മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ഒരു വർഷം 668 വിദ്വേഷ പ്രസം​ഗങ്ങൾ

മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള 668 വിദ്വേഷ പ്രസംഗങ്ങൾ 2023 ൽ ഇന്ത്യയിലുണ്ടായതായി വിദ്വേഷ പ്രസംഗങ്ങൾ രേഖപ്പെടുത്തുന്ന ‘ഇന്ത്യാ ഹേറ്റ് ലാബ്’ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 2023 ൻ്റെ ആദ്യ പകുതിയിൽ 255 സംഭവങ്ങൾ നടന്നപ്പോൾ, രണ്ടാം പകുതിയിൽ 413 ആയി അത് ഉയർന്നു. 62 ശതമാനം വർദ്ധനവാണ് ആറ് മാസത്തിനിടയിൽ ഉണ്ടായതെന്ന് ‘ഹേറ്റ് സ്പീച്ച് ഇവന്റ്‌സ് ഇന്‍ ഇന്ത്യ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് വിശദമായ കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഇത് ആദ്യമായാണ് ഇന്ത്യയിൽ ഒരു വര്‍ഷം നടന്ന വിദ്വേഷ പ്രസം​ഗങ്ങളെ വിശദമായി രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് വാഷിങ്ടണ്‍ ഡി.സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബ് ഗവേഷണം നടത്തിയത്.

വിദ്വേഷ പ്രസം​ഗങ്ങൾ, സംസ്ഥാനം തിരിച്ചുള്ള കണക്ക്

കടപ്പാട്:indiahatelab.com

വിദ്വേഷ പ്രസം​ഗങ്ങളിൽ 75 ശതമാനവും, അതായത് 498 വിദ്വേഷ പ്രസംഗങ്ങളും നടന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട 239 പരിപാടികളിലും മുസ്ലീങ്ങളെ ആക്രമിക്കാൻ ആഹ്വാനമുണ്ടായതായും റിപ്പോർട്ട് പറയുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, 2023 ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലായിരുന്നു വിദ്വേഷ പ്രസം​ഗങ്ങൾ കൂടുതലായും നടന്നത്. ഇതേ സമയത്ത് തന്നെയാണ് ഗാസയിലെ ഇസ്രയേല്‍ ആക്രമണവും ആരംഭിക്കുന്നത്. അതും വിദ്വേഷ പ്രസം​ഗ​ങ്ങളിൽ മുസ്ലീം വിരുദ്ധ പരാമർശമായി വന്നു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വിദ്വേഷ പ്രസം​ഗങ്ങൾ ബി.ജെ.പി-ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും

കടപ്പാട്:indiahatelab.com

420 വിദ്വേഷ പ്രസംഗങ്ങളിൽ വിദ്വേഷ പ്രചാരകർ ഉയർത്തിയത് ലൗ ജിഹാദ്, ഭൂമി ജിഹാദ്, ഹലാൽ ജിഹാദ്, ജനസംഖ്യ ജിഹാദ് തുടങ്ങിയ അസത്യങ്ങളാണ്. 169 പരിപാടികളിൽ ഉയർന്നത് മുസ്ലീങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ആഹ്വാനമായിരുന്നു എന്നും പ്രസം​ഗങ്ങളുടെ ഉള്ളടക്കങ്ങൾ വിശദമായി പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വിദ്വേഷ പ്രസം​ഗങ്ങൾ, മാസങ്ങളുടെ അടിസ്ഥാനത്തിൽ

കടപ്പാട്:indiahatelab.com

മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബിഹാര്‍ (18) എന്നീ സംസ്ഥാനങ്ങളാണ് പ്രസംഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 10 സംസ്ഥാനങ്ങള്‍. ഇതില്‍ ആറ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുഴുവന്‍ ഭരിച്ചത് ബി.ജെ.പിയാണ്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ വിദ്വേഷ പരാമര്‍ശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നത് ബി.ജെ.പി നേതാക്കന്മാരാണെന്നതും പ്രധാനപ്പെട്ട കണ്ടെത്തലാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന വിദ്വേഷ പ്രസം​ഗങ്ങളിൽ 10.6 ശതമാനം സംഭവങ്ങളില്‍ മാത്രമാണ് ബി.ജെ.പി നേതാക്കന്മാര്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ 27.6 ശതമാനങ്ങളിലും ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടുന്നുണ്ട്.

വിദ്വേഷ പ്രസം​ഗങ്ങളിലെ വിഷയങ്ങൾ

കടപ്പാട്:indiahatelab.com

146 വിദ്വേഷ പ്രസം​ഗങ്ങളിൽ (22 ശതമാനം) അഞ്ച് പേരാണ് ഉത്തരവാദികളെന്ന കണക്കും ഹേറ്റ് ലാബ് പുറത്തുവിടുന്നു. ബി.ജെ.പി എം.എല്‍.എമാരായ ടി രാജ സിങ്, നിതേഷ് റേന്‍, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മേധാവി പ്രവീണ്‍ തൊഗാഡിയ, വലതുപക്ഷ പ്രചാരകൻ കാജള്‍ ഷിംഗള, സുദര്‍ശന്‍ ന്യൂസ് ഉടമ സുരേഷ് ചവാന്‍കേ, ഹിന്ദു മതനേതാക്കളായ യതി നരസിംഘാനന്ദ്, കാളീചരണ്‍ മഹാരാജ്, സദ്‌വി സരസ്വതി മിശ്ര എന്നിവരാണ് വിദ്വേഷ പ്രസംഗങ്ങളില്‍ മുന്നിൽ നിൽക്കുന്ന എട്ട് പേർ.

വിദ്വേഷ പ്രസം​ഗങ്ങൾ നടത്തുന്ന സംഘടനകൾ

കടപ്പാട്:indiahatelab.com

സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളാണ് 46 ശതമാനം വിദ്വേഷ പ്രസംഗങ്ങളും നടത്തിയിരിക്കുന്നത്. 307 സംഭവങ്ങളാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മാത്രം നടന്നത്. ഗോ രക്ഷാദള്‍ പോലുള്ള പശു സംരക്ഷണ സംഘടനകള്‍ വിദ്വേഷ പ്രസംഗങ്ങളില്‍ ഏറെ മുന്നിലാണ്. 32 ശതമാനം (126) സംഭവങ്ങളും വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്‌റം​ഗദളും നടത്തിയതാണ്.

വര്‍ഗീയ പരാമര്‍ശങ്ങളും അക്രമങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് 2023 ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന മുസ്ലീം വിരുദ്ധ അക്രമങ്ങളെയും ജൂണില്‍ മഹാരാഷ്ട്രയിലെ കൊലഹ്പൂരില്‍ നടന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടുതൽ വിദ്വേഷ പ്രസം​ഗം നടത്തിയ ആദ്യ അഞ്ച് പേർ

കടപ്പാട്:indiahatelab.com

ഇന്ത്യയിൽ താമസിക്കുന്ന റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികളെ ലക്ഷ്യമിട്ട് 38 വിദ്വേഷ പ്രസം​ഗങ്ങൾ നടന്നതായും റിപ്പോർട്ട് രേഖപ്പെടുത്തുന്നു. 2023 ജൂലൈ 31ന് ഹിന്ദു രാഷ്ട്രസേന എന്ന സംഘടനയുടെ പ്രസിഡൻ്റ് ധനഞ്ജയ് ദേശായി
മഹാരാഷ്ട്രയിലെ ഫുലാംബ്രിയിൽ നടത്തിയ പ്രസം​ഗത്തിൽ മ്യാൻമറിൽ നടക്കുന്ന റോഹിങ്ക്യൻ വംശഹത്യയെ പ്രശംസിച്ചതായും ഹേറ്റ് ലാബ് റിപ്പോർട്ട് പറയുന്നു.

ഏറ്റവും രൂക്ഷമായ വിദ്വേഷ പ്രസം​ഗം നടത്തിയ ആദ്യ എട്ട് പേർ

കടപ്പാട്:indiahatelab.com

ഹേറ്റ് ലാബും ഹേറ്റ് ലാബിന്റെ സ്ഥാപകനായ ഹമീദ് നായിക് നടത്തുന്ന വിദ്വേഷ കുറ്റകൃത്യ ട്രാക്കറായ ‘ഹിന്ദുത്വ വാച്ച്’ എന്ന വെബ്സൈറ്റും ഐടി ആക്ട്, 2000 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം നിരോധിക്കുകയുണ്ടായി. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ഈ വെബ്സൈറ്റുകൾ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. 137 റഫറൻസുകളാണ് തെളിവുകളായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും അതിലെ ‘ഹിന്ദുത്വ വാച്ച്’ ലിങ്കുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 27, 2024 3:14 pm