Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ആ വാഗ്ദാനങ്ങളോരോന്നും പൊള്ളയായിരുന്നുവെന്ന യാഥാർത്ഥ്യമാണ് കഴിഞ്ഞ പത്ത് വർഷത്തെ ഭരണം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്. പത്ത് വർഷത്തിനിടയിൽ മോദി ഭരണം പരിസ്ഥിതിക്ക് ഏൽപിച്ച ആഘാതങ്ങൾ അത്രമേൽ വലുതായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ ചേർന്ന് തയ്യാറാക്കിയ വിശകലന റിപ്പോർട്ട്. മഹാരാഷ്ട്ര ചാപ്റ്റർ ഓഫ് ദി പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസും (PUCL) ഫ്രെയ്‌ഡേയ്‌സ് ഫോർ ഫ്യൂച്ചറും, ബഹുത്വ കർണാടകയും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ട് കേന്ദ്ര സർക്കാർ പരിസ്ഥിതി വിഷയത്തിൽ നടത്തിയ വാഗ്‌ദാന ലംഘനങ്ങളുടെ വലിയ പട്ടിക പുറത്തുവിടുന്നു. ‘Guarantee Check: State of India’s Environment Over the Last Decade – An Exacerbating Crisis’ എന്ന ഈ റിപ്പോർട്ട് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്നോട്ടുവെച്ച അവകാശവാദങ്ങളും പത്ത് വർഷത്തിനിപ്പുറമുള്ള യാഥാർഥ്യങ്ങളും വിശകലനം ചെയ്യുകയാണ്.
2023ൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി കൃത്യമായ ആസൂത്രണത്തോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ മുന്നോട്ടുപോകുന്നത് എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രസംഗം. അതേവർഷം തന്നെയാണ്, ‘സമ്പദ് വ്യവസ്ഥയും പരിസ്ഥിതിയും ഒന്നിച്ചുചേർന്നുള്ള മുന്നോട്ടുപോക്കിന് ഉദാഹരണമാണ് ഇന്ത്യ’ എന്ന് കാലാവസ്ഥാ ഉച്ചകോടിയിൽ വെച്ച് അദ്ദേഹം പറയുന്നതും.
പക്ഷേ, നടന്നത് ഇതിന് നേർവിപരീതമായ കാര്യങ്ങളാണ് എന്നാണ് ഈ റിപ്പോർട്ട് കാണിച്ചു തരുന്നത്. ഇന്ത്യയുടെ വനഭൂമിയെയും തീരദേശത്തെയും വനാശ്രിത സമൂഹങ്ങളെയും ഒരുപോലെ സംരക്ഷിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നൽകിയ ഉറപ്പ്. പരിസ്ഥിതി നിർവ്വഹണ സൂചകങ്ങൾ (Environmental Performance Indicators) സർക്കാരിന്റെ നയമാറ്റങ്ങൾ നമ്മുടെ തീരദേശത്തെയും വനത്തെയും ഹിമാലയത്തെയും ഒക്കെ എങ്ങനെ ബാധിച്ചുവെന്ന് കാണിച്ച് തരുന്നുണ്ട്.
ഇന്ത്യയിലെ തീരദേശത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് 2014ലെ ബി.ജെ.പിയുടെ പ്രകടന പത്രിക പറയുന്നു. എന്നാൽ ഇതിന് നേർവിപരീതമായ നിയമങ്ങളാണ് പിന്നീട് അവർ കൊണ്ടുവരുന്നത്. തീരദേശത്തെ ഉപജീവനത്തിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായും കൊണ്ടുവന്ന 2011ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം (Costal Regulation Zone Notification- CRZ) നിരവധി തവണ ഭേദഗതി വരുത്തുകയും മുമ്പ് നിയന്ത്രിച്ചിരുന്ന പല നിർമ്മാണ പ്രവർത്തനങ്ങളും വീണ്ടും കൊണ്ടുവരികയും അത് പുരോഗമിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
2015 ഡിസംബർ 30ന് കൊണ്ടുവന്ന ഭേദഗതി അതിനൊരു ഉദാഹരണമാണ്. CRZ 1 ഏരിയയിൽ റോഡ് നിർമ്മാണത്തിനുള്ള അനുമതിയായിരുന്നു ഈ ഭേദഗതി. മുംബൈ തീരദേശ റോഡ് നിർമാണ പ്രോജക്ടിന് വഴിവെച്ചത് ഈ ഭേദഗതിയാണ്. അതേ വർഷം ഫെബ്രുവരിയിൽ വന്ന ഭേദഗതി CRZ 4 ഏരിയയിൽ സ്മാരകങ്ങളോ പ്രതിമകളോ നിർമ്മിക്കാൻ പാടില്ലെന്ന നിയമത്തെയാണ് കാറ്റിൽ പറത്തിയത്. ഇതുപ്രകാരമാണ് അറബിക്കടലിന്റെ നടുവിൽ ഛത്രപതി ശിവജി പ്രതിമ നിർമ്മിക്കാൻ മഹാരാഷ്ട്ര ഗവൺമെന്റ് തീരുമാനിക്കുന്നത്. ഒരു പബ്ലിക് നോട്ടീസ് പോലും നൽകാതെയാണ് ഇത്തരം ഭേദഗതികൾ വരുത്തുന്നതെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. അമിതമായ വികസന പ്രവർത്തനങ്ങൾ കാരണം വീർപ്പുമുട്ടുന്ന മുംബൈ നഗരം സമുദ്ര നിരപ്പ് ഉയരുന്നതിനാൽ വലിയ ഭീഷണി നേരിടുന്നുണ്ടെന്ന വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ മുന്നറിയിപ്പിനെക്കുറിച്ചും ഈ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നുണ്ട്.
നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഓരോന്നും ലഘൂകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നത് കാരണം 1382 ദ്വീപുകളാണ് ഇന്ത്യയിൽ നിലനിൽപ്പ് ഭീഷണി നേരിടുന്നത്. ഉയരുന്ന സമുദ്ര ജലനിരപ്പും കാലം തെറ്റിവരുന്ന ചുഴലിക്കാറ്റുകളും ദ്വീപുകളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. 72,000 കോടി രൂപയുടെ നിക്കോബാർ മെഗാ പ്രൊജക്റ്റ് നിലവിലെ സർക്കാരിന് കീഴിൽ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. 130 സ്ക്വയർ കിലോമീറ്റർ കാട് വെട്ടിത്തളിച്ച് എയർപോർട്ടും വലിയ ടൗൺഷിപ്പുകളും തുടങ്ങാനുള്ള പദ്ധതിയാണിത്. ആദിവാസി വിഭാഗങ്ങളായ ഓങ്കേ, ഷോംപ്മെൻ, നിക്കോബാറി എന്നിവരുടെ പൂർണമായ പുറംതള്ളലിലേക്കായിരിക്കും ഈ പദ്ധതി ചെന്നെത്തുക.
വനപരിപാലനത്തിൽ 1980 ലെ വനസംരക്ഷണ നിയമം (Forest Conservation Law-1980) ഏറെ പ്രധാനമാണ്. കാലങ്ങളായി നിലനിൽക്കുന്ന ഈ നിയമത്തിൽ ഭേദഗതി വരുത്തിയാണ് 2023 ൽ സർക്കാർ ഇന്ത്യയുടെ വനമേഖലയുടെ ഏകദേശം 25 ശതമാനം നഗരവത്കരണത്തിനും ഖനനത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി നീക്കിവെച്ചത്. ഇത് ആദിവാസി വിഭാഗങ്ങളെയും വനത്തിനെ ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയും സമൂലമായി ബാധിച്ചു. ആദിവാസികളെ സംരക്ഷിക്കുമെന്നും അവരുടെ വളർച്ചയെ സഹായിക്കുമെന്നും പറയുന്ന 2014ലെ ബി.ജെ.പി പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇവിടെ നുണയാകുന്നത്.
ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തെ പച്ചപ്പ് തുടച്ചുനീക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 2023ലെ ഗ്രീൻ ക്രെഡിറ്റ് റൂൾ അനുസരിച്ചാണ് ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം ആരംഭിക്കുന്നത്. ഉപയോഗക്ഷമമല്ലാത്ത ഭൂമികളിൽ മരം വെച്ചുപിടിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വർധിച്ചു വരുന്ന വനനശീകരണത്തിന് ഒരു പരിഹാരമായിട്ടാണ് സർക്കാർ ഈ പദ്ധതി മുന്നോട്ടുവെച്ചത്. എന്നാൽ 2024ൽ പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (Ministry of Environment Forest and Climate Change(MoEFCC) പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് പരിസ്ഥിതിയുടെ നിലനിൽപ്പിന് അനിവാര്യമായ തുറന്ന വനങ്ങളിലും തരിശുഭൂമികളിലും മരംവെച്ചു പിടിപ്പിക്കുന്ന നടപടിക്രമങ്ങളിലേക്കാണ് ഉദ്യോഗസ്ഥർ നീങ്ങിയത്. ഇത് അശാസ്ത്രീയമാണെന്ന് മാത്രമല്ല, പരിസ്ഥിതിയുടെ തുലനാവസ്ഥയെ നേരിട്ട് ബാധിക്കുന്നതുമാണ്. ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന്റെ ഭാഗമായി വച്ചുപിടിപ്പിക്കാൻ ആലോചിക്കുന്ന വനം ഒരിക്കലും സ്വാഭാവിക വനഭൂമിക്ക് പകരമാകില്ല, നേരത്തെ സൂചിപ്പിച്ചതുപോലെ അതിന് വിനാശമാകാനും സാധ്യതയുണ്ട്.
മലിനീകരണ നിയന്ത്രണത്തിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് വെളിവാക്കുന്ന റിപ്പോർട്ടുകളാണ് പിന്നീട് അവർ അവതരിപ്പിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങൾക്കുള്ള വാതിൽ തുറന്നിടുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. 2015 ന്റെ തുടക്കത്തിലും 2017 അവസാനത്തിലുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് സർക്കാർ കൊടുത്ത നിർദ്ദേശത്തിൽ മലിനീകരണമുണ്ടാക്കുന്ന 206 തരം വ്യവസായങ്ങളിൽ 146 എണ്ണത്തിനെ പതിവ് പരിശോധനകളിൽ നിന്നും ഒഴിവാക്കണമെന്നു നിർദ്ദേശിക്കുന്നു. ഇതിന്റെ ഫലമായി ആഗോളതലത്തിൽ ഏറ്റവുമധികം മലിനീകരണം നേരിടുന്ന 10 രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്.
അടുത്ത തലമുറയ്ക്കായി പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കും എന്ന് മോദി പറയുന്നത് പാരീസിലെ എലീസി പാലസിൽ വച്ചാണ്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കൽക്കരി ഖനനം സ്വകാര്യവൽക്കരിക്കാനുള്ള അവസരത്തെ സർക്കാർ മുതലെടുക്കുകയും 2023 ലെ മൈൻസ് ആൻഡ് മിനറൽസ് ആക്ടിലെ ഭേദഗതികളിലൂടെ ഖനനാനുമതികളും ലൈസൻസുകളും കൂടുതൽ കൊടുക്കുകയും തൽഫലമായി ഒഡിഷ, ഛത്തീസ്‌ഗഡ്, ഝാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ വൻ തോതിൽ പാരിസ്ഥിതികവും സാമൂഹികവുമായ വിനാശത്തിന് കാരണമാവുകയും ചെയ്തു.
2019 ലെ ബി.ജെ.പി മാനിഫെസ്റ്റോയിൽ ഹിമാലയ പർവ്വതത്തിലെ വനഭൂമിയെ സംരക്ഷിക്കുമെന്നും ഹിമാലയൻ ഭൂമിയുടെ ദുർബലതയും അവിടങ്ങളിലെ പ്രകൃതി ദുരന്തസാധ്യതയും മനസിലാക്കി അവയെ പ്രതിരോധിക്കാനുള്ള ശേഷി വർധിപ്പിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ദുരന്ത ലഘൂകരണത്തിന് പകരം ദുരന്തസാധ്യത വർധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. പരിസ്ഥിതിലോല പ്രദേശമായ ഹിമാലയം വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ല എന്ന റിപ്പോർട്ടുകളെ വകവെയ്ക്കാതെ നൂറുകണക്കിന് വൻ ഹൈഡ്രോ ഇലക്ട്രിക് ഡാമുകൾ നിർമ്മിക്കുന്നതിനായി കിലോമീറ്ററുകളോളമാണ് ഹിമാലയൻ പ്രദേശങ്ങൾ തുരന്നത്. തീർത്ഥാടനകേന്ദ്രങ്ങളായ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്,ബദ്രിനാഥ് എന്നിവയെ ബന്ധിപ്പിക്കുന്നതിനായി 900 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഹൈവേ ചർ ധാം പ്രൊജക്ട് നടപ്പിലാക്കിയതും ഇതേ സർക്കാരാണ്. ഹിമാലയത്തിൽ മല തുരന്നുള്ള വികസനപ്രവർത്തനങ്ങൾ കുന്നിടിച്ചിലും മഞ്ഞുരുകിയുള്ള പ്രളയവും അടക്കം വലിയ പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന ശാസ്ത്രീയ റിപ്പോർട്ടുകളെയും മറ്റും തള്ളിയായിരുന്നു ഇവരുടെ നിർമ്മാണ പ്രവർത്തനങ്ങൾ. ചർ ധാം റോഡിന്റെ നിർമ്മാണ സമയത്ത് തന്നെ തുരങ്കം ഇടിഞ്ഞുവീണ് 41 തൊഴിലാളികൾ രണ്ടാഴ്‌ചയോളം അകപ്പെട്ടിരുന്നു. 2023 ഒക്ടോബറിൽ സിക്കിമിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ പെട്ട് 40 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആയിരത്തോളം പേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. സ്റ്റേറ്റ് ഡിസാസ്റ്റർ ഡിപാർട്ട്മെന്റിന്റെ കണക്കനുസരിച്ച് ഉത്തരാഘണ്ഡിൽ 2900 ശതമാനം വർധനവാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. 2015ൽ 33 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2020ൽ 972 സംഭവങ്ങളാണ് മണ്ണിടിച്ചിൽ സംബന്ധമായി റിപ്പോർട്ട് ചെയ്തത്. 2022 വരെയുള്ള അഞ്ച് വർഷത്തിനിടക്ക് 37 പാലങ്ങളാണ് ഉത്തരാഘണ്ഡിൽ മാത്രം തകർന്നുവീണത്. 27 എണ്ണം തകർച്ചയുടെ വക്കിലാണുതാനും.
പരിസ്ഥിതി പ്രവർത്തകരെ നിശബ്ദരാക്കുന്ന ബി.ജെ.പി സർക്കാരിനെയാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ചിന്തകളിലും പ്രവർത്തനങ്ങളിലും സുസ്ഥിരത ഉറപ്പുവരുത്തുമെന്ന 2014 ലെ മാനിഫെസ്റ്റോയ്ക്ക് വിരുദ്ധമായിരിന്നു ഈ നിലപാട്. Foreign Contributions Regulation Act (FCRA) ന് കീഴിൽ നിരവധി പരിസ്ഥിതി പ്രവർത്തകരെ അപകീർത്തിപ്പെടുത്തുകയും പൊലീസ് ക്രൂരതകൾക്കിരയാക്കുകയും ചെയ്തു. കാലാവസ്ഥാ പ്രവർത്തകയും ഫ്രൈഡെയ്‌സ് ഫോർ ഫ്യൂച്ചറിന്റെ സ്ഥാപകയുമായ ദിശ രവിയുടെ അറസ്റ്റ് അത് വ്യക്തമാക്കുന്നതാണ്. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിന് പിന്തുണ നൽകിയും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റാ തുംബെർഗ് അവതരിപ്പിച്ച ടൂൾകിറ്റ് പ്രചരിപ്പിച്ചും സർക്കാറിനെതിരെ ഗൂഡാലോചനയിൽ പങ്കെടുത്തുവെന്ന് പറഞ്ഞാണ് ദിശ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ദലിത് പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ അടക്കം പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മുന്നേറ്റത്തെ ക്രൂരമായി അടിച്ചമർത്തുന്ന നയമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. അത്തരം അടിച്ചമർത്തലുകൾക്ക് നേതൃത്വം കൊടുക്കുന്ന കോർപ്പറേറ്റ് ശക്തികൾക്ക് വലിയ പിന്തുണയും കൊടുക്കുന്നു. 2018ൽ തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് വെടിവെപ്പിലും ലാത്തിച്ചാർജ്ജിലും പരിക്കേൽക്കുകയും ചെയ്തു. തൂത്തുകുടിയിൽ പ്രവർത്തിക്കുന്ന വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ നിർമാണ് യൂണിറ്റിനെതിരായ സമരമായിരുന്നു വെടിവെപ്പിൽ കലാശിച്ചത്. പ്രതിഷേധിക്കുന്ന സാധാരണക്കാരെ നിശബ്ദമാക്കുന്ന ഭരണകൂട നയങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ് തൂത്തുകുടി സംഭവം.
പ്രകൃതിദുരന്തങ്ങൾ അഭിമുഖീകരിക്കാൻ കെൽപ്പുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നായിരുന്നു 2014ലെ ബി.ജെ.പി മാനിഫെസ്റ്റോ പ്രഖ്യാപനങ്ങളിലൊന്ന്. വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ റിപ്പോർട്ടനുസരിച്ച് പ്രകൃതി ദുരന്തങ്ങളിൽ 2022ൽ മാത്രം ഇന്ത്യക്ക് 4.2 ബില്യൺ ഡോളറിന്റെ നഷ്ടം കണക്കാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നേരിടുന്ന ഏറ്റവും ദുർബലമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥിരമായി മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുന്നു. 2022ലെ അതിശക്തമായ മഴ 1.3 മില്യൺ ജനങ്ങളുടെ ജീവിതത്തെയാണ് ബാധിച്ചത്. 2000ത്തിലെറെ പേർ മരണപ്പെടുകയും ചെയ്തു. 2021ൽ കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങളിൽ 1750 പേർക്ക് ജീവഹാനി സംഭവിക്കുകയും 3.2 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. 2023ൽ 275 ദിവസത്തിൽ 235 ദിവസവും ഏതെങ്കിലും തരത്തിലുള്ള കാലാവസ്ഥാ ദുരന്തത്തിന് രാജ്യം സാക്ഷിയായിട്ടുണ്ടത്രെ. ഈ വർഷം ജനുവരിക്കും സെപ്തംബറിനും ഇടയിലായി മാത്രം 2923 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1.84 മില്യൺ കൃഷിയിടം നാമാവശേഷമാകുകയും 80,563 വീടുകൾ നശിക്കുകയും ചെയ്തു.
തുടർച്ചയായി കാലാവസ്ഥാ വ്യതിയാത്തിന്റെ കെടുതികൾ നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്ത് നടക്കുന്ന കാലാവസ്ഥാ ദുരന്തങ്ങൾ വിശകലനം ചെയ്യുന്ന ക്രോസ് ഡിപെൻഡൻസി ഇനിഷ്യേറ്റീവ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2050ൽ ഏറ്റവും കൂടുതൽ കാലാവസ്ഥാ ദുരന്തം നേരിടുന്ന 50 രാജ്യങ്ങളുടെ കൂട്ടത്തിൽ മൂന്നാമതായാണ് ഇന്ത്യയുടെ സ്ഥാനം അവർ അടയാളപ്പെടുത്തുന്നത്.
2024ലെ മാനിഫെസ്റ്റോയിലും പതിവ് വാഗ്ദാനങ്ങൾ ബി.ജെ.പി തുടരുകയാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയുന്നതിനൊപ്പം ബിസിനസ് സംരംഭകർക്ക് ഇളവുകൾ നൽകുന്നതിനെക്കുറിച്ചും നിരവധി വ്യവസായ ഇടനാഴികൾ ആരംഭിക്കുന്നതിനെക്കുറിച്ചും അതേ മാനിഫെസ്റ്റോയിൽ പറയുന്നുണ്ട്. കാലാവസ്ഥാ മാറ്റത്തെ പരിഗണിക്കാതെയുള്ള ഈ വികസന വാഗ്ദാനങ്ങൾ പാർശ്വവത്കൃത സമൂഹങ്ങളെയും ഭാവി തലമുറയെയും കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ‘Guarantee Check: State of India’s Environment Over the Last Decade – An Exacerbating Crisis’ റിപ്പോർട്ട് ഉപസംഹരിക്കുന്നത്.