നാട്ടിലെത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പേടിച്ച് പാലപ്പിള്ളി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാട്ടാനകളുടെ നിരന്തര സാന്നിധ്യം കാരണം ഭയം വിട്ടൊഴിയാത്ത പ്രദേശമാണ് തൃശൂർ ജില്ലയിലെ ചിമ്മിനി ഡാമിനോട് ചേർന്ന് കിടക്കുന്ന പാലപ്പിള്ളി. വിശാലമായ റബ്ബർ എസ്റ്റേറ്റുകൾക്ക് നടുവിൽ അധികം ആൾപ്പാർപ്പില്ലാത്ത മലയോര ഗ്രാമം. എസ്റ്റേറ്റുകളുടെ അതിരിൽ ചിമ്മിനി വന്യജീവി സങ്കേതവും അണക്കെട്ടിന്റെ ജലസംഭരണിയും. തൃശ്ശൂർ നഗരത്തിൽ നിന്നും 14 കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വരന്തരപ്പിള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പാലപ്പിള്ളിയിലെ റബ്ബർ തോട്ടങ്ങളിലും കൃഷിയടങ്ങളിലും താമസസ്ഥലങ്ങളിലും കാട്ടാനയെത്താത്ത ദിവസങ്ങൾ കുറവാണ്. ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന ആനകൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ പതിവായതോടെ നിസ്സഹായരായിത്തീർന്നിരിക്കുകയാണ് പാലപ്പിള്ളിയിലെ ജനങ്ങൾ.

ഹാരിസൺസ് മലയാളം, കൊച്ചിൻ-മലബാർ (നിലവിൽ ജൂങ്ക്ടൊല്ലി ടീ ആൻഡ് ഇൻഡസ്ട്രീസ്) കമ്പനികളുടെ റബ്ബർ എസ്റ്റേറ്റുകളാണ് പാലപ്പിള്ളിയുടെ ഭൂവിസ്തൃതിയിൽ ഏറെ ഭാഗത്തും വ്യാപിച്ചുകിടക്കുന്നത്. എലിക്കോട്, ചക്കിപ്പറമ്പ്, നടാംപാടം, ഒളനപ്പറമ്പ്, ചീനിക്കുന്ന്, കള്ളിച്ചിത്ര, കുന്നത്ത്പാടം എന്നിങ്ങനെ ഒമ്പത് ആദിവാസി നഗറുകളും ഈ പ്രദേശത്തുണ്ട്. പാലപ്പിള്ളിയിലെ ഭൂരിഭാഗം ആളുകളും എസ്റ്റേറ്റിനെയും വനത്തെയും ആശ്രയിച്ചും അനുബന്ധ തൊഴിലുകളിലും ഏർപ്പെട്ട് കഴിയുന്നവരാണ്. ടാപ്പിംഗ്, കാട് തെളിക്കൽ, മരുന്ന് ശേഖരണം, തൊഴിലുറപ്പ്, മറ്റ് കൂലിപ്പണികൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ. തൃശ്ശൂരിന്റെയും ഒപ്പം മലപ്പുറം ജില്ലയുടെയും തനത് രീതികൾ പാലപ്പിള്ളിയിലെ ജനങ്ങൾക്കിടയിൽ കാണാം. റബ്ബർ എസ്റ്റേറ്റുകളിൽ കൂലിപ്പണിയെടുക്കാനായി മലപ്പുറം ജില്ലയിൽ നിന്നും നിരവധി പേർ കുടിയേറിപ്പാർത്ത പ്രദേശം കൂടിയാണ് പാലപ്പിള്ളി എന്നതാണ് അതിന് കാരണം. അവരുടെ തലമുറകളാണ് ഇന്നും അവിടെ തുടരുന്നത്.

ചിമ്മിനി ഡാം. കടപ്പാട്: keralaphotos.in

വനാതിർത്തി പ്രദേശമായതിനാൽ തന്നെ ഏറെ പ്രയാസപ്പെട്ടാണ് കുടിയേറിവന്നവരുടെ ആദ്യ തലമുറ പാലപ്പിള്ളിയിൽ ജീവിതമുറപ്പിച്ചത്. രണ്ട് തലമുറ പിന്നിട്ടിട്ടും ഇന്നും പാലപ്പിള്ളിക്കാർക്ക് ജീവിതം അത്ര എളുപ്പമേറിയതല്ല. പത്ത് വർഷമായി വന്യജീവികളുടെ സാന്നിധ്യം പതിവിലും കൂടിയതോടെ ജീവിതപ്രയാസങ്ങളും കൂടിയതായി പാലപ്പിള്ളിക്കാർ സാക്ഷ്യപ്പെടുത്തുന്നു. നാല് വർഷമായി ആനകൾ സ്ഥിരമായി ഇറങ്ങുന്ന ഇടങ്ങളുണ്ടിവിടെ. പടക്കം പൊട്ടിച്ചും മറ്റ് ശബ്ദങ്ങൾ ഉണ്ടാക്കിയും നാട്ടുകാർ തന്നെ ആനകളെ തിരികെ വനത്തിലേക്ക് വിടാൻ ശ്രമിക്കാറുണ്ട്. കാട്ടാനയെ കൂടാതെ പുലിയുടെ സാന്നിധ്യവും ഈ മേഖലയിൽ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ ഇടപെടുന്നില്ല എന്ന പരാതിയും പാലപ്പിള്ളിക്കാർക്കുണ്ട്.

പതിവാകുന്ന ആനക്കൂട്ടം

അഞ്ച് വർഷത്തിനിടയിൽ ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം കാരണം മരണപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാൽ പ്രശ്നത്തിന്റെ രൂക്ഷത വ്യക്തമാകും. 2021 ഫെബ്രുവരി 17 നാണ് നെടുംപള്ളം ആണ്ടി മകൻ കുഞ്ഞ് (58) മരണപ്പെട്ടത്. 2021 ൽ തന്നെ മാർച്ചിൽ പിള്ളപ്പാറ സ്വദേശി രാജേഷ് (38), ചൊക്കന സ്വദേശി അയ്യപ്പൻ (60) എന്നിവരും മരണപ്പെട്ടു. ഇതേ വർഷം തന്നെ വെള്ളിക്കുളങ്ങര സുബ്രൻ (52), എനിക്കോട് ഉണ്ണിച്ചെക്കൻ(60), പീതാംബരൻ (56), സൈനുദ്ധീൻ (51) എന്നിങ്ങനെ നാല് മരണങ്ങൾ തുടർച്ചയായുണ്ടായി. 2022 ലാണ് നെടുമ്പ വീട്ടിൽ ജയൻ (49), കേരള വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അംഗമായ കോഴിക്കോട് സ്വദേശി ഹുസൈൻ (32) എന്നിവർ പാലപ്പിള്ളിയിൽ ആനകളുടെ ആക്രമണത്തിൽ മരിക്കുന്നത്. ഇഞ്ചക്കുണ്ട് മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ സ്റ്റെബിൻ സെബാസ്റ്റ്യൻ (2021), നാസർ (2019) എന്നിവരും ഈ കാലഘട്ടത്തിൽ മരിച്ചു. 2024ലെ തുടക്കം മുതൽ തന്നെ പാലപ്പിള്ളിയിലെ വന്യജീവി ആക്രമണങ്ങളുടെ വാർത്തകൾ നാം തുടരെത്തുടരെ ‌കേട്ടുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 30 നാണ് എച്ചിപ്പാറയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ അലവി(78)ക്ക് പരിക്കേറ്റത്. വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ പാലെടുക്കുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. അതേ ദിവസമാണ് പിള്ളത്തോട് പാലത്തിന് സമീപം ആനകൾ റോഡിൽ ഇറങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. ഇരുപത് ആനകളായിരുന്നു അന്ന് റോഡിലുണ്ടായിരുന്നത്. പകൽ സമയങ്ങളിൽ ആനക്കൂട്ടം റോഡിൽ ഇറങ്ങുന്നത് തടയാനും വന്യജീവികളെ പ്രകോപിപ്പിക്കാത്ത വിധം വിനോദസഞ്ചാരികളെ നിയന്ത്രിക്കാനും കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇത്തരം സംഭവങ്ങൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നു. ഇതിന് പിന്നാലെയാണ് എച്ചിപ്പാറ പള്ളിക്ക് സമീപം ജനുവരി 30ന് വന്യജീവികൾ പാതിതിന്ന നിലയിൽ പശുക്കുട്ടിയെ കണ്ടെത്തിയത്. മാടക്കൽ മജീദിന്റെ വീട്ടിന് പുറത്ത് കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. എലിക്കോട് അസൈനാറിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനെയും പാലപ്പിള്ളി നിവാസിയായ സുലോചനയുടെ വളർത്ത് നായയെയും ഇതിന് മുൻപുള്ള ദിവസങ്ങളിൽ ഈവിധം ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കാട്ടാനകളുടെ പതിവ് സാന്നിധ്യം സൃഷ്ടിക്കുന്ന ഭയം ഒരുവശത്ത് നിലനിൽക്കെയാണ് പുലി, ചെന്നായ പോലുള്ള മറ്റ് വന്യജീവി ആക്രമണങ്ങളും ഇടയ്ക്കിടെയുണ്ടാകുന്നത്.

റബ്ബർ എസ്റ്റേറ്റിലേക്ക് പതിവായെത്തുന്ന കാട്ടാനക്കൂട്ടം. കടപ്പാട്:thehindu

പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെയാണ് ഇവിടെ ആനകൾ ഇറങ്ങുന്നത്. ആളുകളുടെ നിത്യജീവിതത്തെയും, തൊഴിലിനെയും, യാത്രാസൗകര്യത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മുമ്പ് ഇത്രയേറെ ബുദ്ധിമുട്ട് നേരിടേണ്ട നാടായിരുന്നില്ല ഇത് എന്നാണ് ഹാരിസൺസ് മലയാളം എസ്റ്റേറ്റ് മുൻ തൊഴിലാളിയായിരുന്ന ശങ്കരൻ പറയുന്നത്. 55 വർഷത്തോളം എസ്റ്റേറ്റിൽ തൊഴിൽ ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. “ആദ്യകാലത്ത് എസ്റ്റേറ്റ് ഏറ്റെടുത്ത മലപ്പുറത്തെ പേരുകേട്ട ധനികനായ കിളിയമണ്ണിൽ മൊയ്തുഹാജിയുടെ നേതൃത്വത്തിൽ സ്പോൺസർമാർ വഴി ഇവിടെ എത്തിച്ചേർന്നവരാണ് എന്റെ മുൻതലമുറക്കാർ. അവരെ തുടർന്ന് പിന്നീട് ഇവിടേക്ക് കുടിയവരാണ് ഞങ്ങൾ. അന്നൊന്നും ആനയുടെ ശല്യമില്ല. ട്രഞ്ചുകൾ മുറിച്ചുകടന്ന് ജനവാസ മേഖലകളിലേക്ക് ആനകൾ എത്താറില്ലായിരുന്നു. ഇന്ന് വീടിന്റെ മുറ്റത്ത് പോലും ആന എത്തുന്ന അവസ്ഥയാണ്.” അദ്ദേഹം പറയുന്നു.

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹുസൈൻ

റബ്ബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളെയാണ് ആനയുടെ പതിവ് സാന്നിധ്യം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പുലർച്ചയോടെ ടാപ്പിംഗ് ആരംഭിക്കുന്നതാണ് തങ്ങൾക്ക് കൂടുതൽ ലാഭകരമെന്നാണ് തൊഴിലാളികൾ പറയുന്നത്. അപ്പോൾ മറ്റ് ജോലികൾ ചെയ്യാനുള്ള സാധ്യതയും അവർക്കു മുന്നിലുണ്ട്. എന്നാൽ കാട്ടാനകൾ ഇറങ്ങുന്നതിനാൽ പുലർച്ചെ ജോലിക്ക് ഇറങ്ങുന്നത് അപകടകരമായി മാറി. അതിനെ വകവയ്ക്കാതെ തൊഴിലിനിറങ്ങേണ്ട സ്ഥിതിയിലാണ് പലരുമുള്ളത്. “ഹെഡ് ലൈറ്റുകൾ ഉപയോഗിച്ചാണ് പുലർച്ചെ മൂന്നുമണിക്കെല്ലാം ടാപ്പിങ്ങിന് പോകുന്നത്, പലപ്പോഴും ആനക്കൂട്ടം അടുത്തെത്തുമ്പോഴാണ് അപകടം തിരിച്ചറിയാറ്. ഇത്തരത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ അനവധിയാണെങ്കിലും ഇപ്പോഴും ഈ പരീക്ഷണം തുടരാൻ നിർബന്ധിതരാണ്.” ടാപ്പിങ്ങ് തൊഴിലാളിയായ രാജൻ പറയുന്നു.

തൃശൂരിൽ നിന്നും പാലപ്പിള്ളിയിലേക്കുള്ള റോഡ്. ഫോട്ടോ: കെ.എം ആതിര

554 രൂപയാണ് ഇവർക്കിപ്പോൾ നിത്യേന കിട്ടുന്ന കൂലി. അതിനോടൊപ്പം മറ്റ് തൊഴിലുകളിൽ കൂടി ഏർപ്പെട്ടാൽ മാത്രമേ നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. വന്യജീവി ആക്രമണങ്ങളുടെ തോത് കൂടിയതോടെ വനം വകുപ്പിന്റെ ഭാഗത്തുനിന്നും പുലർച്ചെ ടാപ്പിങ്ങിന് പോകരുതെന്ന നിർദേശം തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. എങ്കിലും ജീവിതപ്രയാസങ്ങൾ കാരണം സുരക്ഷ എന്നത് ഇവർ പരിഗണിക്കാതിരിക്കുകയാണ് പതിവ്.

നിരന്തരമായി ആനകൾ എസ്റ്റേറ്റിലെ റബ്ബർ തൈകൾ നശിപ്പിക്കുന്നതും റബ്ബർ മരങ്ങൾ പിഴുതെടുക്കുന്നതും കമ്പനിയുടെ നഷ്ടം വർദ്ധിപ്പിക്കുന്ന സാഹചര്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. പണ്ട് മരം മറിച്ചിടുകയാണ് ആനകൾ സ്ഥിരമായി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കുറച്ചുകാലമായി റബ്ബർ മരങ്ങളുടെ തോൽ ഉരിക്കുന്നതായും കാണാറുണ്ട്. അതോടെ നഷ്ടത്തിന്റെ തോത് വല്ലാതെ കൂടി. എസ്റ്റേറ്റിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടത്തിലെ ആനകളുടെ എണ്ണം വർദ്ധിച്ചതും തൊഴിലാളികളെ ആകുലപ്പെടുത്തുന്നു. 2023 നവംബർ 18 ന് 40 ഓളം ആനകളാണ് പാലപ്പിളളി മേഖലയിൽ ഇറങ്ങിയത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി വലിയ കാട്ടാനക്കൂട്ടങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ ആവർത്തിക്കുകയാണ്. എസ്റ്റേറ്റിലെ മരങ്ങൾ കൂടാതെ, സ്വകാര്യഭൂമിയിലെ കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നുണ്ട്. കൃഷി ചെയ്യുന്നതിൽ നിന്ന് പിന്തിരിയുകയാണ് ഏറെപ്പേരും. എന്നാൽ കൃഷി കുറഞ്ഞിട്ട് പോലും ആനയുടെ വരവിന് കുറവുണ്ടായിട്ടില്ല.

പാലപ്പിള്ളിയിലെ തോട്ടങ്ങളിൽ പുതിയതായി പ്ലാന്റ് ചെയ്ത റബ്ബർ മരങ്ങൾ. ഫോട്ടോ: കെ.എം ആതിര

വനത്തിനുള്ളിൽ നിന്നും നിരന്തരമായി ആനകൾ ഈവിധം നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങൾ എന്താണെന്ന് നാട്ടുകാർക്കും വ്യക്തമല്ല. എന്നാൽ ചില നിഗമനങ്ങളിൽ അവർ എത്തുന്നത് ഇപ്രകാരമാണ്. റബ്ബർ തോട്ടങ്ങളിൽ ആനകൾ പ്രധാനമായും ഭക്ഷ്യയോഗ്യമായി കണ്ടെത്തുന്നത് മരങ്ങൾക്കിടയിൽ പടർന്ന് കിടക്കുന്ന പയർ വർഗ്ഗങ്ങളെയാണെന്ന് തൊഴിലാളികൾ പറയുന്നു. മരങ്ങൾക്ക് മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ നട്ടുപിടിപ്പിക്കുന്ന ഇവ എസ്റ്റേറ്റിന്റെ മിക്ക ഭാഗങ്ങളിലക്കും പടർന്നിട്ടുണ്ട്. അവ മാത്രമാണ് എസ്റ്റേറ്റിൽ ഭക്ഷ്യയോഗ്യമായുള്ളത്. വനത്തിനുള്ളിലെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം കൂടിയതാകാം ഇത്തരത്തിൽ ആനകൾ റബ്ബർ തോട്ടത്തിലേക്ക് എത്താൻ കാരണമെന്ന് തൊഴിലാളികൾ കരുതുന്നു. വനത്തിനുള്ളിലെ എന്തെങ്കിലും പ്രശ്നങ്ങളാണോ മൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നതിന് കാരണമാകുന്നതെന്ന സംശയം നിലനിൽക്കുന്നുവെന്നും അത് തിരിച്ചറിയാൻ കൃത്യമായ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ടെന്നും പാലപ്പിള്ളി ആറാം വാർഡ് മെമ്പർ ജലാൽ അഭിപ്രായപ്പെടുന്നു. വനത്തിനുള്ളിൽ വന്യജീവികൾക്ക് ഭക്ഷണം തേടാനുള്ള സാഹചര്യം ഇല്ലാതെയായിട്ടുണ്ടെങ്കിൽ അതിന് കൃത്യമായ പരിഹാര നടപടികൾ ഉണ്ടാകണമെന്നും വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണം വനത്തിൽ തന്നെ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ആരോ​ഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ നഷ്ടമാകുന്നു

പാലപ്പിള്ളിയിലെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തുക എന്നത് സാധ്യമല്ല. എന്നാലും പ്രശ്നപരിഹാരത്തിലേക്കുള്ള കാലതാമസം ഈ ആഘാതം കൂട്ടുകയാണ്. ഒപ്പം പരിഹാരം എന്നത് കൂടുതൽ കുഴപ്പമേറിയതായി മാറുകയും ചെയ്യുന്നു. ജനങ്ങളുടെ വീടുകൾക്കടുത്തും തൊഴിലാളികളുടെ ക്വാർട്ടേഴ്സിനടുത്തും രാവും പകലും എന്ന വ്യത്യാസമില്ലാതെ ആനകൾ ഇറങ്ങുന്നത് അവിടെ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷിതത്വബോധത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൈകുന്നേരം ആറുമണിക്ക് ശേഷം പാലപ്പിള്ളി ഭാഗത്ത് നിന്നും പുറത്തേക്കുള്ള യാത്ര വളരെ അപകടമേറിയതാണ്. അതിനാൽ തന്നെ ഇവിടെയുള്ളവർ പരമാവധി ആ നേരങ്ങളിൽ യാത്ര ഒഴിവാക്കുകയാണ് പതിവ്. ജോലിക്കും പഠനത്തിനുമായി നിത്യേന മറ്റ് സ്ഥലങ്ങളിൽ പോയി വൈകീട്ട് തിരിച്ചുവരുന്നവരുടെ സുരക്ഷയ്ക്കായി വാച്ചർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും കാവൽ നിൽക്കുകയാണ് പതിവ്. ആരോഗ്യ പ്രശ്നങ്ങളോ മറ്റ് അത്യാവശ്യഘട്ടങ്ങളോ ഉണ്ടാകുമ്പോഴാണ് രാത്രിയാത്ര ഏറെ ബുദ്ധിമുട്ടായി മാറുന്നത്. എച്ചിപ്പാറ ഭാഗത്തുളള ആളുകളാണ് യാത്രാപ്രശ്നം വലിയ രീതിയിൽ അഭിമുഖീകരിക്കുന്നത്. അത്യാഹിതങ്ങളുണ്ടായാൽ പെട്ടെന്ന് സഹായം എത്തിക്കുക എന്നതുപോലും അസാധ്യമായിത്തീരുന്ന അവസ്ഥയാണുള്ളത്.

പാലപ്പിള്ളി എസ്റ്റേറ്റിലെ ആരോ​ഗ്യകേന്ദ്രം. ഫോട്ടോ: കെ.എം ആതിര

“അത്യാവശ്യങ്ങൾക്ക് ആശ്രയിക്കാൻ ആശുപത്രി സൗകര്യങ്ങൾ ഉള്ളത് കോടാലി, വേലുപ്പാടം എന്നിവിടങ്ങളിലാണ്. എന്നാൽ അവിടേക്ക് യാത്രാ സൗകര്യത്തിനായി ഉള്ളത് രണ്ട് സ്വകാര്യ വാഹനമാണ്.” ചക്കിപ്പറമ്പ് നഗർ നിവാസിയും വാച്ചർ വിജയന്റെ മകളുമായ വിനീത പറയുന്നു. പതിനേഴ് കുടുംബങ്ങളാണ് ചക്കിപ്പറമ്പിൽ താമസിക്കുന്നത്. ഹാരിസൺ കമ്പനിയിൽ തൊഴിലെടുക്കുന്നവരും കൂലിപ്പണിയിലേർപ്പെടുന്നവരും വേനൽകാലത്ത് ഇഞ്ച, തേൻ എന്നിവ ശേഖരിക്കുന്നവരും വാച്ചർ ജോലി നോക്കുന്നവരുമാണ് ചക്കിപ്പറമ്പിലെ താമസക്കാർ. ഈ പ്രദേശത്ത് പലയിടങ്ങളിലും വൈദ്യുതിവേലി ഉണ്ടെങ്കിലും അവയൊന്നും തന്നെ കാര്യക്ഷമമല്ല. കമ്പനിയുടെ മേൽനോട്ടത്തിലുള്ള ഫെൻസിംഗ് ആണ് കൂടുതൽ ഭാഗങ്ങളിലുമുള്ളത്. എന്നാൽ ഈ വേലിയുള്ളതുകൊണ്ടൊന്നും ആനയുടെ വരവ് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2023 നവംബർ 20ന് കാലത്ത് 22 ആനകളെയാണ് ഒരുമിച്ച് കണ്ടതെന്ന കാര്യം വനീത പറയുന്നു.

പണ്ട് ഈ ഭാഗങ്ങളിൽ തെങ്ങ്, വാഴ മുതലായ കൃഷികൾ ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ഇപ്പോൾ അത് നിർത്തി. ഗർഭിണികളായ സ്ത്രീകളെ എട്ടാം മാസത്തിൽ തന്നെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യാറുള്ളത്. പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങളെയും കമ്പനി വാഹനത്തെയുമാണ് ഇവർ ആശ്രയിക്കുന്നത്. കുട്ടികൾ ഏറെയുള്ള ഈ നഗറിൽ അവരുടെ വിദ്യാഭ്യാസവും ആനകളുടെ സാന്നിധ്യം കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് കാലത്തെ ഓൺലൈൻ പഠനരീതി തന്നെ ഫലപ്രദമായി പിന്തുടരാൻ കഴിയാതെ പോയവരാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ. ജില്ലാ പഞ്ചായത്തിന്റെ വക ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയതോടെയാണ് പിന്നീട് അത് പരിഹരിക്കപ്പെട്ടത്. അടുത്തുള്ള സ്കൂളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിന് രക്ഷിതാക്കൾക്ക് ഭയമുണ്ടായിരുന്നു. സ്കൂൾ ബസ് സൗകര്യം വന്നതോടെ ഭയം ഏറെക്കുറേ നീങ്ങി.

തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ. ഫോട്ടോ: കെ.എം ആതിര

കുട്ടികളുടെ പഠനത്തെ ഈ പ്രശ്നം സാരമായി ബാധിക്കുന്നതിന്റെ ആവലാതികളാണ് വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമായ ഒളനപ്പറമ്പ് നിവാസി സുമയ്യയ്ക്ക് പറയാനുള്ളത്. കുട്ടികളുടെ അവസ്ഥ പരിഗണിച്ച് ഇവിടെ നിന്നും മാറി താമസിക്കാൻ ഒരുങ്ങുന്ന കുടുംബങ്ങളുമുണ്ടെന്ന് സമുയ്യ പറയുന്നു. “ഇവിടെനിന്ന് ഒരു കുട്ടി മാത്രമാണ് പള്ളിക്കുന്ന് സ്കൂളിൽ പഠിക്കുന്നത്. ആ ഒരു കുട്ടിക്കായി സ്കൂൾ ബസ് വരില്ല എന്നതുകൊണ്ട് തന്നെ യാത്രയും ബുദ്ധിമുട്ടേറിയതാണ്.” സുമയ്യ പറഞ്ഞു.

“ഒറ്റതിരിഞ്ഞ് നടക്കുന്ന ആനകളെയാണ് ഈ ഭാഗത്ത് കൂടുതൽ കാണുന്നത്. പടക്കം പൊട്ടിക്കുന്നത് പോലെയുള്ള പ്രവർത്തികൾ അവയെ കൂടുതൽ അക്രമകാരികളാക്കും. അതുകൊണ്ട് ആന ഇറങ്ങിയാൽ പോകുന്നതുവരെ വീടുകളിൽ തന്നെ ഭയത്തോടെ ഇരിക്കും.” എഴുപത് കാരിയായ കമലം പറയുന്നു. കുറച്ച് കാലം മുമ്പ് ഈ പ്രദേശത്ത് പുലി ഇറങ്ങി മാനിനെ പിടിച്ച സന്ദർഭവും അവർ കൂട്ടിച്ചേർക്കുന്നു. എണ്ണത്തിൽ പെരുകി, പരിപാലിക്കപ്പെടാതെ നടക്കുന്ന കന്നുകാലികൾ ഈ പ്രദേശത്ത് ധാരാളമുണ്ട്. അവ ഇത്തരത്തിൽ അലഞ്ഞു നടക്കുന്നതിനെയും ആശങ്കയോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത്. പുലിയും മറ്റ് വന്യജീവികളും പലപ്പോഴും ലക്ഷ്യമിടുന്നത് അലഞ്ഞു നടക്കുന്ന കന്നുകാലികളെയാണ്.

ഒളനപ്പറമ്പിലെ ഊര് മൂപ്പനായ കുട്ടന് പറയാനുള്ളത് വന്യജീവികളുടെ സാന്നിധ്യത്തിൽ പെട്ടെന്നുണ്ടായ ഉയർച്ചയെ പറ്റിയാണ്. “മുമ്പ് ഇത്ര തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് കാടിനെ ആശ്രയിച്ച് തൊഴിലെടുക്കുന്നവർ അത് ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. പച്ചമരുന്ന് എടുക്കാൻ പോകുമ്പോഴൊക്കെയും ശല്യം അധികമായതിനാൽ ഇപ്പോൾ ആരും പോകുന്നില്ല.” നിലവിൽ 13 കുടുംബങ്ങളാണ് ഈ നഗറിലുള്ളത്. വിദ്യാഭ്യാസമില്ലാത്തതിനാലും തൊഴിൽ സാധ്യതകൾ കുറവായതിനാലും ഇവിടെയുള്ളവർക്ക് പുറത്ത് ജോലി ലഭിക്കുക എന്നതും എളുപ്പമുള്ള കാര്യമല്ല.

തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ. ഫോട്ടോ: കെ.എം ആതിര

മഴക്കാലത്ത് വെള്ളം കയറിയാൽ ഒളനപ്പറമ്പിൽ നിന്ന് ആളുകൾ മാറി താമസിക്കുന്ന ഉയർന്ന പ്രദേശമായ ചീനിക്കുന്ന് നഗറിലും ചിത്രം വ്യത്യസ്തമല്ല. 25 കുടുംബങ്ങളുള്ള ഇവിടെ നിന്നും വന്യജീവിക സംഘർഷം കാരണം ആളുകൾ മാറി താമസിക്കാൻ തുടങ്ങി. ചീനിക്കുന്നിൽ പലയിടത്തും ആളൊഴിഞ്ഞ് കിടക്കുന്ന വീടുകളൊക്കെയും വന്യജീവികളുടെ സാന്നിധ്യം ഭയന്ന് സ്ഥലം മാറി പോയവരുടേതാണ്. കാടിനെ ആശ്രയിച്ചും തൊഴിലുറപ്പിൽ ഏർപ്പെട്ടും വരുമാനം കണ്ടെത്തുന്ന ഇവിടെയുള്ളവർക്ക് ഉപജീവനം ഇപ്പോൾ പ്രയാസകരമായി മാറിയിരിക്കുന്നു. ഊരിലെ മൂപ്പന്റെ വീടിന് തൊട്ടുമുന്നിൽ ആന വന്ന സംഭവം വിവരിക്കുന്നതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയെ ആശ്രയിച്ച് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുന്നതിന്റെ പ്രതീക്ഷകളും പങ്കുവയ്ക്കുന്നു ചീനിക്കുന്നിൽ താമസിക്കുന്ന സൂര്യ.

പാലപ്പിള്ളിയിൽ നിന്നും മറ്റ് നാടുകളിലേക്ക് മാറുകയെന്നതാണ് ഒരു പരിഹാരമായി നാട്ടുകാർ പരിഗണിച്ച് തുടങ്ങിയിരിക്കുന്നു. ഈ പ്രദേശത്തുള്ളവരാണെന്ന് പറയുമ്പോൾ യുവതി യുവാക്കളുടെ കല്യാണം നടത്താൻ പ്രയാസമുണ്ടാകുന്നതായി ചീനിക്കുന്ന് നിവാസിയായ വള്ളിയമ്മ പറയുന്നു. വന്യജീവി സംഘർഷം രൂക്ഷമായതോടെ പുതിയ തലമുറ എസ്റ്റേറ്റുമായോ വനവുമായോ ബന്ധപ്പെട്ട തൊഴിലുകളിൽ നിന്നും മാറുകയാണ്. ഇപ്പോൾ ഇവിടെ അവശേഷിക്കുന്നത് വനത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന, വലിയ സാധ്യതകളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത കുറച്ച് മനുഷ്യരാണ്. അതുകൊണ്ടുതന്നെ അവർ കൂടുതൽ പരിഗണനകൾ ഭരണസംവിധാനങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

നഷ്ടപരിഹാരം വൈകുന്നു

മരണങ്ങൾ നടക്കുമ്പോൾ മാത്രമാണ് വനംവകുപ്പും സർക്കാരും തങ്ങളുടെ ദുരിതം പരിഗണിക്കാറുള്ളതെന്ന് ആനയുടെ അക്രമണത്തിൽ മരണപ്പെട്ട ചൊക്കന നിവാസി അയ്യപ്പന്റെ ഭാര്യ വള്ളിയമ്മ പറയുന്നു. വന്യജീവികളുടെ ആക്രമണം മൂലം ഉറ്റവരെ നഷ്ട്ടപ്പെട്ട നിരവധി പേർ ഇവിടെയുണ്ട്. വന്യജീവികളുടെ നേരിട്ടുള്ള അക്രമണത്തിൽ അപകടം സംഭവിച്ചാൽ മാത്രമാണ് നഷ്ടപരിഹാരത്തുക ലഭിക്കുന്നത്. ആക്രമണം ഭയന്ന് ഓടുന്നതിനിടയിലോ മറ്റെന്തെങ്കിലും തരത്തിലോ അപകടമുണ്ടായി മരണം സംഭവിക്കുന്നവർക്ക് പോലും, ആന ചവിട്ടിയതിന്റെയോ അക്രമിച്ചതിന്റെയോ തെളിവുകൾ ഇല്ലെന്ന കാരണത്താൽ നഷ്ട്ടപരിഹാരത്തുക കിട്ടാതെ വന്നിട്ടുള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. ചൊക്കന നിവാസിയും ഹാരിസൺസ് മലയാളം എസ്റ്റേറ്റ് തൊഴിലാളിയുമായ മുഹമ്മദാലിയുടെ ഭാര്യ റാബിയ(32) യുടെ മരണം ഇത്തരത്തിൽ ഉണ്ടായ ഒരു സംഭവമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് അന്ന് ചെറിയ രീതിയിൽ നഷ്ട്ടപരിഹാരത്തുക കിട്ടിയത്. മരണങ്ങൾ സംഭവിക്കുമ്പോൾ പോലും നഷ്ടപരിഹാരത്തുക ലഭിക്കാൻ കാലതാമസം നേരിടേണ്ടി വരുന്നുണ്ടെന്നും നിരന്തരം അതിനായി സമ്മർദ്ദം ചെലുത്തേണ്ടതായി വരുന്നുവെന്നും വെള്ളിക്കുളങ്ങര സ്വദേശി ജോബിൽ വടശ്ശേരി അഭിപ്രായപ്പെടുന്നു. 2021 ജൂലൈയിൽ പീതാംബരൻ, സൈനുദ്ധീൻ എന്നിവരുടെ മരണശേഷമാണ് 2021 മാർച്ചിൽ മരണപ്പെട്ട അയ്യപ്പന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക പൂർണമായും ലഭ്യമാകുന്നത്. അപകടങ്ങൾ സംഭവിക്കുമ്പോഴും, മരണങ്ങൾ സംഭവിക്കുമ്പോഴും തൊഴിലിൽ ഏർപ്പെടാൻ കഴിയാതെയും വരുമാനം ഇല്ലാതായും പലകുടുംബങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടികൾക്ക് ആക്കം കൂട്ടുന്നതാണ് ഇത്തരത്തിലുള്ള കാലതാമസം.

ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബ്ബർ എസ്റ്റേറ്റ്. ഫോട്ടോ: കെ.എം ആതിര

കാലാകാലങ്ങളായി വന്യജീവികളെ പ്രതിരോധിക്കുന്നതിനും ആക്രമണങ്ങൾ കുറയ്ക്കാനുമായി ചെയ്യുന്ന പ്രവർത്തികൾ പരാജയപ്പെടുന്ന കാഴ്ചയാണ് പാലപ്പിള്ളിയിലുള്ളത്. കൃത്യമായ രീതിയിൽ കിടങ്ങുകൾ നിർമ്മിക്കണം എന്നതാണ് നാട്ടുകാരുടെ മുഖ്യ ആവശ്യം. നിലവിലെ കിടങ്ങുകൾ പരിശോധിച്ച് അതിന്റെ പോരായ്മകൾ പരിഹരിച്ചും കൂടുതൽ ആഴത്തിൽ കൂടുതൽ സ്ഥലങ്ങളിൽ കിടങ്ങുകൾ പണിതും വൈദ്യുതിവേലി കൃത്യമായി കെട്ടിയും ഒരു പരിധി വരെ കാട്ടാനകൾ ഇറങ്ങുന്നത് തടയാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

പാലപ്പിള്ളി ചരിഞ്ഞ പ്രദേശമായതുകൊണ്ടുതന്നെ കിടങ്ങ് നിർമ്മിക്കുമ്പോൾ പരിമിതികൾ ഉണ്ടെന്ന് ഫോറസ്റ്റ് ഓഫീസർ പ്രേംഷമീർ പറയുന്നു. ആനകൾ ഇറങ്ങുന്നത് ഒന്നൊഴിയാതെ എല്ലാവരെയും ബുദ്ധിമുട്ടിലാക്കുകയാണ്. എന്നിരുന്നാലും വന്യജീവികളുടെ ഭാഗത്ത് നിന്ന് കൂടി വിഷയത്തെ നോക്കി കാണേണ്ടതുണ്ടെന്നാണ് പ്രേംഷമീർ പറയുന്നത്.

ഇത്തരം പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയാനും അതിന് പരിഹാരം കണ്ടെത്താനുമായി ത്രിതല പഞ്ചായത്ത് ചേർന്ന് വന്യമിത്ര പദ്ധതി ആരംഭിച്ചിട്ട് വർഷങ്ങളായി. മൂന്നുമാസം കൂടുമ്പോൾ ജനജാഗ്രത സമിതി കൂടുകയും ചെയ്യുന്നുണ്ട്. എന്നാൽ പരിഹാരങ്ങളെല്ലാം കടലാസിൽ ഒതുങ്ങുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കാട്ടാനങ്ങൾ ഇറങ്ങുന്ന സന്ദർഭങ്ങളിൽ വനം വകുപ്പ് നിസഹായരായി നിൽക്കുന്ന അവസ്ഥയുണ്ട്. വന്യജീവി ആക്രമണത്തെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി നാട്ടുകാർക്ക് വാക്കുതർക്കത്തിൽ ഏർപ്പെടേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. വന്യജീവികളുടെ സാന്നിധ്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാറുണ്ടെങ്കിലും ഏറെ വൈകിയാണ് അവർ എത്താറുള്ളതെന്നും ഇതാണ് നാട്ടുകാരും ഉദ്യോഗസ്ഥരുമായി കയർക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ജനജാഗ്രത സമിതി രൂപീകരിച്ചിട്ടും ഈ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. നാട്ടുകാരുടെ സുരക്ഷയ്ക്ക് എപ്പോഴും ഉണ്ടാകേണ്ടവരുടെ ഭാഗത്തുനിന്നുള്ള ഈ വീഴ്ച ഏറെ നിരാശാജനകമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലാൽ എം.ബി ചൂണ്ടിക്കാട്ടി. വനം വകുപ്പിനെയും ആശ്രയിക്കാൻ കഴിയാത്ത സ്ഥിതി പാലപ്പിള്ളിയിലെ ജനങ്ങളെ കൂടുതൽ നിരാശരാക്കുന്നുണ്ട്.

എസ്റ്റേറ്റ് ഉടമകളുടെ സമീപനം

എസ്റ്റേറ്റുകളാണ് പാലപ്പിള്ളിയിലെ മനുഷ്യാധിവാസത്തിന് കാരണമായിത്തീർന്നതും ഇപ്പോഴും ജനജീവിതത്തിന് ആധാരമായി നിൽക്കുന്നതും. അതുകൊണ്ടുതന്നെ കൊച്ചിൻ-മലബാർ, ഹാരിസൺ എന്നീ കമ്പനികളുടെ ഭാഗത്ത് നിന്നും കാര്യമായ സഹായങ്ങൾ ഉണ്ടാവുകയാണെങ്കിൽ പ്രശ്നം ലഘൂകരിക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ വിശ്വസിക്കുന്നത്. കമ്പനികൾ എസ്റ്റേറ്റ് ഭൂമിയിൽ ഫെൻസിംഗ് നടത്തിയിട്ടുണ്ടെങ്കിലും അത് പൂർത്തിയായിട്ടില്ല. കൊച്ചിൻ-മലബാർ കമ്പനിയുടെ കീഴിലുള്ള തോട്ടങ്ങളിൽ വർഷങ്ങളായി റീപ്ലാന്റിംഗ് നടക്കാത്തതിനാൽ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും അവിടെ നടക്കുന്നില്ല. കൊച്ചിൻ മലബാർ എന്ന പേരിലാണ് ഭൂമി ലീസിന് കൊടുത്തിരുന്നത്. എന്നാൽ കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയപ്പോൾ പേരുമാറ്റിയതിലൂടെ പഴയ ലീസ് തുടരാനാകില്ലെന്ന നിയമപ്രശ്നം നിലനിൽക്കുന്നുണ്ട്. നിലവിൽ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കമ്പനി റീപ്ലാന്റിംഗ് പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. എസ്റ്റേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ഏറിയ ഭാഗത്തും കളകൾ ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുകയാണ്. മരങ്ങൾ മുറിക്കാൻ ആകുമെങ്കിലും പുതിയത് വെച്ചുപിടിപ്പിക്കാൻ ആവില്ല എന്നതാണ് കോടതിയുടെ നിർദ്ദേശം. റീപ്ലാന്റിംഗ് നടക്കുകയാണെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി തരാനും സുരക്ഷ ഉറപ്പുവരുത്താനും കമ്പനിയോട് ആവശ്യപ്പെടാമെന്ന് തൊഴിലാളികൾ പറയുന്നു.

ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബ്ബർ ഫാക്ടറി. ഫോട്ടോ: കെ.എം ആതിര

പാലപ്പിള്ളിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ചിമ്മിനി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1984 ൽ പണി ആരംഭിക്കുകയും 1996 ൽ സ്ഥാപിതമാവുകയും ചെയ്ത അണക്കെട്ടിനോട് ചേർന്നാണ് ചിമ്മിനി വന്യജീവി സങ്കേതം. 1984ലാണ് ചിമ്മിനി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തോട് ചേർന്നാണ് ചിമ്മിനിയും. കുറുമാലി പുഴയുടെയും മുപ്ലിയം പുഴയുടെയും നീർത്തട പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വന്യജീവി സങ്കേതം. ഡാമിന്റെ നിർമ്മാണകാലത്ത് മാറ്റിപാർപ്പിക്കപ്പെട്ടവരാണ് കള്ളായി, നടാംപാടം എന്നിവിടങ്ങളിൽ ഇന്ന് താമസിക്കുന്നത്. ചിമ്മിനി ഡാമും വന്യജീവി സങ്കേതവും കേന്ദ്രീകരിച്ച് പാലപ്പിള്ളിയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുകയാണെങ്കിൽ സർക്കാരിന്റെ ശ്രദ്ധ ഈ പ്രദേശത്ത് കൂടുതലായി ഉണ്ടാകുമെന്നും അത് വന്യജീവി സംഘർഷത്തിന് പരിഹാരമായി മാറുമെന്നും നാട്ടുകാർ കരുതുന്നു. എന്നാൽ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്.

പാലപ്പിള്ളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുമ്പോൾ അതിലേക്ക് നയിക്കുന്ന കാരണങ്ങൾ വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്. അതിന് വനം വകുപ്പിന്റെതോ നാട്ടുകാരുടെയോ മാത്രം മുൻകൈകൾ മതിയാകില്ല. വനം വകുപ്പിന്റെയും പ്ലാന്റേഷൻ കമ്പനികളുടെയും മറ്റ് വകുപ്പുകളുടെയും സംയുക്തമായ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. റബ്ബർ എസ്റ്റേറ്റുകളും അതുമായി ബന്ധപ്പെട്ട് കഴിയുന്നവരുമുള്ള പാലപ്പിള്ളി ഏറെ സവിശേഷതകളുള്ള ഭൂപ്രദേശമാണ്. അതുകൊണ്ടുതന്നെ പാലപ്പിള്ളിയുടെ സാമൂഹ്യ സാഹചര്യങ്ങൾ കൃത്യമായി പരിഗണിക്കുന്ന സവിശേഷമായ പരിഹാരങ്ങളാണ് രൂപപ്പെട്ടുവരേണ്ടത്. എന്നാൽ അതിന് ഇനിയും കാലതാമസമുണ്ടാകരുത്. കാരണം, കേരളത്തിന്റെ പൊതുശ്രദ്ധയിലേക്ക് ഇനിയും എത്തിച്ചേർന്നിട്ടില്ലാത്ത പ്രദേശം അത്രമാത്രം ഒറ്റപ്പെടൽ ഇപ്പോൾ നേരിടുന്നുണ്ട്.

Also Read

11 minutes read June 27, 2024 3:49 pm