കാടും നാടും വേർതിരിക്കുന്നത് എങ്ങനെ?

‘കാടിനെയും നാടിനെയും വേർതിരിക്കുക…’ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതില്‍ സഹികെട്ട് ആളുകൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. കഴിഞ്ഞ ഒരു ഇരുപതോ മുപ്പതോ വർഷമേ ആയിട്ടുള്ളൂ നമ്മൾ ഈയൊരാവശ്യം കേൾക്കാൻ തുടങ്ങിയിട്ട്. എന്തുകൊണ്ടാണ് ഇത്രയും കാലം നമ്മൾ കാടും നാടും വേർതിരിക്കുക എന്നുള്ള ആശയം വനാതിര്‍ത്തിയില്‍ ജീവിക്കുന്ന ആളുകളിൽ നിന്നും കേൾക്കാതിരുന്നത് ? ആ ആശയം എത്രത്തോളം പ്രായോഗികമാണ്?

ഭൂമിയില്‍ മനുഷ്യന്റെ തുടര്‍ച്ച ആവശ്യമല്ലെന്ന് തിരിച്ചറിയുന്ന നിമിഷം മാത്രമേ യഥാര്‍ത്ഥത്തില്‍ നമുക്ക് കാടും നാടും വേർതിരിക്കുന്നതിനെയും വന്യജീവികളുടെ വംശഹത്യകളെയും അംഗീകരിക്കാനാവൂ. അതുവരെ നമുക്കുചുറ്റും ഉള്ള ജൈവവവൈവിധ്യത്തോടൊപ്പം ആരോഗ്യത്തോടെ സസന്തോഷം ജീവിക്കാനുള മാർഗ്ഗങ്ങളാണ് നാം കണ്ടെത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും. എന്നാലിന്ന് കേരളത്തില്‍, വന്യജീവി സംഘര്‍ഷങ്ങളുടെ പേരില്‍, അധികാര രാഷ്ട്രീയ താല്പര്യങ്ങളും മാധ്യമങ്ങളുടെ കച്ചവട താല്പര്യങ്ങളും ചേര്‍ന്ന്, വന്യജീവികളോടുള്ള ഭയം ആളുകളില്‍ ആഴത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ യഥാര്‍ത്തത്തില്‍ വന്യജീവി സംഘര്‍ഷത്തെക്കാള്‍ മാരകമായ രീതിയില്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ വളര്‍ത്തി മനുഷ്യസംസ്കാരത്തെത്തന്നെ പിന്നോട്ട് നയിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെയെല്ലാം ഫലമായി ഇന്ന് വന്യജീവികളെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ആളുകള്‍ക്കിടയില്‍പ്പോലും വന്യജീവി എന്ന് കേട്ടാല്‍ ഭയമാണ് ആദ്യം ഉയരുന്നത്. ഭയം മനുഷ്യന്റെ ജീവപരിണാമത്തിന് ഒഴിവാക്കാനാവാത്ത ഒന്നുതന്നെയാണ്. ഏതൊന്നിനെയും കൂടുതൽ അറിയുന്നതിലൂടെയാണ് മനുഷ്യനിൽ ഉൾച്ചേർന്നിരിക്കുന്ന ഭയം നീങ്ങുന്നത്. അങ്ങനെയാണ് നമുക്കിന്നുള്ള സവിശേഷമായ പല കഴിവുകളും ഉണ്ടായിട്ടുള്ളതും. വന്യതയോടുള്ള ഭയവും അങ്ങനെ തന്നെയാണ്. എല്ലാത്തിന്നെയും കൂടുതൽ കൂടുതൽ മനസ്സിലാക്കി അറിവുകൊണ്ടും ക്രിയാത്മകത കൊണ്ടും ആരോഗ്യകരമായി അതിജീവിക്കേണ്ട ഒന്നാണ് ഭയം. ആളുകളില്‍ ഭയം വളര്‍ത്തുക എന്നതിന് പിന്നില്‍ ചൂഷണം മാത്രമാണ് ലക്ഷ്യമെന്നു നാം മനസ്സിലാക്കിയേ മതിയാവൂ.

കടപ്പാട്:wikicommons

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പിലെ ഓഫീസർമാരിൽ ചിലരോട് പങ്കാളിത്ത വനപരിപാലനത്തിന്റെ പ്രാധാന്യം വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വളരേ വലുതല്ലേ എന്ന ചോദ്യമുന്നയിച്ചപ്പോൾ അവർ പറഞ്ഞു “വനാശ്രിത സമൂഹ ആൾക്കിടയില്‍ മാത്രമേ നമുക്കതുകൊണ്ട് പ്രയോജനമുള്ളൂ, ഇപ്പോൾ നമ്മുടെ വനസംരക്ഷണ സമിതികളിൽപ്പോലും അധികവും അങ്ങിനെയുള്ളവരല്ല പകരം രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ അവ പോലും പ്രവർത്തിക്കുന്നത്.”

നാളിതുവരെ നമ്മൾ കണ്ട വനസംരക്ഷണ പ്രവർത്തനങ്ങളിലെല്ലാം പ്രധാനമായും കണ്ടിരുന്ന ഒരു ആശയമായിരുന്നു ആളുകൾക്ക് വനത്തിനോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവന്ന് കാടിനെ സംരക്ഷിക്കുക എന്നത്. അതിന്റെ ഫലമായി കാടിനകത്തുള്ള ആളുകളുടെ ഇടപെടലുകൾ ക്രമേണ കുറച്ചു കുറച്ചു കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു. കാലിമേയ്ക്കാനും, വിറകെടുക്കാനും, വനവിഭവങ്ങൾക്ക് വേണ്ടിയും എല്ലാം ആളുകൾ നിരന്തരം കാടിനെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ടി കാടിനെ ആശ്രയിച്ചിരുന്നവർ. വനാതിർത്തിയിൽ താമസിച്ചിരുന്നവരിൽ ഭൂരിപക്ഷവും അത്തരക്കാരായിരുന്നു. കാടിനോട് നിരന്തരം ഇടപഴകുന്നതിലൂടെ അവർ നേടിയ അറിവുകൾ അവർക്ക് കാടിനോടും വന്യമൃഗങ്ങളോടുമുള്ള ഭയം വളരേ കുറയാൻ സഹായിച്ചു. ശ്രദ്ധയോടെ കാട്ടിൽ നടക്കാൻ പഠിച്ച അവർ വലിയ ജീവികളുടെ പെരുമാറ്റങ്ങളെ നിരീക്ഷിച്ച് അവയുടെ സ്വഭാവങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് സ്വന്തം ജീവിതം ക്രമപ്പെടുത്തി. അവിടെ നിന്നും പഠിച്ച അറിവിന്റെ ബലത്തിൽ കാടോരത്ത് അവരും കൃഷി ചെയ്തു. വനാതിർത്തികളിൽ നിന്നും അകലത്തിലുള്ള ആളുകൾ ചെയ്തിരുന്ന എല്ലാത്തരം കൃഷികളും അവർ അവിടെ ചെയ്തിരുന്നു. വന്യമൃഗങ്ങൾ അന്നും അവിടെ സ്ഥിരമായി ഇറങ്ങുമായിരുന്നു. എന്നാല്‍ അവർ നേടിയ അറിവിന്റെ വെളിച്ചത്തിൽ, ആ അറിവ് നല്കിയ ആത്മധൈര്യത്തിൽ, ആ മൃഗങ്ങളെ അവർ ഫലപ്രദമായി പ്രതിരോധിച്ചു. അവിടെ കൃഷി അതിജീവിച്ചു. വനാതിർത്തികളിലെ കൃഷിയിടങ്ങളിൽ വച്ച് തന്നെ അവർ മൃഗങ്ങളെ കാട്ടിലേക്ക് തിരികെ കയറ്റി. അതുകൊണ്ടുതന്നെ വനാതിർത്തിയിൽ നിന്നും മാറിയുള്ള ഗ്രാമങ്ങളിലെ ജീവിതവും കൃഷിയും വന്യജീവി ഭയമില്ലാതെ സുഗമമായി മുന്നോട്ടുപോവുകയും ചെയ്തു.

വയനാട് വന്യജീവി സങ്കേതത്തിലെ സെന്ന ബാധിത പ്രദേശത്ത് ആന. ഫോട്ടോ: പി.എ വിനയൻ. കടപ്പാട്:onmanorama.com

വനാശ്രിത സമൂഹങ്ങളുടെ ആവശ്യങ്ങൾ നാൾക്കു നാൾ വർദ്ധിച്ചു വരുന്ന സാമൂഹ്യ സാഹചര്യത്തിൽ ഇടയ്ക്കെവിടെയോ വച്ച് അവർ കാട്ടിൽ നിന്നുള്ള വിഭവങ്ങളെ അമിതമായി ഉപയോഗിക്കേണ്ട അവസ്ഥയിലെത്തി, സ്വന്തം വരുമാനം വർദ്ധിപ്പിക്കേണ്ടത് അവരുടെ നിലനില്പിന്റെ ആവശ്യമായിരുന്നു. വരുമാനത്തിനായി വേണ്ട വിറകെടുക്കലും കാലിമേച്ചിലുമെല്ലാം കാടിന് താങ്ങാവുന്നതിൽ അധികമായി. ജനസംഖ്യയും കൂടിക്കൊണ്ടിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കാടിന് നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിലെത്തി. ഈ ഘട്ടത്തിൽ അവയ്ക്കെല്ലാം വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള വനസംരക്ഷണത്തിലേക്ക് നമ്മുടെ സംവിധാനങ്ങൾ മാറി. അവിടെ നിന്നിങ്ങോട്ട് വനം വകുപ്പും അതിർത്തിയിൽ താമസിക്കുന്ന ആളുകളും തമ്മിൽ സംഘർഷം വർദ്ധിക്കുന്ന സഹചര്യങ്ങളായിരുന്നു. വിറകെടുക്കാൻ പോകുന്നവരെയും കാലിമേയ്ക്കുന്നവരെയും വനം വകുപ്പ് ജീവനക്കാർ തടയുന്ന സാഹചര്യത്തിലെത്തി. ഇരുഭാഗത്തും അപമര്യാദയോടെയുള്ള പെരുമാറ്റങ്ങൾ ഉണ്ടാവുകയും ജനങ്ങളും വനം വകുപ്പ് ജീവനക്കാരും തമ്മിലുള്ള ബന്ധം പലയിടങ്ങളിലും അങ്ങേയറ്റം മോശമാവുകയും ചെയ്തു. അതോടൊപ്പം തന്നെ വനം വന്യജീവി നിയമം നടപ്പിലാക്കേണ്ട വനം വകുപ്പ് ജീവനക്കാരും നിയമലംഘനങ്ങൾ നടത്തുന്ന ആളുകളും തമ്മിലുള്ള സാമൂഹിക സംഘർഷവും കൂടുകയായിരുന്നു.

ഇതിന്റെയെല്ലാം അനന്തരഫലം കാടുകളെയും വന്യജീവികളെയും വളരേയധികം മോശമായി ബാധിച്ചു. കാട്ടുതീയായും പ്രതികാരബുദ്ധിയോടെയുള്ള വന്യജീവികളുടെ കൊലയായുമെല്ലാം അത് കാടിനെ ബാധിക്കാൻ തുടങ്ങി. കാട് ശോഷിച്ചുകൊണ്ടേയിരുന്നു. ഇതിന് പുറമേ സർക്കാരിന്റെ ഏകവിള തോട്ടങ്ങളായ തേക്കും യൂക്കാലിപ്റ്റസും കൂടി ചേർന്നതോടെ കേരളത്തിലെ വനങ്ങളിൽ ഏറിയ പങ്കും ശുഷ്കിച്ച വനഭൂമികളായി മാറി. ഇന്ന് അതിലെല്ലാം അധിനിവേശ സസ്യങ്ങൾ കൂടി പടര്‍ന്നുപിടിച്ചതോടെ, ആളുകൾക്ക് മാത്രമല്ല വന്യജീവികൾക്കും വനാശ്രിതത്വത്തിനുള്ള സാഹചര്യമില്ലാതായി. ആളുകൾക്ക് വനാശ്രിതത്വം കുറയുന്നതോടെ കാടിനെക്കുറിച്ചും വന്യതയെക്കുറിച്ചുമുള്ള പ്രായോഗികമായ അറിവുകളും ഇല്ലാതാവും. അറിവില്ലാത്തയിടത്ത് ഭയം വളരുന്നത് സ്വാഭാവികമാണ്. കാടറിവുകളാണ് വനാശ്രിത സമൂഹത്തിന്റെ ധൈര്യം. അതിനെയാണ് നമ്മൾ ആധുനിക സമൂഹം സഹവർത്തിത്വം അഥവാ Co-existence എന്ന് വിളിക്കുന്നത്.

ഇന്ന് കാട്ടിനകത്ത് ആശ്രയമില്ലാതെയാവുമ്പോള്‍ പുറത്തെത്തുന്ന വന്യജീവികളെ എല്ലാവർക്കും ഭയമായി മാറി. ധൈര്യപൂർവം ആ പ്രശ്നത്തെ മറികടക്കാനുള്ള അറിവും അന്യമായി. അതിനെ നമ്മൾ വന്യജീവി സംഘർഷമെന്ന് (Human-wildlife conflict) വിളിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വനാശ്രിതത്വത്തിന്റെയും പങ്കാളിത്ത വനപരിപാലനത്തിന്റെയും (Participatory Forest Management) ആവശ്യം നമ്മൾ തിരിച്ചറിയേണ്ടത്. വനത്തിനെ ആശ്രയിക്കുന്നവർക്കാണ് അതിനെ സംരക്ഷിക്കേണ്ടതിന്റെ അവശ്യകത തിരിച്ചറിയാനും അതിനായി നിലകൊള്ളാനും കഴിയുക. മാറിയ കാലത്ത് എങ്ങനെയാണ് വനാശ്രിതത്വം തുടരുക എന്നത് ഒരു പ്രധാന ചോദ്യമാണ്. അവിടെയാണ് പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പ്രാധാന്യം. ശുഷ്കിച്ച് ശോഷിച്ച, ആശ്രിതരില്ലാതായിക്കൊണ്ടിരിക്കുന്ന, നമ്മുടെ വനഭൂമികളിലേക്ക് അവിടുത്തെ തനത് ജൈവ വൈവിധ്യം തിരികെ കൊണ്ടുവരിക വഴി നമുക്ക് അത് സാധ്യമാവും. പരിസ്ഥിതി പുനസ്ഥാപനം ആദ്യഘട്ടത്തിൽ ആളുകൾക്ക് വരുമാന മാർഗ്ഗമായി മാറും. വരുമാന മാർഗ്ഗം സംരക്ഷിക്കേണ്ടതാണെന്ന വ്യക്തമായ ബോധമുള്ളവരാണ് ആധുനിക സമൂഹം. ക്രമേണ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യമറിഞ്ഞു തന്നെ കാടുകള്‍ക്കുവേണ്ടി അവര്‍ ഒരുമിക്കുന്ന കാലം വരും.

കാട്ടിനകത്ത് പോവുന്ന ഏതൊരാളുടെയും ജീവന്‍ സംരക്ഷിക്കുന്നത് കാടിനെക്കുറിച്ചുള്ള അയാളുടെ അറിവുകളും സദാ സമയം ഉണര്‍ന്നിരിക്കുന്ന അയാളുടെ പഞ്ചേന്ദ്രിയങ്ങളുമാണ്. അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങളെ കാട്ടിനകത്ത് നമ്മൾ പ്രതീക്ഷിച്ചേ മതിയാവൂ. അതിനെ വന്യജീവി സംഘർഷമെന്ന് നമുക്ക് വിളിക്കാനാവില്ല. നഗരത്തിലെ വാഹനത്തിരക്കേറിയ ഒരു റോഡിലൂടെ നടക്കും പോലെ തന്നെയാണ് കാട്ടിലൂടെയുള്ള നടത്തവും. അത്തരം റോഡില്‍ നടക്കുമ്പോള്‍ ഉള്ളതു പോലെ തന്നെ അപകട സാധ്യതകൾ കാട്ടിലും ഉണ്ട്. കാടുമായുള്ള നിരന്തര ബന്ധത്തിലൂടെയാണ് ജനങ്ങളുടെ കാടോരത്തെ ജീവിതവും സുരക്ഷിതമാവുന്നത്. അവരിലുണ്ടാവുന്ന ഭയം അവരുടെ ആത്മ വിശ്വാസത്തെ ഇല്ലാതാക്കും, പ്രതീക്ഷകള്‍ നഷ്ടപ്പെടുന്ന അവരുടെ ജീവിതത്തെ തന്നെ തകര്‍ത്തുകളയും.

2024 ഫെബ്രുവരി 28ന് വയനാട് ജില്ലയിലെ പുൽപ്പള്ളിക്കടുത്ത് ജനവാസ മേഖലയിൽ നിന്നും പിടികൂടിയ കടുവ. കടപ്പാട്:thehindu

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കൽ എന്നെ കാട്ടില്‍ വച്ച് ഒരു ആന ഓടിച്ചപ്പോൾ ഞാന്‍ ആനയുടെ മുന്നിൽ വീണു പോയി. ആനയുടെ കാല്‍ച്ചുവട്ടില്‍ വീണ് കിടന്നിട്ടും എന്നെ കൊല്ലാതെ വിട്ട ആ ആന, യഥാർത്ഥത്തിൽ എന്നെ ആനകളെ കൂടുതൽ ഇഷ്ടപ്പെടാൻ പഠിപ്പിക്കുകയായിരുന്നു ചെയ്തത്. അന്ന് മനസ്സില്‍ രൂപം കൊണ്ട ഭയം പിന്നീട് ആനകളെയും കാടിനെയും കൂടുതല്‍ അറിയുന്നതിലൂടെയാണ് ഞാന്‍ മറികടന്നത്. ഇന്ന് നിരന്തരം കാട്ടിലൂടെ നടക്കുന്ന എനിക്ക് കാടിനെക്കുറിച്ചുള്ള എന്റെ അറിവുകളാണ് ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും തരുന്നത്. വനാശ്രിതത്വത്തിലൂടെയേ ആ അറിവും ധൈര്യം ഉണ്ടാവുകയുള്ളൂ. അത്തരത്തിലുള്ള ഒരു ധൈര്യത്തിന്റെ കൂടി കെട്ടുറപ്പിലൂടെ മാത്രമേ ഇന്ന് വനാശ്രിത സമൂഹത്തിന് മുന്നോട്ടുപോവാനാവൂ. വനാശ്രിതത്വം ഇല്ലാതെ വരുമ്പോൾ സമൂഹത്തിൽ രൂപപ്പെടുന്ന ഭയത്തില്‍ നിന്നുമാണ് കാടും നാടും വേർതിരിക്കുക എന്ന ശബ്ദം ഉയർന്ന് കേൾക്കുന്നത്. യഥാര്‍ഥത്തില്‍, വാക്കുകളിലും ചിന്തകളിലും മാത്രം സൃഷ്ടിക്കാവുന്ന ഒരു സങ്കല്പിക സാഹചര്യം മാത്രമാണത്.

നാട്ടിന്‍ പുറങ്ങളിലെല്ലാം ആളുകള്‍ എപ്പോഴും വന്യജീവി ഭീതിയില്‍ കഴിയണമെന്നല്ല അതിനര്‍ത്ഥം. കാടോരത്ത് ജീവിക്കുന്ന ആളുകള്‍ക്ക് കാടുകളുമായി കൂടുതല്‍ അടുത്തിടപഴകാനും അവരുടെ അറിവുകള്‍ സമൂഹത്തിന്റെ മൊത്തം മുന്നോട്ടുപോക്കിന് സഹായിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയുമാണ് വേണ്ടത്. അവരുടെ അറിവുകള്‍ക്ക് നമ്മള്‍ വില കല്‍പ്പിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള വഴികളാണ് ആവിഷ്കരിക്കപ്പെടേണ്ടത്. വന്യജീവി സങ്കേതങ്ങള്‍ക്ക് വെളിയില്‍ പരിസ്ഥിതി ലോല മേഖലകള്‍ (Eco-sensitive zone) നിര്‍ണ്ണയിക്കുന്നതില്‍ കേവലം കിലോമീറ്ററുകളുടെ അളവുകളില്‍ ഒതുങ്ങാതെ വന്യജീവി സംഘര്‍ഷ പ്രദേശങ്ങളെയെല്ലാം അതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ESZ എന്നത് നിയന്ത്രണങ്ങളുടെ മാത്രം പ്രദേശമാവാതെ അതിനകത്ത് ജീവിക്കുന്ന ആളുകളുടെ ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുകയും വേണം. വനം വകുപ്പിലേക്കുള്ള നിയമനങ്ങളില്‍ ഉള്‍പ്പെടെ ESZ ഒരു ഉപാധിയായി മാറേണ്ടതുണ്ട്. വന്യജീവികളെ പ്രതിരോധിക്കുന്നതിലൂടെ സാധാരണ ജനങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്നുള്ള സാധ്യതകള്‍ പോലും മുന്നിലുണ്ട്. അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയുന്നതുമാണ്. അങ്ങനെ കൂടുതലാളുകളെ വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാക്കി മാറ്റി അവരെക്കൊണ്ട് വനം സംരക്ഷിക്കുന്ന ഒരു ഭാവിയെയാണ് നമ്മള്‍ മുന്നില്‍ കാണേണ്ടത്. കാടിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ കൂടുതലുണ്ടാവുമ്പോള്‍ സംഘര്‍ഷ സാധ്യതകള്‍ വളരെയേറെ കുറയുകയും വനസംരക്ഷണം കാര്യക്ഷമമാവുകയും ചെയ്യും.

വയനാട് ചെമ്പ്ര പീക്കിൽ നിന്നുള്ള കാഴ്ച. കടപ്പാട്:krishnasrivasta,flicker

നാളെ മുതൽ എന്റെ തൊടിയിലേക്ക് ഒരു ജീവിയും കടന്നുവരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ഒരുപക്ഷെ നമുക്കു വളരേ പെട്ടന്ന് കണ്ടെത്താനായേക്കും. എന്നാല്‍, ഭൂമിയില്‍ മനുഷ്യവംശത്തിന്റെ തന്നെ തുടർച്ചയെ ഇല്ലാതാക്കുന്നതിലേക്കുള്ള ഒരു ആദ്യ ചുവടുവയ്പ്പ് മാത്രമായി അത് മാറും. ഭൂമിയിലെ അവസാനത്തെ വംശനാശമാവും മനുഷ്യന്റേത് എങ്കില്‍ മാത്രമേ നമുക്കു മറ്റുജീവികളെ വേണ്ടെന്നു വയ്ക്കാനാവൂ. ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാലങ്ങൾക്കിടയിൽ പരിണമിച്ചുണ്ടായ ഒരു ജീവിയെന്ന നിലയ്ക്ക് മനുഷ്യന് അതിന്റെ വംശനാശവും വൈവിധ്യമാർന്ന ജീവനെ സാക്ഷിനിർത്തിക്കൊണ്ടു തന്നെയേ വരാന്‍ തരമുള്ളൂ. അതുവരെ നമുക്കവയെ സംരക്ഷിക്കുന്നതിനെക്കുറിച്ചു കൂടി ചിന്തിക്കേണ്ടി വരും. മറ്റനേകം ജീവജാലങ്ങളോടൊപ്പം മാത്രമേ മനുഷ്യനും ആരോഗ്യത്തോടെ ഭൂമിയില്‍ ജീവിക്കാനാവൂ. അതുകൊണ്ടുതന്നെ വന്യത ഭൂമിയില്‍ നിലനിന്നേ മതിയാവൂ.

വരണ്ട വേനലില്‍ കാടിന്റെ ആര്‍ദ്രതയുമായെത്തുന്ന ഒരു തണുത്ത കാറ്റിനെ നമ്മള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടല്ലോ. തൊടിയിലെ മാഞ്ചുവട്ടിലെത്തുന്ന ഒരു കാട്ടാനയോടു പറയും പോലെ അകലെയൊരു മഞ്ഞക്കടമ്പില്‍ നിന്നും മൂളിയെത്തുന്ന ഒരു കാട്ടുതേനീച്ചയെ കാത്തുനില്‍കരുതെന്ന് അതേ മാവിലെ മാമ്പൂക്കളോട് നമുക്ക് പറയാനാവില്ലല്ലോ? കാട്ടില്‍ നിന്നൊഴുകുന്ന ഒരു പുഴയോട് നാട്ടിലൂടെ വരേണ്ടെന്ന് നമുക്ക് പറയാനൊക്കുമോ? ഇല്ല, അതുകൊണ്ടുതന്നെ കാടും നാടും നമുക്കൊരിക്കലും വേര്‍തിരിക്കാനാവില്ലെന്ന സത്യം നമ്മള്‍ അംഗീകരിച്ചേ മതിയാവൂ.

(​ഗവേഷകൻ, മാനന്തവാടി ആസ്ഥാനമായ ഫേൺസ് എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകൻ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 24, 2024 3:17 pm