കലോത്സവ വേദികളിലെ ​ഗോത്രകലകളിൽ ആദിവാസി വിദ്യാർത്ഥികളെ പരാജയപ്പെടുത്തുന്നതാര്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷം മുതൽ ഗോത്രകലകൾ ഉൾപ്പെടുത്തിയ തീരുമാനത്തെ ആവേശത്തോടെയാണ് മാധ്യമങ്ങളും സമൂഹവും സ്വീകരിച്ചത്. കേരളത്തിന്റെ പൊതു സാംസ്കാരിക മണ്ഡലത്തിൽ വേണ്ടത്ര ദൃശ്യത കിട്ടാതെ പോയ കലാരൂപങ്ങളാണ് ഗോത്രകലകൾ. പലപ്പോഴും തനത് ഗോത്രകലകളുടെ വികലമായ അനുകരണം അത്തരം കലകളോട് ചെയ്യുന്ന അനീതിയായി മാറുകയും ചെയ്യാറുണ്ട്. കിർത്താഡ്സ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച് സ്കൂൾ കലോത്സവ മാനുവൽ സർക്കാർ പരിഷ്കരിച്ചത്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി/വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം പാട്ടം എന്നീ അഞ്ച് ഗോത്രകലകളാണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയത്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരം. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാസർകോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ മംഗലംകളി പ്രദർശന ഇനമായി അവതരിപ്പിച്ചിരുന്നു. വലിയ സ്വീകാര്യതയാണ് മംഗലംകളിക്ക് അന്ന് കിട്ടിയത്. തുടർന്ന് അഞ്ച് ഗോത്രകലകൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഇത് പരിശീലിപ്പിക്കുന്നവരും, അവതരിപ്പിക്കുന്ന മറ്റ് കുട്ടികളും, വിധി നിർണ്ണയിക്കുന്ന ജഡ്ജസും പ്രസ്തുത കലാരൂപത്തോട് നീതിപുലർത്തിയാണോ അവരവുടെ കടമകൾ ചെയ്യുന്നത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

മാവിലൻ, മലവേട്ടുവൻ സമുദായത്തിന്റെ തനത് കലാരൂപമാണ് മംഗലംകളി. കല്ല്യാണത്തിന്റെ ഭാഗമായി കളിക്കുന്ന കലാരൂപം കൂടിയാണ് ഇത്. തുടിയാണ് ഇതിൽ വാദ്യോപകരണമായി ഉപയോഗിക്കുന്നത്. തുളുവിലും മലയാളത്തിലുമുള്ള പാട്ടുകളായിരിക്കും മംഗലംകളിയിൽ ഉണ്ടാവുക. പണിയർ ഗോത്രത്തിലെ പുരുഷന്മാർ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കമ്പകളി-വട്ടക്കളി. കരു, പറ, ഉടുക്ക് തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. അതേസമയം നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണ് ഇരുളനൃത്തം. തുകലുകൊണ്ടും മുളകൊണ്ടും നിർമ്മിച്ച വാദ്യങ്ങളാണ് ഇരുളനൃത്തത്തിൽ ഉപയോഗിക്കുന്നത്. തമിഴ്, കന്നട, മലയാളം എന്നിവ കലർന്ന ഭാഷയാണ് ഇരുളനൃത്തത്തിന്റെ പാട്ടുകളിൽ ഉള്ളത്. പളിയ ആദിവാസി ഗോത്രത്തിന്റെ പാരമ്പര്യ നൃത്തമാണ് പളിയ നൃത്തം. രോഗശമനം, മഴ എന്നിവയ്ക്ക് വേണ്ടിയാണ് പളിയ നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീപുരുഷന്മാർ ഇടകലർന്ന് അവതരിപ്പിക്കുന്ന മലപ്പുലയ ഗോത്രവിഭാഗത്തിന്റെ നൃത്തരൂപമാണ് മലപ്പുലയരുടെ ആട്ടം.

മംഗലംകളി, കടപ്പാട്:deshabhimani

പണിയ നൃത്തവും ഇരുള നൃത്തവും അവതരിപ്പിച്ച, വയനാട്ടിൽ നിന്നും അട്ടപ്പാടിയിൽ നിന്നുമുള്ള ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന തിരുവനന്തപുരം മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഉപജില്ലാ കലോത്സവത്തിൽ സംഭവിച്ച തോൽവി വലിയ ചർച്ചയായിരുന്നു. തനത് ഗോത്രകലകൾ അഭ്യസിച്ചുവന്ന കുട്ടികൾ കലോത്സവത്തിന് വേണ്ടി മാത്രം പ്രത്യേക പരിശീലനത്തിലൂടെ ഈ കല അഭ്യസിച്ച മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികളോട് തോറ്റ് പോയത് ‘സ്പോർട്സ്മാൻ സ്പിരിറ്റിന്റെ’ പേരിൽ എടുക്കാൻ കഴിയുന്ന കാര്യമല്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ആരാണ് ഈ കുട്ടികളെ തോൽപ്പിച്ചുകളഞ്ഞത്? ഗോത്രകലകൾക്ക് വിധിപറയുന്നവരുടെ യോഗ്യതയെന്താണ്? ഒന്നാം സ്ഥാനം നേടിയ ടീമുകളെല്ലാം തന്നെ തനതായ ഗോത്രകലകൾ തന്നെയാണോ അവതരിപ്പിക്കുന്നത്? ആരാണ് ഇവരെ പരിശീലിപ്പിക്കുന്നത്? സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോത്രകലകളുടെ നീതിപൂർവ്വമായ വിധിനിർണയം സാധ്യമാവുമോ? ഇത്തരത്തിൽ നിരവധി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ അവശേഷിക്കുന്നത്.

കുട്ടികളെ തോൽപ്പിക്കുന്ന വിധികർത്താക്കൾ

വിധി കർത്താക്കളുടെ മുൻവിധികൊണ്ടും അറിവില്ലായ്മ കൊണ്ടും ഗോത്രകലകളിൽ തെറ്റായ വിധികൾ ഉണ്ടാവുന്നുണ്ടെന്ന് വിവിധ ഉപജില്ലാ കലോത്സവങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ ആരോപണങ്ങൾ ഉയരുന്നുണ്ട്. പ്രസ്തുത കലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ വിധികർത്താക്കളായി കലോത്സവ വേദികളിലെത്തുമ്പോൾ, പാരമ്പര്യമായി ഗോത്രകലകൾ അഭ്യസിക്കുന്ന, വയനാട് നിന്നും അട്ടപ്പാടിയിൽ നിന്നുമെത്തി മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന ആദിവാസി വിദ്യാർത്ഥികളാണ് പുറന്തള്ളപ്പെട്ടുപോകുന്നത്.

കമ്പളനാട്ടി, കടപ്പാട്: FB

“വയനാട്ടിൽ നിന്നും അട്ടപ്പാടിയിൽ നിന്നും തിരുവനന്തപുരത്തെ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താമസിച്ച് പഠിക്കുന്ന ഗോത്ര സമൂഹത്തിലെ കുട്ടികളാണ്. സ്വന്തം കലകൾ നല്ലവണ്ണം പരിശീലിച്ചും വീടുകളിൽ വിളിച്ച് പറഞ്ഞ് വാദ്യോപകരണങ്ങളും ആടയാഭരണങ്ങളും എത്തിച്ചും അവർ മത്സരങ്ങൾക്ക് സ്വയം സജ്ജരായി. വയനാടിൻ്റെ പണിയ നൃത്തം അവതരിപ്പിച്ചത് മൂന്ന് ടീമുകൾ. നഗരത്തിലെ സ്കൂളിൽ നിന്നും വരുന്ന അർബൻ കുട്ടികളുടെ രണ്ട് ടീമുകൾക്കൊപ്പം ഇവരും മത്സരിച്ചു. ഇവരുടെ മാതൃഭാഷയായ പണിയഭാഷയിൽ അവർ ലയിച്ചു പാടി, ഊരിൽ കളിക്കുന്ന തനത് വേഷവും ചമയവുമായി തനതായ നൃത്ത ചുവടുകളോടെ അവരറിഞ്ഞാടി. മത്സരം കഴിഞ്ഞ് ജഡ്ജിലൊരാൾ നീട്ടി വിശദീകരിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. വയനാട്ടിലെ ഗോത്ര സമൂഹത്തിൽ നിന്നും വന്ന് പണിയ നൃത്തം കളിച്ച ഈ കുട്ടികൾ പിന്നിലായി വിചിത്രവും വിവരക്കേടും നിറഞ്ഞ പരിഹാസ്യ കാരണങ്ങളാണ് അതിനേക്കാൾ സങ്കടം. ഒന്നാം സ്ഥാനക്കാർ കാലിൽ മൈലാഞ്ചി അണിഞ്ഞത്രേ! പിന്നെ ഈ കുട്ടികൾ നിറയെ ചിരിച്ചു ചിരിച്ചു കളിച്ചില്ലത്രേ! ആരാണ് പണിയരെന്നോ എന്താണാ മനുഷ്യരുടെ അടിമ ജീവിത ചരിത്രമെന്നോ അതിജീവനത്തിൻ്റെ ഏതവസ്ഥയിലാണവർ വട്ടക്കളിയും കമ്പളനാട്ടിയും കളിച്ചിരുന്നതെന്നോ ലാസ്യവും ഹാസ്യവും എവിടെയെപ്പോളാണ് വേണ്ടതെന്നോ മിനിമം ധാരണയില്ലാത്ത, ലവലേശം ചരിത്രബോധമില്ലാത്ത ജഡ്ജിമാർക്ക് മുമ്പിൽ ഞങ്ങളും കുട്ടികളും തോറ്റുപോയി. കുട്ടികൾ പൊട്ടിക്കരഞ്ഞുപോയി! പിന്നാലെ വന്ന അട്ടപ്പാടിയുടെ ഇരുളനൃത്തത്തിൽ ഞങ്ങളുടെ കുട്ടികളടക്കം രണ്ട് ടീമുകൾ മാത്രം. അട്ടപ്പാടിയിലെ ഇരുള സമൂഹത്തിലെ തന്നെ കുട്ടികൾ വളരെ സ്വാഭാവികതയോടെ ആസ്വദിച്ച് കൊട്ടിപ്പാടി കളിച്ചു. കാണികൾ നിറഞ്ഞ് കയ്യടിച്ചു. രണ്ടാമത്തെ ടീമിലെ അർബൻ കുട്ടികൾക്ക് വഴങ്ങാത്ത ഇരുള ഭാഷയിൽ പാടാൻ അവർ തപ്പിത്തടഞ്ഞു. അതവരുടെ കുറ്റമല്ല; അന്യഭാഷയാണല്ലോ ആദ്യമായി പാടുന്നത്! പക്ഷേ നിറവിന്യാസങ്ങളും പുതുവസ്ത്രങ്ങളും കണ്ട് അവർക്ക് തന്നെ നൽകപ്പെട്ടു വീണ്ടും ഒന്നാം സ്ഥാനം. വേഷഭൂഷാദികളുടെ മിനുമിനുപ്പിലോ മത്സരത്തിനായി ചമയ്ക്കുന്ന ചിരികളിലോ അല്ല; മറിച്ച് തനത് ഭാഷയിൽ വായ്മൊഴിയായി തുടരുന്ന പാട്ടുകളിലും അകമ്പടിയായുള്ള ആദിതാളങ്ങളിലും ഇടവിട്ടുയരുന്ന വായ്ത്താരികളിലും ക്രമാനുഗതമായി ചലിക്കുന്ന ശരീര ചലനങ്ങളിലുമാണ് ഗോത്രനൃത്തങ്ങളുടെ ജീവനിരിക്കുന്നതെന്ന് ആരോട് പറയും! പൊതുസമൂഹത്തിലെ എല്ലാ കുട്ടികളും ഇന്നലെ വരെ അവരാരും അറിയാത്ത ഈ ഗോത്രകലകളും പാരമ്പര്യവും അറിയണം, പഠിക്കണം, അവതരിപ്പിക്കണം. പക്ഷേ തെറ്റ് പഠിച്ചും പാടിയും പുതു വസ്ത്രങ്ങളും വർണങ്ങളും അലങ്കാരങ്ങളും കൊണ്ടതിനെ മൂടിയും അതിന് ഒന്നാം സമ്മാനം നല്കിയും ആ കുട്ടികളെയും ഈ സവിശേഷ കലകളെയും അപമാനിക്കരുതെന്ന് മാത്രം. പണക്കൊഴുപ്പിൻ്റെ കലോത്സവ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കാൻ പാങ്ങില്ലാത്ത പാവം കുട്ടികൾക്ക് കൈവന്ന വലിയ അവസരങ്ങളും ഹൈജാക്ക് ചെയ്യപ്പെടുന്നു. നിരാശയുടെ പടുകുഴിയിലായിട്ടും കുട്ടികളുടെ സങ്കടം കണ്ട് അപ്പീൽ നല്കി ഞങ്ങൾ തിരിച്ചുപോന്നു.”

പട്ടികവർഗ്ഗ വികസന ഡിപ്പാർട്ട്മെന്റിലെ സീനിയർ സൂപ്രണ്ട് ആയ ഷിനു സുകുമാരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങളാണ് ഇത്. കാലിലെ മൈലാഞ്ചിയും, വേഷങ്ങളിലെ തിളക്കവും വെച്ച് ഒന്നാം സ്ഥാനക്കാരെ വിധികർത്താക്കൾ തിരഞ്ഞെടുക്കുമ്പോൾ കല എന്ന മാനദണ്ഡമാണ് അവിടെ ഇല്ലാതെയാവുന്നത്. പാരമ്പര്യ കലയെ അറിയുന്ന ഒരാൾ പോലും വിധികർത്താക്കളായി വരാത്തത് എന്തുകൊണ്ടാണ് എന്നുള്ള വലിയ ചോദ്യമാണ് ഷിനു സുകുമാരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. പൊതുസമൂഹത്തിലെ എല്ലാ കുട്ടികളും ഗോത്രകലകൾ അറിയേണ്ടതും പഠിക്കേണ്ടതുമുണ്ട്. പക്ഷേ അതിനെ തെറ്റായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നതിലൂടെ, അത്തരം അവതരണത്തിന് സ്കൂൾ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനം കൊടുക്കുന്നതിലൂടെയും ഗോത്രകലകളെ അപമാനിക്കരുത് എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.

പളിയ നൃത്തം. കടപ്പാട്:itfok

തനത് ഗോത്രകലാരൂപങ്ങളിൽ വലിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് കലോത്സവങ്ങളിൽ അവതരിപ്പിക്കുന്നത് എന്നാണ് ആദിവാസി ട്രാൻസ് വുമണും, കമ്പളനാട്ടി കലാകാരിയുമായ പ്രകൃതി പറയുന്നത്. “വിധികർത്താക്കളായി സംഘാടകർ ഇൻവൈറ്റ് ചെയ്യുന്നത് ആ കലയെ കുറിച്ച് ഒന്നുമറിയാത്തവരെയാണ്. കലയെ കുറിച്ച് ഒരു പാരഗ്രാഫിലുള്ള സെന്റൻസ് പഠിച്ചുവെച്ചിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ ജില്ലാ കലോത്സവങ്ങളിൽ പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. ജഡ്ജിങ്ങ് പാനലിലേക്ക് കലയെ കുറിച്ച് അറിയാവുന്ന അതാത് കലാകാരന്മാരെ കൊണ്ടുവരണം. തനത് കലാരൂപങ്ങൾ മോഡിഫൈ ചെയ്യുന്നതിന് പകരം, തനതായി തന്നെ അവതരിപ്പിക്കുന്ന ടീമുകൾക്ക് ഒന്നാം സ്ഥാനം കൊടുക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത്. നാടൻപാട്ട് ഷോ, സ്റ്റേജ് ഷോ ഒക്കെ ആണെങ്കിൽ പ്രശ്നമില്ല. ഒരു മത്സരയിനമാവുമ്പോൾ അങ്ങനെയല്ല. ഗോത്രകലകളിൽ മോഡിഫിക്കേഷൻ പാടില്ല എന്നുള്ളത് കലോത്സവ മാനുവലിലുണ്ട്. കമ്പളനാട്ടി തന്നെ ‘ലേലേ…’ എന്നുതുടങ്ങുന്ന പാട്ടിലാണ് എല്ലാവരും ചെയ്യുന്നത്. പക്ഷേ കമ്പളനാട്ടിയുടെ പാട്ട് അതല്ല! അതിൽ ചെയ്യുന്ന ആദ്യ സ്റ്റെപ്പ് അങ്ങനെയൊന്നുമല്ല. ഇപ്പോൾ അങ്ങനെയത് കൊണ്ടുവരുന്നതാണ്. ഇതാണ് കമ്പളനാട്ടി എന്ന് പറഞ്ഞ് പരിശീലിപ്പിക്കുന്നവരുടെ കൂടി പ്രശ്നമാണ്. നമ്മൾ ഇതിനെ ചോദ്യം ചെയ്താൽ എല്ലാവരും നമ്മുടെ നേരെ വരും.” പ്രകൃതി കേരളീയത്തോട് പറഞ്ഞു.

പ്രകൃതി

കൂടാതെ താൻ പഠിപ്പിക്കുന്ന സ്കൂളിൽ ഇത്തരം പാട്ട് ഉപയോഗിച്ചുകൊണ്ടല്ല കമ്പളനാട്ടി പരിശീലിപ്പിക്കുന്നതെന്നും അതിന് തനതായ വായ്ത്താരികളുണ്ടെന്നും പ്രകൃതി പറയുന്നു. മാത്രമല്ല ഈ വിഷയത്തെ പറ്റി പരിശീലകരോട് സംസാരിച്ചാൽ ഇത് മത്സരമായതുകൊണ്ട് തന്നെ കുറച്ച് മാറ്റങ്ങളൊക്കെയാവാം എന്ന നിലപാടിലാണ് അവരെന്നും പ്രകൃതി കൂട്ടിചേർക്കുന്നു. യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളിൽ ഇതാണ് തനതായ കമ്പളനാട്ടി എന്ന പേരിൽ നിരവധി വീഡിയോകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ടെന്നും പ്രകൃതി ചൂണ്ടികാണിക്കുന്നു.

വിധി നിർണ്ണയരീതി മാറണം

മാവിലൻ സമുദായത്തിന്റെയും മലവേട്ടുവൻ സമുദായത്തിന്റെയും ഗോത്ര കലാരൂപമാണ് മംഗലംകളി. കല്യാണപന്തലുകളിലാണ് മംഗലംകളി അരങ്ങേറുന്നത്. നൃത്തസംഘത്തിൽ മുപ്പതോളം ആളുകളാണ് ഉണ്ടാവുക. പുരുഷന്മാരാണ് തുടിയടക്കമുള്ള വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്. രാത്രി തുടങ്ങി പുലർച്ചവരെ മംഗലംകളി നീളും. കലോത്സവത്തിലേക്ക് വരുമ്പോൾ മാവിലൻ സമുദായക്കാരുടെയും മലവേട്ടുവൻ സമുദായക്കാരുടെയും മംഗലംകളിയെ യോജിപ്പിച്ചാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് എഴുത്തുകാരിയും ​ഗവേഷകയും മാവിലൻ സമുദായാംഗവുമായ ധന്യ വേങ്ങച്ചേരി പറയുന്നത്. കൂടാതെ പൊതുകലകളെ ജഡ്ജ് ചെയ്യുന്ന രീതിയിൽ ഗോത്രകലകളെ ജഡ്ജ് ചെയ്യരുതെന്നും ധന്യ വേങ്ങച്ചേരി ചൂണ്ടിക്കാണിക്കുന്നു.

ധന്യ വേങ്ങച്ചേരി

“മാവിലൻ കമ്മ്യൂണിറ്റിക്കും മലവേട്ടുവ കമ്മ്യൂണിറ്റിക്കും മംഗലംകളിയാണുള്ളത്. രണ്ടും രണ്ട് തരത്തിൽ തന്നെയാണുള്ളത്. പക്ഷേ മാവിലൻ മംഗലംകളിയും മലവേട്ടുവൻ മംഗലംകളിയും ക്ലബ് ചെയ്താണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ഭാഗം ഒരു കമ്മ്യൂണിറ്റിയിൽ നിന്നും കുറച്ച് ഭാഗം മറ്റൊരു കമ്മ്യൂണിറ്റിയിൽ നിന്നും ചേർത്തിട്ടുള്ള അവതരണമാണ് ഉള്ളത്. പാരമ്പര്യമായിട്ട് പറയുന്ന തനത് കല, വാദ്യം അതുപോലെ തന്നെ ചുവടുകൾ, പാട്ടുകൾ എല്ലാം തനതായ രീതിയിൽ വേണം എന്നുള്ളതാണ് പൊതുനിബന്ധനയായി ഉൾപ്പെടുത്തിയിട്ടുള്ളത്. പലപ്പോഴും പല സ്കൂളുകളും എങ്ങനെയാണ് ഒരു കലയെ കാണേണ്ടത് എന്നുള്ളത് പ്രധാനമാണ്. നമ്മളീ തനത് എന്ന് പറയുമ്പോഴും ശരിയായ രീതിയിലല്ല അവ വേദിയിൽ അവതരിപ്പിക്കുന്നത്. പലപ്പോഴും യൂട്യൂബ് വീഡിയോസ് ഒക്കെയാണ് റഫറൻസ് ആയി ഉപയോഗിക്കുന്നത്. മംഗലംകളിയെ കുറിച്ച് പറയുകയാണെങ്കിൽ നല്ല രീതിയിലും ചെയ്യുന്ന ടീമുകളുണ്ട്. പക്ഷേ മോശമായ രീതിയിലാണ് കൂടുതലും പെർഫോം ചെയ്യുന്നത്. ഞാനൊരു തവണ മംഗലംകളിയുടെയും ഗോത്രകലകളുടെയും ജഡജ്മെന്റിന് പോയിരുന്നു. ഗോത്രകലകളിൽ അതത് പ്രാവീണ്യമുള്ളവരാണോ അവതരിപ്പിക്കുന്നത് എന്നുള്ള വിഷയമൊക്കെ ഉണ്ടായല്ലോ. ഭൂരിഭാഗം ആളുകളും പറയുന്നത് ഇത്തരം കലകളിൽ പ്രാവീണ്യമുള്ള ആളുകൾ തന്നെ ജഡ്ജസ് ആയി വരണമെന്നുള്ളതാണ്. കൊട്ടായാലും പാട്ടായാലും ഇരുള നൃത്തമായാലും പണിയ നൃത്തമായാലും അതിനെ ജഡ്ജ് ചെയ്യാൻ യോഗ്യരായവർ അതത് കമ്മ്യൂണിറ്റിയിൽപ്പെട്ടവർ അല്ലെങ്കിൽ പ്രസ്തുത കല അറിയുന്ന ആളുകൾ തന്നെയാണ്. പൊതുകലകളെ ജഡജ് ചെയ്യുന്ന ഒരു ലാഘവത്തോടെ ഗോത്രകലകൾക്ക് വിധി നിർണ്ണയിക്കരുത്.” ധന്യ വേങ്ങച്ചേരി കേരളീയത്തോട് പറഞ്ഞു.

തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന നവമാധ്യമങ്ങൾ

യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ എങ്ങനെയാണ് ചിലയാളുകൾ ഗോത്രകലകളെ തെറ്റായ രീതിയിൽ പൊതുമധ്യത്തിൽ പ്രചരിപ്പിക്കുന്നതെന്നും തനത് കലകളെ ഇത് ഏതുരീതിയിലാണ് ബാധിക്കുന്നതെന്നും ധന്യ വേങ്ങച്ചേരി വിശദമാക്കുന്നു. “ഏന്തെങ്കിലും കാണിച്ച് സബ്ജില്ല കഴിഞ്ഞ് ജില്ലയിലെത്തിയാൽ മതിയെന്ന മനോഭാവമാണ് എല്ലാവർക്കും. ഇന്ന് ഞാനൊരു വീഡിയോ കണ്ടിരുന്നു. കുസാറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിന്റെയോ മറ്റോ ആണ്. അതിപ്പോൾ ട്രെൻഡിംഗ് ആണ്. അപ്പോൾ കുട്ടികളെല്ലാം ആ ട്രെൻഡ് പിടിച്ച് ആ വീഡിയോ ഫോളോ ചെയ്ത് ഇതാണ് കാസർഗോഡിന്റെ തനതായ മംഗലംകളി എന്നാണ് പറയുന്നത്. പക്ഷേ അതിൽ പാട്ട് മാത്രമേയുള്ളൂ, സ്റ്റെപ്പുകളോ മറ്റോ തനതായ രീതിയിലല്ല അവതരിപ്പിക്കപ്പെടുന്നത്. കൂട്ടിച്ചേർക്കലുകൾ ഒക്കെയുണ്ടാവും. പക്ഷേ ഗോത്രനൃത്തത്തിന്റെ തനതായ രീതിയോട് അവർ നീതിപുലർത്തുന്നില്ല എന്നുള്ളതാണ് പ്രശ്നം. ഈ നൃത്തം പഠിപ്പിക്കാൻ പോകുന്നവരും നൃത്തം തിരഞ്ഞെടുക്കുന്നവരും അവർ കുറച്ചുകൂടെ ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കണം.” ധന്യ പറയുന്നു. താൻ ജഡ്ജ് ആയി പോയപ്പോഴും ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നതായി ധന്യ പറയുന്നു.

പരിശീലകരും വിധികർത്താക്കളും

ഗോത്രകലകൾ പരിശീലിപ്പിക്കുന്നത് ആരാണ് എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യമെന്ന് ധന്യ പറയുന്നു. “കുട്ടികളെ പറ്റിച്ചിട്ടാണ് കല എന്ന പേരിൽ പഠിപ്പിച്ച പൈസ വാങ്ങുന്നത്. ആ രീതിയിലുള്ള സമീപനം കൂടി നോക്കുമ്പോൾ ആരാണ് പഠിപ്പിക്കുന്നത്, പഠിപ്പിക്കുന്നുണ്ടെകിൽ തന്നെ അത് ശരിയായ രീതിയിലാണോ എന്നൊക്കെ അറിയേണ്ടതുണ്ട്. നിബന്ധനയിൽ മൈന്യൂട്ടായിട്ടുള്ള കുറേ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ചുരുക്കമാണ് എന്നിരുന്നാൽ പോലും വേഷമായാലും ഉപയോഗിക്കുന്ന ഉപകരണമായാലും. കുട്ടികളുടെയടുത്ത് ഏതെങ്കിലുമൊരു തുടിയുണ്ടാവും. പക്ഷേ ഇത്തരം ഉപകരണങ്ങളൊന്നും തനതായ ഗോത്രകലകൾക്ക് ഉപയോഗിക്കുന്നവയല്ല. അപ്പോൾ ഇവരുടേതായിട്ടുള്ള കൂട്ടിച്ചേർക്കലുകളോ പരീക്ഷണങ്ങളോ ഒക്കെയാണ് നടത്തുന്നത്. അതിനെ ശരിയായ ഒരു ഗോത്രകല എന്ന് നമുക്ക് പറയാൻ കഴിയില്ല. നമ്മുടെ പാട്ടൊക്കെ എടുത്ത് സ്വതന്ത്രമായ മറ്റൊരു ഇനം ചെയ്തു എന്നേ നമുക്ക് പറയാൻ കഴിയൂ.” ധന്യ പറയുന്നു.

“ഇരുള നൃത്തത്തിനാണെങ്കിൽ കുഴൽ എല്ലാം ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ആ രീതിയിലുള്ള അവതരണമൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. കാസർഗോഡ് ജില്ലയെ ബേസ് ചെയ്ത് പറയുകയാണെങ്കിൽ, മംഗലംകളി വന്നപ്പോൾ ചെറിയ രീതിയിൽ ഗോത്രകല അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുറേ ആളുകൾ ചർച്ച നടത്തിയിരുന്നു. മംഗലംകളിയെന്ന് പറയുന്നത് അര മണിക്കൂറോ ഒരു മണിക്കൂറോ നീണ്ടുനിൽക്കുന്നതാണ്. വേദിയിലേക്ക് വരുമ്പോൾ നമ്മൾ വെറും പതിനഞ്ച് മിനിട്ട് മാത്രമാണ് കാണുന്നത്. അതായത് വളരെ ചുരുക്കി സമയബന്ധിതമായി നമുക്ക് ഇതിനെ തീർക്കേണ്ടി വരുന്നു. അല്ലങ്കിൽ നമ്മുടെ കലകളെ വേദിയിൽ അവതരിപ്പിക്കുമ്പോൾ അത്തരത്തിലേക്ക് വരുന്നു. ജഡ്ജ്മെന്റിനായി എന്നെ ബന്ധപ്പെട്ടവരോട് കൂടുതലും ഞാൻ പറഞ്ഞത് അതത് കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെ ആളുകൾ വരണം എന്നുള്ളതാണ്. കമ്മ്യൂണിറ്റിയിൽ തന്നെ കലയിൽ പ്രാവണ്യമുള്ള ആളുകൾ ജഡജ്മെന്റിലേക്ക് വരണം. ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചവരാവണം എന്നില്ല. ഏതെങ്കിലും ഒരു സ്ഥലത്ത് അവതരിപ്പിക്കപ്പെടുന്ന രീതിയിലായിരിക്കില്ല വേറൊരു ഊരിൽ ആ കല അവതരിപ്പിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇതെല്ലാം നമ്മൾ അറിഞ്ഞിരിക്കണം.” ധന്യ കൂട്ടിച്ചേർത്തു.

ഗോത്രകലകളുടെ വിധിനിർണ്ണയാവുമായി ബന്ധപ്പെട്ട് ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകനും ഗോത്രകവിയുമായ പി ശിവലിംഗന്റെ നിരീക്ഷണവും പ്രധാനമാണ്. തന്റെ സ്കൂളിൽ നിന്നും കുട്ടികളുമായി ജില്ലാ കലോത്സവത്തിന് പോയപ്പോൾ യാതൊരു എത്തിക്സുമില്ലാതെ പല സ്കൂളുകളിലെ ടീമുകൾ ഗോത്രകലകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും, വരും വർഷങ്ങളിൽ മറ്റ് ടീമുകളൊന്നുമില്ലെങ്കിൽ ഇത്തരം ടീമുകൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്ന അവസ്ഥകൾ ഉണ്ടാവുമെന്നും ശിവലിംഗൻ ചൂണ്ടികാണിക്കുന്നു.

പി ശിവലിംഗൻ

“ഇത് എഴുതിയില്ലാ എന്നുണ്ടെങ്കിൽ സംഭവിക്കാൻ പോവുന്നത് ഈ കലകൾ ഇവരെല്ലാം ചേർന്ന് കൃത്രിമം കാണിച്ച് നശിപ്പിക്കും. മറ്റൊരു കാര്യം, യഥാർത്ഥത്തിൽ ക്ലാസിക്കൽ കലകൾ പഠിച്ചിട്ടുള്ള ആളുകളാണ് നാടൻപാട്ട് പോലുള്ള ഗോത്ര കലകൾ പരിശീലിപ്പിക്കുന്നത് എന്നതാണ്. ഗോത്ര സമുദായത്തിൽപ്പെട്ടവരുടെ സാമ്പത്തിക ഉറവിടം കൂടിയാണ് ഇത്തരം ആളുകൾ നഷ്ടപ്പെടുത്തുന്നത്. ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരെ തന്നെ ഇത്തരം കലകൾ പരിശീലിപ്പിക്കാൻ വിളിക്കുകയാണെങ്കിൽ സീസൺ സമയത്തെങ്കിലും അവർക്ക് പൈസ കിട്ടും. അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ചെറുതായിട്ടെങ്കിലും അവരുടെ കഷ്ടപ്പാട് മാറിക്കിട്ടും. കല അറിയാത്ത ആളുകളെ വിളിച്ചുവരുത്തി കുട്ടികളെ കൂടി അപമാനിക്കുകയാണ്. എതിർ ടീം കാലിൽ മൈലാഞ്ചി ഇട്ടു എന്നൊക്കെയുള്ള കാരണങ്ങൾ ചൂണ്ടികാണിച്ചാണ് തനത് ഗോത്ര കലകൾ അവതരിപ്പിച്ച കുട്ടികൾ പിന്നിലായത്. എനർജി വെച്ച് കളിക്കേണ്ട കളിയല്ലല്ലോ ഇതൊന്നും, സ്പോർട്സ് പോലെ അത്രയും എനർജി ഉപയോഗിച്ച് ചെയ്യണ്ട ഒന്നല്ലലോ ഇത്. അങ്ങനെ ഓരോ കാര്യങ്ങൾ നോക്കിയാണ് ഇപ്പോൾ വിധി നിർണയിക്കുന്നത്. ഞാനീ പറഞ്ഞ പ്രശ്നം മിക്ക സബ് ജില്ലകളിലും നടന്നിരുന്നു. നാട്ടിൽ നിന്നും ആളുകൾ പോയാണ് വാല്യൂ ചെയ്തത്. അവരെ സംബന്ധിച്ച് അവർ പറഞ്ഞത് ഈ പ്രാവശ്യം എല്ലാ ആളുകൾക്കും എ ഗ്രേഡ് കൊടുക്കണമെന്ന നിയമം കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്. അവർ ഇരുള നൃത്തം കണ്ടു, വാല്യൂ ചെയ്തു, ഒരു ടീമിന് ഫസ്റ്റ് കൊടുത്തു ബാക്കിയുള്ള ടീമുകൾ കളിച്ചത് ഇരുള നൃത്തമേ അല്ലെന്നും, ഇനി മേലാൽ ഇത് ആവർത്തിക്കരുതെന്നും പറഞ്ഞു. എന്തെങ്കിലും കാട്ടികൂട്ടി ഇത് ചെയ്യുക എന്നുവെച്ച് മത്സരം ഏറ്റെടുത്താൽ ഇത്തരത്തിലുള്ള കുറേ അപകടങ്ങൾ വരും, രണ്ട് വർഷം കഴിയുമ്പോൾ ഫ്യൂഷൻസ് വരും, അത് വന്നുകഴിഞ്ഞാൽ അതാണ് ആളുകൾ കാണുക. അപ്പോൾ ഒന്നും പറയാനുണ്ടാവില്ല. ജഡജ്മെന്റിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുക. ആർക്ക് വേണമെങ്കിലും ജഡ്ജ് ചെയ്യാം എന്ന രൂപത്തിലേക്ക് വരും. ഇങ്ങനെ പോയികഴിഞ്ഞാൽ ഗോത്രകല നാശത്തിലേക്ക് തന്നെ പോവും.” ശിവലിംഗൻ കേരളീയത്തോട് പറഞ്ഞു.

പൊതുസമൂഹം ഗോത്രകലകളോട് ചെയ്യേണ്ട നീതി

ഗോത്രകലകൾക്ക് വിധി പറയുന്ന മൂന്നംഗ ജഡ്ജിങ് പാനലിൽ ഒരാൾ നിർബന്ധമായും, ഏത് ഗോത്രകലാരൂപമാണോ അവതരിപ്പിക്കുന്നത് ആ ഗോത്രത്തിൽ നിന്നുള്ള ആളായിരിക്കണം എന്നാണ് പട്ടികവർഗ്ഗ വികസന ഡിപ്പാർട്ട്മെന്റിലെ സീനിയർ സൂപ്രണ്ടായ ഷിനു സുകുമാരൻ മുന്നോട്ട് വെക്കുന്ന നിർദ്ദേശം. “അങ്ങനെയാവുമ്പോൾ മറ്റ് രണ്ട് ജഡ്ജസിനും ഈ വ്യക്തിയുമായി കലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൺസൾട്ട് ചെയ്യാനും തനത് ഏതാണെന്ന് തിരിച്ചറിയാനും സാധിക്കും. ഗോത്രകലകൾ കാണുമ്പോൾ പുറത്തുനിൽക്കുന്ന ഒരാൾ നാടോടിനൃത്തത്തിന്റെയോ ഭരതനാട്യത്തിന്റെയോ പെർഫെക്ഷൻ എന്ന അളവുകോൽ വെച്ചായിരിക്കും ഇതിനെ അളക്കുന്നത്. ഇതിനപ്പുറം അതിന്റെ ഭാഷ ശ്രദ്ധിക്കേണ്ടതുണ്ട്. വേറെ ഒരു കലാരൂപത്തിനും ഈ വിഷയം വരുന്നില്ല. ഭരതനാട്യത്തിലെ പാട്ട് അട്ടപ്പാടിയിലായാലും തിരുവനന്തപുരത്തായാലും ഒന്നുതന്നെയാണ്. പക്ഷേ ഗോത്രകലകൾ അങ്ങനെയല്ലലോ? അതിന് ഒരു തനിമയുണ്ട്. പണിയ ഭാഷയിലാണ് പണിയനൃത്തത്തിന്റെ പാട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പാടുമ്പോൾ അതിന്റെ തനിമയും സ്ലാങ്ങിന്റെ ക്വാളിറ്റിയും തിരിച്ചറിയണമെങ്കിൽ ജഡ്ജിങ്ങ് പാനലിൽ ഒരാളെങ്കിലും ഗോത്രവിഭാഗത്തിൽ നിന്ന് വേണം.” ഷിനു സുകുമാരൻ കേരളീയത്തോട് പറഞ്ഞു.

ഷിനു സുകുമാരൻ

പുറത്തുള്ളവർ മത്സരിക്കരുതെന്നോ അവരിത് പഠിക്കരുതെന്നോ അല്ല പറയുന്നതെന്നും, അവരും ഈ കല പഠിക്കേണ്ടതും മത്സരിക്കേണ്ടതുമാണെന്നും പക്ഷേ ആദ്യമേ തെറ്റ് പഠിച്ചുവെച്ചിട്ട് അതൊരു കീഴ്വഴക്കമായി മാറുകയും ഭാവിയിൽ ഗോത്ര കലകൾ സിനിമാറ്റിക് ആയി മാറിയാൽ എന്താണ് ഗോത്രകലകളുടെ പ്രസക്തി എന്നും ഷിനു സുകുമാരൻ ചോദിക്കുന്നു. “നമ്മുടെ കൂട്ടത്തിലുള്ള കല പരിശീലിപ്പിക്കുന്ന ആൾക്കാർക്ക് ജഡ്ജ് ആവുന്നതിന്റെയും മറ്റ് അനുബന്ധ കാര്യങ്ങളെ കുറിച്ചും ചെറിയ രീതിയിൽ പരിശീലനം കൊടുക്കണം. നമ്മുടെ കൂട്ടത്തിലുള്ളവർക്ക് ഇതൊരു ചെറിയ ജീവനോപാധിയായി മാറുകയും ചെയ്യുകയാണല്ലോ. കൂടാതെ കല പരിശീലിപ്പിക്കാൻ ഗോത്രത്തിലുള്ളവർ തന്നെ പോകുമ്പോൾ അവരുടെ ജീവിത നിലവാരം കൂടിയാണ് വർദ്ധിക്കുന്നത്. ഒരു തുടക്കം എന്ന രീതിയിൽ ഒരിക്കലും സർക്കാരിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയല്ല ഇത്. സർക്കാർ മാത്രം ഇടപ്പെട്ടതുകൊണ്ട് കാര്യമില്ല. നടപ്പിലാക്കുന്ന അധ്യാപക സംഘടനകൾ അങ്ങനെ എല്ലാവരും അതിന്റെ ധാർമ്മികമായ വശം പരിഗണിച്ചുവേണം മുന്നോട്ട് പോവാൻ. ഇതൊരു കറക്ഷൻ മെത്തേഡ് ആണല്ലോ, അതാണ് നമ്മുടെ ആഗ്രഹവും ആവശ്യവും.” ഷിനു സുകുമാരൻ പറയുന്നു.

ജില്ലാതല മത്സരങ്ങളും സംസ്ഥാനതല മത്സരങ്ങളും ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവന്ന് ഗോത്രകലയെ അതിന്റെ തനതായ രൂപത്തിൽ തന്നെ അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. ഒരു കലാരൂപം അന്യം നിന്ന് പോവാതിരിക്കാനും, കലയിലൂടെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ സംരക്ഷിക്കപ്പെടാനും, പൊതുധാരയിൽ വികലമായ കൂട്ടിചേർക്കലുകളും മറ്റുമായി അവതരിപ്പിക്കപ്പെടാതിരിക്കാനുമെല്ലാം ഈ വരുന്ന സംസ്ഥാന കലോത്സവം ഒരു തുടക്കമാവട്ടെ.

Also Read

10 minutes read November 16, 2024 1:16 pm