ഉത്തർപ്ര​ദേശിനെ മാറ്റിത്തീർത്ത് അഖിലേഷും രാഹുലും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

400 സീറ്റ് എന്ന അവകാശവാദം പൊളിഞ്ഞ് മുന്നൂറിൽ താഴെയുള്ള സംഖ്യയിൽ എൻ.ഡി.എ മുന്നണി എത്തി നിൽക്കുന്നതിന് പിന്നിൽ നിർണ്ണായകമായത് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. 2019ൽ ആകെയുള്ള 80 സീറ്റിൽ 62 ലും വിജയിച്ച എൻ.ഡ‍ി.എ ഇപ്പോൾ ലീഡ് ചെയ്യുന്നത് 34 മണ്ഡലങ്ങളിൽ മാത്രം. 42 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. 35 സീറ്റുകളിൽ ലീഡ് നേടി സമാജ് വാദി പാർട്ടി (എസ്.പി) വൻ തിരിച്ചുവരവാണ് നടത്തിയത്. കോൺ​ഗ്രസ് ഏഴ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 2019ൽ 5 സീറ്റുകളിലേക്ക് ഒതുങ്ങിയ എസ്.പിയുടെ തിരിച്ചുവരവാണ് ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ സഖ്യത്തിനുണ്ടായ വലിയ മുന്നേറ്റത്തിന് അടിത്തറയായി മാറിയത്. രാമക്ഷേത്രം ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങൾ ചർച്ചയാകും എന്ന് ബി.ജെ.പി പ്രതീക്ഷിച്ച യു.പിയിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ എസ്.പി സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയിൽ കോൺഗ്രസിന്റെ അജയ് റായി 6000 വോട്ടിന് മുന്നിലായതും യു.പിയിൽ ഉയരുന്ന ബി.ജെ.പി വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി മാറി. 2019ൽ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന കോൺ​ഗ്രസ് ഏഴ് സീറ്റിലാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിട്ട് നൽക്കുന്നത്. രാഹുൽ ​ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,85,501 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മുന്നിലാണ്. രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് കോൺ​ഗ്രസിന്റെ പരമ്പരാ​ഗത മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ ​ഗാന്ധി തീരുമാനിച്ചതെങ്കിലും ഉത്തർപ്രദേശിൽ നിന്നും ജനവിധി തേടുന്നതിനായി അദ്ദേഹം മുന്നോട്ടുവന്നത് യു.പി തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചതായാണ് കാണാൻ കഴിയുന്നത്.

അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. കടപ്പാട്:hindusthantimes

2019ൽ രാഹുൽ ​ഗാന്ധി പരാജയപ്പെട്ട അമേഠിയിലും അരലക്ഷത്തിലേറെ വോട്ടുകൾക്ക് രാഹുലിനെ തോൽപ്പിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനി ഇപ്പോൾ ഏറെ പിന്നിലാണ്. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കോൺ​ഗ്രസ് സ്ഥാനാർത്ഥി കിശോരി ലാൽ ശർമ്മയാണ് അവിടെ ലീഡ് ചെയ്യുന്നത്. ഇത്തവണ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി ഒരുമിച്ച് മത്സരിക്കാനുള്ള എസ്.പി–കോൺഗ്രസ് പാർട്ടികളുടെ തീരുമാനമാണ് യു.പിയിൽ ബി.ജെ.പിയെ ക്ഷീണിപ്പിച്ച പ്രധാനഘടകം. 2019 എസ്.പി-ബി.എസ്.പി ഒരുമിച്ചും കോൺ​ഗ്രസ് ഒറ്റയ്ക്കുമാണ് മത്സരിച്ചത്. യു.പിയിലെ നഗിന മണ്ഡലത്തിൽ ഒരു മുന്നണിയുടെയും ഭാ​ഗമല്ലാതെ മത്സരിച്ച പ്രമുഖ ദലിത് രാഷ്ട്രീയ നേതാവ് ചന്ദ്രശേഖർ ആസാദിനും വൻ മുന്നേറ്റം നടത്താൻ കഴിഞ്ഞു. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ഒരു ലക്ഷത്തിനടുത്താണ് ആസാദിന്റെ ലീഡ് നില. ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കുന്ന, ഭീം ആർമി സ്ഥാപക നേതാവും ആസാദ് സമാജ് പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിന്റെ വിജയവും ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട ലംഖിപൂർഖേരി ഉൾപ്പെടുന്ന ഖേരി മണ്ഡലത്തിൽ 33,361 വോട്ടിന് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്. ഇതും ബി.ജെ.പിക്ക് പ്രഹരമായി മാറി.

ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുക്കുന്ന രാഹുൽ ​ഗാന്ധി, അഖിലേഷ് യാദവ്, പ്രിയങ്കാ ​ഗാന്ധി. കടപ്പാട്: livemint.

യു.പിയിലെ സാമുദായിക സമവാക്യങ്ങളിൽ വന്ന മാറ്റമാണ് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകാനുള്ള മറ്റൊരു കാരണം. 2019ൽ എസ്.പി-ബി.എസ്.പി സഖ്യത്തിൽ 10 സീറ്റാണ് ബി.എസ്.പി നേടിയതെങ്കിൽ ഇത്തവണ ബി.എസ്.പിക്ക് എവിടെയും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. ബി.എസ്.പി ക്ഷീണിച്ചതോടെ മുസ്‌ലിം-യാ​ദവ വോട്ടുകൾ മാത്രം ലക്ഷ്യം വച്ചിരുന്ന എസ്.പി, ദലിത് വോട്ടുകളും സമാഹരിക്കാൻ ഇത്തവണ ശ്രമിച്ചു. പിന്നോക്ക-​ദലിത്-ന്യൂനപക്ഷ സമവാക്യമാണ് (പിച്ച്റെ -ദലിത്-അല്പ്സാംഖ്യക്) ഈ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മുന്നോട്ടുവച്ചത്. യു.പി ജനസംഖ്യയിലെ 60-65 ശതമാനവും ഒ.ബി.സി- ദലിത് വിഭാഗമാണ്. കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയാണ് ഒ.ബി.സി-ദലിത് വോട്ടുകൾ കൂടുതലും സമാഹരിച്ചത്. ഇത്തവണ ബി.ജെ.പിയേക്കാൾ കൂടുതൽ ഒ.ബി.സി-ദലിത് സ്ഥാനാർഥികളെ നിർത്തിക്കൊണ്ട് ഇൻഡ്യ മുന്നണി അതിന്റെ നേട്ടമുണ്ടാക്കുകയായിരുന്നു. 14 ദലിത് സംവരണ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ്.പി രണ്ട് ജനറൽ സീറ്റുകളിലും ദലിത് സ്ഥാനാർഥികളെ നിർത്തിയിരുന്നു. ബ്രാഹ്മണ-താക്കൂർ വിഭാ​ഗത്തിൽപ്പെട്ടവരാണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഏറെയുണ്ടായിരുന്നത്. സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തിൽ നിന്ന് എസ്.പിക്ക് നാല് സ്ഥാനാർത്ഥികൾ മാത്രമാണുണ്ടായിരുന്നതെങ്കിലും ബി.ജെ.പിക്ക് ഒരു സ്ഥാനാർത്ഥി പോലും ഇല്ല. മുസ്ലീം പ്രാതിനിധ്യത്തിന്റെ പ്രശ്നവും വോട്ടിം​ഗിൽ പ്രതിഫലിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. നരേന്ദ്രമോദിയും മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥും നടത്തിയ മുസ്ലീം വിരുദ്ധ പ്രചാരണങ്ങളും അവർക്ക് തിരിച്ചടിയായി മാറി. രാമക്ഷേത്ര നിർമ്മാണം എന്ന ബി.ജെ.പി പ്രചാരണത്തിന് ബദലായി ദാരിദ്ര്യവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും വികസന പ്രശ്നങ്ങളും ചർച്ചയായി ഉയർത്തിക്കൊണ്ടുവരാൻ ഇൻഡ്യ മുന്നണിക്ക് കഴിഞ്ഞതോടെ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടകൾക്കും യു.പിയിൽ നിലംതൊടാൻ കഴിഞ്ഞില്ല.

Also Read

3 minutes read June 4, 2024 12:43 pm