IFFK: ലോക സിനിമയിലെ നവ ഭാവുകത്വങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ക്വിയർ കഥാപത്രങ്ങളുടെ സാധ്യതകളിലൂടെ
മുഹമ്മദ് സുഹ്റാബി (ഗ്രാഫിക് ഡിസൈനർ)

ഉദ്ഘാടന ചിത്രം മുതൽ തന്നെ കാഴ്ച്ചയെ തൃപ്തിപ്പെടുത്തിയ ഫെസ്റ്റിവലായിരുന്നു ഇത്തവണത്തേത്. എന്നാൽ അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ക്വീർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളുടെ വൈവിധ്യമാണ്. മറ്റൊരു ഫെസ്റ്റിവലിനും അവകാശപ്പെടാനാകാത്ത വിധം ക്വീർ സിനിമകൾ ഇത്തവണത്തെ ഫെസ്റ്റിവലിൽ ഇടം കണ്ടെത്തി എന്നത് സന്തോഷം തരുന്ന കാര്യമാണ്.

Young Hearts : സ്വർഗാനുരാഗിയായ ഒരു പതിനാലു വയസ്സുകാരൻ്റെ പ്രണയത്തിൻ്റേയും സൗഹൃദത്തിൻ്റേയും കഥ പറയുന്ന ചിത്രമാണ് യങ് ഹാർട്സ്. എലിയാസിന് അലക്സാണ്ടറിനോടുള്ള പ്രണയത്തിന് ഒരുപാട് കടമ്പകൾ കടക്കേണ്ടി വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് എലിയാസിൻ്റെ സെക്ഷ്വാലിറ്റി തന്നെയാണ്. കാമുകനോടും കുടുംബത്തിനോടും കൂട്ടുകാരോടും ഉൾപ്പെടെ എലിയാസിന് കലഹിക്കേണ്ടി വരുന്നുണ്ട്. പക്ഷേ, പ്രധാന യുദ്ധം നടക്കുന്നത് തൻ്റെ ഉള്ളിൽ തന്നെയാണെന്ന് മനസ്സിലാക്കുന്നയിടത്ത് എലിയാസ് വളർച്ചയുടെ മറ്റൊരു തലത്തിലേക്ക് കടക്കുന്നു. നമുക്ക് സുപരിചിതമായ ഒരു ഹൈസ്കൂൾ ഡ്രാമ തന്നെയാണ് യങ് ഹാർട്സ് പറയുന്നത്. അതേ അച്ചിൽ വാർത്തെടുത്തത്. പക്ഷേ, ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് അതിൻ്റെ സത്യസന്ധതയാണ്. ഏറ്റവും അടിസ്ഥാനപരമായി പറയേണ്ട കാര്യങ്ങൾ ഒരേച്ചുകെട്ടലുമില്ലാതെ എന്നാൽ ഒന്നും തന്നെ ചോരാതെ അത് പറഞ്ഞു വയ്ക്കുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലൂ ഗൂസൻസിൻ്റെ പ്രകടനവും എടുത്ത് പറയേണ്ടയൊന്നാത്. ഈ ഫെസ്റ്റിവലിലെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി യങ് ഹാർട്സ് മാറുന്നത് പ്രായത്തെ മറികടക്കുന്ന ആ അഭിനേതാവിൻ്റെ സൂക്ഷമമായ പ്രകടനം കൊണ്ടുകൂടിയാണ്.

I’m Still Here : ആദ്യ സിനിമ അതും ഉദ്ഘാടന സിനിമ തന്നെ കണ്ണു നനയിപ്പിച്ച ഫെസ്റ്റിവലാണിത്. ഊനിസിൻ്റേയും അഞ്ച് കുഞ്ഞുങ്ങളുടേയും കഥയാണ് അയാം സ്റ്റിൽ ഹിയർ. ബ്രസീലിലെ സായുധ ഭരണത്തിൻ്റെ കാലത്താണ് കഥ തുടങ്ങുന്നത്. പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടു പോകുന്ന ഊനിസിൻ്റെ പങ്കാളി റൂബനെ പിന്നീട് കാണാതാകുന്നു. ആ തിരോധാനത്തെ എങ്ങനെയാണ് ഊനിസും കുടുംബവും അതിജീവിക്കുന്നത് എന്നതാണ് സിനിമ. ഈ സിനിമയുടെ പ്രത്യേകത ഓരോ കഥാപത്രങ്ങളോടും കാഴ്ച്ചക്കാരെ അടുപ്പിക്കുന്ന രീതിയാണ്. അതി മനോഹരമായ ഒരു വേനലവധിക്കാലത്തെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതിലൂടെ മുഴുവൻ കഥാപാത്രങ്ങളും നമ്മുടെ മനസ്സിലേക്ക് കയറുന്നു. പിന്നീട് അവർ അനുഭവിക്കേണ്ടി വരുന്ന ഓരോ ദുരനഭവങ്ങളും ദുരിതങ്ങളും നമ്മുടേത് കൂടിയാകുന്നു. അവരുടെ വേദന അതുപോലെ തന്നെ നമ്മൾ ഏറ്റെടുക്കുന്നു. ഏറ്റവും വൈകാരികമായ എന്നാൽ അതുപോലെ തന്നെ പൊളിറ്റിക്കലായ സിനിമയാണ് അയാം സ്റ്റിൽ ഹിയർ. സിനിമ കണ്ട് കഴിഞ്ഞാലും നമ്മൾ അതിജീവിച്ചവരുടെ കൂടെ അവിടെ തന്നെ നിൽക്കാൻ നിർബന്ധിതരാകുന്നു. എല്ലാവരും അതി ഗംഭീരമായി അഭിനയിച്ച ഈ സിനിമയിൽ എടുത്തു പറയേണ്ടത് ഫെർണാണ്ട തോറസിൻ്റെ പ്രകടനമാണ്. അവർ നിങ്ങളുടെ ഹൃദയം തകർക്കുക തന്നെ ചെയ്യും.

Conclave: വത്തിക്കാൻ ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്. എന്നാൽ അതത്ര ലളിതമായ ഒരു ജോലിയല്ല. മുന്നോട്ടുള്ള പോക്കിൽ ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരുന്നു. കോൺക്ളേവ് ഒരുപാട് അടരുകളുള്ള ഒരു ഡ്രാമയാണ്. അത് ലിംഗം, ലിംഗപദവി എന്നിവയെ കുറിച്ചുള്ള ചർച്ചകളെ കേന്ദ്രീകരിച്ച് തന്നെ മുന്നോട്ട് പോകുന്നു. ഒരു ക്വീർ ട്രോപ്പിലേക്ക് തന്നെയാണ് സിനിമയുടെ ക്ലൈമാക്സ് (അതെന്താണെന്ന് സൂചിപ്പിക്കുക സാദ്ധ്യമല്ല) എത്തുന്നതെങ്കിലും അത് അതീവ ശ്രദ്ധയോടെയും സെൻസിറ്റിവിറ്റിയോടും കൂടെ ചെയ്യാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

Chicken for Linda: വെറും 70 മിനുറ്റ് മാത്രമുള്ള ഈ ആനിമേഷൻ സിനിമ മനോഹരമായ കാഴ്ച്ചാനുഭവമായിരുന്നു. ലിൻ്റയ്ക്ക് താൻ ചെയ്യാത്ത ഒരു തെറ്റിvd തൻ്റെ അമ്മയുടെ കൈയ്യിൽ നിന്ന് ഒരിക്കൽ ഒരടി കിട്ടുന്നു. അമ്മക്കാണെങ്കിൽ അതിൽ സങ്കടം വരികയും ലിൻ്റയ്ക്ക് അതിന് പരിഹാരമായി ചിക്കൻ ഉണ്ടാക്കിക്കൊടുക്കാം എന്ന് ഉറപ്പുകൊടുക്കുന്നു. പക്ഷേ ചിക്കൻ വാങ്ങാൻ പോകുന്ന ദിവസം നാട്ടിൽ ഹർത്താൽ പ്രഖ്യാപിക്കുന്നു. എല്ലാ കോഴിക്കടകളും അടക്കുകയും ചെയ്യുന്നു. ആ ഒരു കോഴിക്ക് വേണ്ടിയുള്ള ഓട്ടമാണ് പിന്നീടങ്ങോട്ടുള്ള സിനിമ. ചിക്കൻ ഫോർ ലിൻ്റ എല്ലാവർക്കുമുള്ള സിനിമയാണ്. അത് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സിനിമയാണ്. അത് സ്നേഹത്തെക്കുറിച്ച്, കൂട്ടായ്മയെക്കുറിച്ച്, ഒരുമയെക്കുറിച്ചെല്ലാം സംസാരിക്കുന്നു. അത് ഓരോ പ്രായക്കാരോടും ഓരോ വിധത്തിൽ സംവദിക്കുന്നു. അതി മനോഹരമായ ആനിമേഷൻ സ്റ്റൈൽ കൊണ്ട് അത് വർണാഭമായ ഒരു ദൃശ്യവിരുന്നുതന്നെയൊരുക്കുന്നു.

Misericordia: കണ്ട് കഴിഞ്ഞിട്ട് ഇത്ര സമയമായിട്ടും ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ അത് ഇതാണ്. ക്രൈം ത്രില്ലറിൽ നിന്ന് തുടങ്ങി ഹ്യൂമറിൽ അവസാനിക്കുന്ന ഒരു സിനിമ. ഇത്തരം രണ്ട് ജോണറുകളുടെ സങ്കരം സൃഷ്ടിക്കുന്ന വിചിത്രമായ ഒരു അന്തരീക്ഷം തന്നെയാണ് ഈ സിനിമയെ മറ്റുള്ളവയിൽ നിന്ന് മാറ്റി നിർത്തുന്നത്. ഒരു ക്വീർ എലമെൻ്റിനെ ഒരു സിനിമയിൽ ഇത്ര വ്യത്യസ്തമായി അവതരിപ്പിച്ച ഒരു സിനിമ ഞാൻ ഈ അടുത്തൊന്നും കണ്ടിട്ടില്ല. ക്വീർ കഥാപത്രങ്ങളുടെ സാധ്യതകൾ, കഥപറച്ചിലിൽ അതുണ്ടാക്കാൻ പോകുന്ന ഇംപാക്റ്റ് എന്നിവയ്ക്ക് ഒരു ടെക്റ്റ്ബുക്കാണ് ഈ സിനിമ. ഒരച്ചിലിട്ട് വാർക്കുന്നതിന് പകരം ഡൈവേസിറ്റി സിനിമയുടെ സങ്കേതത്തെ എങ്ങനെ സഹായിക്കും എന്നതിനു ഒരുത്തമ ഉദാഹരണം കൂടിയാണത്.

സ്ത്രീകളുടെ ലോകങ്ങളിലൂടെ
ഗൗരി ഒ.എ (അസിസ്റ്റന്റ് പ്രൊഫസർ, എം.ജി യൂണിവേഴ്സിറ്റി)

എനിക്ക് ഇത്തവണ ഏറ്റവും റിലേറ്റബിൾ ആയിട്ടും, ഇമോഷണൽ ആയിട്ടും പെയ്ൻഫുൾ ആയിട്ടുമൊക്കെ തോന്നിയ സിനിമ I’m Nevenka എന്ന സ്പാനിഷ് സിനിമയാണ്. അത് അധികമാരും സംസാരിച്ച് കേട്ടില്ല. പക്ഷേ, ഞാനും എന്റെ ചുറ്റുമുള്ള പല സ്ത്രീകളും കടന്നുപോവുന്ന ഇമോഷൻസ് ചിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യക്തിപരമായി വളരെ അധികം കണക്ട് ചെയ്യാൻ കഴിഞ്ഞ സിനിമയാണത്. നെവങ്ക ഫെർണാണ്ടസ് എന്ന മുൻസിപ്പൽ ഫൈനാൻസ് കൗൺസിലർ അവിടുത്തെ ഏറ്റവും പവർഫുള്ളായിട്ടുള്ള മേയർക്കെതിരെ സെക്ഷ്വൽ ഹരാസ്മെന്റ് കേസ് ഫയൽ ചെയ്യുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആ സിനിമ കണ്ടുകഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ ഐ വാസ് ഷിവറിങ്ങ്. എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. ആ സമയത്ത് ആ തിയേറ്ററിൽ പല പല ഭാഗത്തായിട്ട് പല പല സ്ത്രീകൾ ഭയങ്കര ഡിസ്റ്റർബ്ഡ് ആയിട്ടും ഇമോഷണലായിട്ടും, കൂടെയുള്ള ആളുകൾ കെട്ടിപ്പിച്ച് സമാധാനിപ്പിക്കുന്നതുമായിട്ടുള്ളൊരു കാഴ്ചയാണ് ഞാൻ കാണുന്നത്. വലിയ നിശബ്ദതയായിരുന്നു അവിടെ. ആ നിശബ്ദത തന്നെയാണ് ഈ സിനിമയെ കുറിച്ച് ഓർക്കുമ്പോഴൊക്കെ എനിക്ക് മനസിലേക്ക് വരുന്നത്. സർവൈവേഴ്സ് ആയിട്ടുള്ള ഒരുപാട് സ്ത്രീകൾ കടന്നുപോയിട്ടുള്ള ഇമോഷൻസ് അതിലുണ്ട്. അവരനുഭവിച്ച ട്രോമ ആർട്ടിക്യുലേറ്റ് ചെയ്യാൻ എടുക്കുന്ന സ്ട്രെങ്തിനെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, തുറന്നു പറച്ചിൽ എന്നത് ഒരു വലിയ പോരാട്ടത്തിന്റെ വെറും പകുതി ഭാഗം മാത്രമേ ആവുന്നുള്ളൂ എന്ന് സിനിമയിൽ കൃത്യമായി കാണിക്കുന്നുണ്ട്. തുറന്നുപറച്ചിലിന് ശേഷം നേരിടേണ്ടി വരുന്ന സ്ലട്ട് ഷെയ്മിങ്ങും, എന്ത് തരത്തിലുള്ള ഒരു ലോകമാണ് അവരെ പിന്നീട് കാത്തിരിക്കുന്നത് എന്നെല്ലാം സിനിമയിൽ പറയുന്നുണ്ട്. സർവൈവേഴ്സിന്റെ ഒരു moment of resilience ഒക്കെ എനിക്ക് സിനിമയിൽ ഫീൽ ചെയ്തു.

അടുത്തത്, The Girl with the Needle എന്ന സിനിമയാണ്. ഹൈ കോൺട്രാസ്റ്റ് മോണോക്രോമിൽ ചിത്രീകരിച്ച സിനിമയാണിത്. സൈക്കൊളജിക്കൽ ഹൊറർ ഴോണറിൽ വരുന്ന ഈ സിനിമ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. അതിന്റെ ട്രീറ്റ്മെന്റ് ഭയങ്കര രസകരമാണ്. അതിഗംഭീരമായിട്ടുള്ള ഫ്രെയ്മുകൾ സിനിമയിലുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പല പല ഇമോഷൻസിലൂടെ നമ്മളെ കടത്തികൊണ്ടുപോവാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ആ സിനിമ കണ്ട് കഴിഞ്ഞ് എഴുന്നേറ്റതിന് ശേഷം അതുണ്ടാക്കിയ എഫക്റ്റ് എന്താണെന്ന് എനിക്ക് കൃത്യമായി ആർട്ടിക്യുലേറ്റ് ചെയ്യാൻ പറ്റാത്ത തരത്തിലാണ് ആ സിനിമ എടുത്തിട്ടുള്ളത്.

പിന്നെ സുവർണ ചകോരം ലഭിച്ച Malu എന്ന സിനിമ. അതും ഒരു സ്ത്രീയെ കുറിച്ചുള്ള റിയൽ ലൈഫ് സ്റ്റോറിയാണ്. സംവിധായകന്റെ അമ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് എടുത്തിട്ടുള്ളത്. ഫ്രീ സ്പിരിറ്റഡ് ആയിട്ടുള്ള, പണ്ട് സക്സസ്ഫുൾ ആയിട്ടുള്ള ഒരു നടിയെ കുറിച്ചും അവരുടെ ജീവിതവും ഇമോഷൻസുമാണ് സിനിമ സംസാരിക്കുന്നത്. തിയറ്റർ സ്പേസ്, ആർട്ട്, പൊളിറ്റിക്സ് എന്നിവയും, പ്രധാന കഥാപാത്രമായ ഈ സ്ത്രീയും അവരുടെ മകളും തമ്മിലെ ബന്ധത്തിലെ പ്രശ്നങ്ങളും മറ്റുമാണ് സിനിമയിൽ പറയുന്നത്. റെവല്യൂഷൻ സ്വപ്നം കാണുന്ന അല്ലെങ്കിൽ ആർട്ടിൽ അഭയം തേടുന്ന സ്ത്രീകളുടെ ജീവിതം എവിടെ ചെന്ന് അവസാനിക്കുമെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. അതുകൊണ്ട് തന്നെ Malu ഒരു ഓർമ്മപ്പെടുത്തൽ പോലെയൊക്കെ എനിക്ക് തോന്നി.

പിന്നെയെനിക്ക് The Teacher എന്ന ചിത്രവും ഇഷ്ടമായി. ഒരു പലസ്തീനിയൻ സ്കൂൾ ടീച്ചറെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. എങ്ങനെയാണ് പൊളിറ്റിക്കൽ റസിസ്റ്റൻസ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതെന്നും, ഒരു ടീച്ചറും വിദ്യാർത്ഥിയുമായുള്ള ബന്ധവുമൊക്കെ സിനിമയിൽ പറയുന്നു. പിന്നെ I’m Still Here എന്ന ഉദ്ഘാടന ചിത്രം ഇഷ്ടമായി. പിന്നെ The Hyperboreans, East of moon തുടങ്ങി ഒരുപാട് പരീക്ഷണ ചിത്രങ്ങളുണ്ടായിരുന്നു. അതെല്ലാം എനിക്ക് ഇഷ്ടമായി.

യുദ്ധം, സംഘർഷം, പലായനം
അനൂപ് കരുണാകരൻ (അസിസ്റ്റൻറ് ഡയറക്ടർ)

കണ്ടതിൽ കൂടുതലും നല്ല സിനിമകൾ ആയിരുന്നുവെങ്കിലും ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ ചില സിനിമകളെ പറ്റി പറയാം. ലോക സിനിമ വിഭാഗത്തിൽ വ്യക്തിപരമായി കൂടുതൽ ഇഷ്ടപ്പെട്ടത് Misericordia എന്ന സിനിമയാണ്. ആഴത്തിലുള്ള ദാർശനിക ചോദ്യങ്ങൾ ഒതുക്കത്തോടെയും ഇരുണ്ട നർമ്മത്തിലൂടെയും പറയുന്ന ത്രില്ലർ സ്വഭാവത്തിൽ വരുന്ന സിനിമ. പുരോഹിതന്റെ സഹായത്തോടെ കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന കഥയാണ്. റിലീജിയസ് ഹിപ്പോക്രസി, സെക്ഷ്വൽ ഡിസൈർ ഒക്കെ പ്രമേയമായി വരുന്നുണ്ട്. ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് കോ പ്രൊഡക്ഷനാണ്. ഗംഭീരമായ തിരക്കഥയാണ് ചിത്രത്തിന്റേത്. നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത ഡൈമെൻഷനിലാണ് അത് പോവുന്നത്.

ഇഷ്ടപ്പെട്ട മറ്റൊരു ചിത്രമാണ് ജോർജിയ-ടർക്കി കോ പ്രൊഡക്ഷനിൽ വന്ന Crossing (Dir. Levan Akin). പലായനത്തോടൊപ്പം ട്രാൻസ് അവകാശങ്ങൾ കൂടി വിഷയമായി വരുന്ന സിനിമയാണിത്. ഒരു റിട്ടയേർഡ് അധ്യാപിക തന്റെ അനന്തരവളെ തേടി ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയും അവിടെ വച്ച് അവർ പരിചയപ്പെടുന്ന ട്രാൻസ് അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വക്കീലുമൊക്കെയാണ് കഥാപാത്രങ്ങൾ. ഐ.എഫ്.എഫ്.ഐയിൽ ICFT UNESCO ഗാന്ധി മെഡൽ ഈ സിനിമയ്‌ക്കായിരുന്നു. മനുഷ്യന്റെ പറിച്ചുനടലുകൾ, പലായനം/കുടിയേറ്റം തുടങ്ങിയവ പ്രധാന തീമായി വരുന്ന വേറെയും സിനിമകൾ മേളയിലുണ്ടായിരുന്നു. മംഗോളിയൻ സിനിമയായ If Only I Could Hibernate (Dir. Zoljargal Purevdash), ഫ്രഞ്ച് പ്രൊഡക്ഷൻ സിനിമയായ ഘാനയിലെ ജനവിഭാഗങ്ങൾ സംസാരിക്കുന്ന ഫുല, മനിങ്ക ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ വരുന്ന The Story of Souleymane (Dir. Boris Lojkine) തുടങ്ങിയ സിനിമകളിലൊക്കെ തന്നെ പലായനം ചെയ്യപ്പെടുന്ന മനുഷ്യർ അനുഭവിക്കുന്ന സംഘർഷങ്ങൾ കാണാൻ കഴിയും. ഇത്തരം സിനിമകളുടെ തിരഞ്ഞെടുപ്പ് ഫെസ്റ്റിവലിൽ ബോധപൂർവ്വമാണെങ്കിൽ തീർച്ചയായും പ്രശംസയർഹിക്കുന്ന കാര്യമാണ്. ഇത്തരം ആഗോള പ്രശ്നങ്ങളെ ഏസ്തെറ്റിക്കലി ആന്റ് പൊളിറ്റിക്കലി അഡ്രസ് ചെയ്യപ്പെടുന്ന സിനിമകൾ മേളയിൽ കൂടുതൽ ഉൾക്കൊളിച്ചത് നല്ല കാര്യമായി തോന്നി.

കൃഷാന്ദിന്റെ സംഘർഷഘടന (Art of warfare) എന്ന ചിത്രം സുങ് ത്സുവിന്റെ Art of Warfare എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. Algiers എന്ന അൾജീരിയൻ സിനിമയിലും പ്രസ്തുത പുസ്തകത്തിന്റെ റഫറൻസ് വരുന്നുണ്ട്. രണ്ട് രാജ്യങ്ങളിൽ ജീവിക്കുന്നവരെങ്കിലും ഒരേ Algorithm രണ്ട് പേരെയും സ്വാധീനിച്ചതാണോ എന്ന് കൗതുകം തോന്നി.

ഇഷ്ടമായതിൽ മറ്റൊന്ന് Vermiglio ആണ്. ഫ്രാൻസ്, ഇറ്റലി, ബെൽജിയം കോ പ്രൊഡക്ഷനിൽ വന്ന ഒരു പീരിയഡ് സിനിമ. യുദ്ധം നടക്കുന്ന സമയത്ത് നാട്ടിലേക്ക് തിരിച്ചുവന്ന പട്ടാളക്കാരനുമായി പ്രണയത്തിലായ സ്ത്രീയുടെ കഥ പറയുന്നു. വേൾഡ് വാറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് നടക്കുന്ന കഥയാണ്. കാനിൽ ഗ്രാൻഡ് ജൂറി prize നേടിയ സിനിമയാണിത്.

ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു സിനിമയാണ് The Girl with the Needle. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞുള്ള കാലത്തെ കോപ്പൻഹേഗനാണ് പശ്ചാത്തലം. കുപ്രസിദ്ധമായ ഡെൻമാർക്ക്‌ ബേബി കില്ലർ കേസ് ആസ്പദമാക്കിയുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണിത്. ഒരു underground adoption ഏജൻസിയിൽ wet nurse ആയി ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ കഥ പറയുന്ന psychological horror ചിത്രമാണിത്. യുദ്ധം ഉണ്ടാക്കിയ കെടുതികളിൽ നിന്നും മുക്തരാവാൻ സാധിക്കാത്ത മനുഷ്യരെ ചിത്രം കാണിച്ചു തരുന്നു.

കണ്ടതിൽ പ്രധാനപ്പെട്ട ഒരു സിനിമയാണ് Kneecap. മാതൃഭാഷ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്റെ കഥയാണ് സിനിമ പറയുന്നത്. Armand, I am Nevenka, Rhythm of Dammam, My Favourite Cake തുടങ്ങിയവയും വ്യക്തിപരമായി ഇഷ്ടപ്പെട്ട സിനിമകളായിരുന്നു. Art of war ഒഴികെ മേളയിൽ പ്രദർശിപ്പിച്ച മലയാളം സിനിമകൾ കാണാൻ പറ്റിയില്ലെങ്കിലും നല്ല നിലവാരം പുലർത്തിയ സിനിമകൾ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. (സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്)

രാഷ്ട്രീയ അടരുകളുള്ള സിനിമകൾ
അമൃത ഗോപകുമാർ (എൽ.എൽ.ബി വിദ്യാർത്ഥി, ഗവ. ലോ കോളേജ്, കോഴിക്കോട്)

ഒരുപാട് സിനിമകൾ ഇഷ്ടമായെങ്കിലും ഏറ്റവും മികച്ചതെന്ന് തോന്നിയ അഞ്ച് സിനിമകളെ പറ്റി പറയാം. 65 വയസുള്ള ഒരു സ്ത്രീ അവരുടെ ചൈൽഡ്ഹുഡ് തൊട്ടുള്ള ഓർമ്മകൾ പറയുന്നതാണ് Memories of a burning body എന്ന ചിത്രത്തിന്റെ പ്രമേയം. അവരുടെ കുട്ടിക്കാലത്തുണ്ടായ ലൈംഗികാതിക്രമം മുതൽ എല്ലാം ചികഞ്ഞെടുത്ത് പറയുമ്പോൾ അത് ഞാൻ എന്ന പ്രേക്ഷക അനുഭവിച്ചിട്ടില്ലായെങ്കിൽ പോലും, ഒരു സ്ത്രീ താൻ ഇത്തരം അവസ്ഥകളിലൂടെയെല്ലാം കടന്നുപോയിട്ടുണ്ടെന്ന് തുറന്നുപറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ തോന്നിയില്ല. മാത്രമല്ല എനിക്കും എന്റെ ചുറ്റുമുള്ള സ്ത്രീകളെ വെച്ചും എനിക്കത് ഭയങ്കരമായി റിലേറ്റ് ചെയ്യാനും കഴിഞ്ഞു. ഞാനിപ്പോൾ വിവാഹം കഴിച്ചിട്ടില്ലായെങ്കിൽ പോലും വിവാഹമെന്ന വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ സിനിമയിലൂടെ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. സെക്ഷ്വാലിറ്റി എന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ ടാബുവാണ് എന്നാണ് ഇപ്പോഴും സമൂഹം ചിന്തിക്കുന്നത്. ഈ സിനിമയിൽ സെക്ഷ്വൽ ഡിസൈർസ് എന്നത് സ്ത്രീകൾക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ്, അല്ലെങ്കിൽ വിവാഹത്തിലെ ലൈംഗികബന്ധത്തിൽ സ്ത്രീകൾ എത്രത്തോളം സംതൃപ്തരല്ല, മാരിറ്റൽ റേപ്പിനെ എത്രത്തോളം നിസ്സാരമായിട്ടാണ് സമൂഹം കാണുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ വളരെ ഭംഗിയായിട്ടാണ് പറഞ്ഞിരിക്കുന്നത്. Being loved and being free എന്നുള്ളത് ഒരു റിലേഷൻഷിപ്പിലേക്ക് വരുമ്പോൾ എങ്ങനെയാണ് മാറുന്നത് എന്നൊക്കെ ചിത്രത്തിൽ പറയുന്നു. നമ്മുടെ നാട്ടിലെ 65 വയസ്സായ സ്ത്രീക്കും ഇതൊക്കെ തന്നെയായിരിക്കും പറയാനുള്ളത്.

പെരുമാൾ മുരുകന്റെ ദി ബ്ലൗസ് എന്ന ചെറുകഥയെ ആസ്പദമാക്കി ചെയ്തിട്ടുള്ളതാണ് Angammal എന്ന സിനിമ. വളരെ മനോഹരമായ ഒരു സിനിമയാണ് അങ്കമ്മാൾ, അത്രയും ഭംഗിയായിട്ടാണ് അത് എടുത്തിരിക്കുന്നത്. സ്വന്തം അമ്മ സാരിയുടുക്കുമ്പോൾ ബ്ലൗസ് ധരിക്കാത്തത്തിൽ ഡോക്ടറായ ഒരു മകന് തോന്നുന്ന അപകർഷതാബോധത്തെ പറ്റിയാണ് സിനിമ സംസാരിക്കുന്നത്. നമ്മൾ പെരുമാൾ മുരുകന്റെ നോവൽ വായിക്കുമ്പോൾ ഭാവനയിൽ രൂപപ്പെടുന്ന ഒരു ലാൻഡ്സ്കേപ്പ് ഉണ്ടല്ലോ, അത് സിനിമയിലെ ഫ്രെയ്മുകളിലേക്ക് വരുമ്പോഴൊക്കെ നമുക്ക് പരിചിതമായ സ്ഥലമായി തോന്നും. വസ്ത്രം ധരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിലേക്ക് ജാതി, വർഗ്ഗം എന്നിവയുടെ കടന്നുകയറ്റത്തെ പറ്റി സിനിമയിൽ പറയുന്നു. മാത്രമല്ല വ്യക്തി ബന്ധങ്ങൾ തമ്മിലുള്ള സ്നേഹമാണോ, സ്വന്തം വ്യക്തി സ്വാതന്ത്ര്യത്തിനാണോ മുൻതൂക്കം കൊടുക്കേണ്ടത് എന്നുള്ള പ്രതിസന്ധി മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

പോപ് മരിച്ചതിന് ശേഷമുള്ള അടുത്ത ഇലക്ഷൻ ആണ് എഡ്വേർഡ് ബർഗിന്റെ Conclave എന്ന സിനിമ ചർച്ച ചെയ്യുന്നത്. ഇലക്ഷന് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ പലർക്കും പല വീക്ഷണങ്ങളാണ്. ഭൂതകാലത്തിലേക്ക് തിരിച്ചുപോവുന്നതല്ല ചർച്ചിന്റെ ധർമ്മമെന്നും, മനുഷ്യരെ എങ്ങനെയാണോ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെ തന്നെ ഉൾക്കൊള്ളാനും അംഗീകരിക്കാനും സാധിക്കുക എന്നുള്ളതിന്റെ പ്രസക്തി, തിന്മയെ തിന്മകൊണ്ട് തന്നെ നേരിടരുത് തുടങ്ങിയ വിഷയങ്ങളൊക്കെ സിനിമ ചർച്ച ചെയ്യുന്നു.

The Seed of the Sacred Fig എന്ന സിനിമയിൽ ഇൻവെസ്റ്റിഗേറ്റീവ് ജഡ്ജ് ആയിട്ട് നിയമിക്കപ്പെടുന്ന ഒരാൾ, ഭരണകൂടത്തിന്റെ ഒരു ഭാഗമായി മാറുമ്പോൾ അയാളുടെ ചെയ്തികളെല്ലാം സ്വയം ശരിയാണെന്ന് തോന്നുകയും പിന്നീട് വരുന്ന മാറ്റങ്ങളുമാണ് ചർച്ച ചെയ്യുന്നത്. കുടുംബം എന്ന വ്യവസ്ഥിതിക്കുള്ളിലേക്ക് വരുമ്പോൾ മക്കളുടെ നിർബന്ധിത ഹിജാബിനെതിരെയുള്ള നിലപാട്, മഹ്സ അമീനി കൊല ചെയ്യപ്പെടുന്നതുപോലും മാധ്യമങ്ങൾ കാണിക്കുന്നത് ഹൃദയാഘാതം മൂലം മരിച്ചുവെന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ കുടുംബം എന്ന വ്യവസ്ഥിതിയിലെ ഓരോ വ്യക്തികളുടെയും നിലപാടിലെ വ്യത്യസ്തകൾ, മാധ്യമങ്ങൾ എങ്ങനെയാണ് വിവിധ വിഷയങ്ങളുടെ നിയന്ത്രണവും മറ്റും ഏറ്റെടുക്കുന്നത്, ഭരണകൂടം എങ്ങനെയാണ് ജനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് തുടങ്ങീ ഇറാനിലെ നിരവധി രാഷ്ട്രീയ അടരുകൾ സിനിമ പറയുന്നു.

The Witness വളരെ നല്ല സിനിമയായിരുന്നു. സർക്കാരിന്റെ പിന്തുണയിൽ നിൽക്കുന്ന ഒരാൾ അയാളുടെ ഭാര്യയെ കൊല്ലുന്നത് ഭാര്യയുടെ സുഹൃത്ത് കാണുകയും, ആ സുഹൃത്ത് അവരുടെ ജോലിയും എല്ലാം ത്യജിച്ചുകൊണ്ട് നീതിക്ക് വേണ്ടി പോരാടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. പ്രതിലോമകരമായ ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് മർഡർ ഇൻ മാരിറ്റൽ ബെഡ് എന്നൊരു കോൺസെപ്റ്റുണ്ട്, ഇസ്ലാമിക നിയമത്തിൽ ഭാര്യ മറ്റൊരു പുരുഷനോടൊപ്പം കാണപ്പെടുകയാണെങ്കിൽ ആ ബെഡിൽ തന്നെ ഭർത്താവിന് അവരെ മർഡർ ചെയ്യാനുള്ള അവകാശമുണ്ട്, അത്തരത്തിലുള്ള റിഗ്രസീവ് ആയുള്ള കാര്യങ്ങൾ ചിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്വന്തമായി ചോയ്സുകളില്ലാതെ കൊല ചെയ്യപ്പെട്ട ഒരുപാട് സ്ത്രീകളുടെ യഥാർത്ഥ സംഭവത്തിന്റെ ദൃശ്യങ്ങളും എല്ലാം ചിത്രത്തിലുണ്ട്. യഥാർത്ഥ സംഭവങ്ങൾ ആണെന്ന് കൂടി അറിയുമ്പോൾ ഭയങ്കര ബുദ്ധിമുട്ടും തോന്നുമായിരുന്നു.

മികവ് പുലർത്തിയ മലയാള സിനിമകൾ
പ്രതാപ് ജോസഫ് (സംവിധായകൻ)

ഏഴ് ദിവസങ്ങളിലായി ഏതാണ്ട് 25 സിനിമകൾ ആണ് ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യിൽ കണ്ടത്. കൂടുതലും മലയാളം സിനിമകൾ ആണ് കാണാൻ ശ്രമിച്ചത്. സംഘർഷ ഘടന ഒഴികെയുള്ള എല്ലാ മലയാള സിനിമകളും കണ്ടു. ചില സിനിമകൾ മികച്ച നിലവാരം പുലർത്തിയപ്പോൾ അപൂർവം ചിത്രങ്ങൾ നിരാശപ്പെടുത്തി.

ശിവരഞ്ജിനി ജെ. സംവിധാനം ചെയ്ത വിക്ടോറിയ ആണ് കണ്ടതിൽ ഏറ്റവും മികച്ച് നിന്നത്. ലോകനിലവാരത്തിൽ ഉള്ള ഒരു മലയാള സിനിമ. ശിവരഞ്ജിനിയുടെ ഋതം എന്ന ഹ്രസ്വചിത്രം മുൻപ് കണ്ടിട്ടുണ്ടായിരുന്നതിനാൽ വലിയ അത്ഭുതം ഒന്നും തോന്നിയില്ല. ഒരു ബ്യൂട്ടി പാർലറിനകത്താണ് കഥ ഏതാണ്ട് പൂർണമായും നടക്കുന്നത്. മീഡിയത്തിൻ്റെ മേലുള്ള നിയന്ത്രണം ആണ് എടുത്തുപറയേണ്ട കാര്യം. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി, സഹതാരങ്ങൾ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാനത്തോട് അടുക്കുമ്പോൾ സിനിമ അല്പം ലൗഡ് ആയിപ്പോകുന്നതൊഴിച്ചാൽ ശില്പഭദ്രം.

മിഥുൻ മുരളിയുടെ കിസ് വാഗൺ ഒരു സീറോ ബഡ്ജറ്റ് എപ്പിക് സിനിമയാണ്. 2200 ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് ഏതാണ്ട് ഒരാൾ ഒറ്റയ്ക്ക് മൂന്നുവർഷക്കാലംകൊണ്ട് സ്വന്തം വീട്ടിലിരുന്ന് പൂർത്തിയാക്കിയ സിനിമ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതിന് സമാനമായി മറ്റൊന്നില്ല. ഒരുപക്ഷേ കോവിഡ് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒന്ന് സംഭവിക്കില്ലായിരുന്നു എന്ന് മിഥുൻ തന്നെ പറയുന്നു. മഹാമാരിയുടെ മഹാഗുണങ്ങളിൽ ഒന്ന്. ചുംബനസമരം നടന്ന നാട്ടിൽ നിന്നും ചുംബനങ്ങളുമായി ഒരു വണ്ടി. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന്റെ കൃത്യമായ ഒരു വിശകലനം കൂടിയാണ് സിനിമ. മലയാള സിനിമ ആകാശത്തെ തൊടുന്നു.

സംവിധായകൻ ജയൻ ചെറിയൻ സിദ്ദി ഭാഷയിൽ ഒരുക്കിയ സിനിമയാണ് റിഥം ഓഫ് ദമാം. ഉത്തര കർണാടകയിലെ സിദ്ദി വിഭാഗത്തെ, അവരുടെ സംസ്കാരത്തെ, ഭാഷയെ, പാട്ടുകളെ സിനിമയിൽ ആദ്യമായി അടയാളപ്പെടുത്തുന്നു എന്നതുതന്നെയാണ് റിഥം ഓഫ് ദമാമിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കൂട്ടത്തിൽ ഒരാൾ ചിത്രീകരിക്കുന്ന അത്ര അടുപ്പത്തോടെയാണ് സിദ്ദി വിഭാഗത്തിലെ മനുഷ്യർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ വിജയവും.

ബാബുസേനൻ സഹോദരന്മാരുടെ പത്താമത്തെ സിനിമയാണ് മുഖക്കണ്ണാടി. കഴിഞ്ഞ ഒമ്പത് സിനിമകളിലേക്കുമുള്ള സംവിധായകരുടെ ഒരു തിരിഞ്ഞുനോട്ടമാണ് ഈ പത്താമത്തെ സിനിമ. ഒപ്പം അവർ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെയുള്ള ഒരു സഞ്ചാരവും. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന സംവിധായകർ ആണ് സതീഷ്- സന്തോഷ് ബാബുസേനന്മാർ. മീഡിയത്തോടും ജീവിതത്തോടുമുള്ള വളരെ മിനിമലിസ്റ്റിക്കായ സമീപനം തന്നെയാണ് അവരുടെ സിനിമകളുടെ എറ്റവും വലിയ പ്രത്യേകത.

അഭിലാഷ് ബാബു സംവിധാനം ചെയ്ത മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ… ഒരു മോക്യുമെൻ്ററി സിനിമയാണ്. മലയാളിയുടെ കപട സദാചാരത്തെ വളരെ സൂക്ഷ്മമായി പരിഹാസ വിധേയമാക്കുന്നു ചിത്രം. അഭിനേതാക്കളുടെ പ്രകടനമാണ് എടുത്തുപറയേണ്ട പ്രത്യേകത. സങ്കല്പത്തിനും യാഥാർത്ഥ്യത്തിനും ഇടയ്ക്കുള്ള ഒരു കുഴമറിച്ചിൽ സിനിമ വിദഗ്ദമായി ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അത് ഒട്ടൊന്ന് കാണിയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ആ അസ്വസ്ഥതയാണ് ഈ സിനിമയുടെ വിജയം. ഇത് സിനിമയാണോ എന്ന ചിന്തയും ചില കാണികൾ പ്രകടിപ്പിച്ചുകണ്ടു. അതും ഈ സിനിമയുടെ വിജയമായി കാണാവുന്നതാണ്.

Also Read

10 minutes read December 22, 2024 1:42 pm