കണക്കെടുപ്പിൽ കാണാതായ കേരളത്തിലെ ആനകൾ

കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. കേരള വനംവകുപ്പ് 2024 ജൂലൈ 16 ന് പുറത്തുവിട്ട ‘Elephant Population Estimation in Kerala-2024’ എന്ന റിപ്പോട്ടിലാണ് കേരളത്തിൽ കാട്ടാനകളുടെ എണ്ണം മുൻ വർഷത്തെ അപേ‌ക്ഷിച്ച് 7 ശതമാനത്തോളം കുറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യവും, ആനകളുടെ മറ്റ് സംസ്ഥാന അതിർ‌ത്തികളിലേക്കുള്ള സഞ്ചാരവും കണക്കിലെടുത്ത് രൂപീകരിക്കപ്പെട്ട ഇന്റർ സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സിൻക്രനൈസ്ഡ് എലിഫന്റ് പോപ്പുലേഷൻ എസ്റ്റിമേഷന്റെ ഭാ​ഗമായിട്ടാണ് ആനകളുടെ കണക്കെടുപ്പ് നടന്നത്. 2024 മെയ് 23 മുതൽ 25 വരെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കണക്കെടുപ്പ്. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷങ്ങൾ കൂടി നിൽക്കുന്ന സാഹചര്യത്തെ വിലയിരുത്തുക എന്നതായിരുന്നു കണക്കെടുപ്പിന്റെ ലക്ഷ്യം.

ഇപ്പോൾ കേരള വനംവകുപ്പ് പുറത്ത് വിട്ട റിപ്പോർട്ടിലെ കണക്കുപ്രകാരം കേരളത്തിലെ കാട്ടാനകളുടെ എണ്ണം 1723 ആണ്. 2023-ൽ വനംവകുപ്പ് നടത്തിയ കണക്കെടുപ്പിൽ 1920 ആനകളാണുണ്ടായിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 197 ആനകൾ കുറഞ്ഞുവെന്നാണ് ഈ വർഷത്തെ റിപ്പോർട്ട് പറയുന്നത്. കാട്ടാനകളുടെ എണ്ണം സംബന്ധിച്ച ആധികാരിക രേഖയെന്ന് പറയപ്പെടുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് 2017-ൽ നടത്തിയ കണക്കെടുപ്പിൽ ആനകളുടെ എണ്ണം 5706 ആയിരുന്നു. 2017-ൽ നടത്തിയ ഫീൽഡ് തല സെൻസസിന്റെ ഫലം 2020-ലാണ് MoEF പുറത്തുവിട്ടത്. ഇതേ കാലയളവിൽ വനംവകുപ്പ് നടത്തിയ പഠനത്തിൽ കേരളത്തിലെ ആനകളുടെ എണ്ണം 6036 ആണ്. എന്നാൽ 2023-ലെയും 2024-ലെയും വനംവകുപ്പിന്റെ കണക്കുകളിൽ ഈ പഴയ കണക്കുകളിൽ നിന്ന് വലിയ വ്യത്യാസമാണ് കാണാൻ സാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർഷാദ്യം അനുഭവപ്പെട്ട അതികഠിന ചൂട് ആനകളുടെ കുടിയേറ്റത്തിലേയ്ക്ക് നയിച്ചിരുന്നുവെന്നും ഇതാവാം ആനകളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമായതെന്നുമാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

ഫോട്ടോ: വിഷ്ണു വിജയൻ, കടപ്പാട്: Elephant Population Estimation in Kerala–2024

സംസ്ഥാനത്തെ വിവിധ ആനസംരക്ഷണ കേന്ദ്രങ്ങളെ ( Elephant reserve ) അടിസ്ഥാനപ്പെടുത്തിയുള്ള 2024-ലെ ആനകളുടെ കണക്ക് ഇപ്രകാരമാണ്. ആനമുടി – 615 ( കഴിഞ്ഞ വർഷം-696) നിലമ്പൂർ-198 (കഴിഞ്ഞ വർഷം-171) പെരിയാർ -813 (കഴിഞ്ഞ വർഷം- 811) വയനാട് 178 (കഴിഞ്ഞ വർഷം -249). സംസ്ഥാനത്തെ 9622.708 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ ആനകളുടെ സാന്നിധ്യമുള്ള 3499.52 ചതുരശ്ര കിലോമീറ്റർ വരെയുള്ള മേഖലയെ 608 സാമ്പിൾ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ബ്ലോക്ക് കൗണ്ട്, ഡം​ഗ് കൗണ്ട്, അരുവികൾ കേന്ദ്രീകരിച്ചുള്ള ഓപ്പൺ ഏരിയ കൗണ്ട് എന്നീ രീതിയിലായിരുന്നു കണക്കെടുപ്പ് നടത്തിയത്. (നേരിട്ടുള്ള നിരീക്ഷണത്തിലൂടെയും പിണ്ഡമടിസ്ഥാനമാക്കിയും നടത്തുന്ന കണക്കെടുപ്പ് രീതികളാണ് ബ്ലോക്ക് കൗണ്ടും, ഡംഗ് കൗണ്ടും ). ബ്ലോക്ക് കൗണ്ടിൽ ഒറ്റയാൻ ഉൾപ്പെടെ 384 ​ഗ്രൂപ്പുകളിലായി 1073 ആനകളെയാണ് നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയത്. ബാക്കിയുള്ളവ ഡം​ഗ് കൗണ്ട് , ഓപ്പൺ ഏരിയ കൗണ്ട് എന്നിവയിലൂടെയാണ് കണ്ടെത്തിയത്. നേരിട്ടെണ്ണിയതിൽ 81 എണ്ണത്തിനെ തരംതിരിക്കാനായിട്ടില്ല. ബാക്കിയുള്ള 992 ആനകളിൽ മുതിർന്ന ആനകൾ 61 ശതമാനവും അതിൽ താഴെയുള്ളവ 18 ശതമാനവും കുട്ടിയാനകൾ 20 ശതമാനവുമാണ്. മറ്റു റിസർവുകളെ അപേക്ഷിച്ച് പെരിയാറിലെയും നിലമ്പൂരിലെയും ആനകളുടെ എണ്ണത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടില്ല എന്നാണ് കണക്കുകൾ പറയുന്നത്

മനുഷ്യവന്യജീവി സംഘർഷം കേരളത്തിൽ കൂടിവരുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഘർഷങ്ങൾക്ക് കൂടുതലായി കാരണമാകുന്ന വന്യജീവിയാണ് കാട്ടാന. വന്യജീവികളുടെ എണ്ണം പെരുകുന്നതാണ് സംഘ‌ർഷങ്ങൾ വർദ്ധിക്കുന്നതിന് കാരണമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകസംഘടനകൾ നാളുകളായി പറയുന്നത്. ഈ ആരോപണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് ആനകളുടെ എണ്ണം കുറയുന്നതായുള്ള വനംവകുപ്പിന്റെ ഈ പുതിയ കണക്ക് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. ആനകളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞിട്ടും സംഘർഷം കുറയാത്തതെന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. കാട്ടിൽ ചെരിയുന്ന ആനകളുടെ കണക്ക് വനംവകുപ്പ് സൂക്ഷിക്കണമെന്ന് ഒരു നിയമം നിലനിൽക്കുന്നുണ്ട് . കൊമ്പനാനയാണെങ്കിൽ അവയുടെ കൊമ്പിനും കണക്ക് സൂക്ഷിച്ചിരിക്കണം. എന്നാൽ 6 വർഷത്തിനുള്ളിൽ 4000-ത്തോളം ആനകൾ കുറഞ്ഞതായിട്ടാണ് പുതിയ കണക്കെടുപ്പിൽ കാണാൻ കഴിയുന്നതെങ്കിലും വനംവകുപ്പിന് ഇതിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ആനകളുടെ എണ്ണത്തിൽ വൻതോതിലുള്ള കുറവിന് കാരണം, വേനൽക്കാലമായതിനാൽ ആനകൾ കൂട്ടത്തോടെ കർണാടക, തമിഴ്നാട് അതിർത്തിയിലേക്ക് കടന്നതാവാമെന്നാണ് വനംവകുപ്പ് നൽകിയ വിശദീകരണം. കണക്കുകളുടെ അന്തരം വലുതായതിനാൽ ഈ വിശദീകരണം മതിയാവില്ല എന്നതാണ് യാഥാർത്ഥ്യം.

കണക്കെടുപ്പിന്റെ രീതികൾ

ആനകളുടെ കണക്കെടുപ്പിനായി പ്രധാനമായും രണ്ട് രീതികളാണ് ഉപയോ​ഗിച്ച് പോരുന്നത്. ഒന്ന് ഡയറക്ട് കൗണ്ട്, രണ്ട് ഡം​ഗ് കൗണ്ട്. നിരീ​​ക്ഷണങ്ങളിലൂടെയും മറ്റും നേരിട്ടുള്ള കണക്കെടുപ്പാണ് ഇതിൽ ആദ്യത്തെ രീതി. കണക്കെടുപ്പ് നടക്കുന്ന പ്രദേശത്ത് അമിതമായി വളർന്ന് നിൽക്കുന്ന മരങ്ങളും ചെടികളും കാരണം മൃ​ഗങ്ങളെ കാണാതിരിയ്ക്കാൻ സാധ്യത കൂടുതലാണ്, കൂടാതെ കണക്കെടുപ്പിന് നിരവധി തൊഴിലാളികളെയും ആവശ്യമായി വരുന്നു. അതിനാൽ ഇത്തരം പ്രദേശങ്ങളിലെല്ലാം ബ്ലോക്ക് കൗണ്ടാണ് പ്രാവർത്തികമാകുക. ഒരു സാമ്പിൾ ബ്ലോക്കിനെ തിരഞ്ഞെടുത്ത് അവയെ മുൻനിർത്തിയാവും മുഴുവനായുള്ള ആനകളുടെ എണ്ണം വിലയിരുത്തുക. അതുകൊണ്ട് തന്നെ ബ്ലോക്കുകളുടെ തിരഞ്ഞെടുപ്പിൽ അതീവ ശ്രദ്ധ പുലർത്തിയിരിക്കേണ്ടത് അത്യാവശ്യമാണ്.

ആനയുടെ പിണ്ഡം നോക്കിയിട്ട് അതിലൂടെ ആനയുടെ എണ്ണം തിട്ടപ്പെടുത്തുന്ന കണക്കെടുപ്പ് രീതിയാണ് ഡം​ഗ് കൗണ്ട്. ഈ രീതിയിലൂടെ ആയിരിക്കും ഏറ്റവും കൃത്യമായ ഡേറ്റ ലഭ്യമാവുക. പശ്ചിമഘട്ട വനമേഖലയിൽ കൂടുതൽ ഫലപ്രദമായിട്ടുള്ളത് ഡം​ഗ് കൗണ്ട് ആണ്. നേരിട്ടുള്ള കണക്കെടുപ്പിൽ ആനകളെ കണ്ടുകിട്ടുക എന്നത് പ്രയാസകരമായ കാര്യമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയാണ് ഇതിനൊരു കാരണം. കൂടാതെ സാന്ദ്രത കൂടിയതും, മൃ​ഗങ്ങൾ കൂടുതൽ ഷൈ ആയതും ഇതിന് മറ്റൊരു കാരണമായി വിദ​ഗ്ധർ പറയുന്നു.

ഫോട്ടോ: വിഷ്ണു വിജയൻ, കടപ്പാട്: Elephant Population Estimation in Kerala–2024

ആനപിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തുമ്പോൾ അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ കൂടി കൃത്യത വേണ്ടത് അത്യാവശ്യമാണ്. അങ്ങനെ കൃത്യത ആവശ്യമായ രണ്ട് കാര്യങ്ങളാണ് ഡെസിക്കേഷൻ റേറ്റും, ഡീക്കേ റേറ്റും. ഒരു ആന ഒരു ദിവസം എത്ര പിണ്ഡമിടുന്നു എന്നതാണ് ഡെസിക്കേഷൻ റേറ്റ്, എത്ര സമയം കൊണ്ട് ആനപിണ്ഡം ഡീക്കേ ആയി പോകുന്നുണ്ട് എന്നതാണ് ഡീക്കേ റേറ്റ്. ഇതൊരു ഡയനാമിക് ഇക്വലിബിറിയത്തിൽ നിൽക്കുമെന്നാണ് അനുമാനം. ആനകളുടെ പിണ്ഡം എണ്ണി തിട്ടപ്പെടുത്തിയാൽ കൃത്യമായ എണ്ണം ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യത എപ്പോഴും ഒരു വെല്ലുവിളിയാണ്. ഇത് ആനകളുടെ മാത്രം കാര്യമല്ല, ഏത് വന്യജീവികളുടെ കാര്യമെടുത്ത് പരിശോധിച്ചാലും കൃത്യമായ ഒരു കണക്ക് പറയാൻ സാധിക്കില്ല. അതിന്റെ ഒരു റേഞ്ച് മാത്രമേ പറയാൻ സാധിക്കൂ. ആനകളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ചിട്ടുള്ള, സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസിലെ ശാസ്ത്രജ്ഞനായ ഡോ. സുകുമാർ ഉപയോ​ഗിച്ചിട്ടുള്ള രീതിയാണ് കണക്കെടുപ്പിനായി ഇപ്പോഴും ഉപയോ​ഗിച്ച് പോരുന്നത്. പശ്ചിമഘട്ട മേഖലയിലേയ്ക്ക് ഇത് സ്റ്റാന്റർഡൈസ് ചെയ്തിട്ടുണ്ട്, ഇതിനെ ഫൈൻട്യൂൺ ചെയ്യേണ്ടതും അത്യാവശ്യമാണ്. സൈലന്റ് വാലിയിലെ ഡീക്കേ റേറ്റ് ആവില്ല വയനാടുള്ളത്. ഇതുപോലെ പ്രദേശത്തിനനുസരിച്ച് ഡീക്കേ റേറ്റിലും വ്യത്യാസം നിലനിൽക്കും. ഡിസിക്കേഷൻ റേറ്റും ഇതുപോലെ ഭക്ഷണലഭ്യത അനുസരിച്ച് മാറാം. ഈ രീതികളിലൊക്കെ തെറ്റ് വരാൻ സാധ്യതകൾ കൂടുതലാണ്. കാടുകൾക്കുള്ളിൽ ട്രാൻസെറ്റുകളിട്ട് അവയ്ക്കുള്ളിലൂടെ നടന്നാണ് ഈ ഡം​ഗ് ഡെൻസിറ്റി കണ്ടെത്തുക. ഒന്നോ, രണ്ടോ കിലോമീറ്ററുകൾ വരുന്ന ഈ സാങ്കല്പിക രേഖകൾക്കുള്ളിൽ വരുന്ന പിണ്ഡങ്ങൾ തമ്മിലുള്ള ദൂരം കണക്കിലെടുത്താണ് ഡം​ഗ് ഡെൻസിറ്റി കണക്കാക്കുന്നത്. ഇവയുടെ മെഷർമെന്റിൽ വരുന്ന തെറ്റും കണക്കെടുപ്പിനെ ബാധിയ്ക്കാം. ചെയ്യുന്ന പ്രക്രിയയിലെ സൂക്ഷ്മതയിലുള്ള ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചും കാലാവസ്ഥയ്ക്കനുസരിച്ചും മാറ്റം സംഭവിയ്ക്കാം. മഴക്കാലത്തുണ്ടാകുന്ന ഡീക്കേ റേറ്റ് ആവില്ല വേനൽക്കാലത്ത്. സെൻസസ് മഴക്കാലത്ത് നടത്തിയിട്ട് ഡെസിക്കേഷൻ റേറ്റും ഡീക്കേ റേറ്റും വേനൽക്കാലത്ത് നടത്തിയാലും ഈ വ്യത്യാസം ദൃശ്യമാകും. ഇങ്ങനെ തെറ്റുകൾ വരാനുള്ള സാഹചര്യം പലതാണ്.

3499.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള 608 സാമ്പിൾ ബ്ലോക്കുകളിൽ നിന്ന് ബ്ലോക്ക് കൗണ്ട് രീതിയിലൂടെ നടത്തിയ കണക്കെടുപ്പിൽ 652 ആനകളെയാണ് കണ്ടെത്താൻ സാധിച്ചതെന്നാണ് കേരള വനംവകുപ്പ് പുറത്തുവിട്ട പുതിയ കണക്ക്. എന്നാൽ 2023-ൽ സമാനമായ രീതിയിലൂടെ നടത്തിയ കണക്കെടുപ്പിൽ 700 ആനകളെ കണ്ടെത്താൻ സാധിച്ചിരുന്നു. 2023-ലെയും 2024-ലെയും കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സംസ്ഥാനതലത്തിൽ ആനകളുടെ കണക്കിൽ ഏഴ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ മനുഷ്യ-വന്യജീവി സംഘർഷം കൂടിയതിന്റെ കാരണങ്ങൾ വിലയിരുത്താൻ ഈ കണക്കെടുപ്പ് ശ്രമിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കൂടുതൽ സമ​ഗ്രമായ പഠനങ്ങൾ ആവശ്യമാണെന്നും കോളേജ് ഓഫ് ഫോറസ്റ്ററിയിലെ വൈൽഡ് ലൈഫ് സയൻസ് അധ്യാപകൻ പി.ഒ നമീർ കേരളീയത്തോട് പറഞ്ഞു. “മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിഷയം ച‌‌ർച്ച ചെയ്യുമ്പോൾ ആനകളുടെ എണ്ണം കൂടി, കുറഞ്ഞു എന്നതിലുപരിയായി അവയുടെ ആവാസവ്യവവസ്ഥയിലുണ്ടായിട്ടുള്ള പോരായ്മകൾ പരിശോധിക്കേണ്ടതായിട്ടുണ്ട്. വെള്ളം,ഭക്ഷണം എന്നിവയുടെ കുറവാണോ അതോ മറ്റേതെങ്കിലും കാരണമാണോയെന്ന് പുനപരിശോധന നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാകുന്നു, വേലികെട്ടുന്നു, കിടങ്ങ് കുഴിയ്ക്കുന്നു എന്നെല്ലാം ചെയ്യുന്നതല്ലാതെ ഇത്തരം വിഷയങ്ങളിലെ അടിസ്ഥാന കാരണങ്ങൾ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യ-വന്യജീവി സംഘർഷമുണ്ടാകുമ്പോൾ പ്രാതിനിധ്യം കൂടിയ വശത്ത് നിൽക്കുന്നുവെന്നല്ലാതെ പരിഹാരം കാണുന്നില്ല.15 വർഷത്തെ വിലയിരുത്തലിൽ കണ്ടെത്തിയത് മഴക്കാലത്താണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായുണ്ടാകുന്നത് എന്നാണ്. അപ്പോൾ കാട്ടിൽ വെള്ളമില്ലാത്തത് അല്ലല്ലോ പ്രശ്നം? ഭക്ഷണം ലഭ്യമാണോയെന്നുള്ള വിലയിരുത്തലുകൾ ഇതുവരെ നടത്തിയിട്ടില്ല. വനത്തിനുള്ളിൽ കയറി ഭക്ഷ്യവസ്തുക്കൾ നട്ടുപിടിപ്പിക്കാമെന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നവരുണ്ട്. കാടിന്റെ ആവാസവ്യവസ്ഥയെ മാറ്റുകയാണ് ഇത് വഴി സംഭവിക്കുന്നത്, ഇത് ​ഗുണകരമായ മാറ്റമുണ്ടാക്കുമോ എന്നതിൽ സംശയമുണ്ട്. ഹോളിസ്റ്റിക് ആയിട്ടുള്ളൊരു സമീപനം ഈ വിഷയത്തിൽ ആവശ്യമാണ്. ഈ വിഷയത്തിന് ഒറ്റമൂലികളില്ല എന്നതാണ് യാഥാർത്ഥ്യം”.

പി.ഒ നമീർ

പഠനത്തിന്റെ അഭാവം

വിലയിരുത്തുന്ന രീതിയിൽ വരുന്ന വ്യത്യാസം ഡേറ്റയിൽ പ്രതിഫലിയ്ക്കുമെന്നും ആനകളുടെ എണ്ണത്തിൽ വന്നിരിക്കുന്ന കുറവിന്റെ കാരണം വ്യക്തമല്ലെന്നും ഈ വിഷയത്തിൽ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണെന്നുമാണ് പറമ്പിക്കുളം ടൈ​ഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ കൺസർവേഷൻ ബയോളജിസ്റ്റും ഇപ്പോൾ പുറത്ത് വന്ന കണക്കെടുപ്പിൽ പങ്കാളിയുമായ വിഷ്ണു വിജയൻ വ്യക്തമാക്കുന്നത്. “വിലയിരുത്തുന്ന രീതിയിൽ വരുന്ന വ്യത്യാസം ലഭ്യമാകുന്ന ഡാറ്റയിലും പ്രതിഫലിയ്ക്കും. 2024-ലെ സിൻക്രനൈസഡ് എലിഫന്റ് പോപ്പുലേഷൻ കണക്കെടുപ്പിൽ ഡം​ഗ് കൗണ്ടി​ഗ് രീതി മാത്രമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സംവിധാനങ്ങളൊക്കെ ഇത്ര ആക്റ്റീവാകാൻ തുടങ്ങിയതിന് ശേഷം മാത്രമാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വാർത്തകൾ ഇത്രയധികമായി പുറത്തേക്ക് കേട്ട് തുടങ്ങിയത്. ഇതിന് മുമ്പും ഇത്തരം നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ സ്ഥലത്തെയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് സാമൂഹ്യമാധ്യമങ്ങൾ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും ഇതിന് കൂടുതൽ ശ്രദ്ധ കിട്ടിയതാവാം ഇപ്പോൾ ഇത്തരം സംഘർഷങ്ങൾ കൂടി നിൽക്കുന്നുവെന്ന് തോന്നാൻ കാരണം. ഇത്തരം സംഘർഷങ്ങൾ കൂടിയിട്ടുണ്ടാവാം, ഇല്ല എന്ന് പറയുന്നില്ല. സംഘർഷം കൂടുന്നതിന് പിന്നിൽ മറ്റ് പല കാരണങ്ങളുമുണ്ട്. കൃഷിരീതി മാറിയത് തന്നെ ഒരു പ്രധാന കാരണമായി വിലയിരുത്താം. കാടിനോടടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ മൃ​ഗങ്ങളെ അത്രവേ​ഗം ആകർഷിയ്ക്കാത്ത തരത്തിൽ എന്തെങ്കിലുമാവണം കൃഷി ചെയ്യേണ്ടത്. പൈനാപ്പിൾ പോലെയുള്ള കൃഷികളൊക്കെ മൃ​ഗങ്ങളെ വേ​ഗം ആകർഷിയ്ക്കാൻ സാധ്യതയുണ്ട്. പണ്ട് കാലങ്ങളിൽ കൃഷിയ്ക്ക് കാവലിരുന്ന് വന്യമൃ​ഗങ്ങളെ ഓടിയ്ക്കുകയും, വേലികെട്ടി പ്രദേശങ്ങൾ സംരക്ഷിയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് വേലി കെട്ടിയാലും അത് മെയിന്റെയിൻ ചെയ്ത് പോകാൻ ആളുകൾക്ക് സാധിയ്ക്കുന്നില്ല. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുക എന്നത് വനംവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലല്ലോ. മൃ​ഗങ്ങളെന്ന് പറയുന്നത് പൊതുസ്വത്തല്ലേ അതുകൊണ്ട് സംയുക്തമായിട്ട് വേണം ഇത്തരം വിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ. 500 മുതൽ 700 കിലോമീറ്റർ വേണം ആനകളുടെ ഒരു കൂട്ടത്തിന് സഞ്ചരിയ്ക്കാൻ. വയനാട്, നിലമ്പൂർ പ്രദേശങ്ങളിലൊക്കെ ആനകളുടെ കുടിയേറ്റം നടക്കുന്ന സ്ഥലങ്ങളാണ്. സീസണുകൾക്കനുസരിച്ച് ഈ കുടിയേറ്റത്തിന് മാറ്റം വരാനും സാധ്യതകളുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ കാണാൻ സാധിക്കുമല്ലോ. കാട്ടിലെ മഴയുടെ പാറ്റേണിൽ പോലും ഇത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്താതെ ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ല. ഏത് രീതിയിലാണ് ബാധിച്ചിട്ടുണ്ടാവുക എന്ന കാര്യത്തെക്കുറിച്ച് ഇതുവരെ പഠനങ്ങൾ നടന്നിട്ടില്ല”.

കണക്കെടുപ്പിലെ തെറ്റായ രീതി

1992-ലാണ് ശാസ്ത്രീയമായി ആനകളുടെ കണക്കെടുപ്പ് ആരംഭിയ്ക്കുന്നത്. അന്ന് ധാരാളം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഈ പ്രക്രിയ നടന്നത്. പരിശീലനം കൊടുത്താണ് പൊതുജനത്തെ പങ്കെടുപ്പിച്ചിരുന്നത്. 1992, 1996, 2000 വർഷങ്ങളിലൊക്കെ ഇതിന് നേതൃത്വം നൽകിയിരുന്നത് കേരള വനഗവേഷണ പഠനകേന്ദ്രത്തിലെ ശാസ്ത്രഞ്ജനായിരുന്ന ഡോ. പി.എസ് ഈസയാണ്. പൊതുജനത്തിൽ നിന്ന് തെരഞ്ഞെടുത്ത 1400-ഓളം ആളുകൾക്കാണ് അന്ന് പരിശീലനം നൽകിയത്. ഇതിൽ കോളേജ് വിദ്യാർത്ഥികളും, യുവജനസംഘടനയിൽ നിന്നുള്ള അം​ഗങ്ങളും, നേച്ചർ ക്ലബ് അം​ഗങ്ങളും, അധ്യാപകരും ഉൾപ്പെട്ടിരുന്നു. ഇവരെയെല്ലാം പരിശീലനം നൽകി കണക്കെടുപ്പിന്റെ ഭാ​ഗമാക്കിയതോടെ ഈ വിഷയത്തിലെ സുതാര്യതയും കണക്കെടുപ്പിലെ വ്യക്തതയും വർദ്ധിച്ചു. നിലവിൽ പുറത്തുവന്ന കണക്കുകളിൽ വനംവകുപ്പിന് പോലും കൃതതയില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ആദ്യകാലങ്ങളിലൊക്കെ ഫോറസ്റ്റ് ഓഫീസർമാരോട് ചോദിച്ച് ഒരു ഏകദേശകണക്ക് രേഖപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ആൺ-പെൺ വർ​ഗീകരണം പോലും ഈ രീതിയിൽ നടത്തിയിരുന്നു. അതിൽ നിന്നാണ് ശാസ്ത്രീയമായ കണക്കെടുപ്പിലേക്കുള്ള മാറ്റം ഉണ്ടാകുന്നത്. കണക്കെടുപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള ഏറ്റവും വലിയ മാർ​ഗം പൊതുജന പങ്കാളിത്തം അതിൽ ഉറപ്പുവരുത്തുക എന്നത് തന്നെയാണ്.

മഴക്കാലത്ത് കണക്കെടുപ്പ് നടത്തിയതാണ് എണ്ണത്തിൽ വന്ന മാറ്റത്തിന് പ്രധാന കാരണമെന്ന് ആദ്യകാല ആന കണക്കെടുപ്പുകൾക്ക് നേതൃത്വം നൽകിയ ഡോ. പി.എസ് ഈസ കേരളീയത്തോട് പറഞ്ഞു.

“2017-ലെ കണക്കെടുപ്പിൽ ഞാൻ കൂടി ഭാ​ഗമായിരുന്നു. കണക്കെടുപ്പ് നടത്തുന്ന ആളുകൾ പഠനരീതിയിൽ എത്രമാത്രം കൃത്യത പുലർത്തുന്നു എന്നതിലാണ് കാര്യമിരിക്കുന്നത്. ഫീൽഡിൽ നിന്ന് വരുന്ന ഡേറ്റയുടെ വിശ്വാസ്യതയിലാണ് ശരിയ്ക്കും പ്രശ്നം. ഫീൽഡിലെ ഡേറ്റാ കളക്ഷൻ ഭം​ഗിയായി ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായ വിവരം ലഭിയ്ക്കും. 2024-ലെ കണക്കെടുപ്പിൽ തെറ്റുണ്ടെന്നല്ല പറയുന്നത്. ഈ കണക്കെടുപ്പിൽ വന്ന പ്രധാന പിശക് മഴക്കാലത്താണ് കണക്കെടുപ്പ് നടത്തിയതെന്നുള്ളതാണ്. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത രീതിയാണ്. മഴയുള്ള സമയത്ത് മൃ​ഗങ്ങളെ കാണാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ബ്ലോക്ക് കൗണ്ട് രീതി നടപ്പിലാക്കുമ്പോഴാണ് ആനയെ കാണാതിരിയ്ക്കാൻ സാധ്യത കൂടുന്നത്. രണ്ടാമത് നമ്മൾ ഉപയോ​ഗിക്കുന്ന രീതി ഡം​ഗ് കൗണ്ട് അഥവ ആനപിണ്ഡത്തിന്റെ കണക്കെടുപ്പാണ്. ഒരു ​ട്രാൻസെറ്റിലൂടെ നടക്കുകയും അവയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ആനപിണ്ഡത്തിന്റെ ദൂരം കണക്കാക്കിയാണ് ഈ കണക്കെടുപ്പ് നടത്തുന്നത്. മഴക്കാലമാണെങ്കിൽ ഈ പിണ്ഡം അലിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. ചരിവുകളിലൊക്കെ ആണെങ്കിൽ അതങ്ങ് ഒലിച്ച് പോകും. ആനപിണ്ഡത്തിൽ നിന്ന് കിട്ടുന്ന സാന്ദ്രതയെ ആണ് പിന്നീട് നമ്മൾ ആനയുടെ ഡെൻസിറ്റിയായി മാറ്റുന്നത്. അതിന് ചില അനുമാനങ്ങളുണ്ട്. അതിൽ പ്രധാന അനുമാനം നമ്മൾ ഈ രീതി നടപ്പിലാക്കുമ്പോൾ ഈ ആവാസവ്യവസ്ഥയിലേക്ക് വരുന്ന പുതിയ പിണ്ഡത്തിന്റെയും, മണ്ണിൽ നിന്ന് അപ്രത്യക്ഷമാകുന്ന പിണ്ഡത്തിന്റെയും കണക്ക് ഒരേ പോലെയാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ആ അനുമാനം ശരിയാവണം എന്നില്ല. ഡം​ഗ് ഡെൻസിറ്റിയിൽ നിന്ന് അനിമൽ ഡെൻസിറ്റിയിലേക്ക് പോകുമ്പോൾ പിന്നെ നമുക്ക് ആവശ്യം വരുന്നത് ഡിസിക്കേഷൻ റേറ്റും ഡീക്കേ റേറ്റുമാണ്. ഒരു പിണ്ഡം എത്ര സമയമെടുത്തിട്ടാണ് മണ്ണിലേയ്ക്ക് അലിഞ്ഞു ചേരുക എന്നതാണ് ഡീക്കേ റേറ്റ് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.നേരത്തെ ചെയ്തുവച്ച ഫലമനുസരിച്ചാവും വിലയിരുത്തൽ നടക്കുന്നത്, അതു കൊണ്ട് ഇപ്പോൾ ചെയ്ത വാല്യൂ ഇവിടെ ബാധകമാകുന്നില്ല. മഴ പെയ്ത സ്ഥലത്തെ ഡീക്കേ റേറ്റ് പെട്ടെന്നാവുന്നത് കൊണ്ടുതന്നെ അതിവിടെ ബാധകമാവുകയുമില്ല. എത്ര സമയമെടുത്തിട്ടാണ് പിണ്ഡം ഡീക്കേ ആവുന്നത് എന്നതിനനുസരിച്ച് നടത്തുന്ന കണക്കെടുപ്പിൽ വ്യക്തതയുണ്ടാവില്ല. നമ്മൾ ഇത് കാൽക്കുലേറ്റ് ചെയ്യുമ്പോൾ വളരെയധികം തെറ്റുകൾ വരാൻ സാധ്യതയുണ്ട്. ഇതാണ് ഇവിടെ പ്രധാനമായും സംഭവിച്ചിരിക്കാൻ സാധ്യതയുള്ളത്. ശക്തമായ മഴ നിലനിന്നിരുന്ന സാഹചര്യത്തിൽ അത് ചെയ്യാൻ പാടില്ലായിരുന്നു, മഴ പ്രതീക്ഷിച്ചിരുന്ന ഒരു സമയം കൂടിയായിരുന്നല്ലോ അത്”.

ഡോ. പി.എസ് ഈസ

കേരളത്തിലെ ആനകളുടെ ആവാസകേന്ദ്രങ്ങൾ എല്ലാ സങ്കേതങ്ങളിലേക്കുമുള്ള ആനകളുടെ സഞ്ചാരം സു​ഗമമാക്കുന്ന തരത്തിലുള്ളവയാണ്. സംസ്ഥാനങ്ങൾക്കിടയിൽ ഇടയ്‌ക്കിടെ സഞ്ചരിക്കാൻ അനുവദിക്കുന്ന ക്രമാനുഗതമായ ചരിവുകളുള്ള ഭൂപ്രദേശം ഇവർ ഇത്തരം സഞ്ചാരങ്ങൾക്കായി തിരഞ്ഞെടുക്കുന്നു. പാരിസ്ഥിതിക ആവശ്യങ്ങൾ നിറവേറ്റുകയാണ് ഇത്തരം സഞ്ചാരങ്ങളുടെ ലക്ഷ്യങ്ങൾ. ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്. ആനകൾക്ക് അവയുടെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് പ്രതിദിനം 250-300 കിലോ ഭക്ഷണവും 150-200 ലിറ്റർ വെള്ളവും ആവശ്യമാണ്. ഈ വിശപ്പ് നേരിടാൻ വിപുലമായ പ്രദേശങ്ങളും ആവശ്യമാണ്.

ആനകളുടെ ആവാസവ്യവസ്ഥയുടെ ഗുണനിലവാരം കുറയുന്നതും, വരൾച്ചയും വെള്ളപ്പൊക്കവും പോലെയുള്ള അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങളുമാണ് വന്യജീവി-മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നതിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓരോ ഫോറസ്റ്റ് ഡിവിഷനും പ്രത്യേക പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇത്തരം സംഘർഷങ്ങളുടെ കാരണങ്ങൾ സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആനകളുടെ പരിപാലനം അവയുടെ എണ്ണത്തിലുള്ള കൃത്യമായ കണക്ക് സൂക്ഷിക്കൽ, ആനകൾക്കിടയിൽ പ്രായത്തിനനുസരിച്ച് മരണനിരക്ക് തടയൽ, നൂതനമായ രീതികളിലൂടെ കൃത്യമായ ആനകളുടെ എണ്ണം കണക്കാക്കൽ, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കൽ എന്നിവ നടപ്പാക്കുന്നതിനും പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്ഥിരം സംവിധാനവും വികസിപ്പിക്കുകയാണ് പഠനം വഴി ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സംഘർഷവും കുടിയേറ്റവും

2023ലും 2024ലും പെരിയാറിലും നിലമ്പൂരിലുമായി രേഖപ്പെടുത്തിയ ആനകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. അവയുടെ ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും ഉചിതമായ ഭൂപ്രകൃതിയാവാം ഈ രണ്ട് സങ്കേതങ്ങളുടേത്. അതു കൊണ്ട് തന്നെ അതിർത്തി സംസ്ഥാനമായ തമിഴ്‌നാട്ടിലെ വനങ്ങളിലേക്കുള്ള ഇവയുടെ കുടിയേറ്റത്തിന്റെ തോതിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ലെയും 2024-ലെയും ആനമുടിയിലെയും വയനാട് സങ്കേതത്തിലെയും എസ്റ്റിമേറ്റുകളും തമ്മിൽ വ്യത്യാസം വരാനുണ്ടായ പ്രധാന കാരണം ജലലഭ്യതയ്ക്കും പ്രായോഗിക ആവാസവ്യവസ്ഥയ്ക്കും വേണ്ടി ഇതരസംസ്ഥാനത്തേക്ക് ആനകൾ കുടിയേറിയതാവാമെന്ന് റിപ്പോർട്ട് പറയുന്നു.

കാട്ടാനകൾ വയനാട് ജനവാസ മേഖലയിലെ റോഡ് ക്രോസ് ചെയ്യുന്നു, കടപ്പാട്: thehindu

കേരളത്തിലെ വന്യജീവികൾക്കിടയിൽ സാധാരണയായി ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ നടക്കാറില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആഫ്രിക്കയിലെ വന്യജീവികൾക്കിടയിൽ ഇത്തരം കുടിയേറ്റങ്ങൾ സാധാരണമാണ്. സീസണലായി കൂട്ടത്തോടെ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് മൃഗങ്ങൾ പലായനം ചെയ്യാറുണ്ട്. എന്നാൽ ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനങ്ങളൊന്നുമുണ്ടായിട്ടില്ല എന്നത് കൊണ്ട് കേരളത്തിലെ ആനകൾക്കിടയിൽ ഇത്തരത്തിൽ സീസണൽ മൂവ്മെന്റുകൾ സംഭവിക്കുന്നുണ്ടെന്ന് ആധികാരിമായി പറയാൻ കഴിയില്ല. ഈ മൂവ്മെന്റുകളെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാനുള്ള ഡേറ്റകളും വനംവകുപ്പിന്റെ കൈയിലില്ല.

മുൻകാലങ്ങളിൽ നടത്തിയിരുന്നത് പോലെ പൊതുജനങ്ങളെയും സന്നദ്ധപ്രവർത്തകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആനകളുടെ കണക്കെടുപ്പ് പ്രക്രിയ നടത്തുക എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതികളും അവ്യക്തതകളും ഒഴിവാക്കാനുള്ള അനുയോജ്യ മാർഗം. സർക്കാർ ഈ രീതി തന്നെ വീണ്ടും അവലംബിക്കുന്നതിന് മുൻകൈ എടുക്കുകയാണ് വേണ്ടത്. പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കെ തിരക്കിട്ട് നടത്തിയ 2024-ലെ കണക്കെടുപ്പ് ആനകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനോ മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനോ ഉപകാരപ്രദമായി മാറുന്നില്ലെന്ന് ചുരുക്കം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read