Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സമൂഹ മാധ്യമങ്ങളിൽ നിന്നും ബി.ബി.സിയുടെ ഡോക്യുമെന്ററി കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്. 2002ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ കലാപത്തെ വിശകലനം ചെയ്യുന്ന ഈ ഡോക്യുമെന്ററി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് ആ കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദിയെന്ന് സമർത്ഥിക്കുന്നു. അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഇപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്.
2002ലെ കലാപത്തെ നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നവരെ സംബന്ധിച്ച് ഈ ഡോക്യുമെന്ററി പുതിയതായി ഒന്നും വെളിപ്പെടുത്തുന്നില്ല. അന്നത്തെ മുഖ്യമന്ത്രിക്ക് അക്രമത്തിൽ പങ്കുണ്ട് എന്ന് പറയുന്നത് പെരുപ്പിച്ചു കാട്ടുന്നതാണ് എന്ന് പരാതി പറയുന്നവർ, മോദിയുടെ ഏറ്റവും അടുത്ത മിത്രമായ കേന്ദ്ര ആഭ്യന്തര മന്ത്രി കുറച്ചുനാളുകൾക്ക് മുമ്പ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 2002ലെ കലാപത്തെക്കുറിച്ച് വീരവാദം മുഴക്കിയത് ഓർമ്മിക്കുക. അന്ന് അദ്ദേഹം പറഞ്ഞത് ഇനിയൊരിക്കലും തലപൊക്കാൻ കഴിയാത്ത വിധം കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചു എന്നും ഗുജറാത്തിനെ അത് സ്ഥിരമായ സമാധാനത്തിലേക്ക് നയിച്ചു എന്നുമാണ്.
ആ ഒരു വീമ്പിളക്കല്ലിന്റെ പിന്നിലെ ഗൂഢ സന്ദേശം അത്ര അവ്യക്തമൊന്നുമല്ല. ഹിന്ദുത്വവാദികളുടെ നിഘണ്ടുവിൽ എപ്പോഴും കലാപകാരികൾ എന്നാൽ മുസ്ലീങ്ങളാണ്. ഹിന്ദുക്കൾക്ക് കലാപകാരികൾ ആകാനോ അക്രമം പ്രവർത്തിക്കാനോ കഴിയില്ല. അക്രമം നേരിടേണ്ടി വരുമ്പോൾ തിരിച്ചടിക്കാൻ അവർ നിർബന്ധിതരാവുകയാണ്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയുടെ അർത്ഥം വളരെ വ്യക്തമാണ്. 2002ൽ നടന്നതിനെ ഗുജറാത്തിലെ ഹിന്ദുക്കളെ ഓർമിപ്പിക്കുകയും അദ്ദേഹം തന്നെ അതിൽ ഊറ്റം കൊള്ളുകയുമാണ് ചെയ്തത്. അതുപോലെ പരോക്ഷമായ രീതിയിൽ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു. എന്തൊക്കെയാണെങ്കിലും 2002ൽ ഗുജറാത്തിൽ കലാപം ഉണ്ടായത് ഇനിയൊരിക്കലും തലപൊക്കാൻ ആകാത്ത വിധം മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു എന്നാണ് ആഭ്യന്തരമന്ത്രി ആ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഇത്തരത്തിൽ ഗുജറാത്ത് കലാപത്തെ വാഴ്ത്തിപ്പാടുമ്പോൾ അതിന്റെ ഉത്തരവാദിത്വം കൂടിയാണ് അദ്ദേഹം ഏറ്റെടുക്കുന്നത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതുതന്നെയാണ് ബിബിസിയുടെ ഡോക്യുമെന്ററിയും പറയുന്നത്. എന്നാൽ ഇതൊരു പുതിയ വസ്തുതയല്ല താനും. എന്നാൽ ഡോക്യുമെൻററി പുറത്തുവന്നതോടെ ഇന്ത്യയിലെ ഔദ്യോഗിക വൃത്തങ്ങളെ ഇത് ഇളക്കിമറിച്ചു. പ്രത്യേകിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ഡോക്യുമെന്ററിയിലെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തോട് വളരെ ശക്തമായാണ് പ്രതികരിച്ചത്. ബി.ബി.സിയുടെ അധിനിവേശ മനഃസ്ഥിതിയുടെ ഉദാഹരണമാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ ഡോക്യുമെന്ററിയിൽ പുതുതായി ഒന്നുമില്ല എന്നും പറയാനാകില്ല. ഗുജറാത്ത് അക്രമത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് സർക്കാർ സ്വതന്ത്രമായ അന്വേഷിക്കുകയും മോദി ഈ ആക്രമങ്ങൾക്ക് നേരിട്ട് ഉത്തരവാദിയാണ് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു എന്ന വിവരമാണ്, അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ മോദിയെ പ്രതിരോധത്തിൽ ആക്കുന്നത്. പ്രത്യേക കാരണങ്ങളാൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ റിപ്പോർട്ട് ബി.ബി.സിയിലെ നിർമ്മാതാവിന്റെ കൈകളിൽ എത്തുകയും ഈ കലാപത്തെ പറ്റി കൂടുതൽ അന്വേഷിക്കാൻ അവരെ അത് പ്രേരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ നടന്ന ഒരു അക്രമ സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ബ്രിട്ടീഷ് സർക്കാരിന് എന്ത് അവകാശമാണുള്ളത് എന്ന് ചോദിക്കുന്ന അനേകർ ഇന്ത്യയിലുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അല്ലേ ഇതെന്നാണ് അസ്വസ്ഥരായ അവർ ചോദിക്കുന്നത്. ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത് തങ്ങളാണ് എന്ന് ബ്രിട്ടീഷുകാർ കരുതുന്നുണ്ടോ? എന്നാൽ ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് പൗരന്മാരുടെ അഭ്യർത്ഥനപ്രകാരമാണ് ഇത്തരമൊരു അന്വേഷണം ബ്രിട്ടീഷ് സർക്കാർ നടത്തിയത് എന്നാണ് ആ സമയത്തെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജാക്ക് സ്ട്രോ വ്യക്തമാക്കിയത്. ‘ദി വയർ’ ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: “ആ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്ന, എനിക്ക് നേരിട്ട് അറിയാവുന്ന ചിലരുടെ കുടുംബങ്ങൾ ഈ സമുദായിക കലാപം നേരിട്ട് ബാധിച്ചവരായിരുന്നു. അവരുടെ അഭ്യർത്ഥനയാണ് ഇത്തരം ഒരു അന്വേഷണം നടത്താൻ അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷനോട് ഉത്തരവിട്ടതിന്റെ ഒരു കാരണം.” അതായത് ഗുജറാത്ത് സർക്കാരും ഇന്ത്യൻ സർക്കാരും ചെയ്തതുപോലെ തങ്ങളുടെ പൗരന്മാരോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ പിന്നോട്ടുപോയില്ല.
അധിനിവേശ ധാർഷ്ട്യത്തെയും നിഗൂഢമായ ‘ഇന്ത്യൻ വിരുദ്ധ മനോഭാവ’ത്തെയും കുറിച്ചുള്ള ചോദ്യം അവശേഷിക്കുന്നു. ഏതാണ്ട് രണ്ടുവർഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ ബംഗാൾ ക്ഷാമത്തെക്കുറിച്ച് ബി.ബി.സി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിനെ ആ ക്ഷാമത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അവർ മോചിപ്പിച്ചില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ആ സംഭവത്തെ പ്രതി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് ബി.ബി.സിയുടെ ഏതുതരം അധിനിവേശം മനോഭാവം കൊണ്ടാണ്?
ആ കലാപത്തെ അതിജീവിച്ച ഒരു ബ്രിട്ടീഷ് പൗരൻ നടത്തുന്ന അന്വേഷണമാണ് ബി.ബി.സിയുടെ ‘2002 ഗുജറാത്ത് കലാപം’ എന്ന് ഡോക്യുമെന്ററി. തന്റെ രണ്ടു ബന്ധുക്കൾക്ക് എന്താണ് സംഭവിച്ചത്? അവർ കൊല്ലപ്പെട്ടുവെങ്കിൽ എന്തുകൊണ്ട്? എങ്ങനെ? അക്രമത്തിനിരയായിട്ടാണ് അവർ കൊല്ലപ്പെട്ടത് എങ്കിൽ ആരാണത് ചെയ്തത്? എന്തുകൊണ്ടാണ് ഈ കലാപം അടിച്ചമർത്താൻ വേണ്ട നടപടികൾ ഗവൺമെൻറ് ചെയ്യാതിരുന്നത്? ഈ അക്രമം യാദൃശ്ചികമായി സംഭവിച്ചതോ അതോ മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതോ?
നമ്മുടെ ഔദ്യോഗിക അന്വേഷണ ഏജൻസികൾ ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകിയോ? സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചിന് എങ്ങനെ തീപിടിച്ചു എന്നതിന് ഒരു ഉത്തരം കണ്ടെത്തിയോ? ഗോദ്രയിലെ മുസ്ലീങ്ങൾ തങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായി തീയിട്ടതാണെന്ന് എന്തുകൊണ്ടാണ് അനുമാനിച്ചത്? അങ്ങനെയെങ്കിൽ ഇതിനെപ്പറ്റി അന്വേഷിക്കാൻ അന്നത്തെ റെയിൽവേ മന്ത്രി നിതീഷ് കുമാർ എന്തുകൊണ്ടാണ് തീരുമാനിച്ചത് ? കുറച്ചു ‘നരാധമന്മാരാണ്’ തീ വച്ചത് എന്ന് എങ്ങനെയാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഉറപ്പിച്ചത്? ആരായിരുന്നു ആ നരാധമന്മാർ ? പിന്നാലെ നടന്ന എല്ലാ സംഭവങ്ങളും ന്യായീകരിക്കാൻ എന്തുകൊണ്ടാണ് ഓരോ പ്രവർത്തനത്തിനും ഒരു പ്രതിപ്രവർത്തനം ഉണ്ട് എന്ന ന്യൂട്ടന്റെ നിയമത്തെ ഉപയോഗിച്ചത്. ഇനി, മുസ്ലീങ്ങളാണ് തീവച്ചത് എന്ന് അനുമാനിച്ചാൽ തന്നെ അതിനുശേഷം കലാപം ഉണ്ടാകാൻ അനുവദിച്ചത് എന്തിന്? ഗോദ്രയിൽ കൊല്ലപ്പെട്ട കർസേവകരുടെ മൃതശരീരങ്ങളുമായി അഹമ്മദാബാദിലൂടെ റാലി നടത്താൻ എന്തിനാണ് അനുവാദം നൽകിയത്? എന്തുകൊണ്ടാണ് പോലീസ് നിഷ്ക്രിയരായിരിക്കുക മാത്രമല്ല മുസ്ലീങ്ങൾക്കെതിരായ അക്രമത്തിൽ പങ്കാളികളാവുകയും ചെയ്തത്? തനിക്ക് സുരക്ഷിതത്വം ഒരുക്കണമെന്ന് മുഖ്യമന്ത്രിയെയും ഉന്നത അധികാരികളെയും അറിയിച്ചിട്ടും സുരക്ഷ നൽകാതെ ഇഹ്സാൻ ജാഫ്രി എന്ന മുൻ എം.പി ജനക്കൂട്ടത്തിന്റെ ആക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത് എങ്ങനെയാണ്? ജനക്കൂട്ടത്തെ ഇളക്കിവിട്ട ജാഫ്രി തന്നെയാണെന്ന് സ്വന്തം മരണത്തിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ട്? ആ സംഭവങ്ങളുടെ ദൃക്സാക്ഷികളെ നിശേഷം തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണ്? അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു എന്ന് മുൻ ആഭ്യന്തരമന്ത്രി ഹരേൺ പാണ്ഡ്യ സിറ്റിസൺസ് ട്രിബ്യൂണൽ മുമ്പാകെ നൽകിയ പ്രസ്താവനയെ പറ്റി കൂടുതൽ അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടാണ്? ഹരേൺ പാണ്ഡ്യയുടെ കൊലപാതകം എന്തുകൊണ്ടാണ് തികച്ചും അവിശ്വസനീയമായ ഒരു ഗൂഢാലോചനയുടെ ഭാഗമായി പറയുന്നത്. അദ്ദേഹത്തിൻറെ കൊലപാതകത്തിന് അദ്ദേഹം പറഞ്ഞ പ്രസ്താവനയുമായി എന്തെങ്കിലും ബന്ധമുണ്ടോ? മുഖ്യമന്ത്രിയാണ് അയാളുടെ മരണത്തിന് ഉത്തരവാദിയെന്ന് പാണ്ഡ്യയുടെ കുടുംബം ആരോപിച്ചത് എന്തുകൊണ്ടാണ് തുടർന്ന് അന്വേഷിക്കാതിരുന്നത്?
ഗുജറാത്ത് മുഖ്യമന്ത്രി ചോദ്യം ചെയ്യലിന് വിധേയനാകേണ്ട എന്ന് ഇന്ത്യയുടെ പരമോന്നത കോടതി തീരുമാനിച്ചതിനാൽ ഈ കാര്യങ്ങൾ എന്നേക്കുമായി അടഞ്ഞ അധ്യായമായി കാണണമെന്നാണ് ഒരു വാദം. എന്നാൽ നീതിന്യായവ്യവസ്ഥയെ വിശ്വസിച്ചാൽ ബാബറി മസ്ജിദ് തകർത്തതിന് ആരും ഉത്തരവാദികളല്ല. ലക്ഷക്കണക്കിന് വരുന്ന ആൾക്കൂട്ടം തനിയെ ഒരുമിച്ചു കൂടിയതാണോ? ഒരു നിമിഷത്തെ ആവേശത്തിൽ ബാബറി മസ്ജിദ് തകർത്തതാണോ? ബാബരി മസ്ജിദ് കേസിൽ ഗൂഢാലോചനയിൽ പങ്കാളികളും കുറ്റകൃത്യം ചെയ്തവരെന്നും ആരോപിക്കപ്പെട്ടിരുന്ന ഭാരതീയ ജനതാ പാർട്ടിയിലെ നേതാക്കളെ കോടതി വെറുതെ വിട്ടു. തെറ്റ് ചെയ്തു എന്ന് അഹങ്കാരത്തോടെ പരസ്യമായി വിളിച്ചു പറയുന്നവരെ കുറ്റക്കാരെന്ന് വിധിക്കാൻ ഒരു തെളിവും കണ്ടെത്താൻ കോടതിക്കായില്ല. അതേരീതിയിൽ ഗുജറാത്ത് കലാപ കേസിൽ ഗുജറാത്ത് സർക്കാരോ മുഖ്യമന്ത്രിയോ അന്വേഷണം നേരിടേണ്ടതില്ല എന്ന് കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ തീരുമാനിച്ചു. ഇത് വിശ്വസനീയമാണോ?
സത്യത്തെക്കുറിച്ച് നമുക്ക് യാതൊരു താൽപര്യമില്ല എന്ന് 20 വർഷങ്ങൾക്കിപ്പുറം ബി.ബി.സിയുടെ ഡോക്യുമെന്ററി ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മളെ ഓർമ്മിപ്പിക്കുന്നു. വാസ്തവത്തിൽ സത്യം നമ്മളെ പുറന്തള്ളിയിരിക്കുന്നു. നീതിക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിലും നമ്മൾ ജാഗ്രത ഇല്ലാത്തവരായിരിക്കുന്നു. സ്വത്തവകാശങ്ങൾക്ക് വേണ്ടി 20 വർഷത്തിലധികം കേസ് പറയാൻ മടിയില്ലാത്ത ഇന്ത്യക്കാർ പക്ഷെ നീതി നിഷേധങ്ങൾക്കെതിരെ പൊരുതാൻ മടിക്കുന്നു, പ്രത്യേകിച്ചും സാമൂഹ്യനീതി അപകടത്തിൽ ആകുമ്പോൾ. അതുകൊണ്ടാണ് 1984ലെ സിഖ് വിരുദ്ധ കലാപമോ, ബാഗൽപൂരിലെയോ മുംബൈയിലെ നെല്ലിയിലെയോ മുസ്ലീം വിരുദ്ധ കലാപമോ ആകട്ടെ ഈ കൂട്ടക്കൊലകളുടെ അടിസ്ഥാന കാരണം കണ്ടെത്താൻ നമ്മൾ ശ്രമിക്കാതിരുന്നത്.
നമ്മളെല്ലാം ഇന്ത്യക്കാരാണ് എന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടാകാം. എന്നാൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സ്വന്തം നാട്ടുകാരെ നമ്മൾ തനിച്ചാക്കുന്നു. നീതിലഭിക്കണമെന്നുള്ള അവരുടെ പിടിവാശിയോട് നമുക്ക് ദേഷ്യം തോന്നുന്നു. കൂട്ടക്കൊലപാതകങ്ങളെ അവഗണിക്കുന്നത് ഭാരതീയരുടെയും ഭാരതത്തിന്റെയും ധാർമ്മിക അധപതനമാണ്. അതോ ആരാണ് ഈ അക്രമം ആസൂത്രണം ചെയ്തതെന്ന് അറിയാവുന്നതുകൊണ്ട് നമ്മൾ ഈ സംഭവങ്ങൾക്ക് നേരെ കണ്ണടക്കുകയാണോ? അതോ അതുചെയ്തവരെ നമ്മൾ നമ്മുടെ ആളുകളായി കരുതുന്നതുകൊണ്ടാണോ?
ക്ഷമിക്കണം മോദി, ഇന്ത്യക്കാരല്ലാത്ത ജനങ്ങളും ഈ ലോകത്തുണ്ട്. നീതിയെ സ്നേഹിക്കുന്നവരും പരിപാലിക്കുന്നവരും ഉണ്ട്. നീതിക്കുവേണ്ടിയുള്ള അഭിവാഞ്ച ഒരു പ്രത്യേക മാനുഷിക ഭാവമാണ്. ഇന്ത്യയിൽ ഒരുപാട് പേർ, പ്രത്യേകിച്ച് ഹിന്ദുത്വവാദികൾ, ഒഴിവാക്കാൻ കഴിയുന്ന ഒന്നായി നീതിയെ കാണുന്നുണ്ടാകും. എന്നാൽ ആധുനിക കാലത്തെ മനുഷ്യർക്ക് നീതിരഹിതമായ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുകയില്ല. അതാണ് ബി.ബി.സിയുടെ ഡോക്യുമെന്ററിയുടെ പിന്നിലെ ശക്തി. അല്ലാതെ ഒളിച്ചുവെച്ച കൊളോണിയൽ മനോഭാവമല്ല. പേരുകൊണ്ട് നമ്മളിലൊരാളെപ്പോലെ തോന്നുന്നുണ്ടെങ്കിലും ആ കൊലപാതകികൾ നമ്മുടെ ആളുകളല്ല എന്ന് നമ്മൾ മനസ്സിലാക്കിയാൽ മാത്രമേ സത്യത്തിനും നീതിക്കും വേണ്ടിയുള്ള അന്വേഷണങ്ങളിൽ നമുക്ക് കണ്ണിചേരാൻ കഴിയൂ.
കുറ്റകൃത്യങ്ങളെ മറന്നുകളയാൻ പാടില്ല, കാരണം മിക്കപ്പോഴും അവ ആവർത്തിച്ചു വരാറുണ്ട്. തെരുവിൽ വീണു കുതിർന്ന ചോരയെ മറക്കാനോ അനാദരിക്കാനോ പാടില്ല. മനുഷ്യരെന്ന നിലയിൽ നമ്മുടെ ദൗത്യങ്ങളെ ഓർമിപ്പിച്ചുകൊണ്ട് നമ്മിലേക്ക് മടങ്ങിവരാൻ അതിന് അതിന്റേതായ വഴികളുണ്ട്.
സഹീർ ലുദിയാൻവി എന്ന കവി എഴുതിയതുപോലെ:
കശാപ്പുശാലയിൽ ഒതുക്കി നിർത്താൻ നിങ്ങൾ ആഗ്രഹിച്ച രക്തം
ഇന്ന് ഇടവഴികളിലേക്കും ചന്തയിലേക്കും ഒഴുകിയെത്തിയിരിക്കുന്നു
ആരാച്ചാർ എവിടെയാണ് വസിക്കുന്നതെന്ന സൂചന ആ രക്തം തന്നെ നൽകുന്നു
കൈകളിൽ വിളക്കുതെളിയിച്ച് ഓരോ തുള്ളിയും ഉയർന്നുവരുന്നു.
ദില്ലി യൂണിവേഴ്സിറ്റി അധ്യാപകനായ അപൂർവ്വാനന്ദ് ‘ദി വയറി’ൽ എഴുതിയ ലേഖനം. വിവർത്തനം: റോണി ബാബു.