Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ലക്ഷദ്വീപിലെ ആദ്യ നഴ്സായ ഹിന്ദുമ്പി സിസ്റ്റർ ഇന്നും കവരത്തി ആശുപത്രിയിൽ സേവനം തുടരുകയാണ്. നഴ്സിങ്ങിന്റെ 51-ാം വർഷത്തിൽ ഫ്ലോറൻസ് നൈറ്റിംഗേൾ പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചിരിക്കുന്നു. തിരമാലകളോടും പരിമിതികളോടും നിശ്ചയദാർഢ്യത്തോടെ പൊരുതിയ നഴ്സിങ്ങ് ജീവിതത്തിന്റെ കഥ പറയാനുണ്ട് ഹിന്ദുമ്പി സിസ്റ്റർക്ക്.
50 വർഷമായി ഹിന്ദുമ്പി സിസ്റ്റർ കവരത്തി ആശുപത്രിയിലുണ്ട്. 2006 ലെ വിരമിക്കലിന് ശേഷവും സ്റ്റാഫ് നഴ്സായി സേവനം തുടരുന്നു. ഫ്ലോറൻസ് നൈറ്റിംഗ് ഗേൾ പുരസ്ക്കാരത്തിലൂടെ രാജ്യം ഹിന്ദുമ്പി സിസ്റ്ററെ ആദരിക്കുകയും ചെയ്തിരിക്കുന്നു. ഔദ്യോഗിക ജീവിതം അവസാനിച്ചെങ്കിലും ഒരായുഷ്ക്കാലം മുഴുവൻ ഒരു നഴ്സായി തുടരാനുള്ള പ്രചോദനമെന്താണ്?
അതെ, കവരത്തിയിൽ തന്നെയാണ് നഴ്സായി തുടരുന്നത്. 34 കൊല്ലത്തെ സർവ്വീസും പിന്നെ കഴിഞ്ഞ 16 കൊല്ലമായി കോൺട്രാക്റ്റ് ജോലിയും. മറ്റുള്ള ദ്വീപുകളിലും എമർജൻസി സന്ദർഭങ്ങളിലൊക്കെ ബോട്ടിലെല്ലാം പോയിട്ടുണ്ട്. അമേനീൽ പോയിട്ടുണ്ട്, അന്ത്രോത്ത് പോയിട്ടുണ്ട്, അഗത്തി പോയിട്ടുണ്ട്, കടമത്ത് പോയിട്ടുണ്ട് അങ്ങനെ ഓരോ ദ്വീപിലും എമർജെൻസി കാര്യങ്ങൾക്ക് പോയി വരാറുണ്ട്. പൊതുവെ ഒരു നഴ്സാകണം എന്ന് പഠിക്കുന്ന കാലത്ത് തന്നെ ഒരാഗ്രഹം ഉണ്ടായിരുന്നു. പിന്നെ ആ ആഗ്രഹം പടച്ചവൻ സാധിച്ച് തന്നു. അതങ്ങനെ തുടർന്നുകൊണ്ടു പോകാൻ എത്രയും കാലം പണിയെടുക്കാൻ പറ്റും അത്രയും കാലം പണിയെടുക്കണം എന്നാണ് എന്റെ മനസ്സിലുള്ള വിചാരവും എന്റെ ആഗ്രഹവും.
ഒമ്പതാം ക്ലാസ്സിലൊ പത്താം ക്ലാസ്സിലൊ പഠിക്കുമ്പോൾ ഒരു മാഷ് ചോദിച്ചു, കുട്ടിക്ക് എന്താവണം ? എനിക്ക് ഒരു നഴ്സാവണം എന്ന് പറഞ്ഞു. അങ്ങനെയാണ് ഇതിലേക്ക് വന്നിരിക്കുന്നത്. താത്പര്യമുള്ളതുകൊണ്ടാണല്ലോ നമ്മള് പണിയിങ്ങനെ എടുത്തോണ്ടേയിരിക്ക്ണത്. എട്ക്കാനാണ് എനിക്കിഷ്ടം, ഇങ്ങനെ വെറ്തെയിരിക്ക്ണ കൂട്ടത്തിലല്ല. പണി ചെയ്യണം എന്നുള്ള ആഗ്രഹാണുള്ളത്. ഈ വയസ്സ് കാലത്ത്, 51ാം കൊല്ലത്തില് നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ഒരു നാഷണൽ അവാർഡ് കിട്ടി. അതിൽ കൂടുതൽ ഇനി എന്ത് സന്തോഷം ഉണ്ടാകാനാ.
ലക്ഷദ്വീപിലെ ആദ്യത്തെ നഴ്സ് എന്നാണല്ലോ ഹിന്ദുമ്പി സിസ്റ്റർ അറിയപ്പെടുന്നത്. 1968 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിങ്ങ് പഠനത്തിന് ചേരുന്നു. പഠനത്തിന് ശേഷം കവരത്തിയിലെ ജനറൽ ആശുപത്രിയിൽ എത്തുന്നു. കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ലക്ഷദ്വീപിലെ വൈദ്യരംഗത്തുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ് ? മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളും മരുന്നുശാലകളും ഇപ്പോൾ ദ്വീപിലുണ്ടോ ?
ആദ്യത്തെ നഴ്സ് തന്നെയാണ്, ലക്ഷ്യ ദ്വീപിലെ ആദ്യത്തെ നഴ്സ്. 68 ല് കോഴിക്കോട് മെഡിക്കൽ കോളേജില് പഠിച്ച് , പിന്നെ 72 ല് പാസായി വന്നു. അന്നു തൊട്ട് നോക്കിയാൽ ഒരുപാട്, ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.. മെറ്റൽ നീഡിലായിരുന്നു അന്ന് ജോയിൻ ചെയ്തപ്പോൾ ഉപയോഗിച്ചിരുന്നത്. ഒരു നീഡില് തെളപ്പിക്കണെങ്കില്, ഒരു സാധാരണ മണ്ണെണ്ണ സ്റ്റൗവ് കത്തിച്ചിട്ട് വേണം. അതില് വെള്ളം വെച്ച് തെളപ്പിച്ചിട്ടെടുക്കണം. അന്ന് ഗ്ലാസ്സ്സിറിഞ്ചാണ് ഉപയോഗിച്ചിരുന്നത്. ഓരോ സാധനവും അന്ന് വീണ്ടും വീണ്ടും ഉപയോഗിക്കണം. ഇപ്പൊ എല്ലാം ഡിസ്പ്പോസിബ്ളാണ്. ഒരുപയോഗം കഴിഞ്ഞാൽ അതു കളയാം. അങ്ങനാണ് ഇപ്പോഴത്തെ സാഹചര്യം.
ഇവിടെ ആശുപത്രികൾ ഇല്ലെന്നു പറയാൻ പറ്റില്ല, അത്യാവശത്തിന് നല്ല, എല്ലാ സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റലുണ്ട്. കവരത്തിയിലുണ്ട്, അഗത്തിയിലുണ്ട്… എന്നാലും വല്യ ഒരു കാർഡിയാക്ക് സർജറി, അങ്ങനത്തെ ഒന്നും ചെയ്യാൻ പറ്റില്ല. അങ്ങനെ വന്നാൽ സി.പി.ആർ കൊടുത്ത് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യും.
അത്തരം സൗകര്യങ്ങളുള്ള ആശുപത്രി കൂടെ വേണ്ടെ ?
വേണം എന്നു പറഞ്ഞാ, കിട്ടുന്ന സാധനം അല്ലല്ലോ ! ( ചിരിക്കുന്നു )
അന്യപുരുഷന്മാരെ സ്പർശിക്കേണ്ടിയും പരിചരിക്കേണ്ടിയും വരുന്നതിനാൽ ഒരുകാലത്ത് ജാതി-മത വിലക്കുകളുണ്ടായിരുന്ന ഒരു തൊഴിൽ മേഖലയായിരുന്നു കേരളത്തിൽ നഴ്സിങ്ങ്. നഴ്സ് ആയിത്തീരണം എന്ന് ആഗ്രഹിച്ചപ്പോൾ ആ കാലത്ത് ലക്ഷദ്വീപിൽ നിന്നും അത്തരം വിലക്കുകളോ എതിർപ്പുകളോ നേരിട്ടിരുന്നോ ?
എന്ത് കേസായാലും.. ഒരു അൾസറ് കേസായാലും ലെപ്രസി കേസായാലും എന്തൊരു കേസായാലും അത് ഞങ്ങടെ ഭാഗമാണ്. അവരെ ശുശ്രൂഷിക്കാ, നഴ്സിങ് കെയറ് കൊടുക്കാ, അത് ഞങ്ങളെ ഭാഗത്ത്പ്പെട്ടതാണ്. അത് ഞങ്ങള് ചെയ്യും, ചെയ്യുന്നുണ്ട്, ചെയ്ത് വരുന്നുണ്ട്.
എന്റെ അറിവില് എന്നെ ആരും എതിർത്തിട്ടൊന്നുമില്ല, എന്റെ ബാപ്പയ്ക്ക് ഇഷ്ട്ടമാണ് നഴ്സിങ്ങിന് പോണത്. ബാപ്പ ഇപ്പൊ ഇല്ല, വേറെ വീട്ടുകാരാരും എതിർത്തിട്ടില്ല. എന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടാ ഞാൻ പോയത്, എന്നെ ആരും എതിർത്തിട്ടില്ല.
പാരമ്പര്യ വൈദ്യശാസ്ത്രം പിൻപറ്റിയിരുന്ന ഒരിടമായിരുന്നല്ലോ ലക്ഷദ്വീപ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുവരവിനോടും പുറമെ നിന്നുള്ള ഡോക്ടർമാരുടെ ചികിത്സയോടുമെല്ലാം ദ്വീപിലെ ജനങ്ങളുടെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു ? ഇപ്പോഴത്തെ പൊതുസമീപനം എന്താണ് ?
പണ്ട് വൈദ്യന്മാരുടെ ചികിത്സകളൊക്കെ ആയിരുന്നു എന്നാണ് തോന്നുന്നത്. പിന്നെ കരയിലത്തെ ഡോക്ടർമാരായിരുന്നല്ലോ പണ്ടെല്ലാം ഉണ്ടായിരുന്നത്. ഹിന്ദിക്കാരായ ഡോക്ടർമാരായിരുന്നപ്പോഴും കേരളക്കാരായ ഡോക്ടർമാരായിരുന്നപ്പോഴും ഭാഷാ വ്യത്യാസം കൊണ്ട് ലേശം ബുദ്ധിമുട്ടുണ്ടായിരുന്നു. പെട്ടൊന്നൊരു മലയാളം പറയാന് ലേശം ബുദ്ധിമുട്ടുണ്ടാവുമായിരുന്നു. നഴ്സ്മ്മാര് ആരെങ്കിലും അവരെ ട്രാൻസ്ലേറ്റ് ചെയ്ത് കൊടുക്കും. നാട്ടിലുള്ള ഡോക്ടർമാരും സിസ്റ്റർമാരെല്ലാം കൊണ്ട് ഇപ്പൊ പിന്നെ അങ്ങനെ ഒന്നും ആവശ്യമില്ലെ. മുമ്പെ അങ്ങനെ അല്ലായിരുന്നു. ഞാൻ വരുമ്പഴത്തേക്കും എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് നഴ്സ്മ്മാരും കേരളക്കാരായിരുന്നു. ഡോക്ടർമാര് നോർത്തിലുള്ള ആൾക്കാരായിരുന്നു. ഇപ്പൊ എല്ലാ സ്പെഷലിസ്റ്റ്മാരും ലക്ഷദ്വീപ്കാര് തന്നെയാണ്.
ചിലർക്ക് ഇംഗ്ലീഷ് മരുന്ന് പറ്റില്ല, ചിലർക്ക് നാടൻ മരുന്നാവും പറ്റാ. അതിപ്പഴും, എല്ലാ രാജ്യത്തുമുണ്ട് അങ്ങനത്തെ ഒരു വികാരം. ലക്ഷദ്വീപില് മാത്രമല്ല.
മൺസൂൺ കാലം ദ്വീപിലെ ജീവിതത്തെ പലതരത്തിൽ പ്രതികൂലമായി ബാധിക്കാറുണ്ട്. ദ്വീപകൾക്കിടയിലെ സഞ്ചാരവും ആയാസകരമാകുമല്ലോ. മൺസൂൺ കാലത്തെ ചികിത്സയ്ക്ക് എന്തെല്ലാം വെല്ലുവിളികളുണ്ട് ? മൺസൂൺ കാലത്തെ നഴ്സിങ്ങ് അനുഭവങ്ങൾ പങ്കുവെക്കാമോ ?
അത് നേര് തന്നെയാണ്. വളെര പ്രയാസമാണത്. വലിയ തിരമാലയുള്ള മൺസൂൺ കാലത്ത് ചെറിയ ബോട്ടോ അങ്ങനെയൊന്നും പോയി കിട്ടൂല. കപ്പലുണ്ടെങ്കിൽ മാത്രമെ പോകാൻ പറ്റു, അല്ലെങ്കിൽ പോകാൻ പറ്റില്ല. അന്ന് ഞാൻ വരുമ്പഴത്തിന് ഒരു കപ്പല് മാത്രമെ ഉണ്ടായിരുന്നുള്ളു. അമ്മിനി ദ്വീപ് കപ്പല്. അത് ഏത് സാഹചര്യത്തിലും ഓടാൻ പറ്റിയൊരു കപ്പലായിരുന്നു. പിന്നെ ആ കപ്പലില് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുവരും. കപ്പല് വിളിച്ചാണ് കൊണ്ടുവരല്. പോർട്ട് ഡിപ്പാർട്ട്മെന്റ്കാരെ ഇൻഫോം ചെയ്യും. അങ്ങനെ അവര് രോഗിയെ കൊണ്ടുവരും. ഞാൻ വന്നതിനും ശേഷമാണ്, ഇത്രയും ഹെൽത്ത് സെന്ററെല്ലാം മറ്റുള്ള ദ്വീപിലൊക്കെ ഉണ്ടായത്.
ആ അനുഭവങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് സമയമുണ്ടാവില്ല…
അതൊക്കെ കേൾക്കണമെന്നുണ്ട് ..
ഒരു നല്ല മൺസൂൺ കാലാവസ്ഥയിൽ, ഐ.എൻ.എസ് വികാസ് എന്ന കപ്പലിൽ അമീനിയിലേക്ക് ഒരു ഡെലിവറിക്ക് പോയി. അത് വല്യ ഹൈറ്റുള്ള കപ്പലായിരുന്നില്ലെ. ഞങ്ങള് പെണ്ണുങ്ങള്, ലാഡറ് പോലുള്ളിതിൽ കേറാൻ വളരെ പ്രയാസപ്പെട്ടു. അപ്പൊ അവര് അതിന്റെ മോളിൽ നിന്നും വെളിയിലേക്കൊരു കയറിട്ടുതന്നു. കയറിട്ടു തന്നാല് ഞങ്ങളെ നടൂലേക്കു കെട്ടും. നടൂലേക്കു കെട്ടിക്കഴിഞ്ഞാല് ലാഡറിൽ പിടിച്ചു കേറിക്കേറിക്കേറി കപ്പലിനകത്തെത്തും. ഞങ്ങള് കേറിയതും അങ്ങനെ, ഇറങ്ങിയതും അങ്ങനെ. മഴയത്താണ് പോയത്, അര്‍ദ്ധരാത്രി സമയമാണ്. രാത്രി പന്ത്രണ്ടു മണിയായിട്ട് വന്ന കപ്പലിൽ അവിടെ എത്തുമ്പോഴേക്കും രണ്ടു മണിയായി. നങ്ങളെ നാട്ടിലെ പോലെ ബോട്ടൊന്നും അമീനീല് ഇല്ലല്ലോ, ചെറിയ തോണിയാണ് ഉള്ളത്. അതിലാണ് ഞങ്ങളെ ഇറക്കി കൊണ്ടുപോയത്. നേരം പുലരുന്നതു വരെ കപ്പല് അവിടെ വിട്ട്. എന്നിട്ട് ഡെലിവറി എടുത്തു കഴിഞ്ഞിട്ടാണ് കവരത്തിയിലേക്ക് തിരിച്ചുപോയത്.
ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ബോട്ടുണ്ടാകില്ലെ, ഫിഷിങ്ങ് ബോട്ട്, അതിൽ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ പലേ അനുഭവങ്ങളും ബോട്ടിലുണ്ട്. ബോട്ടില് വച്ച് ബ്ലഡെല്ലാം ട്രാൻസ്ഫ്യൂഷൻ ചെയ്ത അനുഭവം ഉണ്ട്. എന്നിട്ട് കവരത്തീ കൊണ്ട് വന്ന് ഇറക്കി സിസേറിയൻ ചെയ്ത്, അങ്ങനെ രക്ഷപ്പെടുത്തി. അവിടെ സിസേറിയന്റെ സെറ്റുംകൊണ്ട് പോയതായിരുന്നു. പക്ഷെ പേഷ്യന്റിന്റെ കണ്ടീഷൻ കണ്ടപ്പോൾ അവിടുന്ന് ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല എന്നായതുകൊണ്ട് ഒരു ബോട്ടിൽ ബ്ലഡ് അവിടുന്ന് മേടിച്ച് ബോട്ടിൽ വെച്ച് ഞാൻ ട്രാൻസ്ഫ്യൂഷൻ സ്റ്റാര്‍ട്ട് ചെയ്ത് കവരത്തി കൊണ്ട് വന്നു, സിസേറിയൻ ചെയ്തു.
ഇപ്പൊ ഹെലിക്കോപ്റ്ററുണ്ട്, എല്ലാ സൗകര്യവും ഉണ്ട്. അര മണിക്കൂറ്, മുക്കാ മണിക്കൂറ്, ഒരു മണിക്കൂറ് കൊണ്ടൊക്കെ നമ്മള് പേഷ്യന്റിനെ ഇവിടെ കവരത്തിയിൽ എത്തിക്കും. ഇപ്പോ അഗത്തിയിലും സ്പെഷലിസ്റ്റുമാരുണ്ട്, അവിടെയും കൊണ്ടുപോകാം. ആന്ത്രോത്തിലും സ്പെഷലിസ്റ്റുമാരുണ്ട്, അവിടെയും കൊണ്ടുപോകാം. എന്നാലും തൊണ്ണൂറു ശതമാനവും കവരത്തിക്കാ വരുന്നത്, എല്ലാ പേഷ്യന്റും. ആ… കാപ്പിറ്റൽ ഓഫ് ലക്ഷ്യദ്വീപ് ഈസ് കവരത്തി.
നാഷണൽ ഹെൽത്ത് മിഷന്റെ കണക്കുകൾ പ്രകാരം 2011 ലും 2022 ലുമെല്ലാം ലക്ഷദ്വീപിലെ മാതൃമരണ നിരക്ക് പൂജ്യമാണ്. ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറയ്ക്കുക എന്നുള്ളത് ദേശീയ ഹെൽത്ത് മിഷന്റെ പ്രധാന ലക്ഷ്യമായിരുന്നല്ലോ. എങ്ങനെയാണ് ഇതു സാധ്യമായത് ? പ്രസവമെടുപ്പിലും, പ്രസവാനന്തര ശുശ്രൂഷയിലും മാറ്റങ്ങളുണ്ടായോ ?
അത് സാധ്യമാക്കിയത്, ഞങ്ങളെ കെയറാണ്. ഇവിടെയുള്ള ഗൈനക്കോളജിസ്റ്റുമാരും ഞങ്ങളെ സിസ്റ്റര്‍മാരും കൊടുക്കുന്ന കെയറാണത്. ഒരു പേഷ്യന്റിന് ലേബര്‍ പെയിൻ കിട്ടിക്കഴിഞ്ഞാല്, ഞങ്ങള് അവരെ വിട്ടുപോവില്ല. ആരെങ്കിലും ഒരു സിസ്റ്റര്‍ കൂടെയുണ്ടാകും. എന്തെങ്കിലും ഒരു വേരിയേഷൻ തോന്നിയാല് ഉടനെ ഗൈനക്കോളജിസ്റ്റിനെ അറിയിക്കും. അവര് വന്ന് ഡിസിഷൻ എടുത്തു കഴിഞ്ഞാൽ ആ സ്പോട്ടിൽ തന്നെ സിസേറിയൻ എങ്കിൽ സിസേറിയൻ ചെയ്യും. ഡെലിവറിയാണെങ്കിൽ ഡെലിവെറിയാക്കും. ഓരോ പേഷ്യന്റിനും അത്രയും പരിഗണന കൊടുക്കുന്നുണ്ട്.
കോവിഡിനെതിരെയുള്ള ലോകത്തിന്റെ പോരാട്ടത്തിൽ നഴ്സ്മാരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ലക്ഷദ്വീപ് എങ്ങനെയെല്ലാമാണ് കോവിഡിനെ നേരിട്ടത് ?
ഡോക്ടര്‍മാരും, സിസ്റ്റര്‍മാരും, ഹോസ്പിറ്റൽ സ്റ്റാഫും എല്ലാവരും വളരെ സജീവമായിരുന്നു. എല്ലാം നല്ല പോലെ തന്നെ ചെയ്യേം ചെയ്തു. കോവിഡിനെ ഇല്ലാതാക്കുകയും ചെയ്തു. ഒരാള്ക്ക് കോവിഡ് വന്നിട്ടുണ്ട് എന്നറിഞ്ഞാൽ, അയാളെ കൊണ്ടുപോയി ഹോസ്പിറ്റലിലാക്കും. ബാക്കിയുള്ളവരെ സെപ്പറേറ്റ് ചെയ്ത് കോവിഡ് ഇല്ലാത്തൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കും. നഴ്സറി സ്കൂളാണെങ്കിലും, ഹൈസ്ക്കൂളാണെങ്കിലും അവിടെ കൊണ്ടുപോയി താമസിപ്പിക്കും. ലക്ഷദ്വീപിന്ന് പെട്ടെന്ന് അസുഖം പോകാൻ കാരണം അതുതന്നെയാണ്. വളരെ ശ്രദ്ധയോടു കൂടിയാണ് കൈകാര്യം ചെയ്തത്. വരുന്ന ഓരോ രോഗികളെയും കോവിഡ് ടെസ്റ്റ് ചെയ്തിരുന്നു. ചെറിയ പനിയായും, ജലദോഷമായും വന്നാലും പ്രതേക സജ്ജീകരണങ്ങൾ കൊണ്ട് എല്ലാവരെയും ടെസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. രണ്ടു മൂന്ന് ഒ.പിയും അതിൽ ആൾക്കാരെയെല്ലാം നിര്‍ത്തി നല്ല സജ്ജീകരണത്തോടും കൂടിയാണ് ചെയ്ത്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വാപ്പ ചെറിയ കോയയാണല്ലോ രാജ്യസ്നേഹത്തോടെ ഹിന്ദുമ്പി എന്ന പേര് വിളിച്ചത്, വാപ്പയെ കുറിച്ച് കൂടുതൽ പറയാമോ ?
ചെറിയ കോയ, എന്റെ ബാപ്പ. സ്വതന്ത്ര സമര സേനാനിയായി ഉപ്പ് സത്യാഗ്രഹത്തിൽ കേരളത്തിൽ പങ്കെടുത്തിട്ടുണ്ട്. നാഷണൽ ഫ്ലാഗ് ലക്ഷദ്വീപിലേക്ക് കൊണ്ടുവന്ന ഒരാളാണ് എന്റെ ബാപ്പ.
പണ്ടെല്ലാം തോണിയിലെല്ലാം സാധനം കൊണ്ടുവരാൻ കേരളത്തിൽ പോകും, ആറു മാസത്തെക്കുള്ള സാധനങ്ങള് കൊണ്ടുവന്നുവെക്കും. അരിയാണെങ്കിലും, പൻസാരയാണെങ്കിലും, ചായപ്പൊടിയാണെങ്കിലും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളതെന്തും.. അങ്ങനെ പോയപ്പോൾ ആണ് ബാപ്പക്ക് അവിടെ വച്ച് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കാനും, ഗാന്ധിജിയെ കാണാനും കഴിഞ്ഞത്.
വാപ്പയുടെ രാഷ്ട്രീയ ബോധ്യങ്ങൾ സിസ്റ്ററെ സ്വാധീനിച്ചിട്ടുണ്ടോ ?
ഒരു ഗവൺമെന്റ് ജോലിയിലായതുകൊണ്ട് ഞാൻ അതിലേക്ക് തിരിയുന്നില്ലല്ലോ. അത് ചെയ്യുന്നത് ശരിയല്ലല്ലോ. പിന്നെ എന്റെ രണ്ട് ആങ്ങളമാരും, അവര് രാഷ്ട്രീയക്കാര് തന്നെയാണ്.