കടുവാപ്പേടിക്ക് പരിഹാരം തേടുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വയനാട് പഞ്ചാരക്കൊല്ലിയിൽ രാധ എന്ന സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് വനാതിർത്തികളിൽ കടുവാപ്പേടി വീണ്ടും വർദ്ധിച്ചിരിക്കുന്നു. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ തോട്ടത്തിനുള്ളിൽ പതിയിരുന്ന കടുവ അവിടെ വച്ച് പിടികൂടി കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രാധയെ കൊലപ്പെടുത്തിയ കടുവയെ മൂന്ന് ദിവസത്തിന് ശേഷം ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. അതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലുണ്ടായ മുറിവുകളാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കടുവയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു എന്ന് വ്യക്തം. കടുവയെ വെടിവച്ച് കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് നടപ്പിലാക്കേണ്ടി വന്നില്ല. കടുവ അതിന് മുന്നേ ചത്തത് പല സംഘർഷങ്ങളും ഒഴിഞ്ഞുപോകുന്നതിന് കാരണമായിത്തീർന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള കടുവാ സാന്നിധ്യം വയനാട് ജില്ലയുടെ പല മേഖലകളിലും സൃഷ്ടിച്ചിരിക്കുന്ന ഭയം അത്രവേഗം ഒഴിഞ്ഞുപോകുന്ന ഒന്നല്ല. ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ് ആ ഭയം. മനുഷ്യരും വന്യജീവികളും തമ്മിൽ മുഖാമുഖം വരുന്ന സന്ദർഭങ്ങളും അതുവഴി രൂപപ്പെടുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും വയനാട് ജില്ലയിൽ പതിവായി നടക്കുന്നുണ്ടെങ്കിലും കടുവയുടെ സാന്നിധ്യമെന്നത് കുറച്ചുകൂടി സങ്കീർണ്ണമായ പ്രശ്നമാണ്. മറ്റു ജീവികളുടെ ആക്രമണങ്ങളേക്കാൾ വലുതാണ് കടുവയുടെ സാന്നിദ്ധ്യവും ആക്രമണവും സൃഷ്ടിക്കുന്ന ഭീതി. ഈ സംഭവത്തിന് ശേഷവും വയനാട് ജില്ലയിലെ പല ജനവാസ മേഖലകളിലും കടുവയെ കണ്ടതായി വാർത്തയുണ്ട്. (കടുവയുടെ ആക്രമണവും സാന്നിധ്യവും സൃഷ്ടിച്ച ഭീതിക്ക് പിന്നാലെ രണ്ട് പേർ ആനയുടെ ആക്രമണത്തിലും വയനാട് ജില്ലയിൽ കൊല്ലപ്പെടുകയുണ്ടായി. കൊല്ലപ്പെട്ടവരെല്ലാം വനാതിർത്തിയിൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്തിരുന്ന, ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്). ഫെബ്രുവരി അഞ്ചിന് വയനാട്ടിൽ രണ്ട് സ്ഥലങ്ങളിലായി മൂന്ന് കടുവകളുടെ ജഡം കണ്ടെത്തിയതും അപൂർവ്വ സംഭവമായി. കടുവ സംഘർഷത്തിലേക്ക് എത്തുന്ന സാഹചര്യത്തെ എങ്ങനെയാണ് നേരിടാൻ കഴിയുന്നത്? വയനാടൻ കാടുകൾക്ക് കടുവകളെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമുണ്ടോ? വനം വകുപ്പിനും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശീയർക്കും ഇക്കാര്യത്തിൽ എന്തുതരം പങ്കാണ് നിർവഹിക്കാൻ കഴിയുന്നത്? തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനം അന്വേഷിക്കുന്നത്.

Representational Image. Photo: ANI

കടുവ ആക്രമണം; കണക്കുകൾ പറയുന്നത്

അടുത്ത കാലത്തായി വന്യജീവികളുടെ ആക്രമണം കാരണം മനുഷ്യർക്കുണ്ടാകുന്ന അപകടങ്ങളുടെയും നാശനഷ്ടങ്ങളുടെയും എണ്ണം അധികരിച്ചുകൊണ്ടിരിക്കുന്നതായാണ് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. 2015 മുതൽ 2024 (ജൂലൈ 15) വരെയുള്ള വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം ആന, കാട്ടുപന്നി, പാമ്പ്, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ജീവനാശം, പരിക്കുകൾ, കൃഷിനാശം, കന്നുകാലി നാശം, കെട്ടിട നഷ്ടം, വാഹന നഷ്ടം എന്നിവയുണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ വന്യജീവികളുടെ ആക്രമണം മൂലം 1,010 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 8,200 പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തിട്ടുണ്ട്. കൃഷി, മറ്റ് വസ്തുവകകളുടെ നഷ്ടം എന്നിവ സംഭവിച്ച 56,046 കേസുകളും കന്നുകാലി നഷ്ടത്തിന്റെ 4,190 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജീവൻ നഷ്ടമാകാൻ കാരണമായ വന്യജീവി ആക്രമണം പ്രധാനമായും പാമ്പ്, ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് എന്നീ ജീവകൾ വഴിയാണ് സംഭവിക്കുന്നതെന്ന് കാണാം. പത്ത് വർഷത്തെ കണക്കുകൾ നോക്കുമ്പോൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുറവാണ്, ഏഴ് പേർ. ഓരോ ജീവനും വിലപ്പെട്ടതായതിനാൽ അത് നിസാരമല്ല. പ്രത്യേകിച്ച്, ആന, കാട്ടുപന്നി, പാമ്പ് തുടങ്ങിയ ജീവികളുടെ ആക്രമണമുണ്ടാകാതിരിക്കുന്നതിനായി മനുഷ്യരെടുക്കുന്ന മുൻകരുതൽ കടുവയുടെ കാര്യത്തിൽ പ്രയാസവുമാണ്.

കർണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന നാഗർഹോള, ബന്ദിപ്പൂർ, മുതുമലൈ എന്നീ സംരക്ഷിത പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന, വയനാട്ടിൽ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് സംഘർഷങ്ങൾ കൂടുതലാണ്. 2009 മുതൽ 2023 (ജനുവരി, 30) വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വയനാട് ജില്ലയിൽ മാത്രം വന്യജീവികളുടെ ആക്രമണത്തിൽ 25 പേർ മരണപ്പെടുകയും 107 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ തന്നെ, 99 വീടുകൾ ഭാഗികമായും പൂർണ്ണായും തകർന്നു. 1,020 കന്നുകാലികളെ നഷ്ടമായി. 10,903 കേസുകൾ വിളനാശത്തിന്റെതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒപ്പം, വാഹനങ്ങൾ അടക്കം മറ്റ് വസ്തുവകകൾക്ക് നഷ്ടം സംഭവിച്ച 18 സംഭവങ്ങളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മനുഷ്യ-വന്യജീവി സംഘർഷം, പത്ത് വർഷത്തെ കണക്കുകൾ, സംസ്ഥാനതല ഡാറ്റ. കേരളം വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം തയ്യാറാക്കിയത്.

2015 മുതൽ 2024 (ജൂലൈ 15) വരെ ഏഴ് പേരാണ് കടുവയുടെ നേരിട്ടുള്ള ആക്രമണത്തിൽ സംസ്ഥാനത്ത് മരണപ്പെട്ടത്. 2014ൽ 3 പേരും 2019ൽ ഒരാളും 2024 ൽ ഒരാളും ഇപ്പോൾ രാധയുടേതുമടക്കം വയനാട്ടിൽ മാത്രം 6 പേരാണ് കടുവയുടെ ആക്രമണം കാരണം കൊല്ലപ്പെട്ടിരിക്കുന്നത്. വയനാട് ജില്ലയിൽ രണ്ട് പേർക്കാണ്  ഇക്കാലയളവിൽ കടുവ ആക്രമണത്തിൽ പരിക്കേറ്റത്. 2014 മുതൽ കടുവ ആക്രമണം കാരണമുള്ള മരണത്തിന്റെ കണക്ക് നോക്കുകയാണെങ്കിൽ കൂടുതലും വയനാട് ജില്ലയിലാണ് സംഭവിച്ചിട്ടുള്ളത് എന്ന് കാണാം. 2014 മുൽ തുടർച്ചയായി കടുവയുടെ ആക്രമണം റിപ്പോർട്ട് ചെയ്തതാണ് വയനാട് ജില്ലയിലുള്ള ജനങ്ങൾ പരിഭ്രാന്തരാകുന്നതും രോഷാകുലരാകുന്നതും കാരണമായിത്തീർന്നത്.

കടുവ ആക്രമണങ്ങളുടെ സ്വഭാവം

കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങളായും, വിറകോ മരുന്നുചെടികളോ പഴങ്ങളോ ഒക്കെ ശേഖരിക്കാനായുമാണ് കാടിനോട് ചേർന്നുള്ള ഇടനിലങ്ങൾ വയനാട്ടിലെ തദ്ദേശീയ സമൂഹങ്ങൾ സാധാരണയായി ഉപയോഗിക്കാറുള്ളത്. ഈ സ്ഥലങ്ങളിലാണ് കടുവയുടെ സാന്നിധ്യവും ആക്രമണവും കൂടുതൽ ഉണ്ടായിട്ടുള്ളതും. കാടിനോട് അതിര് പങ്കിടുന്ന പ്ലാന്റേഷനുകളിൽ ജോലിക്കുപോകുന്നവരും വീട്ടിലെ കന്നുകാലികൾക്ക് പുല്ലരിയാൻ പോകുന്നവരും കടുവയെ കാണുകയും രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം പൂതാടി പഞ്ചായത്തിലെ വാകേരിയിൽ കൊല്ലപ്പെട്ട പ്രജീഷ് ഇതുപോലെ പശുക്കൾക്ക് പുല്ലരിയാൻ വേണ്ടി പോയതാണ്. കൊല്ലപ്പെട്ട രാധ പ്രിയദർശിനി എസ്റ്റേറ്റിൽ ജോലി ചെയ്യുമ്പോഴാണ് കടുവയുടെ ആക്രമണത്തിന് ഇരയാകുന്നത്.

മൂന്ന് തരത്തിലുള്ള കടുവ ആക്രമണങ്ങളാണ് പൊതുവെ നടക്കാറുള്ളത്. 1) കടുവയും മനുഷ്യനും മുഖാമുഖം വരുമ്പോൾ മനുഷ്യർ ആക്രമിക്കപ്പെടുന്നു, 2) മനുഷ്യവാസ സ്ഥലങ്ങളിലോ വനാന്തരങ്ങളിലെ മേച്ചിൽപ്പുറങ്ങളിലോ വളർത്തുമ‍ൃഗങ്ങളെ കാണുമ്പോൾ കടുവകൾ അവയെ ആക്രമിക്കുകയോ കൊന്നുതിന്നുകയോ ചെയ്യുന്നു, 3) ഓരോ കടുവകളുടെയും നിശ്ചിത അതിർത്തികൾക്കുള്ളിലേക്ക് (Tiger territory) മറ്റു കടുവകൾ എത്തിപ്പെടുന്നതിന്റെ ഭാഗമായി ഇരു കടുവകൾക്കും പ്രസ്തുത ടെറിറ്ററിയെ നിലനിർത്തുന്നതിനോ പിടിച്ചെടുക്കുന്നതിനോ വേണ്ടി പരസ്പ്പരം മത്സരിക്കേണ്ടതായും ആക്രമിക്കേണ്ടതായും വരുന്നു. തത്ഫലമായി, ആക്രമണത്തിൽ പരിക്കുപറ്റിയ കടുവ ഇരപിടിക്കാൻ കഴിയാത്ത അവസ്ഥയിൽ എളുപ്പത്തിൽ സാധ്യമാകുന്ന (easy prey) ഇരകളെ തേടി മനുഷ്യവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നു. പലപ്പോഴും ഇത്തരം ആക്രമണങ്ങൾ മനുഷ്യരെയോ കന്നുകാലികളെയോ മറ്റൊരു കടുവയുടെയോ തന്നെയും മരണത്തിന് കാരണമാകാറുണ്ട്. പഞ്ചാരക്കൊല്ലിയിലെ കടുവ രാധയെ ആക്രമിച്ചതും രാധയുടെ മരണത്തിന് തൊട്ടുമുമ്പായി മറ്റൊരു കടുവയുമായി നടന്ന ഏറ്റുമുട്ടലിൽ സംഭവിച്ച പരിക്കുകളെ തുടർന്ന് ആ നരഭോജി കടുവ പിന്നീട് മരണപ്പെടുന്നതും ഇതിന് ഉദാഹരണമാണ്.

മിക്കവാറും, ഒഴിഞ്ഞുക്കിടക്കുന്ന ടെറിറ്ററികൾ (Vacant Territory) തേടിയാണ് പല കടുവകളും വനാതിർത്തികളിലേക്ക് എത്തുന്നത്. മറ്റ് ടെറിറ്ററികളിൽ മറ്റൊരു കടുവയുമായുണ്ടാകുന്ന ഏറ്റുമുട്ടലി‍ൽ ടെറിറ്ററി നഷ്ടപ്പെടുന്നതോ അല്ലെങ്കിൽ ആ ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയോ ചെയ്യുന്ന കടുവകളാണ് പുതിയ ടെറിറ്ററികൾ തേടി എത്തുന്നത്. (വനത്തിൽ ഏകദേശം 60 മുതൽ 100 കിലോമീറ്റർ ദൂരം തങ്ങളുടെ അതിർത്തിയായി കടുവകൾ അടയാളപ്പെടുത്താറുണ്ട്). മറ്റൊന്ന് ഇരപിടിക്കാൻ കഴിയാത്ത തരത്തിൽ പ്രായം ചെന്നതോ നന്നേ പ്രായം കുറഞ്ഞതോ ആയ കടുവകളും മനുഷ്യവാസ പ്രദേശങ്ങളിലോ മേച്ചിൽപ്പുറങ്ങളിലോ തന്റെ ഇരയെ തേടിയെത്തുന്നു. ഇത്തരത്തിൽ ടെറിറ്ററി നഷ്ടപ്പെടുന്നതോ, പരിക്കേൽക്കുന്നതോ, പ്രായം ചെന്നതോ, ഇരപിടിക്കാൻ കഴിയാത്തതോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അസുഖബാധിതരോ ആയ കടുവകളാണ് സംഘർഷർങ്ങൾക്ക് കാരണമായിത്തീരുന്നത്.

പഞ്ചാരക്കൊല്ലിയിൽ രാധയെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടപ്പോൾ. കടപ്പാട്:pti

ആവാസവ്യവസ്ഥയിൽ കടുവയുടെ സ്ഥാനം

കടുവ പോലുള്ള മാംസഭോജികൾ (apex predators) ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതിനാൽ തന്നെ അവയുടെ അഭാവം ഇരപിടിയനായ വന്യജീവിയും-ഇരയും (predator–prey relationships) തമ്മിലുളള ബന്ധത്തെ സാരമായി ബാധിക്കുകയും തത്ഫലമായി മാൻ പോലുള്ള ജീവികളുടെ എണ്ണത്തിൽ അമിതമായ വർദ്ധനവുണ്ടാവുകയും, വനത്തിനുള്ളിൽ അസന്തുലിതാവസ്ഥകൾ രൂപപ്പെടുകയും ചെയ്യുന്നു. ഒരു കാട്ടിൽ കടുവകളുടെ സാന്നിധ്യമുണ്ട് എന്നത് ആ ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ സൂചകമായാണ് കണക്കാക്കുന്നത്. ഉയർന്ന തോതിൽ സസ്യങ്ങളെ ഭക്ഷണമാക്കുന്ന സസ്യഭുക്കുകളെ ഭക്ഷിക്കുന്നതിലൂടെ വനത്തിലെ സസ്യവൈവിധ്യം നിലനിർത്തുന്നതിൽ കടുവകൾക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കടുവകളെ ഒരു അംബ്രലാ സ്പീഷീസ് ആയിട്ടാണ് കണക്കാക്കുന്നത്. കടുവകൾ സംരക്ഷിക്കപ്പെട്ടാൽ ആ ആവാസവ്യസ്ഥ തന്നെ സംരക്ഷിക്കപ്പെടും എന്നതുകൊണ്ടാണ് കടുവ സംരക്ഷണത്തിന് വലിയ ഊന്നൽ കിട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കടുവയുടെ തൊലി, പല്ല് തുടങ്ങിവയ്ക്കായുള്ള അനധികൃത വേട്ടയാടലുകളോ വന്യജീവി വ്യാപാരങ്ങളോ നിലനിൽക്കുന്നില്ല എന്നതിനാൽ തന്നെ അത്തരം ഭീഷണി കേരളത്തിലെ കടുവകൾക്ക് നേരിടേണ്ടതായി വരുന്നില്ല.

കടുവകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ ഇത് സ്വാഭാവികമായും അവിടുത്തെ ഇരകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുകയും, ഇരകൾ തികയാതെ വരുമ്പോൾ മനുഷ്യവാസ പ്രദേശങ്ങളിലേക്കിറങ്ങി ഏറ്റവും എളുപ്പത്തിൽ പിടികൂടാവുന്ന ഒരു ഇര എന്ന നിലയിൽ പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുകയും ചെയ്യാം. മനുഷ്യരെ പൊതുവെ ഭക്ഷണാവശ്യത്തിന് വേണ്ടിയല്ല ആക്രമിക്കുന്നതെങ്കിലും മുന്നിൽ വന്നുപെടുന്നവരെ ആക്രമിച്ചുകൊന്ന ശേഷം അവരെ തിന്നുന്ന അവസ്ഥ വയനാട്ടിൽ പല സ്ഥലങ്ങളിലുമുണ്ടായി. ഇത് സൃഷ്ടിച്ച ഭീതി മനുഷ്യർക്ക് കടുവയോടും അവയുടെ സംരക്ഷണത്തോടുമുള്ള മനോഭാവത്തിൽ തന്നെ മാറ്റങ്ങളുണ്ടാക്കുന്നു. ജനങ്ങൾ വളരെ പ്രകോപിതരായി സർക്കാർ സംവിധാനങ്ങളോട് പ്രതികരിക്കുന്നതിന് ഇത് കാരണായി മാറുന്നു. വനം വകുപ്പാണ് നിലവിൽ വനം, വന്യജീവി സംരക്ഷണം എന്നിവയുടെ ചുമതല വഹിക്കുന്നത് എന്നതിനാൽ മനുഷ്യ-വന്യജീവി സംഘർഷം ഉണ്ടാവുന്ന ഘട്ടങ്ങളിലെല്ലാം ജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കമായി അത് മാറുന്നു.

കടുവ സംഘർഷത്തിനുള്ള പരിഹാര മാർഗങ്ങൾ

വയനാട് ജില്ലയുടെ കാര്യം മാത്രമെടുത്താൽ, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി നിരവധിയായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെങ്കിലും മിക്ക പ്രദേശങ്ങളിലും (Conflict Zone) സംഘർഷം പരിഹരിക്കപ്പെടുന്നതായോ ലഘൂകരിക്കപ്പെടുന്നതായോ കാണാൻ കഴിയുന്നില്ല. വർഷങ്ങളോളമായി തുടരുന്ന ഫെൻസിംഗ്, ട്രെഞ്ചിംഗ്, സോളാർ വേലികൾ, ഇരുമ്പു വേലികൾ, സോളാർ ഹാൻഗിംഗ് വേലികൾ, റെയിൽ വേലികൾ, തുടങ്ങിയ സംഘർഷ ലഘൂകരണ മാർഗങ്ങളുൾപ്പെടെ വന്യജീവികളുടെ സാമീപ്യം ഉണ്ടെന്നതിനെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനങ്ങളും (early warning system -EWS) മെസേജ് അലർട്ട് സംവിധാനങ്ങളും മുന്നറിയിപ്പ് ലൈറ്റുകളും അടക്കം നിരവധി നൂതന സംവിധാനങ്ങളാണ് കോടി കണക്കിന് രൂപ ചിലവഴിച്ച് വനം വകുപ്പിന്റെ സഹായത്തോടെ പലയിടങ്ങളിലും നടപ്പിലാക്കി വരുന്നത്. മാത്രവുമല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സംഘർഷ ലഘൂകരണ മാർഗങ്ങളും ഇന്ന് വയനാട്ടിൽ ചിലയിടങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കാം മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ കഴിയാതെ പോകുന്നത്?

അത്രയെളുപ്പത്തിൽ പൂർണ്ണമായും പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്നമല്ല ഇതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഏതുതരം സംഘർഷ ലഘൂകരണ മാർഗമുപയോഗിച്ചാലും അവയോട് അതിവേഗത്തിൽ താദാത്മ്യം പ്രാപിക്കാനും പൊരുത്തപ്പെടാനുമുള്ള ശേഷി (adaptation) പല മൃഗങ്ങളിലും ഇന്ന് പ്രകടമാണ്. കമ്പിവേലികളും സോളാർ വേലികളും ട്രെഞ്ചുകളുമെല്ലാം മുറിച്ചുകടക്കുന്ന ആന ഇതിനൊരുദാഹരമാണ്. കടുവയുടെ കാര്യത്തിൽ നിലവിൽ ഉപയോഗിക്കുന്ന പല മാർഗങ്ങളും പര്യാപ്തമല്ല എന്നാണ് ജനവാസ മേഖലകളിലെ കടുവ സാന്നിധ്യം വ്യക്തമാക്കുന്നത്. കടുവ സംഘർഷം പരിഹരിക്കപ്പെടാനുതകുന്ന തരത്തിലുള്ള ഫലപ്രദമായ ഒരു മാർഗം ഇന്നും നമുക്കില്ല എന്നതാണ് വാസ്തവം.

2023 ഡിസംബറിൽ വയനാട് വാകേരിയിൽ നിന്നും പിടിയിലായ കടുവ. കടപ്പാട്:മാതൃഭൂമി

നപങ്കാളിത്ത പദ്ധതികൾ

ഇന്ത്യയുടെ മറ്റ് പല സ്ഥലത്തും കടുവ സംഘർഷം കുറയ്ക്കാൻ സാങ്കേതിക പരിഹാരങ്ങളേക്കാൾ ഫലപ്രദമായിട്ടുള്ളത് കമ്മ്യൂണിറ്റി പ്രോജക്ടുകളാണ്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ ഭയം ഇല്ലാതാക്കുന്നതിന് വലിയ രീതിൽ സഹായകമാകുന്നതായി കാണാം. വയനാടിന്റെ അതിർത്തിയിലുള്ള കർണ്ണാടകയിലെ നാഗർഹോള, ബന്ദിപൂർ നാഷണൽ പാർക്കിൽ നടപ്പിലാക്കുന്ന ഒരു പ്രവർത്തനം തന്നെ നോക്കാം. വനം വകുപ്പുമായി ചേർന്ന് സെന്റർ ഫോർ വൈൽഡ്‌ലൈഫ് സ്റ്റഡീസ് (CWS) എന്ന സംഘടന ഈ രണ്ട് പാർക്കുകൾക്കും സമീപമുള്ള 284 ഗ്രാമങ്ങളിലെ ദരിദ്രരായ കർഷകർക്കിടയിൽ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ‘വൈൽഡ് സെവ്’ എന്നാണ് ഈ പ്രോഗ്രാം അറിയപ്പെടുന്നത്. സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ട് 24 മണിക്കൂറിനുള്ളിൽ CWS വോളണ്ടിയേഴ്സ് ആ സ്ഥലത്തെത്തും. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനടക്കം അവർ കർഷകരെ സഹായിക്കും. ഹോട് സ്പോട്ടുകൾ കണ്ടെത്തുകയും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള കന്നുകാലികൾക്കായി പ്രത്യേക ഷെഡുകൾ വികസിപ്പിക്കുകയും ചെയ്യും. അപകട സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് കർഷകർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകും. ‘വൈൽഡ് സെവ്’ പ്രോഗ്രാമിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഒരു ദിവസം 30 മുതൽ 40 വരെ ഫോൺകോളുകൾ സംഘർഷങ്ങളെക്കുറിച്ച് വരാറുണ്ട്. തങ്ങളുടെ പരാതികൾ കേൾക്കാൻ ആളുണ്ടെന്ന മനസ്സിലാക്കൽ ഗ്രാമവാസികൾക്കിടയിൽ വലിയ മാറ്റമാണുണ്ടാക്കിയത്. അതേസമയം, ക്യാമറ ട്രാപ്പ് ടെക്നിക്കുകൾ വഴി ജനവാസ മേഖലയിലേക്ക് എത്തിയ കടുവയെ കണ്ടെത്തുകയും പിന്നാലെ കൂടുകൾ സ്ഥാപിച്ച് അവയെ പിടികൂടി അവിടെ നിന്നും മാറ്റുന്ന രീതിയിലും ഇന്ത്യയുടെ ചില സ്ഥലങ്ങളിൽ അവലംബിക്കുന്നണ്ട്. വയനാട് തന്നെ ബേഗൂർ ഫോറസ്റ്റ് റെയ്‍ഞ്ചിനടുത്ത് പനവല്ലിയിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ക്യാമറ ട്രാപ്പ് ടെക്നിക് വഴി കടുവയെ കണ്ടെത്തിയിട്ടുണ്ട്. ക്യാമറ ട്രാപ്പിലൂടെ കടുവകളുടെ സാന്നിധ്യം കണ്ടെത്താൻ മാത്രമല്ല കഴിയുന്നത്, കടുവയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും അതുവഴി അവയുടെ സഞ്ചാര രീതികളിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും പഠിക്കാൻ കഴിയും. ഒരു നിശ്ചിത വനപ്രദേശത്തിനുള്ളിലെ കടുവകളുടെ വഹനശേഷി (carrying capacity) എത്രയൊണെന്ന് മനസ്സിലാക്കി, ആ പ്രദേശത്ത് എത്ര കടുവകൾ ഉണ്ടെന്ന് കൃത്യമായി വിലയിരുത്താനും ഇതുവഴി സാധിക്കും. എന്നാൽ, സന്നദ്ധ സംഘടനകളുടെ മുൻകൈകളല്ലാതെ സ്ഥിരതയുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ വനം വകുപ്പിന് കഴിയുന്നതേയില്ല.

സെന്റർ ഫോർ വൈൽഡ്‌ലൈഫ് സ്റ്റഡീസ് കർണ്ണാടകയിൽ നടത്തുന്ന പ്രവർത്തനങ്ങൾ. കടപ്പാട്:cwsindia.org

ആന, കടുവ പോലുള്ള ജീവികളുടെ സഞ്ചാരപാതകൾ തിരിച്ചറിഞ്ഞ് ആ ഭാഗത്തുള്ള മനുഷ്യസാന്നിധ്യം പരമാവധി കുറയ്ക്കുന്നതും ഒരു ദുരന്തലഘൂകരണ രീതിയാണ്. അത്തരം സ്ഥലങ്ങളിൽ നിന്നും മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ (voluntary rehabilitation schemes) വയനാട് ജില്ലയിലും നടപ്പിലാക്കിയിട്ടുണ്ട്. കാലങ്ങളായി വനത്തെ ആശ്രയിച്ച് ജീവിക്കുന്ന വനാശ്രിത സമൂഹങ്ങളെ സംബന്ധിച്ച് ഇത്തരമൊരു പറിച്ചുനടീൽ ഏറെ പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. പലതരത്തിലുള്ള അവകാശ നിഷേധങ്ങൾക്കും അത് കാരണമായി മാറുന്നു. പുനരധിവാസ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല എന്ന കാരണത്താൽ പ്രയാസങ്ങൾ നേരിടുന്നവരും നിരവധിയുണ്ട്.

സംഘർഷ മേഖലകൾ മാപ്പ് ചെയ്യൽ

തുടർച്ചയായി വന്യജീവി ആക്രമണം ഉണ്ടാവുന്ന സംഘർഷ മേഖലകൾ തിരിച്ചറിഞ്ഞ്, ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികപരവുമായ പ്രത്യേകതകൾ മനസ്സിലാക്കി, നൂതന സാങ്കേതികതയുടെ സഹായത്തോടെ കോൺഫ്ലിക്ട് ഹോട്ട്സ്പോട്ടുകൾ മാപ്പ് ചെയ്ത്, സോണുകളാക്കി തിരിക്കാൻ കഴിഞ്ഞാൽ അത്തരം സംഘർഷ സാധ്യത പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ കഴിയും. ഇത്തരത്തിൽ കോൺഫ്ലിക്ട് ഹോട്ട്സ്പോട്ടുകൾ അടയാളപ്പെടുത്തിയ മാപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയോ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയോ ചെയ്യേണ്ടതാണ്. വനവുമായും വന്യജീവികളുമായും ഇടപഴകാനുള്ള മനുഷ്യരുടെ സാധ്യതകളും അവസരങ്ങളും കുറയ്ക്കാൻ ഈ സോണിംഗ് സഹായകരമാണ്. കോൺഫ്ലിക്ട് ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതലുകളെടുക്കാൻ തദ്ദേശീയ ജനതയ്ക്കും വനം വകുപ്പിനും ഇതുവഴി സാധിക്കും. വനസംരക്ഷണം, ആവസവ്യവസ്ഥാ പുനരുദ്ധാരണം, വന്യജീവി സംരക്ഷണം, മനുഷ്യ സുരക്ഷ, കന്നുകാലി സംരക്ഷണം, കൃഷിയിടങ്ങളുടെയും വിളകളുടെയും സംരക്ഷണം എന്നിവയെല്ലാം ഇതുവഴി സാധ്യമാകും. ഭൂവിനിയോഗത്തിൽ നിലനിൽക്കുന്ന അശാസ്ത്രീയ രീതികളിൽ മാറ്റം വരുത്തുന്നതിനും ഇത്തരത്തിലുള്ള മാപ്പിംഗ് സഹായകമാണ്. നിലവിൽ വന്യജീവികളുടെ പരമ്പരാഗതമായ സഞ്ചാരപാതകളെക്കുറിച്ചോ അതിലുണ്ടായ മാറ്റങ്ങളെക്കുറിച്ചോ ഒരു തരത്തിലുള്ള ഫീൽഡ് തല വിവരവും തദ്ദേശീയമായി ലഭ്യമല്ല. കാടരിക് പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നവർക്ക് അത്തരത്തിലുള്ള വിവരങ്ങൾ വളരെയെധികം ഉപകാരപ്പെടും. കൃഷിരീതികളും ഭൂവിനിയോഗ രീതികളും മാറ്റുന്നതിനും മേച്ചിൽപ്പുറങ്ങൾ ഏതാണെന്ന് നിശ്ചയിക്കുന്നതിനും വന്യജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സമകാലിക വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മാപ്പ് വളരെ സഹായകരമാണ്.

വനം വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്ന വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയിലെ കോൺഫ്ലിക്ട് സോണുകൾ.

കഴിഞ്ഞ വർഷം കേരള വനം വകുപ്പ് ഒരു പഠനം നടത്തുകയും കൂടുതൽ സംഘർഷം നടക്കുന്ന 273 തദ്ദേശ ഭരണ പ്രദേശങ്ങളെ ക്രിട്ടിക്കൽ കോൺഫ്ലിക്ട് സോണുകളായി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. വനവുമായി അതിര് പങ്കിടുന്ന പഞ്ചായത്തുകളെ, വന്യജീവി സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സംഘർഷമുള്ളവ (High conflict zones), മിതമായ അളവിൽ സംഘർഷമുള്ളവ (Medium-conflict zones), കുറവ് സംഘർഷമുള്ളവ (Low conflict zones) എന്നിങ്ങനെ തിരിച്ചിരിക്കുന്ന സംസ്ഥാന തലത്തിലുള്ള മാപ്പാണ് വനം വകുപ്പ് പുറത്തുവിട്ടത്. എന്നാൽ സംഘർഷ സാധ്യതാ പ്രദേശങ്ങളെ കുറച്ചുകൂടി വികേന്ദ്രീകൃതമായി മനസ്സിലാക്കാനുള്ള ഒരു സംവിധാനമാണ് ഉണ്ടാകേണ്ടത്. നിലവിൽ വനം വകുപ്പ് തയ്യാറാക്കിയ മാപ്പ് പ്രകാരം സംഘർഷ സാധ്യതാ വാർഡുകളോ പഞ്ചായത്തുകളോ പ്രത്യേകമായി മനസ്സിലാക്കുവാനോ നടപടികളെടുക്കുവാനോ കഴിയില്ല. ഫോറസ്റ്റ് ഡിവിഷനെ അടിസ്ഥാനപ്പെടുത്തിയാണ് കോൺഫ്ലിക്ട് സോണുകൾ വനം വകുപ്പ് അടയാളപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പിന് മാത്രം ഉപകാരപ്പെടുന്ന ഒരു മാപ്പാണ് ഇത്. പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജനങ്ങളും അവരവരുടെ പ്രദേശത്തെ സംഘർഷ സാധ്യതയെക്കുറിച്ച് മനസ്സിലാക്കാനും പരിഹാര മാർഗങ്ങൾ നടപ്പിലാക്കാനും കാർഷിക രീതികളിൽ മാറ്റം വരുത്താനും ഉതകുന്ന തരത്തിലുള്ള ഒരു മാപ്പാണ് നിർമ്മിക്കപ്പെടേണ്ടത്.  

കോൺഫ്ലിക്ട് ഹോട്ട്സ്പോട്ടുകൾ മാപ്പ് ചെയ്യുക മാത്രമല്ല അവ സോണുകളാക്കി തിരിക്കുന്നതും സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഉപകാരപ്പെടും. എല്ലാ സംഘർഷ സ്ഥലങ്ങളിലും ഒരേ മാതൃകയിലുള്ള ലഘൂകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഗുണപ്രദമല്ല. ഓരോ സ്ഥലങ്ങളിലുമുള്ള സംഘർഷത്തിന്റെ സ്വഭാവവും (nature of conflict) ഇടവേളയും (frequency of conflict) തീവ്രതയും (intensity of conflict) അവിടുത്തെ വനം, വന്യജീവി, ആവാസവ്യവസ്ഥ, മനുഷ്യർ, സംഘർഷത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനാൽ ഒരേ പരിഹാര മാർഗങ്ങൾ എല്ലാ സ്ഥലത്തും നടപ്പിലാക്കുക എന്നത് പ്രായോഗികമല്ല. സംഘർഷം ഉണ്ടാവുന്ന സ്ഥലത്തിന്റെ സ്വഭാവും (Site-specific) സംഘർഷത്തിന് കാരണമായ ജീവികളുടെ സ്വഭാവവും (Species-specific) സംഘർഷത്തിനിരയാകുന്ന ജനസമൂഹങ്ങളുടെ പ്രത്യേകതകളും (Social consideration) മനസ്സിലാക്കി വളരെ ചെലവ് കുറഞ്ഞതും പ്രവർത്തനക്ഷമതയുള്ളതും സാമൂഹികപരമായി അംഗീകരിക്കപ്പെടുന്നതുമായ പദ്ധതികളാണ് നടപ്പിലാക്കപ്പെടേണ്ടത്. കോൺഫ്ലിക്ട് ഹോട്ട്സ്പോട്ടുകൾ സോണുകളായി തിരിച്ച് മാപ്പ് ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ മനസിലാക്കാൻ സാധിക്കൂ.

വിവര ശേഖരത്തിന്റെ അഭാവം

വനം, വന്യജീവി, മനുഷ്യർ, സംഘർഷം എന്നിവയെ ആധാരമാക്കിയുള്ള ഒരു വികേന്ദ്രീകൃത വിവരങ്ങളൊന്നും ഗൗരവത്തിൽ സൂക്ഷിക്കപ്പെടുന്നില്ല എന്നത് നിലവിലുള്ള സംഘർഷാവസ്ഥ അധികരിക്കുന്നതിന് കാരണമാകുന്നുണ്ട്. സംഘർഷം നടന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ, സംഘർഷത്തിന്റെ സ്വഭാവ സവിശേഷതകൾ, സംഘർഷം നടന്ന കാലം, ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ എണ്ണം, സംഘർഷബാധിതരായ മനുഷ്യരെ സംബന്ധിച്ചുള്ള വിവരങ്ങൾ, അവരുടെ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക പശ്ചാത്തലം, സംഘർഷത്തിന് കാരണമായി വിലയിരുത്തുന്ന ഘടകങ്ങൾ, ആക്രമണത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തവരുടെ മാനസികാവസ്ഥ, സംഘർഷത്തിന് കാരണമായ വന്യജീവികളുടെ പശ്ചാത്തലം, അതിലേക്ക് അവയെ നയിച്ച കാരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിച്ച് തയ്യാറാക്കുന്ന ഒരു വിവര ശേഖരം വനം വകുപ്പിന്റെ റെയ്ഞ്ച് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. സംഘർഷ ലഘൂകരണത്തിനായുള്ള പദ്ധതികൾ തയ്യാറാക്കുമ്പോൾ ഇത് ഒരു അടിസ്ഥാന രേഖയായി മാറേണ്ടതുണ്ട്.

ഇത്തരമൊരു അന്വേഷണം നടത്താനുള്ള സമയമോ സാഹചര്യമോ നിലവിൽ വനം വകുപ്പിന്റെ സംവിധാനങ്ങൾക്ക് ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അതേസമയം, മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരന്തമേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ കൂടി ഇപ്പോൾ ഉൾപ്പെടുത്താവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിക്ക് കേന്ദ്രം നൽകുന്ന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 10 ശതമാനം തുക ഇക്കാര്യങ്ങൾക്കായി ചെലവഴിക്കാനും കഴിയും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു പ്രാദേശിക സമിതി രൂപീകരിക്കുന്ന കാര്യവും സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. തദ്ദേശ സ്ഥാപനത്തിന്റെ പ്രസിഡന്റ്, വനംവകുപ്പ് , പട്ടികജാതി- പട്ടികവർഗ്ഗ വികസനം, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, പൊലീസ്, സന്നദ്ധസംഘടന പ്രതിനിധികൾ, തഹസീൽദാർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍ ആയുള്ള പ്രഖ്യാപനം മന്ത്രിസഭ നടത്തുന്നത് 2024 മാർച്ച് ഏഴിനാണ്. ഒരു വർഷം പിന്നിടാറായിട്ടും തദ്ദേശീയ തലത്തിൽ ഇതിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴും കാണാനില്ല.

സംഘർഷ ലഘൂകരണത്തിനുള്ള തദ്ദേശീയമായ ആസൂത്രണത്തിന് സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍ എന്ന നിലയിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്. കടുവാ സാന്നിദ്ധ്യമോ കടുവ ആക്രമണമോ ഉണ്ടായിട്ടുള്ള, അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നുന്ന സ്ഥലങ്ങളിൽ ചില മുൻകരുതലുകൾ സ്വീകരിക്കുവാൻ തദ്ദേശീയമായ വിവര ശേഖരണത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആസൂത്രണ പ്രക്രിയ സഹായകരമാണ്. നിലവിൽ, സർക്കാർ വകുപ്പുകളും ജനങ്ങളും (പ്രത്യേകിച്ച് വനം വകുപ്പ്) തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ മയപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും.

കൃഷിഭൂമിയുടെ അതിർത്തിയിൽ നിർമ്മിച്ച സോളാർ വൈദ്യുതി വേലി. കടപ്പാട്:thehindu

നരഭോജി കടുവയെ കൊല്ലാൻ കഴിയുമോ?

മറ്റൊരു പ്രധാന പ്രശ്നം, ഒരു കടുവ നരഭോജിയായി മാറുന്ന അപൂർവ്വം സന്ദർഭങ്ങളിൽ രൂപപ്പെടുന്ന നടപടിക്രമസംബന്ധിയായ (Procedural) കാലതാമസവും ആശങ്കകളുമാണ്. 1972 ലെ വനം, വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമ്പോഴുള്ള നിയമനടപടികളും അതേതുടർന്നുള്ള കാലതാമസവും കടുവയാക്രമണം നേരിടുന്ന സ്ഥലങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒരു കടുവ ആക്രമണം ഉണ്ടായാൽ, പ്രത്യേകിച്ചും അത് മനുഷ്യമാംസം ഭക്ഷിച്ചിട്ടുണ്ടെങ്കിൽ, ആ കടുവയെ ഉടനടി തന്നെ പിടികൂടുകയാണ് വേണ്ടത്. ഒരിക്കൽ മനുഷ്യ മാംസം ഭക്ഷിച്ചുകഴിഞ്ഞാൽ അത് വീണ്ടും മറ്റു മനുഷ്യരെ ഭക്ഷണത്തിനായി ആക്രമിക്കില്ല എന്നതിന് യാതൊരു ഉറപ്പും ഇല്ല. അത്തരം സന്ദർഭങ്ങളിൽ നരഭോജി കടുവയെ പിടികൂടാനായി സാധാരണ ഗതിയിൽ കെണിവയ്ക്കുകയോ മയക്കുവെടി വയ്ക്കുകയോ കൂടൊരുക്കുകയോ ആണ് ചെയ്യാറുള്ളത്. ഇങ്ങനെ പിടികൂടുന്ന കടുവകളെ അവരുടെ വയസ്സ്, ലിംഗം, ആരോഗ്യം എന്നിവ പരിശോധിച്ച് മറ്റ് വനപ്രദേശങ്ങളിലോ കടുവാ സങ്കേതങ്ങളിലോ മൃഗശാലകളിലോ ക്യാപ്റ്റിവിറ്റി സെന്ററുകളിലോ പുനരധിവസിപ്പിക്കുകയാണ് പതിവ്. മറ്റ് വനത്തിനുള്ളിൽ തുറന്നുവിടേണ്ടിവരുന്ന കടുവകൾ അവിടെയും സംഘർഷത്തിന് കാരണമാവാൻ സാധ്യതയുണ്ടോ എന്നും പരിശോധിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ ജീവശാസ്ത്രപരവും സാമൂഹികവുമായ തലങ്ങളെല്ലാം പരിഗണിച്ചതിന് ശേഷം മാത്രമേ വനം വകുപ്പിന് കടുവയെ പിടികൂടുന്ന കാര്യത്തിൽ ഇടപെടാൻ കഴിയുകയുള്ളൂ. (കേരളത്തിൽ നിലവിലുള്ള മൃഗശാലകളിലോ ക്യാപ്റ്റിവിറ്റി സെന്ററുകളിലോ ഇത്തരത്തിൽ പിടികൂടുന്ന കടുവകളെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല എന്നതും ഈ സന്ദർഭത്തിൽ ഗൗരവമായി കാണേണ്ട വിഷയമാണ്.)

വളരെ അപൂർവ്വ സന്ദർഭങ്ങളിലാണ് കടുവയെ വെടിവെച്ച് കൊല്ലാനുള്ള  ഉത്തരവുകൾ സർക്കാർ പുറപ്പെടുവിപ്പിക്കാറുള്ളത്. നിലവിലെ വനം, വന്യജീവി സംരക്ഷണ നിയമപ്രകാരം, അതീവ സുരക്ഷാ വിഭാഗത്തിലുൾപ്പെടാത്ത ഒരു വന്യജീവിയെയാണ് വെടിവെച്ച് കൊലപ്പെടുത്തേണ്ടത് എങ്കിൽ സംഘർഷം നടന്ന വനപരിധിയിലെ വനം, വന്യജീവി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരവും സ്വയം ബോധ്യപ്പെടുന്നതുപ്രകാരവും സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് തന്നെ ആ ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്. എന്നാൽ കടുവ പോലുള്ള അതീവ സുരക്ഷാ വിഭാഗത്തിലുൾപ്പെടുന്ന ജീവികളുടെ കാര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ല. ദേശീയ മൃഗമായതുകൊണ്ടുതന്നെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് വൈൽഡ് ലൈഫ് പ്രിസർവേഷനാണ് ആ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ദേശീയ തലത്തിൽ തീരുമാനമായി വരാനെടുക്കുന്ന കാലതാമസം സംഘർഷ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് പ്രശ്നമായി മാറുന്നു. ഇനി, ഉത്തരവ് ലഭിച്ചാൽ തന്നെയും നരഭോജി കടുവയെ കണ്ടെത്തി വെടിവെച്ച് കൊല്ലുന്നതിനും കാലതാമസം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രസ്തുത പ്രദേശത്ത് മറ്റു കടുവകളുണ്ടെങ്കിൽ അതിൽ നിന്നും നരഭോജി കടുവയെ (Conflict Tiger) ക്യാമറ ട്രാപ്പുകൾ വഴിയോ മറ്റോ കൃത്യമായി തിരിച്ചറിഞ്ഞ്, നിലവിൽ ആ കടുവയുള്ള പ്രദേശവും അതിന്റെ പ്രത്യേകതകളും മനസ്സിലാക്കി, വെറ്റിനറി എക്സ്പേർട്ടിന്റെയും ബയോളജിസ്റ്റിന്റെയും പ്രത്യേക പരിശീലനം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അവയെ പിന്തുടർന്ന് വെടിവെക്കുക എന്നത് സങ്കീർണ്ണവും പലപ്പോഴും ഈ ടീമിന് തന്നെയും അപകടങ്ങളുണ്ടാകാൻ സാധ്യതയുള്ളതുമായ ഒന്നാണ്. പരിശീലനം ലഭിച്ച വിദഗ്ധർക്കല്ലാതെ മറ്റാർക്കുമിതിന് കഴിയുകയുമില്ല. മനുഷ്യനെ ആക്രമിച്ച കടുവയെ വെടിവച്ച് കൊല്ലണം എന്ന മുറവിളി സംഘർഷ പ്രദേശങ്ങളിൽ നിന്നും ഉയരാറുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല എന്ന് വ്യക്തം.

കേരളത്തിലിന്ന് വനംവകുപ്പിന് കീഴിൽ റാപ്പിഡ് റെസ്പോൺസ് ‍ടീം (ആർ.ആർ.ടി) കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും കടുവ സംഘർഷമുള്ള സ്ഥലങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാവുന്ന തരത്തിലുള്ള ഒരു ടൈഗർ റെസ്പോൺസ് ടീം കൂടി നമുക്കിന്ന് ആവശ്യമാണ്. കടുവകളുടെ സഞ്ചാരവും സ്വഭാവവും സാന്നിദ്ധ്യവും ആക്രമിക്കാൻ സാധ്യതയുള്ള മേച്ചിൽപ്പുറങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളും മുൻകൂട്ടി മനസ്സിലാക്കി ആക്രമണം തടയാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു ടീം പ്രത്യേകമായി തന്നെ രൂപീകരിക്കേണ്ടതായിട്ടുണ്ട് എന്നാണ് സമീപകാലത്തായി നടക്കുന്ന കടുവ ആക്രമണ സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.

വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ‍ടീം വയനാട് ജില്ലയിൽ. കടപ്പാട്:newindianexpress

തദ്ദേശീയരുടെ പങ്ക്

മനഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ തദ്ദേശവാസികളുടെ പങ്ക് എന്താണ് എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നില്ല എന്നതാണ് ആ അവ്യക്തതയ്ക്ക് കാരണവും. വനവും വന്യജീവികളും സർക്കാരിന്റെ സ്വത്താണെന്നും അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഏജൻസി വനം വകുപ്പ് മാത്രമാണെന്നുമുള്ള ധാരണ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, പ്രത്യേകിച്ച് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം വനം വകുപ്പിന് മാത്രമായി ചെയ്യാൻ കഴിയുന്ന ഒന്നല്ല. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് പ്രവർത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും തദ്ദേശീയ ജനതയ്ക്കും അവസരമുണ്ടാകേണ്ടതുണ്ട്. പക്ഷേ, വനംവകുപ്പ് ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ പരിശോധിച്ചാൽ, ജനപങ്കാളിത്തത്തിനുള്ള ഒരിടം സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൊന്നും കാണാൻ കഴിയുന്നില്ല. പങ്കാളിത്ത വനപരിപാലന പദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങളെ വന്യജീവി സംഷർഷ ലഘൂകരണത്തിനായി ഉപയോഗപ്പെടുത്തുന്നതിനും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.

1972 ലെ വന്യജീവിസംരക്ഷണ നിയമവും, 1980 ലെ വനസംരക്ഷണ നിയമവും, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കുന്നതിലെ ജനപങ്കാളിത്തത്തിന്റെ അഭാവം തിരിച്ചറിഞ്ഞുകൊണ്ടാണ് 1988ലെ ദേശീയ വനനയത്തിൽ സംയോജിത വനപരിപാലനം (Joint Forest Management) നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 1995-ൽ ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ജനപങ്കാളിത്തത്തിന് കൂടുതൽ മുൻഗണന നൽകിക്കൊണ്ട് അതിനെ പങ്കാളിത്ത വനപരിപാലനം (Participatory Forest Management) എന്ന നിലയിൽ പരിവർത്തനപ്പെടുത്തുകയായിരുന്നു. ധിഷണാശാലികളായ ചില ഉദ്യോഗസ്ഥർ രൂപപ്പെടുത്തിയ ആ പദ്ധതി ഇന്ന് സംസ്ഥാന വനം വകുപ്പിന്റെ വനപരിപാലന പദ്ധതിയിലെ പ്രധാന ഘടകമാണ്. തദ്ദേശീയ സമൂഹങ്ങളും വനം വകുപ്പും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതും ഈ നയം മാറ്റമായിരുന്നു. എന്നാൽ പങ്കാളിത്ത വനപരിപാലന പദ്ധതിയുടെ ഭാഗമായ വനസംരക്ഷണ സമിതികളും (VSS) ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികളും (EDC) മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ ഫലപ്രദമായ മാതൃകകൾ കേരളത്തിലില്ല.

ഈ പരിമിതി പരിഹരിക്കാനായാണ് സംസ്ഥാന സർക്കാർ 2017ൽ ജനജാഗ്രതാ സമിതി എന്ന സംവിധാനം രൂപീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും വനം വകുപ്പുദ്യോഗസ്ഥരും ജനങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് ജനജാഗ്രത സമിതി. കേരളത്തിലെ വിവിധ ജില്ലകളിലായി 204 ജനജാഗ്രതാ സമിതികൾ രൂപീകരിക്കപ്പെട്ടിട്ടുള്ളതായാണ് സർക്കാർ രേഖകൾ പറയുന്നത്. എന്നാൽ ഇതിൽ എത്ര ജനജാഗ്രതാ സമിതികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നത് അന്വേഷിക്കപ്പെടേണ്ട കാര്യമാണ്. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് ആവശ്യമായ ആലോചനകളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പ്രദേശവാസികൾക്കും പങ്കാളിത്തമുണ്ടാകുന്നുണ്ടെങ്കിലും അന്തിമ തീരുമാനങ്ങളെടുക്കുന്നതും പദ്ധതികൾ നടപ്പിലാക്കുന്നതും വനം വകുപ്പാണ് എന്നതാണ് ജനജാഗ്രതാ സമിതികളുടെ പ്രധാന പരിമിതി. (ജനജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി ഇക്കാര്യം ലേഖിക മുമ്പ് എഴുതിയിട്ടുണ്ട്). ഈ പ്രതിസന്ധിയെ മറികടന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനാവശ്യമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ആവിഷ്കരിച്ചാൽ തന്നെയും ഫണ്ട് തികയാതെ വരുന്ന സാഹചര്യമുണ്ട്. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിൽ വനം വകുപ്പും പഞ്ചായത്തും തദ്ദേശീയ ജനതയും പങ്കുചേരുന്ന ഒരു പ്രവർത്തന മണ്ഡലം വികസിപ്പിക്കാൻ ജനജാഗ്രതാ സമിതികൾ വഴി കഴിഞ്ഞിട്ടുണ്ടോ എന്ന് സംസ്ഥാന തലത്തിൽ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.

കണ്ണൂർ ജില്ലയിലെ മടപുരച്ചാലിലും വയനാട്ടിലെ വൈത്തിരിയിലും പ്രശ്നബാധിതരായ തദ്ദേശവാസികളുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനങ്ങൾ തന്നെ പണം പിരിച്ചെടുത്ത് (Community funding) വന്യജീവി ആക്രമണമുള്ള സ്ഥലങ്ങളിൽ വേലികൾ കെട്ടിയതിന്റെ മാതൃകകളുണ്ട്. ജനങ്ങൾ തന്നെ മുൻകൈ എടുത്ത് ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നത് പലപ്പോഴും പ്രതിസന്ധിയായി മാറാറുണ്ട്. അതേസമയം, ജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇത്തരം മാതൃകകൾ. വനം വകുപ്പ് ഈ മാതൃകകളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. ആർ.ആർ.ടി പോലെ തന്നെ വന്യജീവി സാന്നിധ്യമോ ആക്രമണമോ ഉണ്ടാകുന്ന ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാൻ കഴിവുള്ള ഒരു ലോക്കൽ റെസ്പ്പോൺസ് ടീം ജനപങ്കാളിത്തത്തോടെ രൂപീകരിക്കാൻ വനം വകുപ്പ് മുൻകൈയെടുക്കണം. വനത്തെയും വന്യജീവികളെയും കുറിച്ചുള്ള ജനങ്ങളുടെ അറിവുകളും പരമ്പരാഗതമായും തദ്ദേശീയമായും അവരുപയോഗിക്കുന്ന മാർഗങ്ങളും ഉപയോഗപ്പെടുത്താൻ ലോക്കൽ റെസ്പ്പോൺസ് ടീമുകൾക്ക് കഴിയണം. ഭരണനിർവഹണത്തിൽ പങ്കുചേരാൻ പൗരർക്ക് കൂടുതൽ അവസരം നൽകുന്ന അടിസ്ഥാനതല ജനാധിപത്യത്തിന്റെ (grass-root democracy) ശക്തിപ്പെടൽ കൂടി ഇത്തരത്തിലുള്ള വികേന്ദ്രീകൃത സംവിധാനങ്ങൾ വഴി സാധ്യമാകും. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പരിഹാരത്തിന് ഇതല്ലാതെ കേന്ദ്രീകൃത മാർഗങ്ങൾ ഇനി ഫലപ്രദമാകില്ല.

കണക്കിൽ ഉൾപ്പെടാത്ത നഷ്ടങ്ങൾ

കൃഷിനാശം, കന്നുകാലി നാശം, വസ്തുവകകളുടെ നാശം, ജീവനാശം എന്നിങ്ങനെ തിട്ടപ്പെടുത്താൻ കഴിയുന്ന നഷ്ടങ്ങൾ മാത്രമാണ് എപ്പോഴും പരിഗണിക്കപ്പെടാറുള്ളത്. സംഘർഷ ബാധിതരായ ജനങ്ങൾ അനുഭവിക്കുന്ന മാനസികമായ പ്രശ്നങ്ങളെയോ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെയോ (indirect impacts of human wildlife conflict) കുറിച്ച് അന്വേഷണങ്ങളും പഠനങ്ങളും കുറവാണ്. വന്യജീവികളുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെട്ടവരും, ആക്രമണത്തിൽ പരിക്കേറ്റവരും, തങ്ങളുടെ ഏക ഉപജീവന മാർഗമായിരുന്ന കൃഷിയോ കന്നുകാലി വളർത്തലോ ഉപേക്ഷിച്ചവരും, ഭയം, ആശങ്ക, ഉത്കണ്ഠ, അസ്വസ്ഥത, ഒറ്റപ്പെടൽ, വിഷാദം, ഉറക്കമില്ലായ്മ, സാമൂഹികമായ ഉൾവലിയൽ തുടങ്ങി പലവിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരും ഇന്ന് കേരളത്തിൽ ഏറെയുണ്ട്. ഇത്തരം അദൃശ്യമായ പ്രത്യാഘാതങ്ങളെ (Invisible Impact) മറി കടക്കാൻ പ്രശ്നബാധിത സമൂഹങ്ങളെ സജ്ജരാക്കുന്ന സംവിധാനങ്ങൾ കൂടി ലഘൂകരണ പ്രവർത്തനങ്ങൾ ഉൾച്ചേർക്കേണ്ടതുണ്ട്.

മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കണം

നിലവിൽ മൂന്നാർ മേഖലയിൽ മാത്രമാണ് മുൻകൂർ മുന്നറിയിപ്പ് സംവിധാനം കേരളത്തിൽ പ്രവർത്തിക്കുന്നത് എന്നാണ് വനം വകുപ്പ് പറയുന്നത്. മൂന്നാർ ഡിവിഷന്റെ വിവിധ പ്രദേശങ്ങളിൽ രൂപീകരിച്ചിട്ടുള്ള Elephant Information ഗ്രൂപ്പുകൾ ആനകളെ കാണുമ്പോൾ ആ വിവരം ആർ.ആർ.ടി നിയന്ത്രിക്കുന്ന കൺട്രോൾ റൂമിലേക്ക് അറിയിക്കുന്നു. ആർ.ആർ.ടിയിലെ ജീവനക്കാർ ഫീൽഡിൽ പോയി ആ വിവരം പരിശോധിക്കുകയും ശരിയാണെന്ന് ഉറപ്പിച്ചാൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും എസ്എംഎസ് അലേർട്ടുകൾ നൽകുകയും ചെയ്യുന്നു. ആനകൾ സഞ്ചരിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കാൻ പ്രദേശവാസികൾക്ക് ഈ വിവരം ഉപകാരപ്പെടുന്നു. സംസ്ഥാനത്ത് ഇത്തരം കൂടുതൽ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ വർക്കിംഗ് പ്ലാൻ (2022, മാർച്ച്) പറയുന്നുണ്ട്. ക്യാമറ ട്രാപ് ടെക്നോളജിയുടെ സഹായത്തോടെ കടുവയുടെ കാര്യത്തിലും ഇത്തരത്തിലുള്ള ഒരു മുൻകൂർ മുന്നറിയിപ്പ് സംവിധാനം കടുവ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാ ഡിവിഷനിലും നടപ്പിലാക്കേണ്ടതാണ്. UNDP (United Nations Development Programme)യുടെ സഹായത്തോടെ ക്യാമറയിൽ നിന്നുള്ള ഇമേജുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന sensor-based alert system ചിന്നക്കനാൽ-മറയൂർ മേഖലകളിൽ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ വനം വകുപ്പ് കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം എത്രത്തോളം ഫലപ്രദമായിട്ടുണ്ട് എന്ന് വിലയിരുത്തുകയും കടുവ സാന്നിധ്യമുള്ള മേഖലകളിൽ ഇത് ഉപയോഗപ്പെടുത്തുകയും വേണം.

കടുവയെ കണ്ടെത്താനുള്ള ക്യാമറ ട്രാപ് ടെക്നിക്. കടപ്പാട്:indiatimes

ദക്ഷിണേന്ത്യയിൽ ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഏറ്റവും കൂടുതലുള്ള പ്രദേശമായിരുന്നു കർണ്ണാടകയിലെ ഹസ്സൻ. പല മാർഗങ്ങളും പരാജയപ്പെട്ട ശേഷം 2017 ഒക്ടോബറിലാണ് വനം വകുപ്പ് early-warning system ഇവിടെ നടപ്പിലാക്കുന്നത്. എസ്എംഎസ് അലേർട്ടുകൾ, ഓട്ടോമേറ്റഡ് വോയ്‌സ് കോളുകൾ, എൽഇഡി ഫ്ലാഷ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. നിരവധി പ്രാദേശിക വാട്ട്‌സ്അപ്പ് ഗ്രൂപ്പുകൾക്ക് പുറമേ എസ്എംഎസ് അലേർട്ട് സിസ്റ്റത്തിനായി 35,000-ത്തിലധികം പ്രദേശവാസികളുടെ മൊബൈൽ നമ്പറുകൾ വനം വകുപ്പ് രജിസ്റ്റർ ചെയ്തു. കൂടാതെ, ആനകളുടെ ചലനത്തെക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രധാന ജംഗ്ഷനുകളിൽ 30 ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചു. ഈ ശ്രമത്തിന്റെ ഫലമായി സംഘർഷത്തിന്റെ എണ്ണം ഇവിടെ വലിയ രീതിയിൽ കുറഞ്ഞു. തമിഴ്നാട്ടിലെ വാൽപ്പാറയിൽ എൻ.സി.എഫ് എന്ന സംഘടനയുടെ മുൻകൈയിൽ ഫലപ്രദമായി നടപ്പിലാക്കിയ Elephant Information Network (EIN) എന്ന സംവിധാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹസ്സനിലും ഈ സംവിധാനം നടപ്പിലാക്കിയത്. 2011ൽ വാൽപ്പാറയിൽ നടപ്പിലാക്കിയ വാണിംഗ് സിസ്റ്റത്തിലൂടെ പ്രാദേശിക ടെലിവിഷൻ ചാനലുകളിൽ വരെ മുന്നറിയിപ്പുകൾ നൽകുമായിരുന്നു. കേരളം ഇപ്പോഴും ഫലപ്രദമായി പരീക്ഷിക്കാത്ത ഒരു മാർഗമാണ് early warning system (EWS). ഡിജിറ്റൽ സാക്ഷരതയും, തമിഴ്നാടിനെയും കർണ്ണാടകയെയും അപേക്ഷിച്ച് ഉയർന്ന മൊബൈൽ ഫോൺ ഉപയോഗവും, സുശക്തമായ വാർഡ്തല ഗ്രാമസഭാ സംവിധാനങ്ങളും, വിവരങ്ങൾ വേഗത്തിൽ കൈമാറാൻ കഴിയുന്ന ജനസാന്ദ്രതയും ഉണ്ടായിട്ടും കേരളം എന്തുകൊണ്ടാണ് early warning system നടപ്പിലാക്കുന്നതിൽ പിന്നോട്ടുപോകുന്നത് എന്നത് ഗൗരവത്തോടെ അന്വേഷിക്കേണ്ട കാര്യമാണ്.

കർണ്ണാടകയിലെ ഹസ്സനിൽ നടപ്പിലാക്കിയ early-warning സംവിധാനത്തിന്റെ ഭാ​ഗമായ ഡിസ്പ്ലേ ബോർഡ്. കടപ്പാട്:ncf

പ്രോജക്ട് ടൈഗറും സംഘർഷ ലഘൂകരണവും

രാജ്യത്തെ കടുവകളെ സംരക്ഷിക്കുന്നതിനായി 1973ൽ ആരംഭിച്ച പ്രൊജക്ട് ടൈഗർ പദ്ധതി 50 വർഷം പിന്നിട്ടിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് ബന്ദിപൂർ കടുവാ സങ്കേതത്തിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി അമ്പതാം വാർഷികം ആഘോഷിച്ചത്. അന്ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2018-ലെ 2,967-ൽ നിന്ന് 2022-ൽ 3,167 ആയി രാജ്യത്ത് കടുവകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ, 2023 ജൂൺ 23-ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രോജക്ട് ടൈഗറിന്റെയും പ്രോജക്ട് എലിഫന്റിന്റെയും കേന്ദ്ര സ്പോൺസർഷിപ്പ് പദ്ധതികൾ ലയിപ്പിക്കുകയും പ്രോജക്ട് ടൈഗർ & എലിഫന്റ് (PT&E) എന്ന പുതിയ പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. പദ്ധതിയുടെ രൂപം മാറിയതോടെ ഫണ്ട് വകയിരുത്തുന്നതിലും വ്യത്യാസം വന്നു. എങ്കിലും 250 കോടിയോളം രൂപ ഓരോ വർഷവും ഈ പദ്ധതിക്കായി വിനിയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി ഈ ഫണ്ട് എങ്ങനെ വിനിയോഗിക്കാം എന്നും ആലോചിക്കേണ്ടതാണ്. ഇന്ത്യയുടെ പല പ്രദേശങ്ങളിലും നഷ്ടപരിഹാരം പോലും ലഭിക്കാതെ തദ്ദേശവാസികൾ റീലൊക്കേറ്റ് ചെയ്യപ്പെടാൻ കാരണമായ പദ്ധതി കൂടിയാണ് പ്രോജക്ട് ടൈഗർ എന്നത് മറക്കരുത്. അതുകൊണ്ടുതന്നെ സംഘർഷ മേഖലകളിലെ തദ്ദേശീയ സമൂഹങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പുതിയ സാഹചര്യത്തിൽ പ്രോജക്ട് ടൈഗറിന് കഴിയേണ്ടതുണ്ട്.

ഭീതി പരത്തുന്നവർ ആരാണ്?

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ സംഘങ്ങളും സമൂഹ മാധ്യമങ്ങളും ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്നത് പ്രശ്ന പരിഹാരത്തിന് തടസ്സമായി മാറിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു എന്നും, വന്യമൃഗങ്ങളെ വനം വകുപ്പ് ജനവാസ മേഖലകളിലേക്ക് തുറന്നുവിടുന്നതാണെന്നും, മരണങ്ങൾക്കെല്ലാം കാരണം വനം വകുപ്പാണെന്നുമെല്ലാമുള്ള പ്രചാരണം ജനങ്ങളെ ഭീതിയിലാഴ്ത്തുകയും വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറുയും ചെയ്തിട്ടുണ്ട്. വ്യാജ വാർത്തകളും വിവരങ്ങളും അതിവേഗം പ്രചരിക്കുന്ന സാഹചര്യത്തിൽ ശരിയായ കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതല്ലെങ്കിൽ വനം വകുപ്പിനെതിരായി ജനവികാരം തിരിച്ചുവിടുന്നതിന് വ്യാജ വിവരങ്ങൾ കാരണമായി മാറും.

സംഘർഷം ഉണ്ടാകുന്നതിന് മുമ്പും (Preventive measures) സംഘർഷം നടക്കുന്ന വേളയിലും (Reactive measures) സംഘർഷം നടന്ന ശേഷവും (Mitigative measures) നടപ്പിലാക്കാവുന്ന വിവിധ തരം പ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെടുകയും ആസൂത്രണം ചെയ്യപ്പെടുകയും വഴി മനുഷ്യ-വന്യജീവി സംഘർഷത്തെ ഒരു പരിധിവരെ നമുക്ക് അഡ്രസ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ സംഘർഷത്തിന്റെ നാനാവിധ മേഖലകളെയും സ്പർശിച്ചുക്കൊണ്ടുള്ള ഒരു സംയോജിത സംവിധാനമാണ് (Integrated programs) മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കാര്യത്തിൽ പിന്തുടരേണ്ടത്. വനം വകുപ്പിന് മാത്രം പൂർണ്ണ ഉത്തരവാദിത്തം നൽകുന്ന രീതി മാറ്റുകയും അനുബന്ധ (കൃഷി വകുപ്പ്, അനിമൽ ഹസ്ബന്ററി, റവന്യൂ വകുപ്പ്) വകുപ്പുകളെയും ഉൾച്ചേർത്തുക്കൊണ്ടുള്ള ഇന്റർഡിപ്പാർട്ട്മെന്റൽ പ്രവർത്തനങ്ങളും, സന്നദ്ധ പ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും രാഷ്ട്രീയക്കാരെയും മാദ്ധ്യമ പ്രവർത്തകരെയും സ്വതന്ത്ര ഗവേഷകരെയും വിദ്യാർത്ഥികളെയും യുവജനങ്ങളെയുമെല്ലാം ഉൾച്ചേർത്തുകൊണ്ട് (Collective action) നടത്തുകയും വേണം.

മൂന്നാറിൽ മനുഷ്യവാസ മേഖലയ്ക്കടുത്ത് കണ്ട ആനക്കൂട്ടം. കടപ്പാട്:wikipedia

സഹവർത്തിത്വം സാധ്യമോ?

പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്ന് പറയാൻ കഴിയുന്ന ഒരു പ്രശ്നമല്ല മനുഷ്യ-വന്യജീവി സംഘർഷം. പ്രത്യേകിച്ച് കേരളം പോലെ പശ്ചിമഘട്ടത്തിലെ മഴക്കാടുകളുമായി അതിര് പങ്കിടുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ച് ഇത് അവസാനമില്ലാത്ത ഒരു സംഘർഷമാണ് (endless conflict). അതിനാൽ തന്നെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം (coexistence) എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി. മനുഷ്യ-വന്യജീവി സഹവർത്തിത്വമെന്നത് മനുഷ്യരും വന്യജീവികളും ഒരുമിച്ച് ഒരേ ആവാസവ്യവസ്ഥയിൽ ഒരുമിച്ച് ജീവിക്കുന്നു എന്ന കാല്പനിക സങ്കൽപ്പമല്ല. മനുഷ്യർ കൊല്ലപ്പെടണമെന്നോ നാശനഷ്ടങ്ങൾ സഹിച്ച് ജീവിക്കണമെന്നോ അതിന് അർത്ഥമില്ല. സംഘർഷങ്ങളും ആക്രമണങ്ങളും ഇല്ലാതെ, ഒരു ആവാസവ്യവസ്ഥയ്ക്കുള്ളിൽ (വനവും വനേതര പ്രദേശങ്ങളും തമ്മിൽ അതിര് പങ്കിടുന്ന ഭൂപ്രദേശത്തെ ഒരു ആവാസവ്യവസ്ഥയായി ഇവിടെ പരിഗണിക്കാം) മനുഷ്യർക്കും മൃഗങ്ങൾക്കും നിലനിൽക്കാൻ കഴിയുന്ന സാഹചര്യമുണ്ടാവുക എന്നതാണ് സഹർത്തിത്വം വഴി അർത്ഥമാക്കുന്നത്. മനുഷ്യ കേന്ദ്രീകൃത (anthropocentric) പ്രവർത്തനങ്ങളിലും മനുഷ്യരുടെ മനോഭാവങ്ങളിലും മാറ്റം വരുക എന്നത് അതിൽ പ്രധാനമാണ്. ഈ ഘടനാപരമായ മാറ്റത്തിന് പിന്തുണ നൽകാനും അതിന് വേണ്ട മുൻകൈകളെടുക്കാനും ഭരണസംവിധാനങ്ങൾക്ക് കഴിയണം. കാടും നാടും വേർതിരിക്കുന്ന അതിർത്തി വരച്ചതും അത് ഏതാണെന്നറിയുന്നതും മനുഷ്യർക്ക് മാത്രമാണ്, മനുഷ്യരാണ് പരിഹാരങ്ങൾ തിരയേണ്ടതും.

റഫറൻസസ്

1. Bhattarai, B. R., Wright, W., Morgan, D., Cook, S., & Baral, H. S. (2019). Managing human-tiger conflict: lessons from Bardia and Chitwan National Parks, Nepal. European Journal of Wildlife Research, 65(3), 34.

2. Cheng, W., Gray, T. N., Bao, H., Wen, D., Liang, X., She, W., … & Jiang, G. (2024). Drivers of human–tiger conflict risk and potential mitigation approaches. Ecosphere, 15(7), e4922.

3. Goodrich, J. M. (2010). Human–tiger conflict: a review and call for comprehensive plans. Integrative Zoology, 5(4), 300-312.

4. Inskip, C., Ridout, M., Fahad, Z., Tully, R., Barlow, A., Barlow, C. G., … & MacMillan, D. (2013). Human–tiger conflict in context: risks to lives and livelihoods in the Bangladesh Sundarbans. Human ecology, 41, 169-186.

5. Nyhus, P. J., & Tilson, R. (2004). Characterizing human-tiger conflict in Sumatra, Indonesia: implications for conservation. Oryx, 38(1), 68-74.

6. Singh, R., Nigam, P., Qureshi, Q., Sankar, K., Krausman, P. R., Goyal, S. P., & Nicholoson, K. L. (2015). Characterizing human–tiger conflict in and around Ranthambhore Tiger Reserve, western India. European Journal of Wildlife Research, 61, 255-261.

7. Working Group on Addressing Issues Related to Human-Wildlife Interactions in Kerala, Fourteenth Five-Year Plan, 2022-27, Government of Kerala Kerala State Planning Board.

8. RTI Data from Forest and Wildlife Department, Kerala.

(തമിഴ്നാട് ദിണ്ടി​ഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ലേഖിക.)

Also Read

20 minutes read February 13, 2025 12:55 pm