സകലതുമോര്‍ത്തു വയ്ക്കപ്പെടും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആണുങ്ങള്‍ക്ക് മാത്രം പ്രവേശനാനുവാദമുണ്ടായിരുന്ന മീറ്റിംഗുകള്‍ നടക്കുന്ന ഹാളുകളുടെ ജനാലച്ചില്ലകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുക, പോസ്റ്റുബോക്‌സുകള്‍ കത്തിക്കുക, സര്‍ക്കാരാഫീസുകളുടെ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ ആളൊഴിഞ്ഞ നേരത്ത് ബോംബുവച്ച് തകര്‍ക്കുക തുടങ്ങി അവസാനം ഒരു കുതിരപ്പന്തയത്തില്‍ കുതിരയ്ക്ക് മേല്‍ പതാക കെട്ടിവയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ചവിട്ടിയരയ്ക്കപ്പെടുക – ഇത് സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി ഇംഗ്ലണ്ടില്‍ നടന്ന നീണ്ട സമരത്തില്‍ രക്തസാക്ഷിയായ എമിലി ഡെവിസണിന്റെ കഥയാണ്. കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വച്ച് നടന്ന തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ ‘എമിലി ഡെവിസണ്‍ രക്തസാക്ഷി ദിനാചരണം’ എന്ന പരിപാടിയില്‍ ഡോ. മാളവിക പറഞ്ഞതാണ്. സ്ത്രീകളുടെ സമരങ്ങളെന്നാല്‍ വളരെ ‘മര്യാദ’യോടുകൂടി നടന്നുപോകുന്ന സഹനസമരങ്ങളാണെന്ന തന്തവാഴ്ച (patriarchy) യുടെ നിർമ്മിതിയെ തകര്‍ക്കുന്ന ഒരറിവായിരുന്നു എനിക്കത്.

എമിലി ഡെവിസണ്‍

നിരന്തരം കള്ളങ്ങളെ പൊളിച്ച് കാണിച്ചുകൊണ്ടേ ഇരിക്കുക എന്നതാണ് മര്‍ദ്ദിതര്‍ക്ക് ചെയ്യേണ്ടി വരുന്നത്. വളരെ അടിസ്ഥാനപരമായ ആവശ്യങ്ങളിലേക്ക് മാത്രമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ഒരു മനുഷ്യന് ലൈംഗികമായി ഉപയോഗിക്കപ്പെടാതെ ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനുള്ള അവകാശം. ലൈംഗിക തൊഴിലാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന നളിനി ജമീല പറയുന്നുണ്ട്, പല തൊഴിലുകളിലും കൂലി കിട്ടാതെ ലൈംഗിക സേവനങ്ങള്‍ ചെയ്ത് കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് ഈ തൊഴില്‍ തിരഞ്ഞെടുത്തതെന്ന്. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ എന്ന കോഴിക്കോട്ടെ വിജിയേച്ചിയുടെ സംഘടന പറഞ്ഞത് സ്ത്രീ തൊഴിലാളികള്‍ക്ക് മൂത്രമൊഴിക്കാനുള്ള അവകാശത്തെ കുറിച്ചും ഇരിക്കാനുള്ള അവകാശത്തെ കുറിച്ചും ഒക്കെയാണ്.

നളിനി ജമീല

എന്തിനാണ് ‘സ്ത്രീകള്‍’ നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുന്നത് ?

‘സമരം’ ഒരു സവര്‍ണ മധ്യവര്‍ഗ (middle class) ധാരണയില്‍ ഒരനാവശ്യമാണ്. ഈ വര്‍ഗ/ക്ലാസിലെത്തിപ്പെടാന്‍ ശ്രമിക്കുന്ന മര്‍ദ്ദിത സമൂഹങ്ങളിലും ഈ ധാരണ ശക്തമാണ്. സ്ത്രീകള്‍* അനാവശ്യമായി ശബ്ദിക്കുന്നു എന്ന ‘പൊതു’ പ്രശ്‌നത്തിന്റെ പ്രതിഫലനമാണ് ശബ്ദിക്കുന്ന സ്ത്രീകള്‍ നിരന്തരം പൊതു/സാമൂഹ്യ ഇടങ്ങളില്‍ നേരിടുന്ന സെന്‍സര്‍ഷിപ്പുകളും ഭീഷണികളും. എന്നാല്‍, വളരെ ലളിതമായി പറഞ്ഞാല്‍ മനുഷ്യാവകാശങ്ങള്‍ എന്ന് കരുതപ്പെടുന്ന; സദാ ലൈംഗികവല്‍ക്കരിക്കപ്പെടാത്ത, ലൈംഗികത അവളവളുടെ തിരഞ്ഞെടുപ്പാകാന്‍ അവകാശമുള്ള ആളുകളായി മനസിലാക്കപ്പെടാനുള്ള സമരമാണിത്. ആരോഗ്യത്തോടെ, സമാധാനത്തില്‍, അര്‍ഹിക്കുന്ന വിഭവാധികാരങ്ങളോടു കൂടെ, ജനാധിപത്യം ഉറപ്പുതരുന്ന സ്വാതന്ത്യത്തോടെ ജീവിക്കാനുള്ള സമരം.

പൊതു ഇടങ്ങളും തൊഴിലിടങ്ങളും ഗാര്‍ഹിക ഇടങ്ങളും അങ്ങിനെ സ്ത്രീകള്‍ ഇടപെടുന്ന എല്ലാ ഇടങ്ങളും തരം തിരിക്കപ്പെട്ടവയാണ്, അടിമത്തത്തിന്റെ അടയാളങ്ങള്‍ പേറുന്നവയാണ്. ഇത്തരം വിഷയങ്ങളിലുണ്ടായിരുന്ന സാംസ്‌കാരിക, സാമൂഹിക മാറ്റങ്ങളെ സവര്‍ണ തന്തവാഴ്ച കീഴ്‌പ്പെടുത്തിയ ചരിത്രമാണ് ഇന്ത്യയുടേത്. ഈ അധികാര പ്രയോഗത്തിന്റെ ഏറ്റവും അക്രമകാരിയായ രൂപമാണ് ലൈംഗികാതിക്രമം/ റേപ്പ്.

ലൈംഗികാതിക്രമം/റേപ്പ്

ഒരു ശാരീരിക അതിക്രമം എന്നതില്‍ കവിഞ്ഞ്, ‘ജനനത്തില്‍ സ്ത്രീയായി അടയാളപ്പെടുത്തപ്പെട്ട’ (AFAB or assigned female at birth) തന്തവാഴ്ചയില്‍ അങ്ങിനെ വളര്‍ത്തപ്പെട്ട പല മനുഷ്യര്‍ക്കും റേപ്പ് അന്തസ്സുമായി ബന്ധപ്പെട്ട വിഷയമായാണ് നിലനില്‍ക്കുന്നത്. ഒരു മനുഷ്യാന്തസ്സ് മാത്രമല്ല, കുടുംബത്തിന്റെ, കുലത്തിന്റെ ഒക്കെ അന്തസ്സ് പേറുന്നത് ഒരു ശാരീരികാവയവമാണ്, അതിലെ നേര്‍ത്ത തൊലിയാണ് എന്ന ധാരണയില്‍ വളര്‍ത്തപ്പെട്ടവരാണിവര്‍. ജീവിച്ചിരിക്കാനുള്ള സാദ്ധ്യത വരെ ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ള ഒരു ജീവിതാനുഭവമാണത്. റേപ്പ് ‘ലൈംഗികാനുഭവം’ അല്ല. യുദ്ധങ്ങളില്‍ എന്തുകൊണ്ടാണ് അയല്‍രാജ്യത്തെ സ്ത്രീകളെ റേപ്പ് ചെയ്യുന്നത്? റേപ്പ് എല്ലായ്‌പ്പോഴും ഒരധികാരപ്രയോഗമാണ്.

ഈ മൂല്യങ്ങള്‍ സ്ത്രീകളുടെ അരയില്‍ കെട്ടിവയ്ക്കുന്ന അതേ സമൂഹമാണ് റേപ്പിനെ കുറിച്ച് തമാശ പറയുന്നത്. ഒരാന റേപ്പ് ചെയ്തു കൊന്ന ഒരു സ്ത്രീയെ കുറിച്ചുള്ള പടം, ലീല എന്ന സവര്‍ണ റേപ്പിസ്റ്റ് രഞ്ജിത്തിന്റെ പടം, ഇവിടെ തീയറ്ററുകളില്‍ കളിച്ച് പോയിട്ടും ഒരാള്‍ പോലും ഒരു കല്ലെടുത്ത് ആ പോസ്റ്ററിന് എറിഞ്ഞില്ല എന്നത് സമൂഹം എന്തുമാത്രം ഈ വിഷയത്തില്‍ അജ്ഞരാണ് എന്ന് വെളിവാക്കുന്നു. ഇതുപോലുള്ള പലതും ഇവിടെ കാഷ്യൽ ആയി നടന്നുപോകുമായിരുന്നു, കുറച്ച് കാലം മുന്‍പ് വരെ.

അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ‍ കോഴിക്കോട് നടത്തിയ സമരം. കടപ്പാട്:edexlive

ഹേമ കമ്മീഷനു മുന്‍പ്/ശേഷം

അധികാര അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹ്യാവസ്ഥ ഇല്ലാതാവുക എന്നത് ഒരു സമൂഹത്തിന്റെ ജനാധിപത്യത്തിലേക്കുള്ള യാത്രയായിട്ടാണ് മനസിലാക്കേണ്ടത്. ലോകത്ത് അടിച്ചമര്‍ത്തപ്പെട്ടവര്‍/ മര്‍ദ്ദിതര്‍ മിണ്ടിതുടങ്ങുന്നേ ഉള്ളൂ. ബ്രാഹ്മണ മതത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്, അത്ര തന്നെ പഴയതാണ് ബ്രാഹ്മണ തന്തവാഴ്ച്ചയുടെ ചരിത്രവും. ജാതിയുടെ പ്രയോഗവും തന്തവാഴ്ച്ചയുടെ പ്രയോഗവും ഒക്കെ ചരിത്രത്തില്‍ ഒരേ കാലഘട്ടത്തില്‍ തുടങ്ങിയതാണ്. പിന്നെ മുതലാളിത്തവും ഏബിളിസവും എല്ലാം കൂടി കലര്‍ന്ന ഈ വിവേചന വ്യവസ്ഥയെ നിലനിര്‍ത്തുന്നത് പല മര്‍ദ്ദിതര്‍ക്കുള്ളില്‍ മറ്റ് മര്‍ദ്ദിതര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളങ്ങളാണ്. അവരവര്‍ സ്വന്തം ശരീരത്തിലും സ്വത്വത്തിലും അനുഭവിക്കുന്ന വിവേചനങ്ങളെ, അതിനുവേണ്ടി അധികാര വര്‍ഗം പ്രചരിപ്പിച്ച കള്ളങ്ങളെ മനസ്സിലാകുന്ന മര്‍ദ്ദിതര്‍, മറ്റേതോ കള്ളത്തിന്‍ മേലാണ് മറ്റ് മര്‍ദ്ദിതര്‍ മര്‍ദ്ദിതരായി തുടരുന്നത് എന്ന സത്യത്തെ തിരിച്ചറിയുമ്പോഴാണ് മര്‍ദ്ദനങ്ങള്‍ക്കെതിരെ നമ്മള്‍ക്ക് ഒരുമിച്ച് ശബ്ദമുയര്‍ത്താന്‍ പറ്റുക.

സ്ത്രീകളുടെ നേതൃത്വത്തിൽ ഉണ്ടായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ അധ്വാനത്തിന്റെ ഫലമായി സിനിമ പോലെ പൊതുജീവിതത്തെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ഇത്തരം തുറന്നുപറച്ചിലുകളുണ്ടായപ്പോള്‍ അത് വ്യാപകമായ അലകളുണ്ടാക്കി. ഒരിക്കലും തകരില്ലെന്ന് കരുതപ്പെട്ട സവര്‍ണ കോട്ടകളാണ് തകര്‍ന്നതെന്നത് ഈ തന്തവാഴ്ചയും ജാതീയതയും പ്രസരിക്കുന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്നത് വ്യക്തമാക്കി. ചരിത്രപരമായി ഓരോ മര്‍ദ്ദിതര്‍ക്കും പല കള്ളക്കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കപ്പെട്ട സ്‌നേഹം, അന്തസ്സ്, ആത്മാഭിമാനം ഇവയൊക്കെ ഒരുമിച്ചു തിരിച്ചു പിടിക്കാം എന്നത് വ്യക്തമാക്കി.

representational image

എല്ലാ പൊള്ളക്കഥകളും ലോകം മുഴുവന്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണ്. പലസ്തീനിലെ മര്‍ദ്ദകര്‍ ആരെന്ന് ലോകചരിത്രത്തില്‍ യു.എസ്.എ എന്ന രാജ്യം ചെയ്തുകൂട്ടിയ മര്‍ദ്ദനത്തിന്റെ ചരിത്രം അറിയാത്ത, വെറുതേ മനുഷ്യരെ സ്‌നേഹിക്കുന്നു എന്ന് സ്വയം മനസിലാക്കുന്നവര്‍ക്ക് പോലും എളുപ്പം പറയാവുന്ന ഒരു സമൂഹ മാധ്യമ സാഹചര്യം ഇന്നുണ്ട്. കോര്‍പറേറ്റ് മീഡിയയുടെ കള്ളങ്ങള്‍ക്കപ്പുറം മറ്റ് സത്യങ്ങളുണ്ടെന്ന് തിരിച്ചറിയുന്ന കാഴ്ച. മര്‍ദ്ദകര്‍ അവരുടെ ജനാധിപത്യത്തിന്റെ എല്ലാ മേലങ്കികളുമഴിച്ചു വച്ച് അക്രമകാരികളെന്ന് നഗ്‌നരായി നില്‍ക്കുന്ന കാഴ്ച. ഇതേ കാഴ്ചയുടെ തുടര്‍ച്ചയാണ് കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നത്. അംബേദ്കര്‍ സാബ് കൃത്യമായി പറയുന്നത് പോലെ ഭരണകൂടത്തിന്റെ ചരിത്രനിയോഗം സ്വത്തുള്ളവരുടെ സ്വത്ത് സംരക്ഷിക്കുക എന്നത് മാത്രമാണ് എന്ന് വീണ്ടും വീണ്ടും ഭരണകൂടത്തിന്റെ പ്രവൃത്തികള്‍ നമുക്ക് മനസിലാക്കിത്തരുന്നു. ചരിത്രപരമായ അനീതികളെ കാണാതെ പെട്ടന്നൊരു നാള്‍ മുതല്‍ ‘തുല്യ’നീതി നടപ്പിലാക്കിത്തുടങ്ങുക എന്നത് എന്തൊരു വലിയ കള്ളമാണ്. അല്ലെങ്കില്‍ മുകേഷിനെ പോലെ ഇത്ര വ്യക്തമായി അബ്യൂസര്‍ ആണെന്ന് തെളിവുകളുണ്ടായിട്ടും അയാളെ എന്ത് വിലകൊടുത്തും രക്ഷപ്പെടുത്തല്‍ അത്യാവശ്യമാവുന്നത് ബ്രാഹ്മണ/സവര്‍ണ്ണ തന്തവാഴ്ചയുടെ കനക സിംഹാസനങ്ങള്‍ തകരുന്ന കാഴ്ച അവര്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ. സ്വന്തം പാര്‍ട്ടികളിലും കുടുംബങ്ങളിലും നിത്യേന നടത്തി വരുന്ന അധികാര പ്രയോഗങ്ങളിലേക്ക് വിരല്‍ ചൂണ്ടേണ്ടി വരുമെന്നത് കൊണ്ടല്ലേ. നൂറ്റാണ്ടുകളുടെ സവര്‍ണ്ണാധിപത്യം, ‘നായര്‍’ സിനിമകള്‍, ഇവയിലെ വൃത്തികെട്ട ലൈംഗിക പ്രയോഗങ്ങള്‍, ഇവയിലെ എല്ലാം അക്രമണോത്സുകത ഈ കഴിഞ്ഞ ദിവസങ്ങളില്‍ വെളിവാക്കപ്പെട്ടു. ഈ മനുഷ്യര്‍ എത്ര മനുഷ്യവിരുദ്ധരാണെന്ന് തെളിയിക്കപ്പെട്ടു.

ആശ്വാസകരമായ കാര്യം എന്തെന്നാല്‍ മര്‍ദ്ദിതര്‍ ഒരുമിച്ച് കൂടുന്ന വേദികള്‍ ഇനി കൂടിക്കൂടി വരും എന്നുള്ളതാണ്. ഇന്ന് രക്ഷിക്കാന്‍ കഴിഞ്ഞ അബ്യൂസറിനെ എല്ലാ കാലവും രക്ഷിക്കാന്‍ കഴിയില്ല. മര്‍ദ്ദിതര്‍ കൂടുതല്‍ ശക്തരാവുന്ന ഒരു ജനാധിപത്യം ഉണ്ടായിക്കൊണ്ട് തന്നെ ഇരിക്കുന്നു. എല്ലാ തരം ആധിപത്യങ്ങളെയും ചെറുക്കാനുള്ള പ്രാപ്തി നമുക്കുണ്ടാകട്ടെ. ‘ആധിപത്യത്തിന്റെ സംസ്‌കാരം സ്‌നേഹവിരുദ്ധമാണ്. സ്‌നേഹം തിരഞ്ഞെടുക്കുക എന്നത് ഈ നിലനില്‍ക്കുന്ന സംസ്‌കാരത്തിന്റെ മൂല്യങ്ങളെ എതിര്‍ക്കുക എന്നതാണ്’ എന്ന് ബെല്‍ ഹൂക്‌സിന്റെ വാക്കുകള്‍.

*സ്ത്രീകള്‍ എന്നത് ഇവിടെ പല കാരണങ്ങളാല്‍ ‘ആണുങ്ങളല്ലാത്തവര്‍’ എന്നാണ്. അതൊരു ലിംഗ(genitalia)ത്തെ സൂചിപ്പിക്കുന്നില്ല.

Also Read

5 minutes read September 24, 2024 10:33 am