Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ബജ്‌രംഗദള്‍ നേതാവും ഗോ ഗുണ്ടയുമായ മോനു മാനേസര്‍ നടത്തിയ ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്ന പ്രകോപനപരമായ വീഡിയോകളും എഴുത്തുകളുമാണ് ഹരിയാനയിലുണ്ടായ കലാപത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ജലാഭിഷേക് യാത്രയിൽ പങ്കെടുക്കുമെന്ന് മോനു മാനേസർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. മോനു പങ്കെടുത്തില്ലെങ്കിലും യാത്രയില്‍ പങ്കെടുത്തവർ ‘മോനു മാനേസര്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചു. ഇത് യാത്ര തടയുന്നതിലേക്കും കല്ലേറിലേക്കും എത്തിച്ചേരുകയായിരുന്നു. തുടർന്ന് നൂഹിൽ നടന്ന വർഗീയ കലാപം റിപ്പോർട്ട് ചെയ്യുന്നതിനായി അവിടെയെത്തിയ മാധ്യമ പ്രവർത്തകരായ നികിത ജെയ്നും മീർ ഫൈസലും എന്താണ് ഹരിയാനയിൽ സംഭവിച്ചതെന്ന് റിപ്പോർട്ടിംഗ് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും കേരളീയത്തോട് സംസാരിക്കുന്നു.
നികിത ജെയ്ന്‍, സീനിയർ കറസ്പോണ്ടന്റ്
ഞാന്‍ ഗുര്‍ഗാവിന് അടുത്തു തന്നെയാണ് താമസിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഗ്രൗണ്ട് റിപ്പോർട്ടിംഗ് ചെയ്യുന്നുണ്ടായിരുന്നു. ബജ്‌രംഗദള്‍ നേതാവും ഗോ ഗുണ്ടയുമായ മോനു മാനേസര്‍ ഹരിയാനയില്‍ വളരെ പരിചിതനാണ്. മാത്രമല്ല പ്രത്യേകിച്ച് നൂഹില്‍ മോനു മാനേസര്‍ മുസ്ലീംങ്ങളെ ആക്രമിച്ചിട്ടുണ്ട്. അവര്‍ ഗോമാംസം സൂക്ഷിക്കുന്നു എന്നാരോപിച്ച് മുസ്ലീംങ്ങള്‍ക്ക് നേരെ ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ മോനു മാനേസറിന് വലിയ സ്വാധീനമുണ്ട്. മുസ്ലീംങ്ങളെ ആക്രമിക്കുന്നതെല്ലാം വീഡിയോയായി പകര്‍ത്തുകയും അതെല്ലാം സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്. ബീഫ് കൊണ്ടുപോകുന്നത് തടഞ്ഞു എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇയാളെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്, ട്വിറ്ററിലും അത്രതന്നെ ആളുകളുണ്ട്.
ആക്രമണങ്ങള്‍ നടക്കുന്നതിന്റെ മുമ്പുള്ള ദിവസം, ഞായറാഴ്ച മോനു ജലാഭിഷേക് യാത്രയില്‍ പങ്കെടുക്കും എന്നു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തു. നൂഹിലെ ശിവക്ഷേത്രത്തില്‍ നിന്നും എല്ലാ വര്‍ഷവും ഉണ്ടാകാറുള്ള യാത്രയാണിത്. ശിവക്ഷേത്രത്തില്‍ നിന്ന് തുടങ്ങി കുറച്ചു കിലോമീറ്ററുകള്‍ നടന്ന ശേഷം തിരിച്ച് അവിടേക്ക് തന്നെ എത്തുന്ന രീതിയിലാണ് ഇത്. ഈ വീഡിയോയില്‍ മോനു പറയുന്നത് താനീ യാത്രയില്‍ പങ്കെടുക്കുമെന്നാണ്. അതിന്റെ അവസാനം പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലീങ്ങളോടുള്ള വാക്കുകളാണ്, നിങ്ങളുടെ ബ്രദര്‍ ഇന്‍ ലോ വരുന്നു, തയ്യാറായിരിക്കുക എന്ന രീതിയിലൊക്കെ.
ആദ്യമേ തന്നെ മോനു മാനേസറിനെതിരായ വികാരം നൂവിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. ആ സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. ഈ വീഡിയോയില്‍ ഹിന്ദുക്കളോട് യാത്രയില്‍ പങ്കെടുക്കാനെത്തണമെന്നും മോനു ആവശ്യപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് മോനുവിനെ ഫോളൊ ചെയ്യുന്നവരെല്ലാം റാലിയില്‍ പങ്കെടുക്കാനെത്തി. മോനു മാനേസര്‍ എത്തും എന്നതൊരു വലിയ ഘടകമായി. ഇങ്ങനെയാണ് ഈ വീഡിയോ വലിയൊരു ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയെടുത്തത്.
ബിട്ടു ബജ്രംഗി എന്ന മറ്റൊരാള്‍- ഈ പേരും പതുക്കെ വലുതായി വരികയാണ്. ബിട്ടു ബജ്രംഗി സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്നു പറഞ്ഞത് താനും ഈ റാലിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ്, പക്ഷേ ബിട്ടു ബജ്രംഗി വന്നില്ല. ഇവര്‍ രണ്ടുപേരും റാലിയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുകയും റാലിയില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തു. ഈ വീഡിയോകള്‍ ഉണ്ടാക്കിയത് രണ്ട് മതവിഭാഗക്കാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു. ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ നേരത്തെ തന്നെ മോനു മാനേസര്‍ കാരണം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മോനു മാനേസറിനെതിരെയും സര്‍ക്കാരിന് എതിരെയുമാണ് മുസ്ലീങ്ങളുടെ നിലപാട്.
ജുനൈദിന്റെയും നാസറിന്റെയും കൊലപാതകത്തില്‍ മോനു മാനേസറിനുള്ള പങ്കാണ് അതിന് കാരണം. ഈ രണ്ടുപേരെയും കൊലപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അയാൾ ഷെയര്‍ ചെയ്തിട്ടുമുണ്ട്, വീഡിയോ ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല. ഈ വീഡിയോകളെല്ലാം സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കിയിട്ടുണ്ട്.
റാലിക്ക് നേരെ കല്ലേറ് ഉണ്ടായി എന്ന് വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
ആളുകളോട് സംസാരിച്ചതില്‍ നിന്നും എനിക്ക് സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇങ്ങനെയാണ്, ഈ വീഡിയോകള്‍ കാരണമാണ് ആള്‍ക്കൂട്ടം പ്രകോപിതരായിരുന്നു. റാലിയിൽ പങ്കെടുത്തിരുന്നവര്‍ “മോനു മാനേസര്‍ സിന്ദാബാദ്” എന്ന മുദ്രാവാക്യമാണ് വിളിച്ചത്.
നൂഹിലെ നാട്ടുകാരായ മുസ്ലീങ്ങള്‍ ചോദിക്കുന്നത് നിങ്ങളൊരു മത ജാഥയില്‍ പങ്കെടുക്കുമ്പോള്‍ എന്തിനാണ് മോനു മാനേസര്‍ എന്ന വ്യക്തിക്ക് സിന്ദാബാദ് വിളിക്കുന്നത് എന്നാണ്. ഹിന്ദുക്കള്‍ ചെറിയ കൈത്തോക്ക്, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഈ റാലി നടത്തിയതെന്നും ഇവര്‍ പറയുന്നു.
റാലി നടന്നുകൊണ്ടിരിക്കെ ഹിന്ദു ആള്‍ക്കൂട്ടം ഒരു മുസ്ലീം യുവാവിനെ ആക്രമിക്കുകയും അതിനു ശേഷം വെടിയുതിര്‍ക്കുകയും ചെയ്തു എന്നാണ് എനിക്ക് നൂഹില്‍ നിന്നും കിട്ടിയ വിവരം. ഇതേത്തുടര്‍ന്നാണ് ആക്രമണങ്ങള്‍ തുടങ്ങിയത്, കല്ലേറ് നടന്നത് മോനു മാനേസര്‍ സിന്ദാബാദ്, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യം വിളികളെ തുടര്‍ന്നാണ് എന്നാണ് മനസ്സിലാക്കുന്നത്.
റാലി നടക്കുന്നതിനിടെ ഒരു മുസ്ലീം യുവാവിനെ നോക്കിക്കൊണ്ട് ജയ് ശ്രീറാം വിളിക്കുകയും അയാളെ തള്ളുകയും ചെയ്യുന്നുണ്ടായിരുന്നു എന്നും എന്നോട് അവര്‍ പറഞ്ഞു. വളരെ സംഘര്‍ഷസാധ്യതയുള്ള സാഹചര്യമായിരുന്നു അവിടെ നിലനിന്നിരുന്നത്. ഇതിനിടെയാണ് കല്ലേറുണ്ടാകുന്നതും അതേത്തുടര്‍ന്ന് ആക്രമണങ്ങള്‍ സംഭവിക്കുന്നതും.
ഇപ്പോള്‍ പൊലീസ് പറയുന്നത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഈ സംഭവങ്ങള്‍ അന്വേഷിക്കുമെന്നാണല്ലോ. എന്നാല്‍ ഇന്നലെ മാധ്യമപ്രവർത്തകനായ മീര്‍ ഫൈസല്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പൊലീസ് എല്ലാ അതിക്രമങ്ങള്‍ക്കും ദൃക്‌സാക്ഷിയായി നില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തുകണ്ടു. ഇത്തരം വര്‍ഗീയ ആക്രമണങ്ങളിലെല്ലാം പൊലീസിന്റെ നിഷ്‌ക്രിയമായ നിലപാട് നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട്. ഹരിയാനയിലെ സംഭവങ്ങളില്‍ പൊലീസിന്റെ പങ്കെന്താണ് എന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങളുണ്ടോ?
ഇവിടെയും സമാനമായ പാറ്റേണ്‍ തന്നെയാണ് കാണാനാകുന്നത്. പൊലീസ് ഇടപെട്ടിട്ടില്ല, അതിനുപകരം ആക്രമണങ്ങളെല്ലാം നടക്കുമ്പോള്‍ നിശ്ശബ്ദമായി നില്‍ക്കുകയാണ് ചെയ്തത്. പ്രദേശത്തുള്ളവര്‍ എന്നോടുപറഞ്ഞത് പൊലീസ് ആള്‍ക്കൂട്ടത്തോടൊപ്പം കല്ലെറിയാനും പങ്കുചേര്‍ന്നിട്ടുണ്ട് എന്നാണ്. മുസ്ലീം കമ്മ്യൂണിറ്റിയും പൊലീസുമായി സംഘര്‍ഷമുണ്ടായി എന്ന വാദങ്ങളെല്ലാം തെറ്റായതാണ്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും കല്ലേറ് ഉണ്ടായിരുന്നു, പൊലീസ് ഹിന്ദു വിഭാഗത്തോടൊപ്പം നിന്ന് മുസ്ലീങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോളെല്ലാം ഈ പാറ്റേണ്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് പറയുമ്പോള്‍ മനസ്സിലാക്കേണ്ടത്, അവര്‍ മുസ്ലീങ്ങളെയാണ് അറസ്റ്റ് ചെയ്യാന്‍ പോകുന്നതെന്നാണ്. അവരത് തുടങ്ങിക്കഴിഞ്ഞു. മുപ്പതോ നാല്‍പതോ ആണ്‍കുട്ടികളെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മോനു മാനേസറിന്റെ പേരില്‍ ഇതിനു മുമ്പേ എഫ്.ഐ.ആര്‍ ഉണ്ട്. ഈ ആക്രമണത്തിനെല്ലാം തുടക്കമിട്ടത് മോനു മാനേസര്‍ ആണ്. മോനു മാനേസര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എങ്ങനെയാണ്? എഫ്.ഐ.ആര്‍ ഉണ്ടോ?
എഫ്.ഐ.ആര്‍ ഇല്ല. ഒരു ഗ്രാമത്തില്‍നിന്ന് എനിക്ക് കിട്ടിയ വിവരം അവിടെയുള്ള മുസ്ലീം പുരുഷന്മാരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ്. അവിടേക്ക് ഞാന്‍ പോകാനിരിക്കുന്നതേയുള്ളൂ. മുറാദാബാദ് എന്ന ഗ്രാമത്തില്‍ ഞാന്‍ പോയിരുന്നു, അവിടത്തെ വീടുകളില്‍ നിന്ന് ആണുങ്ങളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു വീട്ടില്‍നിന്ന് അഞ്ച് ആണുങ്ങളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 17ഉം 18ഉം വയസ്സുള്ള ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു. 13വയസ്സുള്ള ഒരു ആണ്‍കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. അവന്‍ ഉറങ്ങുന്ന സമയത്താണ് അവനെ കൊണ്ടുപോയതെന്ന് ആ കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഈ റെയ്ഡ് തുടങ്ങിയത് പുലര്‍ച്ചെ നാലുമണിക്കാണ്. കൂടുതലാളുകളും ഉറങ്ങുന്ന സമയമാണത്. പറ്റുന്നവരെയെല്ലാം പൊലീസ് കൊണ്ടുപോയിട്ടുണ്ട്. ഒന്നിലും എഫ്.ഐ.ആര്‍ ഇല്ല. ബന്ധുക്കള്‍ക്കും അറിയില്ല അവര്‍ എവിടെയാണ് ഉള്ളതെന്ന്.
ഇതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനും പെടും. എന്റെ വേദന ആര്‍ക്കും മനസ്സിലാകുന്നില്ല എന്നാണ് അയാള്‍ എന്നോടുപറഞ്ഞത്. ഞാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അടുത്ത് പോയി. എന്നിട്ടും കാര്യമൊന്നുമുണ്ടായില്ല. ഇതൊക്കെയാണ് അവസ്ഥകള്‍. മറ്റു രണ്ട് ഗ്രാമങ്ങളിലും ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. ഈ അക്രമ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ സ്ഥലത്തില്ലാത്ത ആളുകളാണ് കസ്റ്റഡിയിൽ എടുക്കപ്പെട്ട പലരും എന്നാണ് അവരുടെ ബന്ധുക്കള്‍ പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നത്.
നൂഹില്‍ റിപ്പോർട്ടിംഗിനിടെ സംസാരിച്ച മുസ്ലീംങ്ങള്‍ ഈ ആക്രമണങ്ങളെക്കുറിച്ച് എന്താണ് പറഞ്ഞത്?
അവര്‍ പറഞ്ഞത് എല്ലാ വര്‍ഷവും നടക്കുന്ന യാത്രയില്‍ ഇത്തവണ പുറമേനിന്നുള്ള ആളുകള്‍ വന്നിട്ടുണ്ട് എന്നാണ്. അതുകൊണ്ടുതന്നെയാണ് സംഘടിതമായ ആക്രമണങ്ങള്‍ ഉണ്ടായത് എന്നും അവര്‍ കരുതുന്നു. മോനു മാനേസറിനെതിരെ അവരെല്ലാം ക്ഷുഭിതരാണ്. മോനു മാനേസറിന്റെ വീഡിയോയിലൂടെയാണ് ഇതെല്ലാം തുടങ്ങിയത്, അയാള്‍ ഉപയോഗിച്ച ഭാഷയ്ക്കെതിരെ അവര്‍ കടുത്ത പ്രതിഷേധത്തിലാണ് സംസാരിച്ചത്.
എന്തിനാണ് ഇങ്ങനെയൊരു യാത്രയില്‍ അവര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. വാളുകളും കൈത്തോക്കുകളുമായി ഈ പുരുഷന്മാര്‍ നടക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലായിടത്തുമെത്തി. എന്തുകൊണ്ടാണ്, എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചത് എന്നതിന്റെ ഞെട്ടലിലാണ് ഇവിടെയുള്ളവര്‍. യാത്രയ്ക്ക് വന്നവരാണ് ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്.
സെക്ഷന്‍ 144 പ്രഖ്യാപിച്ചതിന്റെ നിശബ്ദതയാണ് ഇവിടെയുള്ളത്. അവരുടെ ജീവിതങ്ങളാണ് താറുമാറായിരിക്കുന്നത്. നൂഹിലെ മുസ്ലീങ്ങള്‍ മുഗളരോടും ബ്രിട്ടീഷുകാരോടും പോരാടിയ ചരിത്രമുള്ളവരാണ്. ഇന്ത്യന്‍ ആര്‍മിയിൽ വരെ ജോലി ചെയ്യുന്നവരുള്ള ഒരിടത്തെ ജനങ്ങളെയാണോ ദേശദ്രോഹികളെന്നും പാകിസ്ഥാനികള്‍ എന്നും വിളിക്കുന്നത് എന്നാണ് അവിടെയുള്ള ചിലര്‍ ചോദിച്ചത്.
കലാപമുണ്ടാക്കുന്നവർ നമ്മുടെ ചരിത്രം വായിക്കണം, എപ്പോഴും ഈ രാജ്യത്തോട് ചേര്‍ന്ന് നിന്നവരാണ് നമ്മള്‍. നമ്മളീ രാജ്യത്തിന്റെ ഭാഗമാണ് എന്ന് അവർ പറഞ്ഞു. ഇതിനിടയിലും അവര്‍ക്ക് ഇതെല്ലാം വിശദീകരിക്കേണ്ടിവരികയാണ്. രണ്ടുഭാഗത്തും കുറ്റവാളികൾ ഉണ്ടെങ്കില്‍ അവരെ പൊലീസ് കണ്ടെത്തട്ടെ എന്നാണ് ഞാൻ കണ്ട് സംസാരിച്ചവർ പറഞ്ഞത്.
നൂഹ് ഉൾപ്പെടുന്ന മേവാത്തില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ഒരു സ്ഥിര ക്യാംപ് തുടങ്ങാന്‍ പോകുകയാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി റിപ്പോര്‍ട്ട് വായിച്ചു. അതേപ്പറ്റി കൂടുതല്‍ അറിയുമോ?
മേവാത്തിലെ മുസ്ലീം ഭൂരിപക്ഷ സബ്ഡിവിഷനാണ് നൂഹ്. ശക്തമായ ചരിത്രമുള്ള ആളുകളാണ്, കര്‍ഷകരും വ്യാപാരികളുമാണ് അവിടെയുള്ളവര്‍. ഇവിടെ ഹിന്ദു ജനസംഖ്യ കുറവാണ്. മോനു മാനേസര്‍ നൂഹിനെ ലക്ഷ്യമിട്ട് തന്നെയാണ് കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നത്. ഗോരക്ഷയുടെ പേരിലാണ് ഇതെല്ലാം.
ഇവിടെയുള്ള ഹിന്ദുക്കളുടെ ആവശ്യം ഇവിടെ ആര്‍മി വേണമെന്നും റാപിഡ് ആക്ഷന്‍ ഫോഴ്‌സ് വേണം എന്നുമെല്ലാമാണ്. പൊലീസ് വേണ്ട രീതിയില്‍ ഇടപെടുന്നില്ല എന്നാണ് അവിടെയുള്ള ഹിന്ദുക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്.
മറ്റെന്തൊക്കെയാണ് അവര്‍ പറഞ്ഞത്?
നമുക്ക് ലൈസന്‍സ് ഗണ്‍ പെട്ടെന്ന് തന്നെ വേണമെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ സുരക്ഷിതരല്ല, അതുകൊണ്ട് ഗണ്‍ ലൈസന്‍സ് വേണമെന്നും പറഞ്ഞു. ആക്രമണങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് മുസ്ലീങ്ങളാണെന്നും ബജ്‌റംഗദള്‍ നടത്തിയ റാലി സമാധാനപൂര്‍വ്വം ആയിരുന്നു എന്നും പറയുന്നു. മുസ്ലീങ്ങള്‍ക്കൊപ്പം തുടര്‍ന്ന് ജീവിക്കുക സാധിക്കുന്ന കാര്യമല്ല എന്നും പറഞ്ഞു. റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ കാര്യത്തില്‍ എനിക്ക് കൂടുതല്‍ പറയാന്‍ കഴിയില്ല.
പൊലീസ് കസ്റ്റഡിയിലെടുത്ത മൈനര്‍ ആയവരുടെ കേസുകള്‍ എങ്ങനെയാണ് മുന്നോട്ടുപോകുന്നത്?
കുറച്ച് അഭിഭാഷകരുണ്ട്, കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നിലവില്‍ എഫ്.ഐ.ആറില്ലാത്ത സാഹചര്യത്തില്‍ പൊലീസ് കൊണ്ടുപോയവര്‍ എവിടെയാണ് എന്ന കാര്യമാണ് ഇവിടെയുള്ളവര്‍ക്ക് അറിയേണ്ടത്.
ആളുകള്‍ വീടുകള്‍ വിട്ടുപോകുന്ന സാഹചര്യമുണ്ടോ?
ഉണ്ട്. കുറേ വീടുകള്‍ ലോക്ക് ചെയ്ത് കിടക്കുന്നത് കാണുന്നുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായ ആണുങ്ങളും മാത്രമാണ് ബാക്കിയുള്ളത്. ചെറുപ്പക്കാരെ കാണാനേ കഴിഞ്ഞിട്ടില്ല.
മസ്ജിദിൽ കൊല്ലപ്പെട്ട ഇമാം മുഹമ്മദ് സാദിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നോ?
ഇല്ല, നൂഹില്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഉണ്ടായ സമയത്താണ് ഈ മരണം നടക്കുന്നത്. പുറത്തെത്തിയ ശേഷമാണ് ഈ കാര്യം വാര്‍ത്തയായി വായിക്കുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു, അതിലൊരാള്‍ ഇമാം ആയിരുന്നു. നൂഹിലെ ആളുകളും ഇമാം കൊല്ലപ്പെട്ട കാര്യം അറിഞ്ഞിരുന്നില്ല. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട വിവരമാണ് അവര്‍ അറിഞ്ഞത്. ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ കാരണം ഒന്നും അറിയാൻ കഴിഞ്ഞിരുന്നില്ല.
മീര്‍ ഫൈസല്‍, മൾട്ടിമീഡിയ ജേണലിസ്റ്റ് (ദി ഒബ്സർവർ പോസ്റ്റ്)
ഹരിയാനയിൽ നടന്ന വർഗീയ ആക്രമണങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണ് താങ്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്?
ഗോരക്ഷയുടെ പേരിലുള്ള രണ്ട് കൊലപാതകങ്ങളില്‍ കുറ്റാരോപിതനായ മോനു മാനേസര്‍ രണ്ട് ദിവസങ്ങള്‍ മുമ്പ് യാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തു. അതുകൂടാതെ ബിട്ടു ബജ്‌രംഗിയും വീഡിയോ പോസ്റ്റ് ചെയ്തു. ഈ രണ്ട് വീഡിയോകളും വൈറല്‍ ആയി.
ഇതുവരെയും അയാളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് മോനു മാനേസറിനെതിരെ മുസ്ലീങ്ങള്‍ക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. ഈ വീഡിയോകൂടെ വന്നതോടെ ആളുകളുടെ ദേഷ്യം കടുത്തു. യാത്രയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയര്‍ത്തുകയും പാട്ടുകള്‍ വെക്കുകയും ചെയ്തു. യാത്രയില്‍ പല തരത്തിലുള്ള ആയുധങ്ങൾ കണ്ടതോടെ മറുഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായി. കല്ലേറ് ഉണ്ടായി.
വൈകുന്നേരം മുതൽ തന്നെ ഹിന്ദുക്കളുടെ ഭാഗത്ത് നിന്നും അക്രമകരമായ രീതിയിലുള്ള പ്രകോപനങ്ങൾ ആരംഭിച്ചിരുന്നു. മേവാത്തിൽ മുസ്ലീം ജനസംഖ്യ കൂടുതലാണ്. അതുകൊണ്ട് മേവാത്തിലെ ഹിന്ദുത്വർ ‘മിനി പാകിസ്ഥാൻ’ എന്നൊക്കെയാണ് ഈ സ്ഥലത്തെ വിളിക്കുന്നത്.
സോനാൽ, പൽവൽ, ഗുരുഗ്രാം എന്നിവിടങ്ങളിൽ മുസ്ലീം ജനസംഖ്യ കുറവാണ്. കല്ലേറ് ഉണ്ടായതിന് ശേഷം അവർ സെക്ഷൻ 57ലെ അൻജുമൻ മസ്ജിദ് ആക്രമിച്ചു, ഇമാമിനെ ആക്രമിച്ചു കൊലപ്പെടുത്തി. മൂന്നുപേർ ആക്രമിക്കപ്പെട്ടു. അവരെ ആശുപത്രിയിലേക്ക് മാറ്റി, ഇമാമിന് ജീവൻ നഷ്ടപ്പെട്ടു. അവർ മസ്ജിദ് കത്തിച്ചു.
ഇതേ തുടർന്ന് പല സ്ഥലങ്ങളിലായി മുസ്ലിംങ്ങളുടെ കടകൾ തെരഞ്ഞുപിടിച്ചു കത്തിക്കുകയുണ്ടായി. ഗുരുഗ്രാം 56 ബഹാദൂർപൂരിൽ മുസ്ലീങ്ങളുടെ കടകളെല്ലാം, അവിടെ മുസ്ലീംങ്ങളുടെതായി അധികം കടകൾ ഇല്ല എങ്കിലും ഉള്ളതെല്ലാം നശിപ്പിക്കുകയുണ്ടായി. തെരഞ്ഞുപിടിച്ച് ഈ കടകൾ എല്ലാം കത്തിച്ചു.
യാത്ര നിയന്ത്രണം ശരിയായ രീതിയിൽ ചെയ്യാൻ കഴിഞ്ഞില്ല എന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. ഇത് എന്ത് തരത്തിലുള്ള നിലപാട് ആയാണ് മനസിലാക്കേണ്ടത്?
മിസ് മാനേജ്‌മെന്റ് എന്ന് പറഞ്ഞാലും മിസ് കമ്മ്യൂണിക്കേഷൻ എന്ന് പറഞ്ഞാലും അത് സർക്കാരിന്റെ ഭാഷ മാത്രമാണ്. ആദ്യമായി പൊലീസിന് തെറ്റ് പറ്റി എന്ന് ഏറ്റുപറയുക കൂടിയാണ്.
മാധ്യമ പ്രവർത്തനം തുടങ്ങിയത് മുതൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടല്ലോ. റിപ്പോർട്ടിങ്ങിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
വലിയ വെല്ലുവിളി എന്റെ ഐഡന്റിറ്റി തന്നെയാണ്. ഞാനൊരു മുസ്ലീം ആണ്. ഓരോ തവണയും ഗ്രൗണ്ടിൽ പോകുമ്പോൾ ഭയമാണ്, കാരണം അവർക്ക് എന്തും ചെയ്യാൻ കഴിയും. അങ്ങനെ ഒരു സാഹചര്യത്തെ എനിക്ക് നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്.
ബുരാരിഗഞ്ചിൽ കഴിഞ്ഞ വർഷം റിപ്പോർട്ടിങ്ങിനിടെ ഒരു കൂട്ടം ആളുകൾ എന്നെ മർദ്ദിച്ചു. അവർ എന്റെ ക്യാമറ തട്ടിയെടുത്തു. മുസ്ലീം ആണെങ്കിൽ എന്തും ചെയ്യാം എന്നാണ്.
പൊലീസ് ചിലപ്പോൾ നമുക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയില്ല. സ്വന്തം കമ്മ്യൂണിറ്റിയെ കുറിച്ചുതന്നെ റിപ്പോർട്ട് ചെയ്യേണ്ടിവരുന്നത് വളരെ traumatizing ആണ്. അത് കുറെയധികം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ എല്ലാം ട്രോമ ബാക്കിയാവുകയാണ്.
ജീവിതത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ കടന്നുപോകുകയല്ലേ. കഴിഞ്ഞ മൂന്നു വർഷമായി ഞാൻ റിപ്പോർട്ടിംഗ് തുടങ്ങിയിട്ട്. അത്രയും കാലം ഇത് തന്നെയാണ് അനുഭവിക്കുന്നത്. 2019ലാണ് ഞാൻ മാധ്യമ പ്രവർത്തനം തുടങ്ങിയത്. അതുമുതൽ ആൾക്കൂട്ട കൊലപാതകങ്ങളും വംശീയ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നു, പേടിസ്വപ്നങ്ങൾ കാണുക ഇപ്പോൾ വളരെ സാധാരണമായിക്കഴിഞ്ഞു.