ഹിമാലയം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും…

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹിമാലയൻ മേഖലയിലുടനീളം പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുകയാണ്. 2023 ആ​ഗസ്റ്റിൽ കനത്ത മഴയുണ്ടാക്കിയ പ്രഹരങ്ങളിൽ നിന്ന് ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും ആസാമും കരകയറും മുമ്പ് ഒക്ടോബർ ആദ്യം സിക്കിമിൽ ഡാം തകർന്നതടക്കം വൻ ദുരന്തങ്ങളുണ്ടായി. അടുത്തിടെ ഹിമാലയത്തിലേക്ക് നടത്തിയ യാത്രയുടെ പശ്ചാത്തലത്തിൽ, ഹിമാലയൻ ഇക്കോളജി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പ്രമുഖ പരിസ്ഥിതി സംരക്ഷണ മാധ്യമമായ മോൺ​ഗബെ-ഇന്ത്യ മാനേജിം​ഗ് എഡിറ്റർ എസ് ​ഗോപീകൃഷ്ണ വാര്യർ സംസാരിക്കുന്നു.

ഒക്ടോബർ ആദ്യവാരത്തിൽ താങ്കൾ ഹിമാലയത്തിലൂടെ സഞ്ചരിച്ചപ്പോൾ കാണാൻ കഴിഞ്ഞ, ആ മലനിരകൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ‘Up close and personal with the fragility of the Himalayas’ എന്ന പേരിൽ മോൺഗബെയിൽ എഴുതിയിരുന്നല്ലോ. പ്രദേശവാസികളുടെ ജീവിതത്തെ ഇത്തരം ദുരന്തങ്ങൾ എങ്ങനെയെല്ലാമാണ് ബാധിക്കാൻ പോകുന്നത്? യാത്രാനുഭവങ്ങളെ മുൻനിർത്തി സംസാരിക്കാമോ?

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമെന്നത് അവിടെ താമസിക്കുന്നവർക്ക് എപ്പോഴും അറിയാവുന്ന കാര്യമാണ്. ജീവിതം അപകടത്തിലാണ് എന്ന ഒരു ധാരണ അവർക്ക് എന്നുമുണ്ട്. വളരെ പണ്ട് തന്നെ ഭൂകമ്പങ്ങളും മിന്നൽ പ്രളയങ്ങളും ഉണ്ടായിട്ടുള്ളതുകൊണ്ട് അവർക്കിത് അറിയാം. പക്ഷേ, എവിടെയാണ് ഇതിനൊരു ബാലൻസ് എന്ന കാര്യത്തിൽ നമ്മളെ പോലെ തന്നെയാണ് അവരും പെരുമാറുന്നത്. വികസനമവർക്ക് ആവശ്യമുണ്ട്. അത് എത്രത്തോളം വേണം, മുഖ്യധാരാ സമ്പദ് വ്യവസ്ഥയിലേക്ക് എത്രത്തോളം കൂടിച്ചേരാൻ കഴിയും, അതിന് അവർക്കായിട്ടുള്ള വികസനം എന്താണ്? അവിടെയാണ് പ്രശ്നം. ഹിമാചലിലും ഉത്തരാഖണ്ഡിലുമെല്ലാം പ്രധാന റോഡുകളിൽ നിന്ന് ദൂരെയുള്ള ഗ്രാമങ്ങളിൽ അവരുടേതായ രീതിയിലുള്ള വികസനമാണ് നമ്മളധികവും കാണുന്നത്. പക്ഷേ, മെയിൻ റോഡിനും ഹൈവേക്കുമൊക്കെ അടുത്തുള്ള ഗ്രാമങ്ങളും ടൗണുകളുമെല്ലാം സമതലങ്ങളിൽ കാണുന്നതുപോലെ തന്നെയാണ്. ഷിംല ഒക്കെ സാധാരണ സമതല പ്രദേശങ്ങളിൽ കാണുന്ന ന​ഗരം പോലെയാണ്. അതൊക്കെ താങ്ങാനുള്ള ശേഷി ആ മലകൾക്കുണ്ടോ എന്നുള്ളതാണ് സംശയം.

ഹിമാചലിൽ നിന്ന് തിരിച്ചുവരുന്ന വഴി ചണ്ഢീഗഡ് എത്താൻ നേരമാണ് വെസ്റ്റേൺ ഹിമാലയത്തിൽ ഭൂകമ്പമുണ്ടായെന്ന് ഞാൻ അറിയുന്നത്. ഇത് അറിഞ്ഞ ഉടൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പ്രദേശവാസിയായ ഡ്രൈവറുടെ ആദ്യത്തെ ചോദ്യം ആളുകൾക്ക് അപായം ഉണ്ടായോയെന്നും, നഷ്ടങ്ങൾ ഉണ്ടായോ എന്നുമൊക്കെയാണ്. ആ ഒരു പേടി എപ്പോഴും അവർക്കുണ്ട്. എന്നാൽ അവർക്ക് നമ്മുടെ സാധാരണ വികസന പദ്ധതികളുടെയൊക്കെ ഭാഗമാകുകയും വേണം. എങ്ങനെയാണ് അതിന് സാധിക്കുക എന്ന ധർമ്മ സങ്കടം അവർക്കുണ്ട്. നമുക്കെല്ലാവർക്കുമുള്ള ചിന്താക്കുഴപ്പം തന്നെയാണിത്. അതാണ് ഇത്തവണ പോയപ്പോൾ എനിക്ക് തോന്നിയത്. മുമ്പും ഞാൻ ഈ പ്രദേശങ്ങളിൽ പോയിട്ടുണ്ട്. 1991ൽ ഉത്തരകാശി ഭൂകമ്പം കഴിഞ്ഞ സമയത്താണ് പോയത്. ഇത്തവണ സെപ്തംബർ അവസാനമാണ് പോയത്. ഞാൻ പോയ സ്ഥലങ്ങളിൽ ഒരു മാസം മുന്നേ വലിയ പ്രളയങ്ങളും, മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഞാൻ പോകുമ്പോൾ ജെ.സി.ബി വെച്ച് റോഡ് നേരെയാക്കുന്ന ജോലികൾ ഹിമാചലിൽ നടക്കുന്നത് കാണാമായിരുന്നു. ഹിമാചലിൽ ഈ വർഷം ജൂലൈ- ആഗസ്ത് മാസങ്ങളിൽ സാധാരണ കിട്ടുന്നതിനേക്കാൾ മഴയുണ്ടായി. ഞങ്ങൾ അവിടെ നിന്നും പുറത്ത് വന്നപ്പോഴാണ് ഭൂകമ്പമുണ്ടായതായി അറിയുന്നത്. ഇപ്പോൾ ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളെല്ലാം ഭൂകമ്പ സാധ്യതാ പ്രദേശങ്ങളാണ്. പിന്നെ, GLOF (Glacial lake outburst flood) നെ കുറിച്ച് ഇപ്പോൾ കേൾക്കുന്നുണ്ട്. ഞാൻ പോയ ഒരു സമയം സാന്റ് വിച്ച്ഡ് ആയിരുന്നു. ഒരു സൈഡിൽ പ്രളയം, ഭൂകമ്പം, GLOF. ഇവ മൂന്നും ഹിമാചലിൽ മാത്രമല്ല, ഹിമാലയം മേഖലയിൽ പൊതുവായി ഉള്ള ഭീഷണികളാണ്. ഇത്തവണത്തെ യാത്രയിൽ ഇതിന്റെ തീവ്രത കുറേക്കൂടി അനുഭവിക്കാനായി.

മലയുടെ ചരിവുകളിൽ നിർമ്മിക്കപ്പെടുന്ന റോഡുകൾ, കെട്ടിടങ്ങൾ എന്നിവ ദുരന്തങ്ങൾക്ക് കാരണമാകുമ്പോൾ, ഹിമാചലിൽ നിന്നും. ഫോട്ടോ: എസ് ഗോപീകൃഷ്ണ വാര്യർ/മോൺഗബെ.

Glacial lake outburst flood – GLOF എന്ന പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിച്ചല്ലോ. സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമാലയ സാനുക്കളിൽ സ്ഥിതി ചെയ്യുന്ന ലോനക് എന്ന ഹിമ തടാകത്തിന് മേൽ സംഭവിച്ച GLOF പ്രതിഭാസമാണ് എന്ന് വായിച്ചിരുന്നു. അതിനെക്കുറിച്ച് വിശദമാക്കാമോ?

സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം GLOF ആണെന്നാണ് പറയുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ, പ്രളയം ഉണ്ടാകുന്നതിന് മുൻപുള്ള ഉപഗ്രഹ ചിത്രവും ശേഷമുള്ള ചിത്രവും കാണുമ്പോൾ ഇത് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഹിമതടാകങ്ങളിലെ വെള്ളം വളരെ കുറവാണ്. അത്രയുമധികം വെള്ളം താഴേക്ക് തീസ്ത നദി വഴി പോയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഈ GLOF എങ്ങനെ ഉണ്ടായി എന്നത് ഇപ്പോഴും വ്യക്തമല്ല. ചിലർ പറയുന്നത് ഭൂകമ്പത്തെത്തുടർന്നുണ്ടായ പ്രവർത്തനങ്ങൾ കാരണമാകാം GLOF ഉണ്ടായതെന്നാണ്. ഹിമാനികൾ എന്നാൽ തണുത്തുറഞ്ഞ നദികളാണ്. സാധാരണ ഊഷ്മാവിൽ അത് പുഴ ആയിരിക്കും. എന്നാൽ ഐസ് ആകുമ്പോൾ അത് തടാകമായി മാറും. ഹിമാനികൾ നീങ്ങുമ്പോൾ അത് കല്ലിനെയും അഴുക്കിനെയും ഒക്കെ കൊണ്ടുപോകും. അങ്ങനെ കൊണ്ടുപോയിട്ട് ഇതിന്റെ mouth of glacier എന്ന് പറയുന്ന അറ്റത്ത് ഈ കല്ലും, ചരലും എല്ലാം കൂടി ഇത് ഒരു ഡാം ആയി മാറും. സ്വാഭാവികമായി രൂപപ്പെടുന്ന ഡാം. കലാവസ്ഥാമാറ്റം ഉണ്ടായി ചൂട് കൂടുമ്പോൾ ഈ ഹിമാനികൾ ഉരുകാൻ തുടങ്ങും. ആ അഗ്രഭാഗമാണ് ആദ്യം ഉരുകുക. കാരണം അവിടെയാണ് ചൂട് കൂടുതൽ. അപ്പോൾ അവിടെ ഐസ് വെള്ളം ആകും. ആ വെള്ളത്തെ താങ്ങേണ്ടത് ആ സ്വഭാവിക ഡാം ആണ്. ഈ ഡാം ഉണ്ടായിരിക്കുന്നത് 12,000 -13,000 അടി ഉയരത്തിലാണ്. ചിലതൊക്കെ 18,000 -19,000 അടി ഉയരത്തിലാണ് ഇരിക്കുന്നത്. ഈ ഡാം തകരുന്നത് പല കാരണങ്ങൾ കൊണ്ട് ആകാം. സ്വഭാവികമായ മണ്ണൊലിപ്പ് മൂലമാകാം. ചിലപ്പോൾ ഒരു കല്ല് മാറിയാൽ മതി ആ മർദ്ദം മൂലം ഡാം പൊട്ടാം. അല്ലെങ്കിൽ ഭൂകമ്പം കാരണം. മറ്റൊന്ന്, വശങ്ങളിൽ നിന്ന് ഹിമപാതം/പ്രവാഹം ഉണ്ടായി അതിന്റെ ഭാഗങ്ങൾ തടാകത്തിൽ വീഴുമ്പോൾ തരംഗമുണ്ടാകുകയും അത് മൂലം തടാകം തകരുകയും ചെയ്യാം. മൂന്നോ നാലോ കാരണങ്ങൾ കൊണ്ട് ഹിമ തടാകങ്ങൾ ഇത്തരത്തിൽ തകരാം. ഇപ്പോഴത്തെ GLOF ന്റെ കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല. അതിന്റെ കാരണം കണ്ടുപിടിക്കാൻ സാധാരണ സമയം എടുക്കാറുണ്ട്. 2013 ജൂലൈയിൽ കേദാർനാഥിൽ ഉണ്ടായ പ്രളയവും GLOFT മൂലമായിരുന്നു, ആദ്യം മിന്നൽ പ്രളയമാണെന്നാണ് പറഞ്ഞ‍ത്. പിന്നെ Wadia Institute of Himalayan Geology യിലെ ശാസ്ത്ര‍ഞ്ജർ പഠനം നടത്തിയപ്പോൾ അത് മിന്നൽ പ്രളയമല്ലന്ന് കണ്ടെത്തി. ആദ്യം നല്ല വെള്ളമാണ് വന്നതെന്നും രണ്ടാമത് വന്നപ്പോൾ വെള്ളത്തിന് രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായും അവിടെയുള്ള ആളുകൾ പറഞ്ഞു. ചീയുന്ന ജൈവവസ്തുക്കൾ ഉള്ള വെള്ളമായിരുന്നു രണ്ടാമത് വന്നത്. അങ്ങനെയാണ് മുകളി‍ൽ ഹിമ തടാകങ്ങൾ പൊട്ടിയിട്ടുണ്ടോ എന്നറിയാൻ പഠന സംഘം ട്രക്ക് ചെയ്ത് മുകളിൽ പോയത്. അങ്ങനെ നോക്കിയപ്പോഴാണ് ഒരു ഹിമ തടാകം പൊട്ടിയെന്ന് മനസിലാക്കിയത്. അന്ന് രണ്ട് ദുരന്തങ്ങളാണ് ഉണ്ടായത്. ആദ്യം മഴ കാരണം മണ്ണിടിച്ചിൽ ഉണ്ടായി. രണ്ടാമത്, ആ മണ്ണിടിച്ചിൽ തടാകത്തിലേക്ക് വീണ് തടാകം പൊട്ടി താഴെ കേദർനാഥിലേക്ക് വന്നു.

സിക്കിമിലെ ഹിമാലയൻ മലനിരകൾക്ക് മേലെയുള്ള ഒരു ഗ്ലേഷ്യൽ തടാകം. കടപ്പാട്:മോൺഗബെ

ഇത്തരം ഹിമ തടാകങ്ങൾ ഹിമാലയത്തിൽ വർദ്ധിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനം എത്രമാത്രം കാരണമായി മാറുന്നുണ്ട്?

15 കൊല്ലം മുൻപ് GLOF നമ്മൾ ഭീഷണി ആയി എടുത്തിരുന്നില്ല. അന്നും ഹിമ തടാകങ്ങൾ ഉണ്ടായിരുന്നു, കുറവായിരുന്നു. ഉള്ളത് അടുത്ത ശൈത്യകാലമാകുമ്പോൾ വീണ്ടും തണുത്തുറയുമായിരുന്നു. അതിന്റെ ഭീഷണി ‍താഴ്വരയിൽ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ച് വളരെ കുറവായിരുന്നു. അന്ന് അടിസ്ഥാന സൗകര്യ വികസനം താഴ്വരയിൽ ഇത്രയുമില്ലായിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് മൂലം ഹിമാലയത്തിൽ ഹിമാനികൾ വളരെ വേഗത്തിൽ ഉരുകുന്നുവെന്ന് ലോകത്തെ ശാസ്ത്ര ഗവേഷകർ കാലങ്ങളായി പറയുന്നു. ഐപിസിസി എആർ- 4 റിപ്പോർട്ട് മുതൽ തന്നെ ഇത് സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഐപിസിസി എആർ- 6 റിപ്പോർട്ട് പുറത്തുവന്നു. മൂന്ന് ഹിമാനികൾ വേഗത്തിൽ ഉരുകുന്നുവെന്ന Wadia Institute ന്റെ പഠനം സംബന്ധിച്ച് ഞങ്ങൾ (Mongabay-India) തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ഹിമാനികൾ വളരെ വേഗത്തിൽ ഉരുകുമ്പോൾ കൂടുതൽ ഹിമതടാകങ്ങൾ ഉണ്ടാകുന്നുണ്ട്. അത് GLOF ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

ഹിമാലയൻ മേഖലയിലുടനീളം പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുകയാണ്. 2023 ആ​ഗസ്റ്റിൽ കനത്ത മഴയുണ്ടാക്കിയ പ്രഹരങ്ങളിൽ നിന്ന് ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും ആസാമും കരകയറും മുമ്പ് ഒക്ടോബർ ആദ്യം സിക്കിമിൽ ഡാം തകർന്നതടക്കം വൻ ദുരന്തങ്ങളുമായി. ഹിമാലയൻ ഇക്കോളജി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മോൺ​ഗബെ-ഇന്ത്യ മാനേജിം​ഗ് എഡിറ്റർ എസ് ​ഗോപീകൃഷ്ണ വാര്യർ സംസാരിക്കുന്നു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ അസാധാരണമായ തീവ്രമഴയിൽ ഒലിച്ചുപോയ റോഡ്, ഹിമാചൽ പ്രദേശിൽ നിന്നും. കടപ്പാട്: aljazeera.com

ഇത്തരത്തിൽ ഹിമാനികൾ ഉരുകുന്നത്, ജലസ്രോതസായി ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികളെ ആശ്രയിക്കുന്ന ജമ്മുകാശ്മീർ, ലഡാക്ക് പോലെയുള്ള പ്രദേശങ്ങളെ ബാധിക്കില്ലേ?

ഹിമാലയത്തിൽ അത്രത്തോളം ഐസ് ഉള്ളതുകൊണ്ടാണ് അത് മൂന്നാം ധ്രുവമെന്ന് പറയപ്പെടുന്നത്. എന്നാൽ എല്ലാ വെള്ളവും ഐസിൽ നിന്നല്ല വരുന്നത്. പല വെള്ളവും സ്പ്രിങ്സിൽ നിന്നുകൂടിയാണ് വരുന്നത്. ഹിമാലയത്തിൽ നിന്ന് വരുന്ന ജലത്തെ ആശ്രയിക്കുന്നത് ഏകദേശം ഒരു മില്യണിലധികമാളുകളാണ്. ഏഴു മില്യണിലധികമാളുകളുള്ളിടത്ത് ഒരു മില്യൺ ആശ്രയിക്കുന്നുവെന്ന് പറയുമ്പോൾ അതിന്റെ പ്രാധാന്യം വളരെ വലുതാണ്. പാരിസ്ഥിതികമായി മാത്രമല്ല സാമ്പത്തികമായും. നോർത്ത് ഈസ്റ്റ് ഹിമാലയത്തിൽ സ്നോ ലൈനിന് (സ്ഥിരമായി മഞ്ഞുമൂടിയതിനാൽ സസ്യങ്ങളൊന്നും വളരാത്ത ഉയർന്ന പർവ്വതങ്ങളുള്ള സ്ഥലങ്ങളെ വേർതിരിക്കുന്ന സാങ്കൽപ്പിക രേഖയാണ് സ്നോ ലൈൻ) മീതെ മലനിരകൾ കുറവാണ്. 20,000 അടിക്ക് മുകളിൽ സ്നോ ലൈനായി ആണ് കണക്കാക്കുന്നത്. ഹിമാലയത്തിലെ സ്നോ ലൈനിന്റെ അവസാന പോയിന്റ് കാഞ്ചൻ‌ജംഗയാണ്, സിക്കിമിനടുത്താണത്. മഞ്ഞും ഹിമാനികൾ ഉരുകുന്നതും ഒക്കെ അവിടെ സാധാരണമാണ്. അത് നദികളായും വെള്ളച്ചാട്ടങ്ങളായും മാറുന്നു. എല്ലാവരും കരുതുന്നപോലെ മഞ്ഞ് ഉരുകുന്നത് കൊണ്ട് മാത്രമല്ല അവിടെ നിന്ന് വെള്ളം കിട്ടുന്നത്. ഈ സ്നോ ലൈനിന്റെ താഴെ ഒരു പെരിനിയൽ ജലവിതരണ സംവിധാനമുണ്ട്. കാലാവസ്ഥാ മാറ്റവും മഞ്ഞ് ഉരുകുന്നതുമൊക്കെ പെരിനിയൽ ജലവിതരണ സംവിധാനത്തിലും മാറ്റമുണ്ടാക്കും. കാരണം ആ ഉയരത്തിലാണ് മനുഷ്യ ഇടപെടൽ കൂടുതലുള്ളത്. ഉയരം കൂടുന്നത് അനുസരിച്ച് മനുഷ്യരുടെ ഇടപെടലുകൾ കുറവായിരിക്കുമല്ലോ? എത്ര ഊഷ്മാവിൽ മഴ മേഘങ്ങൾ അവിടെ എത്തുന്നുവെന്നത് ഒക്കെ ബാധിക്കും. മൺസൂൺ സൈക്കിളിനെ തന്നെ ബാധിക്കും. രണ്ടായിരം കൊല്ലം മുമ്പുള്ള ചാക്രികതയെ ഇത് ബാധിക്കും. വെസ്റ്റേൺ ഹിമാലയത്തിൽ മൺസൂൺ കാറ്റുകൊണ്ട് മാത്രമല്ല മഴ ഉണ്ടാകുന്നത് വെസ്റ്റേൺ ഡിസ്റ്റർബൻസ് കൊണ്ട് കൂടിയാണ്. യൂറോപ്പിൽ നിന്ന് ഇവിടെ വരുമ്പോൾ മൺസൂണൽ കാറ്റ് വെസ്റ്റേൺ ഡിസ്റ്റർബൻസുമായി സംഘർഷത്തിലാകും. അത് രണ്ടും ചേരുമ്പോൾ മഴ തീവ്രമാകും. ഹിമാചലിൽ ഇത്തവണ രണ്ടും ചേർന്നിട്ടുള്ള വളരെ വലിയ മഴ ആയിരുന്നു.

തീവ്രമായ മൺസൂൺ മഴയ്ക്ക് ശേഷം ബിയാസ് നദിയിൽ വെള്ളം ഉയർന്നപ്പോൾ. ഹിമാചൽ പ്രദേശിൽ നിന്നും. കടപ്പാട്: aljazeera.com

സിക്കിമിലെ ദുരന്തം 2013 മുതൽ ഉത്തരാഖണ്ഡിലും ഹിമാചലിലും ജോഷിമഠിലും ഉൾപ്പടെ ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ തുടർച്ചയല്ലേ? ഹിമാലയത്തിന്റെ ഭൂപ്രകൃതിയെ പരിഗണിക്കാതെയുള്ള റോഡ് നിർമ്മാണവും, ജലവൈദ്യുത പദ്ധതികളും ഇത്തരം ദുരന്തങ്ങളുണ്ടാക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നില്ലേ?

അപകട സാധ്യതയെ ദുരന്തമാക്കി മാറ്റുന്നതാണ് പല വികസന പ്രവർത്തനങ്ങളും. ഭൂകമ്പം ഉണ്ടായതുകൊണ്ട് നമ്മൾ മരിക്കണമെന്നില്ല, എന്നാൽ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകരുമ്പോൾ നമ്മൾ മരിക്കാം. ചാർധാം തീർത്ഥാടനത്തിന്റെ ഭാ​ഗമായി നാലുവരി പാതയാണ് വരുന്നത്. മലഞ്ചെരുവിലൊക്കെ നാലുവരി പാതയാക്കാൻ സാധിക്കുമോ എന്നുള്ള ചോദ്യം പരിഗണിക്കാതെ നമ്മുടെ എൻജിനിയറിംഗ് വൈദഗ്ദ്യം കാണിക്കാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. നമ്മൾ സമതലങ്ങളെ കാണുന്നത് പോലെ തന്നെയാണ് മലകളെയും സമീപിക്കുന്നത്. മുൻപ് ഒരു പേടി ഉണ്ടായിരുന്നു, ഇപ്പോൾ എന്തും ചെയ്യാമെന്നായി. മഴ വന്നപ്പോൾ വലിയ കെട്ടിടങ്ങൾ താണുപോയി. മുമ്പ് അവരുടെ നിർമ്മാണ രീതിയിൽ അത്തരം കെട്ടിടനിർമ്മാണം ഇല്ലായിരുന്നു. പൈലിം​ഗ് വഴിയൊന്നും അവിടെ കെട്ടിട നിർമ്മാണമില്ലായിരുന്നു. അവർ പരമ്പരാഗതമായി, തടി അല്ലെങ്കിൽ കല്ല് കൊണ്ടും മേൽക്കൂര സ്ലേറ്റുമുപയോഗിച്ചായിരുന്നു നിർമ്മിച്ചത്. ഭൂകമ്പം ഉണ്ടാകുമ്പോൾ അത് പൊളി‍ഞ്ഞ് വീണാലും നമുക്ക് വീണ്ടും നിർമ്മിക്കാം. കോൺക്രീറ്റ് കെട്ടിടങ്ങൾ അങ്ങനെ തന്നെ താഴേക്ക് പോകുന്ന ദൃശ്യങ്ങളുണ്ടായിരുന്നുവല്ലോ. അത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് ആലോചിക്കാതെ ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ കാരണമാണ്.

ലൊനാക് തടാകത്തിൽ ഇത്തരത്തിൽ പ്രളയ സമാന സാഹചര്യം ഉണ്ടെന്ന് 2013 ൽ നടന്ന പഠനങ്ങളിലും, ബാംഗ്ലൂർ ഇന്ത്യൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (IISc) ഗവേഷകർ 2021 ൽ നടത്തിയ പഠനത്തിലും പറഞ്ഞിരുന്നതായി വായിച്ചു. എന്നാൽ സിക്കിം സർക്കാരിന്റെ അവഗണനയാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്ന റിപ്പോർട്ടുകളുമുണ്ട്. 2017 ൽ നിർമ്മിക്കപ്പെട്ട അണക്കെട്ടാണ് അവിടെ പ്രളയത്തിൽ തകർന്നത്. പുതിയ അണക്കെട്ട് നിർമ്മാണത്തിൽ പോലും പ്രളയത്തെ ചെറുക്കാനുള്ള മുൻകരുതൽ എടുത്തിട്ടില്ല. മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയാണ് മറ്റൊന്ന്. സർക്കാരുകളുടെ നിരുത്തരവാദപരമായ സമീപനം ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നില്ലേ?

ജലവൈദ്യുത പദ്ധതികളും ഡാമുകളും ഉണ്ടാക്കുമ്പോൾ ഹിമതടാകങ്ങൾ കാരണമുള്ള പാരിസ്ഥിക ഭീഷണി എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഇപ്പോഴും ഗൗരവപരമായി ആലോചിക്കുന്നില്ല. ഹിമ തടാകങ്ങളെ പറ്റി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ ഉണ്ടോ? അതിതീവ്ര കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകാൻ സാധിക്കുന്നോ? ഇതൊന്നും നമ്മ‌ൾ ഇപ്പോഴും ഗൗരവമായി കാണുന്നില്ല. 20-30 വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്ന പ്രൊട്ടോക്കോൾ പ്രകാരമാണ് ഇപ്പോഴും ഡാമുകൾ പണിയുന്നത്. എന്നാൽ സാഹചര്യം മാറി. ഇത്തരം നിർമ്മിതികൾ ഉണ്ടാക്കുമ്പോൾ ഇങ്ങനെയുള്ള സാധ്യതകളെ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതിനെ പറ്റി മനസിലാക്കിയ, പഠനം നടത്തിയ പ്രദേശവാസികൾ പറയുന്നത് ഇപ്പോൾ സിക്കിം പ്രളയത്തിൽ പൊളിഞ്ഞ് പോയ തീസ്തയിലെ ഡാമിന്റെ നിർമ്മിതി അടിവാരത്തുള്ള മറ്റൊരു ഡാമിനെ വെച്ച് നോക്കുമ്പോൾ വളരെ ദുർബലമായിരുന്നു എന്നാണ്.

ഹിമ തടാകങ്ങൾ ഒരിക്കലുമൊരു ഭീഷണിയല്ല. അത്തരം തടാകങ്ങൾ പൊട്ടുന്നതാണ് ഭീഷണി. ആ ദുരന്തത്തെ കൂടുതൽ സങ്കീർണ്ണമാക്കാൻ താഴെ ഒരു ഡാം കൂടി പൊട്ടുകയെന്ന് വെച്ചാൽ അതാണ് അതിലും വലിയ ഭീഷണി. അത്തരം കാര്യങ്ങൾ നമ്മൾ ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല എന്നതാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഹിമ തടാകങ്ങൾ ഇനിയും കൂടുകയേ ഉള്ളൂ, കുറയില്ല. കാരണം അന്തരീക്ഷ ഊഷ്മാവ് കൂടികൊണ്ടിരുക്കുന്നു. ഹിമാനികൾ ഉരുകുന്നതിന്റെ ഊഷ്മാവ് കൂടുതലായി കഴിഞ്ഞു. മറ്റൊന്ന് Aerosol (ഒരു വാതകത്തിൽ തങ്ങിനിൽക്കുന്ന ഖരമോ ദ്രാവകമോ ആയ സൂക്ഷ്മകണങ്ങളുടെ ഒരു ശേഖരം) ആണ്. കലാവസ്ഥാമാറ്റവുമായി നോക്കുമ്പോൾ Aerosolനെ പറ്റി അത്ര പഠനം നടന്നിട്ടില്ല. ഇൻഡോ ​ഗാഞ്ചറ്റിക് സമതലങ്ങളിലുള്ള നഗര പ്രദേശങ്ങളിലെ വായുവിൽ തങ്ങി നിൽക്കുന്ന ഖര അല്ലെങ്കിൽ ദ്രാവക പദാർത്ഥത്തിന്റെ സൂക്ഷ്മ കണികകൾ (suspended particulate matter) കാറ്റിന്റെ ദിശയിൽ സഞ്ചരിച്ച് മുകളലേക്കെത്തി മലകളിൽ തട്ടി അവിടെ തങ്ങി നിൽക്കും. ഈ സൂക്ഷ്മ കണികകൾ ഹിമാനികളുടെ ഉപരിതലത്തിൽ തന്നെ തങ്ങി നിൽക്കും. റേഡിയേഷൻ ഹീറ്റ് ഇത് പിടിച്ചുവയ്ക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന് ഒപ്പം എയറോസോൾ ട്രാപ്പിം​ഗ് കാരണം വീണ്ടും ചൂട് കൂടും. ഇത് GLOF ന്റെ സാധ്യത കൂട്ടും.

മഞ്ഞ് അതിവേ​ഗം ഉരുകുന്നത് നദികളിലേക്കും അരുവികളിലേക്കുമുള്ള ഒഴുക്ക് കൂട്ടുന്നു. ഹിമാചലിൽ നിന്നും. ഫോട്ടോ: എസ് ഗോപീകൃഷ്ണ വാര്യർ/മോൺഗബെ.

പ്രധാന വരുമാന മാർഗമായ ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പ്രവർത്തനങ്ങളും ഇടപെടലുകളും പരിസ്ഥിതി ലോല പ്രദേശമായ ഹിമാലയൻ മേഖലയെ എത്തരത്തിലാണ് ബാധിക്കുന്നത്? ടൂറിസം സാധ്യതകൾ കുറഞ്ഞാൽ എന്തായിരിക്കും ജനങ്ങളുടെ ഉപജീവന മാർഗം?

ടൂറിസമില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാകും. എല്ലാവർക്കും വികസനത്തിനുള്ള അവകാശമുണ്ട്. അത് നിഷേധിച്ചിട്ട് പരിസ്ഥിതിയെകുറിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ബോംബെക്കും ഡൽഹിക്കും ഒക്കെ വികസനം ആവശ്യമാണെന്നതുപോലെ അവിടെ പാടില്ല എന്ന് പറയുന്നത് ശരിയല്ല. നമുക്ക് വ്യവസായങ്ങളും സാങ്കേതിക വിദ്യയുമൊക്കെയുള്ളത് പോലെ അവർക്കുള്ളത് പ്രകൃതി സൗന്ദര്യമാണ്. അപ്പോൾ നമ്മൾ അവിടെ ചെല്ലുമ്പോൾ അവർ നിങ്ങൾക്ക് ഹോം സ്റ്റേ ഉണ്ടാക്കി തരുന്നു. അങ്ങനെ അവർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകുന്നു. കൃഷിയുണ്ട്, പക്ഷെ വളരെ കുറവാണ്. പ്രധാനമായും വിപണിയിലേക്ക് പോകുന്നത് ആപ്പിൾ, ആപ്രിക്കോട്ട് ഒക്കെയാണ്. വിപണി സമ്പത്ത് വ്യവസ്ഥയുമായി ഇവിടെയുള്ളവർക്ക് മറ്റ് ബന്ധമില്ല. അത്തരം കാര്യമായ ബന്ധം ടൂറിസം വഴിയാണുള്ളത്. മുമ്പ് പോയപ്പോൾ ആർമിയായിരുന്നു അവിടുത്തെ പുരുഷന്മാരുടെ പ്രധാന തൊഴിൽ. ഇപ്പോൾ അവർക്ക് പല മാർഗങ്ങളുണ്ട് ജീവിക്കാൻ. യുവാക്കളൊക്കെ ബാംഗ്ലൂരിലൊക്കെയുണ്ട്. നമ്മുടെ ഫ്രെയിം വെച്ചിട്ടാണ് അവരുടെ വികസനത്തെ നമ്മൾ നോക്കികാണുന്നത്. എത്രത്തോളം വികസനം താങ്ങാനുള്ള ശേഷിയുണ്ട് എന്നതാണ് ചോദ്യം. പല സ്ഥലങ്ങൾക്കും carrying capacity ഇല്ല. അതിപ്പോ, നമ്മുടെ മൂന്നാറും നീലഗിരിയുമൊക്കെയും ഇത് തന്നെയാണ് അവസ്ഥ.

ഹിമാലയൻ മേഖലയിൽ തുടരെ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്ന് സുപ്രീംകോടതി ഈ വർഷം ഹിമാലയൻ മേഖലയുടെ വഹന ശേഷി (carrying capacity) സംബന്ധിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെടുകയും കേന്ദ്രം ടെക്നിക്കൽ കമ്മിറ്റിയെ നിയമിക്കുകയുമുണ്ടായി. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിന് ശേഷവും ഇത്തരത്തിൽ സുപ്രീംകോടതി ഇടപെട്ട് പഠനങ്ങൾ നടത്തിയിരുന്നു. 2020 ൽ കേന്ദ്രം 13 ഹിമാലയൻ സംസ്ഥാനങ്ങളോട് carrying capacity പഠനം നടത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ കമ്മിറ്റികളും പഠനങ്ങളും ആരും പരിഗണിച്ചില്ല എന്നല്ലേ ആവർത്തിക്കുന്ന ദുരന്തങ്ങൾ വ്യക്തമാക്കുന്നത്?

Carrying capacity എന്നുള്ളതിൽ തന്നെ അത്ര പഠനങ്ങൾ നടന്നിട്ടില്ല. സുപ്രീംകോടതി പഠിക്കാൻ പറഞ്ഞിട്ടുണ്ട്. മസൂരിയെപറ്റി അത്തരമൊരു പഠനം നടന്നിരുന്നു. എന്തൊക്കെ ഘടകങ്ങളാണ് ഇത്തരം പഠനങ്ങൾക്കായി എടുക്കേണ്ടത്? എന്താണ് ഈ പഠനത്തിന്റെ അളവുകോൽ ഇങ്ങനെയുള്ള ചോദ്യങ്ങളുണ്ട്. അത്തരമൊരു പഠനം നടത്തുമ്പോൾ ഒരു അളവുകോൽ വേണമല്ലോ? അങ്ങനെ ഒന്നും ചിട്ടയോടെ നമ്മളിത് വരെ ചെയ്തിട്ടില്ല. അത്തരമൊരു പഠനം നല്ല കാര്യമാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നമ്മൾ അതിനെ പറ്റി ആലോചിക്കുന്നു. 2018 പ്രളയത്തിൽ ആലോചിച്ച പലതും ഇപ്പോൾ കേരളം ചെയ്യുന്നുണ്ടോ? അതാണ് ഒരു പ്രശ്നം. ഇനി carrying capacity പഠനം നടത്തി റിപ്പോർട്ട് ഒക്കെ പ്രസിദ്ധീകരിച്ച ശേഷവും നമ്മൾ ഇതേ വികസനരീതികൾ തന്നെ തുടരുകയാണെങ്കിൽ അതുകൊണ്ട് എന്താണ് പ്രയോജനം? അത്തരത്തിലൊരു പഠനം നടത്തിയാൽ അതിന്റെ റിപ്പോർട്ട് വെച്ച് ഒരു ആത്മപരിശോധന നടത്താൻ നമ്മൾ തയ്യാറാകണം. അവസരം കിട്ടിയിട്ടും അതുണ്ടായിട്ടില്ല. കോവിഡ് അതിനുള്ള സാഹചര്യമായിരുന്നു. എന്നാൽ കോവിഡിന് മുൻപ് ചെയ്തതിനേക്കാൾ അധികമാണ് നമ്മൾ ഇപ്പോൾ ചെയ്യുന്നത്. ഒരോ തവണ ഇത്തരം ദുരന്തങ്ങൾ വരുമ്പോഴും ശ്രദ്ധ അങ്ങോട്ട് പോകും. കോടതി എന്തെങ്കിലും നിർദ്ദേശിക്കും. എന്നാൽ ഇത്തരം സംഭവങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിലും നമ്മൾ അതിനുവേണ്ടി എന്താണ് ചെയ്യുന്നത് എന്നുള്ളതാണ്.

2015 ഭൂചലനത്തിന് ശേഷം നേപ്പാളിന്റെ അവസ്ഥ. കടപ്പാട്:adb.org

പ്രായം കുറഞ്ഞ മടക്കുപർവ്വതം ആയതുകൊണ്ട് ഹിമാലയത്തിൽ ഭൂകമ്പ സാധ്യത (seismic activity) കൂടുതൽ ആണ് എന്ന് താങ്കൾ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ഹിമാലയൻ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ എത്രത്തോളം മുൻകരുതൽ എടുക്കുന്നുണ്ട്?

സീസ്മിക് ആക്റ്റിവിറ്റിയെ ഗൗരവമായി എടുത്തിട്ടില്ല. സീസ്മിക് ആക്റ്റിവിറ്റി ഉള്ളിടത്ത് 260 മീറ്റർ പൊക്കമുള്ള ഒരു ഡാം പണിയുന്നത് യുക്തിപരമാണോ? ഹിമാലയത്തിൽ സീസ്മിക് ആക്റ്റിവിറ്റി എപ്പോഴും ഉണ്ട്. ഭൗമശാസ്ത്രജ്ഞർ പറയുന്നത് ഹിമാലയത്തിൽ വലിയ സമ്മർദ്ദം ഉണ്ടായിട്ടുണ്ട് എന്നാണ്. ഒരു വല‍ിയ പിളർപ്പിനുള്ള സമ്മർദ്ദം അവിടെയുണ്ടാകുന്നുണ്ട്. ആ സമ്മർദ്ദം പുറത്ത് പോകണമെങ്കിൽ റിക്ടർസ്കെയിലിൽ എട്ടിന് ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടാകാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.1897 ലും, 1950 ലും ആസാമിൽ എട്ടിന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എട്ടിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പങ്ങളുണ്ടായാൽ അതിന്റെ സമ്മർദ്ദം ഭൂഗുരുത്വാകർഷണത്തിനേക്കാൾ വലുതായിരിക്കും. അങ്ങനെയുണ്ടായാൽ ഖരം ദ്രാവകത്തിന്റെ സ്വഭാവം കാണിക്കും, അതായത് ഡാം ദ്രാവക സ്വഭാവം കാണിക്കും. എന്നാൽ ഡാം നിർമ്മിക്കുമ്പോൾ ഉപയോഗിച്ച കണക്കും ഫിസിക്സും ഡാമിനെ ഒരു ഖരവസ്തുവായാണ് കാണുന്നത്. ഖര വസ്തുവായ ഡാമിന് ഇത്തരം സമ്മർദ്ദത്തെ താങ്ങാൻ പറ്റുമെന്നാണ് നിർമ്മാണ സമയത്ത് പറയുന്നത്. അങ്ങനെയാണ് എൻജിനിയർമാർ അത് നിർമ്മിച്ചിരിക്കുന്നത്. എട്ടിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പം വരുമ്പോൾ ഖര വസ്തു ദ്രാവകത്തിന്റെ സ്വഭാവം കാണിക്കുമ്പോൾ എന്താകും ഈ ഡാമിന്റെ ശേഷി? തെഹരി ഡാമിനെ എതിർത്തവർ സുപ്രീംകോടതിയിൽ അവിടെ അങ്ങനെ ഒരു ഡാമിന്റെ ആവശ്യം എന്താണെന്ന ചോദ്യമായിരുന്നു ചോദിച്ചത്.

എസ് ഗോപീകൃഷ്ണ വാര്യർ

ചരിവുകൾ ഉള്ള ഇടങ്ങളിലാണ് ഡാം ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ചരിവുള്ള പ്രദേശങ്ങളൊക്കെ തന്നെ ഡാം ഉണ്ടാക്കി നമ്മൾ ഉപയോഗിച്ചു കഴിഞ്ഞു, പശ്ചിമഘട്ടമുൾപ്പടെ. ഹിമാലയൻ മേഖലയും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഹിമാലയത്തിൽ ഇനിയും സാധ്യതകൾ ഉണ്ട്. കഴിഞ്ഞ 20-30 വർഷങ്ങൾക്കിടക്കാണ് അവിടെ പല ഡാമുകളും വന്നത്. ഹിമാചലിൽ 10,000 മെഗാ വാട്ട്സാണ് ഇൻസ്റ്റാൾ കപ്പാസിറ്റി. മൊത്തം ജലവൈദ്യുതി ശേഷി 40,000 ആണ്. അതിന്റെ പ്രധാനപ്പെട്ട സംഭാവന ഹിമാചലിൽ നിന്നാണ്. സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് വലിയ വരുമാനമാണ്. ഈ സംസ്ഥനങ്ങൾക്കൊന്നും ഈ വൈദ്യുതി ആവശ്യമില്ല. അവിടെ വൻകിട വ്യവസായങ്ങളില്ല. അവർ ഇത് വിൽക്കും. അവിടെ ഉത്പാദിപ്പിക്കുന്നത് സമതലങ്ങളിലേക്കാണ് എത്തുന്നത്. ഉത്തർപ്രദേശും, പഞ്ചാബും, ഡൽഹിയുമൊക്കെയാണ് ഉപയോഗിക്കുന്നത്. വലിയ വരുമാന മാർഗമായതുകൊണ്ട് തന്നെ ഡാം നിർമ്മാണം അവർ നിർത്തില്ല. എന്നാൽ പ്രദേശവാസികളോട് സംസാരിക്കുമ്പോൾ അവർ പറയുന്നത്, ഇനി ഡാം വേണ്ട എന്നാണ്. 30 വർഷം മുമ്പ് തെഹരിയിലേക്ക് പോയപ്പോൾ അങ്ങനെയായിരുന്നില്ല. ഞങ്ങൾക്ക് വികസനം വേണം. നിങ്ങൾക്ക് മാത്രം പോരല്ലോ എന്നായിരുന്നു ജനങ്ങൾ ചോദിച്ചത്. ആ ചിന്ത മാറിയിട്ടുണ്ട്. അപകട സാഹചര്യം അവർ മനസിലാക്കി തുടങ്ങിയിരിക്കുന്നു.

Also Read