Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
പ്രമുഖ ഗുജറാത്തി കവിയും, നോവലിസ്റ്റും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര ഭാഷാ കവിതകളുടെ പഠിതാവും, ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകനുമാണ് കാഞ്ചി പട്ടേൽ. സമകാലിക ഇന്ത്യൻ ഗോത്ര കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് സമാഹരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. ഇന്ത്യയൊട്ടാകെ ഉയർന്നുവരുന്ന ഗോത്രകവിതയുടെ സവിശേഷതകളും, രാഷ്ട്രീയ- സൗന്ദര്യ മാനങ്ങളും കാഞ്ചി പട്ടേൽ വിശദീകരിക്കുന്നു.
ഇന്ത്യയിലെ വിവിധ ഗോത്ര സമൂഹങ്ങളുടെ കവിതകൾ സമാഹരിക്കുക എന്നതാണല്ലോ കാഞ്ചി ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ഇന്ത്യയിലെ ഗോത്ര ഭാഷാ കവിതയുടെ സമാനതകൾ, സവിശേഷതകൾ എന്തെല്ലാമാണ് ?
സമാനതകൾ പലതാണ്. ഗോത്ര കവിതയുടെ വൈവിധ്യവും വ്യാപ്തിയും വളരെ വലുതാണ്. അത് മാറ്റത്തിനുള്ള തീവ്രതയും ശക്തിയും നിറഞ്ഞതാണ്. അത് ഉയർന്നുവരുന്ന തദ്ദേശീയ കവിതയുടെ ഉണർവ്വാണ് – ഒരു പുതിയ നവോത്ഥാനം, സ്വന്തം മണ്ണും, കാടും, വെള്ളവും സംരക്ഷിക്കാനുള്ള അവരുടെ ആവശ്യവും വേദനയും വിവരിക്കുന്നതിനുള്ള ഒരു വഴിയായിട്ടാണ് കവിത ഈ സമൂഹങ്ങളിലേക്ക് വന്നിട്ടുള്ളത്. അവരുടെ രോഷം പ്രകടമാക്കി പ്രകൃതിയുടെ സമ്പൂർണ്ണതയ്ക്കുവേണ്ടിയുള്ള വാദങ്ങൾ ഉന്നയിച്ചുകൊണ്ട് മനുഷ്യത്വത്തിന് ഒരു വീടു നിർമ്മിക്കാൻ അവർ ശ്രമിക്കുന്നു.
മുഖ്യധാരാ സാഹിത്യത്തിന്റെ ലോക വീക്ഷണത്തിൽ നിന്നും ഭാവനാസ്ഥലികളിൽ നിന്നുമുള്ള വ്യതിയാനം ഗോത്രകവിത സാധ്യമാക്കി. ജാതീയമായ പൊതുസമൂഹത്തിനും തദ്ദേശീയ സമൂഹങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ ചിത്രീകരണം, തദ്ദേശീയ സമൂഹങ്ങൾ മുഖ്യധാരാ സ്വാധീനത്തിന്റെ നിഷ്ക്രിയ സ്വീകർത്താക്കളല്ലെന്ന വ്യക്തമായ ഉറപ്പ്, നഗരവത്കരിക്കപ്പെടുന്ന മുതലാളിത്ത സംസ്കാരവുമായുള്ള പൊരുതൽ, ഭാവനയുടെയും സംവേദനത്തിന്റെയും അപകോളനീകരണം എന്നതെല്ലാം ഗോത്ര കവിതയുടെ പൊതു സവിശേഷതയാണ്.
ഈ കവിത ഒരേസമയം വ്യക്തികളുടെയും ആദിവാസി സമൂഹങ്ങളുടെയും എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആത്മകഥയാണ്. ഇവ ക്ലാസിക്കുകളാകാൻ ആഗ്രഹിക്കുന്ന കലാപരവും, കാവ്യാത്മകവുമായ രചനകളല്ലെന്നാലും സമകാലിക ഗോത്ര കവിത, അനുദിനം വളരുന്ന ഇന്ത്യൻ സാഹിത്യത്തെ അതിന്റെ ചൈതന്യത്താലും പ്രതിബദ്ധതയാലും സമ്പന്നമാക്കുന്നതോടൊപ്പം പുതിയ കാഴ്ചപ്പാടുകളും ഉൾക്കാഴ്ചകളും സംഭാവന ചെയ്യുകയും ചെയ്യുന്നു.
ഭൂമിയാണ് പരമമായ സത്യം, അതാണ് ഗോത്ര കവിതയുടെ കാതൽ. ആ ശക്തി നമുക്ക് ഗോത്ര കവിതകളിലൂടെ അനുഭവിക്കാൻ കഴിയും. ആദിവാസികളെ, അവരുടെ ജീവിതരീതി, വിജ്ഞാന സമ്പ്രദായങ്ങൾ, സാഹിത്യം, അവരുടെ ലോകവീക്ഷണം എന്നിവ മനസ്സിലാക്കാതെ നമുക്ക് ഇന്ത്യയെ മനസ്സിലാക്കാൻ കഴിയില്ല. അന്തർജ്ഞാനത്തിൽ വിശ്വസിച്ചിരുന്ന ബാവുളുകൾ എന്ന് വിളിക്കപ്പെടുന്ന ഗോത്രകവികൾക്ക് മുന്നിൽ താൻ കഴിവുകെട്ടവനാണെന്ന് ടാഗോറിന് പോലും തോന്നി.
ഏതെല്ലാം തരത്തിലാണ് ഇന്ത്യയിലെ വിവിധ ഗോത്രഭാഷാ കവിതകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നത് ?
ഇന്ത്യയിലെ വംശപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളും പ്രകൃതി വൈവിധ്യങ്ങളും സമുദ്രം പോലെ അഗാധവും വിശാലവുമാണ്. വടക്കുകിഴക്കൻ ഗോത്രങ്ങൾക്ക് ചൈനീസ്, മംഗ്ലോയിഡ്, ബർമീസ്, ടിബറ്റൻ എന്നിവരുമായും മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായും സാംസ്കാരിക ബന്ധമുണ്ട്. അതേസമയം അത് വിവിധ വടക്കൻ സംസ്ഥാനങ്ങളുമായും സമതലങ്ങളിലെയും ഹിമാലയത്തിലെയും സംസ്കാരങ്ങളും ജനങ്ങളുമായും ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. വടക്കുകിഴക്കൻ ഗോത്രങ്ങൾ മധ്യ ഇന്ത്യയിലുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്. ബ്രിട്ടീഷുകാരുടെയും സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂടങ്ങളുടെയും അടിച്ചമർത്തലിന്റെയും അവയോടുള്ള ചെറുത്തുനിൽപ്പിന്റെയും നീണ്ട ചരിത്രമുണ്ട് അവർക്ക്.
ദക്ഷിണേന്ത്യൻ ഗോത്രങ്ങൾ മധ്യ ഇന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും താമസിക്കുന്നവരിൽ നിന്ന് വ്യത്യസ്തരാണ്. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള മുണ്ട, സന്താലി, ഗോണ്ട്, ഭിൽ എന്നീ ഗോത്രങ്ങൾ വടക്കുകിഴക്കൻ പ്രദേശങ്ങളിലും തെക്ക്, പടിഞ്ഞാറൻ പർവത നിരകളിലും, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, കർണാടക, തീരദേശ മഹാരാഷ്ട്ര, ഗോവ, കേരളം എന്നിവിടങ്ങളിൽ നിന്നും വളരെ വ്യത്യസ്തരാണ്. തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും ദ്രാവിഡ സംസ്‌കാരവും മധ്യ ഇന്ത്യൻ ഗോത്ര സംസ്‌കാരവും കൂടിച്ചേർന്ന ഗോത്രങ്ങളുമുണ്ട്.
ചുറ്റുമുള്ള പരിസ്ഥിതിയുമായി സംവദിക്കുന്ന വംശപരവും നരവംശശാസ്ത്രപരവും സാംസ്കാരികവുമായ വേരുകൾ, ഭാഷകൾ, കലകൾ, ഭാവങ്ങൾ, ലോകവീക്ഷണങ്ങൾ എന്നിവയുടെ വലിയ വൈവിധ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെ അവഗണിക്കുന്നതിനു പകരം ആഘോഷിക്കുകയാണു വേണ്ടത്. വിവിധങ്ങളായ ഈ ഗോത്രങ്ങളിൽ നിന്നുള്ള കവിതകൾ വ്യത്യസ്തതമാണെന്നു മാത്രമല്ല അവ ഓരോന്നും അനന്യവും അതുല്യവുമാണ്.
വാമൊഴിയിൽ നിന്നും വരമൊഴിയിലേക്കുള്ള മാറ്റം കൂടിയാണല്ലോ ഗോത്ര പാട്ടുകളിൽ നിന്നും ഗോത്ര ഭാഷാ കവിതകളിലേക്കുള്ള ചുവടുവെപ്പ് ? വരമൊഴിൽ ഗോത്രഭാഷകൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ് ? എങ്ങനെ മറികടക്കാം ?
അതെ, വാമൊഴിയിൽ നിന്നും വരമൊഴിയിലേക്കുള്ള ഒരു പരിവർത്തനമാണിത്. ഈ സമുദായങ്ങളിൽ നിന്നുള്ള വിദ്യാസമ്പന്നരായ വ്യക്തികൾ ആധുനിക സംസ്ഥാനവുമായും അയൽ സമൂഹങ്ങളുമായും അവരുടെ സംസ്കാരങ്ങളും കലകളുമായും ഒരു സംവാദത്തിൽ ഏർപ്പെടാൻ തീരുമാനിച്ചിരിക്കുന്നു. വാമൊഴി ആഖ്യാനങ്ങളിൽ നിന്നും പാരമ്പര്യമായി ലഭിച്ച വാമൊഴി കലകളുടെ അടിസ്ഥാനതത്വങ്ങൾ അവർ പിന്തുടരുന്നു, അവരുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള പാട്ടുകളും അവർ സമ്പർക്കം പുലർത്തുന്ന മറ്റ് സാഹിത്യ രൂപങ്ങളും അവർ സ്വാംശീകരിക്കുന്നു. ലിഖിത സാഹിത്യത്തിന്റെ ആദ്യ തലമുറ അവരുടെ സ്വന്തം വാമൊഴിയുടെ ജൈവികതയിൽ നിന്നാണ് വികസിക്കുന്നത്. 60 വർഷത്തിലേറെയായി ആദിവാസി കവികൾ വിവിധ വഴികളിലൂടെ വലിയ ലോകത്തോട് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. എഴുതപ്പെട്ട കവിതകൾ അത്തരത്തിലൊന്നാണ്. തദ്ദേശീയരായ കവികൾക്ക് അവർ എഴുതുന്ന കവിതയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ അറിയാം. അവർ അവരുടെ കവിതകൾ വായിക്കുകയും അവതരിപ്പിക്കുകയും അവരുടെ ഭാഷകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു, അവരുടെ അനുഭവത്തിൽ നിന്ന് ബോധപൂർവ്വം അവരുടെ ശൈലി രൂപപ്പെടുത്തുന്നു.
ഗോത്രഭാഷാ കവിതകളുടെ ശബ്ദങ്ങളെ ഉൾകൊള്ളാവുന്ന ഭാഷയാണോ ഇംഗ്ലീഷ് ?
അതെ, ഗോത്ര സാഹിത്യത്തെ ഉൾക്കൊള്ളാവുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. അത് ദൃശ്യത നൽകുന്നു, എന്നാൽ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നില്ല. വടക്കുകിഴക്കൻ മേഖലകളിൽ നിന്നും മധ്യ ഇന്ത്യ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ നിന്നുമുള്ള പല ഗോത്ര കവികളും ഇംഗ്ലീഷും ഹിന്ദിയും അവരവരുടെ സംസ്ഥാനത്തിലെ ഭരണഭാഷയും സാഹിത്യാവിഷ്കാരത്തിനും വിവർത്തനത്തിനുമുള്ള മാധ്യമമായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ഗോത്രഭാഷകൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ് ?
ഇന്ത്യയിലെ ഗോത്രഭാഷകൾ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഈ ഭാഷാ മേഖലകളിൽ വളരെ കുറച്ച് ജോലികളേ ഉള്ളൂ. ബഹുഭാഷാവാദത്തെ നമ്മുടെ പ്രധാന തത്വമാക്കാതെ നമ്മുടെ തദ്ദേശീയ ഭാഷകൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. മുഖ്യധാരയുടെയും സർക്കാറിന്റെയും മുൻവിധികളിൽ നിന്ന് എല്ലാ പ്രശ്നങ്ങളും ഉയർന്നുവരുന്നു. നാനൂറിലധികം ഭാഷകളിൽ കഷ്ടിച്ച് ഒരു ഡസനോളം ഭാഷകൾ മാത്രമേ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നുള്ളു. ഗോത്ര ഭാഷകൾക്കും അവരുടെ സാഹിത്യങ്ങൾക്കും വ്യവസ്ഥാപിതമായ ഭരണകൂട പിന്തുണ ലഭ്യമല്ല. ആദിവാസി കുട്ടികൾക്കുള്ള പ്രീപ്രൈമറി, പ്രൈമറി വിദ്യാഭ്യാസം ചില പ്രദേശങ്ങളിൽ ടോക്കൺ രീതിയിൽ ലഭ്യമാണ്. ഇത് ഭാഷയെയോ വിദ്യാഭ്യാസത്തെയോ വലിയ രീതിയിൽ സഹായിക്കുന്നതല്ല.
വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെട്ടിട്ടുണ്ട് ഇന്ത്യയിലെ പല ആദിവാസി സമൂഹങ്ങളും. ഇത്തരത്തിലുള്ള പുറത്താക്കലുകൾ ആദിവാസികളുടെ ജീവിതത്തെയും ഭാഷയെയും എങ്ങനെയാണ് ബാധിച്ചിട്ടുള്ളത് എന്ന് നിരീക്ഷിച്ചിട്ടുണ്ടോ ?
നർമ്മദ പദ്ധതി ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളെയും അവരുടെ ജീവിതത്തെയും ദേശത്തെയും ഭാഷയെയും ഗുരുതരമായി ബാധിച്ചു. ഇത്തരം നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ ആദിവാസി സമൂഹങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ പദ്ധതിയുടെ ഗുണഭോക്താക്കളായ മേൽജാതി-വർഗത്തിന്റെ ശത്രുക്കളായി മുദ്രകുത്തുന്നു. പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നത് (the statue of unity) വിവിധ ആദിവാസി അവകാശ നിയമങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഗോത്രവർഗ പ്രതിരോധത്തെയും പ്രതിഷേധങ്ങളെയും കുറിച്ചുള്ള വസ്തുതാപരമായ വിവരണങ്ങൾ ഭരണകൂട നിയന്ത്രിത മാധ്യമങ്ങളാൽ കുഴിച്ചുമൂടപ്പെടുന്നു. കനത്ത പ്രതിഷേധത്തെ തുടർന്ന് തപ്തി പർ നദീസംയോജന പദ്ധതി നിർത്തിവച്ചു. എല്ലാക്കാലത്തും, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ആദിവാസി അവകാശങ്ങൾ ഗുരുതരമായി ലംഘിക്കുന്ന ഇത്തരം പദ്ധതികൾ ഉണ്ട്. ഏതു സംസ്ഥാനത്തായിരുന്നാലും വികസനത്തിന്റെ പേരിൽ ആദിവാസി സമൂഹങ്ങൾ ദുരിതമനുഭവിച്ചിട്ടുണ്ട്.
ഗോത്ര തനിമയെ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ ലോകത്തെ അഭിമുഖീകരിക്കലും പ്രധാനമല്ലേ ? ഗോത്ര ഭാഷാ കവിതയിൽ അത് എത്രത്തോളം സാധ്യമാണ്?
അതൊരു അനിവാര്യത തന്നെയാണ്. തദ്ദേശീയ സമൂഹങ്ങൾക്ക് ഇതു നന്നായി അറിയാം. കവികളും അതു തിരിച്ചറിയാത്തവരൊന്നുമല്ല. മാറുന്ന ലോകം തങ്ങൾക്കു മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ അവർ ഒരുങ്ങിയിരിക്കയാണ്.
ഗോത്ര ഭാഷാ കവിതയിലെ പെൺമൊഴികളുടെ സവിശേഷതകൾ എന്തെല്ലാമാണ് ? ക്വീർ വിഭാഗത്തിൽ നിന്നുള്ള കവികൾ ഗോത്രഭാഷകളിൽ ഉണ്ടോ ?
ആദിവാസി സ്ത്രീ കവികളുടെ കവിതകൾ ഹരിതാഭമാണ്. പ്രാദേശിക സമൂഹവും ആഗോള സമൂഹവും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളോട് ആഴത്തിൽ സംവദിക്കുന്നതാണ്. ലോകം ഇന്ന് ഹരിത രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ അവരുടെ ജീവിതത്തിലതുണ്ട്, കലകളിലും, കരകൗശലങ്ങളിലും, കവിതകളിലുമതുണ്ട്. അരുണാചലിൽ നിന്നുള്ള ജമുനാ ബിനി, ത്സാർഖണ്ഡിൽ നിന്നുള്ള ജസീന്താ കെർക്കോട്ടാ, മഹാരാഷ്ട്രയിലെ മതുര ഗോത്രത്തിൽ നിന്നുള്ള ഉഷ കിരൺ, ആസ്സാമിലെ ടീ-ട്രൈബ് വിഭാഗത്തിൽ നിന്നുള്ള കബിത കർമാക്കർ തുടങ്ങി നിരവധി ശ്രദ്ധേയ കവികൾ ഗോത്രകവിതയുടെ സ്ത്രീ ശബ്ദം കേൾപ്പിക്കുന്നുണ്ട്.
വനം ഉത്പന്ന കരാറുകാരാൽ ആദിവാസി പെൺകുട്ടികൾ എങ്ങനെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ഛത്തീസ്ഗഢിലെ പുനം വാസത്തിന്റെ കവിതയിലെ വിരുദ്ധോക്തിയിൽ എഴുതിയ ഈ വരികൾ നോക്കൂ…
“ടെണ്ടു ഇല കോൺട്രാക്ടർ അവൾക്ക്
രണ്ട് രൂപയ്ക്ക് പകരം നാല് രൂപ നൽകുന്നു.
അയാൾ പെൺകുട്ടിയുടെ വേദന അളന്നെടുത്തു.
അവരുടെ ജീവിതം ഋതുക്കളെ ആശ്രയിച്ചിരിക്കുന്നു.
അവരുടെ ജീവിത ചക്രങ്ങൾ പറയുന്ന
കെട്ടുകഥകളുടെ ഒരു കൂട്ടമുണ്ട്
പെൺകുട്ടിക്ക് തന്റെ പൂർവ്വികയായ
‘രാജകുമാരി ചമേലി ദേവിയുടെ’
ആത്മാഭിമാനത്തിന്റെ ചരിത്രം അറിയില്ല.
സത്യത്തിൽ അവൾ തന്റെ ഉത്തരവാദിത്തങ്ങൾ
മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു,
അവളുടെ ചുമലുകൾ ഇപ്പോൾ
കനത്ത ഭാരം വഹിക്കാൻ തയ്യാറാണ്”.
ജെസീന്താ കെർക്കോട്ട ശ്രദ്ധേയയായ ഗോത്ര കവിയാണ്, ഈ കവിത നോക്കൂ…
കരുണ
ഓ, ചമ്പൂ,
ആരാണാ മനുഷ്യൻ നിന്റെ മുറ്റത്ത്?
അയാൾ വന്ന് എത്ര നേരമായ് ഇരിക്കുന്നു,
നീ ചായയുണ്ടാക്കുമ്പോൾ.
എന്നാൽ അയാൾ അറിഞ്ഞമട്ടില്ല
നിന്റെയടുപ്പിലെത്തീയാളുന്നത്
കടം വാങ്ങിയ കനലുകളിൽ നിന്നാണെന്ന്.
ഓ, ചമ്പൂ,
വാഴ്ത്തുന്നു നിന്റെ പോരാട്ടമയാൾ, പിന്മാറ്റവും.
വാനോളം പുകഴ്ത്തുന്നു,
പിറന്നേറെ വൈകാതെയുപേക്ഷിക്കപ്പെട്ട
നിഷ്ളങ്കയായ കുഞ്ഞ്
കൂടപ്പിറപ്പുകളുടെ ഭാരം സ്വന്തം ഇളം മുതുകിലൊറ്റക്കെങ്ങനെ
ചുമക്കുന്നുവെന്ന്.
കുഞ്ഞു ചിറകുകളടിച്ചു പറന്നു നീ-
യെങ്ങനെയുയർന്നു കുതിക്കുന്നുവെന്ന്
നിന്റെ സ്വപ്നങ്ങൾ നീ തീനാളങ്ങളെയേല്പിച്ചതെങ്ങനെയെന്ന്.
ആവശ്യങ്ങളുടെയും ഇല്ലായ്മകളുടെയും ഇരുണ്ട രാത്രിയി-
ലിത്തിരി വെളിച്ചമേകാൻ അതുകൊണ്ടു കഴിഞ്ഞിരിക്കും.
കോന്തലക്കെട്ടിലെ ചില്ലറത്തുട്ടുകളാൽ നീയാശിക്കുന്നു
സമൃദ്ധിക്കിനാവും ഭാവിത്തിളക്കവും.
ഓ, ചമ്പൂ,
നീ നേരിട്ട പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും പേരിൽ
നിന്നോടാരാധന നടിക്കുന്ന ആ മനുഷ്യൻ,
നീ കാത്തുവെച്ച അമൂല്യമായ പണം
എളുപ്പം പിടുങ്ങുന്നു.
നീയോ പച്ചക്കു വിശ്വസിക്കുന്നു
നിന്നോടു കരുണയുള്ള ആരൊക്കെയോ ഉണ്ടെന്ന്.
( പരിഭാഷ – പി രാമൻ )
എൽ.ജി.ബി.ടി.ക്വു കവിതകളിലും വേറിട്ട ചില ശബ്ദങ്ങളുണ്ട്. കിന്നര സമുദായത്തിൽ നിന്നുള്ള രാത്വയുടെ കവിതകൾ അക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. ആദിവാസികളുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയാണവർ.
കാഞ്ചിയുടെ ഈ പരിശ്രമത്തോട് ഗോത്രഭാഷാ കവികളുടെയും അക്കാദമിക്കുകളുടെയും സമീപനം എന്താണ് ? ഏതെങ്കിലും തരത്തിലുള്ള വിമർശനം നേരിട്ടുട്ടുണ്ടോ ?
ഇപ്പോൾ അതേപ്പറ്റി പറയുന്നത് അപക്വവും അനവസരത്തിലുള്ളതുമായിരിക്കും
പട്ടേൽ വിഭാഗത്തിൽ നിന്നുമുള്ളയാളാണെങ്കിലും കനാജി ഗോത്ര സ്വഭാവമുള്ള കവിതകൾ എഴുതുന്നുണ്ടല്ലോ? ഈ സമരസപ്പെടൽ സാധ്യമായത് എങ്ങനെയാണ് ? സ്വന്തം കവിതകളെ മുൻ നിർത്തി പറയാമോ ?
കുട്ടിക്കാലം തൊട്ടുതന്നെ ഗോത്രങ്ങളെ കുറിച്ച് കേൾക്കുന്നതും വായിക്കുന്നതും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എന്റെ ഗുജറാത്തിയും ആദിവാസികളിടെ ഗുജറാത്തിയും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ ആ വ്യത്യാസമാണ് എന്നെ അവരിലേക്ക് അടുപ്പിച്ചത്. ഭാഷയും സാഹിത്യവും മാത്രമല്ല, അവരുടെ പാട്ടുകളും നൃത്തങ്ങളും എല്ലാം എന്നെ ആകർഷിച്ചു, ആകെത്തുകയിൽ അവരുടെ ജീവിതം എന്നെ സ്വാധീനിച്ചു. പിന്നീട് ഞാൻ മുതിർന്നപ്പോൾ അത് പഠനത്തിന്റെയും പ്രവർത്തനത്തിന്റെയും മേഖലയായി തിരഞ്ഞെടുത്ത് ഞാൻ അതിൽ മുഴുകി. നോവലുകളും, കഥകളും, നാലു സമാഹാരങ്ങളിലായി കവിതകളും ഞാൻ ഗോത്രജീവിതത്തെ പ്രമേയമാക്കി എഴുതിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ഗുജറാത്തിയല്ല എന്ന് ഗുജറാത്തിയിലെ എഴുത്തുകാർ എല്ലായ്പ്പോഴും എന്നെ വിമർശിക്കാറുണ്ട്. എങ്കിലും ഞാൻ ഇതിൽ ഉറച്ചു നിൽക്കുന്നു. ഗുജറാത്തിയിലേക്ക് ഗോത്രജീവിതങ്ങളെ കൊണ്ടുവരലാണ് എന്റെ ജന്മനിയോഗമെന്ന് ഞാൻ കരുതുന്നു. ഗുജറാത്തിലെ ഗോത്ര ജനതയുടെ ചരിത്രവും, വർത്തമാനവും, ഭാവിയും ആ നോവലുകളിലുണ്ട്. ഗോത്രജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഞാൻ എന്റെ സ്വന്തം ആവശ്യങ്ങളായി കണക്കാക്കുന്നു.
ഗോത്ര വിഭാഗങ്ങളെ എല്ലാം ഒരുമിപ്പിക്കുന്നതിനെ കുറിച്ചു ഞാൻ ആലോചിച്ചു. ഈ ഗോത്ര വിഭാഗങ്ങൾ എല്ലാം കലാകാരന്മാരുടെ കൂട്ടായ്മകളാണ്. വളരെ കുറച്ചെ അവർ സംസാരിക്കു, എങ്കിലും ആഴമേറിയതാവും ഓരോ വാക്കും. അവരുടെ കലകളിലൂടെ അവരുടെ ശക്തി വർദ്ധിപ്പിക്കാനാണ് 1995 മുതൽ എന്റെ ശ്രമം. ഓരോ വർഷവും ഈ കലാകാരന്മാരുടെ ഒരു മേള സംഘടിപ്പിച്ചു വരുന്നു. വിവിധ ഗോത്രങ്ങളിൽ നിന്നുള്ള കവികളും കലാകാരന്മാരും മറ്റ് എഴുത്തുകാരും പലയിടങ്ങളിൽ നിന്നുള്ള ആസ്വാദകരും അവിടെ വന്നെത്തുന്നു. കവിത മാത്രമല്ല ഗോത്ര ജീവിത്തിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവരാണ് കാട് സംരക്ഷിച്ചത്, അവരുടെ കൈയിലാണ് പ്രകൃതിയുടെ താക്കോലുള്ളത്.