അവസാനമില്ലാത്ത യാത്രകളുടെ സ്ലോ ട്രാവൽ

അലഞ്ഞുതിരിയുന്ന നാടോടികളും സമാധാനം തേടി ഇന്ത്യയിലെ വിവിധങ്ങളായ മതതീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പോളണ്ടുകാരിയും ഉൾപ്പെടെ വൈവിധ്യങ്ങൾ നിറഞ്ഞ, ജീവിതം യാത്രയാക്കി മാറ്റിയ മനുഷ്യരെ ഹന്ന കണ്ടുമുട്ടിയിട്ടുണ്ടല്ലോ. ഓരോ യാത്രകൾ അവസാനിക്കുമ്പോഴും ഹന്നയെ മുന്നോട്ടുനയിക്കുന്ന പ്രചോദനങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് ഹന്നയുടെ സഞ്ചാരങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങാം എന്ന് കരുതുന്നു.

ലോകം കാണാനുള്ള ചിന്ത തന്നെയാണ് യാത്രയുടെ ആദ്യത്തെ പ്രചോദനം. എൽ.പി സ്കൂൾ തൊട്ട് പലതരം യാത്രകൾ പോവുന്നുണ്ട്. ഭാഷയും ദേശവും എല്ലാം വ്യത്യസ്തമായ ആളുകളെ കാണണം, ഇടങ്ങൾ കാണണം എന്ന കൗതുകമുണ്ട്. അത് അനുഭവിക്കുമ്പോഴുള്ള സന്തോഷമുണ്ട്. തുടക്കത്തിൽ എന്ത് വില കൊടുത്തും യാത്ര ചെയ്യണം എന്നായിരുന്നു. എന്നെ ഞാനാക്കിയതിൽ യാത്രയക്ക് വലിയ സ്വാധീനമുണ്ട്. കോളേജ് തലത്തിൽ എത്തി പല ക്യാമ്പുകൾക്കും പോയി തുടങ്ങിയപ്പോൾ, നമുക്ക് അവിടുന്ന് കിട്ടുന്ന ഒരു എക്സ്പീരിയൻസും എക്സ്പോഷറും വ്യത്യസ്തമാണ്. ഏതൊക്കെ മാർഗങ്ങളിലൂടെ പുതിയ ഇടങ്ങളിലേക്ക് എത്തിപ്പെടാനാവുമോ ആ വഴിയെല്ലാം പോയി നോക്കിയിട്ടുണ്ട്. ക്യാമ്പുകളിലേക്കാണെങ്കിലും, അക്കാദമിക്ക് പേപ്പർ അവതരിപ്പിക്കാനാണെങ്കിലും യാത്രകളിലേക്കിറങ്ങിയിട്ടുണ്ട്. ആ യാത്രകളിൽ നിന്നെല്ലാം കൂടുതൽ അറിവുകൾ കിട്ടിക്കൊണ്ടിരുന്നു.

പറുദീസ, കവർ

അനുഭവങ്ങളിലൂടെ കിട്ടുന്ന അറിവുകളാണിവ. നമുക്ക് നേരിട്ട് കിട്ടുന്ന അറിവുകളിലൂടെ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കാനാവും. അങ്ങനെ എന്നെ നവീകരിക്കാൻ യാത്രകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. തിരിച്ചറിവുകൾ നൽകിയിട്ടുണ്ട്. സോഷ്യൽ വർക്കിലേക്ക് ഞാൻ വരുന്നതും യാത്രകളിലൂടെയാണ്. ലേണിങ്ങിനോടൊപ്പം തന്നെ ഒരുപാട് അൺലേണിങ്ങും നടന്നിട്ടുണ്ട്. കാണുകയും അനുഭവിക്കുകയും മാത്രമല്ല. ഒരിടത്ത് എത്തിയാൽ അവിടെ തങ്ങി, ആ പുതിയ ഇടത്തിലും ജീവിത രീതികളിലും മുഴുകുന്ന സ്ലോ ട്രാവൽ ആണ് ഞാൻ ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.

യാത്രികരും ലോകവും തടവിലാക്കപ്പെട്ട കോവിഡ് കാലവും ഹന്നയ്ക്ക് യാത്രയ്ക്കുള്ള വഴിയൊരുക്കി, പുതിയ ലോകങ്ങൾ തുറന്നുതന്നു. രാജസ്ഥാനിൽ നിന്നും ഹന്ന കേരളത്തിലേക്ക് മടങ്ങുമ്പോഴാണല്ലോ കോവിഡിന്റെ വരവ് അറിയുന്നത്. ഐസൊലേഷനും ലോക്ഡൗണുകൾക്കും ശേഷം വീണ്ടും പുറത്തിറങ്ങുമ്പോൾ ഭയമുണ്ടായിരുന്നില്ലേ ? പുതിയ നോർമൽ എന്ന് വിളിക്കപ്പെട്ട പുതിയ യാഥാർത്ഥ്യങ്ങളിലേക്ക് പരിണമിച്ച ഒരു ലോകത്തെ എങ്ങനെയെല്ലാമാണ് അഭിമുഖീകരിച്ചത് ? അതിജീവിച്ചത് ?

രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന സമയത്ത് എനിക്ക് പനി വന്നു. ഇന്ത്യയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ, കേരളത്തിൽ ഒന്നോ രണ്ടോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സമയമാണത്. മുമ്പ് ഒരു മഹാമാരി കണ്ട അനുഭവം നമുക്കില്ലല്ലോ. നല്ല പേടിയുണ്ടായിരുന്നു. ചുറ്റുമുള്ള ആളുകളെ വിചാരിച്ചായിരുന്നു ഏറെ പേടി. അവർ എങ്ങനെ പ്രതികരിക്കും ? അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ ? എന്നൊക്കെയുള്ള ആശങ്കകൾ. പിന്നീട് കേസുകൾ കൂടി, ലോക്ക്ഡൗൺ വന്നു. മാസ്ക്ക്, സാനിറ്റൈസർ എന്നിവയെല്ലാം വന്നു. കൂടുതൽ പ്രതിരോധ ശ്രമങ്ങളുണ്ടായി. മുൻകരുതലുകൾ എടുത്താൽ കോവിഡ് പകരില്ല എന്ന തോന്നൽ വന്നു. ശേഷം ലോക്ക്ഡൗൺ കഴിഞ്ഞ് പതിയെ തുറന്നുവന്നപ്പോൾ വീട്ടിൽ നിന്ന് വീർപ്പുമുട്ടിക്കഴിഞ്ഞതിനാൽ ക്യാമ്പിനായി വയനാട്ടിലേക്കെല്ലാം പോയി. വീണ്ടും ലോക്ക്ഡൗൺ വന്നു. വീട്ടിൽ തന്നെ നിന്നു. പിന്നീട് ഒമ്പത് മാസം കഴിഞ്ഞാണ് കശ്മീർ യാത്ര സംഭവിക്കുന്നത്. അത്രയും കാലം വീട്ടിൽ നിന്നതിനാൽ എങ്ങോട്ടെങ്കിലും പോയാൽ മതി എന്നായിരുന്നു. എനിക്ക് മാത്രമല്ല, എന്റെ കൂടെ വന്നവർ‌ക്കെല്ലാം. എല്ലാവരേയും ലോക്ക്ഡൗൺ അത്രയും ബാധിച്ചിരുന്നു.

ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തിരുന്നു. പിന്നെ പലയിടത്തും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തിയിരുന്നു. അതെനിക്ക് വളരെ പ്രയാസമുണ്ടാക്കിയിരുന്നു. വേറെ നിവൃത്തിയില്ലല്ലോ. വീട്ടിൽ ഇരിക്കുന്ന സമയത്ത് തന്നെ ഞങ്ങൾക്ക് എല്ലാവർക്കും കോവിഡ് വന്ന് പോയിക്കഴിഞ്ഞിരുന്നു. എന്നാൽ കശ്മീരിൽ നിന്നും കോവിഡ് വ്യാപനം പൂർണ്ണമായും പോയികഴിഞ്ഞിരുന്നില്ല. ഒരു വർഷം കഴിഞ്ഞു, ഒന്നര വർഷം കഴിഞ്ഞു, എന്നിട്ടും കോവിഡിന്റെ പുതിയ തരംഗങ്ങൾ വന്നുകൊണ്ടിരുന്നു. ഇതിത്രയും നീണ്ടുപോകും എന്ന് നമ്മളാരും വിചാരിച്ചില്ലല്ലോ. വാക്സിൻ കണ്ടുപിടിച്ചപ്പോൾ കുറച്ച് ധൈര്യം വന്നിട്ടുണ്ടായിരുന്നു. പിന്നെ വരുന്നിടത്ത് വെച്ച് കാണാം എന്ന വിചാരത്തിൽ പുറപ്പെടുകയായിരുന്നു.

കൂബകൂ.co, കവർ

നഗരങ്ങളിലേക്ക് പോകുമ്പോഴാണ് പ്രോട്ടോകോളുകൾ ശക്തമായിരുന്നത്. ആളുകൾ കൂടുതലായും മാസ്ക് ഉപയോഗിച്ചിരുന്നതും അകലം പാലിച്ചിരുന്നതും നഗരങ്ങളിലാണ്. ബംഗാളിലെ ചില ഗ്രാമങ്ങളിൽ ഞങ്ങൾ എത്തിയപ്പോൾ ലോകത്ത് ഇങ്ങനെയൊന്നും സംഭവിച്ചിട്ടേയില്ല എന്ന പോലെയായിരുന്നു. അവിടെ ആർക്കും മാസ്ക്ക് ഇല്ല, ആരും കോവിഡിനെ കുറിച്ച് സംസാരിക്കുന്നില്ല. ഇവിടെ ആർക്കും പനിയില്ലെ? കേസുകൾ ഒന്നുമില്ലെ ?  എന്നൊക്കെ ഞങ്ങൾ പരസ്പരം ചോദിക്കുകയും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. നഗരങ്ങളിലേക്ക് മടങ്ങുമ്പോൾ എന്നാൽ ഞങ്ങൾ മാസ്ക്കിട്ടിരുന്നു. ശ്വാസം മുട്ടൽ ഉണ്ടാക്കുന്നതിനാൽ ഒട്ടും ഇഷ്ടമായിരുന്നില്ലെങ്കിലും മാസ്ക്കുകൾ ഉപയോഗിക്കേണ്ടി വന്നു. രണ്ട് വാക്സിനും എടുത്തിരുന്നു. അതുപോലെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സാനിറ്റൈസറും. (ആ ശീലം ഇപ്പോഴുമുണ്ട് ) അത്തരം പ്രോട്ടോക്കോളുകളെല്ലാം ശ്രദ്ധിച്ചായിരുന്നു യാത്ര. കോവിഡ് കാലം നീണ്ടു പോയപ്പോൾ കോവിഡിൽ നിന്നും ഇനി മുക്തിയുണ്ടാവില്ല, ഒരു ന്യൂ നോർമൽ ആയി കോവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി, ഇതുമായി അഡ്ജസ്റ്റ് ചെയ്ത് പോവുകയല്ലാണ്ട് വേറെ നിവൃത്തിയില്ല എന്നെല്ലാം വിചാരിച്ചിരുന്നു.

ഇസ്രായേലിൽ ജീവിക്കാൻ ആഗ്രഹിക്കാത്ത, ലോകത്ത് എവിടെപ്പോയാലും ഇന്ത്യയിൽ വന്ന് താമസിക്കണമെന്ന് പറയുന്ന ഇസ്രായേൽ പൗരനായ പാട്ടുകാരൻ ഒമറിനെ ഹന്നയുടെ പുതിയ പുസ്തകമായ കൂബകൂ.co യിലൂടെ പരിചയപ്പെട്ടപ്പോൾ, ഇസ്രായേൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാനുള്ള ഒമറിന്റെ ആഗ്രഹത്തിൽ ആശ്ചര്യം തോന്നി. നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും പലസ്തീനിൽ ഇസ്രായേൽ വംശഹത്യ തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയടക്കം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഒമര്‍ ഇസ്രായേലിൽ ജീവിക്കാൻ ആഗ്രഹിക്കാത്തതും ഇന്ത്യയെ സ്നേഹിക്കുന്നതും എന്തുകൊണ്ടാവാം ?  

ഈ ചോദ്യത്തിന് പൂർണ്ണമായും ഉത്തരം തരാൻ കഴിയുക ഒമറിന് മാത്രമായിരിക്കും. പക്ഷേ ഇസ്രായേലിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ് എന്ന് ഞാൻ ഒമറിനോട് ചോദിച്ചിരുന്നു. ഇസ്രായേലിലെ അടിച്ചമർത്തൽ രാഷ്ട്രീയത്തെ കുറിച്ചും, സാമൂഹികാവസ്ഥയെ കുറിച്ചും ഒമർ പറഞ്ഞിരുന്നു. നാടോടികൾക്ക് അല്ലെങ്കിൽ സഞ്ചാരിയായ ഒരാൾക്ക് അംഗീകരിക്കാൻ കഴിയാത്ത നയങ്ങളായിരിക്കാം ഒമറിനെ ഇസ്രായേലിൽ നിന്നും പുറന്തള്ളുന്നത്.

ഇസ്രായേൽ എന്നാൽ ഒരു സെറ്റിലർ കൊളോണിയൽ സ്റ്റേറ്റാണ്. കുടിയേറി വന്നത് മുതൽ പലസ്തീനികളോട് അക്രമങ്ങൾ കാണിച്ച് അവരുടെ ഭൂമി കയ്യേറുകയായിരുന്നു അവർ. യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ നടന്ന അധിനിവേശമാണത്. ഇപ്പോൾ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത് വലിയ വാർത്തയായിരിക്കുന്നു. ഇത് ഇന്നും ഇന്നലെയും കണ്ട് തുടങ്ങിയതല്ല. പലസ്തീനികൾ ആക്രമിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നവതിന്റെയും വാർത്തകൾ എക്കാലവും എപ്പോഴും വന്നുകൊണ്ടിരുന്നു. പലസ്തീനികൾ തിരിച്ച് ഒരു ഇസ്രായേലി മിലിറ്റന്റിനെ ആക്രമിക്കുകയാണെങ്കിൽ ഒരു പത്ത് പലസ്തീനികളെ എങ്കിലും ഇസ്രായേൽ കൊന്നിരിക്കും. നമ്മുടെ നാട്ടിൽ അധിനിവേശം നടത്തിയപ്പോൾ കൊളോണിയൽ ശക്തികൾക്ക് എതിരെ നമ്മുടെ മുൻതലമുറക്കാർ പോരാടിയിട്ടില്ലേ? എന്നാൽ പലസ്തീൻ ജനതയുടെ പോരാട്ടത്തെ തീവ്രവാദ പ്രവർത്തനമായി ചിത്രീകരിക്കേണ്ടത് ഒരു വിഭാഗത്തിന്റെ ആവശ്യമാണ്.

തകർക്കപ്പെട്ട ഗാസ . കടപ്പാട്: Ashraf Amra/Anadolu via Getty Images

അത് വിശ്വസിക്കാൻ ആഗ്രഹിക്കുന്നവരും തെറ്റിദ്ധരിക്കപ്പെട്ടവരും ഇസ്രായേലിനെ പിന്തുണക്കുന്നു. എന്നാൽ പലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിന്റെ ചരിത്രം അറിയുന്നവർക്ക് ഒരിക്കലും ഇസ്രായേലിനെ പിന്തുണക്കാനാവില്ല. എന്നുമാത്രമല്ല, ഗാസയിൽ അവർ കാണിച്ചുകൊണ്ടിരിക്കുന്നത് കാണാതിരിക്കാനുമാവില്ല. മാതാപിതാക്കളിൽ ഒരാളെയൊ രണ്ടു പേരെയൊ നഷ്ട്ടപ്പെട്ട് 25,000 ലേറെ കുട്ടികൾ അനാഥരായി കഴിഞ്ഞു. കുട്ടികളും മുതിർന്നവരും മരിച്ചുകൊണ്ടേയിരിക്കുന്നു. ഗാസയിൽ ഇനി ആളുകൾക്ക് ജീവിക്കാൻ കഴിയുമോ ? ഹമാസിനെതിരെയുള്ള ആക്രമണങ്ങളല്ല ഇതൊന്നും. പലസ്തീൻ ജനതയെ ഇല്ലാതാക്കുക, ആ ഭൂമി പിടിച്ചെടുക്കുക എന്ന ഉദ്ദേശം മാത്രമേ ഇസ്രായേലിനുള്ളൂ.

യാത്രകളിലെ കാഴ്ചകൾ മാത്രമല്ല ഹന്ന കുറിച്ചിടുന്നത്, സഹയാത്രികരുമായുള്ള സംഭാഷണങ്ങളും സംവാദങ്ങളും ഹന്നയുടെ യാത്രാ രേഖകളുടെ ഭാഗമാകുന്നു. രാഷ്ട്രീയവും നിലപാടുകളും തുറന്നുപറയുന്നു. അങ്ങനെ പൗരത്വ ബില്ലും, കർഷക സമരവും, ആർട്ടികൾ 370 ഉം  ഉമർ ഖാലിദും കനയ്യയും എല്ലാം യാത്രയുടെ ഭാഗമാവുന്നു. ഉമർ ഖാലിദ് ഇപ്പോഴും ജയിലിലാണ്. കോവിഡിന് ശേഷം ഇന്ത്യയിലെ സർവ്വകലാശാലകൾ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. പ്രതിഷേധങ്ങൾക്കും സംവാദങ്ങൾക്കുമുള്ള ഇടങ്ങൾ ഇല്ലാതാവുകയാണോ നമ്മുടെ ക്യാമ്പസുകളിൽ ?

തീർച്ചയായും, ഒരുപാട് നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. ഞാൻ എം.എ ചെയ്തത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലാണ്. അവിടുന്ന് തന്നെ പല അനുഭവങ്ങളും നേരിട്ടിട്ടുണ്ട്. എല്ലാ വർഷവും ചെറിയ തോതിൽ കോഴ്സ് ഫീസുകൾ വർദ്ധിക്കാറുണ്ട്. എന്നാൽ കോവിഡ് സമയത്ത്, ക്യാമ്പസിൽ വിദ്യാർത്ഥികൾ ഇല്ലാതായപ്പോൾ നൂറ് ശതമാനത്തിനും മുകളിലാണ് ഫീസ് വർദ്ധനവുണ്ടായത്. സെൻട്രൽ യൂണിവേഴ്സിറ്റികളിൽ തന്നെ ഏറ്റവും കൂടുതൽ ഫീസ് വാങ്ങിക്കുന്ന യൂണിവേഴ്സിറ്റിയാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി. അനിയന്ത്രിതമായ ഈ ഫീസ് വർദ്ധനവ് ചോദ്യം ചെയ്ത ആറോളം വിദ്യാർത്ഥികളെ, പി.എച്ച്.ഡി ചെയ്യുന്നവരെ ഉൾപ്പെടെ യൂണിവേഴ്സിറ്റി ഡി-ബാർ ചെയ്തു. മദ്രാസ് ഹൈക്കോടതി വരെ പോയിട്ടാണ് പിന്നീട് വിദ്യാർത്ഥികൾ അനുകൂലമായ വിധി നേടിയെടുത്തത്.

ഹന്ന മെഹ്തർ യാത്രകൾക്കിടയിൽ

സെൻട്രൽ യൂണിവേഴ്സിറ്റികൾ ഹിന്ദുത്വവത്കരിക്കുന്നതിന്റെ ഭാഗമായി, അക്കാദമികമായി വേണ്ടത്ര യോഗ്യതകൾ ഇല്ലെങ്കിൽ പോലും വലതുപക്ഷ രാഷ്ട്രീയമുള്ള അധ്യാപകരെ പല ഡിപ്പാർട്ടുമെന്റുകളിലും നിയമിക്കുന്നുണ്ട്. രാഷ്ട്രീയപരമായി പ്രതിഷേധിക്കുന്നവരെ മാത്രമല്ല യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കുമ്പോൾ, ഉദാഹരണത്തിന് ഹോസ്റ്റലിലെയും, യാത്രാസൗകര്യത്തിലെയും എല്ലാം അപര്യാപ്തതകൾ പരിഹരിക്കപ്പെടാനായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പോലും ടാർഗറ്റ് ചെയ്യുകയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുകയാണ്. പി.ജിയ്ക്കും പി.എച്ച്.ഡിയ്ക്കും പഠിക്കുന്ന വിദ്യാർത്ഥികളെ അവരുടെ പേപ്പറുകൾ തയ്യാറാക്കാൻ പിന്തുണക്കാതിരിക്കുന്നു. പേപ്പറുകൾ സബ്മിറ്റ് ചെയ്യാൻ അനുവദിക്കാതിരിക്കുന്നു. നമ്മുടെ മെന്റേർസും ഗൈഡേർസും ആയി പ്രവർത്തിക്കേണ്ട അധ്യാപകർ ഈ വിരോധം ഉള്ളിൽ വെച്ച് പെരുമാറുന്നു. ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ സെൻട്രൽ യൂണിവേഴ്സിറ്റികൾക്ക് അകത്ത് രാഷ്ട്രീയബോധമുള്ള വിദ്യാർത്ഥികൾ നേരിടുന്നുണ്ട്.

ഒരു മികച്ച കരിയർ സ്വപ്നം കണ്ടാണ് നമ്മൾ ഈ യൂണിവേഴ്സിറ്റികളിലേക്ക് പഠനത്തിനായി പോകുന്നത്. എല്ലാ പ്രിവിലേജുകളോടെയും നിശബ്ദരായിരിക്കുന്ന ഏറെ വിദ്യാർത്ഥികൾ അവിടെയെല്ലാമുണ്ട്. വളരെ കുറച്ചുപേർ മാത്രമാണ് പ്രതിഷേധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത്. അവരെ ടാർഗറ്റ് ചെയ്യുന്നു. എങ്കിൽ പിന്നെ എത്ര പേർ മുന്നോട്ടുവരും ? നാളെ ഇതു പോലെ ടാർഗറ്റ് ചെയ്യപ്പെട്ടേക്കാം, പ്രശ്നങ്ങൾ നേരിട്ടേക്കാം എന്ന ഭീതിയായിരിക്കാം മുന്നോട്ടുവരാതിരിക്കാനുള്ള പലരുടെയും കാരണം. ഇത്തരം നീക്കങ്ങളിലൂടെ ആ ഭീതി വളർത്തുന്നു. കോവിഡിന് ശേഷം പ്രശ്നങ്ങൾ കുറേക്കൂടെ രൂക്ഷമായി. നമ്മൾ ഒരു ക്യാമ്പസിലേക്ക് ചെല്ലുമ്പോൾ അവിടുത്തെ സീനിയർ വിദ്യാർത്ഥികളിലൂടെയാണ്  ആ ക്യാമ്പസിനെയും അതിന്റെ ചരിത്രത്തെയും തിരിച്ചറിയുക. കോവിഡിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയപ്പോൾ സീനിയേർസും ജൂനിയേർസും തമ്മിലുള്ള ഈ ബന്ധം നഷ്ടമായി.  മാത്രമല്ല കോവിഡിന് ശേഷം ക്യാമ്പസിലേക്ക് വന്ന കുറച്ച് പി.എച്ച്.ഡി സ്കോളേർസ് ഒഴിച്ചുള്ളവർക്കെല്ലാം ക്യാമ്പസ് പുതുതാണ്. ഒരു യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നുള്ള അനീതികൾ തിരിച്ചറിയണം എങ്കിൽ ആ ക്യാമ്പസിന്റെ ചരിത്രം അറിഞ്ഞിരിക്കണം. എന്നാൽ ഈ സാഹചര്യം യൂണിവേഴ്സിറ്റികൾ ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.  

ഹന്ന മെഹ്തർ യാത്രകൾക്കിടയിൽ

കോവിഡിന് ശേഷം രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഇതുവരെ ഇലക്ഷൻ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരൂ യൂണിയൻ ഇപ്പോൾ അവിടെയില്ല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും സാധിക്കുകയില്ല. അങ്ങനെ പല തരത്തിൽ യൂണിവേഴ്സിറ്റികൾ കോവിഡിനെ ഉപയോഗപ്പെടുത്തി. എന്റെ ഇത്ത ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലാണ് പഠിക്കുന്നത്. അവിടെ ഡയറക്ടറുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചതിന് അവർക്ക് നേരിട്ട് നോട്ടീസ് വരികയാണ് ചെയ്യുന്നത്. അങ്ങനെ എല്ലാ നിലകളിലും വിദ്യാർത്ഥികളെ അടിച്ചമർത്തുന്നു. ഇതിൽ നിന്നും എത്ര പേർക്ക് മുന്നോട്ട് വരാനാകും? മുന്നോട്ട് വന്നവർക്ക് എന്ത് സംഭവിച്ചു എന്ന് നമുക്കറിയാം. ഉമർ ഖാലിദിനെ പോലുള്ളവർ ജയിലുകളിൽ അകപ്പെടുന്നു. പലർക്കും പി.എച്ച്.ഡി പോലും ഉപേക്ഷിക്കേണ്ടി വരുന്നു. ബി.ബി.സി ഡോക്യുമെന്ററി ‘ദി മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ചതിന് പലർക്കും പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ അടിച്ചമർത്തപ്പെടുന്നു. അതിന്റെ തോത് വർദ്ധിച്ച് വരുന്നു. സംവാദങ്ങൾക്കുള്ള ഇടം ഇല്ലാതായിക്കഴിഞ്ഞു. ഒരു ഭാഗത്ത് നിന്നുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ ഉണ്ടാവുന്നത്.

ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണല്ലോ. സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുവാനുള്ള പ്രേരണകൾ എന്തെല്ലാമാണ് ? ഹന്ന സഹകരിച്ചിട്ടുള്ള എൻ.ജി.ഒകളെയും അവയുടെ പ്രവർത്തന മേഖലകളും വിശദമാക്കാമോ ?

പ്ലസ്റ്റുവിന് പഠിക്കുമ്പോൾ എൻ.എസ്.എസിലൂടെയാണ് നമ്മുടെ ചുറ്റുപാടിലേക്ക് ഒന്ന് ഇറങ്ങി നോക്കുന്നത്. കോളേജിൽ എത്തിയപ്പോഴും എൻ.എസ്.എസി.ലും പാലിയിറ്റേവിലും എല്ലാം ഉണ്ടായിരുന്നു. വീടിനും സ്കൂളിനും ഇടയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാൻ സമൂഹത്തിൽ ആളുകൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും അവരുടെ പ്രയാസങ്ങൾ എന്താെണെന്നും അവ പരിഹരിക്കുന്നതിനായി ആളുകൾ എങ്ങനെയെല്ലാമാണ് പ്രവർത്തിക്കുന്നത് എന്നെല്ലാം തിരിച്ചറിയുന്നത് ഈ ഒരു കാലഘട്ടത്തിലാണ്.

സോഷ്യോളജിയിലാണ് ബിരുദം എടുത്തത്. അതേമസമയം കോഴിക്കോട് പയ്യാനക്കലിലെ ഐ-ലാബിലാണ് ആദ്യമായി ഒരു എൻ.ജി.ഒ.യിൽ വോളണ്ടിയറിങ്ങ് വർക്ക് ചെയ്യുന്നത്. കോഴിക്കോടിലെ തീരദേശങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായും. സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നേടിക്കൊടുക്കുന്നതിനായും പ്രവർത്തിക്കുന്ന ഐ-ലാബ് ഇന്ന് അഞ്ച് വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഒരു ലേണിങ്ങ് സെന്ററിൽ നിന്നും പന്ത്രണ്ട് ലേണിങ്ങ് സെന്ററുകളിലേക്ക് അത് വളർന്നു. മലബാറിൽ നിന്നുള്ള ഒരുപാട് വിദ്യാർത്ഥികൾക്ക് അവർ ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ നൽകുന്നുണ്ട്. ഫറൂഖ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന നസ്മിന നാസർ ആണ് ഐ-ലാബ് ആരംഭിക്കുന്നത്. പലർക്കും ചെയ്യാൻ ആഗ്രഹങ്ങളുണ്ടാകും പക്ഷെ ഇങ്ങനെ ഒരു പ്ലാറ്റ് ഫോം കിട്ടുക എന്നുള്ളത്  വലിയ കാര്യമാണ്. ഫറൂഖിൽ പഠിക്കുമ്പോൾ ഒന്നാം വർഷം അവസാനത്തിലാണ് ഐ-ലാബിൽ വളണ്ടിയറിങ്ങ് തുടങ്ങുന്നത്. പിന്നെ അടുത്ത രണ്ട് വർഷങ്ങളിലും വീക്കെന്റുകളിൽ അവിടെ പോയി കുട്ടികൾക്ക് ക്ലാസുകൾ എടുത്തിരുന്നു.

നസ്മിന നാസർ

കേരളത്തിലെ സാമൂഹിക സാമ്പത്തിക അവസ്ഥകളിൽ നിന്നും തീർത്തും വിഭിന്നമാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ. ഉള്ളവർക്ക് വളരെയേറെയുണ്ട്. ഇല്ലാത്തവർക്ക് ഒട്ടുമില്ല. അതിനിടയിലുള്ളവർ വളരെ കുറവാണ്. നമ്മുടെ പ്രിവിലേജുകൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിവുണ്ടായപ്പോഴാണ് മറ്റുള്ളവ‍‍ർക്ക് വേണ്ടി പ്രവർത്തിക്കണം എന്ന് തീരുമാനിച്ചത്. സോഷ്യോളജി പഠനം എന്നെ സ്വയം ഡവലപ്പ് ചെയ്യാനും സഹായിച്ചിട്ടുണ്ട്. പഠിക്കുമ്പോൾ കുറേ കാര്യങ്ങൾ അറിഞ്ഞു. ഇനി പ്രവ‍ർത്തിക്കണം എന്ന് തോന്നി. ഫീൽഡിൽ വ‍ർക്ക് ചെയ്യുമ്പോൾ സോഷ്യൽ വ‍ർക്കാണ് കുറേക്കൂടി ഹെൽപ്പ് ചെയ്യുക. എങ്കിലും എനിക്ക് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഒരു വർഷം ഗ്യാപ് എടുക്കണമെന്നും ഭാഷ ഒരു വെല്ലുവിളിയാണെങ്കിലും കേരളത്തിന് പുറത്തെ എൻ.ജി.ഒ.കളിൽ പ്രവ‍ർത്തിക്കണമെന്നും തീരുമാനിച്ചിരുന്നു. കോവിഡ് സമയത്ത് തന്നെയാണ് ഗ്യാപ് ഇയർ എടുത്തത്. ഓൺലൈൻ ക്ലാസുകൾ വേണ്ട എന്ന് തീരുമാനിച്ച് ‍ഞാൻ ബംഗാളിലേക്ക് പോയി. നാസ‍ർ ബന്ധുവിന്റെ സീറോ ഫൗണ്ടേഷനിൽ അപ്പോൾ വളണ്ടിയറിങ്ങിന് അവസരമുണ്ടായിരുന്നു. എഡ്യുക്കേഷൻ, കമ്യൂണിറ്റി ഡവലപ്പ്മെന്റ് മേഖലകളിലാണ് സീറോ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ബന്ധു അവിടെ ഒരുപാട് സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും കുട്ടികൾക്ക് വേണ്ടി ലേണിങ്ങ് ഹബ്ബ് നടത്തുകയും സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യാനുള്ള ഉപകരണങ്ങൾ നൽകകയുമൊക്കെ ചെയ്യുന്നുണ്ട്.

സീറോ ഫൗണ്ടേഷനിലെ നാസർ ബന്ധു

രാജസ്ഥാനിലെ അഹിംസാ ഗ്രാം എന്ന ഓ‍ർഗാനിക് കഫെയിൽ പിന്നീട് കുറച്ചു കാലമുണ്ടായിരുന്നു. അതൊരു എൻ.ജി.ഒ ആണെന്ന് പറയാനാവില്ല. അതൊരു കഫെയാണ്. അവിടുത്തെ ഗാ‍ർഡനിൽ തന്നെ കൃഷി ചെയ്ത് ഓ‍ർഗാനിക്ക് ഭക്ഷണം നൽകുകയാണവ‍ർ. എന്നാൽ എലൈറ്റ് ഗ്രൂപ്പിൽ പെട്ട ആളുകൾക്ക് മാത്രമെ അവരുടെ ഓ‍ർഗാനിക്ക് ഫുഡ് കഴിക്കാനാവു. അത്ര കോസ്റ്റ്ലിയാണ് അവിടുത്തെ മെനു. സാധാരണക്കാ‍ർക്കും പാ‍വപ്പെട്ടവ‍ർക്കും ഒരിക്കലും അവിടെ നിന്നും ഒന്നും ഓഡ‍ർ ചെയ്യാനാവില്ല. എന്നാൽ ഭക്ഷണത്തിൽ തത്പരരായ, വളണ്ടിയറിങ്ങ് ചെയ്യാൻ ആഗ്രഹമുള്ള ആളുകൾക്ക് അവിടെ ഒരവസരമുണ്ട്. ക്രോസ് കൾച്ചറൽ ലേണിങ്ങ് അവിടെ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള വിഭവങ്ങൾ ഞങ്ങൾ അവിടെ പരീക്ഷിച്ചു. അവിടുത്തെ ഭക്ഷണരീതികൾ പഠിച്ചു. ഇവിടെ നിന്നും നമ്മൾ ചെയ്യാൻ മടിക്കുന്ന എന്ത് പാചക പരീക്ഷണവും അവിടെ നമുക്ക് നടത്താം.  

പോണ്ടിച്ചേരിയിൽ എം.എസ്.ഡബ്ല്യു പി.ജി ചെയ്യുന്ന സമയത്ത് ഓരോ സെമസ്റ്ററിലും കൺകറണ്ട് ഫീൽഡ് വ‍ർക്കും ബ്ലോക്ക് ഫീൽഡ് വ‍ർക്കുമുണ്ടാവും. ആഴ്ച്ചയിൽ രണ്ടു ദിവസം കൺകറണ്ട് ഫീൽഡ് വ‍ർക്കിൽ ഒരു എൻ.ജി.ഒ.യിൽ പ്രവ‍ർത്തിക്കണം. അങ്ങനെ പോണ്ടിയിൽ രണ്ട് എൻ.ജി.ഒ.കളുടെ ഭാഗമായിട്ടുണ്ട്, കമ്യൂണിറ്റി ഡവലപ്പ്മെന്റ്, ഹെൽത്ത്, അഗ്രികൾച്ചർ എന്നിങ്ങനെ ഒരുപാട് മേഖലകളിൽ പ്രവ‍ർത്തിക്കുന്ന ശ്രീ അരൊബിന്ദോ സൊസൈറ്റിയുടെയും മെന്റൽ ഹെൽത്ത്, സ്ക്കിൽ ഡെവലപ്പ്മെന്റ് മേഖലകളിൽ പ്രവ‍ർത്തിക്കുന്ന ടി.വൈ.സി.എൽ (ട്രസ്റ്റ് ഫോർ യൂത്ത് ആന്റ് ചിൽഡ്രൻസ് ലീഡ‍ർഷിപ്പ് എന്ന സംഘടനയുടെയും.

ശ്രീ അരൊബിന്ദോ സൊസൈറ്റിയുടെ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പിൽ നിന്നും.

പിന്നീട് എസ്.പി.വൈ.എം (സൊസൈറ്റി ഫോ‍ർ പ്രൊമേഷൻ ഓഫ് യൂത്ത് ആന്റ് മാസ്റ്റേ‍ർസ്) എന്ന സംഘടനയുടെ ഡൽഹിയിലെ ഒരു സെന്ററിൽ ചേ‍‍ർന്നു. ഡൽഹിയിൽ തന്നെ പന്ത്രണ്ടോളം സെന്ററുകൾ അവ‍ർക്കുണ്ട്. ഡ്രഗ്സ് പ്രിവൻഷനുവേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. റിഹാബിലേഷൻ സെന്ററുകളും, എയ്ഡ്സ് രോഗികൾക്കായി ഹെൽത്ത് കെയ‍ർ സെന്ററുകളും അവ‍ർ നടത്തുന്നുണ്ട്. തെരുവിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി റിസേർച്ച് ആന്റ് സ്കിൽ ഡെവലപ്പ്മെന്റ് മേഖലയിലും ഇടപെടുന്നുണ്ട്. ഡൽഹിയിലുള്ള അവരുടെ റിഹാബിലിറ്റേഷൻ സെന്ററിലായിരുന്നു ഞാൻ പ്രവ‍ർത്തിച്ചിരുന്നത്. അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. എന്തുകൊണ്ട് ആളുകൾ ലഹരിയിലേക്കെത്തുന്നു, സ്വയം നശിക്കാൻ തയ്യാറാകുന്നു എന്നെല്ലാം മനസ്സിലാക്കാനായത് അവിടെ നിന്നാണ്.

ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ തിയറ്റ‍ർ ബേസ്ഡ് ആയ സംഘടനയാണ് രംഗ് കാ‍ർവാൻ. എൻ.ജി.ഒ.കളുമായും സർക്കാർ സംവിധാനങ്ങളുമായും ചേർന്ന് അവ‍ർ പ്രവ‍ർത്തിക്കുന്നുണ്ട്. ഞാൻ അപ്ലൈ ചെയ്ത സമയത്ത് അരുണാചൽ സർക്കാരുമായി പങ്കുചേർന്ന് നടത്തുന്ന ഒരു വ‍ർക്ക് അവർക്ക് കിട്ടി. അരുണാചലിൽ ഒരു മാസം താമസിച്ച് കുട്ടികൾക്ക് നാടകപരിശീലനം നൽകുക, അതോടൊപ്പം തന്നെ ലഹരി വിരുദ്ധ ബോധവത്കരണം നടത്തുക എന്നിവയായിരുന്നു പദ്ധതി. കുട്ടികൾ പോലും വളരെ ഉയ‍ർന്ന തോതിൽ ലഹരി ഉപഭോക്താക്കളായ ഒരിടമായിരുന്നു മ്യാൻമ‍‍ർ ബോ‍ർഡറിൽ വരുന്ന മിയാവോ എന്ന പ്രദേശം. സ്കൂളിൽ പോകുന്നവരിൽ 500 ൽ ഏറെ കുട്ടികൾ ലഹരിക്ക് അടിമകളാണ്. ഗാ‍ർഹിക പീഡനം, ബലാത്സംഗം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥലം കൂടിയാണത്. തിയറ്റ‍ർ ഓഫ് ഒപ്രസ്ഡ് എന്ന ആശയം അടിസ്ഥാനമാക്കി സ്ത്രീകൾക്കിടയിലും, ഹൈസ്ക്കൂൾ – ഹയർസെക്കണ്ടറി കുട്ടികൾക്കിടയിലും സ്റ്റേജ് പ്ലേ, സ്ട്രീറ്റ് പ്ലേ ഉൾപ്പെടെയുള്ളവയിൽ പരിശീലനം നൽകി. തിയറ്ററുമായി ബന്ധപ്പെട്ട ആദ്യ അനുഭവമായിരുന്നത്.

മിയാവോയിലെ തിയറ്റർ ക്യാമ്പ്

ഇതിനിടയിൽ തന്നെ ഇഗ്നൈറ്റ് ഇന്ത്യ എന്ന പേരിൽ കേരളത്തിൽ ആരംഭിച്ച് യൂത്ത് ഫോക്കസിൽ ഇന്ത്യയൊട്ടാകെ പ്രവ‍ർത്തിക്കുന്ന എൻ.ജി.ഒ.യുടെയും ഭാഗമായി. ലീഡ‍ർഷിപ്പ് സ്ക്കിൽസ്, ഗ്ലോബൽ സിറ്റിസൺഷിപ്പ് എഡ്യുക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്യാമ്പുകളും വ‍ർക്ക്ഷോപ്പുകളും, ഇന്ത്യ ഒട്ടാകെ ഉള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മ‍ർ സ്കൂളുകളും, വിന്റർ സ്കൂളുകളും അവ‍ർ നടത്തുന്നുണ്ട്. പെരുമാൾ ഫൗണ്ടേഷന്റെ രണ്ട് വ‍ർഷത്തെ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ ആണ് ഞാൻ ഇപ്പോഴുള്ളത്. യൂത്ത് ഫോക്കസിൽ തന്നെ എഡ്യൂക്കേഷൻ, ഹെൽത്ത്, ന്യൂട്രീഷൻ എന്നീ മേഖലകളിൽ പ്രവ‍ർത്തിക്കുന്നു.

മലയാളികൾക്ക് എവിടെപ്പോയാലും മലയാളിയെ കാണാനും കൂട്ടുകൂടാനും ഭാഗ്യം ഉണ്ടാകുമെന്നത് ഒരു മഹാസത്യമാണന്ന് യാത്രയ്ക്കിടയിൽ ഹന്നയും സാക്ഷ്യപ്പെടുത്തുന്നു. പ്രവാസത്തിന്റെ വലിയൊരു പാരമ്പര്യം മലയാളിക്കുണ്ട്. മലയാളിയുടെ പ്രവാസലോകങ്ങൾ ഇന്ന് വിസ്തൃതമായിക്കൊണ്ടിരിക്കുന്നു. വിദ്യഭ്യാസത്തിനായും ജോലിക്കായും കേരളം വിട്ടുപോകാനും തിരിച്ചുവരാതിരിക്കാനും ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറയിൽ ഏറെ പേരും. വൃദ്ധരുടെ മാത്രം നാടായി കേരളം അവശേഷിക്കുമെന്ന ആശങ്ക വർദ്ധിക്കുന്നു. എന്തുകൊണ്ടാണ് പുതിയ തലമുറ കേരളം വിട്ടുപോകുന്നതും തിരിച്ചുവരാതിരിക്കുന്നതും  ?

സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ് പ്രധാന കാരണം. എത്ര പണിയെടുത്താലും ഇവിടെ വേണ്ടത്ര പണം കിട്ടുന്നില്ല. അതുപോലെ തന്നെ പഠിക്കുന്ന സമയത്ത് തന്നെ പാ‍ർട്ട് ടൈം ജോലികൾ ചെയ്യാനുള്ള അവസരങ്ങളും ഇവിടെ വളരെ കുറവാണ്. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും, സാമൂഹിക വ്യവസ്ഥയും അതിന് അനുകൂലമല്ല. പാ‍ർട്ട് ടൈം ജോലിക്ക് പോകുന്നവരിൽ തന്നെ ഏറെയും പുരുഷന്മാരായിരിക്കും. സ്ത്രീകൾക്ക് അതിലും അവസരം കുറവാണ്. അതോടൊപ്പം തന്നെ വിദേശ യൂണിവേഴ്സിറ്റികളിൽ പോകാനും പഠിക്കാനുമുള്ള സാധ്യതകൾ ഏറെ വർധിച്ചു. വിദ്യാഭ്യാസ വായ്പ എടുത്തിട്ടും മറ്റും പലരും പുറത്തേക്ക് പോകാൻ ശ്രമിക്കുന്നു. എല്ലാവരും ആഗ്രഹിക്കുന്നത് നല്ല ജീവിത സാഹചര്യങ്ങളാണ്. രാഷ്ട്രീയപരമായ സ്വാധീനങ്ങളും ഇവിടം വിട്ടുപോകാൻ കാരണമാകുന്നുണ്ട്. ഇനി ഇന്ത്യയിൽ ജീവിക്കാനാവില്ല എന്ന ഭയം പലർക്കുമുണ്ട്. എങ്ങനെയെങ്കിലും ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടാൻ നോക്ക് എന്നാണ് പലരും പറയുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 17, 2023 3:35 pm