Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമുള്ള നിരന്തര ചർച്ചകൾ നടന്ന നാളുകളാണ് കടന്നുപോയത്. ഭക്ഷണമെന്നത് രുചിയിലും അവതരണത്തിലെ മനോഹാരിതയിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്ന് ബോധ്യപ്പെടുത്തിയ സംവാദങ്ങൾ. സ്കൂൾ കലോത്സവത്തിലെ വെജിറ്റേറിയൻ ഭക്ഷണ വിവാദവും മനുഷ്യജീവനെടുത്ത ഭക്ഷ്യവിഷബാധകളും പഴകിയ ഭക്ഷണം പിടിച്ചെടുത്ത തുടർച്ചയായ ഹോട്ടൽ റെയ്ഡുകളുമെല്ലാം ആഹാരത്തെക്കുറിച്ചുള്ള പലതരം ആലോചനകൾക്ക് വഴിയൊരുക്കി. ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ആവോളം സംസാരിക്കുന്നതിനിടയിൽ ഇത് നിരവധി മനുഷ്യർ ഇടമുറിയാതെ അധ്വാനിക്കുന്ന ഒരു തൊഴിൽ മേഖല കൂടിയാണ് എന്ന വസ്തുത പലപ്പോഴും ഈ ചർച്ചകൾക്ക് പുറത്തായിരുന്നു. ആരാണ് നമ്മുടെ പാചകത്തൊഴിലാളികൾ? എന്താണ് നമ്മൾ കാണാതെ പോകുന്ന അടുക്കള മുറിയിലെ ജീവിതങ്ങൾ? തീൻമേശകളിൽ നമ്മൾ കാണാത്ത, പുകയുന്ന അടുപ്പിനരികിലെ അധ്വാനം നേരിടുന്ന പ്രതിസന്ധികൾ എന്തെല്ലാമാണ്? നമ്മുടെ കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കലോത്സവകാലത്ത് മാത്രം ചിന്തിച്ചാൽ മതിയോ? കേരളത്തിലെ പാചകത്തൊഴിലാളികൾക്കും പലതും പറയാനുണ്ട്.
കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നവർ
“കുഞ്ഞുങ്ങൾക്ക് വേണ്ടി പണി ചെയ്യാൻ സന്തോഷമാണ്. കറികൾ ഇഷ്ടമായാൽ അവർ വന്ന് കറി നന്നായിരുന്നുവെന്ന് പറയും. അതൊക്കെ കേൾക്കുന്നത് തന്നെയാണ് ഈ ജോലിയിൽ നിന്നുള്ള സന്തോഷം.” എറണാകുളം പൊന്നുരുന്നി സർക്കാർ ലോവർ പ്രൈമറി സ്‌കൂളിലെ പാചകത്തൊഴിലാളി പ്രിയ സുനിൽ തന്റെ ജോലി നൽകുന്ന ഏറ്റവും വലിയ ആഹ്ലാദം പങ്കുവെച്ചു. താത്കാലികമായി പ്രവർത്തിക്കുന്ന അടുക്കളയിൽ വൃത്തിയാക്കിയ പാത്രങ്ങൾ കമിഴ്ത്തിവെക്കുന്ന തിരക്കുകൾക്കിടയിലും അവർ തുറന്നു ചിരിച്ചു. നാല്പത്തിയൊന്ന് വയസുകാരിയായ പ്രിയ തയ്യൽ പണികളിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നത്. ശാരീരിക പ്രശ്‌നങ്ങൾ (തോൾ വേദന) കാരണം തയ്യൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന അവർ അഞ്ച് മാസം മുമ്പ് സ്‌കൂളിലെ അടുക്കളപ്പണിയിലേക്ക് എത്തിച്ചേരുകയായിരുന്നു. 200ൽ അധികം കുട്ടികൾക്കായി ഒറ്റയ്ക്ക് ഉച്ചയ്ക്ക് ഭക്ഷണമൊരുക്കുക എന്നത് ശ്രമകരമാണെങ്കിലും താൻ ഈ ജോലി ആസ്വദിക്കുന്നുണ്ടെന്ന് പ്രിയ പറയുന്നു.
എന്നാൽ നൂൺ ഫീഡിങ് ചാർജും സ്‌കൂൾ പ്രധാന അധ്യാപികയുമായ മീന എ.ആറിന് പങ്കുവെക്കാനുണ്ടായിരുന്നത് കുട്ടികൾക്ക് സമീകൃതാഹാരം നൽകുന്നതിനായി നടത്തുന്ന വിഭവസമാഹരണത്തിലെ ബുദ്ധിമുട്ടുകളെ പറ്റിയായിരുന്നു. “കുട്ടികൾക്ക് വീട്ടിലുണ്ടാക്കുന്നത് പോലെ പന്ത്രണ്ടരയ്ക്കുള്ളിൽ ഭക്ഷണം തയ്യാറാക്കണം. 500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. പാചകത്തൊഴിലാളികൾക്ക് ഇതുകാരണമുണ്ടാകുന്ന അധ്വാനം വളരെ വലുതാണ്.” മീന ടീച്ചർ പറഞ്ഞു തുടങ്ങി.
2016ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. 150 കുട്ടികളുള്ള സ്‌കൂളിൽ ഒരു കുട്ടിക്ക് എട്ട് രൂപ എന്നതാണ് കണക്ക്. 500 കുട്ടികളുണ്ടെങ്കിൽ 7 രൂപയും, അതിന് മുകളിലാണെങ്കിൽ 6 രൂപയുമാണ് സർക്കാർ നൽകുന്നത്. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം, ആഴ്ചയിൽ ഒരു പുഴുങ്ങിയ മുട്ട, ആഴ്ചയിൽ രണ്ട് തവണ 150 മില്ലി ലിറ്റർ തിളപ്പിച്ച പാലുമാണ് നൽകേണ്ടത്. ഇതിൽ മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴം നൽകേണ്ടതാണ്.
”ഒരു കുട്ടിക്ക് കുറഞ്ഞത് 15 രൂപയെങ്കിലും വച്ച് കിട്ടിയാൽ മാത്രമേ സർക്കാർ നിർദ്ദേശിക്കുന്നത് പോലെ വൈവിധ്യവും വൃത്തിയുമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകാനാകൂ. 250 കുട്ടികൾക്ക് മേലെയുള്ള സ്‌കൂളുകളിൽ രണ്ട് തൊഴിലാളികളെങ്കിലും ഉണ്ടെങ്കിലേ ജോലിഭാരം കുറയുകയും അവരുടെ കാര്യക്ഷമത കൂടുകയുമുള്ളൂ. 30000 രൂപയാണ് ഒരു മാസത്തെ ചിലവിന് വേണ്ടത്. മിക്കവാറും നൂൺ ഫീഡിങ് ചാർജുള്ള അധ്യാപകർ ഇത് സ്വന്തം കൈയിൽ നിന്ന് കണ്ടെത്തേണ്ട ഗതികേടാണുള്ളത്.” മീന ടീച്ചർ പ്രതിസന്ധികൾ വിശദീകരിച്ചു.
ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന കാര്യം നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തതിനാൽ പ്രധാനാധ്യാപകർ സർക്കാരിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പാൽ, കോഴിമുട്ട, പാചകവാതകം എന്നിവയുടെ വില ഗണ്യമായി ഉയർന്നതോടെ നിലവിൽ സർക്കാർ നൽകുന്ന തുക സ്‌കൂളുകൾക്ക് മതിയാകുന്നില്ല. ഈ സാഹചര്യത്തിൽ തുക വർദ്ധിപ്പിക്കണമെന്നാണ് പ്രധാന അധ്യാപകരുടെ ആവശ്യം. സർക്കാരിൽ നിന്ന് പണം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടെന്നും നവംബറിൽ ലഭിക്കേണ്ട കാശ് ജനുവരി കഴിയുമ്പോഴെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മീന ടീച്ചർ ചെറുചിരിയോടെ പറഞ്ഞു നിർത്തി.
ജനകീയ ഹോട്ടൽ എങ്ങനെ നടത്തും ?
“അടുത്ത മാസം കൂടി ആകുമ്പോൾ ഒരു വർഷമാകും സബ്സിഡി കിട്ടാതായിട്ട്. ഞങ്ങളുടെ സ്വർണം പണയം വെച്ചാണ് ഓരോ ദിവസത്തെയും ചെലവുകൾ നോക്കുന്നത്. ഗവർൺമെന്റിന് ഫണ്ടില്ല എന്നാണ് അന്വേഷിക്കുമ്പോൾ പറയുന്നത്.” 61 വയസുകാരി ട്രീസ ജോർജ് പരാതിപ്പെട്ടുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. എറണാകുളം പൊന്നുരുന്നി ജംഗ്ഷനിലുള്ള ജനകീയ ഹോട്ടൽ നടത്തിപ്പുകാരിലെ പ്രധാനികളായ ട്രീസ ജോർജും ഓമന രത്നാകരനും ഹോട്ടൽ അടയ്ക്കുന്നതിന് മുമ്പ് അന്നത്തെ വരവ് ചെലവ് കണക്കുകൾ എഴുതുന്നതിന്റെ തിരക്കുകളിലായിരുന്നു. മറ്റ് ജോലിക്കാർ ഹോട്ടൽ വൃത്തിയാക്കുന്ന ജോലികളിലും.
2019-2020ലെ സംസ്ഥാന ബജറ്റിൽ ‘വിശപ്പുരഹിത കേരളം’ പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനെ ഏൽപ്പിക്കുകയും ചെയ്തു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മിഷൻ മുഖേന ജനകീയ ഹോട്ടൽ സംവിധാനം സംസ്ഥാനത്ത് നിലവിൽ വരുന്നത്. ഇപ്പോൾ സംസ്ഥാനത്ത് ആകെ 118 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്.
“2000ൽ ഞങ്ങളുടെ ഒരു അംഗത്തിന്റെ വീട്ടിലാണ് ഞങ്ങൾ വർക്ക് ചെയ്ത് തുടങ്ങിയത്. പലഹാരങ്ങൾ ഉണ്ടാക്കി വീട് തോറും കൊണ്ടുനടന്ന് വിൽക്കുമായിരുന്നു. ചെറിയ ഓർഡറുകൾ അന്നത്തെ ഡിവിഷണൽ കൗൺസിലർ സി.കെ മണിശങ്കർ സാർ പിടിച്ചു തരുമായിരുന്നു. അന്നൊക്കെ മൂന്ന് രൂപയാണ് ഒരാൾക്ക് ലഭിച്ചിരുന്നത്.” ഓമന രത്‌നാകരൻ ഒരു കുടുംബശ്രീ സംരംഭത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് വിശദീകരിച്ചു തുടങ്ങി.
പലഹാരം വിറ്റ് തുടങ്ങി രണ്ട് വർഷം കഴിഞ്ഞതോടെ ടൗൺ ഹാളിനടുത്തുള്ള എൽ.ഐ.സി ബിൽഡിംഗിന്റെ കാന്റീൻ വർക്ക് കുടുംബശ്രീക്ക് ലഭിച്ചു. അവിടെ നിന്നാണ് ഹോട്ടലിലേക്ക് വളരുന്നത്. “അഞ്ചാറ് മാസത്തേക്ക് ഒരു രൂപ പോലും ലാഭത്തിൽ നിന്ന് എടുത്തിരുന്നില്ല. 5000 രൂപ വീതം പത്ത് അയൽക്കൂട്ടങ്ങളിൽ നിന്ന് 50,000 ആക്കിയാണ് പാത്രങ്ങളൊക്കെ വാങ്ങിയത്. കുടുംബശ്രീയിൽ നിന്ന് ഒരു ലക്ഷം രൂപ പാസായി. 50,000 സബ്സിഡി കിട്ടി. ആറ് മാസം കഴിഞ്ഞപ്പോ ഞങ്ങൾക്ക് 100 രൂപയായി വരുമാനം.” ട്രീസ ജോർജ് കൂട്ടിച്ചേർത്തു.
പൊന്നുരുന്നിയിലെ വിവിധ കുടുംബശ്രീയിലെ ചേച്ചിമാർ ചേർന്ന് ഈ ക്യാന്റീൻ നടത്താൻ തുടങ്ങിയിട്ട് 16 വർഷം പിന്നിടുകയാണ്. അവരുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ദാരിദ്ര്യത്തിൽ നിന്ന് കുറച്ചൊക്കെ അവർ മെച്ചപ്പെട്ടു. പക്ഷെ ക്യാന്റീനുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മോശമായ പെരുമാറ്റവും ദേഷ്യപ്പെടലുകളും അവരെ മാറ്റി ചിന്തിപ്പിച്ചു. അതോടെ കട വാടകയ്‌ക്കെടുത്ത് ഹോട്ടലായി പ്രവർത്തിക്കാൻ തുടങ്ങി. 2018ലെ പ്രളയത്തിന് ശേഷം ജനകീയ ഹോട്ടലായി സർക്കാർ തെരഞ്ഞെടുത്ത ഇവർക്ക് അപ്രതീക്ഷിതമായി വന്ന കോവിഡും അതിനെത്തുടർന്നുണ്ടായ ലോക്ക്ഡൗണും തിരിച്ചടിയായി. “കൊറോണ പിടിപെട്ടപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും, ദൂരെ നിന്ന് വരുന്നവർക്ക് യാത്രാ ബുദ്ധിമുട്ടുമൊക്കെ ഉണ്ടായതോടെ കടകൾ നിർത്തേണ്ടി വന്നു. മൂന്ന് കടകൾ ഒഴിഞ്ഞു. വരാൻ പറ്റാത്ത ജോലിക്കാരെ പിരിച്ചുവിട്ടു. രണ്ടാഴ്ച പൈസയില്ലാതെ നടത്തി. ആ ഞങ്ങളോടാണ് ഇപ്പോൾ ഇട്ടിട്ട് പോകാൻ പറയുന്നത്.” ട്രീസ ജോർജ് പരിഭവപ്പെട്ടു.
നിലവിൽ പ്രവർത്തിക്കുന്ന കടയിൽ ഹോട്ടൽ തുടങ്ങുമ്പോൾ 600 രൂപയായിരുന്നു ഇവരോട് പറഞ്ഞിട്ടുണ്ടായിരുന്ന വാടക. പക്ഷെ മാസം 30 രൂപ വെച്ച് കൂടി 1030 രൂപയിലെത്തി ഇപ്പോൾ കട വാടക. പക്ഷേ മേയർ സന്ദർശനം നടത്തിയതിന് ശേഷം 28,000 രൂപ വാടക എന്ന് പറഞ്ഞ് ഒരു ഓർഡർ കോർപ്പറേഷനിൽ നിന്നു വന്നു. ”ഞങ്ങളിത്രേം പൈസ എവിടുന്ന് തരാനാണ്. ഞങ്ങക്ക് അതിനുള്ള വരുമാനമില്ല. ഇപ്പോൾ തന്നോണ്ടിരിക്കുന്നത് പോലെയേ ഞങ്ങക്ക് തരാൻ പറ്റുള്ളൂവെന്ന് പറഞ്ഞു. സ്‌ക്വയർ ഫീറ്റൊക്കെ അളന്ന് അവർ എട്ട് ലക്ഷത്തോളം അടക്കണമെന്ന് പറഞ്ഞു. ഞങ്ങൾ അഞ്ചാറ് പേർ കോർപ്പറേഷനിൽ പോയി ഉദ്യോഗസ്ഥരെ കണ്ട് വിഷമം പറഞ്ഞു. പക്ഷേ ഫലമുണ്ടായില്ല.” ട്രീസ ജോർജ് വിവരിച്ചു.
അന്നുവരെ കൊടുത്തിരുന്ന 1030 രൂപ കോർപറേഷൻ വാടക ഇനത്തിൽ സ്വീകരിക്കാതെ ആയതോടെ വാടക തുക ഡിമാന്റ് ഡ്രാഫ്ടായി ആയി ഇവർ അയക്കാൻ തുടങ്ങി. പക്ഷേ അതും സ്വീകരിക്കപ്പെട്ടില്ല. “ഞങ്ങ കരഞ്ഞ് പറഞ്ഞു ,ഞങ്ങടേൽ അത്രേം കാശില്ല എന്ന്. അധികാരികൾ തിരികെ ചോദിച്ചത് ഇത് ഇട്ടിട്ട് പൊക്കൂടേ എന്നാണ്. ഞങ്ങക്ക് ദിവസം 200 രൂപ വെച്ച് തന്നാൽ മതി, ഞങ്ങ ഇട്ടിട്ട് പൊക്കോളമെന്ന് പറഞ്ഞു. ഞങ്ങടെ നല്ല പ്രായവും നല്ല ആരോഗ്യവുമെല്ലാം പോയപ്പോഴാണ് ഇട്ടിട്ട് പോകാൻ പറയുന്നത്.” ഓമന രത്‌നാകരൻ അമർഷത്തോടെ പറഞ്ഞു. “ഇട്ടിട്ട് ഞങ്ങൾ എവിടെ പോകും? 60 വയസായ ഞങ്ങൾക്ക് ആര് ജോലി തരും? നമ്മൾ എന്ത് ചെയ്യും?” ട്രീസ ജോർജ് ചോദിക്കുന്നു.
ഇപ്പോൾ കുടുംബശ്രീ ജനകീയ ഹോട്ടൽ നടത്തുന്ന കെട്ടിടത്തിന് നല്ല വാടക കിട്ടുമെന്നാണ് കോർപ്പറേഷന്റെ ന്യായം. എന്നാൽ കുടുംബശ്രീ ഹോട്ടൽ നടത്തിപ്പിനായി അവരുടെ ആവശ്യപ്രകാരം കോർപറേഷൻ പണിത ഈ കെട്ടിടം വിട്ടു കൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു ഇവർ. കുറെയേറെ വാഗ്വാദത്തിന് ശേഷം ജി.എസ്.ടിയൊക്കെ ചേർത്ത് 10,300 രൂപ അഞ്ച് കൊല്ലത്തേക്ക് അടയ്ക്കണമെന്ന് തീരുമാനമായി. “ജനകീയ ഹോട്ടൽ തുടങ്ങിയപ്പോൾ സർക്കാർ പറഞ്ഞത് കറന്റ് കാശ്, വെള്ളക്കാശ്, വാടക തുടങ്ങിയവ പ്രാദേശിക ഭരണസമതി വഹിക്കണമെന്നാണ്. പഞ്ചായത്തൊക്കെ അത് അടക്കുന്നുണ്ട്. കോർപ്പറേഷൻ അടക്കുന്നില്ല. അഞ്ച് വർഷത്തെ കുടിശ്ശിക 4,80,000 രൂപ അടക്കണമായിരുന്നു. സബ്സിഡി കിട്ടിയപ്പോൾ മൂന്ന് ഗഡുക്കളായി അത് അടച്ച് തീർത്തു. ഞങ്ങള് പണിയെടുത്ത കാശാണ്. ഇതിന് വീട്ടുകാരൊക്കെ ചീത്ത പറയുകയും ചെയ്തു.” ഓമന പറഞ്ഞു.
നിലവിൽ 600 ഊണുകളോളം ശരാശരി ഇവിടെ വിറ്റു പോകുന്നുണ്ട്. ഇതിന് പുറമെ നിർധനരായവർക്ക് സൗജന്യ ഊണും നൽകി വരുന്നു. പക്ഷേ സബ്‌സിഡി കിട്ടാതായതോടെ സ്വർണാഭരണങ്ങൾ പണയം വെച്ചും കടം വാങ്ങിയുമാണ് ഇവർ മുന്നോട്ട് പോകുന്നത്. നാല് മാസം കൂടുമ്പോഴെങ്കിലും സബ്‌സിഡി കിട്ടിയാൽ നന്നായിരുന്നുവെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പാചക ടെൻണ്ടറുകൾ വർഷങ്ങളായി പഴയിടം മോഹനൻ നമ്പൂതിരിക്ക് മാത്രമായി ലഭിക്കുന്നത് വിവാദമായപ്പോൾ ഉയർന്നുകേട്ട ഒരു ആവശ്യമായിരുന്നു സ്‌കൂൾ കലോത്സവം പോലുള്ള വേദികൾ കുടുംബശ്രീ പ്രവർത്തകർക്ക് ലഭ്യമാക്കുക എന്നത്. ആ ആശയത്തെ പൂർണ്ണമായി പിന്തുണയ്ക്കുകയാണ് ഇവരും. “കുടുംബശ്രീ കൂട്ടായ്മകളിൽ ഒത്തിരി ചെറുപ്പക്കാർക്ക് വരുമാനമില്ലാതെയും തൊഴിലില്ലാതെയുമുണ്ട്. അവർക്കൊക്കെ അത്തരം തീരുമാനങ്ങൾ സഹായമാകും. ജില്ലാ മിഷൻ ഇടപെട്ട് നടപ്പാക്കാവുന്നതേയുള്ളൂ.” ഓമന രത്‌നാകരൻ അഭിപ്രായപ്പെട്ടു.
പരിഭവമില്ലാതെ ഭദ്രൻ ചേട്ടൻ
“എന്റെ അച്ഛൻ തുടങ്ങിയ ഹോട്ടലാണ്. അമ്മയും ഞാനുമായിരുന്നു ആദ്യകാലത്തെ പാചകക്കാർ. മൂന്ന് നാല് വർഷത്തിന് ശേഷമാണ് ഒരു പണിക്കാരനെ അപ്പോയിന്റ് ചെയ്യുന്നത്. അയാൾ ഇപ്പോഴും ഇവിടെ പണിക്കുണ്ട്.” 1960കളുടെ അവസാനത്തോടെ പാലരിവട്ടത്ത് സ്ഥാപിതമായ ന്യൂജയ എന്ന ഹോട്ടലിന്റെ മുതലാളി പുഷ്പൻ പി.വി അറുപത്തൊമ്പതുകാരനായ ഭദ്രൻ ചേട്ടനെ പരിചയപ്പെടുത്തിയ മുഖവുര ഇങ്ങനെയായിരുന്നു. വൃത്തിയും വെടിപ്പുമുള്ള ഹോട്ടലിലെ അടുക്കള മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ കാണുന്ന ആദ്യ കാഴ്ച ഭദ്രൻ ചേട്ടൻ വൈകുന്നേരത്തെ പലഹാരങ്ങൾക്കൊപ്പം നൽകേണ്ട പപ്പടം പൊരിക്കുന്നതാണ്. തിളയ്ക്കുന്ന എണ്ണയിൽ നിന്നും കണ്ണെടുത്ത് ഭദ്രൻ ചേട്ടൻ ചിരിച്ചു.
1973ലാണ് ഭദ്രൻ ചേട്ടൻ ന്യൂ ജയ ഹോട്ടലിൽ പണിക്കെത്തുന്നത്. 2005ൽ ഹൃദയാഘാതവും തുടർന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങളും പലപ്പോഴായി അദ്ദേഹത്തെ ഈ ജോലിയിൽ നിന്ന് പിന്തിരിപ്പിച്ചെങ്കിലും ഓരോ തവണയും ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരികെ വന്നു. “ഇപ്പോ ഹെർണിയയുണ്ട്. ഓപ്പറേഷൻ ചെയ്യാൻ പേടിയായിട്ട് ചെയ്തില്ല. ഇപ്പോ വയറ്റിൽ ബെൽറ്റിട്ടാണ് പണി ചെയ്യുന്നത്.” അനുഭവങ്ങളുടെ ആഴവും പ്രായം തീർത്ത പ്രയാസങ്ങളും ഭന്ദ്രൻ ചേട്ടന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു. എന്തുകൊണ്ടാണ് മറ്റ് ഹോട്ടലുകളിൽ പണിക്ക് പോകാത്തതെന്ന ചോദ്യത്തിന് ഇതെന്റെ സ്വന്തം കടയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചേർത്തലയിലെ ചമ്മനാട്ടുകാരനായ ഭദ്രൻ ചേട്ടന് ആരോഗ്യമുള്ളിടത്തോളം നല്ല ഭക്ഷണം ഉണ്ടാക്കി നൽകണമെന്നാണ് ആഗ്രഹം. “ആവശ്യമുള്ള അളവിൽ ഭക്ഷണം ഉണ്ടാക്കുക എന്നതാണ് ഇവിടുത്തെ പോളിസി. അതുകൊണ്ടുതന്നെ ഭക്ഷണം ഇവിടെ വേസ്റ്റാകുന്നുമില്ല.” പ്രായോഗിക അറിവുകളുടെ കരുത്തിൽ നിലയുറപ്പിച്ച് പുഷ്പൻ പി.വി പറഞ്ഞു.
വാർത്തയാകുമ്പോൾ മാത്രമെത്തുന്ന ഫുഡ് സേഫ്റ്റി
“ഞങ്ങൾ മാക്‌സിമം ശ്രദ്ധിച്ചാണ് ചെയ്യുന്നത്. ഡെയ്‌ലി എടുക്കുന്ന ചിക്കനാണ്. മയോണൈസ് രണ്ട് മണിക്കൂർ ഇടവിട്ട് പുതിയത് എടുക്കും. ആറ് വർഷമായി ഈ രംഗത്തോട്ട് വന്നിട്ട്. ഈ ആറ് വർഷവും അങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നത്.” ആലുവ മുപ്പത്തടത്തിലെ ലെസി കൂപ്പ ഷവർമ കട നടത്തുന്ന നിയാഫ് വിശദീകരിച്ചു.
ഇപ്പോഴത്തെ ഭക്ഷ്യവിഷബാധ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും അത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു. ആരോ ചെയ്യുന്ന തെറ്റാണ് എല്ലാവരെയും ബാധിക്കുന്നതെന്ന് നിയാഫ് പരിഭവത്തോടെ പറഞ്ഞു. ഭക്ഷ്യവിഷബാധയെ തുടർന്നുള്ള മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ഫെബ്രുവരി ഒന്നുമുതൽ നിശ്ചയിച്ചിരിക്കുന്നത്. ‘കേരളം, സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാപരിശോധനകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
“കുറെ സ്ഥാപനങ്ങൾ അടഞ്ഞുപോയി. ഒരുപാട് തൊഴിലാളികൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയി. കച്ചവടം ഇനി പഴയതുപോലെ തിരിച്ചുവരാൻ സമയമെടുക്കും. സത്യത്തിൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഫുഡ് ആൻഡ് സേഫ്റ്റിയുടെ ഇൻസ്‌പെക്ഷൻ ഉണ്ടായാൽ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുന്‌പോൾ ഓടി നടന്ന് ഇൻസ്‌പെക്ഷൻ നടത്തി കടകൾ അടപ്പിച്ചാൽ പോരാ. പതിനഞ്ച് ദിവസം കൂടുമ്പോൾ ചെക്കിങ് ഉണ്ടാവുകയാണ് വേണ്ടത്.” നിയാഫ് അഭിപ്രായപ്പെട്ടു.
‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത് 2022 ജൂലൈ ഒന്നിന് ആണ്. എന്നാൽ സുരക്ഷിത ഭക്ഷണം ലഭ്യാമാകുന്ന ഇടമെന്ന നിലയിൽ കേരളം പ്രാപ്തമായോ എന്ന സംശയം ബാക്കിവയ്ക്കുകയാണ് തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധകളും റെയ്ഡുകളിൽ കണ്ടെത്തുന്ന പഴകിയ ഭക്ഷണങ്ങളും. നിയാഫ് സൂചിപ്പിച്ചത് പോലെ ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിക്കുമ്പോൾ മാത്രമല്ല ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണർന്ന് പ്രവർത്തിക്കേണ്ടത്. ഫെബ്രുവരി ഒന്ന് മുതൽ ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധനകളും പ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷിത ഭക്ഷണം എന്നത് ഉപജീവനത്തിനായി പ്രയാസപ്പെടുന്ന പാചകത്തൊഴിലാളികളുടെ മാത്രം ഉത്തരവാദിത്തമല്ല. കർശനമായ പരിശോധനാ സംവിധാനങ്ങൾ കൂടി സർക്കാർ ഉറപ്പുവരുത്തുമ്പോൾ മാത്രമേ കഴിക്കുന്നതെല്ലാം സുരക്ഷിതമാണെന്ന് കേരളത്തിന് ഉറപ്പാക്കാൻ കഴിയൂ.