

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ചൊക്രമുടി കൈയേറ്റത്തിന്റെ നാനാർത്ഥങ്ങൾ – 2
റവന്യൂ സംവിധാനത്തെയാകെ വിലയ്ക്കെടുത്തുകൊണ്ടും പട്ടയരേഖകൾ നശിപ്പിച്ചുകൊണ്ടുമുള്ള കൈയേറ്റമാണ് ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിലുള്ള ചൊക്രമുടിയിൽ അരങ്ങേറിയത്. ഒരു സർവേയർ വിചാരിച്ചാൽ സെക്ച്ചും പ്ലാനും തയ്യാറാക്കി ഏത് സർക്കാർ ഭൂമിയും തട്ടിയെടുക്കാം എന്നതാണ് ചൊക്രമുടി നൽകുന്ന പാഠം. പട്ടയരേഖകൾ നശിപ്പിച്ചുകൊണ്ടുള്ള കൈയേറ്റമാണ് ഇവിടെ നടന്നത്. ചൊക്രമുടി മലനിരകളിൽ അനധികൃത കുടിയേറ്റവും നിർമ്മാണവും നടക്കുന്നതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എല്ലാം പുറത്തുവരുന്നത്. പാറ പുറംപോക്കെന്ന് സര്ക്കാര് അടയാളപ്പെടുത്തിയിരിക്കുന്ന ചൊക്രമുടി മലനിരകളിലുള്ള ഭൂമി എങ്ങനെയാണ് കൈയേറ്റം ചെയ്യപ്പെട്ടത്? പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വിശദമാക്കുന്നു ആർ സുനിൽ. ഭാഗം – 2.
വീട് നിർമ്മാണത്തിന് അനുമതി
ബൈസൺവാലി വില്ലേജിലെ ചൊക്രമുടി ഭാഗത്ത് ഗാർഹിക നിർമ്മാണത്തിനായി തഹസീൽദാർ നൽകിയ നിരാക്ഷേപ പത്രം സംബന്ധിച്ചും അന്വേഷണ സംഘം പരിശോധന നടത്തി. നിർമ്മാണാനുതിക്ക് ഏഴ് അപേക്ഷകളാണ് ലഭിച്ചത്. അടിമാലി കൈപ്പൻ പ്ലാക്കൽ വീട്ടിൽ സിബി ജോസഫ്, സിനി സിബി, കാലടി മാണിക്യമംഗലം കോലൻചേരി വീട്ടിൽ കെ.കെ പാപ്പച്ചൻ, നേര്യമംഗലം തേൻകോട് കര ചെറുപുറം വീട്ടിൽ സി.എം ഷാജി (രണ്ട് അപേക്ഷ), ആലുവ അയ്യമ്പുഴ കടുകുളങ്ങരകര ഈരാളി വീട്ടിൽ ഇ.പി ഷിന്റോ, ആലുവ മഞ്ഞപ്ര കരിങ്ങാലിക്കാട് കര ഇലവത്തിങ്കൽ വീട്ടിൽ ടോജി പോൾ എന്നിവരാണ് എൻ.ഒ.സിക്ക് അപേക്ഷ നൽകിയത്.
ഇതിൽ ആദ്യത്തെ രണ്ട് പേരും 2024 ജൂൺ 12ന് ആണ് അപേക്ഷ സമർപ്പിച്ചത്. ഒറ്റദിവസം കൊണ്ട് വില്ലേജ് ഓഫീസർ റിപ്പോർട്ട് തയാറാക്കി 13ന് സമർപ്പിക്കുകയും ചെയ്തു. ബാക്കി അപേക്ഷകൾ സമർപ്പിച്ചത് ആഗസ്റ്റ് ഏഴിനാണ്. വില്ലേജ് ഓഫീസർ എട്ടിന് തീയതി വെച്ച് റിപ്പോർട്ട് 13ന് ഒപ്പുവെച്ച് അംഗീകരിച്ച് ദേവികുളം താലൂക്ക് ഓഫീസിൽ നൽകി. വില്ലേജ് ഓഫീസിലെ മൂവ്മെന്റ് രജിസ്റ്റർ പരിശോധിച്ചപ്പോൾ അപേക്ഷ നൽകിയ തീയതിക്കും വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയ തീയതിക്കും ഇടയിൽ ഈ സ്ഥലം ഓഫീസിൽ നിന്നും ആരും പരിശോധന നടത്താൻ പോയതായി രേഖപ്പെടുത്തിയിട്ടില്ല. ജൂൺ 13ന് ലഭിച്ച രണ്ട് അപേക്ഷയിൽ (സിബി ജോസഫ്, സിനി സിബി) ദേവികുളം താലൂക്ക് ഓഫീസർ തഹസിൽദാർ ഡി അജയൻ ആഗസ്റ്റ് ഏഴിന് എൻ.ഒ.സി നൽകി. വില്ലേജിന്റെ ചാർജ് ഓഫീസർ ആയ ബിജു മാത്യു എൻ.ഒ.സിക്ക് ശിപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ശുപാർശ ചെയ്ത റിപ്പോർട്ടിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല. ചാർജ് ഓഫീസറോ എൻ.ഒ.സി നൽകിയ ദേവികുളം തഹസിൽദാരോ നേരിട്ട് സ്ഥല പരിശോധന നടത്തിയിട്ടില്ല. ശരിയായ സ്ഥല പരിശോധന നടത്താതെയാണ് ഉദ്യോഗസ്ഥർ എൻ.ഒ.സി നൽകിയത്.
ബാക്കി അഞ്ച് അപേക്ഷകളിൽ താലൂക്ക് ഓഫീസിൽ നിന്ന് തുടർ നടപടി സ്വീകരിച്ചതായി രേഖയില്ല. ബൈസൺവാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷണം നടത്തിയതിൽ എൻ.ഒ.സി നൽകിയിട്ടുള്ള രണ്ട് പേരുടെ കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ ലഭിച്ചു. എന്നാൽ, നാളിതുവരെ ഗ്രാമ പഞ്ചായത്ത് പെർമിറ്റ് നൽകിയിട്ടില്ല. റവന്യൂ വകുപ്പിന്റെ 2018 ഒക്ടോബർ 20ലെ ഉത്തരവ് പ്രകാരം ഗാർഹിക എൻ.ഒ.സി നൽകുന്നത് ബന്ധപ്പെട്ട തഹസീൽദാരെ ചുമതലപ്പെടുത്തിയിരുന്നു.
ഇടുക്കി കലക്ടറുടെ 2022 ജനുവരി ഒന്നിലെ സർക്കുലർ പ്രകാരം എൻ.ഒ.സി നൽകുന്നതിന് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 2010 ലെ കോടതിയുടെ വിധിന്യായത്തിൽ എൻ.ഒ.സി നൽകുമ്പോൾ പട്ടയത്തിന്റെ ആധികാരികത പട്ടയത്തിലെ നിബന്ധനകൾ എന്നിവ പാലിച്ചിട്ടുണ്ടോ എന്നും ദുരന്തനിവാരണ നിയമപ്രകാരം എന്തെങ്കിലും ഉത്തരവുകളുണ്ടോയെന്നും തദ്ദേശസ്ഥാപനം പാലിക്കേണ്ട എന്തെങ്കിലും വസ്തുതകൾ ഉണ്ടോയെന്നും പരിശോധിക്കേണ്ടത് എൻ.ഒ.സി നൽകുന്ന അധികാരിയുടെ ചുമതലയാണ്.
എൻ.ഒ.സി പരിശോധിച്ചതിൽ നിരവധി വീഴ്ചകൾ അന്വേഷണ സംഘം കണ്ടെത്തി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ അപേക്ഷാ സ്ഥലം നേരിട്ട് പരിശോധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. വില്ലേജ് ഓഫീസർ പറയുന്നത് പ്രകാരം സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവരാണ് സ്ഥല പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയത്. ചാർജ് ഓഫീസറുടെ റിപ്പോർട്ടിൽ സ്ഥല പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ഈ റിപ്പോർട്ടിൽ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിന്റർ ഗാർഡൻ എന്ന റിസോർട്ടിന്റെ പെർമിറ്റ്, ലൈസൻസ് എന്നിവയെ പറ്റി ഗ്രാമപഞ്ചായത്തിൽ അന്വേഷിച്ചതിൽ ഈ സ്ഥാപനത്തിന് ബിൽഡിങ് പെർമിറ്റ്, ലൈസൻസ് എന്നിവ നൽകിയിട്ടില്ല. എൻ.ഒ.സി നൽകിയ രണ്ട് കേസിലും അപേക്ഷ ലഭിച്ച പിറ്റേ ദിവസം തന്നെ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി തീർത്തും സംശയാസ്പദമാണ്. ഭാര്യക്കും ഭർത്താവിനും വെവ്വേറെ രണ്ട് വീടുകൾ നിർമ്മിക്കുന്നതിന് ഒരേ ദിവസം എൻ.ഒസി നൽകിയിട്ടുള്ളതിനാൽ ഉപയോഗ ലക്ഷ്യവും സംശയാസ്പദമാണ്.


കടലാസ് കൊടുത്താൽ ഭൂമി നൽകുന്ന ആർ.ബി വിപിൻ രാജ്
റീസർവേയെ കുറിച്ച് അറിവുള്ള ആളാണ് താലൂക്ക് സർവേയർ ആർ.ബി വിപിൻ രാജ്. എന്നിട്ടും ആരുടെയും കൈവശാനുഭവത്തിൽ ഇല്ലാതിരുന്ന, കൃഷി ദേഹദണ്ഡങ്ങൾ ഇല്ലാതിരുന്ന സർക്കാർ ഭൂമി, പട്ടയഭൂമി എന്ന് സർവേയർ തിട്ടപ്പെടുത്തിയത് ഗുരുതര നിയമലംഘനമാണ്. സർക്കാർ ഭൂമി സർവേ നടത്തി സ്കെച്ച് തയാറാക്കി നൽകിയത് താലൂക്ക് സർവേയർ ആണ്. അപേക്ഷ പ്രകാരം സർവേക്കായി സ്ഥലത്ത് എത്തുകയും പരിശോധിയിൽ ഈ ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് കണ്ടെത്തുകയും ചെയ്താൽ സർവേ നിർത്തി വിവരം തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു താലൂക്ക് സർവേയറുടെ ചുമതല.
മൈജോ റവന്യൂ മന്ത്രിക്ക് നൽകിയ അപേക്ഷ 2023 ജൂൺ 9 ന് ഇടുക്കി കളക്ടറേറ്റിന് കൈമാറി. ജൂൺ 13ന് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) കെ. മനോജ് പ്രത്യേക പരിഗണന നൽകി തുടർനടപടി അടിയന്തരമായി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് കാണിച്ച് ഉടുമ്പൻചോല തഹസിൽദാർക്ക് നൽകി. തഹസീൽദാർ നടപടി സ്വീകരിക്കാൻ ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവെയർ ആർ.ബി വിപിൻ രാജിന് കൈമാറി. വിപിൻ രാജ് പെട്ടെന്നുതന്നെ സ്ഥലം തിട്ടപ്പെടുത്തി സ്കെച്ച് തയാറാക്കി നൽകി. എൽ.എ 233/65, 219/65, 501/70, 504/70 പട്ടയ ഭൂമിയും 261 എന്ന നമ്പറിട്ട് മറ്റൊരു സ്ഥലവും ബൈസൺവാലി വില്ലേജിലെ റിസർവ് ബ്ലോക്ക് നാലിൽ പെട്ട സർവേ 35 നമ്പറിലുള്ള 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പുറമ്പോക്കിൽ വരച്ച് ചേർത്ത് നൽകി. സർക്കാർ പുറമ്പോക്ക് പട്ടയഭൂമിയാക്കി സ്കെച്ച് വരയ്ക്കാൻ സർവയർക്ക് രേഖകളൊന്നും ആവശ്യമായില്ല. പണമുള്ളവരെ കാണുമ്പോൾ ചില ഉദ്യോഗസ്ഥർ നിയത്തിന് നേരെ കണ്ണടക്കും. റീസർവേ രേഖകളിൽ സർക്കാർ പുറമ്പോക്ക് എന്ന് അടിവരയിട്ട് അടയാളപ്പെടുത്തിയ പ്രദേശം സ്വകാര്യ വ്യക്തികളുടെ പേരിൽ സ്ഥാപിച്ച് നൽകിയ സർവയറുടെ നടപടി ഗുരുതര കുറ്റകൃത്യം ആണ്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹം വിശ്വാസലംഘനവും കൃത്യവിലോകവും നടത്തി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
റവന്യൂ കമീഷണർ ഡോ.എ കൗശികന്റെ ശിപാർശ
പട്ടയം, എൻ.ഒ.സി, സർവ്വേ നടപടികൾ എന്നിവയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനാൽ ഇതുമായി ബന്ധപ്പെട്ട അഞ്ച് പട്ടയങ്ങളും അവയിൽ നിന്നും ഉത്ഭവിച്ച തണ്ടപ്പേരുകളും പരിശോധിച്ച് തുടർനടപടി സ്വീകരിക്കണമെന്നാണ് ലാൻഡ് റവന്യൂ കമീഷണർ ഡോ.എ കൗശികൻ സർക്കാരിന് ശിപാർശ നൽകിയത്. 1964 ലെ ഭൂപതിവ് ചട്ടം 8 (2) ന്റെ ലംഘനം ഇവിടെ നടന്നതായി കണ്ടെത്തി. ഈ കേസിൽ ഉൾപ്പെട്ട അഞ്ച് പട്ടയങ്ങളും നിയമപരമായ എല്ലാ നടപടികളും പാലിച്ച് റദ്ദാക്കണം. ഈ കേസിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പരിസ്ഥതി ദുർബല മേഖലയിൽ ഉൾപ്പെട്ട പ്രദേശത്ത് കാർഷികാവശ്യത്തിനല്ലാതെയുള്ള റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടയണം. നിർമ്മാണ പ്രവർത്തനങ്ങൾ നീക്കം ചെയ്ത് ഭൂമി പൂർവസ്ഥിതിയിലാക്കണം.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുന്നതിന് 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 30( 2) 2016ലെ എസ്.ഡി.എം.പി എന്നിവ പ്രകാരം യുക്തമായ നടപടി കൈക്കൊള്ളുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്സനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി തഹസീദാർ അനുവദിച്ച രണ്ട് എൻ.ഒ.സികളും 2005ലെ ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി റദ്ദാക്കണം. ഹൈക്കോടതിയുടെ 2010 ലെ കേസിലെ ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല നിർദ്ദേശപ്രകാരം ഗാർഹിക ആവശ്യത്തിനായി എൻ.ഒ.സി അനുവദിക്കുന്നതിന് 2018ലെ ഉത്തരവുപ്രകാരം നിലവിൽ തഹസിൽദാരെയാണ് ചുമതലപ്പെടുത്തിയത്.
ഏറ്റവും താഴെത്തട്ടിലുള്ള ഓഫീസ് എന്ന നിലയിൽ ആവശ്യമായ പരിശോധന നടത്താതെ അപേക്ഷകൾ അനുവദിക്കുന്നതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ആവശ്യത്തിനായി നാമമാത്ര അപേക്ഷകളാണ് സമർപ്പിക്കുന്നത്. ഈ അപേക്ഷകളിൽ തഹസീൽദാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇനിമേൽ എൻ.ഒ.സി അനുവദിക്കുന്നതിനുള്ള അധികാരം ദേവികുളം സബ് കലക്ടർക്ക് കൈമാറണം. ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് വാങ്ങി പരിശോധിച്ച ശേഷം മാത്രമേ അനുവദിക്കാവൂ എന്ന നിർദേശം സർക്കാർ തലത്തിൽ പുറപ്പെടുവിക്കണം. കൊച്ചി തേനി ദേശീയപാതയിൽ ഗ്യാപ്പ് റോഡ് ഭാഗത്ത് ചിന്നക്കനാൽ ബൈസൺവാലി വില്ലേജിലെ എല്ലാവിധ അനധികൃത നിർമ്മാണങ്ങളും കണ്ടെത്തി ദുരന്തനിവാരണ നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നിയന്ത്രണ നടപടികൾ കൈക്കൊള്ളണമെന്ന് ഇടുക്കി കലക്ടർക്ക് നിർദ്ദേശം നൽകണമെന്നുമാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ കൗശികൻ സർക്കാരിന് ശുപാർശ നൽകിയത്.


പട്ടികജാതിക്കാർക്ക് നൽകിയ പട്ടയങ്ങൾക്ക് എന്ത് സംഭവിച്ചു ?
പട്ടികജാതിക്കാർക്ക് നൽകിയ പട്ടയങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കേരളം പരിശോധിച്ചിട്ടില്ല. ചൊക്രമുടി സംഭവം പറയുന്നത് അപേക്ഷ നൽകിയ പട്ടികജാതിക്കാർ പലരും പട്ടയം വാങ്ങാൻ പോലും പോയിട്ടില്ല എന്നാണ്. ഭൂപതിവ് ലിസ്റ്റിൽ അവരുടെ പേരുണ്ടായിരുന്നു. ഈ പട്ടയങ്ങൾ പിൽക്കാലത്ത് പലരും തട്ടിയെടുത്തിട്ടുണ്ട്. ഇപ്പോഴും തട്ടിയെടുത്തു കൊണ്ടിരിക്കുന്നു. അതിന് വെള്ളവും വളവും നൽകുന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്. ഭൂരേഖകളിൽ തിരിമറി നടത്തി ഭൂമി തട്ടിയെടുക്കുന്നതിൽ അതിവിദഗ്ധരാണ് ഇടുക്കിയിലെ ഭൂമാഫിയ സംഘം. അവരുടെ താളത്തിന് തുള്ളുകയാണ് അവിടുത്തെ റവന്യൂ ജീവനക്കാർ. കോടികൾ മറിയുന്ന ഏർപ്പാടാണ്. പരാതി ഉയർന്നില്ലെങ്കിൽ എല്ലാം ശുഭം. പരാതി ഉയർന്നാൽ, ശക്തമായ അന്വേഷണം നടത്തിയാൽ കാര്യങ്ങൾ പുറത്തേക്ക് വരും. ചൊക്രമുടിയിലെ കൈയേറ്റത്തെ സംബന്ധിച്ച് ശക്തമായ അന്വേഷണം നടന്നതുകൊണ്ട് മാത്രമാണ് സത്യം പുറത്തേക്ക് വന്നത്. അട്ടപ്പാടിയിൽ ആദിവാസികളായതിനാൽ അന്വേഷണമില്ല. അട്ടപ്പാടിയിലും ഇടുക്കി മോഡൽ ഭൂരേഖകൾ നശിപ്പിച്ചുകൊണ്ടുള്ള ഭൂമി കൈയേറ്റം ആണ് നടക്കുന്നത്. താലൂക്കുകളിലും വില്ലേജ് ഓഫീസിലും സൂക്ഷിച്ചിട്ടുള്ള പട്ടയ രജിസ്റ്ററുകൾ നശിപ്പിക്കുകയോ തിരുത്തിയെഴുതുകയോ ചെയ്തിട്ടാണ് വ്യാജ ആധാരങ്ങൾ ഉണ്ടാക്കി ഭൂമി കൈയടക്കുന്നത്. പുതിയ ആധാരം പരിശോധിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താൻ കഴിയില്ല. ആധാരങ്ങൾക്ക് അടിത്തറയായ പട്ടയങ്ങൾ പരിശോധിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തുവരുന്നത്. ചൊക്രമുടി അതിന് കൃത്യം ഉദാഹരണമാണ്. (അവസാനിച്ചു).