ഹർഷ് മന്ദർ വീണ്ടും ഉന്നം വയ്ക്കപ്പെടുമ്പോൾ

എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ ഡൽഹിയിലെ വീട്ടിലും അദ്ദേഹം ഡയറക്ടറായ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ (സി.ഇ.എസ്) ഓഫിസിലും ഫെബ്രുവരി 2ന് റെയ്ഡ് നടത്തിയ സി.ബി.ഐ, വിദേശനാണ്യ വിനിമയ നിയന്ത്രണച്ചട്ടം (FCRA) ലംഘിച്ചെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമൻ ബിരാദരി എന്ന എൻ.ജി.ഒക്കായി വിദേശഫണ്ട് വിനിമയ ചട്ടം ലംഘിച്ചുവെന്നാണ് പരാതി. ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്ന ഹർഷ് മന്ദർ ഗുജറാത്ത് കലാപത്തോടെയാണ് സർവ്വീസ് വിട്ട് പൊതുരംഗത്ത് എത്തുന്നത്. തുടർന്ന്, വർഗീയ-വിഭാഗീയ സംഘർഷങ്ങളുടെ ഇരകളായി തീരുന്നവർക്കിടയിൽ പ്രവർത്തിക്കുന്ന അദ്ദേഹം നരേന്ദ്ര മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും കടുത്ത വിമർശകനാണ്. അതുകൊണ്ടുതന്നെ ഏറെക്കാലമായി അദ്ദേഹം കേന്ദ്രസർക്കാരിന്റെ ‘നോട്ടപ്പുള്ളി’യാണ്.  ആറ് ഉദ്യോഗസ്ഥർ വീതമുള്ള രണ്ട് സി.ബി.ഐ സംഘങ്ങളാണ് ഫെബ്രുവരി 2ന് രാവിലെ എട്ട് മണിയോടെ രണ്ട് സ്ഥലങ്ങളിലും എത്തി റെയ്ഡ് നടത്തിയത്. മന്ദറിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡ് ഉച്ചയ്ക്ക് 12.30ന് അവസാനിച്ചെങ്കിലും സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഓഫീസിൽ നടന്ന റെയ്ഡ് ഉച്ച കഴിഞ്ഞും തുടർന്നു. “എൻ്റെ ജീവിതം, എൻ്റെ എഴുത്തുകൾ, എൻ്റെ ജോലി എന്നിവ മാത്രമാണ് എൻ്റെ പ്രതികരണം” എന്ന് മാത്രമാണ് റെയ്ഡുകളോട് ഹർഷ് മന്ദർ പ്രതികരിച്ചത്.

റെയ്ഡ് ചെയ്യപ്പെട്ട വസതിയിൽ ഹർഷ് മന്ദർ. കടപ്പാട്: scroll.in.

അന്വേഷണ ഏജൻസികൾ ഹർഷ് മന്ദറിന് നേരെ ഉപയോഗിക്കപ്പെടുന്നത് ഇത് ആദ്യമായല്ല. 2021 സെപ്റ്റംബറിൽ ഹർഷ് മന്ദറിന്റെ വീട് ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. സി.ഇ.എസ് നടത്തുന്ന രണ്ട് ബാലമന്ദിരങ്ങളിലെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഡൽഹി പൊലീസ് 2020 ൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ കേസുകളിലൊന്നും വ്യക്തമായ തെളിവുകൾ കൊണ്ടുവരാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. 2020ൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൻ്റെ വാദം കേൾക്കുന്നതിനിടയിൽ, ഹർഷ് മന്ദർ സുപ്രീം കോടതി വിരുദ്ധമായതും അക്രമത്തെ പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുകയുണ്ടായി. ദില്ലി കലാപത്തിന് കാരണമായ, മൂന്ന് ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷപ്രസംഗങ്ങളിൽ ഉടൻ അന്വേഷണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ച ഹർഷ് മന്ദറിന്റെ ഇടപെടലിനോടുള്ള പ്രതികാരമായാണ് ഈ നടപടി വിലയിരുത്തപ്പെട്ടത്.

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ 2019 ഡിസംബറിൽ നടത്തിയ പ്രസംഗത്തിൽ, സുപ്രീം കോടതിക്കെതിരെ ഹർഷ് മന്ദർ പരാമർശം നടത്തിയിട്ടില്ല എന്നത് പിന്നീട് പ്രസംഗത്തിന്റെ പൂർണ്ണരൂപം പുറത്ത് വന്നപ്പോൾ വ്യക്തമായതാണ്. “ഈ പോരാട്ടം സുപ്രീം കോടതി വഴിയും ജയിക്കാനാകും എന്ന പ്രതീക്ഷയും അവശേഷിക്കുന്നില്ല. അത് നമ്മൾ NRC, അയോദ്ധ്യ, കശ്മീർ വിഷയങ്ങളിൽ കണ്ടുകഴിഞ്ഞതാണ്. ആ കേസുകളിൽ ഒന്നും തന്നെ മനുഷ്യത്വത്തെ, സമത്വത്തെ, മതേതരത്വത്തെ സംരക്ഷിക്കാൻ സുപ്രീം കോടതിക്ക് സാധിച്ചിട്ടില്ല. എന്നാൽ, ഞങ്ങൾ പ്രതീക്ഷ പൂർണ്ണമായും വെടിയുന്നില്ല. സുപ്രീം കോടതിയിലെ പോരാട്ടങ്ങൾ അവസാന നിമിഷം വരെയും പൂർവാധികം ശക്തിയോടെ തുടരുക തന്നെ ചെയ്യും. എന്തൊക്കെപ്പറഞ്ഞാലും, അത് നമ്മുടെ സുപ്രീം കോടതി അല്ലേ. എന്നാൽ അന്തിമതീരുമാനം, അതുണ്ടാവുക മിക്കവാറും പാർലമെന്റിലോ സുപ്രീം കോടതിയിലോ ഒന്നുമാവില്ല.” ഇത്രയുമാണ് ഹർഷ് മന്ദർ സുപ്രീം കോടതിയെപ്പറ്റി പ്രസംഗത്തിൽ പറഞ്ഞത്.

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുന്ന ഹർഷ് മന്ദർ.

“നമ്മളെക്കൊണ്ട് അക്രമം പ്രവർത്തിപ്പിക്കുക എന്നതാണ് അവരുടെ തന്ത്രം. അതിനാണ് അവർ ഇത്രയും പാടുപെട്ട് നമ്മളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത്. നമ്മൾ അക്രമത്തിന്റെ വഴിയേ പ്രതികരിച്ചാൽ, അത് വെറും രണ്ട് ശതമാനം ആയാൽ പോലും അവർ തിരിച്ച് പ്രവർത്തിക്കുക 100 ശതമാനം അക്രമം ആയിരിക്കും. അക്രമവും അനീതിയും എന്തൊക്കെ ചെയ്യാൻ കഴിവുള്ളതാണ് എന്ന് ഗാന്ധിജി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. നിങ്ങൾ ഓർത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്. നിങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവർ, നിങ്ങളുടെ മനസ്സിൽ വെറുപ്പിന്റെ വിത്തുപാകുന്നവർ അവർ ആരായാലും നിങ്ങളുടെ സുഹൃത്തുക്കളല്ല.” അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് പരാതിപ്പെട്ട പ്രസംഗത്തിൽ ഹർഷ് മന്ദർ അക്രമത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. എന്നാൽ, ഈ പ്രസംഗത്തിൽ നിന്നും ചില വരികൾ മാത്രം അടർത്തിയെടുത്ത് അതിന്റെ വീഡിയോ പല ബി.ജെ.പി നേതാക്കളും പ്രചരിപ്പിച്ചിരുന്നു. പൗരത്വ (ഭേദഗതി) നിയമത്തിനെതിരായും ഡൽഹി കലാപത്തിൽ ഇരകളാക്കപ്പെട്ടവർക്ക് വേണ്ടിയും പ്രവർത്തിച്ചതാണ് സംഘപരിവാറിന് പ്രകോപനമായി മാറിയത്.

മഹാത്മാ ഗാന്ധി

ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് തന്നെ സർവീസ് ജീവിതത്തിലുടനീളം വർഗീയതയ്ക്കും അഴിമതിയ്ക്കും അധികാര ദുർവിനിയോഗത്തിനും എതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഹർഷ് മന്ദർ. സിവിൽ സർവീസിലെ ജോലിക്കിടെ അദ്ദേഹത്തിന് ലഭിച്ച 22 ട്രാൻസ്ഫറുകൾ ഹർഷ് മന്ദറിന്റെ സത്യസന്ധമായ നിലപാടുകളുടെ തെളിവാണ്. 1980 ൽ മധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഏറെ സമയവും ചിലവഴിച്ചത് മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ആദിവാസി പ്രദേശങ്ങളുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം അദ്ദേഹം അവിടെ പ്രവർത്തിച്ചു. 1984ൽ, ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് സിഖ് വിരുദ്ധ കലാപങ്ങൾ അരങ്ങേറിയ സമയത്ത് ഇൻഡോറിലെ അഡീഷണൽ കളക്ടർ ആയിരുന്ന ഹർഷ് മന്ദർ ആ പ്രദേശത്തുണ്ടായിരുന്ന സിഖ് ജനതയെ സംരക്ഷിക്കുന്നതിനായി ധീരമായ ഇടപെടലുകൾ നടത്തിയിരുന്നു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് കലാപങ്ങൾ പൊട്ടിപുറപ്പെട്ടപ്പോൾ അദ്ദേഹം ഖാർഗോൺ കളക്ടർ ആയിരുന്നു. അവിടെയും കലാപം വ്യാപിക്കുന്നത് തടയുന്ന കാര്യത്തിൽ ഹർഷ് മന്ദറിന്റെ ഇടപെടലുകൾ നിർണ്ണായക പങ്കുവഹിച്ചു. ഈ കലാപത്തിന്റെ ഓർമയിൽ അദ്ദേഹം എഴുതിയ ഒരു കുറിപ്പാണ് ഹർഷ് മന്ദറിന്റെ സുഹൃത്ത് കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ‘കലാപം’ എന്ന നോവലിന് ആധാരമായി മാറിയത്. ഒടുവിൽ ഗുജറാത്ത് വംശഹത്യയിൽ മനംനൊന്താണ് ഹർഷ് മന്ദർ ഐ.എ.എസ് ഉപേക്ഷിക്കുന്നത്. വംശഹത്യയിൽ ഇരകളാക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായി അദ്ദേഹം ജനമധ്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നല്‍. Fear and Forgiveness: The Aftermath of Massacre എന്ന പുസ്തകം അദ്ദേഹം ഗുജറാത്ത് വംശഹത്യയെക്കുറിച്ച് രചിച്ചു.

Fear and Forgiveness: The Aftermath of Massacre

പുസ്തകം പുറത്തുവന്നതിനെ തുടർന്ന് 2010 മാർച്ച് 27ന് Mainstream Weeklyൽ നൽകിയ അഭിമുഖത്തിൽ ഹർഷ് മന്ദർ ഇപ്രകാരം പറയുന്നു:  “1984 ൽ ഡെൽഹിയിൽ നടന്ന കൂട്ടക്കുരുതിക്കും 2002 ൽ ഗുജറാത്തിൽ നടന്ന നരഹത്യയ്‌ക്കും ചരിത്രപരമായി ഒട്ടനവധി സമാനതകളുണ്ട്. മേൽപ്പറഞ്ഞ രണ്ട് കലാപങ്ങളും ഇരു മതവിഭാഗങ്ങള്‍ തമ്മിൽ പൊടുന്നനെയുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. ഇവ രണ്ടും തന്നെ പൊതുഭരണ സംവിധാനത്തിന്റെ വക്താക്കള്‍ തന്ത്രപരമായി ഭരണ- രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ആസൂത്രണം ചെയ്‌തവയാണ്. രണ്ട് കലാപവേളയിലും നിയമസമാധാനം നിലനിര്‍ത്തേണ്ട ഉദ്യോഗസ്ഥരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരേതരത്തിൽ ആക്രമണോത്സുകതയോടെയാണ് പ്രതികരിച്ചത്. അക്രമാസക്തരായ ജനകൂട്ടത്തിന് ന്യൂനപക്ഷ സമുദായംഗങ്ങളുടെ സ്വത്തും മുതലും കൊള്ളയടിക്കുന്നതിനും അവരെ കൂട്ടത്തോടെ, പലപ്പോഴും ജീവനോടെതന്ന കുഴിച്ചുമൂടുന്നതിനും ഈ ഉദ്യോഗസ്ഥര്‍ പ്രേരണ നൽ‌കി. 1984 ലെ കലാപത്തിൽ ഡൽഹി തെരുവീഥികളിൽ സിക്കുകാരാണ് അക്രമത്തിന് ഇരയായതെങ്കിൽ 2002 ൽ ഗുജറാത്തിൽ മുസ്ലീം സമുദായാംഗങ്ങളാണ് വംശീയ ക്രൂരതയ്‌ക്ക് ഇരയായത്. രണ്ട് സന്ദര്‍ഭങ്ങളിലും ഭരണപക്ഷ രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും സമുദായസ്‌പര്‍ധവളര്‍ത്തുന്നതിലും, ആയുധസംഭരണത്തിനും, ആളും, അര്‍ത്ഥവും വിതരണം നടത്തുന്നതിനും മുന്‍നിരയിൽ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പലപ്പോഴും എതിര്‍പക്ഷത്തെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കുന്ന വോട്ടര്‍ പട്ടിക തന്നെ അവലംബമാക്കി എന്ന സത്യം കലാപം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയവരുടെ പൈശാചികത വ്യക്തമാക്കുന്നു.”

ഗുജറാത്ത് വംശഹത്യയ്ക്കെതിരായി തുറന്ന് സംസാരിക്കാൻ തുടങ്ങിയതോടെ അദ്ദേഹം സംഘപരിവാറിന്റെ ‘പ്രതിയോഗി ലിസ്റ്റിൽ’ ഉൾപ്പെട്ടു. ആൾക്കൂട്ട ആക്രമണത്തിനും വർഗീയമോ മതപരമോ ആയ ആക്രമണത്തിനും ഇരകളാക്കപ്പെട്ടവരെ നേരിൽ സന്ദർശിച്ചുകൊണ്ട് 2017ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർവാൻ-ഇ-മൊഹബത്ത് എന്ന യാത്ര ഏറെ ശ്രദ്ധേയമായ ഒന്നായി മാറി. ഗോസംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിലെമ്പാടും മുസ്ലീംങ്ങളും ദലിതരും വ്യാപകമായി ആക്രമിക്കപ്പെടുന്ന കാലത്താണ് ഹർഷ് മന്ദർ ഈ യാത്ര ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ യാത്രയും സംഘപരിവാറിന് അദ്ദേഹത്തോടുള്ള വിദ്വേഷത്തെ വർദ്ധിപ്പിച്ചു.

കർവാൻ-ഇ-മൊഹബത്ത് യാത്രയ്ക്കിടയിൽ ഹർഷ് മന്ദർ. കടപ്പാട്: scroll.in.

ഇരകളുടെ കുടുംബങ്ങൾക്ക് വൈദ്യസഹായവും നിയമസഹായവും നൽകുക എന്നതായിരുന്നു ക്യാമ്പയിന്റെ മുഖ്യലക്ഷ്യം. കർവാൻ-ഇ-മൊഹബത്ത് സംഘത്തിന് അഹമ്മദാബാദ് നഗരത്തിൽ ജനങ്ങളുമായി സംവാദങ്ങൾ നടത്താനുള്ള ഇടം നൽകരുതെന്ന് ഗുജറാത്ത് സർക്കാർ അഹമ്മദാബാദിലെ ഹാൾ ഉടമകളോട് ആവശ്യപ്പെടുകയുണ്ടായി. 2016 സെപ്തംബർ 16 ന് അഹമ്മദാബാദിൽ വച്ച് ഗോസംരക്ഷണ ഗുണ്ടകൾ കൊലചെയ്ത മുഹമ്മദ് അയൂബിൻ്റെ കുടുംബത്തെ കാണാനാണ് കാരവൻ സംഘം അഹമ്മദാബാദിലെത്തിയത്. ഹാളുകൾ കിട്ടാതെ വന്നതോടെ മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു ചേരിയിൽ വച്ചാണ് അന്ന് ഹർഷ് മന്ദർ പ്രസംഗിച്ചത്. “ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങൾക്കിടയിൽ നിലനിൽക്കുന്നത് ഭയത്തിൻ്റെയും നിരാശയുടെയും അന്തരീക്ഷമാണ്. സമാധാനത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ഈ ഭയത്തെയും നിരാശയെയും പ്രതിരോധിക്കാനുള്ള ഏക മാർഗം. ഈ യാത്രയിൽ പ്രബല സമുദായത്തിലെ ആളുകളോട് സംസാരിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായ കാര്യം ന്യൂനപക്ഷങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ അവർക്കിടയിൽ പശ്ചാത്താപം വളരെ കുറവാണെന്ന് എന്നാണ്.” അഹമ്മദാബാദിലെ ചേരിയിൽ ഒത്തുകൂടിയ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഹർഷ് മന്ദർ പറഞ്ഞു.

കർവാൻ-ഇ-മൊഹബത്ത് യാത്രയുടെ സമാപനവേളയിൽ ഗാന്ധിയുടെ ജന്മസ്ഥലത്ത് ഹർഷ് മന്ദിർ പ്രസംഗിക്കുന്നു. കടപ്പാട്: thewire.in

യു.പി.എ സർക്കാരിന്റെ കാലത്ത് 2010 ജൂണിൽ അദ്ദേഹം സോണിയ ഗാന്ധി അധ്യക്ഷയായ  ഇന്ത്യയുടെ ദേശീയ ഉപദേശക സമിതി അംഗമായി നിയമിക്കപ്പെടുകയുണ്ടായി. ആ കാലത്ത് ഭക്ഷ്യസുരക്ഷാ ബിൽ, ഭൂമി ഏറ്റെടുക്കൽ-പുനരധിവാസ ബിൽ, ബാലവേല നിർമാർജനം, നഗര ദാരിദ്ര്യവും ഭവനരഹിതരും, വികലാംഗ അവകാശങ്ങൾ, തെരുവ് കച്ചവടക്കാരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പുകൾ ഹർഷ് മന്ദറിന്റെ ഇടപെടലുകൾ വളരെ ശ്രദ്ധേയമായിരുന്നു. ബിൽ, ദലിത്, ന്യൂനപക്ഷ, ആദിവാസി അവകാശങ്ങൾ തുടങ്ങിയവ. പക്ഷേ, 2012ൽ അദ്ദേഹത്തിൻ്റെ കാലാവധി സർക്കാർ പുതുക്കിയില്ല.

ഐ.ഐ.എം അഹമ്മദാബാദിലും, ദില്ലി സെന്റ് സ്റ്റീഫൻസിലും ദാരിദ്ര്യവുമായി ബന്ധപ്പെട്ട പഠന കേന്ദ്രങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ ജെ.എൻ.യു, ജാമിയ, നൽസാർ ഹൈദരാബാദ്, എം.ഐ.ടി കാലിഫോർണിയ, ലോസ് ആഞ്ചലസ്‌, ബോസ്റ്റൺ, സസെക്‌സ് തുടങ്ങിയ സർവകലാശാലകളിൽ അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള മന്ദർ അറിയപ്പെടുന്ന ഒരു കോളമിസ്റ്റ് കൂടിയാണ്. ദി സ്ക്രോൾ എന്ന വെബ് പോർട്ടലിന് വേണ്ടി എഴുതുന്ന Bearing Witness എന്ന കോളത്തിൽ 2024 ജനുവരി 22ന് നടന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം എഴുതിയ Ayodhya dispute was not just about a plot of land – it was about how we imagine India എന്ന കുറിപ്പിൽ അദ്ദേഹം ഇപ്രകാരം പറയുന്നു: “മസ്ജിദ് പണിയുന്നതിനായി പതിനാറാം നൂറ്റാണ്ടിൽ രാമൻ്റെ ഒരു ഹിന്ദു ക്ഷേത്രം തകർത്തുവെന്നതിന് തെളിവില്ലെന്ന് ക്ഷേത്ര നിർമ്മാണത്തിന് ഭൂമി അനുവദിച്ച സുപ്രീം കോടതി വിധി പോലും സ്ഥിരീകരിക്കുന്നു. എന്നാൽ പരമോന്നത കോടതിയുടെ വിധിക്ക് ശേഷം ഞാൻ ചോദിച്ചത്, മസ്ജിദ് നിർമ്മിച്ച സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടെന്ന് സ്ഥാപിക്കാൻ കഴിയുമായിരുന്നെങ്കിൽ പോലും ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാൻ വേണ്ടി രൂപപ്പെടുത്തിയ പ്രസ്ഥാനം ചെയ്ത തെറ്റ് തിരുത്താൻ ന്യായമായും നിയമപരവും ഭരണഘടനാപരവുമായ കാരണങ്ങളുണ്ടല്ലോ എന്നാണ്.”

നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി സധൈര്യം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഹർഷ് മന്ദർ വീണ്ടും സംഘപരിവാറിന്റെ ‍ടാർഗറ്റായി മാറുന്നത് വെറുതെയല്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 6, 2024 9:52 am