നിത്യവും ഞാന്‍ മാനിറച്ചി കഴിക്കുന്നു, കവിതയിലാണെന്നു മാത്രം!

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഓഫ്‌റോഡ്-9

നിത്യവും കാട്ടില്‍ മാനിനെ വേട്ടയാടി ഞാന്‍ മാനിറച്ചി കഴിക്കുന്നു. കവിതയിലാണെന്നു മാത്രം! എന്റെ കവിതയില്‍ മൃഗങ്ങളും മരങ്ങളും വനപ്രകൃതിയുമാണ് കൂടുതലായി വരുന്നത് – സുകുമാരന്‍ ചാലിഗദ്ധ. കേരള സാഹിത്യ അക്കാദമി വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് നവംബര്‍ 26, 27, 28 തീയതികളില്‍ സംഘടിപ്പിച്ച ഗോത്രായനത്തില്‍ (പരിപാടിയുടെ ഡയറക്ടര്‍ കവി പി. രാമനാണ് ഈ പ്രസ്താവന പങ്കുവെച്ചത്) നടത്തിയ പ്രസംഗത്തില്‍ നിന്ന്. അട്ടപ്പാടിയില്‍ നവജാത ആദിവാസിക്കുഞ്ഞുങ്ങളുടെ (ഗര്‍ഭിണികളുടേയും) മരണനിരക്ക് ഞെട്ടിപ്പിക്കും മട്ടില്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പോഷകാഹാരക്കുറവുകൊണ്ടുള്ള മരണം എന്നാണ് ഔദ്യോഗിക മലയാളവും സര്‍ക്കാരും മാധ്യമങ്ങളും ഈ പട്ടിണി മരണങ്ങളെ ഇപ്പോഴും വിളിച്ചുപോരുന്നത്.
വനത്തില്‍ നിന്നും പുറത്താക്കപ്പെട്ട, തങ്ങളുടെ ആഹാരരീതികളില്‍ നിന്നും ബഹിഷ്‌കൃതരാക്കപ്പെട്ട, സംസ്‌ക്കാരത്തിന്റെ വെളിമ്പുറങ്ങളിലേക്ക് അടിച്ചോടിക്കപ്പെട്ട ആദിവാസിയുടെ പ്രതിഷേധമാണ് സുകുമാരന്‍ ചാലിഗദ്ധയിലൂടെ പുറത്തുവന്നത്. മാനിറച്ചി ഒരു പ്രതീകം മാത്രം. ഈ അവസ്ഥയെ എം. കുഞ്ഞാമന്‍ കൃത്യമായി അടയാളപ്പെടുത്തുന്നു: “കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികള്‍ എന്ന നിലയില്‍ നിന്ന് സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളും ആശ്രിതരുമായതിന്റേതാണ്. അതായത് വിഭവ നിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചു വളര്‍ന്ന ഭൂമിയില്‍ അഭയാര്‍ഥികളും ആശ്രിതരുമായി മാറിയ ചരിത്രം”. ഈ കുറഞ്ഞ വാക്കുകളില്‍ കേരളത്തിലെ ആദിവാസി ചരിത്രം കല്ലില്‍ കൊത്തിയപോലെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

കേരള സാഹിത്യ അക്കാദമി വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് സംഘടിപ്പിച്ച ഗോത്രായനം പരിപാടിയില്‍ സുകുമാരന്‍ ചാലിഗദ്ധ സംസാരിക്കുന്നു

വനനിയമത്താല്‍ വനത്തില്‍ നിന്നും തന്റെ പ്രകൃതിയില്‍ (ഇക്കോളജയില്‍) നിന്നും പുറത്താക്കപ്പെട്ട ഗോത്രവര്‍ഗക്കാരുടെ ശബ്ദമാണ് സുകുമാരന്‍ ഒരിക്കല്‍ കൂടി കേള്‍പ്പിച്ചത്. വനവിഭവങ്ങള്‍ ആദിവാസികള്‍ എടുക്കുന്നത് കുറ്റകരമായി. സ്വന്തം ഭൂമി അന്യാധീനപ്പെട്ടു. അവരെ ആധുനിക സമൂഹം പോഷകാഹാരക്കുറവുള്ളവരാക്കി. കേരളത്തിലെ ഗോത്രകവികള്‍ തങ്ങള്‍ക്ക് നഷ്ടമായ പറുദീസയെക്കുറിച്ച് സ്വന്തം കവിതകളില്‍ ആവിഷ്‌ക്കരിക്കുന്നു. അടയാളപ്പെടുത്തുന്നു.

ഗോത്ര ജീവിതത്തിലെ ‘പോഷകാഹാരക്കുറവിനെ’ക്കുറിച്ച് മുള്ളക്കുറുമന്‍ ഭാഷയില്‍ അജയന്‍ മടൂര്‍ ‘കാത്തിരിപ്പ്’ എന്ന കവിതയില്‍ ആവിഷ്‌ക്കരിക്കുന്നു:
കുറ്റപ്പെടുത്തുന്നില്ല ഞാന്‍ ആരെയും
കന്നുകാലികളുടെ കൂടെ എന്നെ കാട്ടില്‍
പറഞ്ഞു വിട്ടതിന്.
അമ്പും വില്ലുമായ് നായാട്ടിനു പറഞ്ഞു വിട്ടതിന്
വിശപ്പറിയിക്കാതെ കാട്ടുകിഴങ്ങ് കുഴിച്ചു തിന്നതിനും
പുഴയില്‍ മീന്‍ പിടിച്ചതിനും.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറ്റപ്പെടുത്തുന്നു
എന്റെ അപ്പനേയും അമ്മയേയും.
എത്ര നേരമായി ഈ നീണ്ട ക്യൂവില്‍ നില്‍ക്കുന്നു
സൗജന്യ റേഷന്‍ കിട്ടാനുള്ള ഊഴവും കാത്ത്.

സുകുമാരന്‍ ചാലിഗദ്ധ, സുരേഷ് എം.മാവിലന്‍ എന്നിവരുടെ ഏകോപനത്തില്‍ ഡി.സി ബുക്ക്‌സ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ‘ഗോത്രകവിത’ എന്ന സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും കാടിന്റെ മണം ശ്വസിച്ചുകൊണ്ട്, അതിന്റെ പച്ച ഞരമ്പുകളില്‍ സ്പന്ദിച്ചുകൊണ്ട് തങ്ങളുടെ പറുദീസാ നഷ്ടം കൃത്യമായും ധൈര്യപൂര്‍വ്വവും അടയാളപ്പെടുത്തുന്നു. ഗോത്ര സ്ത്രീ എഴുത്തിന്റെ ബഹുലത ഈ സമാഹാരത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. ലിപികളില്ലാത്ത കേരളത്തിലെ ഗോത്രഭാഷാക്കവികള്‍ മലയാള ലിപിയിലാണ് തങ്ങളുടെ ആവിഷ്‌ക്കാരം നടത്തുന്നത്. ലിപി മലയാളവും ഭാഷ സ്വന്തം ഗോത്രഭാഷയും. അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുമാണ്. സ്വന്തം ഭാഷയെ അതു വഴി മണ്ണിനെ, കാടിനെ നിലനിര്‍ത്തുന്ന രീതിയാണ് ഈ സമാഹാരം അനാവൃതമാക്കിയത്. അതില്‍ കേരളത്തിന് മൊത്തമായി നഷ്ടപ്പെട്ട (ആദിവാസികള്‍ക്ക് മാത്രമല്ല) ജൈവപ്രകൃതിയുടെ ഭൂപടവും കാണാം. (കേരളത്തിന്റെ ആവശ്യം പരിഗണിച്ച് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ നിന്ന് 1337.24 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കുമെന്നതാണല്ലോ പുതിയ വാര്‍ത്ത).
ഭാഷ തന്നെയാണ് ഈ ഗോത്രകവികളുടെ മുഖ്യ ചാലകശക്തി. ഗോത്രഭാഷയില്‍ തെറിയില്ല, ശകാരപ്പദങ്ങള്‍ മാത്രമാണുള്ളത്.
ഞ്ച മണ്ടി, നിന്റെ മുട്ട്
ഞ്ച എഗെ, നിന്റെ തോള്
ഞ്ച തിലെ, നിന്റെ തല
ഞ്ച കുടാക്കൊട്ടി, നിന്റെ തലച്ചുഴി
ഞ്ച മുച്ചുണ്ണി, നിന്റെ മുഖം
ഞ്ച പാറാക്കെ, നിന്റെ തോള്
ഇതൊക്കെയാണ് റാവുള ഭാഷയിലെ ശകാരപ്പദങ്ങള്‍ (സുകുമാരന്‍ ചാലിഗദ്ധ കവി പി. രാമനോട് പറഞ്ഞത്). സ്വകാര്യ അവയവങ്ങള്‍ തെറിപ്പദങ്ങളായി മാറ്റിത്തീര്‍ക്കുന്ന രീതി ഗോത്ര ഭാഷകളില്‍ ഇല്ല. അന്റെ തല, ഒലക്ക എന്നീ ശകാരപ്പദങ്ങള്‍ (തെറിയല്ല) മലയാളത്തിലുമുണ്ടല്ലോ.
ഗോത്രായനത്തിനു ശേഷം ഫേസ്ബുക്കില്‍ ഭാഷയെക്കുറിച്ചുള്ള, പുതിയ പദങ്ങളുണ്ടാക്കുതിനെക്കുറിച്ചുള്ള ഒരു സംവാദം നടക്കുകയുണ്ടായി. തുടക്കം കുറിച്ചത് മുതുവാന്‍ ഭാഷയിലെഴുതുന്ന കവി അശോകന്‍ മറയൂരാണ്. അദ്ദേഹം എഴുതി: “അന്യഭാഷകളുടെ ശക്തമായ കടന്നുവരവാല്‍ ലോകത്തെ മിക്ക ഭാഷകള്‍ക്കും സംഭവിച്ചിട്ടുള്ള മിക്ക പ്രശ്‌നങ്ങളും ആധുനികതയിലേക്കു ചുവടുവെക്കുന്ന ഗോത്രഭാഷകള്‍ക്കും സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ ചില ഗോത്രങ്ങള്‍ക്ക് തനതുഭാഷക്കുള്ളില്‍ തന്നെ വാക്കുകളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ചിലര്‍ക്ക് ഭാഷ തന്നെ ഇല്ലാതായിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഗോത്ര എഴുത്തുകാര്‍ ഒരുപാടുണ്ട്. അതില്‍ മിക്ക ഗോത്രങ്ങള്‍ക്കും സമ്പന്നമായ പദങ്ങള്‍ നിലവിലുണ്ട്. അതുകൊണ്ടുതന്നെ എഴുതാന്‍ അത്ര പ്രയാസം വരുന്നില്ല.

അജയന്‍ മടൂര്‍
ധന്യ വേങ്ങച്ചേരി

കേരളത്തിലെ ആദ്യത്തെ ഗോത്ര എഴുത്തുകാരി ധന്യ വേങ്ങച്ചേരി എഴുതുന്നത് മാവിലന്‍ തുളു ഭാഷയിലാണ്. ഗോത്രഭാഷയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതും നിലവില്‍ ധന്യ വേങ്ങച്ചേരിയാണ്. ധന്യ മാവിലന്‍ തുളു ഭാഷയില്‍ എഴുതുമ്പോള്‍ വാക്കുകളുടെ കുറവ് നേരിടാറുണ്ട്. പകരം ധന്യ പുതിയ വാക്കുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. മലയാളത്തില്‍ പൂമ്പാറ്റ എന്നതുതയൊണ് മാവിലന്‍ തുളുവിലും പറയുന്നത്. പക്ഷെ ഗോത്രപരമായ വാക്കില്ല. അതുകൊണ്ട് ധന്യ പുതിയവാക്ക് തുളു ഭാഷയിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ് (പാറ്റപൊരി). ഇത് എത്രമാത്രം വിജയിക്കും എന്നത് ഒഴിവാക്കിയാല്‍ മനുഷ്യന്‍ വാക്കുകള്‍ കണ്ടെത്തി ഭാഷയുടെ ലോകത്തേക്ക് കടന്നുവന്ന സമ്പന്നമായ ഒരു ഗോത്രലോകം നമുക്കുമുന്നില്‍ തുറന്നുവെക്കുന്നു. കൂടുതല്‍ കൂടുതല്‍ അന്യഭാഷയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ധന്യ മുന്നോട്ടുവെക്കുന്നത് വലിയൊരു പ്രവൃത്തിയാണ്. നമ്മള്‍ ഭാഷയെ മറക്കുന്നു. പുതിയ പദങ്ങള്‍ കൂടുതലും നിര്‍മ്മിക്കുന്നില്ല. പകരം റെഡിമെയ്ഡ് വാക്കുകള്‍ തേടിപോകുന്നു. ധന്യ മലയാളത്തിലെ ചില കവിതകള്‍ മാവിലന്‍ തുളുവിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ഗോത്ര കവികളുടെ കവിതകളും മാറ്റിയിട്ടുണ്ട്. ധന്യ എഴുതുന്ന ഭാഷയില്‍ തന്നെ ആവിഷ്‌ക്കാരം നടത്തുന്ന കവി സുരേഷ് എം. മാവിലന്‍ (സുരേഷ് എം. മഞ്ഞളമ്പര) ഇങ്ങിനെ പ്രതികരിച്ചു: “നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാവിലന്‍ ഗോത്രഭാഷ സംരക്ഷണം നല്ലത് തന്നെ. പക്ഷെ അതിലേക്ക് ഗോത്രവുമായി ബന്ധമില്ലാത്ത പദങ്ങള്‍ മാവിലന്‍ ഗോത്രഭാഷാ പദമായി ചേര്‍ക്കുന്നതില്‍ ആശങ്കയുണ്ട്. പാറ്റ എന്നാല്‍ ‘പാറ്റ’ എല്ലാവര്‍ക്കും അറിയാം ‘പൊരി’ …. ഇത് രണ്ടും മലയാളത്തിലെ രണ്ട് പദങ്ങളാണ്. അതിനെ ചേര്‍ത്ത് വെച്ചാല്‍ എങ്ങയാണ് അത് മാവിലന്‍ ഗോത്രഭാഷയാവുന്നത്….? ഇത് പഴയ പദങ്ങളാണ് താനും… ഇനി നാളെ ആര്‍ക്കും മാവിലന്‍ ഗോത്രഭാഷയാണെന്ന് പറഞ്ഞ് അവര്‍ക്കവര്‍ക്ക് ഇഷ്ടപ്പെട്ട വാക്കുകള്‍ കൂട്ടിച്ചേര്‍ത്താല്‍ മാവിലന്‍ തനത് ഗോത്രഭാഷയ്ക്ക് വിനയാകുമോ എന്ന ഭയമുണ്ട്. കാരണം മംഗലം കളിപ്പാട്ടിനെ തീര്‍ത്തും വികലമാക്കി അവതരിപ്പിക്കുന്നത് പലയിടത്തും കാണാറുണ്ട്. ആ ഒരു തലത്തിലേക്ക് മാവിലന്റെ മാതൃഭാഷയും മാറ്റപ്പെടരുത് എന്ന് ആഗ്രഹിക്കുന്നു.”

അശോകന്‍ മറയൂര്‍

തുടര്‍ ചര്‍ച്ചയില്‍ അശോകന്‍ മറയൂര്‍ പ്രതികരിച്ചു: “നിലവില്‍ ഗോത്ര എഴുത്തുകാരുടെ നിരയില്‍ ധന്യയൊരു മുതിര്‍ന്ന എഴുത്തുകാരിയാണ്. അനുഭവങ്ങള്‍ കൊണ്ടും ആശയംകൊണ്ടും ധന്യ മുന്നോട്ടുവെക്കുന്ന ഈ ആശയങ്ങള്‍ ഗോത്രഭാഷക്കു മാത്രമല്ല മറ്റുഭാഷകള്‍ക്കും ചേര്‍ന്നതാണ്. ഷേക്‌സ്പിയര്‍ പോലും മൂവായിരത്തിലധികം വാക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നമ്മള്‍ ഭാഷയെക്കുറിച്ചു സംസാരിക്കുന്നു. സമരം ചെയ്യുന്നു. നമ്മള്‍ ഭാഷയ്ക്ക് എന്തുചെയ്തു എന്നത് നമുക്ക് മുന്നിലുള്ള വലിയ ചോദ്യമാണ്. പിന്നെ വാക്കുകള്‍കൊണ്ട് ഒരു ഭാഷ സമ്പന്നമാകുകയാണ് ചെയ്യുന്നത്. നശിക്കുമെന്ന് എനിക്കുതോന്നുന്നില്ല.”

സുരേഷ് എം. മഞ്ഞളമ്പര (സുരേഷ് എം. മാവിലാന്‍)

സുകുമാരന്‍ ചാലിഗദ്ധയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു: “ഭാഷകള്‍ ബന്ധുക്കളാണ്. ആവശ്യാനുസരണം മറ്റു ഭാഷകളിലെ വാക്കുകള്‍ ഗോത്രഭാഷയിലേക്ക് ചേര്‍ക്കുക, ഗോത്രഭാഷയിലുള്ളത് മലയാളത്തിലേക്കും ചേര്‍ക്കുക”. ഗോത്ര ഭാഷയുമായി ബന്ധപ്പെട്ട മറ്റൊരു അനുഭവം കൂടി ഇവിടെ പ്രസക്തമായിരിക്കും. അതിരപ്പള്ളി ആനമലയിലെ കാടര്‍ ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക് അവരുടെ വാക്കുകളും സാംസ്‌ക്കാരിക സന്ദര്‍ഭങ്ങളുമുപയോഗപ്പെടുത്തി അങ്കണവാടി പാഠപുസ്തകമുണ്ടാക്കിയ ജീവശാസ്ത്രജ്ഞനും പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്‍ ഡയറക്ടറുമായ അമിതാബച്ചന്‍ പറയുന്നു: “ജിറാഫിന്റെ മലയാളമെന്താണ്? ജിറാഫിനെ കുറിക്കാന്‍ മലയാളത്തില്‍ വാക്കില്ലെങ്കിലും അതിരപ്പിള്ളിക്കടുത്ത ആനമലയിലെ കാടര്‍ക്ക് അതിനു സ്വന്തമായി വാക്കുണ്ട്. ഇന്നുവരെ അവരില്‍ പലരും ജിറാഫിനെ നേരില്‍ കണ്ടിട്ടില്ലെന്നതു സത്യം. എങ്കിലും ചിത്രങ്ങളിലൂടെ പരിചയപ്പെട്ട ആ മൃഗത്തിന് അവര്‍ അരുമയായ ഒരു പേരു കൊടുത്തിരിക്കുന്നു- ‘ഗോപുരക്കഴുത’. തീർന്നിട്ടില്ല. മലയാളിക്കു രാജവെമ്പാല എന്നത് ഒരു പ്രത്യേക ഇനം പാമ്പിനെ സൂചിപ്പിക്കുന്ന വാക്കാണ്. ‘കിങ് കോബ്ര’ എന്ന വാക്ക് വിവര്‍ത്തനം ചെയ്തുവന്നതാവാം. ആ ജീവിക്ക് കാടര്‍ ഭാഷയിലെ പേരറിയാമോ? കൂട്ടുപാമ്പ്. മലയില്‍ കൂടുവച്ചു താമസിക്കുന്ന ഏക പാമ്പായതിനാലാണ് ഈ പേര്.”

മാതൃഭാഷയിലല്ലാതെ മലയാള മാധ്യമത്തില്‍ പഠിക്കേണ്ടിവരുന്ന ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു: “ഏകദേശം മുപ്പത്തഞ്ചിലധികം ഗോത്രവിഭാഗങ്ങളും അമ്പതിലേറെ പട്ടികജാതി വിഭാഗങ്ങളും എൺപതിലധികം പിന്നാക്കവിഭാഗങ്ങളും ജീവിക്കുന്ന കേരളത്തില്‍ ഇപ്പോഴും അവര്‍ക്കനുസൃതമായ രീതിയിലല്ല വിദ്യാഭ്യാസനയം. കാടര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടി പ്രാഥമികവിദ്യാഭ്യാസ കാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഭാഷ. വീട്ടില്‍ കുട്ടികള്‍ കാടര്‍ഭാഷയാണ് സംസാരിക്കുന്നത്. എന്നാല്‍, അങ്കണവാടിയിലും സ്‌കൂളിലും എത്തുന്നതോടെ മാധ്യമം അതുവരെ അപരിചിതമായിരുന്ന മലയാളത്തിലേക്കു മാറുന്നു. ഇന്നലെ വരെ സ്വന്തം ഭാഷയില്‍ ചുറ്റുപാടുകളെ അറിഞ്ഞിരുന്ന കുട്ടിയില്‍ ഇതു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല.” ബച്ചന്‍ ഒരു ഉദാഹരണത്തിലൂടെ അത് വിശദീകരിച്ചു. “മലയാളത്തില്‍ അച്ചടിച്ച പുസ്തകത്തില്‍ നിന്ന് ടീച്ചര്‍ ഒരു ഫ്ളാറ്റിന്റെ ചിത്രം കാണിച്ച് അവനെ ‘വീട്’ എന്ന് പഠിപ്പിക്കുന്നു. വീട് അവന് ‘കൂര’യാണ്. അവന്‍ കണ്ടിട്ടുള്ളതും കൂരകളാണ്. അവരുടെ വണ്ണാന്‍ മലയാളിക്ക് എട്ടുകാലിയാണ്. പൂവന്‍കോഴി ചാത്തപ്പന്‍ കോഴിയും വാതില്‍ വായലുമാണ്. ഇങ്ങനെ കുട്ടികള്‍ അവരുടെ നിത്യജീവിതത്തിലെ മരങ്ങള്‍, സസ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, മീനുകള്‍, പൂവുകള്‍, വ്യക്തിബന്ധങ്ങള്‍ എല്ലാം മറ്റൊരു ഭാഷയില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാവുന്നു.”

ഡോ. അമിതാബച്ചന്റെ നേതൃത്വത്തിൽ കാടർഭാഷയിൽ തയ്യാറാക്കിയ അങ്കണവാടി പുസ്തകം

കാടര്‍ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് സ്വീകരിക്കാവുന്ന 59 വാക്കുകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു: “അധഃസ്ഥിതമെന്ന് കരുതപ്പെടുന്ന ഈ ഭാഷയിലെ 59 വാക്കുകള്‍ക്ക് തദ്സമമായ വാക്കുകള്‍ മലയാളത്തിലില്ല എന്നതാണ് രസകരം. ആ അര്‍ത്ഥത്തില്‍ ഇത് മലയാളഭാഷയ്ക്കുള്ള കാടരുടെ സംഭാവനയാണ്.” വെൺക (മലബാര്‍ ജയന്റ് സ്‌ക്വിറല്‍), കോല്‍വണ്ട് (ഡ്രാഗൺഫ്ളൈ), കുത്തികുളിയാന്‍ (റെഡ് ബുള്‍ബുള്‍), വെൺകപുലി (നീലഗിരി മാര്‍ടെന്‍), ചളുങ്ക് (ഉറുമ്പ്തീനി), പാറ്റാന്‍ (പറക്കും അണ്ണാന്‍) തുടങ്ങിയവയൊക്കെ ഇങ്ങനെ മലയാളത്തിലേക്ക് ചേക്കേറാന്‍ കാത്തുനില്‍ക്കുന്ന വാക്കുകളാണ്.” (പ്രശാന്ത് സുബ്രഹ്‌മണ്യന്‍, മലയാള ഭാഷാദിന പതിപ്പ്, തേജസ്, 2013 നവംബര്‍ 2). എട്ടുവര്‍ഷം മുമ്പ് എഴുതപ്പെട്ട ഈ ലേഖനത്തില്‍ പറയുന്ന വാക്കുകളെ മലയാളം സ്വീകരിച്ചുവോ എന്ന് പരിശോധിച്ചാല്‍ ഇല്ല എന്നായിരിക്കുമുത്തരം. അമ്മിഞ്ഞ എന്ന എത്രയും പ്രിയപ്പെട്ട മലയാള പദമടക്കം പോര്‍ച്ചുഗീസില്‍ നിന്നും കൈരളിയിലേക്ക് വന്നു ചേര്‍ന്നതാണെന്ന് (ഇങ്ങിനെ എത്രയോ പദങ്ങള്‍, എത്രയോ ഭാഷകളില്‍ നിന്ന്) ഈ അവസരത്തില്‍ ഓര്‍ക്കുക.

എന്തായാലും മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിന്നും ആദിവാസി ഭാഷകളും മലയാളവും മുഖാമുഖം നില്‍ക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നുവെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. കേരളം എന്നു പറയുമ്പോള്‍ എത്ര കേരളങ്ങളും ഭാഷകളുമുണ്ടെന്നതിനെക്കുറിച്ചുള്ള ആലോചനകളിലേക്ക് ഈ സംവാദ സന്ദര്‍ഭങ്ങള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

ഇന്ത്യന്‍ ഭാഷകളുടെ മരണങ്ങള്‍ നിത്യവാര്‍ത്തയാകുന്ന കാലമാണിത്. ആദിവാസി മരണങ്ങളോട്, കൊലകളോട് പുലര്‍ത്തുന്ന നിസ്സംഗത തന്നെ ആ മേഖലയില്‍ നിന്നുള്ള ഭാഷകള്‍ ഇല്ലാതാകുന്നതിനോടും പൊതുധാര വെച്ചുപുലര്‍ത്തുന്നു. ചില കണക്കുകള്‍ നോക്കാം. 1961ലെ ദേശീയ കാനേശുമാരി അനുസരിച്ച് ഇന്ത്യയില്‍ 1652 മാതൃഭാഷകളുണ്ടായിരുന്നു. പത്തു വര്‍ഷം കഴിഞ്ഞ് 1971ലെ കാനേശുമാരിയില്‍ 108 മാതൃഭാഷകളായി അത് കുറഞ്ഞു. പത്തു വര്‍ഷത്തിനുള്ളില്‍ 1544 ഭാഷകള്‍ ദേശീയ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായി. (ഭാഷയെക്കുറിച്ച് ഇന്ത്യയിലെമ്പാടും കേള്‍ക്കാറുള്ള ചൊല്ലുണ്ട്, ഓരോ മൈലിലും വെള്ളത്തിന്റെ രുചിയും സ്വഭാവവും മാറും, അതു പോലെ ഓരോ നാലു മൈലിലും ഭാഷയും മാറും. ഭാഷകള്‍ മരിക്കുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നതോടെ ഈ ചൊല്ലുതന്നെ അർത്ഥഹിതമായിത്തീരുന്നു).

ആരുടെ ഭാഷകളാണ് ഇവ്വിധം അപ്രത്യക്ഷമായത്? നാടോടി സമൂഹങ്ങളുടേയും ആദിവാസികളുടേയും. ലിപികളില്ലാത്ത ഭാഷകള്‍ പൊടുന്നനെ ഭാഷകളല്ലാതായി. ഭാഷ പ്രധാനമായും ഉപയോഗിക്കപ്പെട്ടു വരുന്നത് സംസാരിക്കാനാണ് (വാമൊഴി) എന്ന കാര്യം പൂര്‍ണ്ണമായും വിസ്മരിക്കപ്പെട്ടു. ഈ അവസ്ഥയെക്കുറിച്ച്, അതിന്റെ കാരണങ്ങളെക്കുറിച്ച് ഭാഷാ പണ്ഡിതനും പീപ്പിള്‍സ് ലിംഗ്വസ്റ്റിക്ക് സര്‍വേ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ഗണേശ് എന്‍. ദെവി ടെലിഫോൺ അഭിമുഖത്തില്‍ പറഞ്ഞു:
“അച്ചടിയുടെ പുരോഗതിയില്‍, എഴുത്തു സാഹിത്യത്തിന്റെ പ്രാധാന്യത്തില്‍ നാം അപ്പാടെ വിസ്മരിച്ചത് വാമൊഴിയില്‍ മാത്രമുള്ള, സംസാര വിനിമയത്തിനുപയോഗിക്കപ്പെട്ട നൂറു കണക്കിന് ഭാഷകളെയാണ്. അങ്ങിനെയാണ് ദേശീയ ഭൂപടത്തില്‍ നിന്നും നിരവധി ഭാഷകള്‍ അപ്രത്യക്ഷമായത്. ഭാഷാ സംസ്ഥാനങ്ങൾ രൂപപ്പെട്ടപ്പോൾ ​ഗോത്രഭാഷകൾ ന്യൂനപക്ഷ ഭാഷകളായി. ഓരോ ​ഗോത്രത്തിൽപ്പെട്ട ആദിവാസികൾ പല സംസ്ഥാനങ്ങളിലായി വിഭജിക്കപ്പെട്ടു. ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്ന നിലയിലുള്ള ഭാഷയുടെ പശ്ചാത്തലത്തിലുള്ള പരിഗണന ഒരിക്കലും ഈ ഭാഷകള്‍ക്ക് കിട്ടിയതുമില്ല. മറ്റൊന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യ മൂന്നു പതിറ്റാണ്ടുകളില്‍ വന്ന കൂറ്റന്‍ പദ്ധതികളുമായി ബന്ധപ്പെട്ടാണ്. ഈ പദ്ധതികളെല്ലാം വന്നത് വനഭൂമിയിലാണ്. റവന്യൂ ഭൂമി വന്‍കിട കര്‍ഷകരുടെ കൈകളിലായിരുന്നു. അതിനാല്‍ ആ ഭൂമി നഷ്ടപ്പെടാതെ നോക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി. പദ്ധതി നടത്തിപ്പിന് സ്ഥലമില്ല എന്നു പറഞ്ഞപ്പോള്‍ വനഭൂമിയുണ്ടല്ലോ അതെടുക്കാമെന്നായി. അതാണ് സംഭവിച്ചത്. ഓരോ കൂറ്റന്‍ പദ്ധതിയുടെ കാര്യവും പരിശോധിച്ചു നോക്കൂ. ഇപ്പറഞ്ഞ വാസ്തവം കണ്ടെത്താന്‍ കഴിയും. അതോടെ വനമേഖലയില്‍ നിന്നും ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. പലരും കൂറ്റന്‍ ഫാക്ടറികളിലെ ദിവസക്കൂലി തൊഴിലാളികളാക്കപ്പെട്ടു. സ്വന്തം ഇക്കോളജയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ ഇവരുടെ ഭാഷകള്‍ പതുക്കെ പതുക്കെ മൃതമാകാന്‍ തുടങ്ങി. ലിപിയില്ലാത്ത അച്ചടിയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഭാഷകള്‍ മരിച്ചു. ഒരു ഭാഷ സംസാരിക്കുന്ന അവസാനത്തെയാള്‍ ഇല്ലാതാകുന്നതോടെ ആ ഭാഷ മരിക്കുന്നു. അതിനെ നിലനിര്‍ത്താന്‍, ആ ഭാഷയിലൂടെ പകരപ്പെട്ട ജ്ഞാന ലോകം നിലനിര്‍ത്താന്‍ ഒരു വഴിയുമില്ലാതെയാകുന്നു. ഇന്നിപ്പോള്‍ ഭാഷകളുടെ ശ്രേണീകരണം ഡിജിറ്റലി ലൈവ്/ ഡെഡ് എന്ന നിലയിലാണ്. ഡിജിറ്റലി ലൈവ് അല്ലെങ്കില്‍ ആ ഭാഷ മരിച്ചു കഴിഞ്ഞു എന്ന വിലയിരുത്തലാണ് ഇന്നുള്ളത്. ഇന്ത്യയിലെ ആദിവാസി ഭാഷകള്‍ മിക്കതും ഡിജറ്റലി ഡെഡ് ആണ്. അതോടെ ഭാഷയുടെ ഭൂപടത്തില്‍ നിന്നും ഓരോരോ ഭാഷ ഇല്ലാതാകുന്നു. ഇന്ത്യന്‍ ആദിവാസി ഭാഷകള്‍ അനുഭവിച്ച മുറിവുകളെ ഏറ്റവും ചുരുക്കിപ്പറയാന്‍ കഴിയുക ഇങ്ങിനെയാണ്.”

ഗണേശ് എന്‍. ദെവി

ഭാഷയിലെ ഓരോ വാക്കും അതാത് സമൂഹങ്ങളുടെ ജ്ഞാനനിക്ഷേപങ്ങളാണ്. പ്രധാനമായും പ്രകൃതിയെക്കുറിച്ചുള്ള അറിവില്‍ നിന്നാണ് വാക്കുകള്‍ രൂപം കൊള്ളുന്നത്. ഒരു ഭാഷ ഇല്ലാതാകുമ്പോള്‍ അത്തരം അറിവുകള്‍ മനുഷ്യകുലത്തിന് മൊത്തമായി നഷ്ടമാവുകയാണ്. ആ നഷ്ടം ആ ഭാഷാ വിഭാഗത്തിനു മാത്രമല്ല. ഹിമാലയത്താഴ്‌വരയിലെ ഗ്രാമങ്ങളില്‍ മഞ്ഞിന്റെ 90 വകഭേദങ്ങള്‍ വ്യക്തമാക്കുന്ന വാക്കുകളുണ്ടെന്ന് ഗണേശ് എന്‍. ദെവി വ്യക്തമാക്കുന്നു. ഇതില്‍ നിന്നും ഭാഷയുടേയും വാക്കുകളുടേയും പുറപ്പെടല്‍ പ്രകൃതിയില്‍ നിന്നു തന്നെയാണെന്ന് മനസ്സിലാക്കാം. അതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനപ്പെട്ട ആഘാതങ്ങളിലൊന്ന് ഭാഷയിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. മഞ്ഞിന്റെ 90 വകഭേദങ്ങള്‍ പോലെ കൊടുങ്കാറ്റുകള്‍ക്ക് പുതിയ പുതിയ പേരിടല്‍ ഭാഷകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ഒരാഘാതമായാണ് ആഞ്ഞുപതിക്കുന്നത്. ഓരോ കൊടുങ്കാറ്റിന്റേയും പേരുകള്‍ എടുത്തു പരിശോധിച്ചുനോക്കൂ. ഇമ്പമുള്ള പേരുകള്‍ കൊണ്ട് ആഘാതത്തെ കുറക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും കാണാം. എന്നാല്‍ കൊടുങ്കാറ്റുകള്‍ ഓരോ പേരുകളുടേയും അരുമത്തങ്ങളെ കശക്കി എറിഞ്ഞു കളയുന്നു. ഭാഷയില്‍ കൊടുങ്കാറ്റുകള്‍ വിതക്കുന്നത് എന്താണ്? ഇന്നത്തെ ഭാഷയേയും സംസ്‌ക്കാരത്തേയും തൊട്ടറിയാനുള്ള ‘ആന്ത്രപ്പോളജിക്കല്‍ ലോഞ്ചറാ’യി ഇക്കാര്യം മാറിക്കഴിഞ്ഞിരിക്കുന്നു.

അടുത്തകാലം വരെ മലയാളം പാഠാവലിയില്‍ ഉ എ അക്ഷരം പഠിക്കാന്‍ ഉറി എന്ന വസ്തുവിനെ സചിത്രം പരിചയപ്പെടുത്തുകയായിരുന്നു പതിവ്. എന്നാലിപ്പോള്‍ ‘ഒരുമയുടെ ആഘോഷം’ പാഠ ഭാഗത്ത് അധിക പ്രവൃത്തികളുടെ കൂട്ടത്തിലാണ് ഉറിയുള്ളത്. ഉറിയില്ലാത്ത വീടുകളില്‍ നിന്നും വരുന്ന കുട്ടികളെ ആ വാക്ക് പഠിപ്പിക്കാന്‍ ആവില്ല. അവരോട് ഉറയില്‍ നിന്നും വെണ്ണ കട്ടെടുത്ത കണ്ണനെക്കുറിച്ചും എങ്ങിനെ പറഞ്ഞു കൊടുക്കും? ഇങ്ങിനെ ഉറിക്കും കൊടുങ്കാറ്റുകള്‍ക്കുമിടയില്‍ ഭാഷയുടെ അതിജീവനം അതിസങ്കീര്‍ണ്ണമായി മാറിയിരിക്കുന്നു. ഗോത്ര ഭാഷകള്‍ ഇത് കൂടുതലായി അനുഭവിക്കുകയും ചെയ്യുന്നു. ഇക്കോ സിസ്റ്റത്തിന് പുറത്തേക്കെറിയപ്പെടുമ്പോള്‍ മനുഷ്യനും ഭാഷക്കും സംഭവിക്കുന്നത് ഒരേ കാര്യമാണ്.

ഗോത്രവിഭാഗമായ സാന്താളുകള്‍ക്ക് മാതൃഭാഷ നഷ്ടമാകുതിനെക്കുറിച്ച് സാറാ ജോസഫിന്റെ നോവല്‍ ‘ബുധിനി’യില്‍ ഇങ്ങിനെ വായിക്കാം:
രൂപി മുര്‍മു ഒരു സന്താള്‍ ജീവിതം ജീവിക്കുന്നുണ്ടെന്ന് പറഞ്ഞുകൂടാ. അവള്‍ ഡള്‍ഹിയില്‍ ജനിച്ചു വളർന്നു. റെയില്‍വേ ഉദ്യോഗസ്ഥനാണ് അവളുടെ ബാബാ ജോസഫ് ജോബോന്‍ മുര്‍മു. നോര്‍ത്ത് ഈസ്‌റ്റേൺ റെയില്‍വേയുടെ പല ഭാഗങ്ങളിലേക്ക് അയാള്‍ക്കിടക്കിടെ സ്ഥലം മാറ്റമുണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് വിഷമത്തിലായത് കുട്ടികളാണ്. രൂപിയും ആനന്ദിയും. അവരുടെ പഠിപ്പ് മുറിഞ്ഞും തുന്നിച്ചേര്‍ത്തും മുടന്തിയാണ് നീങ്ങിയത്. പലപ്പോഴും പ്രാദേശിക ഭാഷകള്‍ കുട്ടികളെ വിഷമിപ്പിച്ചു. ഒരിടത്തവരത് സ്വായത്തമാക്കുമ്പോഴേക്കും അയാള്‍ക്ക് വേറൊരിടത്തേക്ക് സ്ഥലം മാറ്റം കിട്ടി. കോളേജ് വിദ്യാഭ്യാസമായപ്പോഴേക്ക് ദല്‍ഹിയില്‍ അവര്‍ക്കൊരു ചെറിയ വീടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. കുട്ടികള്‍ ഹിന്ദിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. ഇംഗ്ലീഷ് സംസാരിക്കണമെന്ന് ജോബോന്‍ അവരെ നിര്‍ബന്ധിച്ചു. അവരുടെ അമ്മ ശാല്‍നി മുര്‍മു ബാംഗ്ലയും സന്താളിയും സംസാരിച്ചു. എന്നാല്‍ എല്ലാവരും വീട്ടിനുള്ളില്‍ സന്താളി മാത്രം സംസാരിക്കണമെന്ന് രൂപിയുടെ ദാദു ജ​ഗദ്വീപ് മുര്‍മു ശഠിച്ചു. അറിയാതെയെങ്കിലും കുട്ടികള്‍ ഇംഗ്ലീഷ് പറഞ്ഞു പോയാല്‍ വൃദ്ധന്‍ ഇടപെടും. വെളുത്ത പിശാചിന്റെ ഭാഷ പറയുന്നതെന്തിന്? ഇത് ഇത്ര വലിയ അഭിമാനമോ നിങ്ങള്‍ക്ക്? ‘ഇതിലെന്തിനാണിത്ര വികാരം കൊള്ളുന്നത് ബാബ’? ജോബോന്‍ ചോദിക്കും. ‘കാലം പോയത് മനസ്സിലാക്കുന്നില്ലേ? ഞാന്‍ തന്നെ അധികവും ഇംഗ്ലീഷല്ലേ സംസാരിക്കുന്നത്? ഹിന്ദി പോലും പറയാന്‍ എനിക്ക് പലപ്പോഴും അവസരം കിട്ടുന്നില്ല. പിന്നെയല്ലേ സന്താളി!’
‘വീട്ടിലെന്തിനാണ് ഇങ്കിരിസ്’?
അയാള്‍ ഒരിക്കലും ഒരു ഗ്ലാസിനെ ഗ്ലാസ് എന്നു പറയാന്‍ സമ്മതിച്ചില്ല. ‘ലോട്ട. ലോട്ട എന്ന് പറയ് ആനന്ദീ.’
കുട്ടികള്‍ക്ക് അതൊരു തമാശയാണ്. ‘യോ, ഒരു ലോട്ട വെള്ളം തരൂ യോ.’ അവര്‍ അമ്മയെ വിളിച്ചു.
ജഗദ്വീപ് മുര്‍മുവിന് മുഖം വീര്‍പ്പിക്കാനേ നേരമുള്ളൂ. ശാല്‍നിക്ക് അതു നന്നായി മനസ്സിലാകും. ‘നിങ്ങളുടെ ദാദു പറഞ്ഞതാണ് ശരി’. സ്വന്തം ഭാഷ സംസാരിച്ചു ശീലിക്കൂ. ഒരു കോടി സന്താളിന് ഒരൊറ്റ വാക്ക് എന്നാണ് ചൊല്ല്. അറിയാമോ?’.

നോവലിലെ ഈ കുടുംബം വികസന ഇരകളാണെന്നു പറയാന്‍ കഴിയില്ല. റെയില്‍വേയില്‍ ജോലിയുള്ളയാളുടെ കുടുംബമാണിത്. പക്ഷെ അവര്‍ക്കും സന്താളി ഭാഷ നഷ്ടമാകുന്നു. അപ്പോള്‍ വന്‍കിട ഫാക്ടറികളുടേയും കൂറ്റന്‍ അണക്കെട്ടുകളുടേയും പേരില്‍ കുടിയിറക്കപ്പെട്ട ഇടത്തരം നഗരങ്ങളിലെ ചേരികളില്‍ വന്ന് അടിഞ്ഞു ചേര്‍ന്ന മനുഷ്യരുടെ കാര്യമോ? സ്വാതന്ത്ര്യം ലഭിച്ച് ആദ്യ മൂന്നു പതിറ്റാണ്ടിനിടയില്‍ (അണക്കെട്ടുകള്‍ ക്ഷേത്രങ്ങളാക്കപ്പെട്ട കാലത്ത്) മാതൃഭാഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മരിച്ച ഭാഷകളുടെ പട്ടികയാണ് അവതരിപ്പിക്കപ്പെടാറ്. യൂറോപ്പിലും അമേരിക്കയിലും ജിപ്സികള്‍ക്ക് തങ്ങളുടെ റൊമാനി ഭാഷ നഷ്ടപ്പെട്ടു. നാടോടി ജീവിതത്തിനിടയിലാണ് അത് സംഭവിച്ചത്. ആദിവാസികളെ വന്‍ പദ്ധതികള്‍ ഇന്ത്യയില്‍ പലയിടത്തും നാടോടികളാക്കി മാറ്റി. അതുവഴി അവര്‍ക്കും മാതൃഭാഷകള്‍ നഷ്ടപ്പെട്ടു. ഭാഷയെക്കുറിച്ചും തങ്ങളുടെ ഇക്കോളജിയെക്കുറിച്ചും കേരളത്തിലെ ഗോത്ര കവികള്‍ ഉയര്‍ത്തിയ ചര്‍ച്ച ഇത്തരത്തില്‍ നിരവധിയായ കാര്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഭാഷയും കവിതയും ഭക്ഷണവും മണ്ണും- നിരവധി ചോദ്യങ്ങളുമായി അവര്‍ മലയാളത്തെ വളയുന്നു.

Also Read

11 minutes read December 5, 2021 5:58 am