Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
വിവിധങ്ങളായ പ്രമേയങ്ങളിൽ പല രൂപങ്ങളിൽ ആവിഷ്കരിച്ച മികച്ച ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കപ്പെട്ട പതിനഞ്ചാമത് അന്താരാഷ്ട ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. അരികുവൽക്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ പ്രശ്നങ്ങൾ ദൃശ്യതയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ഡോക്യുമെന്ററികളായിരുന്നു ഏറെ ശ്രദ്ധേയം. ഇന്ത്യൻ സമൂഹം കടന്നുപോകുന്ന വിവിധ രഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ ചിത്രീകരിച്ച ഡോക്യുമെന്ററികൾ കേരളം ചർച്ച ചെയ്യേണ്ട പല സംവാദങ്ങളും പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടു. സാമൂഹ്യ വിവേചനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നടന്ന സമരങ്ങളെ അടയാളപ്പെടുത്താനും പല ഡോക്യുമെന്ററികളും ശ്രമിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള “Collectivizing Resistance on Screen” എന്ന ക്യൂറേറ്റഡ് പാക്കേജിൽ 1980ന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഡോക്യൂമെന്ററികൾ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആ ഡോക്യുമെന്ററി പ്രസ്ഥാനത്തിന് ശക്തമായ പിന്തുടർച്ചകളുണ്ടാകുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്തവണയും പ്രദര്ശിപ്പിക്കപ്പെട്ട ഫിലിമുകൾ.
രോഹിത് വെമുലയും ഐ.ഐ.ടികളിലെ മരണങ്ങളും
ഇന്ത്യയിലെ ജാതി വിവേചനങ്ങളെ തുറന്നുകാണിക്കുന്ന നിരവധി സിനിമകൾ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം എങ്ങനെയാണ് വിദ്യാർത്ഥികളെ മരണത്തിലേക്ക് നയിക്കുന്നതെന്ന് സംസാരിക്കുന്ന രണ്ട് ഡോക്യുമെന്ററികൾ ഈ വിധത്തിൽ ശ്രദ്ധേയമാണ്. തുടർന്നുകൊണ്ടിരിക്കുന്ന ജാതീയ അക്രമങ്ങളും, തിരുത്തപ്പെടാത്ത സംവിധാനങ്ങളെയും ഈ ഡോക്യുമെന്ററികൾ ചർച്ച ചെയ്യുന്നു. 2018 ൽ പുറത്തിറങ്ങിയ “We Have Note Come Here to Die” എന്ന ഡോക്യുമെന്ററിയും 2023ൽ ചിത്രീകരിച്ച “There is No Caste Discrimination in IIT ‘s ?” എന്ന ഡോക്യുമെന്ററിയും തുടരുന്ന ജാതി കുറ്റകൃത്യങ്ങളെ പുറത്തുകൊണ്ടുവരുന്നു. ഈ ആത്മഹത്യകളെ പരിഗണിക്കാത്ത, അവയിലെ കുറ്റകരമായ ജാതിബോധത്തെ നിസാരവത്കരിക്കുന്ന അദ്ധ്യാപക-ഉദ്യോഗസ്ഥ വൃന്ദമാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ഉന്നത സ്ഥാനത്തിരിക്കുന്നത് എന്നതാണ് ഈ വിഷയങ്ങളിലെ സമാനത.
രോഹിത് വെമുലയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ’ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രധാന ദിശാസൂചികയായി മാറിയിരുന്നു. വെമുലയെ മരണത്തിലേക്ക് നയിച്ച ക്യാമ്പസിലെ ജാതിവരേണ്യതയെ തുറന്നുകാണിക്കാനും, വെമുലയുടെ ആന്മഹത്യ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ ഉണർവുകളെ പിന്തുടരുവാനും ശ്രമിച്ച ഡോക്യുമെന്ററിയാണ് ദീപ ധൻരാജ് സംവിധാനം ചെയ്ത “We Have Note Come Here to Die.” വെള്ളിവാടയിൽ നിന്നും (ക്യാമ്പസ് ഹോസ്റ്റലിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം രോഹിത് വെമുല സമരം ചെയ്യുകയും കിടക്കുകയും ചെയ്തിരുന്ന സ്ഥലം) തുടങ്ങുന്ന ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ജാതിവരേണ്യത തുറന്നുകാണിക്കുന്നു. എന്തുകൊണ്ട് രോഹിത് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ടു? ഈ തീരുമാനം എടുക്കാൻ ക്യാമ്പസ് അധികാരികളെ പ്രേരിപ്പിച്ചതെന്ത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും സിനിമ നൽകുന്നുണ്ട്. എ.ബി.വി.പി, ബി.ജെ.പി പ്രാദേശിക ഘടകം, സർവകലാശാല അധികാരികൾ, പൊലീസ് എന്നിവർ സംഘടിതമായി എങ്ങനെയാണ് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ദലിത് വിദ്യാർത്ഥികളെ അപരരാക്കുന്നതെന്ന് സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. ജീവിതത്തിൽ “മരണം മാത്രമാണ് ഞങ്ങൾക്ക് തടസ്സമില്ലാതെ നടക്കുന്നതെന്ന്” ഒരു വിദ്യാർത്ഥി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദലിത് വിഭാഗങ്ങളുടെ ജീവിതത്തെ പറ്റിയുള്ള സൂചകമായി ആ വാക്കുകൾ നില നിൽക്കുന്നു.
ക്യാമ്പസ് അധികാരികൾ സമരത്തെ എങ്ങനെ അടിച്ചമർത്തിയെന്നും, വൈസ് ചാൻസലർ അപ്പാ റാവുവും രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായ മറ്റുള്ളവരും നിർബാധം അധികാരത്തിൽ തുടരുന്നതും ഡോക്യുമെന്ററി കാണിച്ചുതരുന്നുണ്ട്. രോഹിത് വെമുലയുടെ ഗ്രാമവും വീടും ഡോക്യുമെന്ററി ചിത്രീകരിക്കുന്നു. രോഹിത് വെമുലയെ പോലുള്ളവർ ഒരു ഗ്രാമത്തിൽ തന്നെ, ഉന്നത വിദ്യാഭ്യാസത്തിലേക്കെത്തുന്നവരുടെ ഒന്നാം തലമുറയാണ്. അത്തരത്തിലുള്ള ഒരാളുടെ മരണം ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യസത്തിനുള്ള ആഗ്രഹത്തെ തന്നെ ഇല്ലാതാക്കുന്നതായും ഡോക്യുമെന്ററി പറയുന്നു. രോഹിത് വെമുലയുടെ മരണത്തിന് ശേഷം അമ്മ രാധിക വെമുല ഇന്ത്യയിലെ പല സമരങ്ങളിലും പ്രധാന സാന്നിധ്യമായി മാറുന്നതും, അവർ നവയാന ബുദ്ധമതം സ്വീകരിക്കുന്നതും സിനിമയിൽ കാണാം. രോഹിത് വെമുല സമരം ദില്ലിയിലേക്ക് വ്യാപിക്കുന്നതും വിവിധ ദലിത്, വിദ്യാർത്ഥി സംഘടനകൾ സമരത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. ഗുജറാത്തിലെ ഉന ജില്ലയിൽ ചത്ത പശുക്കളുടെ തൊലിയുരിഞ്ഞതിന്റെ പേരിൽ ദലിതർ കൊല്ലപ്പെട്ട സംഭവും, അതിനെ തുടർന്നുണ്ടായ സമരങ്ങളും ഡോക്യുമെന്ററി ചിത്രീകരിക്കുന്നു. രോഹിത് വെമുലയുടെ മരണവും, ഉന സംഭവത്തിനെതിരെയുള്ള പ്രതിഷേധവും ഇന്ത്യയിലെ സവർണ അധികാര വ്യവസ്ഥയോടുയർത്തിയ ചോദ്യങ്ങളും ചിത്രം പങ്കുവക്കുന്നു. ഇന്ത്യൻ ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ അംബേദ്‌കർ ആശയങ്ങൾ എങ്ങനെ ചൂണ്ടുപലകയാകുന്നുവെന്നും ഈ ഡോക്യുമെന്ററി സാക്ഷ്യപ്പെടുത്തുന്നു.
വെമുലയുടെ മരണത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രധിഷേധങ്ങളെ ആക്രമോത്സുകമായി സർക്കാർ അടിച്ചമർത്തിയതെങ്ങനെയെന്ന് ഡോക്യുമെന്ററി വിവരിക്കുന്നു. ജാമിയയിലും, ജെ.എൻ.യുവിലും എല്ലാം വിദ്യാർത്ഥി സമരങ്ങളെ നിഷ്കരുണം അടിച്ചമർത്തുന്നത് പിന്നീട് നാം സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാരുകൾ വിദ്യാർത്ഥി സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. വെമുലയുടെ മരണത്തിന്റെ വാർഷികം അനുസ്മരിക്കാൻ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തുന്ന രാധിക വെമുലയെയും മറ്റ് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുന്ന രംഗത്തിലാണ് ചിത്രം അവസാനിക്കുന്നത്.
തീർത്തും നൈതികതയില്ലാത്ത, അക്രമാസക്തമായ ഭരണകൂടത്തെ അവസാന രംഗത്തിൽ കൃത്യമായി കാണാം. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും ദലിത്-ആദിവാസി വിഭാഗങ്ങൾ എന്തുകൊണ്ട് പുറത്താക്കപ്പെടുന്നു എന്ന ചോദ്യത്തിലേക്കുള്ള കൃത്യമായ അന്വേഷണമാണ് ഈ സിനിമ. തുടരുന്ന ജാതി പീഡനങ്ങൾക്കിടയിലും വിദ്യാഭ്യാസം സ്വായത്തമാക്കാനുള്ള മർദ്ദിത ജനങ്ങളുടെ അഭിവാഞ്ജയും, അംബേദ്‌കർ, കാൻഷി റാം, ഫുലേ എന്നിവർ എങ്ങനെയാണ് ഇവർക്ക് മാർഗദർശക ആശയങ്ങളായി മാറുന്നതെന്നും സിനിമ പറയുന്നു. നവറോസ് കാൺട്രാക്ടർ ആണ് ഈ ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജബീൻ മർച്ചന്റ് ആണ് എഡിറ്റർ.
“We Have Not Come Here to Die” എന്ന ചിത്രത്തിന്റെ തുടർച്ച പോലെ കാണാവുന്നതാണ് സോംനാഥ് വാഗ്മറെ സംവിധാനം ചെയ്ത “There is No Caste Discrimination in IITs ? ജയ് ഭീം മുദ്രാവാക്യത്താൽ മുഖരിതമായ പ്രധിഷേധ സമ്മേളനത്തിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. മുംബൈ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ദർശൻ സോളങ്കിയുടെ പിതാവ് രമേശ് സോളങ്കി ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നു. “ഞാൻ നിങ്ങൾക്ക് എന്റെ പൂക്കളാണ് നൽകിയത്. നിങ്ങൾ ആ പൂവിനെ ഒരു ചെടിയാക്കി തിരിച്ചയക്കണം. പക്ഷെ അവർ എന്റെ പൂക്കളെ ഞെരുക്കി എറിഞ്ഞുകളഞ്ഞു. എന്തുകൊണ്ടാണ് അവർ എന്റെ പൂക്കളെ നശിപ്പിച്ചത്?” ദർശൻ സോളങ്കിയുടെ പിതാവ് ചോദിക്കുന്നു. മുംബൈ ഐ.ഐ.ടിയിൽ തന്നെ ആത്മഹത്യ ചെയ്ത അനികേത് അംഭോറെയുടെ അമ്മയും ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നു. മരണത്തിന് ശേഷം നടന്ന അന്വേഷണ കമ്മിറ്റി റിപ്പോർട്ടുകളുടെ പൊള്ളത്തരം അമ്മ വ്യക്തമായി പറഞ്ഞുവയ്ക്കുന്നു. അവരോടും, സുഹൃത്തുക്കളോടും സംസാരിക്കാതെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2019 ലെ കണക്കുകൾ പ്രകാരം രണ്ട് ശതമാനത്തിൽ താഴെയാണ് ബോംബെ ഐ.ഐ.ടി യിലെ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുമുള്ള അധ്യാപകർ. ഇന്ത്യയിലെ ഐ.ഐ.ടികളിലെ അധ്യാപകരുടെ 98 ശതമാനവും ഉന്നത ജാതികളിൽ നിന്നാണ്. ബാബ സാഹിബ് അംബേദ്‌കർ മുന്നോട്ടുവച്ച തുല്യത എവിടെയെന്നുള്ള ചോദ്യം ഈ കണക്കുകൾ ആവർത്തിക്കുന്നു. അതിനാലാണ് ദർശൻ സോളങ്കിയെ പോലുള്ളവർക്ക് മരിക്കേണ്ടി വരുന്നതെന്നും ഡോക്യുമെന്ററി പറയുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവരേണ്യതയുടെ നേർചിത്രമാണ് ഈ രണ്ടു ഡോക്യുമെന്ററികളും തുറന്നുവയ്ക്കുന്നത്. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പ്രാതിനിധ്യം എല്ലായിടങ്ങളിലും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും ഈ ഡോക്യുമെന്ററികൾ സംസാരിക്കുന്നു. സർവകലാശാലകളിലെ അധ്യാപക-ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ സംവരണം പാലിക്കപ്പെടാത്തത് ഇപ്പോഴും ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ‘ബ്രാഹ്മണിക് അഗ്രഹാര’ങ്ങളായി നിലനിർത്തുന്നതായി ഈ ഡോക്യുമെന്ററികൾ പറയുന്നു.
മുത്തങ്ങ സമരത്തിന്റെ തുടർച്ചകൾ
കേരളത്തിലെ ആദിവാസി ഭൂസമരങ്ങൾ, സംസ്ഥാനത്തിന്റെ പുനരധിവാസ പദ്ധതികൾ എന്നിവയും IDSFFK യിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. ക്യാമ്പസ് ഫിലിം മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ‘എങ്കള മണ്ണ്’ ഏറെ ചർച്ച ചെയ്യപ്പെട്ടു. 2003 ൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരമാണ് പ്രതിപാദ്യ വിഷയം. കുടിൽകെട്ടി സമരത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനെ തുടർന്നാണ് വയനാട് ജില്ലയിലെ മുത്തങ്ങയിൽ, തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി കയ്യേറി കുടിൽകെട്ടി ആദിവാസികൾ സമരം ചെയ്യുന്നത്. എന്നാൽ അതിഭീകരമായ മർദ്ദനങ്ങളിലൂടെ സർക്കാർ ആദിവാസികളെ അവിടെ നിന്നും പുറത്താക്കി. ഇതിന്റെ ചരിത്രവും രാഷ്ട്രീയവും പ്രമേയമാക്കുകയാണ് സിനിമ. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിയായ അതുല്യയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മുത്തങ്ങയിൽ ആദിവാസികൾ കുടിൽകെട്ടിയ ഭൂമി അവർക്ക് നിയമപരമായും, പരമ്പരാഗതമായും അവകാശപെട്ടതാണെന്ന് ഡോക്യുമെന്ററി ഉറപ്പിച്ചു പറയുന്നു. മുത്തങ്ങ, ചെങ്ങറ, അരിപ്പ എന്നിങ്ങനെ തുടരുന്ന ഭൂസമരങ്ങളെ സിനിമ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു.
എന്നാൽ 2001 ലെ കുടിൽകെട്ടി സമരത്തിന്റെ ഭാഗമായി ഭൂമി ലഭിച്ചവരുടെ അവസാനിക്കാത്ത പ്രശ്ങ്ങൾ ചർച്ച ചെയ്യുകയാണ് ജിബീഷ് ഉഷ ബാലൻ സംവിധാനം ചെയ്ത “It might come” എന്ന ഡോക്യുമെന്ററി. ഭൂമി ലഭിച്ച ആദിവാസികൾ അവിടെ ഏറെ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഏറെ ഒറ്റപ്പെട്ട ഒരു ഭൂമികയിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമല്ലാതെ തുടരുന്ന ജീവിതങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്. മനുഷ്യ വന്യജീവി സംഘർഷവും ഇവിടെ രൂക്ഷമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ പതിനാല് പേർക്കാണ് പരിക്കേറ്റത്. പതിമൂന്ന് പേർ ഇവിടെ മരണപ്പെട്ടു എന്നും ഡോക്യുമെന്ററി പറയുന്നു. പത്തു ലക്ഷം രൂപ മാത്രമാണ് തങ്ങളുടെ ജീവന്റെ വിലയെന്ന് ആറളം നിവാസികൾ പറയുന്നു. ലോട്ടറി എടുക്കുന്ന പോലെ എപ്പോൾ വേണമെങ്കിലും മരണത്തിലൂടെ പത്തു ലക്ഷം ലഭിക്കാം എന്ന അവസ്ഥയിലാണ് തങ്ങൾ ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
പുനരധിവാസം പ്രഖ്യാപിക്കപ്പെട്ട സമയത്ത് നൽകിയ വാഗ്‌ദാനങ്ങൾ ഇപ്പോഴും ആറളം ഫാമിലും പാലിക്കപ്പെട്ടില്ല. പുനരധിവാസ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് ചുമതലപെടുത്തപ്പെട്ട TRDM (ട്രൈബൽ റീഹാബിലിറ്റേഷൻ ആന്റ് ഡെവലപ്പ്മെന്റ് മിഷൻ) എന്ന ഏജൻസിയുടെ പരാജയം ഡോക്യുമെന്ററിയിലൂടെ മനസിലാക്കാം. എന്നാൽ കൃത്യമായി ആരാണ് ഇതിന് ഉത്തരവാദികൾ എന്ന് ഡോക്യുമെന്ററി അന്വേഷിക്കുന്നില്ല എന്നത് പരിമിതിയാണ്. പുനരധിവാസ പ്രദേശത്ത് കോളേജ്, സ്കൂൾ തുടങ്ങി മറ്റ് സൗകര്യങ്ങൾ അടങ്ങുന്ന ഒരു ടൗൺഷിപ്പ് മാതൃകയാണ് TRDM വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് ആന, പന്നി തുടങ്ങിയ വന്യജീവികളാൽ അക്രമിക്കപ്പെടുമോ എന്ന ഭയത്താൽ കഴിയുകയാണ് ആറളം ഫാമിലെ നിവാസികൾ. ലഭിച്ച ഭൂമി വന്യമൃഗശല്യം മൂലം കൃഷിക്ക് ഉപയുക്തവുമല്ല. തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് ഇവർ ഉപജീവനം നടത്തുന്നത്. ആറളം ഫാമിലെ ആദിവാസികൾ അവരുടെ നേരനുഭവം പറയുകയാണ് ഈ സിനിമയിലൂടെ
ഗോത്രജനതയുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ ഇന്ത്യയിൽ നിന്ന് മാത്രമായിരുന്നില്ല ഉണ്ടായിരുന്നുത്. തായ്‌വാനിലെ തദ്ദേശീയ ഗോത്ര ജനതയായ പൈവനികളുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രമാണ് “The ballads of the forest“. ഒരു കവിത കേൾക്കുന്ന പോലെ ഹൃദ്യമാണ് ഈ ഡോക്യുമെന്ററി. പൈവാൻ ജനതയുടെ വിശ്വാസങ്ങളും, പൈതൃകവും സിനിമ അവതരിപ്പിക്കുന്നു. വൈറ്റ് ടെറർ കാലഘട്ടത്തിന് ശേഷം ആദിവാസികൾ തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതാണ് ചിത്രത്തിൽ. അമേരിക്കയിലെ ചീഫ് സിയാറ്റിൻ മൂപ്പന്റെ പ്രസംഗം പോലെ, മനുഷ്യനും പ്രകൃതിയും ഇഴ ചേരുന്ന ജൈവിക ബന്ധം തന്നെയാണ് പൈവാൻ വിശ്വാസങ്ങളും അനുസ്മരിപ്പിക്കുന്നത്. പൈവാൻ തദ്ദേശീയ സംസ്കാരത്തിൽ, അവരുടെ പൂർവ്വികരുമായുള്ള ആശയവിനിമയത്തിനുള്ള മാർഗമാണ് പുക. ഭൂതകാലം, വർത്തമാനം, സ്വപ്നം, യാഥാർത്ഥ്യം എന്നിവയുടെ മിഥ്യാധാരണ സൃഷ്ടിക്കുന്ന നാടോടി കഥകളുടെ ഒരു തുടർച്ചയിലേക്കു സിനിമ നിരന്തരം പ്രേക്ഷകരെ നയിക്കുന്നു.
കശ്മീരിലെ ക്വിയർ സമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ട്രാൻസ് കാശ്മീർ’. കാശ്മീരിൽ ട്രാൻസ്‌ജെൻഡർ സമൂഹം പരമ്പരാഗതമായി എങ്ങനെ ജീവിച്ചു എന്ന് ചിത്രം പറയുന്നു. വിവാഹ ദല്ലാളുകളായും, ആഘോഷ വേളകളിലെ നർത്തകരായും അവർ ജീവിക്കുന്നു. കൊളോണിയൽ പീരീഡ് വരെ അവർക്ക് താരതമ്യേന മെച്ചപ്പെട്ട ജീവിതമുണ്ടായിരുന്നു എന്നും ചിത്രം പറയുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടം അവരെ കൂടുതൽ മോശപ്പെട്ട മനുഷ്യരായി ചിത്രീകരിച്ചു. ഇപ്പോൾ അവർ തുടർന്ന് പോന്നിരുന്ന പരമ്പരാഗത തൊഴിലുകളിലും പ്രതിസന്ധികൾ നേരിടുന്നു. വിവാഹ ദല്ലാൾ മേഖലയിൽ ഓൺലൈൻ സ്ഥാപനങ്ങൾ വന്നതാണ് ഒരു പ്രശ്നം. കോവിഡ് കാലഘട്ടവും, കശ്മീരിലെ രാഷ്ട്രീയ കലാവസ്ഥയും വലിയ ആഘോഷ വേളകൾ ഇല്ലാതാക്കിയതും ഇവർ നേരിടുന്ന പ്രതിസന്ധിയാണ്. വിവാഹ ദല്ലാളും പെർഫോമറും ആയ ബബ്ലൂ, വിവാഹ വേദികളിലെ പെർഫോമയർ ആയ ശബ്നം, മെഹന്ദി ആർട്ടിസ്റ്റും, ബ്യൂട്ടീഷ്നുമായ സിമ്രാൻ എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സുർഭി ദീവാനും എസ്.എ ഹനാനും ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പലസ്‌തീനിലെ ട്രാൻസ്-മനുഷ്യരോടാണ് തങ്ങൾക്ക് സമാനത തോന്നുന്നതെന്ന് ചിത്രത്തിൽ സംസാരിക്കുന്ന ട്രാൻസ്-സമൂഹത്തിലെ അംഗങ്ങൾ പറയുന്നു. കശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെ മനസ്സിലാക്കാൻ ഈ വാക്കുകൾ സഹായകമാണ്. കശ്മീരിലെ ട്രാൻസ് മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുന്ന സോൻസാൽ എന്ന സംഘടനയെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ള മാറ്റങ്ങളിലേക്ക് ഇവർ കടന്നുവരുന്നത് കുറവാണെന്നും ഡോക്യുമെന്ററി പറയുന്നു. ട്രാൻസ്-മനുഷ്യരുടെ വാർധക്യത്തിലുണ്ടാകുന്ന അനാഥത്വവും, ബുദ്ധിമുട്ടുകളും ചിത്രം ചർച്ചയാക്കുന്നു. സോൻസാലിന്റെ ഇടപെടലുകളെ തുടർന്ന് കാശ്മീരിൽ ട്രാൻസ്-വ്യക്തികൾക്ക് ആയിരം രൂപ പെൻഷൻ അനുവദിച്ചിട്ടുമുണ്ട്.
അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾ നിരന്തരം അനുഭവിക്കുന്ന പ്രശ്ങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ തുടർന്ന് കൊണ്ടേയിരിക്കുന്നു എന്ന യാഥാർഥ്യത്തെ ഈ ഡോക്യുമെന്ററികൾ മുന്നോട്ടുവയ്ക്കുന്നു. ഭൂമി പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ജാതികേന്ദ്രീകൃതമായ ഇന്ത്യൻ രഷ്ട്രീയത്തിന്റെ പ്രശ്നങ്ങൾ ഈ ഡോക്യുമെന്ററികൾ കൃത്യമായി പറഞ്ഞുവയ്ക്കുന്നു. Land of my dreams, Too much democracy, Tambram cooking, The soil, No Stranger at All തുടങ്ങി നിരവധി ഡോക്യുമെന്ററികളും ഈ ചോദ്യങ്ങളുയർത്തുന്നുണ്ട്.