ശ്രദ്ധിക്കാം, ചൂടേറ്റ് ചത്തത് അഞ്ഞൂറിലേറെ പശുക്കൾ

മനുഷ്യർ മാത്രമല്ല, പശുക്കൾ ഉൾപ്പെടെ എല്ലാ വളർത്തുമൃഗങ്ങളും കൊടുംചൂടിൻ്റെയും ഉഷ്ണതരംഗത്തിൻ്റെയും സൂര്യാഘാതത്തിൻ്റെയും ഭീഷണിയിലാണ്. മൂന്ന് മാസത്തിനിടയിൽ സംസ്ഥാനത്ത് അഞ്ഞൂറിൽ അധികം പശുക്കൾ സൂര്യാഘാതമേറ്റ് ചത്തതായി ക്ഷീരവികസനവകുപ്പിൻ്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മേയുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു പശുക്കളിൽ ഏറെയും ചത്തത്. നാടൻ കന്നുകാലികളെക്കാൾ ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി  തുടങ്ങിയ സങ്കരയിനം പശുക്കളെയാണ് കൂടിയ ചൂട് ഗുരുതരമായി ബാധിക്കുക. കാരണം
വിദേശ ജനുസ്സുകളായ ഇവയ്ക്ക് അധിക ചൂടിനെ പ്രതിരോധിക്കാനുളള ശേഷി തീർത്തും കുറവാണ്. ഉയർന്ന ശരീരോഷ്മാവ്, ഉമിനീര് വായിൽ നിന്നും ധാരാളമായി പുറത്തേക്ക് ഒഴുകൽ, മൂക്കിൽ നിന്ന് നീരൊലിപ്പ്, ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, കിതപ്പ്, വായ് തുറന്ന് പിടിച്ചുള്ള അണപ്പ്, വിറയൽ എന്നിവയെല്ലാം പശുക്കളിലെ ഉഷ്‌ണസമ്മർദ്ദത്തിന്റെ ലക്ഷങ്ങളാണ്. കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവ, ഗർഭത്തിന്റെ അവസാന മാസങ്ങളിൽ എത്തിനിൽക്കുന്നവ, കൂടുതൽ കറുപ്പ് നിറമുള്ളവ തുടങ്ങിയ വിഭാഗം പശുക്കളെ ഉഷ്ണസമ്മർദ്ദം കൂടുതലായി ബാധിക്കും. 

പശുക്കൾക്ക് സൂര്യാഘാതമേറ്റാൽ

ഉഷ്ണസമ്മർദ്ദം താങ്ങാവുന്നതിലും അധികമാവുന്നതോടെ പശുക്കൾ സൂര്യാതപത്തിന്റെയും സൂര്യാഘാതത്തിന്റെയും ലക്ഷണങ്ങൾ കാണിക്കും. കിതപ്പ്, തളർച്ച, നടക്കുമ്പോൾ വേച്ചുവീഴൽ, കൈകാലുകൾ തറയിലടിച്ച് പിടയൽ, വായിൽ നിന്ന് നുരയും പതയും വരൽ, തൊലിപ്പുറത്ത് പൊള്ളലേറ്റ പാട് തുടങ്ങി സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ നനച്ച് മേലാസകലം തുടയ്ക്കുകയും, ധാരാളം കുടിവെള്ളം നൽകുകയും വേണം. പശുക്കൾ സൂര്യാഘാതമേറ്റ് മരണപ്പെടുകയാണെങ്കിൽ പ്രസ്തുതവിവരം തൊട്ടടുത്ത മൃഗാശുപത്രിയിൽ അറിയിക്കാൻ കർഷകർ ശ്രദ്ധിക്കണം. സൂര്യാഘാതമേറ്റ് പശുക്കൾ മരണപ്പെട്ടാൽ മുൻവർഷങ്ങളിൽ എന്നപോലെ ഇത്തവണയും ദുരന്തനിവാരണനിധിയിൽ നിന്നും കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഒരു പശുത്തൊഴുത്ത്. കടപ്പാട്:farmshed.in

കർഷകരുടെ ശ്രദ്ധക്ക്

പകൽ 11നും 3നും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും കെട്ടിയിടുന്നതും ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും  ഒഴിവാക്കണം.

ചൂട് കൂടുതലുള്ള സമയങ്ങളിൽ പശുക്കളെ തൊഴുത്തിൽ നിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളിൽ പാർപ്പിക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള  ദീർഘയാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം

ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. കഴിയുമെങ്കിൽ തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകണം. മേൽക്കൂരയിൽ ഫാനുകൾ സ്ഥാപിക്കുന്നതിനേക്കാൾ നല്ലത് പശുക്കളുടെ തലയിൽ അല്ലെങ്കിൽ നെറ്റിയിൽ കാറ്റ് പതിക്കും വിധം തൂണിൽ സ്ഥാപിച്ചതോ അല്ലങ്കിൽ പെഡസ്റ്റൽ ഫാനുകളോ ഡയറി ഫാനുകളോ ആണ്.

തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും.

തൊഴുത്തിൽ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽകാവുന്നതാണ്. ചണച്ചാക്ക് കീറി തണുത്തവെള്ളത്തിൽ നനച്ച് പശുക്കളുടെ കഴുത്തിൽ തൂക്കിയിടുന്നതും ഉഷ്ണസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന്  മിനിട്ട് നേരം ഇവ പ്രവർത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം.

നിര്‍ജ്ജലീകരണം തടയാനും, പാല്‍ ഉത്പാദനനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പശുക്കൾക്ക് കുടിക്കാൻ വേണ്ടത്ര വെള്ളം വെള്ളത്തൊട്ടിയിൽ നിറച്ചുവെക്കണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം ഒരുക്കിയാൽ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം.

കാലിതീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോൽ വെള്ളത്തിൽ കുതിർത്തു വെച്ച് തീറ്റയായി നൽകാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മൾബറി, ഈർക്കിൽ മാറ്റിയ തെങ്ങോല പോലുള്ള ഇലതീറ്റകളും നല്‍കണം.

ഒരു ക്ഷീര കർഷക. കടപ്പാട്:nddb.coop

അണപ്പിലൂടെ ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തിൽ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കിൽ തീറ്റയിൽ ചേർത്ത് നല്കാം. ഒരു കിലോഗ്രാം സാന്ദ്രീകൃത കാലിതീറ്റക്ക് 10 ഗ്രാം എന്ന കണക്കിൽ ധാതു ജീവക മിശ്രിതവും, ആകെ തീറ്റയിൽ 10 മുതൽ 25 ഗ്രാം വരെ കല്ലുപ്പും, മിത്രാണുമിശ്രിതങ്ങളായ പ്രോബയോട്ടിക്കുകളും ചേർത്ത് നൽകുന്നതും ഗുണകരമാണ്.

വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. പശുക്കളിൽ കൃത്രിമ ബീജാധാനം തണലുള്ള സ്ഥലത്ത്  വെച്ച് നടത്തണം. കടുത്ത ചൂടുള്ള സമയങ്ങളിൽ കൃത്രിമബീജാധാനം നടത്തുന്നത് ഒഴിവാക്കണം. കടുംവേനലിൽ കൃത്രിമ ബീജാധാനം രാവിലെയോ വൈകിട്ടോ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം.

രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ  കാലാവസ്ഥയാണ് വേനല്‍. പശുക്കളുടെ മേനി പരിശോധിച്ചാൽ രോമകൂപങ്ങൾക്കിടയിൽ പറ്റിപ്പിടിച്ച് നിന്ന് രക്തം കുടിക്കുന്ന പട്ടുണ്ണികളെ കാണാം. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read