴിക്കാത്ത ആളായിരുന്നു. ഹോൾട്ടർ മോണിറ്റർ ടെസ്റ്റ് (ഒരു ഇലക്ട്രോ കാർഡിയോഗ്രാഫി ഉപകരണമാണ് ഹോൾട്ടർ മോണിറ്റർ) നടത്തണമെന്ന് നാലുവർഷം മുമ്പ് ഡോക്ടർ പറഞ്ഞിരുന്നു. ഇന്നുവരെയും ഹോൾട്ടർ മോണിറ്റർ ടെസ്റ്റ് നടത്തിയിട്ടില്ല. സ്ലീപ് ആപ്നിയ ടെസ്റ്റ് നടത്താൻ മറ്റൊരു ഡോക്ടർ പറഞ്ഞു (ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന അവസ്ഥയാണ് സ്ലീപ് ആപ്‌നിയ). ഏഴു വർഷം മുമ്പ് പറഞ്ഞതാണ്, ഇതുവരെയും അത് നടത്തിയിട്ടില്ല. ഇടതുകയ്യിലെ ഞരമ്പുകളിലെ വേദന കുറയ്ക്കുന്നതിനും ഇടതുകയ്യുടെ പ്രവർത്തനം ഭേദമാക്കുന്നതിനും സർജറി നടത്തണമെന്ന് മറ്റൊരു ഡോക്ടർ പറഞ്ഞു. അതൊന്നും നടന്നില്ല. ചർച്ചചെയ്യപ്പെടുക പോലും ചെയ്തിട്ടില്ല. കുറേയധികം ടെസ്റ്റുകൾ… അതൊന്നും ചെയ്തിട്ടില്ല. എന്തുകൊണ്ട്? ഇതേ ജയിലിൽ കഴിയുന്ന ക്രിമിനൽ ഗ്യാങ് കുറ്റവാളികൾക്ക് സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള മുൻഗണനാ ചികിത്സ കിട്ടുന്നുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ജയിൽ നിറഞ്ഞിരിക്കുകയാണ്. അവർക്ക് ഒരിക്കലും ട്രീറ്റ്‌മെന്റ് കിട്ടുകയില്ല. ചിലപ്പോൾ ഞാനും അവരിലൊരാൾ ആയതുകൊണ്ടാവാം എനിക്കും ചികിത്സ കിട്ടാത്തത്, അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവ്രവാദി ഞാനാണ് എന്നവർ കരുതുന്നത് കൊണ്ടാവാം. വസന്ത അയക്കുന്ന മരുന്നുകൾ പോലും എന്റെയടുത്തെത്തുക പ്രയാസമായിരുന്നു, തുടക്കത്തിൽ എത്താറേയില്ലായിരുന്നു. പത്ത് ദിവസങ്ങൾ നീണ്ട എന്റെ നിരാഹാര സമരത്തിന് ശേഷം- ഈ സമരം എല്ലാ സർക്കാർ വകുപ്പുകളിലും യുഎന്നിലും അറിഞ്ഞു- മുടക്കമില്ലാതെ മരുന്നുകൾ അയക്കുമ്പോഴും എനിക്ക് കിട്ടിയിരുന്നത് പത്തും പതിനഞ്ചും ദിവസങ്ങൾക്ക് ശേഷമാണ്. ഹൃദ് രോഗത്തിനുള്ള മരുന്ന് കുടുംബം അയച്ചുതരുമ്പോഴും പത്തുദിവസത്തോളം അത് മുടങ്ങിപ്പോകുന്നു! ഇത് സംഭവിക്കുന്നത് മാധ്യമങ്ങളുടെ പിന്തുണയുള്ള ഒരു വ്യക്തിക്കാണ് എന്ന് ഓർക്കണം. നിങ്ങളെല്ലാവരും ഈ വിഷയത്തിന് വേണ്ടവിധം ശ്രദ്ധ കൊടുത്തിട്ടുണ്ട് എന്നറിയാം, എന്നിട്ടും അവർക്കത് ചെയ്യാൻ കഴിഞ്ഞു. ജയിലിനകത്തുള്ള ലോകത്തെ കുറിച്ച് പുറംലോകം അറിയുകയില്ല എന്നതാണ് അവരുടെ ആത്മവിശ്വാസം.
വളരെ വൈകാരികമായൊരു പോയിന്റ് ഞാൻ നിങ്ങളോടു പറയാനാഗ്രഹിക്കുന്നു. എനിക്ക് നല്ല ക്ഷീണമുണ്ട്. ഇതാണ് എനിക്ക് പറയാനുള്ള അവസാന പോയിന്റ്. 2020 ആഗസ്റ്റ് 1ന് എന്റെ അമ്മ മരിച്ചുപോയി. ഒരു ഡിസേബ്ൾഡ് കുട്ടിയെ അതീവശ്രദ്ധയോടെ വളർത്തിക്കൊണ്ടുവന്ന എന്റെ അമ്മ. അവരെന്നെ കൈകളിലെടുത്താണ് സ്‌കൂളിലേക്ക് കൊണ്ടുപോയത്. എന്റെ കുഞ്ഞിന് വിദ്യാഭ്യാസം കിട്ടണം എന്ന് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവർ മരിച്ചപ്പോൾ എന്നെ കാണാൻ സമ്മതിച്ചില്ല. മരണത്തിന് മുമ്പ് അവരെ പോയി കാണാൻ എനിക്ക് പരോൾ നിഷേധിച്ചു. മരണശേഷം ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് അനുമതി നിഷേധിച്ചു. മരണാനന്തര ചടങ്ങുകൾക്ക് പോകാൻ എനിക്ക് പരോൾ നിഷേധിച്ചു- ജയിൽ അധികാരികൾ, ജയിൽ വകുപ്പ്, സർക്കാർ, കോടതികൾ. ആരാണ് ഈ രാജ്യത്ത് കുറ്റവാളിയും കുറ്റാരോപിതരും? ആരൊക്കെയാണ് ഈ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർ?
ഇന്ന് ഞാൻ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനാണെങ്കിൽ, അല്ലെങ്കിൽ പത്തുവർഷം മുമ്പ് ഞാൻ അധ്യാപകനായിരുന്നെങ്കിൽ – അതെന്റെ അമ്മയുടെ സ്വപ്‌നമായിരുന്നു, നിരക്ഷരയായ ഒരു ഗ്രാമീണ സ്ത്രീയുടെ. ഇന്ന് നിങ്ങൾക്ക് കാണാം, ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ കാഴ്ചയിൽ എനിക്ക് കാണാം, ഈ രാജ്യത്തെ അതിദരിദ്രരായ സ്ത്രീകൾ, ആദിവാസി സ്ത്രീകൾ, ദലിത് സ്ത്രീകൾ- അവരെല്ലാം ആഗ്രഹിക്കുന്നത് സ്വന്തം കുഞ്ഞിന് വിദ്യാഭ്യാസം നൽകാൻ കഴിയണം എന്നാണ്. നമുക്ക് ഭൂമി കിട്ടില്ല, നമുക്ക് മറ്റൊന്നും കിട്ടില്ല. പക്ഷേ, നമ്മുടെ കുഞ്ഞിന് വിദ്യാഭ്യാസം കിട്ടണം. അതായിരുന്നു എന്റെ അമ്മയുടെയും സ്വപ്നം. അമ്മ മരിച്ചത് ഞാൻ ഈ അടിസ്ഥാനരഹിതമായ കേസിൽ തടവനുഭവിക്കുന്നു എന്നതുകൊണ്ടാണ്. അവസാന നിമിഷം വരെ അവർ എന്നെ കാണാൻ ആഗ്രഹിച്ചു. ഭരണകൂടം/സ്റ്റേറ്റ് എന്നത് ജനങ്ങളെ സേവിക്കേണ്ട സംവിധാനമാണ്, ജനങ്ങളെ ശിക്ഷിക്കുകയും മനുഷ്യത്വം നശിപ്പിക്കുകയുമല്ല ഭരണകൂടം ചെയ്യേണ്ടത്. മനുഷ്യവംശത്തിന്റെ പരിണാമത്തിലൊരു ഘട്ടത്തിൽ സ്റ്റേറ്റിന്റെ ആവശ്യമുണ്ടായിരുന്നു, പ്രശ്‌നങ്ങളില്ലാതിരിക്കുന്നതിനായി. പക്ഷേ കാലക്രമേണ സ്റ്റേറ്റ് ഒരു അടിച്ചമർത്തൽ സംവിധാനമായി മാറി. സാമൂഹികക്രമം നിലനിർത്തുന്നതിനായി ജനങ്ങൾ ഏർപ്പെട്ട കരാറായിരുന്നു അത്, പിന്നീട് അരാജകത്വം (anarchy) നിയന്ത്രിക്കാനെന്നോണം വന്ന ഭരണകൂടം സ്വയമേ അരാജകത്വമായി മാറി. ഇന്നത് മനുഷ്യത്വത്തെ ക്രൂരമായി അടിച്ചമർത്തുന്ന ഉപാധിയായി മാറി. ഞാൻ വരുന്ന ജയിൽ, 1500 പേരെ ഉൾക്കൊള്ളാൻ നിർമ്മിച്ചതാണ്. എന്നാൽ 3200 പേരാണ് അതിനകത്തുള്ളത്. ഇരിക്കാനും ഉറങ്ങാനുമുള്ള ഇടത്തിനായി, കുടിവെള്ളത്തിന് വേണ്ടിയെല്ലാം അവർ നായ്ക്കളെപ്പോലെ തർക്കിക്കുന്നു. ഒരു തടവുകാരന് ഉറങ്ങാൻ ആറടിയുടെ ഇടം പോലുമില്ല. മനുഷ്യവിരുദ്ധമായ സാഹചര്യങ്ങളിൽ തിങ്ങിക്കഴിയുന്ന തടവുകാർക്ക് മാത്രമല്ല ഈ രാജ്യത്തിന് തന്നെ വിരുദ്ധമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ. ഞാൻ വൈകാരികമായി സംസാരിച്ചുവെങ്കിൽ ക്ഷമിക്കണം. പക്ഷേ നിങ്ങളെല്ലാം എന്റെ കുടുംബത്തിന്റെ ഭാഗമാണ്, അതുകൊണ്ടാണ് ഇതെല്ലാം പങ്കുവെച്ചതും. നന്ദി.”
2015 ഡിസംബറിൽ ജാമ്യം നേടി തിരിച്ചെത്തിയ സമയത്ത് ഫ്രണ്ട്‌ലൈൻ മാസിക പ്രസിദ്ധീകരിച്ച മൈ വ്യൂ ഫ്രം എൻ ‘അണ്ഡാ’ (അണ്ഡാ സെല്ലിൽ നിന്നുള്ള എന്റെ കാഴ്ച, അണ്ഡാ സെൽ എന്നാൽ ഗോളാകൃതിയിലുള്ള ഏകാന്ത തടവുമുറി) എന്ന ലേഖനത്തിൽ ജി.എൻ സായിബാബ എഴുതി, “ജയിലിൽ ചെലവഴിച്ച പതിനാല് മാസങ്ങൾ നരകത്തിൽ ചെലവഴിച്ച പതിനാല് വർഷങ്ങൾ പോലെയാണ്. പുറത്തുനടന്ന വലിയ ക്യാംപെയ്‌നിനും ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പാസാക്കിയ ഉത്തരവിനും നന്ദി. ചികിത്സയ്ക്കായി എനിക്ക് പുറത്തുവരാൻ കഴിഞ്ഞു, ഇല്ലായിരുന്നെങ്കിൽ ഞാൻ മരിച്ചുപോയേനെ. നാഗ്പൂർ സെൻട്രൽ ജയിലിലെ പ്രിസൺ ഹോസ്പിറ്റലിൽ സ്ഥിര ഡോക്ടർമാരില്ല, മരുന്നുകളില്ല, തീവ്ര രോഗങ്ങളെ ചികിത്സിക്കാനുള്ള സംവിധാനങ്ങളില്ല. ഞാനവിടെയുണ്ടായിരുന്നപ്പോൾ അഞ്ചുപേരുടെ മരണം കണ്ടു. പ്രായം അമ്പതുകളിലുള്ള ഒരാൾ, നാൽപതുകളിലുള്ള മറ്റൊരാൾ, മുപ്പതുകളിലുള്ള മൂന്നുപേർ. സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ അവർ മരിക്കില്ലായിരുന്നു.”
ജയിലിനകത്ത് ചികിത്സ ലഭിക്കുന്നതിലുള്ള പ്രയാസങ്ങളെക്കുറിച്ചും ജയിൽ സാഹചര്യങ്ങളെക്കുറിച്ചും സായിബാബ ഈ ലേഖനത്തിൽ എഴുതുന്നുണ്ട്. “പൊലീസും ജയിലുകളും ഒരോ സംസ്ഥാന ഗവണ്മെന്റിന്റെയും ആഭ്യന്തര വകുപ്പിലാണ് വരിക. ഒരു കോടതി ഒരു വ്യക്തിയെ ജയിലിലേക്കയക്കാൻ ഉത്തരവിടുമ്പോൾ അവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കും, പൊലീസ് നിയന്ത്രണം ഉണ്ടാകുകയില്ല. പക്ഷേ യഥാർത്ഥത്തിൽ പൊലീസ് പുറത്തുനിന്നും നിയന്ത്രിക്കും, തടവുകാരുടെ ചികിത്സയെ സംബന്ധിച്ച് അനൗദ്യോഗിക ഉത്തരവുകൾ അയക്കും, ഒരു പ്രിസൺ സൂപ്രണ്ടിന്റെ കീഴിലാണ് തടവുകാർ. പൊലീസിലൂടെ സർക്കാരിന് തടവുകാരിൽ സ്വാധീനം ചെലുത്താൻ കഴിയും. യുകെയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ളതുപോലെ ഇന്ത്യയിലെ ജയിലുകളും ജുഡീഷ്യറിക്ക് കീഴിലുള്ള സ്വതന്ത്ര സംവിധാനങ്ങളാകണം. വിചാരണ തടവുകാർ ജയിലിൽ നിന്നും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസിൽനിന്നും പീഡനം നേരിടാൻ സാധ്യത കൂടുതലാണ്. ഇവരെ എസ്‌കോർട്ട് ചെയ്യുന്നത് ജയിൽ അധികാരികൾ അല്ല. എന്റെ കാര്യത്തിൽ ഇന്റലിജൻസ് ഏജൻസി എന്റെ സെല്ലിലേക്ക് കടന്നുവരാറുണ്ട്, ഞാൻ എഴുതുന്നതും വായിക്കുന്നതും എന്താണെന്നറിയാൻ. ഇതിനൊന്നും തെളിവുകളില്ലാത്തതിനാൽ എനിക്ക് പരാതിപ്പെടാൻ കഴിയില്ല. ജയിലുകൾ തടവുകാരിൽ മാറ്റങ്ങളുണ്ടാക്കുന്ന കറക്ഷണൽ ഹോമുകളായിരിക്കണം എന്നതാണ് ഔദ്യോഗിക നയം. പരിവർത്തിതരായ തടവുകാരെ തിരിച്ചു സമൂഹത്തിലേക്ക് അയക്കാം. പക്ഷേ പ്രയോഗത്തിൽ അവിടം ഒരു വ്യക്തിയുടെ ആത്മാവ് നശിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നു, പ്രത്യേകിച്ച് അണ്ഡാ സെൽ. ആകാശം കാണാൻ കഴിയില്ല. നാല് മുറ്റങ്ങളിലായി 32 ലോക്കപ്പുകളുണ്ട്, ഇതിനെല്ലാം മീതെയായി ഗ്രിൽ വെച്ച് മറച്ചിട്ടുണ്ട്. ഏകാന്ത തടവിനെതിരെ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ വിധിയെഴുതിയിട്ടുണ്ട്, പക്ഷേ അതിന്നും വ്യാപകമാണ്. അണ്ഡാ സെല്ലിനകത്ത് ഒരു വ്യക്തിക്ക് മാനസിക സമനില നിലനിർത്തുക സാധ്യമല്ല. അണ്ഡാ സെല്ലിൽ വർഷങ്ങളോളം കഴിഞ്ഞ കുറച്ച് തടവുകാരെ ഞാൻ കണ്ടു. അവർക്ക് പൂർണമായും മനോനില നഷ്ടപ്പെട്ടു, എന്നിട്ടും അവരെ അതിനകത്തുനിന്നും മാറ്റിയിട്ടില്ല.”
2022ൽ ബോംബെ ഹൈ കോടതിയുടെ നാഗ്പൂർ ബെഞ്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ചുവെങ്കിലും അസാധാരണമായ നടപടികളിലൂടെ സുപ്രീം കോടതി ഈ ഉത്തരവ് തള്ളിക്കളയുകയും കേസ് പുനപരിശോധിക്കാൻ ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
2016 മെയിൽ, ഹൈദരാബാദിൽ നടന്ന ഒരു പൊതു പരിപാടിയിൽ വെച്ച് ഞാൻ ആദ്യമായും അവസാനമായും പ്രൊഫ. ജി.എൻ സായിബാബയെ നേരിൽ കണ്ടു. നാഗ്പൂർ സെൻട്രൽ ജയിൽ കവാടത്തിൽ ഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം കണ്ട എഴുത്ത് അന്ന് ജി.എൻ സായിബാബ ഓർത്തെടുത്തു. ‘തടവുകാർ സ്വയം പാപികളായി സ്വീകരിക്കണം’ എന്നാണ് ആ വാചകം. സായിബാബ ചൂണ്ടിക്കാണിക്കുന്നത് ഈ ‘പാപികളിൽ’ 85 ശതമാനം പേരും ദലിതരും ആദിവാസികളും ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് എന്നാണ്. ജയിലിൽ നിന്നും ഒരു കത്ത് പുറത്തെത്തിക്കാൻ വളരെ ബുദ്ധിമുട്ടിയെന്നും ദലിതരും ആദിവാസികളുമായ ജയിൽ ഉദ്യോഗസ്ഥരെയും ഭരണകൂടം വിശ്വസിക്കുന്നില്ല എന്നും അന്ന് ജി.എൻ സായിബാബ പറഞ്ഞു. കെനിയൻ നോവലിസ്റ്റായ ഗൂഗി വാ തിയോൻഗോയുടെ ‘Dreams in a time of war- a childhood memoir’ എന്ന പുസ്തകം മാതൃഭാഷയായ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയാണെന്നും അത് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് ചൂഷണത്തിൽ നിന്നും ഭൂമി സ്വതന്ത്രമാകാതെ ജനാധിപത്യം ഒരിക്കലും സാധ്യമാകില്ല, ആദിവാസി ജനതയ്ക്ക് വേണ്ടിയുള്ള സമരം ഒരിക്കലും മാവോയിസ്റ്റുകൾക്കുള്ള പിന്തുണയല്ല. അത് നമുക്കുവേണ്ടി തന്നെയുള്ള സമരമാണ്, ആദിവാസി ജനതയും വനവുമില്ലാതെ നമുക്ക് അതിജീവിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യമെങ്ങും നടക്കുന്ന വിദ്യാർത്ഥിമുന്നേറ്റങ്ങൾ രേഖപ്പെടുത്തണമെന്ന സ്വപ്‌നവും അന്ന് ജി.എൻ സായിബാബ പങ്കുവെച്ചിരുന്നു. ഒരു വർഷത്തിനകം വീണ്ടും അദ്ദേഹം ജയിലിലേക്ക് തിരിച്ചയയ്ക്കപ്പെട്ടു.
2020ൽ എൻ.സി.എച്ച്.ആർ.ഒയുടെ മുകുന്ദൻ സി മേനോൻ അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള ചെറുപ്രഭാഷണം അദ്ദേഹത്തിന്റെ മകൾ വായിച്ചു, “വരുംതലമുറ രൂപപ്പെടേണ്ടത് ചൂഷിതരുടെ ചോരയിൽ നിന്നായിക്കൂടാ” എന്ന ഹൃദയസ്പർശിയായ വാചകം അതിലുണ്ടായിരുന്നു. “ജനാധിപത്യ അവകാശങ്ങൾ, മനുഷ്യബോധത്തിന്റെയും ജീവിതാഭിലാഷങ്ങളുടെയും ഉന്നത ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും, മറ്റെല്ലാ രൂപത്തിലുമുള്ള അവകാശങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവി തലമുറയുടെ നിലനിൽപ്പ് നമ്മൾ നിർബന്ധമായും ഉറപ്പാക്കേണ്ടതുണ്ട്. അവകാശങ്ങളുടെ സംരക്ഷകർക്ക് ചരിത്രപരമായ പങ്കാണ് വരാനിരിക്കുന്ന സമരത്തിൽ നിർവഹിക്കാനുള്ളത്, കഠിനമാണെങ്കിലും അത് നമ്മൾ ചെയ്തേ തീരൂ. മനുഷ്യാവകാശ സംരക്ഷകരുടെ പ്രവർത്തനത്തിന്റെ അനിവാര്യതയുടെ സമയമാണിത്. എന്നാൽ നിലവിൽ ഞാൻ ചങ്ങലകൾക്കകത്തായതിനാലും പ്രതിസന്ധിയിലായവർക്കൊപ്പം നിൽക്കാൻ കഴിയാത്തതിനാലും ദുഃഖിതനാണ്. ദിവസവും പത്രം വായിക്കുമ്പോൾ അത്തരത്തിൽ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്ത് കൊടുക്കാൻ സാധിക്കാത്തതിനെപ്പറ്റി ഓർത്ത് എന്റെ ഹൃദയത്തിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്. എല്ലാ മനുഷ്യാവകാശ സംരക്ഷകരും ഇക്കാലഘട്ടത്തിൽ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വർധിച്ച ഊർജത്തോട് കൂടി പ്രവർത്തിക്കണമെന്ന് ഞാൻ ഹൃദയപൂർവം അപേക്ഷിക്കുന്നു.”
“ഈ ഘട്ടത്തിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം നമ്മുടെ ഉത്തരവാദിത്തമായിരിക്കണം. ഈ പിന്തിരിപ്പനും ഇരുണ്ടതുമായ ദിനങ്ങളിൽ നാം ആശ കൈ വെടിയാതെ മുന്നോട്ട് നോക്കേണ്ടതുണ്ട്. ഐറിഷ് സോഷ്യലിസ്റ്റ് ആയ റെയ്മണ്ട് വില്യംസ് ഒരിക്കൽ പറഞ്ഞത് പോലെ, ‘യഥാർത്ഥ റാഡിക്കൽ ആവുക എന്നാൽ നിരാശ ബോധ്യപ്പെടുത്തുന്നതിനു പകരം, സാധ്യമാവുന്നത്ര പ്രത്യാശ ഉണ്ടാക്കുക എന്നതാണ്’ എന്നതാണ്.” ജി.എൻ സായിബാബ ഓർമ്മിപ്പിക്കുന്നു.
സാഹിത്യ വിദ്യാർത്ഥിയും സാഹിത്യ അധ്യാപകനും കവിയും വിവർത്തകനുമെല്ലാമായിരുന്ന ജി.എൻ സായിബാബയ്ക്ക് തന്നിലെ എഴുത്തുകാരനെ പ്രകാശിപ്പിക്കാൻ എത്രത്തോളം കഴിഞ്ഞിരുന്നു എന്നത് ഇന്ന് ബാക്കിയാകുന്ന ചോദ്യമാണ്.
പ്രൊഫ. ജി.എൻ സായിബാബയുടെ മരണം ഭരണകൂട കൊലപാതകമായി തന്നെ കാണണം. ഫാദർ സ്റ്റാൻ സ്വാമിക്കും പാണ്ഡു നരോടെക്കും സംഭവിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുകൊണ്ട് മാത്രമാണ് നമ്മളറിഞ്ഞത്. വിചാരണ കാത്ത് കഴിയുന്നതിനിടെ പുറംലോകമറിയാതെ തടവറകളിൽ ജീവനും ആരോഗ്യവും നഷ്ടമാകുന്നവരെ കുറിച്ച് സംഭാഷണങ്ങളുണ്ടാവുന്നത് അങ്ങനെയൊരാൾ മരിക്കുമ്പോൾ മാത്രമാകരുത്.
ഇന്ത്യയിലെ ഗൂഢാലോചന കേസുകളുടെ ചരിത്രവും അവയിലൂടെ കടന്നുപോകേണ്ടിവരുന്നവരുടെ വേദനകളും ഇന്ത്യൻ സമകാലിക രാഷ്ട്രീയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യണം.