മൃ​ഗങ്ങളും മനുഷ്യരും കൊല്ലപ്പെടാതിരിക്കാൻ വഴികളുണ്ട്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇതെഴുതുമ്പോൾ ബന്ദിപ്പൂർ വനത്തിൽ വച്ച് ചെരി‍ഞ്ഞ തണ്ണീർക്കൊമ്പന്റെ ജഡം കഴുകന്മാർ തിന്ന് തീർത്തിട്ടുണ്ടാകും. പോസ്റ്റ്മോർട്ടത്തിന് ശേഷം വനത്തിനുള്ളിലെ കഴുകൻ റസ്റ്ററന്റിലേക്കാണ് കർണ്ണാടക വനം വകുപ്പ് തണ്ണീർക്കൊമ്പന്റെ ജഡം എത്തിച്ചത്. അവിടെ ഒരാനയുടെ ശരീരം അസ്ഥികൂടം മാത്രമായി മാറ്റാൻ കഴുകന്മാർക്ക് വേണ്ടിവരുന്നത് മൂന്ന് ദിവസം മാത്രമെന്നാണ് കണക്കാക്കപ്പെടുന്നത്. ‘നാടുവിറപ്പിച്ച കൊമ്പൻ’ എന്നെല്ലാം മാധ്യമങ്ങൾ ആദ്യ ദിവസങ്ങളിൽ ഭയപ്പെടുന്ന ഭാഷയിൽ എഴുതിയ കാട്ടാന ഒറ്റ ദിവസം കൊണ്ട് കണ്ണീരിൽ കുതിർന്ന ഓർമ്മയായി മാറി. വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി തുടങ്ങിയ റസ്റ്ററന്റിൽ തണ്ണീർക്കൊമ്പൻ ഭക്ഷണമായി മാറുമെന്ന് മാനന്തവാടിയിൽ നിന്നും പിടികൂടുമ്പോൾ ആരും കരുതിയിരുന്നില്ല. ആന ചെരിഞ്ഞെന്ന് കേട്ടപ്പോൾ കാട്ടാനയെ തുരത്താനായി തലേദിവസം ഓടിക്കൂടിയവർ പോലും സങ്കടപ്പെട്ടു. മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളിൽ ജനങ്ങൾ ആ വേദന പങ്കുവച്ചു. ജനവാസകേന്ദ്രങ്ങളിലേക്കെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ മയക്കുവെടി വയ്ക്കുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിലും തണ്ണീർക്കൊമ്പന്റെ കാര്യത്തിൽ അത് പാലിക്കപ്പെട്ടില്ല എന്ന വിമർശനം ഉയരുന്നുണ്ട്. എത്രയും വേഗം ജനവാസ മേഖലയിൽ നിന്നും ആനയെ മാറ്റുന്നതിനുള്ള സമ്മർദ്ദം വേണ്ടത്ര ആലോചനകളില്ലാത്ത നടപടികളിലേക്ക് വനംവകുപ്പിനെ എത്തിച്ചോ എന്ന സംശയം തണ്ണീർക്കൊമ്പൻ ഓപ്പറേഷൻ പരിശോധിച്ചാൽ തീർച്ചയായും ഉണ്ടാകും.

തണ്ണീർക്കൊമ്പൻ മാനന്തവാടിയിൽ ഇറങ്ങിയപ്പോൾ. കടപ്പാട്:manorama

ആനയുടെ സഞ്ചാരപഥം കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കുകയും അതിന് വേണ്ട സന്നാഹങ്ങളൊരുക്കുകയും ചെയ്തിരുന്നെങ്കിൽ മയക്കുവെടി വയ്ക്കാതെ തന്നെ തണ്ണീർക്കൊമ്പനെ ആ മേഖലയിൽ നിന്നും ഒഴിവാക്കാമായിരുന്നു എന്നും വിമർ‌ശനമുണ്ട്. ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് തണ്ണീർക്കൊമ്പന്റെ മരണകാരണം എന്നാണ് കർണാടക വനംവകുപ്പ് അറിയിച്ചത്. തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ എയർ ഗണ്ണിൽ നിന്നുള്ള പെല്ലറ്റ് കൊണ്ട ധാരാളം പാടുകൾ ഉണ്ടെന്നും വനംവകുപ്പ് പറയുന്നു. ഇത്രയേറെ പരിക്കുകളുള്ള, ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയെ ഈവിധമാണോ കൈകാര്യം ചെയ്യേണ്ടിയിരുന്നത്? സങ്കീർണ്ണമായ ഒരു പ്രശ്നമാണത്. ജനവാസമേഖലയിലേക്ക് കാട്ടാനയിറങ്ങുമ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ കാരണം ജാഗ്രതയോടെയും സമചിത്തതയോടെയും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം വനംവകുപ്പിന് നേരിടേണ്ടിവരുന്നു എന്നതാണ് തണ്ണീർക്കൊമ്പൻ ദൗത്യവും വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഈ കുഴക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്നത്? തീർച്ചയായും ജനങ്ങളും വനം വകുപ്പും മറ്റ് തദ്ദേശഭരണ സംവിധാനങ്ങളും എല്ലാം കൈകോർത്തുകൊണ്ടുള്ള ഒരു പ്രവർത്തനത്തിലൂടെ മാത്രമേ ഇത്തരം ദൗത്യങ്ങൾ മനുഷ്യർക്കോ മൃഗങ്ങൾക്കോ ദോഷകരമാകാത്തതരത്തിൽ ഫലപ്രദമായി നിർവഹിക്കാൻ കഴിയൂ. ഇത്തരത്തിൽ സംയോജിതമായി പ്രവർത്തിക്കുന്നതിനുള്ള ജനജാഗ്രതാ സമിതികൾ എന്ന സംവിധാനത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നതിന് തെളിവായി മാറുകയാണ് പൂർണ്ണമായോ ഭാഗികമായോ പരാജയപ്പെടുന്ന ഓരോ ദൗത്യങ്ങളും. ഒരുമാസം മുമ്പ്, 2023 ഡിസംബറിൽ വയനാട് വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷിനെ കൊന്ന കടുവയെ പിടികൂടുന്നതിനായി നടത്തിയ ദൗത്യത്തിലും ജനങ്ങളും വനം വകുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും പങ്കുചേരുന്ന സംയോജിതമായ പ്രവർത്തനങ്ങളുടെ അഭാവം പ്രകടമായിരുന്നു. ആ സമയത്താണ് തദ്ദേശീയരും തദ്ദേശീയ ഭരണസംവിധാനവും വനം വകുപ്പ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും പങ്കുചേരുന്ന സംയോജിത പ്രവർത്തനങ്ങളുടെ സാധ്യതയെക്കുറിച്ചും ജനജാഗ്രാതാ സമിതികൾ നിലവിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും അറിയുന്നതിനായി വയനാടിലേക്ക് യാത്ര തിരിക്കുന്നത്.

എന്താണ് ജനജാഗ്രതാ സമിതി?

മനുഷ്യവന്യജീവി സംഘർഷം കാരണം കാടരികുകളിൽ താമസിക്കുന്ന മനുഷ്യർക്ക് ജീവഹാനി സംഭവിക്കുകയും കൃഷിക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാവുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ് എന്ന ബോധ്യത്തിലേക്ക് സർക്കാർ എത്തിച്ചേർന്നതിന്റെ ഫലമായാണ് ജനജാഗ്രതാ സമിതികൾ രൂപീകരിക്കപ്പെടുന്നത്. പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിന് തീരുമാനിക്കുന്നതും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതും 2017 ഫെബ്രുവരിയിലാണ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2017 മുതൽ തന്നെ കേരളത്തിലെ കാടരികുകളിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം തന്നെ മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ജനജാഗ്രതാ സമിതികൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികളും തദ്ദേശീയ ജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടുന്ന 204 ജനജാഗ്രതാ സമിതികൾ അത്തരത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ.

വാകേരിയിലേക്ക്

കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്ന ചെറുപ്പക്കാരന്റെ വീട്ടിലേക്കായിരുന്നു ആദ്യം പോയത്. പൂതാടി പഞ്ചായത്തിലെ വാകേരിക്കടുത്ത് മൂടൻകൊല്ലിയിലുള്ള മരോട്ടിപ്പറമ്പിൽ കുട്ടപ്പൻ-ശാരദ ദമ്പതികളുടെ ഇളയ മകനായിരുന്ന 36 കാരനായ പ്രജീഷ് 2023 ഡിസംബർ 9ന് ആണ് കൊല്ലപ്പെടുന്നത്. മരണാനന്തരം നടത്തുന്ന പതിനാറാം ദിവസത്തെ ചടങ്ങുകൾ നടന്നുക്കൊണ്ടിരിക്കെയാണ് പ്രജീഷിന്റെ വീട്ടിലേക്ക് എത്തുന്നത്. നടുക്കം മാറിയിട്ടില്ലാത്ത മുഖവുമായി പ്രജീഷിന്റെ ബന്ധുക്കൾ വീടിന് ചുറ്റും പല സ്ഥലത്തായി കൂടി നിൽക്കുന്നുണ്ടായിരുന്നു. പ്രജീഷിന്റെ ചേട്ടനും സഹോദരിയുമാണ് സംഭവത്തെ കുറിച്ച് ആദ്യം സംസാരിച്ച് തുടങ്ങിയത്.

പ്രജീഷിന്റെ വീട്ടിലെ തൊഴുത്ത്. ഫോട്ടോ: റംസീന ഉമൈബ

“ഏകദേശം 12 മണിയോടെയാണ് അവൻ ഇവിടെയുളള പശുക്കൾക്കും ആടുകൾക്കും വേണ്ടി പുല്ലു ചെത്താനായി തൊട്ടടുത്തുള്ള പറമ്പിലേക്ക് പോകുന്നത്. ഒന്നരയോടു കൂടി തിരിച്ചുവന്നെങ്കിലും രണ്ടു മണി കഴിഞ്ഞപ്പോൾ വീണ്ടും കുറച്ചു കൂടി പുല്ലെടുത്തിട്ട് വരാമെന്ന് പറഞ്ഞ് ജീപ്പെടുത്ത് പോയതാണ്. ഭക്ഷണ സമയമായിട്ടും എത്താത്തതുകൊണ്ട് മൂന്നരയോടെ ഞാനവനെ തിരഞ്ഞുപോയി. സ്ഥിരമായി പോകാറുള്ള സ്ഥലത്തെല്ലാം നോക്കി. വീട്ടിൽ നിന്നും 400 മീറ്റർ അകലെയായാണ് സ്ഥിരമായി പോകാറുള്ളത്. വഴിയരികിൽ ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് കണ്ടപ്പോൾ അവിടെയിറങ്ങി പ്രജീഷേ എന്നുച്ചത്തിൽ വിളിച്ചു. വിളി കേൾക്കാതെയായപ്പോൾ പറമ്പിലേക്കിറങ്ങി തിരച്ചിൽ തുടങ്ങി. അപ്പോഴാണ് ചെടികൾക്കിടയിൽ അവന്റെ ശരീരം ഞാൻ കാണുന്നത്.” പ്രജീഷിന്റെ സഹോദരൻ മജീഷ് വിവരിക്കാനാവാതെ പറഞ്ഞു നിർത്തി.

മജീഷ്

“മുമ്പെങ്ങും ഇവിടെയാരും കടുവയെ കണ്ടിട്ടില്ല. പക്ഷെ ഇതാദ്യമായാണ് ഇവിടെ കടുവ വരുന്നതും ഒരു മനുഷ്യ ജീവൻ നഷ്ടമാകുന്നതും. സമീപത്തൊന്നും തന്നെ കാടുകളില്ല.” കൂടി നിന്നവരുടെ കൂട്ടത്തിൽ നിന്നുമൊരാൾ പറഞ്ഞു.

പ്രജീഷിന്റെ വീട്ടിൽ നിന്നും പോയത് പൂതാടി പഞ്ചായത്തിൽ തന്നെയുള്ള കല്ലൂർകുന്നിലെ സന്തോഷിന്റെയും സുനിതയുടെയും വീട്ടിലേക്കായിരുന്നു. പ്രജീഷിന്റെ മരണത്തിന് തൊട്ടടുത്ത ആഴ്ച്ചയിലാണ് ഇവരുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ പിടിച്ചത്. കന്നുകാലി വളർത്തിയും കൃഷി ചെയ്തും തന്റെ കുടുംബം പുലർത്തുന്ന സന്തോഷിനെ സംബന്ധിച്ച് അത് നികത്താനാവാത്തൊരു നഷ്ടം തന്നെയായിരുന്നു. “ഡിസംബർ 17 ന് ഞായറാഴ്ച്ച രാത്രിയാണ് പതിവില്ലാത്ത ശബ്ദം കേട്ട് പുറത്തുപോയി നോക്കുന്നത്. തൊഴുത്തിലുണ്ടായിരുന്ന പശുക്കളിലൊന്നിനെ കാണാനില്ല. മറ്റേ പശുവാണെങ്കിൽ പരിഭ്രാന്തിയോടെ നിലവിളിക്കുന്നു. തൊഴുത്തിനു താഴെയായി നോക്കിയപ്പോഴാണ് പശുവിനെയും കടുവയെയും കണ്ടത്. മുറ്റത്തേക്കിറങ്ങിയിരുന്ന ഞാൻ അപ്പോൾ തന്നെ അകത്തു കയറി വാതിലടച്ചു. തൊഴുത്തിലുണ്ടായിരുന്ന ഭാരമുള്ള പശുവിനെ വലിച്ചിഴച്ച് പറമ്പിന് താഴേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ ഞങ്ങൾ ബഹളം വയ്ക്കുന്നതുകേട്ട് കടുവ പേടിച്ചോടി. ഞങ്ങൾ അപ്പോൾ തന്നെ ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. അവരെത്തിയെങ്കിലും അന്ന് കടുവയെ പിടിക്കാനുള്ള ശ്രമമുണ്ടായില്ല. എന്നാൽ പിറ്റേ ദിവസവും അതേ സ്ഥലത്ത് തന്നെ കടുവ വന്നപ്പോഴാണ് ഞങ്ങൾ വല്ലാതെ പേടിച്ചുപോയത്. ബാക്കിയുണ്ടായിരുന്ന പശുവിനെ ഞങ്ങൾ മുകളിലുള്ള മറ്റൊരു വീട്ടിലാണ് കെട്ടിയിരുന്നത്. അതുകൊണ്ടാവണം പിറ്റേ ദിവസം വന്ന കടുവ ആട്ടിൻ കൂട്ടിലേക്ക് കയറാനാണ് ശ്രമിച്ചത്. ആട്ടിൻ കൂട്ടത്തിന്റെ ബഹളം കേട്ടാണ് ടോർച്ചടിച്ചു നോക്കിയത്. വീണ്ടും കടുവയെ കണ്ട് അപ്പോൾ തന്നെ ഫോറസ്റ്റുകാരെ വിളിച്ചു. അടുത്തുണ്ടായിരുന്ന കുറച്ചു നാട്ടുകാരും മറ്റും ബഹളം വെച്ചപ്പോൾ കടുവ പോയി.” സന്തോഷ് പറഞ്ഞു നിർത്തി.

ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള ഇവരുടെ വീടിന് സുരക്ഷിതത്വം വളരെ കുറവാണ്. കക്കൂസ് സൗകര്യങ്ങൾ പുറത്താണ്. അതും ഇപ്പറഞ്ഞ തൊഴുത്തിനോട് ചേർന്ന്. “മക്കളെല്ലാം പേടിച്ചു പോയി. ഇളയ മകന് അന്നു മുതൽ ഒരാഴ്ച്ചക്കാലത്തോളം പനിപിടിച്ച് കിടപ്പായി. വീടിനു പുറത്തേക്കിറങ്ങാൻ തന്നെ പേടിയാണ്. സ്കൂളിലും പോകുന്നില്ല. ഞങ്ങളുടെ അച്ഛനാണെങ്കിൽ രണ്ടു കണ്ണിനും കാഴ്ച്ചയില്ല. ഇപ്പോൾ രാത്രിയിൽ ബാത്റൂമിൽ പോകാനൊക്കെ പേടിയാണ്.” സുനിത കൂട്ടിച്ചേർത്തു.

സന്തോഷ്, സുനിത, മീനാക്ഷി

“എന്റെ വിവാഹം കഴിഞ്ഞത് മുതൽ 42 വർഷമായി ഞാനിവിടെയാണ് താമസിക്കുന്നത്. അന്ന് മുതൽ കടുവയോ ആനയോ ഒന്നും ഈ പ്രദേശത്ത് വരാറില്ല. ഇത് കാടിനോട് ബന്ധമുള്ള പ്രദേശമല്ല. കാപ്പിത്തോട്ടങ്ങളും നെൽകൃഷിയും മാത്രമാണുള്ളത്. പന്നിയുടെയും മയിലിന്റെയും കുരങ്ങിന്റെയും ശല്യമല്ലാതെ മറ്റു ജീവികളെ ഒന്നും ഇവിടെ കണ്ടിരുന്നില്ല. ഇപ്പോൾ വല്ലാതെ പേടി തോന്നുന്നു. പകലാണെങ്കിൽ പോലും മുറ്റത്തേക്കിറങ്ങാൻ പേടിയാണ്. ആകെയുണ്ടായിരുന്നത് ഈ രണ്ടു പശുക്കളായിരുന്നു. അതിലൊന്ന് പോയി. നാളെയത് ഞങ്ങളെയും ആക്രമിക്കാൻ വരുമോ എന്ന ഭയത്തോടെയാണ് എല്ലാവരും ഇപ്പോൾ ജീവിക്കുന്നത്.” സന്തോഷിന്റെ അമ്മ മീനാക്ഷി ആശങ്ക പങ്കുവച്ചു.

പ്രജീഷിനെ കൊന്ന കടുവയെ പത്ത് ദിവസം നടത്തിയ തിരച്ചിലിന് ശേഷം, 2023 ഡിസംബർ 19ന് ആണ് വനം വകുപ്പ് പിടികൂടുന്നത്. തിരിച്ചിൽ അത്രയും നീണ്ടുപോയതുകൊണ്ടുതന്നെ നാട്ടുകാരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ വളരെ ശക്തമായിരുന്നു. ഇത്രയും ദിവസം ചിലവഴിച്ച പണത്തിന്റെ ഒരംശം തന്നാൽ ഞങ്ങൾ ഇറങ്ങി കടുവയെ കണ്ടെത്താമെന്നെല്ലാം നാട്ടുകാർ പറയുന്നുണ്ടായിരുന്നു. ഈ കടുവയെ പിടികൂടിയതിന് പിന്നാലെയാണ് മുമ്പ് പറഞ്ഞ രണ്ടിടടത്ത് നിന്നും അഞ്ചാറ് കിലോമീറ്ററുകൾ മാത്രം ദൂരമുള്ള സീസിയിലെ രണ്ടിടത്തായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കടുവയെത്തുന്നത്.

2023 ഡിസംബർ 23 നാണ് സീസിയിലെ സുരേന്ദ്രന്റെ വീടിന് പുറകിലുള്ള തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവ് കടുവയാക്രമണത്തിൽ കൊല്ലപ്പെടുന്നത്. സംഭവത്തെ കുറിച്ച് സുരേന്ദ്രൻ പറയുന്നതിങ്ങനെ “രാത്രിയിലെപ്പെഴോ ആണ് കടുവ വന്നത്. കടുവ വന്നതോ പശുക്കിടാവ് ഒച്ച വെച്ചതോ ഒന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. രണ്ടു പശുക്കളുണ്ടായിരുന്നു എനിക്ക്. രാവിലെ എണീറ്റ് നടക്കാനായി പോയപ്പോഴാണ് റോഡരികിൽ കൂട്ടത്തിലുള്ള ഒരു പശു കയറുപൊട്ടിയ നിലയിൽ നിൽക്കുന്നത് കണ്ടത്. കെട്ടിയ കയർ പൊട്ടിയ നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ആ പശുവിനെയും കൂട്ടി ഞാൻ തൊഴുത്തിലെത്തിയപ്പോഴാണ് പശുക്കിടാവ് ചത്തു കിടക്കുന്നത് കണ്ടത്. പശുക്കിടാവിന്റെ പകുതി ഭാഗവും തിന്നു തീർത്തിരുന്നു. അന്നുതന്നെ ഫോറസ്റ്റുകാരെത്തി. അവരോട് അവിടെ കൂടുവെക്കണമെന്നാവശ്യപ്പെട്ടു. പക്ഷെ നിയമ തടസ്സം കാരണം അന്നു കൂടു സ്ഥാപിക്കാൻ വനം വകുപ്പിനായില്ല. പിറ്റേന്നും കടുവ വരുമെന്നു കരുതി ബാക്കി ഭാഗം അവിടെ തന്നെ വെച്ചു. വനം വകുപ്പുകാർ അന്ന് ക്യാമറ സ്ഥാപിച്ചിരുന്നു. പിറ്റേ ദിവസവും കടുവ വന്നു. രണ്ടു മണിക്കൂറിനടുത്ത് അതവിടെ തന്നെയുണ്ടായിരുന്നു. അന്നു കൂടു വെക്കുകയായിരുന്നുവെങ്കിൽ കടുവയെ പിടിക്കാമായിരുന്നു. ബാക്കിയുള്ള കിടാവിന്റെ മൃതദേഹം കൂടി തിന്ന് തീർത്ത ശേഷം കടുവ പോയി. അതിനും തൊട്ടടുത്ത ദിവസമാണ് വനം വകുപ്പ് കെണി വെക്കുന്നത്. ഒരു ആട്ടിൻ കുട്ടിയെ കെട്ടിയിട്ട് കെണിയിൽ വീഴ്ത്താനാണ് ശ്രമം. വീടിന് പിറകിലുള്ള എന്റെ തന്നെ കാപ്പിത്തോട്ടത്തിൽ രണ്ടു കൂടുകൾ വെച്ചിരുന്നു. പക്ഷേ ആ കടുവയെ പിടിക്കാനായില്ല.” (തുടർന്നുള്ള അന്വേഷണത്തിലും ആ കടുവയെ പിടിക്കാനായിലെന്നാണ് ലേഖികയ്ക്കും ബോധ്യപ്പെട്ടത്).

സുരേന്ദ്രൻ, വീട്ടിലെ തൊഴുത്തിന് മുന്നിൽ

കടുവയെ പിടികൂടുന്നതിനായി നടന്ന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് പങ്കാളിത്തം നൽകുന്നില്ല എന്ന പരാതിയാണ് പൂതാടിയിലെയും പുൽപ്പള്ളിയിലെയും ജനങ്ങൾ പൊതുവായി പങ്കുവച്ചത്. 2017ലെ ഉത്തരവ് പ്രകാരം ജനജാഗ്രതാ സമിതി രൂപീകരിച്ചിട്ടുള്ള ഒരു പഞ്ചായത്താണ് വാകേരി ഉൾപ്പെടുന്ന പൂതാടി. എന്നാൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് ഉപകാരപ്പെടുന്നതരത്തിൽ ജനജാഗ്രതാ സമിതി എന്ന സംവിധാനത്തെ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നാണ് അവിടെ നിന്നും വ്യക്തമായത്.‌ പൂതാടിയിൽ മാത്രമല്ല, വന്യജീവി സംഘർഷം രൂക്ഷമായ, വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയോട് ചേർന്നുകിടക്കുന്ന മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും (പുൽപ്പള്ളി, തിരുനെല്ലി, നൂൽപ്പുഴ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി) ജനജാഗ്രതാ സമിതികൾ പരിമിതമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.

ജനജാഗ്രതാ സമിതികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

പഞ്ചായത്ത് പ്രസിഡന്റിന്റെയോ/മുനിസിപ്പാലിറ്റി ചെയർപേഴ്സണിന്റെയോ അധ്യക്ഷതയിൽ ചേരുന്ന ജനജാഗ്രതാ സമിതി മീറ്റിങ്ങുകളിൽ ഗ്രാമപഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ അധികാര പരിധിയിൽ വരുന്ന വനമേഖലയുടെ ചാർജുള്ള റെയിഞ്ച് ഓഫീസറോ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറോ ആയിരിക്കും കൺവീനർ. പ്രസ്തുത പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, കൃഷി ഓഫീസറും വെറ്റിനറി സർജ്ജനും വില്ലേജ് ഓഫീസറും വനസംരക്ഷണ സമിതി/ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളും വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ലോക്കൽ കമ്യൂണിറ്റി പ്രതിനിധികളെന്നോളം മൂന്ന് കർഷകരും ഉൾപ്പെടുന്ന ഘടനയാണ് ജനജാഗ്രതാ സമിതികൾക്കുള്ളത്. അടിയന്തിര ഘട്ടങ്ങളിൽ മാസത്തിൽ ഒരു തവണയും അല്ലെങ്കിൽ മൂന്ന് മാസത്തിൽ ഒരിക്കലും യോഗം ചേർന്ന് പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തണം എന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. വന്യജീവി ആക്രമണം പതിവായി ഉണ്ടാകുന്ന മേഖലകളിൽ വനം വകുപ്പിന്റെ ജനകീയ മുഖമായി പ്രവർത്തിച്ച് ജനങ്ങളെ സഹായിക്കുക എന്നതാണ് പ്രധാനമായും ജനജാഗ്രതാ സമിതികളുടെ ചുമതലയായി പറഞ്ഞിരിക്കുന്നത്. സർക്കാർ ഉത്തരവിൽ പറയുന്ന ചുമതലകൾ ഇപ്രകാരമാണ്.

1. ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ മീറ്റിങ്ങുകളിൽ ചർച്ച ചെയ്ത ശേഷം വനം വകുപ്പിനെ അറിയിക്കുക.

2. നിലവിൽ നടപ്പിലാക്കി വരുന്ന പ്രതിരോധ മാർഗങ്ങളായ കന്മതിൽ, ഫെൻസിംഗ്, കിടങ്ങുകൾ തുടങ്ങിയവയുടെ പരിമിതികളും പ്രശ്നങ്ങളും വിലയിരുത്തുക.

3. അവയ്ക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ വിവരം ബന്ധപ്പെട്ട റെയിഞ്ച് ഓഫീസറെ അറിയിക്കുകയും കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക.

4. വന്യജീവി ആക്രമണം ഉണ്ടാകുന്ന സമയങ്ങളിൽ നേരിട്ട് സ്ഥലത്തെത്തി വനം വകുപ്പിന് സഹായകമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.

5. വനാതിർത്തികളിൽ വന്യജീവികളെ ആകർഷിക്കാത്ത തരത്തിലുള്ള കൃഷി രീതികൾ പിന്തുടരേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.

6. വനത്തിനുള്ളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്ന വന്യജീവികളെ കുറിച്ചുള്ള വിവരങ്ങൾ തദ്ദേശവാസികളെ അറിയിക്കുന്ന രീതിയിലുള്ള എസ്.എം.എസ് അലർട്ട് സിസ്റ്റം ബിൽഡ് ചെയ്യുക. അതിന്റെ പ്രവർത്തനങ്ങൾ വനം വകുപ്പിനൊപ്പം നിന്ന് കുറ്റമറ്റതാക്കുക.

മനുഷ്യവന്യജീവി സംഘർഷം കൂടിവരുന്ന കേരളത്തിലെ സാഹചര്യത്തിൽ തദ്ദേശീയരായ ജനങ്ങളെയും ജനപ്രതിനിധികളെയും കൂടി ഉൾക്കൊള്ളുന്ന ഇത്തരത്തിലുള്ള ഒരു മോണിറ്ററിംഗ് സംവിധാനം വനം വകുപ്പിനെ സംബന്ധിച്ച് വളരെ സഹായകരമായ ഒന്നാണ്. പ്രത്യേകിച്ച് വനം വകുപ്പിന് ഇത്തരത്തിൽ ജനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുവാൻ കഴിയുന്ന ഒരു സംവിധാനം ഘടനാപരമായി ഇല്ലാതിരുന്നു എന്നത് ജനങ്ങളും വനം വകുപ്പും തമ്മിൽ ഉരസലുകൾ പതിവാക്കി തീർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, വനസംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശീയ ജനങ്ങൾക്ക് പങ്കാളിത്തം ലഭിക്കുന്നതിനായി വനസംരക്ഷണ സമിതികളും (VSS) ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളും (EDC) രൂപീകരിക്കപ്പെട്ടതുപോലെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രക്രിയകളിൽ കൂടി പങ്കാളിത്തം ലഭിക്കുക എന്നത് അനിവാര്യമായി തീർന്ന കാലത്താണ് ജനജാഗ്രതാ സമിതികൾ രൂപീകരിക്കപ്പെടുന്നത്.

എന്നാൽ 2017 മുതൽ രൂപീകരിക്കപ്പെട്ടിട്ടുള്ള ജനജാഗ്രതാ സമിതികൾ എത്രമാത്രം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട് എന്ന് വിലയിരുത്തേണ്ട ഒരു സമയം കൂടിയാണിത്. മനുഷ്യവന്യജീവി സംഘർഷം കൂടുതലുള്ള വയനാട് ജില്ലയിലെ വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയുമായി അതിര് പങ്കിടുന്നതും സാങ്ച്വറിക്കുള്ളിൽ ഉള്ളതുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നു എന്നാണ് ഈ യാത്രയിൽ പ്രധാനമായും അന്വേഷിച്ചത്. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിൽ വനം വകുപ്പും പഞ്ചായത്തും തദ്ദേശീയ ജനങ്ങളും പങ്കുചേരുന്ന ഒരു പ്രവർത്തന മണ്ഡലം വികസിപ്പിക്കാൻ ജനജാഗ്രതാ സമിതികൾ വഴി കഴിഞ്ഞിട്ടുണ്ടോ? ജനജാഗ്രതാ സമിതികളിലെ അംഗങ്ങളെ നേരിൽ കണ്ടും സമിതി മീറ്റിംഗുകളുടെ മിനിട്സുകൾ പരിശോധിച്ചുമാണ് ഇക്കാര്യം വിലയിരുത്തിയത്.

നാഗർഹോള, ബന്ദിപ്പൂർ, മുതുമലൈ എന്നീ സംരക്ഷിത പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതമാണ് വയനാട് വന്യജീവി സങ്കേതം എന്നതിനാൽ തന്നെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ സംഘർഷങ്ങൾ കൂടുതലാണ്. കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ മാത്രം ഇവിടെ വന്യജീവികളുടെ ആക്രമണത്തിൽ 37 പേർ മരണപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ തന്നെ, വിളനാശത്തിന്റെതായി 567 കേസുകളും കന്നുകാലി നാശത്തിന്റെതായി 789 കേസുകളും മറ്റ് വസ്തുവകകളുടെ നാശവുമായി ബന്ധപ്പെട്ട 7890 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (വനം വകുപ്പ്).

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വയനാട് വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയ മനുഷ്യ വന്യജീവി സംഘർഷത്തിന്റെ കണക്ക്. source:forest department

മൂന്ന് മാസത്തിൽ ഒരിക്കൽ ജനജാഗ്രതാ സമിതി വിളിച്ചുചേർക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത് എങ്കിലും വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായതുകൊണ്ട് തന്നെ വയനാട് വന്യജീവി സങ്കേതവുമായി ചേർന്നുകിടക്കുന്ന പഞ്ചായത്തുകളിലെല്ലാം മാസത്തിലൊരിക്കൽ എങ്കിലും മീറ്റിംഗുകൾ വിളിച്ചുചേർക്കപ്പെടാറുണ്ട്. പ്രദേശത്ത് നിലനിൽക്കുന്ന വന്യജീവി ആക്രമണങ്ങളെക്കുറിച്ചുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും അവ പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയുമാണ് പ്രാഥമികമായും ഇത്തരം സമിതി യോഗങ്ങളിൽ നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വനം വകുപ്പിന്റെയും തുല്യ നേതൃത്വത്തിലാണ് സമിതി യോഗങ്ങൾ വിളിച്ചുചേർക്കപ്പെടുന്നതെങ്കിലും വനം വകുപ്പിന് തന്നെയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ നൽകപ്പെട്ടിരിക്കുന്നത്.

ജനപ്രതിനിധികളെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും മാറ്റി നിർത്തിയാൽ സമിതികളിൽ പങ്കെടുക്കുന്ന കർഷകരും വി.എസ്.എസ്/ഇ.ഡി.സി അംഗങ്ങളും ഓരോ യോഗങ്ങളിലും മാറിക്കൊണ്ടിരിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഓരോ പഞ്ചായത്തുകളിലും അതതു മാസങ്ങളിൽ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണമോ സമാന സംഭവങ്ങളോ നടന്ന വാർഡുകളിൽ നിന്നുമായിരിക്കും അത്തവണ കർഷകരെയും വി.എസ്.എസ്/ഇ.ഡി.സി അംഗങ്ങളെയും തെരെഞ്ഞെടുക്കുക. വി.എസ്.എസ്/ഇ.ഡി.സി അംഗങ്ങളെ തെരെഞ്ഞെടുക്കാനുള്ള ചുമതല അതാത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്കും മൂന്ന് കർഷകരെ നിർദ്ദേശിക്കാനുള്ള ചുമതല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കുമായിരിക്കും. തദ്ദേശീയമായി രൂപപ്പെടുന്ന സംഘർഷത്തിന് തദ്ദേശീയരുടെ നേതൃത്വത്തിൽ തന്നെ പരിഹാരങ്ങൾ കണ്ടെത്തുക എന്ന മുഖമാണ് ജനജാഗ്രതാ സമിതികൾക്ക് പൊതുവിൽ ഉള്ളതെങ്കിലും സമിതിയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് വനം വകുപ്പ് തന്നെയാണ് എന്നതാണ് പ്രധാന പരിമിതിയായി സമിതി അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

വാകേരിയിൽ രണ്ടാമത് ഇറങ്ങിയ കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്. ഫോട്ടോ: റംസീന ഉമൈബ

സമിതികളിൽ ഉയരുന്ന സംവാദങ്ങൾ

പ്രദേശത്തുണ്ടാകുന്ന വന്യജീവി ശല്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ നിലവിൽ വനം വകുപ്പിന്റെ നേതൃത്യത്തിൽ നടപ്പിലാക്കിയ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ കൂടി യോഗത്തിൽ നടക്കാറുണ്ട് എന്ന് മിനിട്സുകൾ വ്യക്താക്കുന്നു. വന്യജീവി ആക്രമണം തടയുന്നതിനായി സ്ഥാപിക്കപ്പെട്ട ഫെൻസിംഗ്, ട്രെഞ്ചുകൾ, കന്മതിലുകൾ തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള വിലയിരുത്തലുകൾ മിക്ക യോഗങ്ങളിലും നടക്കുന്നതായി കണ്ടു. അറ്റകുറ്റപണികൾ ആവശ്യമുള്ള പ്രദേശങ്ങൾ കണ്ടെത്തി ആ വിവരം വനം വകുപ്പിനെ അറിയിക്കുവാനുള്ള ചുമതല കൂടി സമിതി അംഗങ്ങൾ നിർവഹിക്കുന്നുണ്ട്. ഇത്തരത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കിയ കമ്പിവേലികളെ കുറിച്ചും ട്രെഞ്ചിംഗുകളെ കുറിച്ചുമുള്ള വിവരങ്ങൾ യോഗത്തിന്റെ മിനിട്സ് പരിശോധിച്ചപ്പോൾ കാണാൻ കഴിഞ്ഞു. കൃഷിനാശം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക വാച്ചർമാരെ താത്കാലിക ജീവനക്കാരായി നിയമിക്കുവാനുള്ള തീരുമാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. കൃഷിയുടെ വിളവെടുപ്പ് സമയമാവുമ്പോൾ വന്യജീവികൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്ന സാഹചര്യം കൂടുന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ പാഡി വാച്ചർമാരെ നിയമിക്കുന്നുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് ഇത്തരം താത്കാലിക വാച്ചർമാരെ നിയമിക്കുന്നത്. പ്രദേശവാസികളെ തന്നെ ഇത്തരം ഗാഡുമാരായി നിയമിക്കുന്നതിനാൽ ചിലർക്കെങ്കിലുമുള്ള തൊഴിൽ സാധ്യത ഇതുവഴി ഉറപ്പാക്കാൻ ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം വഴി നടക്കുന്നുണ്ട്.

തേക്ക്, അക്വേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ പ്ലാന്റേഷനുകൾ ഉള്ള ഭാഗങ്ങളിൽ വന്യജീവികൾക്ക് തങ്ങളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നുവെന്നും അവിടങ്ങളിൽ വരൾച്ചയുണ്ടാക്കുന്നതിനും വന്യജീവികൾക്ക് വിഭവ ദൗർലഭ്യമുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞതിനാൽ അശാസ്ത്രീയ വനവത്കരണത്തിനെതിരെയുള്ള നിരവധി ചർച്ചകൾ പല യോഗങ്ങളിലും ഉയർന്നുവന്നതായി കണ്ടു. അധിനിവേശ സസ്യങ്ങൾ വെട്ടിമാറ്റി അവിടങ്ങളിൽ സ്വാഭാവിക വനവത്കരണം നടത്തണമെന്നും അതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമുള്ള അഭിപ്രായങ്ങളും മിക്ക യോഗങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്.

തിരുനെല്ലി പഞ്ചായത്തിൽ വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്ന മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റി അവിടെ സ്വാഭാവിക വനവത്കരണം നടത്തുന്നതിനാവശ്യമായ നടപടികളിൽ തദ്ദേശീയ ജനതയെ കൂടി ഉൾപ്പെടുത്തി ചെയ്യാൻ കഴിയുന്നതാണ് എന്ന് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ പറയുന്നു. “മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ഇത്തരമൊരു തീരുമാനം എടുക്കാവുന്നതാണ്. ഈ പ്രദേശങ്ങളിൽ മാത്രം കൂടുതൽ തൊഴിൽ ദിനങ്ങൾ അനുവദിച്ചുക്കൊണ്ടും ഇതിനായി കൂടുതൽ ഫണ്ട് വകയിരുത്തിക്കൊണ്ടും പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ട് തന്നെ മഞ്ഞക്കൊന്ന പിഴുതു മാറ്റുന്നതിനുള്ള ജോലികൾ ചെയ്യിക്കാവുന്നതാണ്. മഞ്ഞക്കൊന്നയുടെ കാര്യത്തിൽ മാത്രമല്ല, അറ്റകുറ്റ പണികൾ ചെയ്യേണ്ടുന്ന ഫെൻസിംഗുകളുടെയും ട്രെഞ്ചുകളുടെയും കാര്യത്തിൽ തൊഴിലുറപ്പു തൊഴിലാളികളെ പങ്കാളികളാക്കാവുന്നതാണ്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനൊപ്പം തന്നെ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കുവാനും ഇത് സഹായിക്കും”.

“വന്യജീവി ആക്രമണം തടയുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് തൊഴിലും വേതനവും ലഭിക്കുന്ന അവസ്ഥയുണ്ടായാൽ വനം വകുപ്പിനെതിരയുള്ള ജനങ്ങളുടെ എതിർപ്പുകൾ മാറുമെന്നും മനുഷ്യ-വന്യജീവി സംഘർഷം ഇല്ലാതാക്കുന്നതിൽ ജനങ്ങൾ കൂടി ശ്രമിക്കേണ്ടതുണ്ടെന്നുമുള്ള ഒരു തോന്നൽ ജനങ്ങൾക്കുണ്ടാകും. നിലവിലുള്ള പ്രവർത്തനങ്ങലെല്ലാം വനം വകുപ്പ് മാത്രമാണ് ചെയ്യുന്നത് എന്നതിനാൽ സംഘർഷങ്ങൾക്കെല്ലാം വനം വകുപ്പ് മാത്രമാണ് ഉത്തരവാദികളെന്ന ഒരു തോന്നൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ജനകീയ പ്രവർത്തനങ്ങൾ വഴി അത്തരം തോന്നലുകൾ മാറുകയും ജനങ്ങൾക്ക് കൂടി പങ്കാളിത്തം അനുഭവപ്പെടുകയും ചെയ്യും.” തിരുനെല്ലി മുത്തുമാരി വാർഡിലെ ജനപ്രതിനിധി വി. ബേബി പങ്കുവെച്ചു.

ഹാൻഗിംഗ് ഫെൻസിംഗ് എന്നത് സംഘർഷ ലഘൂകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ പദ്ധതിയാണെന്ന് എല്ലാ ജനജാഗ്രതാ സമിതികളിലും അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി, നൂൽപ്പുഴ, പൂതാടി എന്നീ പഞ്ചായത്തുകളിൽ അവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. ഇതിനായി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്, ത്രിതല പഞ്ചായത്തുകളിലെ മറ്റു ഫണ്ടുകൾ എന്നിവയിൽ നിന്നുമാണ് ഫണ്ട് വകയിരിത്തിരിക്കുന്നത്. കോടി കണക്കിന് രൂപ ചിലവ് വരുന്ന ഇത്തരം പദ്ധതികൾക്കായി പഞ്ചായത്തിന് സ്വന്തമായി ഫണ്ട് ഇല്ല എന്നാണ് ജനപ്രതിനിധികൾ ജനജാഗ്രതാ സമിതികളിൽ ഉന്നയിക്കുന്ന പ്രധാന പരാതി. “നിലവിൽ പഞ്ചായത്തുകൾക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളിൽ നിന്നും മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കാനുള്ള ഫണ്ട് ഇല്ലാത്തതിനാൽ, സംഘർഷം രൂക്ഷമായ പഞ്ചായത്തുകൾക്കെങ്കിലും കൂടുതൽ ഫണ്ട് അനുവദിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ജനജാഗ്രത സമിതികളിലെടുക്കുന്ന പ്രായോഗികമായ പല തീരുമാനങ്ങളും നടപ്പിലാക്കാൻ കഴിയാതെ പോകുന്നത് ഫണ്ടിന്റെ അഭാവമുള്ളതുകൊണ്ടാണ്. വനം വകുപ്പിന് സാധ്യമായ പ്രവർത്തനങ്ങൾ വനം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുകയാണിപ്പോൾ. പല പദ്ധതികളും ആലോചിക്കുമ്പോൾ അതിനുള്ള ഫണ്ട് കൂടി കണ്ടെത്തേണ്ട ബാധ്യത പഞ്ചായത്തുകൾക്കുണ്ട്.” പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ പറഞ്ഞു.

ജനജാഗ്രത സമിതികളിൽ കൂടുതലായി ഉയർന്നുവന്ന മറ്റൊരു ചർച്ച സ്വയം സന്നദ്ധ പുനരധിവാസവുമായി ബന്ധപ്പെട്ടാണ്. സംഘർഷം അധികമുള്ള വനപ്രദേശങ്ങളിൽ നിന്നും ആദിവാസികൾ അടക്കമുള്ള ജനവിഭാഗങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. “ആളുകളെ മാറ്റി താമസിപ്പിക്കുക എന്നത് അത്ര എളുപ്പത്തിലോ ലളിതമായോ നടക്കുന്ന കാര്യമല്ല. പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് വളരെ തുച്ഛമായ അളവിലുള്ള നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. വനത്തിനുള്ളിൽ അഞ്ച് സെന്റ് ഭൂമിയുള്ളവർക്കും അഞ്ചോ പത്തോ ഏക്കറുകളുള്ളവർക്കു പോലും പത്തു ലക്ഷം രൂപയാണ് ലഭിക്കുന്നത് (15 ലക്ഷമായി പിന്നീട് ഉയർത്തിയിരുന്നു). ഈ പൈസയ്ക്ക് ഇന്ന് മറ്റെവിടെയെങ്കിലും ഭൂമി ലഭിക്കുക എന്നതും വീട് നിർമ്മിക്കുക എന്നതും പ്രയാസമുള്ള കാര്യമാണ്. മാത്രവുമല്ല, കാലങ്ങളായി വനത്തെ ആശ്രയിച്ച് ജീവിക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ച് വനത്തിന് പുറത്ത് ജീവിത മാർഗം കണ്ടെത്തുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. പലരും ആദ്യ ഗഡുവായി ലഭിച്ച പണം ചിലവഴിച്ച് തീർത്തതായും കാണുന്നുണ്ട്. ഇത്തരത്തിൽ ഒരുപാട് പ്രതിസന്ധികളെ കൂടി തരണം ചെയ്താൽ മാത്രമാണ് ഈ സ്കീം വിജയിപ്പിക്കാനാവുക. നൂൽപ്പുഴ പഞ്ചായത്തിലെ അമ്മവയൽ, ഗോളൂർ എന്നീ പ്രദേശങ്ങളിലെ മുഴുവൻ ആളുകളെയും കുറിച്യാട്, ചെട്ടിയാലത്തൂർ എന്നിവിടങ്ങളിലെ ജനങ്ങളെ ഭാഗികമായും മാറ്റിത്താമസിപ്പിച്ചതാണ്. എന്നാൽ, പുനരധിവസിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ ജീവനോപാധി കണ്ടെത്താനാവാതെ പലരും തിരിച്ചുവരുന്ന സാഹചര്യവും ഇവിടുണ്ട്.” നൂൽപ്പുഴയിലെ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബെന്നി കയനിക്കൽ പറയുന്നു. (സമാനമായ രീതിയിൽ തിരുനെല്ലി പഞ്ചായത്തിലെ നരിമുണ്ടക്കൊല്ലി, ഗോട്ടിയൂർ, പുഞ്ചവയൽ എന്നീ പ്രദേശങ്ങളിലും മാറ്റി താമസിപ്പിക്കൽ നടന്നിട്ടുണ്ട്)

ബെന്നി കയനിക്കൽ

വന്യജീവി ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ ജനജാഗ്രതാ സമിതികളുടെ മുൻകൈയ്യിൽ നടക്കേണ്ടതുണ്ടെന്ന് പല യോഗങ്ങളിലും അഭിപ്രായമുയർന്നിട്ടുള്ളതായി പൂതാടിയിലെ വി.എസ്.എസ് അംഗമായ ജോണി കാനാപറമ്പിൽ പറഞ്ഞു. “പലപ്പോഴും വിള നാശത്തിനും കന്നുകാലി നാശത്തിനും ജീവനാശത്തിനുമെല്ലാമുള്ള നഷ്ടപരിഹാരം വളരെയധികം താമസിച്ചാണ് ലഭിക്കുന്നത്. വീടുകൾ നഷ്പ്പെട്ടവർക്ക് പോലും വളരെ വൈകിയാണ് നഷ്ടപരിഹാര തുക ലഭിക്കുന്നത്. ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ നികത്താൻ ഈ തുക മതിയാകാതെ വരാറുമുണ്ട്. വിളനാശമുണ്ടാകുന്ന കർഷകരെ സംബന്ധിച്ച് നഷ്ടപരിഹാര തുക ലഭിക്കാതിരിക്കുന്നതും ലഭിക്കാൻ വൈകുന്നതുമെല്ലാം വളരെയേറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ജനങ്ങൾ പലപ്പോഴും രോഷാകുലരാകാനുള്ള കാരണം ഇതു ന്നെയാണ്. ഇക്കാര്യങ്ങളെല്ലാം ജനജാഗ്രത സമിതികളിൽ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇതുവരെ അതിന്മേൽ ആക്ഷൻ എടുത്തിട്ടില്ലെങ്കിലും ആ ചർച്ച തന്നെ വളരെയധികം ആശ്വാസം നൽകുന്നുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാനൊരു വേദിയുണ്ടാകുന്നുണ്ടല്ലോ.”

ജോണി കാനാപറമ്പിൽ

ജനജാഗ്രത സമിതികൾ രൂപപ്പെട്ടത് നടക്കുന്ന ചർച്ചകൾ വളരെയധികം പ്രതീക്ഷ നൽകുന്നതായി മറ്റൊരു ഇ.ഡി.എസ് പ്രവർത്തകനായ തിരുനെല്ലിയിലെ സി.കെ പുരുഷോത്തമൻ പറയുന്നു. “യോഗങ്ങളിലുണ്ടാകുന്ന ചർച്ചകളും തീരുമാനങ്ങളും ഞങ്ങൾ മറ്റു ഇ.ഡി.എസ്/വി.എസ്.എസ് അംഗങ്ങളുമായി പങ്കുവെക്കാറുണ്ട്. കാര്യമായ പ്രവർത്തനങ്ങളൊന്നും ജനജാഗ്രത സമിതിയുടെ തീരുമാന പ്രകാരം നടന്നതായി തോന്നുന്നില്ല. പല തീരുമാനങ്ങളുമെടുക്കാറുണ്ടെങ്കിലും അവയെല്ലാം തന്നെ നടപ്പിലാക്കുന്നില്ല. വനം വകുപ്പിനെ സംബന്ധിച്ച് എല്ലാം നടപ്പിലാക്കാൻ പ്രയാസവുമാണ്. എങ്കിലും ജനങ്ങളും ജനപ്രതിനിധികളും വനം വകുപ്പും ഒരുമിച്ചിരുന്ന് പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.”

സി.കെ പുരുഷോത്തമൻ

എന്നാൽ ഭൂരിഭാഗം പേരുടെയും അഭിപ്രായത്തിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പദ്ധതികൾ ആലോചിക്കുന്നതിലോ അവയുടെ നടപ്പിലാക്കലുകളിലോ ജനങ്ങൾക്ക് പങ്കാളിത്തം ലഭിക്കുക എന്നതിനെ വനം വകുപ്പ് തന്നെ സ്വാഗതം ചെയ്യുന്നില്ല എന്നാണ് മനസ്സിലാകുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും തദ്ദേശ ജനങ്ങൾക്കും പങ്കാളിത്തം ഉള്ളത് ജനജാഗ്രത സമിതികളുടെ മീറ്റിംഗുകളിൽ മാത്രമാണ് എന്നതാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം. കൂടുതൽ പേരുടെയും അഭിപ്രായം ഇങ്ങനെയാണ്, “വനം വകുപ്പിന്റെ അതോറിറ്റി നഷ്ടപ്പെടുമെന്ന കരുതിയാവണം സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിലൊന്നും തന്നെ ജനങ്ങളെ ഉൾപ്പെടുത്താത്തത്. ഇ.ഡി.എസ്/വി.എസ്.എസ് അംഗങ്ങളുടെ മുൻകൈയ്യിൽ പല പ്രവർത്തനങ്ങളും നടത്താറുണ്ട്. കാട്ടു തീ തടയുക, അടിക്കാടുകൾ വെട്ടുക, ചെറിയ രീതിയിലുള്ള അറ്റകുറ്റ പണികൾ ചെയ്യുക എന്നിവയെല്ലാം. ജനജാഗ്രതാ സമിതിയുടെ അധികാരങ്ങളെ കൂടുതൽ വികസിപ്പിക്കുന്നതിലൂടെ മാത്രമേ സംഘർഷം ലഘൂകരിക്കാനാവൂ.”

“നിരന്തരമായി വന്യജീവി ആക്രമണം നേരിടുന്ന ഒരു കർഷകനാണ് ഞാൻ. കഴിഞ്ഞ അഞ്ച് വർഷ കാലമായി പന്നി, മാൻ, കുരങ്ങ് എന്നീ ജീവികളെല്ലാം എന്റെ വിളകൾ നശിപ്പിക്കാറുണ്ട്. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചുവെങ്കിലും അവ പലപ്പോഴും വളരെ വൈകിയാണ് ലഭിക്കുന്നത്. തുടർച്ചയായി ആക്രണം നേരിടുമ്പോൾ വളരെയേറെ നിരാശനാവാറുണ്ട്. കൃഷി നിർത്തിയാലോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരു കർഷക പ്രതിനിധിയായി കഴിഞ്ഞ വർഷം മുതലാണ് ഞാൻ ജനജാഗ്രത സമിതിയിൽ പങ്കെടുത്തു തുടങ്ങിയത്. അന്നവിടെ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. മുമ്പെങ്ങും അങ്ങിനെ സംസാരിക്കാൻ ഒരു വേദിയില്ലായിരുന്നു. വന്യജീവി ആക്രമണങ്ങൾ മൂലം കൃഷിയും കന്നുകാലികളും ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അവയെല്ലാം ചർച്ച ചെയ്യാനൊരു വേദിയുണ്ടാകുന്നുണ്ട് എന്നത് ഒരു പ്രതീക്ഷ നൽകുന്നുണ്ട്.” കർഷകനായ സുരേഷ് പറയുന്നു.

കൃഷിരീതിയിലുണ്ടായ മാറ്റങ്ങളാണ് വന്യജീവികൾ കൃഷിയിടങ്ങളിലേക്കെത്തുന്നതിനുള്ള കാരണമെന്നും ആയതിനാൽ വന്യജീവികളെ ആകർഷിക്കുന്ന തരത്തിലുള്ള ഭക്ഷ്യ-നാണ്യ വിളകൾ കൃഷി ചെയ്യുന്നതിൽ നിന്നും കർഷകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പല യോഗങ്ങളിലും ചർച്ച ഉയർന്നതായി കാണാം. ഇവയെ കുറിച്ചുള്ള അവബോധം കർഷകർക്ക് നൽകുന്നതിനായി എല്ലാ ജനജാഗ്രതാ സമിതി അംഗങ്ങളും ശ്രമിക്കണമെന്നും യോഗങ്ങളിൽ അഭിപ്രായമുണ്ടായിട്ടുണ്ട്.

വാകേരിയിൽ കടുവയെ തിരയുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥർ.

സ്ത്രീകളുടെ പങ്കാളിത്തം

ജനജാഗ്രതാ സമിതികളുടെ യോഗങ്ങൾ പരിശോധിക്കുമ്പോൾ ശ്രദ്ധേയമായി തോന്നിയത് സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലാണ് എന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ പകുതിയും സ്ത്രീകളാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. “പഞ്ചായത്തുകളിലെ മറ്റു വിഷയങ്ങളോടൊപ്പം തന്നെ മനുഷ്യ-വന്യജീവി സംഘർഷത്തെ കുറിച്ചും ആഴത്തിലുള്ള അറിവ് ലഭിക്കുന്നതിന് ഈ മീറ്റിംഗുകൾ സഹായിക്കാറുണ്ട്. മനുഷ്യ പക്ഷത്ത് നിന്ന് ഈ പ്രശ്നത്തെ കാണുന്നതിന് പകരം വന്യജീവി സംരക്ഷണത്തെ കുറിച്ചും വന്യജീവികൾ കാടിറങ്ങി വരുന്നതിന്റെ കാരണങ്ങളെ കുറിച്ചുമെല്ലാമുള്ള അറിവ് ലഭിക്കുന്നുണ്ട്. വന്യജീവികളുടെ സ്വഭാവത്തിലുണ്ടായ മാറ്റം, അവരുടെ ആവാസ വ്യവസ്ഥ തകരുന്നതിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കാൻ കഴിയാറുണ്ട്. സമിതികളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ വാർഡുകളിലെ ജനങ്ങളുമായി സംസാരിക്കാൻ അതുവഴി കഴിയുന്നുണ്ട്.” തിരുനെല്ലിയിലെ വൈസ് പ്രസിഡന്റ് സി.ടി വത്സല കുമാരി പറയുന്നു.

ജനജാഗ്രതാ സമിതികളുടെ പരിമിതികൾ

ജനജാഗ്രത സമിതികൾക്ക് ഒരുപാട് സാധ്യതകളുള്ളതുപോലെ തന്നെ ഒരുപാട് പരിമിതികളും ഉണ്ടെന്ന് നിലവിലെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നുണ്ട്. ജനപങ്കാളിത്തത്തോടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാൻ കഴിയുന്നു എന്നതിനപ്പുറത്തേക്ക് അവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പിലാക്കുന്ന ഘട്ടങ്ങളിൽ ജനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാറ്റി നിർത്തുന്നു എന്നതു തന്നെയാണ് പ്രധാന വിമർശനം. വനവും വന്യജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരി വനം വകുപ്പാണ് എന്നതിനാൽ വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ചുമതല അവരിൽ മാത്രമായി ചുരുങ്ങുകയാണ്.

നിലവിൽ, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരങ്ങളില്ല. അവരവരുടെ പ്രദേശത്തെ വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ യാതൊരു അധികാരവുമില്ലാത്തതിനാൽ പഞ്ചായത്തുകൾക്ക് ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിയുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ ആകെയുള്ള ഇടപെടൽ സാധ്യത ജനജാഗ്രതാ സമിതികളിൽ മാത്രമായി ഒതുങ്ങുകയാണ്. “ജനങ്ങൾക്കും വന്യജീവികൾക്കും പ്രശ്നങ്ങളില്ലാത്ത രീതിയിലുള്ള പരിഹാര മാർഗങ്ങളെ കുറിച്ച് ധാരണകളുള്ളവർ ഓരോ പ്രദേശത്തുമുണ്ട്. എന്നാൽ അവരുടെ അറിവുകളോ അനുഭവങ്ങളോ ഫലപ്രദമായി ഉപയോഗിക്കപ്പെടാനുള്ള ഒരു അധികാരം ഘടനാപരമായി തന്നെ ജനജാഗ്രത സമിതിക്കില്ല. ഇവയെല്ലാം പ്രാവർത്തികമാക്കാനുള്ള ഫണ്ടും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കില്ല. ഏതെങ്കിലും രീതിയിൽ ഫണ്ട് വകയിരുത്തിയാൽ തന്നെ വനം വകുപ്പിന്റെ അനുവാദമില്ലാതെ പഞ്ചായത്തുകൾക്ക് മാത്രമായി ഒരു തീരുമാനമെടുക്കാനും കഴിയില്ല. വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഫെൻസിംഗ് കെട്ടുന്നതിനോ റോഡ് പണിയുന്നതിനോ വനം വകുപ്പിന്റെ അംഗീകാരം വേണം. ഇതിനുള്ള നിബന്ധനങ്ങളെല്ലാം പാലിച്ച് അവയ്ക്ക് അംഗീകാരം ലഭിക്കുമ്പോഴേക്കും ഒരുപാട് കാലതാമസമെടുക്കും. ചിലപ്പോൾ അനുവാദം കിട്ടാറുപോലുമില്ല.” തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വനവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും പലരും അഭിപ്രായപ്പെട്ടു. നിലവിലുള്ള വന നിയമങ്ങൾ ജനപങ്കാളിത്തത്തോടെയുള്ള വന്യജീവി സംഘർഷ ലഘൂകരണത്തിന് സാധ്യത തുറന്ന് തരുന്നില്ല. അതുകൊണ്ടുതന്നെ ജനജാഗ്രതാ സമിതികൾ പോലെ ഒരു പങ്കാളിത്ത സംവിധാനം രൂപപ്പെടുത്തുമ്പോൾ അതിന് കൂടുതൽ അധികാരങ്ങൾ കൈമാറുന്നതിന് നിലവിലെ നിയമങ്ങൾക്ക് അപര്യാപ്തതയുണ്ട് എന്ന് ജനജാഗ്രത സമിതി അംഗമായ ഇമ്മാനുവേൽ പറയുന്നു, “ജനജാഗ്രത സമിതിയുടെ പ്രവർത്തനങ്ങളെ പരിശോധിക്കുമ്പോഴും അത് വ്യക്തമാകുന്നതാണ്. ജനങ്ങൾ രോഷാകുലരാകുമ്പോഴും പരിഭ്രാന്തരാകുമ്പോഴും അവരെ താത്കാലികമായി ആശ്വസിപ്പിക്കാനെന്നോളം പല പ്രവർത്തനങ്ങളും നടത്തുകയാണെന്ന് തോന്നിയിട്ടുണ്ട്. വന്യജീവി ആക്രമണം മൂലം പൊറുതിമുട്ടിയ സാധാരണ ജനങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനോ അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യാനോ വനം വകുപ്പിനാവാറില്ല.”

കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് വാകേരിയിലെ ജനങ്ങൾ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ. കടപ്പാട്:thehindu

ശക്തിപ്പെടുന്ന അധികാര വികേന്ദ്രീകരണം

ജനജാഗ്രതാ സമിതിയിലെ പ്രവർത്തനങ്ങൾ വഴി സ്വന്തം പ്രദേശത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ പരിഹരിക്കാനും പ്രാപ്തരാക്കപ്പെടുന്നുണ്ടെന്ന് പല സമിതി അംഗങ്ങളും വിലയിരുത്തുകയുണ്ടായി. “ഒരു ജനപ്രതിനിധി എന്ന നിലയിൽ സമിതിയിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത് സ്വന്തം വാർഡുകളിൽ പോയി ആത്മവിശ്വാസത്തോടെ വർക്ക് ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം എന്റെ വാർഡിലാണ് കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. തന്റെ കന്നുകാലികൾക്ക് പുല്ലരിയാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഇതുവരെയും കടുവയുടെ സാന്നിദ്ധ്യമില്ലാത്ത പ്രദേശമായിരുന്നു അത്. ജനങ്ങളെല്ലാം പേടിച്ച് പരിഭ്രാന്തരായി. വൈകീട്ട് അഞ്ചു മണി കഴിഞ്ഞാൽ ആരും പുറത്തിറങ്ങാതായി. കുട്ടികളെ സ്കൂളിലേക്കയക്കാൻ പലരും ഭയന്നു. ആ കടുവയെ വനം വകുപ്പ് പിടി കൂടുന്നതു വരെ ഒരു സമാധാനവുമുണ്ടായിരുന്നില്ല. പത്തു ദിവസങ്ങൾക്ക് ശേഷമാണ് ആ കടുവയെ പിടികൂടിയത്. അതുവരെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ സമ്മർദ്ദമാണ് അനുഭവിച്ചത്. ഇത്തരമൊരു സംഭവം ആദ്യമായതുകൊണ്ട് ആ സാഹചര്യത്തെയെല്ലാം നേരിടുക എന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. എന്നാൽ ഞാൻ പഞ്ചായത്ത് മെമ്പർ ആയതിന് ശേഷം നടന്ന എല്ലാ ജനജാഗ്രതാ സമിതി യോഗങ്ങളിലും ഞാൻ പങ്കെടുത്തിട്ടുള്ളതുകൊണ്ടാവണം ആ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള അവബോധം എനിക്ക് ലഭിച്ചിരുന്നു.” മൂടൻകൊല്ലിയിലെ വാർഡ് മെമ്പർ രുഗ്മിണി സുബ്രഹ്മണ്യൻ പറഞ്ഞു.

മറികടക്കേണ്ട പരിമിതികൾ

1. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുക, അഭിപ്രായങ്ങൾ നിർദ്ദേശിക്കുക എന്നതിൽ മാത്രമാണ് ജനങ്ങൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളും പങ്കാളിത്തം ലഭിക്കുന്നത്. തീരുമാനങ്ങൾ നടപ്പിലാക്കുന്ന ഘട്ടത്തിൽ നിന്നും ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒഴിവാക്കപ്പെടുന്നു. പദ്ധതികൾ നടപ്പിലാക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തവും അധികാരവും വനം വകുപ്പിൽ നിക്ഷിപ്തമായിരിക്കുന്നു.

2. ജനജാഗ്രത സമിതിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് യാതൊരുവിധ മോണിറ്ററിംഗും നടക്കുന്നില്ല.

3. ഇ.ഡി.എസ്/വി.എസ്.എസ് അംഗങ്ങളും മൂന്ന് കർഷകരും മാത്രമാണ് തദ്ദേശീയ ജനതയുടെ പ്രതിനിധികളായി ജനജാഗ്രതാ സമിതികളിൽ അംഗങ്ങളാകുന്നത്. ഇത് കൂട്ടേണ്ടത് വളരെ അനിവാര്യമാണ്. പ്രദേശത്തെ സന്നദ്ധ സംഘടനകൾക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും പങ്കാളിത്തം ലഭിക്കുന്ന തരത്തിലുള്ള ഘടന കൂടി ജനജാഗ്രത സമിതികൾക്കുണ്ടാകണം.

കാട്ടാനയിറങ്ങുമ്പോഴോ കടുവയോ കരടിയോ നാട്ടിലേക്ക് എത്തുമ്പോഴോ ആവലാതികൾക്കും അതിൽ നിന്നും രൂപപ്പെടുന്ന സമ്മർദ്ദങ്ങൾക്കും അപ്പുറം കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ തീർച്ചയായും നമുക്ക് കഴിയേണ്ടതുണ്ട്. അതിനുള്ള ഒരു മാർഗമായി ജനജാഗ്രതാ സമിതികളെ വികസിപ്പിക്കാവുന്നതാണ്, ഇരുഭാഗത്തും മരണങ്ങളുണ്ടാകാതിരിക്കാനുള്ള ഒരു കൂട്ടായ ശ്രമം. ഭരണനിർവഹണത്തിൽ പങ്കുചേരാൻ പൗരർക്ക് കൂടുതൽ അവസരം നൽകുന്ന അടിസ്ഥാനതല ജനാധിപത്യത്തിന്റെ (grass-root democracy) ശക്തിപ്പെടൽ കൂടി ജനജാഗ്രതാ സമിതികൾ പോലെയുള്ള വികേന്ദ്രീകൃത സംവിധാനങ്ങൾ വഴി സാധ്യമാകുന്നുണ്ട് എന്നാണ് ഈ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത്. അതുകൊണ്ടു തന്നെ ജനജാഗ്രതാ സമിതികളുടെ പരിമിതകൾ തിരിച്ചറിഞ്ഞുകൊണ്ടും നിയമപരമായി കൂടുതൽ അധികാരങ്ങൾ നൽകിയും ഇത്തരം അടിസ്ഥാനതല ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുമുണ്ട്. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പരിഹാരത്തിന് ഇതല്ലാതെയുള്ള കേന്ദ്രീകൃത മാർഗങ്ങളെല്ലാം വീണ്ടും പരാജയപ്പെടുകയേയുള്ളൂ.

Also Read

19 minutes read February 9, 2024 2:44 pm