Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ 25 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ജാഗ്രതയുടെ കേരളീയം. കേരളീയത്തിന്റെ നാൾവഴികൾ സാമൂഹിക-പാരിസ്ഥിതിക നീതിക്കുവേണ്ടിയുള്ള ആവിഷ്കാരങ്ങളുടെ ചരിത്രം കൂടിയാണ്. വെബ് മാഗസിനിലേക്ക് പരിണമിച്ച ശേഷവും കേരളീയത്തിന്റെ പ്രിന്റ് ഉള്ളടക്കങ്ങൾ ഒരു സ്വതന്ത്ര ആർക്കൈവ് ആയി വായനക്കാർക്ക് ലഭ്യമാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കേരളീയം പ്രസിദ്ധീകരിച്ച ലേഖനങ്ങളും സംവാദങ്ങളും വെബ് വായനക്കായി ആർക്കൈവിൽ നിന്നും വീണ്ടെടുത്ത് അവതരിപ്പിക്കുന്ന പംക്തി ആരംഭിക്കുകയാണ്. 2010 നവംബറിൽ പ്രസിദ്ധീകരിച്ച എം കമറുദ്ദീന്റെ വാൾഡൻ വിവർത്തന അനുഭവമാണ് ആദ്യ ലക്കം.
ദൂരെനിന്നും കേൾക്കുന്ന എല്ലാ ശബ്ദങ്ങളും സംഗീതം പോലെയാണെന്ന് മനസ്സിലായത് ഹെൻറി ഡേവിഡ് തോറോവിന്റെ വാൾഡൻ പരിഭാഷപ്പെടുത്താൻ തുടങ്ങിയപ്പോഴാണ്. ഉള്ളിലുറങ്ങിക്കിടന്ന പലതും ഈ പുസ്തകം പുറത്തുകൊണ്ടുവരാൻ തുടങ്ങിയിരുന്നു. അത് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകതയാണ്. നിങ്ങളിൽ മറഞ്ഞുകിടക്കുന്ന നല്ലവനായ ഒരു കാട്ടാളനെ നിങ്ങൾക്ക് തന്നെ പരിചയപ്പെടുത്തി തരുന്നു.
വളരെ മുമ്പ്, ചരലിട്ട് ഒരു നാട്ടുപാതയുടെ ഇരുപുറവും പറങ്കിമാവുകളും അവയ്ക്ക് അതിരിട്ടുകൊണ്ട് മൈലാഞ്ചിക്കാടുകളും അവയ്ക്കു പിന്നിൽ കൊച്ചുപൊയ്കകളിലെ ആകാശം അനക്കമറ്റു കിടക്കുന്ന ജലവും ജലത്തിന്റെ നിശ്വാസം പോലെ മീനുകളുടെ അവിചാരിതമായ ചില അനക്കങ്ങളുമുള്ള ഒരു പ്രദേശത്ത് താമസിക്കാറുണ്ടായിരുന്നു. ബാല്യകാലത്തിലുടനീളം ഇരുട്ടിന്റെ ചെറിയ തണലുകൾ തേടി നടന്നിട്ടുണ്ടായിരുന്നു. പകലിനെ രാത്രി ഓർക്കാപ്പുറത്ത് ഒരു രഹസ്യമാക്കി മാറ്റുന്നത് ഒരിക്കലും ശമിക്കാത്ത പുതുമയോടെ കാണാനാകുമായിരുന്നു. കാഞ്ഞിര മരങ്ങൾക്കിടയിലെ പതിഞ്ഞ ഇരുട്ട് പൊന്തക്കാടുകൾക്കിടയിലൂടെ പതുക്കെ തെളിയുന്ന ഇരുണ്ട
ജലം, കട്ടിലിന്നടിയിലെ ലോലമായ ഒരു ഇരുട്ട്, എല്ലാം വാൾഡൻ ഓർമ്മയിലേക്ക്കൊണ്ടുവരാൻ തുടങ്ങി. നമ്മുടെ നാട്ടിലെ ഓരോ വീടിനു ചുറ്റും തിരിച്ചറിയപ്പെടാനാകാത്ത ഓരോ വാൾഡൻ ഉണ്ടായിരുന്നു എന്ന് ഓർക്കാതിരിക്കാനാവുമായിരുന്നില്ല.
ഈ പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ആരേയും അത് ഉപദേശിക്കുന്നില്ല. ഒരു പാതയിലേക്കും ആരേയും നിർബന്ധിക്കുന്നില്ല. എന്നാൽ, നിങ്ങൾ നടന്നുപോകുന്ന ഈ പാത തന്നെയാണ് നിങ്ങൾ തേടിക്കൊണ്ടിരുന്നത് എന്ന ഒരു വിവേകം ഈ പുസ്തകം തരുന്നുണ്ട്. ഈ പുസ്തകത്തിലെ ഓരോ വാക്യവും മനുഷ്യർ പണിപ്പെട്ട് നിർമ്മിച്ചെടുത്ത തിരക്കിനും വേഗതയ്ക്കും എതിരാണെന്ന് തോന്നിയിരുന്നു. കാരണം പെൻസിൽ വ്യവസായത്തിൽ പുതുപരീക്ഷണം നടത്തി വിജയിച്ച തോറോ പിന്നീട് തെരഞ്ഞെടുത്തത് കൃഷിയാണ്. കാത്തിരിക്കുന്നവന് മാത്രമേ
കൃഷിയിൽ വിശ്വാസമർപ്പിക്കാൻ കഴിയൂ. കൃഷിയിൽ ഒരു ചോദ്യവും ഒരു ഉത്തരവുമുണ്ട്. വിത്തു വിതയ്ക്കുന്നതിലൂടെ മനുഷ്യൻ ഭൂമിയോട് ഒരു ചോദ്യം ചോദിക്കുന്നു. വിളവു തരുന്നതിലൂടെ ഭൂമി ഉത്തരം തരുന്നു. ഉത്തരത്തിനുവേണ്ടി കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ കാത്തിരിപ്പ് എന്ന സംസ്കാരം അകലാൻ തുടങ്ങുമ്പോൾ കൃഷിയോട് ആളുകൾ വിടപറയാൻ തുടങ്ങുന്നു.
തിരക്കിനെതിരെയുള്ള ഒരു ആത്മഭാവം പണ്ടുമുതലേ ഉണ്ടായിരുന്നു. അവനവന് ലഭിക്കാത്ത സൗഭാഗ്യങ്ങളെക്കുറിച്ച് ഒട്ടും പ്രയാസം തോന്നിയിരുന്നില്ലെന്നുറപ്പാണ്. ഊണു കഴിക്കാതിരുന്നതിനെക്കുറിച്ചും കള്ളക്കേസിൽ കുടുക്കി പോലീസ് പിടിച്ചതിനെക്കുറിച്ചും ആത്മാനുതാപത്തോടെ കവിതയെഴുതേണ്ട കാര്യമൊന്നുമില്ല. അതെല്ലാം ഇവിടെ സാധാരണക്കാരായ ആളുകളുടെ ദിനചര്യയിൽ പെടുന്ന കാര്യങ്ങളാണ് എന്നും തോന്നിയിരുന്നു. അവഗണിക്കപ്പെടുന്നതിൽ പരം ആനന്ദം മറ്റൊന്നിനും നൽകാനാവില്ലെന്നും ഉറപ്പായിരുന്നു. ആരും ചിരിക്കാനോ സംസാരിക്കാനോ ഇല്ലാത്ത വഴികളിലൂടെ നടന്നു പോകുമ്പോൾ ഒരു കീരിയായി സ്വയം സങ്കല്പിക്കുക എന്ന ഒരു ശീലം ചെറുപ്പം മുതലേയുണ്ടായിരുന്നു. കീരികളെക്കുറിച്ചുള്ള ചില മിഥ്യാഭിമാനങ്ങൾ ഉള്ളിൽ വളർത്തിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാമൊരു വസന്ത മഴപോലെ ഉള്ളിലേക്ക് കൊണ്ടുവന്നത് വാൾഡനാണ്.
ഒരു കൊച്ചുജീവിയിൽനിന്നും എല്ലാ ജീവമാതൃകകളിലേക്കും സഞ്ചരിക്കാമെന്ന് വാൾഡൻ മുന്നിലുള്ളപ്പോൾ ഉറപ്പുതോന്നും. വാൾഡനിൽ ഉഗ്രന്മാരായ കാട്ടുമൃഗങ്ങളൊന്നും വരുന്നില്ല. മലയണ്ണാനും ഉറുമ്പുകളും മീനുകളും ചില ദേശാടന പക്ഷികളുമൊക്കെയെ വരുന്നുള്ളു. നിങ്ങളുടെ വീടിന്റെ പരിസരത്തുതന്നെയാണ് നിങ്ങളുടെ വാൾഡൻ എന്ന് തോറോ പറയുന്നില്ല. എന്നാൽ അതങ്ങനെയാണെന്ന് വാൾഡൻ വായിച്ചാൽ മനസ്സിലാവുന്നുണ്ട്. വാൾഡനുമായി ഇടപഴകിയിരുന്ന ദിവസങ്ങളിലെല്ലാം ചെറുതിൽ നിന്നും സംഭവിക്കാൻ പോകുന്ന ജീവന്റെ വിസ്മയങ്ങളിൽ ശ്രദ്ധ ചെന്നിരുന്നു. ശ്രദ്ധ ധ്യാനം തന്നെയാണ്. ശ്രദ്ധയുടെ വിജയമാണ് ബുദ്ധൻ പഠിപ്പിച്ചത്. അശ്രദ്ധ ഒരു കുറ്റകൃത്യമാണ്. ശ്രദ്ധകൊണ്ട് അശ്രദ്ധയുണ്ടാക്കുകയാണ് ഒരു വഴി. നിങ്ങളെ സൂക്ഷ്മമായി ശ്രദ്ധിച്ചാണ് ഞാൻ എന്ന ഭാവത്തെ ജയിക്കേണ്ടത്. ഒരു ശിശുവിന്റെ ജീവിതം ശ്രദ്ധിക്കാൻ തുടങ്ങിയാൽ മനുഷ്യവർഗ്ഗത്തിന്റെ ശൈശവം നാം കാണും. തോറോ ചെറിയ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. അതെത്ര വലുതാണന്ന് അപ്പോഴാണ് നാം അറിയുന്നത്.
ആളുകൾ പൊതുവെ ഉയരത്തെ അന്വേഷിക്കുന്നവരാണ്. കയറുന്നതിലാണ് ആളുകളുടെ ശ്രദ്ധ. എന്നാൽ ആഴമില്ലാത്ത ഒന്നിനും ഉയരമുണ്ടാവില്ലെന്ന് വാൾഡൻ പതുക്കെ പറയുന്നുണ്ട്. കർഷകൻ ഉദ്ദേശത്തോടെ ഭൂമിയിൽ പതിപ്പിക്കുന്ന ഒരു ഉഴവുചാലിന് ഏത് വൻ എടുപ്പുകളോളവും അർത്ഥവും പ്രാധാന്യവും ഉണ്ടെന്ന് തോറോ പറയാതെ പറയുന്നതുപോലെ തോന്നിയിരുന്നു.
വാൾഡൻ മനസ്സിലേക്ക് ഒരു തുരങ്കം ഉണ്ടാക്കിയതു പോലെയായിരുന്നു. ഒരു പുൽക്കൊടിയെ തന്നെ ധ്യാനിച്ച് ഒരാൾക്ക് ഒരു ജന്മം ചിലവഴിക്കാമെന്നും തോന്നി. ഋതുക്കൾ ജലവുമായി നടക്കുന്ന സംവാദങ്ങൾ കേൾക്കാമെന്നു തോന്നി. സ്ഥൂലത വിഡ്ഡിക്കുവേണ്ടിയുള്ളതാണ്. എല്ലാം ആനന്ദത്തിന്റെ നിയമമനുസരിക്കുന്നു എന്നു തോന്നാൻ തുടങ്ങി. ഒരു തടാകത്തിന്റെ മുഖഭാവങ്ങളിൽ വരുന്ന മാറ്റങ്ങൾ വിവരിച്ച് തോറോ പ്രകൃതിക്ക് സ്വയം തിരിച്ചറിവു നൽകുന്നതു പോലെയായിരുന്നു. വായിക്കുന്നവരുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന അവരെ തന്നെ ഈ പുസ്തകം പുറത്തേക്ക് ആനയിക്കുന്നതു പോലെയായിരുന്നു. തോറോ കിഴക്ക് എന്നു പറയുമ്പോൾ നാം കിഴക്കിന്റെ അനുഭവത്തിൽ പെടുന്നു. കാടിനെ ആദരിക്കുന്ന തരത്തിൽ തോറോ ഒന്നും പറയുന്നില്ല. തോറോ വിവരിക്കുക മാത്രം ചെയ്യുന്നു. എന്നാൽ ആ വിവരണങ്ങളിലൂടെ ഒരു ചെറിയവനും നിങ്ങളുടെ രക്തത്തിന്റെ ചലനഗതിക്കൊപ്പം തോറോ നിർമ്മിച്ചെടുക്കുന്നുണ്ട്.
നിത്യനിദാനച്ചെലവുകൾ വിസ്തരിച്ച് എഴുതാനുഴറുന്ന ഒരു പുസ്തകം എങ്ങനെയാണ് ഒരു മഹദ്ഗ്രന്ഥമാവുക എന്ന് മിതവിനിയോഗം (economy) എന്ന ഭാഗം പരിഭാഷപ്പെടുത്തുമ്പോൾ തോന്നിയിരുന്നു. എന്നാൽ, ഒരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാൻ പ്രകൃതി വസ്തുക്കൾ മുഴുവൻ തിന്നുതീർക്കേണ്ടതില്ല എന്നയറിവ് തന്നിലും അതുവഴി മറ്റുള്ളവരിലും ആഴത്തിലുറപ്പിക്കുന്നതിനു വേണ്ടിയാണ് തോറോ അതെല്ലാം എഴുതിയത് എന്ന് താമസിയാതെ മനസ്സിലായി. ഉപഭോഗാസക്തിയെ കലയും ശാസ്ത്രവുമാക്കി മാറ്റാനുഴറുന്ന ഒരു ലോകത്തിനുമുന്നിൽ തോറോ കൊളുത്തിയിട്ട മനുഷ്യന്റെ കലണ്ടർ ആണ് മിതവിനിയോഗം എന്ന അദ്ധ്യായം.
പുതിയ ഒരു അറിവോ ജ്ഞാന പദ്ധതിയോ മുന്നിൽ വെക്കുക എന്നതിനേക്കാൾ വാൾഡൻ ചെയ്യുന്നത് വായനക്കാരനെ അയാൾക്കു മുന്നിൽതന്നെ നഗ്നനായി നിൽക്കാൻ പ്രേരിപ്പിക്കുക എന്നതാണെന്ന് തോന്നിയിരുന്നു. ഏറ്റവും ആത്മാർത്ഥമായി എഴുതിയ ഒരു പുസ്തകമാണ് മുന്നിലിരിക്കുന്നതെന്ന കാര്യം ഉറപ്പായിരുന്നു. പ്രണയ പരാജയവും സഹോദരന്റെ മരണം നൽകിയ ദുഃ ഖവും ഏകാന്തതയുമാണ് തോറോയെ വാൾഡൻ തടാകക്കരയിൽ എത്തിച്ചത്. അതുകൊണ്ടുതന്നെ വാൾഡൻ ദുഃഖപരിഹാരത്തിനുള്ള പുസ്തകവുമാണ്. വാൾഡൻ മുന്നിലുള്ള നിമിഷങ്ങളിലെല്ലാം തോറോ വലതു ഭാഗത്തിരുന്ന് ഓരോ വസ്തുക്കളെയും നാമകരണം ചെയ്യുന്നതു പോലെയായിരുന്നു. ഒരു മുറിയിലുള്ള വസ്തുക്കളെയെല്ലാം ഇടവിടാതെ വിവരിച്ച് വസ്തുക്കൾക്ക് മുകളിൽ ഭാഷകൊണ്ട് ജീവനെ പ്രസരിപ്പിക്കാമെന്നതിന് വാൾഡൻ ഉറപ്പു തന്നിരുന്നു. പാഴിലകൾ നിറഞ്ഞ ഒരു കാട്ടുവഴിയെ വിവരിച്ച് ആ വഴി എത്രമാത്രം മനുഷ്യനിർഭരമാണെന്ന് തോറോ അനുവിപ്പിക്കുന്നുണ്ട്.
വിശ്രമവും ഒരു വേല തന്നെയാണെന്ന് തിരക്കുപിടിച്ച ഒരു ലോകത്തെ പഠിപ്പിക്കാൻ വാൾഡൻ മുന്നിലുള്ളപ്പോൾ നാം ധൈര്യപ്പെടും.
നമ്മുടെ ഇന്നത്തെ ശരീര ചലനങ്ങളും ശരീര നിലകളും ഒരു ജൈവവ്യൂഹത്തിന്റെ അത്യാവശ്യങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ളതല്ല, ശരീരത്തിനു മുകളിൽ കാലവും ചരിത്രവും അടിച്ചേല്പിച്ചിട്ടുള്ളവയാണെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ അനായാസേന അറിയാൻ കഴിഞ്ഞിരുന്നു. കാരണം, തോറോ വിരലിലെണ്ണാവുന്ന ശരീര ചലനങ്ങളിലൂടെയാണ് ജാഗ്രതയുള്ള ഒരു ശരീരത്തിന്റേയും അതുവഴി മനസ്സിന്റെയും ഉണർവ്വുകളെ ആന്തരികമായി ആഘോഷിച്ചിരുന്നത്. ഓടുക, ചാടുക, സമയം നോക്കാൻ ഇടക്കിടക്ക് കൈ അല്പമൊന്ന് പൊക്കുക, തുടങ്ങി നാം പരിചയിച്ച ചലനങ്ങളിൽ പലതും ഈ പുസ്തകത്തിലില്ല. എന്നാൽ ഒരു വിരലനക്കം തന്നെ തോറോ അറിഞ്ഞനുഭവിക്കുന്നുമുണ്ട്. അപ്പോഴാണ് ചലനം ധ്യാനമാകുന്നത്. അറിഞ്ഞു ശ്വസിക്കുമ്പോൾ ശ്വസനം ധ്യാനമാകുന്നതു പോലെയാണത്. ഏതനുഭവത്തിലും അറിഞ്ഞു കൊണ്ട് ഊന്നുമ്പോൾ ധ്യാനാനുഭവമാകുന്നുവെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ തോന്നിയിരുന്നു.
ഏതൊരു പുസ്തകത്തിന്റെയും പരിഭാഷാ കർമ്മത്തെ ചില വിരസതകൾ പിന്തുടരുക എന്നത് നിർബന്ധമാണ്. അത്തരം നിമിഷങ്ങളിലെല്ലാം മുൻ അധ്യായങ്ങൾ വായിച്ച് നോക്കുകയാണ് ചെയ്തിരുന്നത്. അത് വരാൻ പോകുന്ന അധ്യായങ്ങളിലേക്കു വേണ്ട ഊർജ്ജം നൽകിയിരുന്നു. മാംസാഹാരം കഴിക്കുന്നവരും എഴുത്തിൽ അതൊക്കെ ഒഴിവാക്കി സസ്യാഹാരികളാണെന്ന് സ്വയം വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തി അസത്യത്തിന്റെ ഗോപുരങ്ങൾ നിർമ്മിക്കുന്നത് ആത്മകഥകളിലും മറ്റും പലതവണ കണ്ടിട്ടുണ്ട്. കേരളത്തിൽ ഒരുവന് തന്നെ തന്നെ ജ്ഞാനസ്നാനം ചെയ്യാനുള്ള എളുപ്പമാർഗ്ഗമാണ് അടിയന്തിരാവസ്ഥകാലത്തെ ഏതെങ്കിലും പട്ടണത്തിലൂടെ മനസ്സിൽ ഭരണകൂടത്തെ തുരുതുരാ വിമർശിച്ചു കൊണ്ട് നടന്നുപോയിട്ടുണ്ട് എന്ന് എഴുതുന്നതും താനൊരു വെജിറ്റേറിയനാണെന്ന് പരസ്യപ്പെടുത്തുന്നതും. തോറോ മലയണ്ണാനെ ചുട്ടു തിന്നുന്നതിനെക്കുറിച്ചും മീൻപിടിക്കുന്നതിനെക്കുറിച്ചും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ദുഃഖത്തോടെ ഹിംസ ചെയ്യേണ്ട ഒരു വിധിയാണ് മനുഷ്യന് വന്നുചേർന്നിട്ടുള്ളതെന്ന് തോറോ അറിഞ്ഞിരുന്നു. അസത്യത്തെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നതുകൊണ്ടാണ് തോറോയ്ക്ക് തന്റെ ഉള്ളിൽ അമ്പിന്റെ മുനകൂർപ്പിച്ചുനിൽക്കുന്ന വേട്ടക്കാരനെക്കൂടി പകൽവെളിച്ചത്തിലേക്ക് ഇറക്കി നിർത്താൻ കഴിഞ്ഞത്.
ഞാൻ അധികമൊന്നും യാത്ര ചെയ്തിട്ടില്ല. സഞ്ചാര സാഹിത്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുമ്പോൾ തോന്നുന്ന ഒരു കാര്യം, ഒരു പട്ടിപോകുന്ന വഴിയിലൂടെ എല്ലാം നടന്ന് ഒരു സഞ്ചാര സാഹിത്യം എഴുതാമെന്നാണ്. അതിനുപറ്റിയ ഒരു പട്ടിയെ ഒരിക്കൽ കണ്ടുമുട്ടുകയും ചെയ്തു. ഒരു യാത്രാവിവരണം എഴുതാൻ മാത്രം ദേശങ്ങൾ പട്ടി കാണിച്ചു തന്നു. എല്ലാം ചുരുങ്ങിയ ഒരു വൃത്തപരിധിക്കുള്ളിലാണെന്ന് മാത്രം. ഇത്തരം ഒരു യാത്രാവിവരണത്തിന് വാൾഡൻ അനുമതി തരുന്നുണ്ടെന്ന് തോന്നിയിരുന്നു.
എവിടേയും പോകാതെ ഒരിടത്തുതന്നെയിരിക്കുന്ന ഒരാൾ താണ്ടുന്ന ദൂരങ്ങൾ ഈ പുസ്തകമാണനുഭവിച്ചത്. നമ്മുടെ കാലിന്നടിയിൽ അമർന്നിരിക്കുന്ന മണ്ണിനെ ഒരു പർവ്വതത്തിന്റെ കൊടുമുടിയായി എങ്ങിനെ ഭാഷാന്തരം ചെയ്യാം എന്നതിലേക്കുള്ള പരിശീലനങ്ങൾ ഈ പുസ്തകത്തിന് ആർക്കും നൽകാനാവുന്നുണ്ട്. മനുഷ്യർ എപ്പോഴും വിദൂരതയിൽ കൊത്തിവെച്ച മനസ്സുമായാണ് നടക്കുന്നത്. സഞ്ചാരി ഒരു രാജ്യാതിർത്തിക്ക് ഉള്ളിലെത്തിയാൽ പിന്നീട് കാണാൻ പോകുന്ന രാജ്യത്തിലെ സാങ്കല്പിക കാഴ്ചകളുടെ ഭരണത്തിൻ കീഴിലായിരിക്കും.
തൊട്ടുമുന്നിലുള്ളതിനെ അഭിമുഖീകരിക്കുക എന്നതാണ് പ്രയാസകരം. വാൾഡൻ തന്ന പരിശീലനം തൊട്ടു മുന്നിലുള്ളതിനെ ആഴത്തിൽ അഭിമുഖീകരിക്കാനാണ്. ഒരു വിറകു കൂനയിലെ ഉറുമ്പിൻ കൂട്ടത്തെ നിരീക്ഷിച്ച് എങ്ങനെ ജീവിതമാകുന്ന കൊടും സാഗരത്തിന്റെ രക്തവും കണ്ണീരും അനാഥത്വവും കാണാനാവും എന്ന് ഈ പുസ്തകത്തിൽ തോറോ കാണിച്ചു തരുന്നുണ്ട്.
മനുഷ്യൻ വളരെയൊന്നും കന്നുകാലികളുടെ സൂക്ഷിപ്പുകാരല്ല, കന്നുകാലികളാണ് മനുഷ്യരുടെ സൂക്ഷിപ്പുകാർ എന്ന് തോറോ പറയുന്നുണ്ട്. തോറോയുടെ ഈ വാക്കുകൾ സംവത്സരങ്ങളായി തുടർന്നു വരുന്ന മനുഷ്യന്റെ അഹന്തയെ ഒറ്റയടിക്ക് നിലം പരിശാക്കുന്നുണ്ട്. ഈ ലോകത്ത് ഒരൊറ്റമനുഷ്യൻ പോലുമില്ലെങ്കിലും എല്ലാ കന്നുകാലികൾക്കും ജീവിക്കാം. എന്നാൽ കന്നുകാലികൾ ഇല്ലെങ്കിൽ മനുഷ്യർക്ക് ജീവിതം അല്പം പ്രയാസകരമായിരിക്കും. ഒരു പുൽപരപ്പിൽ മേഞ്ഞുനടക്കുന്ന കന്നുകാലികളെ അത്യധികം വിനയത്തോടെ നോക്കിനില്ക്കാൻ തോറോവിന്റെ ഈ വാക്കുകൾ പഠിപ്പിച്ചിട്ടുണ്ട്. വസ്തുക്കൾ മനുഷ്യരെ പുറന്തള്ളിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് ഈ പുസ്തകം മുന്നിലുള്ളപ്പോൾ വിസ്മരിക്കാനാവില്ല. വളരെ കുറച്ച് മനുഷ്യരെ മാത്രമെ നമുക്കറിയാവൂ. ധാരാളം കോട്ടുകളെയും കാലുറകളെയും നമുക്കറിയാം എന്ന് തോറോ പറയുമ്പോൾ മനുഷ്യൻ ഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെടുന്ന ഒരു ദിനം കാണാനാവുന്നുണ്ട്.
വസ്തുപ്രകൃതിയെ അതിന്റെ നിയമങ്ങൾക്കു തന്നെ തോറോ വിട്ടു കൊടുക്കുന്നതായി തോന്നിയിരുന്നു. പ്രകൃതി അർദ്ധമനുഷ്യനായി ഈ പുസ്തകത്തിൽ വരുന്നില്ല. എന്നാൽ പ്രകൃതി വസ്തുക്കളെ വിവരിച്ചുപോകുമ്പോൾ മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്ന അദ്വൈതം രൂപപ്പെടുന്നുണ്ട്. മരത്തെ വിവരിച്ച് ദാരുശില്പമാക്കുന്ന രചനാകൗശലമാണത്. തോറോയുടെ വിവരണകല ഭാഷയെ എങ്ങനെ ഒരു ആത്മീയ ഗോപുരം പണിയാനുള്ള ഭൗതികവസ്തുവായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ഉറച്ച ബോധ്യം നൽകി. ഞാൻ എന്ന് കൂടെക്കൂടെ തോറോ ഉപയോഗിക്കുന്നുണ്ട്. ആ ഞാൻ ഭൂമിക്കു മുകളിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്ന ഞാനല്ല. മണ്ണായി പൊടിയായി അലിഞ്ഞഴുകി പഞ്ചഭൂതങ്ങളിൽ ശമിക്കുന്ന ഒരു താല്ക്കാലിക കുടിപ്പാർപ്പുകാരനാണ് ഞാൻ എന്ന വിവേകമാണത് പകരുന്നത്.
ഈ പ്രകൃതി, പക്ഷികളുടെ വീടാണ്. അതിൽ ഒരു കൂടുകെട്ടി താമസിക്കുകയാണ് ഞാൻ ചെയ്യുന്നത് എന്ന ജ്ഞാനം എനിക്ക് നൽകിയത് വാൾഡനാണ്. തോറോ പറയുന്നു.
“പെട്ടെന്നു തന്നെ പക്ഷികളുടെ അയൽക്കാരനായി മാറിയതായി ഞാൻ കണ്ടെത്തിയിരുന്നു. അവയിലൊന്നിനേയും ഞാൻ പിടിച്ച് തടവിലിട്ടില്ല, അവയുടെ അടുത്ത് കൂട്ടിൽ കിടക്കുകയാണ് ഞാൻ ചെയ്തത്.”
ഒരു പുസ്തകം ആത്മവിചാരണ ചെയ്യാൻ വായനക്കാരനെ സഹായിക്കുന്നുണ്ടെങ്കിൽ അത് വലിയ ഒരു കാര്യമാണ്. ഒരു പുസ്തകം നമ്മുടെ ള്ളിൽ നാമറിയാതെ മറഞ്ഞിരിക്കുന്ന സ്വത്വത്തിന്റെ രഹസ്യദേശങ്ങളെ വെളിച്ചത്തിന്റെ പ്രഭമുനകൾകൊണ്ട് കോറി വെളിപ്പെടുത്തുന്നുണ്ടെങ്കിൽ ആ ഗ്രന്ഥകാരൻ പ്രവാചകൻ തന്നെയാണ്.
തോറോ അങ്ങനെയാണെന്ന് തോന്നുന്നുണ്ട്. വാൾഡനുമായി ഇടപഴകിയി മൂന്ന് ദിവസങ്ങൾ ഒരു പരിഭാഷകൻ എന്ന നിലയിൽ ധാരാളം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും നമ്മുടെ ജീവിതത്തെ ഒരു പച്ചിലകൊണ്ട് നാമകരണം ചെയ്യുക എന്ന ദൗത്യം തെരഞ്ഞെടുത്ത ഒരു മനുഷ്യൻ എപ്പോഴും അടുത്തുള്ളതുപോലെയായിരുന്നു. വാൾഡൻ മുന്നിലുള്ള ദിവസങ്ങളിലെല്ലാം നട്ടുച്ച വെയിലത്തും തണൽ പരത്തുന്ന ഒരജ്ഞാത വൃക്ഷം തലയ്ക്കു മുകളിലുള്ളതുപോലെ തോന്നിയിരുന്നു. അത് തോറോ നൽകുന്ന പാരിതോഷികമാണ്.
(കറന്റ് ബുക്സ്, തൃശൂർ)
കേരളീയം, നവംബർ 2010. ഈ ലേഖനം ആർക്കൈവിലും വായിക്കാം : https://www.keraleeyammasika.com/archive/2010/11/article-7058.html