ആദ്യം വീണ രോഗികള്‍ ഔദ്യോഗിക ചരിത്രം തിരുത്തുകയായിരുന്നു

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഓഫ്റോഡ്-8

കാപ്പിക്കോപ്പയുടെ അടിത്തട്ടില്‍ പാപ്പിയോൺ കണ്ട കുഷ്ഠ രോഗിയുടെ വിരല്‍ ഒരു വിറയായി ഉടലില്‍ പാഞ്ഞു. ഗോവ ഇഫിയില്‍ (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍) മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച റോഡ്രിഗോ ഡി ഒലിവേറിയ (ബ്രസീല്‍) സംവിധാനം ചെയ്ത ‘ദ ഫസ്റ്റ് ഫാളന്‍’ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആ വിരലും രോഗാവസ്ഥയിലും കാപ്പി പകരുന്ന മനുഷ്യനും ബോധത്തില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പുസ്തകം വായിക്കുമ്പോള്‍ കിടുങ്ങിപ്പോയ ആ രംഗം മറ്റൊരു വിതാനത്തില്‍ ഉയര്‍ത്തെഴുന്നേറ്റതുപോലെ തന്നെ തോന്നി. പുസ്തകത്തിലെ ആ രംഗം ഇങ്ങിനെ: എന്നെ കൂട്ടിക്കൊണ്ടുവരാന്‍ വന്ന മുണ്ടന്‍ അടുപ്പിനു മുകളില്‍ പിടിപ്പിച്ചിരിക്കുന്ന ഒരു പലകപ്പുറത്ത് നിന്ന് തിളങ്ങുന്ന ഒരു കോപ്പ എടുത്ത് അതില്‍ കാപ്പി ഒഴിച്ച് അടുപ്പില്‍ വെച്ചു. കുറച്ചു കഴിഞ്ഞ് അയാള്‍ അതെടുത്ത് പല മൊന്തകളിലായി ഒഴിച്ചു. എന്നിട്ട് എനിക്ക് കോപ്പ വച്ചു നീട്ടിയിട്ടു പറഞ്ഞു. ‘കുടിക്കാന്‍ ഭയപ്പെടേണ്ട. ഈ പാത്രം സന്ദര്‍ശകര്‍ക്കു മാത്രമുള്ളതാണ്. രോഗികളാരും ഇതുപയോഗിക്കാറില്ല’. ഞാന്‍ കോപ്പ കയ്യിലെടുത്തു. കുടിച്ചു. എന്നിട്ട് കോപ്പ എന്റെ കാല്‍മുട്ടിന്‍ മേല്‍ വെച്ചു. അങ്ങിനെ ചെയ്യുമ്പോള്‍ ഞാന്‍ അതിനകത്തേക്ക് നോക്കി. അതിന്റെ വശത്ത് ഒരു വിരല്‍! എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ലാപൂസ് പറഞ്ഞു. ‘നാശം എനിക്കൊരു വിരല്‍കൂടി നഷ്ടമായിരിക്കുന്നു. അത് ഏതു നരകത്തില്‍ വീണുകിടക്കുകയാണാവോ? ‘ഇതാ ഇവിടെ’. ഞാന്‍ കോപ്പ അയാളെ കാണിച്ചു. അയാള്‍ അതിനകത്തു നിന്ന് വിരല്‍ക്കഷണം പെറുക്കിയെടുത്ത് അടുപ്പിലേക്കെറിഞ്ഞിട്ട് കോപ്പ മടക്കിത്തന്നു. ‘കുടിച്ചതുകൊണ്ട് കുഴപ്പമൊന്നുമില്ല. അയാള്‍ എന്നോടു പറഞ്ഞു. എന്തെന്നുവെച്ചാല്‍ എനിക്കു വരട്ടു കുഷ്ഠമാണ്. ഞാന്‍ ഓരോ കഷ്ണങ്ങളായി കൊഴിയുന്നു, അഴുകുന്നില്ല, പരക്കുകയുമില്ല’. മാംസം എരിയുന്ന ഗന്ധം ഞാനറിഞ്ഞു. അതാ മനുഷ്യന്റെ വിരലാകണം: (പാപ്പിയോണിലെ പ്രാത്തുരുത്ത് എന്ന അധ്യായത്തില്‍ നിന്ന്/ പേജ് 95/ മലയാള പരിഭാഷ ഡോക്ടര്‍ എസ്. വേലായുധന്‍).

‘ദ ഫസ്റ്റ് ഫാളന്‍’ പോസ്റ്റര്‍

ഹെന്റി ഷാരിയറുടെ ആത്മകഥ ‘പാപ്പിയോണി’ലെ ഈ രംഗം ഇന്നും ലോക മനസാക്ഷിയുടെ ഉള്ളില്‍ നിന്നും മാഞ്ഞിരിക്കില്ല. ജയില്‍ ചാടി ദ്വീപില്‍ നിന്നും രക്ഷപ്പെടാനുള്ള ബോട്ട് സംഘടിപ്പിക്കാനാണ് പാപ്പിയോണും മറ്റു രണ്ടു പേരും 200 കുഷ്ഠരോഗികള്‍ കഴിയുന്ന പീജിയ ദ്വീപില്‍ എത്തുന്നത്. രോഗം മൂലം ഇവരെ പൊതുസമൂഹവും ഭരണകൂടവും ഈ ദ്വീപില്‍ കൊണ്ടുവന്നു തള്ളുകയായിരുന്നു. ആ രോഗികളാണ് പാപ്പിയോണിന് പുഴയും കടലും മുറിച്ചു കടന്ന് സ്വാതന്ത്ര്യത്തിലേക്ക് നീന്താനുള്ള ജല വാഹനം ഒരുക്കിക്കൊടുക്കുന്നത്. അവിടെ ഒരു രോഗി അവര്‍ക്ക് കാപ്പിയുണ്ടാക്കിക്കൊടുക്കുമ്പോഴാണ് മേലുദ്ധരിച്ച രംഗം സംഭവിക്കുന്നത്. ആ രോഗിയുടെ കാപ്പി പങ്കുവെക്കുന്ന മനോഭാവം നമ്മെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ?

‘ദ ഫസ്റ്റ് ഫാളന്‍’ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ രോഗികളുടെ സമുദായങ്ങളില്‍ (കമ്യൂണിറ്റീസ്) നിന്ന് പൊതുസമൂഹം എന്തെങ്കിലും പഠിച്ചിട്ടുണ്ടോ എന്ന ചോദ്യത്തെ വീണ്ടും വീണ്ടും അഭിമുഖീകരിക്കേണ്ടി വന്നു. പൊതുസമൂഹം അവഗണിച്ച് ഒറ്റപ്പെടുത്തുന്ന രോഗികള്‍, പ്രത്യേകിച്ചും പകരുമെന്ന് കരുതപ്പെടുന്ന രോഗമുള്ളവര്‍, ഒന്നിച്ച് ജീവിച്ച് മനുഷ്യജീവിതത്തില്‍ സാധ്യമാകേണ്ട കൂട്ടായ ജീവിതത്തെക്കുറിച്ച് വലിയ പാഠങ്ങളും സന്ദേശങ്ങളും പല കാലങ്ങളിലായി മനുഷ്യരാശിക്ക് പകർന്നു നല്‍കിയിട്ടുണ്ട്.

പീജിയ ദ്വീപിലെ രോഗികളെപ്പോലെ പില്‍ക്കാലത്ത് കഴിയേണ്ടിവന്ന രോഗികളില്‍ ഒരു വിഭാഗം എയ്ഡ്സ് ബാധിതരായിരുന്നു. അവരെ പൊതുസമൂഹം പലയിടങ്ങളിലേക്കായി തുരത്തി. താമസിക്കാന്‍ പോലും ഇടമില്ലാതെ, മക്കള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട്… അങ്ങിനെ അവരില്‍ പലര്‍ക്കും ചില തുരുത്തുകളില്‍ കഴിയേണ്ടി വന്നു. പാപ്പിയോണില്‍ കാണുന്നതുപോലെ കമ്യൂണായി ജീവിക്കേണ്ടി വന്നു. എല്ലാ പീഡകളും സഹിച്ച് രോഗികള്‍ പരസ്പരം സഹായിച്ചും പിന്തുണച്ചും കുടുംബജീവിതം നയിച്ചും അതിജീവിക്കാന്‍ ശ്രമിച്ച സന്ദര്‍ഭം എൺപതുകളിലും തൊണ്ണൂറുകളിലും എയ്ഡ്സ് രോഗികളിലാണ് കാണാന്‍ കഴിയുക.

രോഗത്താല്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ കമ്യൂണുകള്‍, അവരുടെ സഹജീവിതങ്ങള്‍, അവര്‍ക്കായി ജീവിച്ച രോഗികളല്ലാതിരുന്ന അപൂര്‍വം മനുഷ്യര്‍, രോഗത്തെ സ്വയം ഡോക്കുമെന്റ് ചെയ്ത് ലോകത്തിന് രോഗികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ (അത് വളരെ പ്രധാനപ്പെട്ടതായിരുന്നു, ഡോക്ടര്‍മാരല്ല രോഗികള്‍ തന്നെ തങ്ങളുടെ രോഗാവസ്ഥകള്‍ രേഖപ്പെടുത്തുകയായിരുന്നു. പീജിയ ദ്വീപിലെ രോഗി പുറത്തു നിന്നു വന്നവരോട് കാണിച്ച സഹാനുഭൂതിയുടെ കൂടുതല്‍ ഉയര്‍ വിതാനമാണിത്. രോഗികള്‍ സ്വയം രേഖപ്പെടുത്തിയ കാര്യങ്ങളും മൊഴികളുമാണ് പിന്നീട് എയ്ഡ്സ് ചികിത്സയില്‍ നിര്‍ണായകമായത്. ആദ്യ രോഗികള്‍ പൊതു സമൂഹത്തെ രോഗത്തില്‍ നിന്നും പ്രതിരോധിക്കുകയും സംരക്ഷിക്കുകയുമായിരുന്നു. ഈ സിനിമയില്‍ അതിലേക്കു വെളിച്ചം വീശുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. രോഗം ഒരു കുറ്റമായി കണ്ടവരോടുള്ള പ്രതികരണം കൂടിയായി ഈ സിനിമ മാറുകയാണ്)-ഇങ്ങിനെയുള്ള നിരവധി കാര്യങ്ങള്‍ ഫസ്റ്റ് ഫാളന്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓര്‍മ്മയിലേക്കു വന്നു. കോവിഡ് കാലത്ത് ഏതാണ്ട് രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് സിനിമാ തീയറ്ററിലേക്കു ആദ്യമായി പോകുന്നത്. മേളയുടെ ആദ്യ രണ്ടു ദിവസം ഇരിപ്പിടങ്ങള്‍ക്കിടയില്‍ അകലമുണ്ടായിരുന്നെങ്കിലും ജനത്തിരക്ക് കണക്കിലെടുത്ത് മൂന്നാം ദിവസം മുതല്‍ അത് മാറ്റി. ഇതോടെ മാസ്ക്കുകള്‍ ധരിക്കാനും പലരും മറന്നു. കോവിഡ് മുക്തതയിലെത്തി (അത് ശരിയല്ലെങ്കിലും) എന്ന നിലയിലായി കാര്യങ്ങള്‍. മേളയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ദ പീക്കോക്കില്‍’ ബൈ സച്ചിന്‍ ചാട്ടെ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘ഹൗസ് ഫുള്‍ സിനിമാസ്, ഇന്‍ശാ അള്ളാ’ എന്നായിരുന്നു. കോവിഡ് മുറിച്ചു കടന്നുവെന്ന തോന്നലും ആനന്ദവും ആ തലക്കെട്ട് സൃഷ്ടിച്ചു.

റോഡ്രിഗോ ഡി ഒലിവേറിയ (ഫോട്ടോ-മുഹമ്മദ്)

1984ല്‍ ബ്രസീലിലെ എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയില്‍ മൂന്നു പേര്‍ക്ക് എയ്ഡ്സ് ബാധിക്കുന്നതും അതിലൊരാളായ ബയോളജിസ്റ്റ് സുസാനയുടെ (അതി ഗംഭീര നടനായ ജോണി മസാറെയാണ് സുസാനയായി അഭിനയിക്കുന്നത്) ദയനീയമായ മരണവും രേഖപ്പെടുത്തുകയാണ് ‘ദ ഫസ്റ്റ് ഫാളന്‍’. കോവിഡ് കാലത്ത് മനുഷ്യരാശി അനുഭവിച്ച നിരവധി പ്രശ്നങ്ങളുടെ സാമ്യതകള്‍ ഈ സിനിമയില്‍ കാണാം. അതിനാല്‍ ഇത് കോവിഡിനെക്കുറിച്ചുള്ള സിനിമയാണോ എന്നൊരു തോന്നല്‍ പോലും കാണിയില്‍ ജനിച്ചേക്കും. ട്രാന്‍സ് സെക്ഷ്വല്‍ ആര്‍ട്ടിസ്റ്റ് റോസ് (റെനറ്റ കാര്‍വല്‍ഹോ ആണ് ഈ വേഷത്തില്‍. ‘ദ ഫസ്റ്റ് ഫാളനി’ലെ ​ഗംഭീര അഭിനയത്തിന് ഇഫിയിൽ ഇവർക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി). ടി.വി സിനിമ സംവിധായകന്‍ ഹുംബര്‍ട്ടോ (വിറ്റോര്‍ കാമിലോയാണ് ഹുംബര്‍ട്ടോ ആയി അഭിനയിക്കുന്നത്) എന്നിവരില്‍ അഭയം തേടാനാണ് സുസാന ശ്രമിക്കുന്നത്. എന്നാല്‍ അവരും രോഗികളാണെന്ന് വൈകാതെ അയാള്‍ മനസ്സിലാക്കുന്നു. സുസാനയുടെ ഇടം കഴുത്തില്‍ മറുകുപോലെ രക്തം കട്ടപിടിച്ച പാട് പ്രത്യക്ഷപ്പെടുന്നതോടെ തന്റെ ശരീരത്തില്‍ മാരകവും അജ്ഞാതവുമായ എന്തോ രോഗം വരികയാണെന്ന് അയാള്‍ മനസ്സിലാക്കുന്നു. സുസാന പുതുവല്‍സര ആഘോഷത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് രോഗ സൂചനയാലാണ്. സുസാനയുടെ രോഗാവസ്ഥയിലുള്ള ചിത്രങ്ങള്‍ റോസും ഹുംബര്‍ട്ടോയും പകര്‍ത്തുന്നു. ആ ചിത്രങ്ങള്‍ സുസാനോ തന്നെ എല്‍.ജി.ബി.ടി.ക്യുക്കാരുടെ സംഘത്തില്‍ വിതരണം ചെയ്യുന്നു. അവിടെ അയാള്‍ മരിച്ചു വീഴുകയുമാണ്. രോഗ മൂര്‍ച്ഛയില്‍ സുസാനോ നിര്‍ത്താതെ ചുമച്ചു കൊണ്ടിരിക്കുന്നു. ചങ്ക് മുറിയുന്ന തരത്തിലുള്ള ചുമ. രോഗ പീഡയില്‍ ആ കഥാപാത്രം പിടയുമ്പോള്‍ കണ്ടിരിക്കുന്നവര്‍ അതിതീവ്രമായി അത് അനുഭവിക്കുക തന്നെ ചെയ്യും. ഇതെല്ലാം ഹുംബര്‍ട്ടോ പൊതു സമൂഹത്തിനായി പകര്‍ത്തുന്നുണ്ട്. അതാണ് എയ്ഡ്സ് രോഗികളുടെ സ്വയം പകര്‍ത്തിയ രോഗ രേഖയും.

മൂവരും ചേർന്ന് പല തരം മരുന്നുകള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും വരുത്തി ഉപയോഗിച്ചു നോക്കുന്നുണ്ട്. എന്നാല്‍ അവക്കൊന്നും ഇനി തങ്ങളെ രക്ഷിക്കാനാവില്ലെന്ന് ബയോളജിസ്റ്റ് കൂടിയായ സുസാന മനസ്സിലാക്കുന്നു. മരുന്നുകളും ലാബുകളിലെ ഉപകരണങ്ങളും ഉപയോഗ ശൂന്യമാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ഒടുവില്‍ അമേരിക്കയില്‍ എയ്ഡ്സ് ചികിത്സാ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായും അതില്‍ പ്രതീക്ഷ അര്‍പ്പിക്കാമെന്നും മൂവരും കരുതുന്നു. പക്ഷെ അങ്ങിനെയൊന്നും സംഭവിക്കുന്നില്ല. ഈ ഘട്ടത്തില്‍ രോഗ ലക്ഷണങ്ങള്‍, രോഗിയുടെ ശാരീരികാവസ്ഥ എന്നിവയെക്കുറിച്ച് പുറം ലോകത്തെ അറിയിക്കാന്‍, സ്വന്തമായി ഒരു ഡോക്കുമെന്റായി മാറാനാണ് സുസാന ശ്രമിക്കുന്നത്. സുസാന നേരിട്ട ഏകാന്ത ഭീതിദമായ മരണം പിന്നീട് പതിനായിരക്കണക്കിന് എച്ച്.ഐ.വി പോസിറ്റീവ് രോഗികള്‍ നേരിട്ടു.
1983 അവസാനിക്കുന്ന സമയത്താണ് സുസാന തന്റെ രോഗാവസ്ഥ മനസ്സിലാക്കിത്തുടങ്ങുന്നത്. 1983 ഡിസംബര്‍ 31ന് എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ പുതുവല്‍സരാഘോഷത്തിലുണ്ടായിരുന്ന റോസും ഹുംബര്‍ട്ടോയും പിന്നീട് രോഗികളാകുന്നു. രോഗപ്പകര്‍ച്ചയുടെ നിരവധി സൂചനകള്‍ പിന്നീടുള്ള രംഗങ്ങളില്‍ കാണാം. എയ്ഡ്സ് വീഴ്ത്തിയ ബ്രസീലിലെ ആദ്യ മനുഷ്യനായി സുസാനോ മാറുമ്പോഴും മറ്റുള്ളവര്‍ക്കുള്ള മുറിയിപ്പുകള്‍ എങ്ങിനെ നല്‍കാം എന്നു തന്നെയാണ് ദിനേന മരിച്ചു കൊണ്ടിരുന്ന അവസ്ഥയിലും അയാള്‍ ആലോചിച്ചു കൊണ്ടിരുന്നത്. കോവിഡ് കാലത്ത് മനുഷ്യരാശിക്ക് വാക്സിനുകളിലുണ്ടായ പ്രതീക്ഷ ഈ സിനിമയുടെ അവസാനത്തില്‍ എയ്ഡ്സ് രോഗികളിലുണ്ടാകുന്നതും നാം കാണുന്നു.

റോസിയായി റെനറ്റ കാര്‍വല്‍ഹോ (ഫോട്ടോ: ഫെലിപ്പ് അമറിലോ)

ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള നിരവധി പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന രോഗികളുടെ കമ്യൂണിറ്റികളിലേക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ നോക്കാന്‍ ‘ദ ഫസ്റ്റ് ഫാളന്‍’ തീര്‍ച്ചയായും നമ്മെ സഹായിക്കും. രോഗവും മരുന്നും ചികിത്സയും പ്രതീക്ഷകളും മനുഷ്യജീവിതത്തിന്റെ അതിജീവന സൂചകങ്ങളായി മാറിയ നിരവധി താളുകള്‍ മറിച്ചാണ് ഇന്നത്തെ മനുഷ്യര്‍ ജീവിക്കുന്നത്. ചിത്രത്തില്‍ സുസാന മുള ചീന്തിപ്പൊട്ടുന്നതു പോലെ ചുമച്ചു കൊണ്ടേയിരിക്കുമ്പോള്‍ പ്രാണന്‍ അയാളെ പതുക്കെ പതുക്കെ വിട്ടുപോകുന്നത് കാണികള്‍ അനുഭവിക്കുന്നു. അയാളുടെ ചിതാഭസ്മം ഒരു നീര്‍ച്ചാട്ടത്തില്‍ നിമജ്ഞനം ചെയ്യുന്നു. റോസിന്റെ സംഗീത ആല്‍ബത്തിലേക്കുള്ള ചില രംഗങ്ങള്‍ ഹുംബര്‍ട്ടോ ചിത്രീകരിച്ചതും ഇതേ നീര്‍ച്ചാല്‍ പരിസരത്തായിരുന്നു. ജീവിതത്തിന്റെ ആഘോഷവും മരണത്തിന്റെ നിരാംലംബതയും (മരിക്കാനല്ല ഈ ലോകം വിട്ടുപോകേണ്ടതിലാണ് വിഷമമെന്ന് കവി) ഒന്നുചേരുന്ന ആ നീര്‍ച്ചാൽ പ്രദേശം ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥത്തേയും ഉള്‍വഹിക്കുന്നു.
ചിത്രം അവസാനിക്കുന്നത് ഗേ ജീവിതത്തിലേക്ക് പുതുതായി പ്രവേശിക്കുന്ന രണ്ടുപേരെ കാണിച്ചുകൊണ്ടാണ്. അവര്‍ രണ്ടുപേരും സുസാനയുടെ മരണം അടുത്തു നിന്ന് കണ്ടവരുമാണ്. അവഗണിക്കപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്യുമായിരുന്ന ബ്രസീലിനെ സുസാനയടക്കമുള്ളവരുടെ ജീവിതത്തെ മനുഷ്യ ചരിത്രത്തില്‍ സ്ഥാപിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു.

ഗോവയില്‍ സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞയുടനെ സംവിധായകനുമായി സംസാരിക്കാന്‍ അവസരം കിട്ടി. ഹ്രസ്വ അഭിമുഖത്തില്‍ നിന്ന്:

‘ദ ഫസ്റ്റ് ഫാളന്‍’ എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് പറയാമോ?

ഞാന്‍ മറ്റൊരു പ്രോജക്ടിന്റെ ഭാഗമായി പഠനങ്ങളിലും ഗവേഷണങ്ങളിലുമായിരുന്നു. അപ്പോഴാണ് ബ്രസീലില്‍ ഞാന്‍ ജീവിക്കുന്ന വിറ്റോറിയയില്‍ 1984 തുടക്കത്തില്‍ എയ്ഡ്‌സ് ബാധിച്ച് ആദ്യമായി ഒരാള്‍ മരിച്ചത് സംബന്ധിച്ച ചില രേഖകള്‍ കാണുന്നത്. ബ്രസീല്‍ സര്‍ക്കാര്‍ എയ്ഡ്‌സ് സ്ഥിരീകരിക്കുന്നത് 1986ലാണ്. അപ്പോഴേക്കും പലരും എന്റെ നാട്ടില്‍ ഈ രോഗം വന്നു മരിച്ചിരുന്നു. ഞാന്‍ ഒരു ഗേ ആണ്. അതുകൊണ്ടു തന്നെ എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റികളോട് മുഖ്യധാര എങ്ങിനെയാണ് പെരുമാറുന്നതെന്ന് എനിക്ക് നന്നായി അറിയാം. അത്തരം അനുഭവങ്ങള്‍ കൂടിയാണ് എന്നെ ഈ സിനിമയിലേക്കു നയിച്ചത്. ഇന്നും ബ്രസീലില്‍ എല്‍.ജി.ബി.ടി.ക്യുക്കാര്‍ക്ക് ഒരു പരിഗണനയുമില്ല. ചികിത്സയും മരുന്നും ലഭിക്കുന്നില്ല. അവരെ മരുന്ന് പരീക്ഷണങ്ങള്‍ക്കു പോലും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും. എയ്ഡ്‌സ് ബാധിച്ച് ഇന്നും അതിജീവിക്കുന്നവര്‍ക്കു പോലും സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിഗണനകളൊന്നും ലഭിക്കുന്നില്ല. അത്തരമൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്റെ സിനിമ സഹായിക്കും എന്നു ഞാന്‍ വിചാരിക്കുന്നു. ബ്രസീലിലെ സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിലവില്‍ ഈ വിഷയം ആരും ചര്‍ച്ച ചെയ്യുന്നില്ല. അതിനോടുള്ള പ്രതികരണം കൂടിയാണ് ‘ദ ഫസ്റ്റ് ഫാളന്‍’. ‘സ്വാഭാവിക ലൈംഗികത’ എന്നു വിളിക്കപ്പെടുന്നവരോ (ആൺ-പെൺ, Straight people) വെള്ളക്കാരോ ആണ് എയ്ഡ്സ് ഇരകളായതെങ്കില്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും കിട്ടുമായിരുന്നുവെന്ന് തോന്നുന്നു. എന്റെ രാജ്യത്ത് എയ്ഡ്സ് ബാധിച്ചു ആദ്യം മരിച്ചവര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ് ഈ സിനിമ. സിനിമയുടെ ബ്രസീലിയന്‍ പേരില്‍ ആദ്യ പോരാളികള്‍ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. Soldados എന്നാണ് ശീര്‍ഷകത്തിലുള്ളത്. അതായത് പടയാളികള്‍, പോരാളികള്‍ എന്നർത്ഥം. ആ ടൈറ്റില്‍ ഇങ്ങിനെയാണ്- Os Primeiros Soldados.

ജോണി മസാറെ സുസാനായി ദ ഫസ്റ്റ് ഫാളനില്‍ (ഫോട്ടോ: ഫെലിപ്പ് അമറിലോ)

പകര്‍ച്ച വ്യാധികള്‍ക്ക് ഇരകളാക്കപ്പെടുന്നവര്‍ നടത്തുന്ന അതിജീവന ശ്രമങ്ങള്‍, അവരുടെ സഹജീവിതവും പരസ്പരമുള്ള പിന്തുണകളും ഒരു കമ്യൂണിറ്റിയായി ജീവിക്കാനുള്ള ശ്രമവും. ഇതില്‍ നിന്നും മുഖ്യധാര മനുഷ്യജീവിത്തതിന് പലതും പഠിക്കാനില്ലേ?

ആധുനിക മനുഷ്യസംസ്‌ക്കാരം പല കാര്യങ്ങളും പഠിച്ചിട്ടുള്ളത് ഇത്തരം കമ്മ്യൂണിറ്റികളില്‍ നിന്നാണ് എന്നതാണ് വാസ്തവം. എന്നാല്‍ അതു തുറന്നു സമ്മതിക്കില്ല എന്നു മാത്രം. മനുഷ്യ സംസ്‌ക്കാരത്തിന് നിരവധി തിരുത്തുകള്‍ നല്‍കിയതില്‍, പ്രത്യേകിച്ചും സഹവാസം, പിന്തുണ, അര്‍ത്ഥപൂര്‍ണ്ണമായ സഹാനുഭൂതി എന്നിവ പ്രദാനം ചെയ്യുന്നതില്‍ തീര്‍ച്ചയായും ഈ കമ്മ്യൂണിറ്റികള്‍ക്ക് വലിയ പങ്കുണ്ട്. ദിനേന എന്നോണം മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ പരസ്പരം സഹായിക്കാനാണ് ശ്രമിക്കുന്നത്. ശപിച്ച് ഒഴിവാക്കാനല്ല. സഹായവും പിന്തുണയും ഒരാള്‍ക്ക് വേണ്ടത് എപ്പോഴാണെന്ന് അവരാണ് വാസ്തവത്തില്‍ ഈ ‘മുഖ്യധാര’യെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

താങ്കള്‍ ഇന്ത്യന്‍ സിനിമകളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്ന ഒരാളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്റെ അമ്മ സത്യജിത്ത് റായിയുടെ ആരാധികയാണ്. അതിനു കാരണം ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തിലെ (വളരെ ചെറിയ 2000 പേര്‍ വരുന്ന ഒന്നാണ് ഇവിടെയുള്ള ഇന്ത്യന്‍ സമൂഹം) ചിലരുമായി അമ്മക്കുള്ള സൗഹൃദമാണ്. അങ്ങിനെ അമ്മ കാണുന്ന പല ഇന്ത്യന്‍ ചിത്രങ്ങളും ഞാനും കാണാന്‍ തുടങ്ങി. റേയുടെ ഒട്ടു മിക്ക ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുമുണ്ട്.

ഗോവക്ക് നിങ്ങളുടെ നാടുമായി നിരവധി സാമ്യങ്ങളുണ്ട്, പ്രത്യേകിച്ചും ആര്‍ക്കിടെക്ച്ചറിന്റെ കാര്യത്തില്‍- ഇക്കാര്യം താങ്കള്‍ സിനിമ തുടങ്ങുന്നതിനു മുമ്പുള്ള ആമുഖ ഭാഷണത്തില്‍ പറഞ്ഞിരുന്നു. ഈ ആര്‍ക്കിടെക്ക്ച്ചര്‍ പോര്‍ച്ചുഗീസ് കോളനി വാഴ്ച്ചയുടെ അവശിഷ്ടമായാണ് ഇവിടെ ഇപ്പോഴും നില നില്‍ക്കുന്നത്.

ബ്രസീലിന്റെ കാര്യത്തിലും ഇതേ പോര്‍ച്ചുഗീസ് കോളനി വാഴ്ച്ചയുടെ ചരിത്രമുണ്ട്. കെട്ടിട നിര്‍മ്മിതിയിലെ സമാനതകള്‍ നാടുകള്‍ തമ്മിലുള്ള സമാനതയായി തോന്നും. കോളനിവല്‍ക്കരണം അങ്ങിനെ ഒന്നു കൂടി സാധ്യമാക്കിയിരിക്കുന്നു എന്ന് ഇന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാം. ഗോവയില്‍ വന്ന് ചില കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്ന് പടങ്ങളെടുത്ത് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ ഫിലിം ഫെസ്റ്റിവലിന് പോകാതെ ബ്രസീലില്‍ തന്നെ ചുറ്റി നടക്കുകയാണല്ലേയെന്ന് ചില സുഹൃത്തുക്കള്‍ പ്രതികരിക്കുക പോലും ചെയ്തു. സാമ്യത അത്രത്തോളമുണ്ട് എന്ന അർത്ഥം. കാലാവസ്ഥയിലുമുണ്ട് സാമ്യത.

സിനിമക്ക് ബ്രസീലിലെ എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ പിന്തുണ ലഭിച്ചിരിക്കുമെന്ന് കരുതുന്നു.

തീര്‍ച്ചയായും. അഭിനയിച്ചവരില്‍ പലരും എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയില്‍ നിന്നുള്ളവരാണ്. അത് എന്റെ ബോധപൂര്‍വ്വമായ തീരുമാനവുമായിരുന്നു. തങ്ങള്‍ക്കാകാവുന്ന എല്ലാ സഹായങ്ങളും പിന്തുണകളും അവര്‍ സിനിമക്ക് നല്‍കുകയും ചെയ്തു.

കോവിഡിനു മുമ്പ് താങ്കള്‍ ഈ സിനിമ പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്നു നോക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ സിനിമ കോവിഡിനെക്കുറിച്ചു കൂടിയാണെന്ന് തോന്നി.

അതെ. സിനിമ കോവിഡിനു മുമ്പ് പൂര്‍ത്തിയാക്കി. സത്യത്തില്‍ പീരീഡ് ഹിസ്റ്ററി സിനിമയായാണ് (ഒരു പ്രത്യേക കാലത്തിന്റെ കഥ പറയുക എന്ന അര്‍ത്ഥത്തില്‍) ചിത്രീകരണ സമയത്ത് ഈ സംരഭത്തെ സമീപിച്ചിരുന്നത്. 1983-84 കാലത്തെ ബ്രസീലിലെ എയ്ഡ്സ് രോഗികളുടെ ജീവിതം പറയുക എന്ന ഉദ്ദേശത്തോടെയാണ് തീര്‍ച്ചയായും സിനിമ നിര്‍മ്മിച്ചത്. എന്നാല്‍ കോവിഡ് വന്നപ്പോള്‍ 1983-84 കാലത്ത് എയ്ഡ്സ് രോഗികളെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്തതു പോലെ കോവിഡ് ബാധിതരായ വൃദ്ധരെ തെരുവില്‍ ഉപേക്ഷിക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്. ആ സമാനത ഞെട്ടിച്ചു കളയുന്നതായിരുന്നു. വൃദ്ധരെക്കൊണ്ട് എന്തു കാര്യം, അവര്‍ മരിച്ചു തീരട്ടെ എന്ന സമീപനം പല ഭരണകൂടങ്ങളുമെടുത്തു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അത്തരം വാര്‍ത്തകള്‍ വന്നത് വിസ്മരിക്കാതിരിക്കുക. ഈ അനുഭവം മുന്‍നിര്‍ത്തി ഞാന്‍ മുമ്പ് പറഞ്ഞ ഒരു കാര്യം, ഭൂതകാലത്തിലെ സത്യം എല്ലായ്പ്പോഴും വര്‍ത്തമാനകാലത്തിലും സമകാലത്തിലും നമുക്കൊപ്പമുണ്ടായിരിക്കുമെന്നത് ഞാന്‍ താങ്കളോടുള്ള സംസാരത്തിലും ആവര്‍ത്തിക്കുന്നു. സത്യത്തിനാണ് മരണമില്ലാത്തത്. അതു മനസ്സിലാക്കാന്‍ മനുഷ്യസംസ്‌ക്കാരത്തിന് സാധിക്കണം. എയ്ഡ്സിന്റെ തുടക്കത്തില്‍ ‘ഗേ’കളുടെ ജീവിത ശൈലിയാണ് രോഗത്തിനു കാരണമെന്ന് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇന്ന് കണക്കുകള്‍ എടുത്തു നോക്കൂ. എയ്ഡ്സ് ബാധിച്ചു മരിച്ചവരില്‍ ഭൂരിഭാഗവും Straight peopl ആണെന്ന് മനസ്സിലാക്കാന്‍ പറ്റും.

റോഡ്രിഗോ ഫസ്റ്റ് ഫാളന്‍ ചിത്രീകരണത്തിനിടെ (ഫോട്ടോ: ഫെലിപ്പ് അമറിലോ)

കോവിഡിനെക്കുറിച്ച് പ്രതികരിച്ച് കുപ്രസിദ്ധി നേടിയ ആളാണല്ലോ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ. തന്റെ കോവിഡ് സമീപനങ്ങളൊന്നും തെറ്റായിരുന്നില്ലെന്നും അദ്ദേഹം യു.എന്നില്‍ സെപ്തംബറില്‍ വാദിക്കുകയും ചെയ്തിരുന്നു. വാക്സിന്‍ എടുക്കുന്ന അവസാനത്തെ ബ്രസീലുകാരന്‍ താനായിരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.

അതെ. കോവിഡ് വാക്സിന്‍ എടുത്താൽ എയ്ഡ്സ് വരുമെന്നു വരെ പ്രസിഡന്റ് പറഞ്ഞു കളഞ്ഞു. അതു കൊണ്ടാണ് ഞാന്‍ പറയുന്നത് ഫസ്റ്റ് ഫാളന്‍ ആദ്യ എയ്ഡ്സ് ഇരകളെക്കുറിച്ചുള്ള സിനിമ മാത്രമല്ല, ഇന്നത്തെ രോഗ കാലത്തോടു കൂടിയുള്ള പ്രതികരണമായി സ്വയം പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്ന ചിത്രം കൂടിയാണെന്ന്. അത് കലക്ക് എല്ലായ്പ്പോഴും സാധ്യമാകുന്ന സമകാലികത്വമാണ്. കലക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന മാന്ത്രികത. ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ന്യൂനപക്ഷങ്ങളുടെ, ഗോത്രവര്‍ഗക്കാരുള്‍പ്പെടെയുള്ളവരുടെ ശബ്ദം ലോകം കേള്‍ക്കണം. അത് കേള്‍പ്പിക്കാന്‍ സാഹിത്യത്തിനും സിനിമക്കും കലക്കും മാത്രമേ സാധിക്കൂ. നമ്മുടെ ഔദ്യോഗിക ചരിത്രത്തിന്, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന് ഇങ്ങിനെ നിരവധിയായ തിരുത്തുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുക തന്നെ വേണം. ഫസ്റ്റ് ഫാളന്‍ അത്തരം പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഞാനിത് മറ്റൊരു വിധത്തില്‍ വേറെയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യൂറോപ്പിലുള്ളവരും അമേരിക്കക്കാരും പറഞ്ഞു സ്ഥാപിച്ച ചരിത്രം അങ്ങിനെത്തന്നെ ആവര്‍ത്തിക്കുകയല്ല മറ്റുള്ളവരുടെ ജോലി. അവര്‍ ഇതിനു മുമ്പ് കേള്‍ക്കാത്ത ശബ്ദങ്ങളിലൂടെ സഞ്ചരിച്ച് ഔദ്യോഗിക ചരിത്ര നിര്‍മ്മിതിയെ തിരുത്തണം, വെല്ലുവിളിക്കണം. നമ്മള്‍ അനുഭവിച്ച കെടുതികളും പീഡകളും പീഡനങ്ങളും സഹനങ്ങളും രേഖപ്പെടുത്താന്‍ നമ്മളല്ലാതെ മറ്റാരും വരില്ലെന്ന കാര്യവും ഓര്‍ക്കണം. അങ്ങിനെയൊരു നിലപാടില്‍ നിന്നുതന്നെയാണ് ‘ഫസ്റ്റ് ഫാള’ന്റെ പിറവി.

‘ദ ഫസ്റ്റ് ഫാളനി’ലെ അഭിനയത്തിന് ​ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നടി റെനറ്റ കാര്‍വല്‍ഹോയ്ക്ക് ലഭിച്ച പ്രത്യേക ജൂറി പുരസ്കാരം അവർക്കുവേണ്ടി സംവിധായകൻ റോഡ്രിഗോ ഡി ഒലിവേറിയ ഏറ്റുവാങ്ങുന്നു.

രോഗം ഒരു രൂപകം എന്ന നിലയില്‍ സൂസന്‍ സൊന്റാഗ് ഉപയോഗിക്കുന്നുണ്ട്. താങ്കളുടെ സിനിമ കാണുമ്പോള്‍ രൂപകത്തിനൊപ്പം മനുഷ്യചരിത്രം പഠിക്കാന്‍ മുതിരുന്നവര്‍ക്കുള്ള ഒരു രേഖ, ഡോക്കുമെന്റ് എന്ന നിലയിലാണ് രോഗങ്ങളുടെ സാമൂഹികാനുഭവങ്ങള്‍ (വ്യക്തി അനുഭവങ്ങളല്ല) മാറുന്നത് എന്ന് തോന്നി.

രണ്ടുമുണ്ട്. അതാത് സംസ്‌ക്കാരങ്ങള്‍ ഈ അനുഭവങ്ങളെ എങ്ങിനെ ഉപയോഗിക്കുമെന്നതനുസരിച്ച് അതിനു മാറ്റങ്ങളും ഉണ്ടാകാം.

കോവിഡും ലോക സിനിമയില്‍ പല തരത്തില്‍ ആവിഷ്‌ക്കരിക്കപ്പെടും എന്നുറപ്പാണ്. അതേക്കുറിച്ച് താങ്കള്‍ക്ക് എന്തു കരുതുന്നു.

അങ്ങിനെയുള്ള സിനിമകളും നമ്മെ ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തിലേക്കും തിരിച്ചും യാത്ര ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കും. നാം അനുഭവിച്ച നിരവധി രോഗ-രോഗാതുര സങ്കീര്‍ണ്ണതകളെ ആ സിനിമകള്‍ പുനഃസന്ദര്‍ശിക്കും. നാം ഇക്കാലമത്രയും അവഗണിച്ചിരുന്ന പല പ്രമേയങ്ങളും ആ സിനിമകളും പുറത്തുകൊണ്ടു വരും. കലക്കൊപ്പം നിത്യസഞ്ചാരിയായുള്ളത് സത്യമാണ്. അതൊരിക്കല്‍ കൂടി മനുഷ്യര്‍ മനസ്സിലാക്കും. നമുക്ക് കാത്തിരിക്കാം.

Also Read

10 minutes read November 28, 2021 7:03 am