Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സർക്കാർ, എയ്ഡഡ് മേഖലകളിലും ഭരണഘടന സ്ഥാപനങ്ങളിലും, കോർപ്പറേറ്റുകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രകടമായി ജാതീയത ആചരിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ജാതി സെൻസസിന്റെ പ്രധാന്യം വളരെ വലുതാണെന്ന് പറയുന്നു പ്രശസ്ത പൊളിറ്റിക്കൽ സയന്റിസ്റ്റ് പ്രൊഫ. ഗോപാൽ ഗുരു. ജാതി സെൻസസിനോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന മൗനം അംഗീകരിക്കാൻ കഴിയില്ലെന്നും ജാതി സെൻസസിലൂടെ സമൂഹത്തിൽ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കൂടാതെ സുപ്രീംകോടതിയുടെ ഉപവർഗീകരണ വിധി, ഇന്ത്യയിലെ ബഹുജൻ രാഷ്ട്രീയം, സമൂഹ്യശാസ്ത്ര പഠനത്തിന്റെ പ്രധാന്യം, ഡോ. അംബേദ്കറും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഫിലോസഫിയും, നവയാന ബുദ്ധിസം, മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നു. ജെ.എൻ.യു പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ പ്രൊഫസറും ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലിയുടെ മുൻ എഡിറ്ററും കൊളംബിയ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റികളിലെ വിസിറ്റിങ്ങ് പ്രൊഫസറുമായിരുന്നു സാമൂഹ്യശാസ്ത്ര പഠനത്തിൽ ജാതി സംവാദങ്ങൾക്ക് തുടക്കം കുറിച്ച അക്കാദമിക് പണ്ഡിതനായ ഗോപാൽ ഗുരു.
ഭരണഘടന സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിലും, മറ്റ് വൻകിട കോർപ്പറേറ്റുകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രകടമായ രീതിയിൽ ജാതി നിലനിൽക്കുമ്പോഴും ജാതി സെൻസസ് എന്നതിനോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മൗനം പാലിക്കുകയാണ്. ജാതി സെൻസസ് എന്നത് എത്രത്തോളം രാഷ്ട്രീയ-സാമൂഹ്യ പ്രധാന്യം നിറഞ്ഞതാണ്?
ജാതി സെൻസസ് നടപ്പിലാക്കിയാൽ സമൂഹത്തിൽ ഏത് ജാതിയാണ് പ്രബലമായിരിക്കുന്നത് എന്ന് നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ജാതി സെൻസസ് നടപ്പാക്കണം എന്നുള്ള വാദം നിങ്ങൾ ഉയർത്തുമ്പോൾ, നിങ്ങളൊരിക്കലും ജാതീയത അല്ല മുന്നോട്ട് വെക്കുന്നത്, യഥാർത്ഥത്തിൽ ജാതീയതയെ നേർപ്പിക്കുകയാണ് ചെയ്യുന്നത്. ജാതി സെൻസസിന്റെ ചുമതല അതാണ്. ശരിക്കും എന്തുകൊണ്ടാണ് ജാതി ഇല്ലാതെയാക്കാനുള്ള കഴിവ് സ്റ്റേറ്റിന് ഇല്ലാതെപോയത് എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ജനങ്ങൾ ചോദിക്കുന്നത്. ജാതി എന്നത് ഇൻസ്റ്റിറ്റ്യൂഷനുകളിലും ഓഫീസുകളിലുമെല്ലാം പ്രകടമായി കാണാൻ കഴിയും. നിങ്ങൾക്കൊരിക്കലും ജാതീയതയെ നേരിടാൻ സാധിക്കില്ല. പുരോഗമനവാദികളായ ചില മനുഷ്യരുണ്ട്, അവർ ഒരിക്കലും യൂണിവേഴ്സൽ സെക്യുലർ ആയിരിക്കില്ല. പക്ഷേ, അവർ ജാതിവാദികളായിരിക്കും. അത്തരം മനുഷ്യർക്ക് മറ്റ് കാര്യങ്ങളേക്കാൾ തങ്ങളുടെ ജാതിയെ കുറിച്ച് ആഴത്തിൽ അറിവുണ്ടായിരിക്കും. നിങ്ങളാരാണെന്ന ചോദ്യം ചോദിക്കുമ്പോൾ ഞാൻ ഈ ജാതിയിൽപെട്ട ആളാണെന്ന് അവർ മറുപടി പറയും. അത്തരമൊരു വിവരണം നമുക്ക് സ്വാഭാവികമായി തോന്നിയേക്കാം. ഒരു പുരോഗമന സർക്കാരാണെന്ന് പറയുമ്പോൾ അവർക്കൊരിക്കലും ജാതിയെ കൂട്ടുപിടിക്കാൻ സാധിക്കില്ല. ജാതി സെൻസസ് എടുക്കുന്നതിലൂടെ ജാതി ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിലും ജാതി അവിടെ തന്നെയുണ്ട്. അതായത് ജാതി സെൻസസ് നടപ്പാക്കിയാലും ഇല്ലെങ്കിലും ജാതി എന്നത് സമൂഹത്തിൽ എപ്പോഴും നിലനിൽക്കും. പിന്നെയെന്തുകൊണ്ട് ജാതി സെൻസസ് നടപ്പിലാക്കുന്നില്ല? കാരണം അത് സാമൂഹികമായും സാമ്പത്തികമായുമുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടത്തെ സഹായിക്കും. അതിലൂടെ ചില കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും. ചില പോളിസികൾ സമൂഹത്തിൽ നിലനിൽക്കുന്ന ജാതികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി തരംതിരിക്കാൻ കഴിയും. പക്ഷേ, സർക്കാരിന് അത് വേണ്ട.
സുപ്രീം കോടതിയുടെ ഉപവർഗീകരണ വിധിയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? നിലവിലുള്ള സംവരണ വ്യവസ്ഥയെ ക്രമേണ ഇല്ലാതാക്കുന്നതിനും ദലിത്-ആദിവാസി സമൂഹത്തിനിടയിൽ ഒരു സംഘർഷം രൂപപ്പെടാനും ഇത് കാരണമാകുമോ?
സത്യത്തിൽ ഉപവർഗീകരണമെന്നത് ഭരണകൂടത്തിന്റെ പരിമിതിയെ തുറന്നുകാട്ടുന്ന ഒരു ഉപകരണമാണ്. കാരണം ഉപവർഗ്ഗീകരണം നടത്തുമ്പോൾ അതിലേക്കുള്ള പോളിസികളും ജോലികളും നൽകാൻ ഭരണകൂടം ബാധ്യസ്ഥരാണ്. എവിടെയാണ് ജോലികളുള്ളത്? ഇതെല്ലാമൊരു മിഥ്യയാണ്. പക്ഷേ ഇപ്പോഴത് മിഥ്യയാണെന്ന് പറയുവാൻ ബുദ്ധിമുട്ടുണ്ട്. സംവരണത്തിന്റെ ഭാഗമാവാൻ കഴിയാതിരുന്ന സംവരണ വിഭാഗത്തിലെ മനുഷ്യർക്ക് ഇതൊരു പ്രത്യാശയായിരുന്നു. ഉപവർഗ്ഗീകരണത്തിലൂടെ സംവരണത്തിന്റെ ചില പ്രയോജനങ്ങൾ അവർക്ക് ലഭിക്കും. സൈദ്ധാന്തികമായി അത് നല്ലതാണ്. പക്ഷേ, എവിടെയാണ് തൊഴിൽ എന്നുള്ളതാണ് പ്രശ്നം. സാങ്കേതികമായി ഉപവർഗ്ഗീകരണം നടത്തുക അസാധ്യമാണ് എന്നതാണ് മറ്റൊരു പ്രശ്നം. ഓരോ ജാതിയിലും നിരവധി ഉപജാതികളുണ്ട്. പ്രായോഗികമായി ഇത് നടപ്പിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. എങ്ങനെയാണ് ഗവണ്മെന്റ് ഇത് ചെയ്യാൻ പോവുന്നത്? മഹാരാഷ്ട്രയിൽ തന്നെ പട്ടികജാതി വിഭാഗത്തിൽ 57ഓളം ജാതികളുണ്ട്. എങ്ങനെയാണ് നിങ്ങൾ അവർക്കെല്ലാം തൊഴിൽ കൊടുക്കാൻ പോകുന്നത്? എപ്പോഴാണ് അവരുടെ നമ്പർ എത്തുക? എവിടെയാണ് അവർക്കുള്ള തൊഴിൽ? അതുകൊണ്ട് തന്നെ ഇതൊരു മിഥ്യയാണെന്ന് പറയേണ്ടി വരും. ആ മനുഷ്യർ കരുതുന്നത് അവർക്ക് ഇതിൽ നിന്നും പ്രയോജനമുണ്ടാവുമെന്നാണ്. ഇതൊരു സാധ്യതയാണ്. അതിനെ നമ്മൾ ചോദ്യം ചെയ്യണമെന്ന് പോലുമില്ല. ഉപവർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രശ്നം ഇവിടെ തൊഴിലില്ലായെന്നുള്ളതാണ്. കൃത്യമായി നിങ്ങളുടെ പോളിസി നടപ്പിലാക്കിയില്ലെങ്കിൽ ഇത് എങ്ങനെയാണ് ജനങ്ങൾക്ക് ഉപകാരപ്രദമായി തീരുന്നത്? രണ്ടാമതായി ഒരുപാട് ഉപജാതികൾ ഇവിടെയുണ്ട് എന്നുള്ളതാണ്. ഇത്തരത്തിൽ രണ്ട് പ്രധാന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
ഇന്ത്യയിലെ ബഹുജൻ രാഷ്ട്രീയത്തെ പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? ബഹുജൻ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇവിടെയൊരു ബഹുജൻ രാഷ്ട്രീയമില്ല. ഇവിടെയൊരു പിരിമുറുക്കം നിലനിൽക്കുന്നുണ്ട്. ‘ബഹുജൻ’ എന്ന സാങ്കേതിക പദാവലി ദലിതരും ഒ.ബി.സി വിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന പിരിമുറുക്കത്തെ ഉൾക്കൊള്ളുകയാണ് ചെയ്തത്. ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ ഒന്നും തന്നെ ബഹുജൻ എന്നാൽ എന്താണെന്ന് നിർവചിക്കുന്നില്ല. ബുദ്ധിസത്തിൽ ‘ബഹുജന സുഖായ, ബഹുജന ഹിദായ’ എന്നൊരു വാക്യമുണ്ട്. അത് മനുഷ്യത്വമാണ്. ബഹുജൻ എന്നാൽ മനുഷ്യത്വമാണ്. ബഹുജൻ ഒരു അബ്സ്ട്രാക്ട് വാക്ക് ആണ്. അതൊരു രാഷ്ട്രീയ വാക്യമല്ല. ഇത് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല എന്നൊന്ന് അവരോട് പറയൂ. ബഹുജൻ എന്ന വാക്കിനെ നിങ്ങൾ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമ്പോൾ അത് ശരിക്കും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയമെന്നത് എപ്പോഴും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ളതാണ്. തുല്യരും തുല്യരല്ലാത്തവരും തമ്മിലുള്ളതാണ്. ദലിത് രാഷ്ട്രീയം അവർക്കിടയിൽ തന്നെ അസമത്വം സൃഷ്ടിച്ചിട്ടില്ലേ? ചിലയാളുകൾ മാത്രം സമ്പന്നരായി മാറി. ബഹുജൻ എന്നാൽ മനുഷ്യത്വം എന്നാണ്. ഇവരെന്താണ് പറയുന്നതെന്ന് ഇവർക്കൊന്നും ധാരണയില്ല. ദലിത് കമ്മ്യൂണിറ്റിയിലെ ചിലയാളുകൾ മാത്രം അതിസമ്പന്നരായി. അതാണോ അംബേദ്കർ രാഷ്ട്രീയം? എന്ത് ധാർമ്മിക ഉത്തരവാദിത്തമാണുള്ളത്? ബാബാസാഹേബ് അംബേദ്കറുടെ ചിത്രവും ജാതിയും ഉപയോഗിച്ച് അവർക്ക് വേണ്ടി അവർ ഭൂമിയടക്കമുള്ള കാര്യങ്ങൾ സ്വന്തമാക്കി. ജനങ്ങൾ ആ ചോദ്യം ചോദിക്കുന്നില്ല. എന്താണ് ബഹുജൻ? എന്താണ് രാഷ്ട്രീയം? അവരോട് ആ ചോദ്യം ചോദിക്കേണ്ടതുണ്ട്. ബഹുജൻ എന്നത് പലതരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ഒരു വാക്കാണ്. തീർച്ചയായും ബഹുജൻ എന്നത് മനുഷ്യത്വത്തെ സംബന്ധിച്ച ഒരു ബുദ്ധിസ്റ്റ് വാക്കാണ്. പക്ഷേ, അത് രാഷ്ട്രീയത്തിലേക്ക് ചുരുക്കുമ്പോൾ അതൊരു ഐഡിയോളജി ആയി മാറുന്നു. എന്താണ് ഐഡിയോളജി? നിങ്ങളുടെ തന്നെ സമ്പന്നതയെ ബഹുജൻ എന്ന വാക്കിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ ദലിത് രാഷ്ട്രീയം പടുത്തുയർത്തേണ്ടത് അസമത്വത്തിന്റെ കാര്യത്തിൽ ലംബമാനമായ തരത്തിലും മാർക്കറ്റിന്റെ കാര്യത്തിൽ വിശാലമായ തരത്തിലുമാണ്. ഉള്ളിലുള്ള അസമത്വത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്യാൻ പോകുന്നത്? ബഹുജൻ എന്നത് ആ ചോദ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ടോ?
ഒരു ജാതി സമൂഹത്തെ തിരിച്ചറിയാൻ, അല്ലെങ്കിൽ സമൂഹത്തിലെ അസമത്വങ്ങളെ ന്യായീകരിക്കാതിരിക്കാൻ സോഷ്യൽ സയൻസ് പഠനം എത്രത്തോളം വിദ്യാർത്ഥികളെ സഹായിക്കും?
ജാതീയത എന്നത് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു യഥാർത്ഥ പ്രശ്നമാണ്. സ്ഥല-കാല പരിധികളില്ലാതെ അത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. തലമുറകളായി ജാതീയത തുടർന്നുകൊണ്ടിരിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. സമൂഹത്തിൽ ചരിത്രപരമായ ഒരു സാന്നിധ്യം ജാതീയതയ്ക്കുണ്ട്. കേരളത്തിലും ആന്ധ്രയിലുമെന്നല്ല ഇന്ത്യയിൽ എല്ലായിടത്തും ജാതീയത നിലനിൽക്കുന്നുണ്ട്. അതായത് ജാതി എന്നത് വിവിധ പ്രദേശങ്ങൾക്കതീതമായി ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുകയാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ ജാതീയതയുണ്ട്. ജാതിയെ എങ്ങനെയാണ് നിങ്ങൾ കണ്ടെത്തുന്നത്? ആദ്യമായി ജാതി എന്നതിനെ കുറിച്ചുള്ള ഒരു വിവരണമാണ് നിങ്ങൾ നൽകേണ്ടത്. എന്താണ് ജാതി, എങ്ങനെയാണ് ഒരാൾ ജാതിവാദിയാവുന്നത്, ജാതിയുടെ പ്രകൃതം എന്താണ് എന്നിവയ്ക്കുള്ള ഉത്തരവും. ചില അന്വേഷണങ്ങളിലൂടെ ജാതിയുടെ പ്രകൃതം എന്താണെന്ന് നമുക്ക് കണ്ടെത്താനാവും. അന്വേഷണം എന്ന് പറയുമ്പോൾ സോഷ്യൽ സയൻസ് മെത്തഡോളജികളാണ് ഉദ്ദേശിക്കുന്നത്.
ഫീൽഡ് വർക്കും സോഷ്യൽ സയൻസ് മെത്തഡോളജിയുമില്ലാതെ എന്താണ് ജാതിയെന്ന് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വിവരണാത്മകമായ രീതികളാണ് ജാതിയെ കണ്ടെത്താൻ ആവശ്യം. ജാതി ആചാരിക്കുന്നതിൽ ഐക്യരൂപം എവിടെയുമില്ല. ചില സ്ഥലങ്ങളിൽ ജാതീയത വളരെ ശക്തമായി നിലനിൽക്കുന്നുണ്ടാവും, ചില സ്ഥലങ്ങളിൽ അങ്ങനെയാവണമെന്നില്ല. കേരളത്തിൽ ലക്ഷം വീട് കോളനികൾ എന്ന പേരിൽ ഗെറ്റോകൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത തരത്തിൽ ജാതി ആചരിക്കുന്ന ഒരു പ്രശ്നം നിലനിൽക്കുന്നു. ജാതി സമ്പ്രദായത്തിലെ ഇത്തരം വ്യത്യസ്തതകളെ രേഖപ്പെടുത്തുന്നതിനായി സോഷ്യോളജിക്കൽ മെത്തേഡുകളാണ് ആവശ്യം. അതുകൊണ്ടുതന്നെ സോഷ്യൽ സയൻസ് വളരെ പ്രധാനപ്പെട്ടതാണ്. എന്താണ്, എവിടെയാണ് പ്രശ്നം എന്നുള്ളതിന്റെ വ്യാഖ്യാനമാണ് സോഷ്യൽ സയൻസ്. സോഷ്യൽ സയൻസ് മെത്തഡോളജിയിലൂടെ മാത്രമേ ഇത് എല്ലായിടത്തും സംഭവിക്കുന്നുണ്ടെന്നതിന് ഉത്തരം നൽകാൻ സാധിക്കുകയുള്ളൂ എന്നതാണ് പ്രധാനം. ജാതിയുടെ യാഥാർത്ഥ്യം കണ്ടെത്താൻ സാധിക്കുന്നത് അതിന്റെ സാന്നിധ്യത്തിലും പ്രകൃതത്തിലുമാണ്. ജാതിയുടെ സാന്നിധ്യം നിങ്ങളുടെ സാമൂഹ്യ ബന്ധത്തിലും കാണാൻ സാധിക്കും. ആളുകളുടെ മനസിൽ ജാതി ചിന്ത ഇല്ലാതെ എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? മനുഷ്യർക്ക് വെള്ളം കൊടുക്കുന്നില്ല, അവർ മാറ്റിനിർത്തപ്പെടുകയാണ്. എല്ലാത്തരം വിവേചനങ്ങളും പ്രായോഗികമായി സംഭവിക്കുന്നതാണ്. നിങ്ങൾക്കത് കാണാൻ സാധിക്കും. ജാതി ആചരിക്കപ്പെടുന്നതിന്റെ സുവ്യക്തതയും മൂല്യവും എന്താണെന്ന് നിങ്ങൾ സമർത്ഥിക്കേണ്ടതുണ്ട്. ജാതിയെ നിങ്ങൾ നോക്കേണ്ടതില്ല, അതവിടെ തന്നെയുണ്ട്. പ്രാകൃതത്വത്തെ കുറിച്ചുള്ള നിങ്ങളുടെ അനുമാനമാണത്. സോഷ്യൽ സയൻസിന്റെ സഹായത്തോടെ എങ്ങനെയാണ് അത് കണ്ടെത്തുക? ജാതി ആചാരിക്കുന്നതിലെ പാറ്റേണുകൾ കണ്ടുപിടിക്കുന്നതിനുള്ള ഒരു ശാസ്ത്രം തന്നെയാണ് സാമൂഹ്യ ശാസ്ത്രം. അത് വളരെ പ്രധാനപ്പെട്ടതുമാണ്. ജാതി, സമൂഹത്തിൽ പ്രവർത്തിക്കുന്നതിലെ രീതിയും അതിന്റെ ദൃഡതയും കണ്ടെത്തുന്നതിന് സോഷ്യോളജി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അംബേദ്കർ ഫിലോസഫി അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ന് രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. എന്നാൽ ബാബാസാഹേബ് അംബേദ്കറുടെ ബുദ്ധിസവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപെട്ട പല ചിന്തകളും ചർച്ചകളിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ലേ? അംബേദ്കറുടെ ബുദ്ധിസത്തിലേക്കുള്ള മഹാപരിവർത്തനം 69 വർഷം പിന്നിടുമ്പോൾ നവയാന ബുദ്ധിസം എന്നതിന് എത്രത്തോളം പ്രധാന്യമുണ്ടെന്നാണ് താങ്കൾ കരുതുന്നത്?
പുതിയ സൃഷ്ടിപരതയുള്ള, റാഡിക്കലായ വ്യാഖ്യാനങ്ങൾ ബുദ്ധിസത്തിന് നൽകിയത് നവയാന (നിയോ) ബുദ്ധിസമാണ്. മനുഷ്യത്വരഹിതമായ എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും എതിരാണ് ബാബാസാഹേബ് അംബേദ്കറുടെ നിയോ ബുദ്ധിസം. ഒരു പ്രത്യേക മതത്തിന് മാത്രമല്ല, മനുഷ്യരെ ബഹുമാനിക്കാത്ത എല്ലാ മതങ്ങളെയും അത് ചോദ്യം ചെയ്യുന്നു. തീർച്ചയായും അത് ഹിന്ദുയിസത്തിന് എതിരാണ്. കാരണം താനൊരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന് ബാബസാഹേബ് പറഞ്ഞിട്ടുണ്ട്. മതപരിവർത്തനം എന്നത് ഹിന്ദുയിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ സത്വരമായ പ്രതികരണമായിരുന്നു. എന്തുകൊണ്ട് ക്രിസ്ത്യാനിക്കോ ഇസ്ലാമിനോ മറ്റ് മതങ്ങൾക്കോ എതിരെയായില്ല? കാരണം അദ്ദേഹം ദുരിതമനുഭവിച്ചത് ഹിന്ദുയിസത്തിൽ നിന്നുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം മതപരിവർത്തനം നടത്തി. പരിവർത്തനം നടത്തിയപ്പോഴും പഴയ ബുദ്ധിസത്തിന്റെ എല്ലാമൊന്നും അദ്ദേഹം സ്വീകരിച്ചില്ല. അദ്ദേഹം അതിനെ നവീകരിക്കുകയും, എന്താണ് സത്യം, സത്യത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്, എന്താണ് ദുരിതം, എന്തൊക്കെയാണ് അതിന്റെ കാരണങ്ങൾ, ദുരിതങ്ങളെ എങ്ങനെ മറികടക്കാം എന്നുള്ളതിൽ റാഡിക്കലായ ചില വ്യാഖ്യാനങ്ങൾ നടത്തുകയും ചെയ്തു. അതാണ് നിയോ ബുദ്ധിസം. അത് സൈക്കോളജിക്കലോ, അതീന്ദ്രിയമായതോ (Metaphysical) അല്ല. അത് പ്രായോഗികമാണ്. എങ്ങനെയാണ് ദുഃഖത്തെ (Dukha) മനുഷ്യ ജീവിതത്തിൽ നിന്നും ഇല്ലാതെയാക്കുന്നതെന്നാണ് അത് പറയുന്നത്. നിയോ ബുദ്ധിസം ഏത് രാജ്യത്തും പ്രാവർത്തികമാണ്, ശരിയല്ലേ? അത് മനുഷ്യകേന്ദ്രീകൃതമാണ്. എങ്ങനെ മറ്റ് മനുഷ്യരുമായി ഇടപെടണം എന്നുള്ള ബുദ്ധിസത്തിന്റെ നൈതികമായ ഭാഗം വളരെ ബലമുള്ളതാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമല്ല ബുദ്ധിസം. അത് മനുഷ്യനും മനുഷ്യനും തമ്മിലുള്ളതാണ്. അതാണ് അതിന്റെ മൗലിക തത്വം. നിങ്ങൾ സ്വയം മാറേണ്ടതുണ്ട്. ആ മാറ്റം നൈതികതയുള്ള ഒരു മാറ്റമായിരിക്കണം. ചിലപ്പോൾ പരിവർത്തനം നിയമപരമായി നിങ്ങളെ സഹായിച്ചേക്കാം, എന്നാൽ അടിസ്ഥാനപരമായി നമ്മൾ സ്വയം മാറുകയാണ് വേണ്ടത്.
ബാബസാഹേബ് നടത്തിയതുപോലെയൊരു മഹാപരിവർത്തനത്തിന് ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ ഇന്ന് സാധ്യതയുണ്ടോ?
അത് സാധ്യമല്ല, സത്യം പറഞ്ഞാൽ അത്തരമൊരു ചർച്ച അടിസ്ഥാനരഹിതമാണ്. അത്തരമൊരു മഹാപരിവർത്തനത്തിന് ആരാണ് തയ്യാറായിട്ടുള്ളത്? പരിവർത്തനം നടത്തിയാൽ സാംസ്കാരികവും മാനസികവുമായ പ്രഖ്യാപനമേ അത് ആകുന്നുള്ളൂ. അത് ഭൗതികതയാണ്. നിങ്ങളുടെ നൈതികതയിലും അനുബന്ധ കാര്യങ്ങളിലും മാറ്റം വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം.
ധനഞ്ജയ് കീർ രചിച്ച ‘ഡോ. അംബേദ്കർ ജീവിതവും ദർശനവും’ (Dr. Babasaheb Ambedkar: Life and Mission) എന്ന ജീവചരിത്ര പുസ്തകത്തെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിലേക്ക് വരുമ്പോൾ ബുദ്ധിസം എന്നത് ഹിന്ദുയിസത്തിന്റെ മറ്റൊരു ശാഖയാണ് എന്ന വ്യാഖ്യാനത്തിലേക്കാണല്ലോ ധനഞ്ജയ് കീർ എത്തുന്നത്?
ബുദ്ധിസത്തെ ഹിന്ദുയിസത്തിന്റെ ഭാഗമായി കാണുന്ന നിരവധി പേരുണ്ട്. എസ് രാധാകൃഷ്ണൻ, ആനന്ദ കുമാരസ്വാമി തുടങ്ങിയവരൊക്കെ അങ്ങനെയാണ് കാണുന്നത്. അങ്ങനെയും നടക്കുന്നുണ്ട്. ജീവചരിത്രകാരന് അയാളുടെ നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം തന്നെ അവരുടെ അത്തരം നിലപാട് സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും നമ്മുക്കുണ്ട്. നമ്മൾ അതിനെ ചോദ്യം ചെയ്യണം. ധനഞ്ജയ് കീറിന് സവർക്കറൈറ്റ് ആംഗിളുണ്ട്. അയാളൊരിക്കലും നൂറ് ശതമാനം അംബേദ്കറൈറ്റ് അല്ല. അതൊരിക്കലും അംബേദ്കറൈറ്റ് പൊസിഷനല്ല. നിങ്ങളതിനെ വിമർശിക്കുന്നുവെന്നത് നല്ല കാര്യമാണ്. ബുദ്ധിസം റാഡിക്കലാണ്, വ്യത്യസ്തമാണ്. അതുകൊണ്ടാണത് നിയോ ബുദ്ധിസമായത്. ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട് ഒരുപാട് പുസ്തകങ്ങൾ പുറത്തിറങ്ങുന്നുണ്ട്. വലേറിയൻ റോഡ്രിഗസ് അടക്കമുള്ളവർ എഴുതിയ മികച്ച പുസ്തകങ്ങളുമുണ്ട്.
ഇന്ന് റാഡിക്കൽ അംബേദ്കറൈറ്റ് രാഷ്ട്രീയം ഇന്ത്യയിലെ പ്രധാനപെട്ട യൂണിവേഴ്സിറ്റികളിലടക്കം എല്ലാ ക്യാമ്പസുകളിലും വലിയ രീതിയിൽ ഉയർന്നുവരുന്നുണ്ട്. അതേസമയം അദ്ദേഹത്തെ അവഹേളിക്കുന്നതും ആധുനിക ഇന്ത്യയിലെ മറ്റൊരു കാഴ്ചയാണ്. എന്തുകൊണ്ടാണ് ബാബസാഹേബ് അംബേദ്കറെ സമൂഹത്തിലെ ഒരു വിഭാഗം ആളുകളും രാഷ്ട്രീയക്കാരും വെറുക്കുന്നത്?
ആളുകൾ ബാബസാഹേബ് അംബേദ്കറെ വെറുക്കുന്നതിന് പ്രധാന കാരണം അദ്ദേഹം ജാതിക്കെതിരെ സംസാരിച്ചു എന്നുള്ളതാണ്. ഒരു ജാതിവാദി ആവുന്നതിലൂടെ അസ്പൃശ്യരായവർക്കും താഴ്ന്ന ജാതിയിലുള്ളവർക്കും ഒന്നും തന്നെ ലഭിക്കുന്നില്ല. അവർക്ക് ജാതീയതയിൽ നിന്നും, തൊട്ടുകൂടായ്മയിൽ നിന്നും സ്വതന്ത്രരാവുകയാണ് വേണ്ടത്, ജാതിവാദി ആവുന്നതിനെ അവർ അപലപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരാണവർ? താഴ്ന്ന ജാതിക്കാർ എന്നുള്ള രീതിയിലാണ് മറ്റുള്ളവർ അവരെ കണ്ടിരുന്നത്. നിങ്ങൾക്ക് ജാതീയത ആവശ്യമില്ലെന്നുള്ള ചോദ്യം ഉയർത്തുന്ന സമയം മുതൽ ജാതീയതയുടെ എല്ലാ ഗുണങ്ങളും അനുഭവിച്ചിട്ടുള്ളവർ ബാബാസാഹേബ് അംബേദ്കറെ എതിർക്കാൻ തുടങ്ങുന്നു. ജാതിയെ കുറിച്ചും അതിനെ നിർമ്മൂലനം ചെയ്യുന്നതുമായും ബന്ധപ്പെട്ട ചോദ്യങ്ങൾ ഭരണഘടനാപരമായും ഭരണകൂടത്തെ ഉപയോഗിച്ചും വിവിധ പോളിസികളാലും ഡോ. അംബേദ്കർ ഉയർത്തി.
ജാതീയതയിൽ താല്പര്യമുള്ള ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഡോ. അംബേദ്കറെ താഴ്ത്തികെട്ടാനാണ് അവർ ശ്രമിച്ചത്. അദ്ദേഹത്തിന്റെ തേജസ് കളങ്കപ്പെടുത്താനാണ് പലവഴികളിലൂടെയും അവർ ശ്രമിച്ചത്. അത് തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി. ശരിക്കും പറഞ്ഞാൽ ഡോ. അംബേദ്കറെ പല രീതിയിൽ ആക്രമിക്കുക എന്നത് അംബേദ്കറുടെ ശക്തിയെയും ആക്രമിക്കുന്നവരുടെ ദൗർബല്യത്തെയുമാണ് വെളിപ്പെടുത്തുന്നത്. ശരിയല്ലേ? ഒരു സിമ്പോളിക് ആയ ഫിലോസഫിക്കൽ വ്യക്തിത്വത്തെ ചില ആളുകൾ ആക്രമിക്കുമ്പോൾ അവരുടെ അരക്ഷിതാവസ്ഥയാണ് അവിടെ കാണാൻ കഴിയുന്നത്. അവർക്കതിൽ ഉത്കണ്ഠയുമുണ്ട്. അവർ വളരെയധികം പേടിക്കുന്നുണ്ട്, അതുകൊണ്ടുതന്നെയാണ് അവർക്ക് ബാബാസാഹേബ് അംബേദ്കറെ ഇഷ്ടമല്ലാത്തത്.
ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലിയിലെ താങ്കളുടെ എഡിറ്റോറിയൽ കാലത്തെ എങ്ങനെ ഓർക്കുന്നു?
ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലിയുടെ ഗൗരവ സ്വഭാവം അതേപടി നിലനിർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രം, തിയറി, പൊളിറ്റിക്സ്, പോളിസികൾ തുടങ്ങിയ മേഖലകളിൽ പ്രസക്തമായ ലേഖനങ്ങൾ ആ സമയത്ത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.
ഇന്ത്യൻ മീഡിയകൾ വലിയ രീതിയിലുള്ള ഭരണകൂട സെൻസർഷിപ്പിന് വിധേയമായികൊണ്ടിരിക്കുന്ന കാലം കൂടിയാണ് ഇത്. ടെലഗ്രാഫ് പത്രത്തിൽ നിന്നും ആർ രാജഗോപാലിനെ മറ്റൊരു പൊസിഷനിലേക്ക് മാറ്റിയത്, ഔട്ട്ലുക്ക് മാഗസിനിൽ നിന്നും റൂബൻ ബാനർജിയുടെ പുറത്താക്കൽ, പ്രബീർ പുർകായസ്ഥക്കെതിരായ ഭരണകൂടവേട്ട തുടങ്ങിയവയെല്ലാം ഇന്ത്യൻ ജേണലിസവുമായി ബന്ധപ്പെട്ട് വലിയ ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. എഡിറ്റർമാരില്ലാത്ത അല്ലെങ്കിൽ എഡിറ്റർമാരുടെ ഇടപെടലുകൾ ഭരണകൂടം അദൃശ്യമായി നിയന്ത്രിക്കുന്ന കാലത്തെ ജേണലിസത്തെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്?
ഭയമില്ലാതെയും വിധേയത്വപ്പെടാതെയും അധികാര കേന്ദ്രങ്ങളോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നതാണ് മാധ്യമ പ്രവർത്തനം. സത്യത്തിന്റെ കൂടെയാണ് മാധ്യമപ്രവർത്തനം നിൽക്കുന്നത്. എന്നാൽ ഇന്നത്തെ മാധ്യമങ്ങൾ വെറും പ്രദർശനം മാത്രമേയുള്ളൂ. അവർ ഒരു നിലപാടെടുക്കുന്നില്ല. എന്താണ് നടക്കുന്നതെന്ന് നിഷ്പക്ഷമായി അവർ കാണിക്കുന്നുവെന്ന് മാത്രം. പക്ഷേ, അതും ഇല്ലാതെയായി. മുഖ്യധാര മാധ്യമങ്ങൾ അതും ചെയ്യുന്നില്ല. തെറ്റായ കാര്യങ്ങൾ വെറുതെ പ്രദർശിപ്പിക്കുന്നുവെന്ന് മാത്രം. ഗവണ്മെന്റിന്റെയും ശക്തരായ വ്യക്തികളുടെയും പ്രതിച്ഛായ മാത്രമാണ് അവർ സംരക്ഷിക്കുന്നത്. ഗവണ്മെന്റ് എന്നാൽ ഡൽഹി കേന്ദ്രീകൃതമായ ഒന്നല്ല. ഗവണ്മെന്റ് എല്ലായിടത്തുമുണ്ട്. ഒരു ലോക്കൽ ദാദ എവിടെയെങ്കിലുമുണ്ടെങ്കിൽ നിങ്ങൾക്ക് അയാൾക്കെതിരെ എഴുതാൻ സാധിക്കില്ല. ജേണലിസവുമായി ബന്ധപ്പെട്ട ധാർമ്മിക പ്രശ്നമാണിത്. അവരെന്താണ് അങ്ങനെ? ഗോദി മീഡിയ എന്ന് വിളിക്കപ്പെടുന്നവർ അവരുടെ ആത്മാവിനെ നഷ്ടപ്പെടുത്തി. ജനങ്ങൾ എന്തിന് ഇവരെ വിശ്വസിക്കണം? അതുകൊണ്ട് തന്നെ നമ്മുക്ക് സമാന്തരമായ ജേണലിസം ആവശ്യമാണ്. ഏറ്റവും ചുരുങ്ങിയത്, ലിബറലിസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? പക്ഷം ചേരാതെ കാര്യങ്ങളെ നമ്മൾ സബ്ജക്റ്റീവായി അവതരിപ്പിക്കുന്നു. അതുപോലും നടക്കുന്നില്ല. ജേണലിസത്തെ സംബന്ധിച്ച് അത് വളരെ മോശമാണ്. ഇതാണ് ആ ധാർമ്മിക പ്രശ്നം. എത്രകാലം അധികാരത്തോട് സന്ധി ചെയ്തുകൊണ്ട് ഇവർക്ക് മുന്നോട്ട് പോകാൻ കഴിയും? നിങ്ങളൊക്കെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ജേണലിസത്തെ ജനങ്ങൾ ഗൗരവമായി എടുക്കേണ്ടതിനെ പറ്റിയാവണം ചോദ്യങ്ങൾ. ഇവർക്കൊക്കെ ഇവരുടേതായ ജേണലിസമുണ്ടാവാം, അവരോട് ചേർന്ന് നിൽക്കുക എന്നതാണ് അവരുടെ രാഷ്ട്രീയം. ഇതാണ് രാഷ്ട്രീയമെന്നും, എന്ത് അർത്ഥത്തിൽ ഇത് നിങ്ങളെ സഹായിക്കുമെന്നും, എന്തുകൊണ്ട് ഇത് കാണണമെന്നും നിങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. ശരിയല്ലേ?