Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രസവ ചികിത്സ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 18ന് ഒരു പൊതുജനാരോഗ്യ സംരക്ഷണ കൺവൻഷൻ നടന്നു. പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ഞാനും അതിൽ പങ്കെടുക്കുകയുണ്ടായി. പ്രസംഗം തയ്യാറാക്കുന്നതിനായുള്ള വായനയ്ക്കിടയിലാണ് നീതി ആയോഗിന്റെ രണ്ട് രേഖകൾ കൈയ്യിൽ കിട്ടുന്നത്. 2021ൽ പുറപ്പെടുവിച്ച ‘ഇന്ത്യൻ ആരോഗ്യ സേവന മേഖലയിലെ നിക്ഷേപ സാധ്യതകൾ’ (Investment opportunities in India’s healthcare sector) ആണ് ഒന്നാമത്തേത്. 2022ൽ പുറത്തിറക്കിയ സംയോജിത ധനവിനിയോഗത്തിലൂടെ പുനർവിഭാവനം ചെയ്യപ്പെടുന്ന ഇന്ത്യയിലെ ആരോഗ്യ സേവന മേഖല (Re-imagining Healthcare in India Through blended finance) എന്ന് പേരിട്ടിരിക്കുന്ന ധവളപത്രമാണ് മറ്റൊന്ന്. കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിനാണ് രണ്ട് രേഖകളും പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വളരുന്ന ആരോഗ്യ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് നമ്മുടേതെന്നും, കോവിഡ് ആരോഗ്യ ഇൻഷുറൻസ് കമ്പോളത്തിനും മെഡിക്കൽ പരിശോധനാ മേഖലയ്ക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും ആദ്യത്തെ രേഖ വിശദീകരിക്കുന്നു. മാത്രമല്ല, ആരോഗ്യ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ വർധിച്ച ആവശ്യകതയുണ്ടെന്നും രാജ്യത്തെ തൊഴിലാളികൾക്ക് നൽകേണ്ട കുറഞ്ഞ കൂലി വലിയ സാധ്യതയാണെന്നും നീതി ആയോഗ് വിശദീകരിക്കുന്നു. ഇന്ത്യയിലെ ആരോഗ്യ സേവന മേഖല നിലവിൽ തന്നെ ഉദാരവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണമുൾപ്പെടെ പല മേഖലകളിലും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും ഇതേ രേഖ വീറോടെ വാദിക്കുന്നു.
രണ്ടാമത്തെ രേഖയായ ധവളപത്രമാവട്ടെ സംയോജിത ധനവിനിയോഗം (Blended Finance) എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വകാര്യ-പൊതു നിക്ഷേപങ്ങളുടെ സമന്വയം അഥവാ പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരിൽ പൊതുമേഖയെ സ്വകാര്യ നിക്ഷേപങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനെയാണ് സംയോജിത ധനവിനിയോഗം എന്നത് ഉദ്ദേശിക്കുന്നത്. 2022ഓടെ 372 ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള കമ്പോളമായി മാറുന്ന ഇന്ത്യൻ ആരോഗ്യ മേഖലയെ, പൊതുമേഖലയുൾപ്പടെ വിദേശത്തും സ്വദേശത്തുമുള്ള കോർപ്പറേറ്റ് നിക്ഷേപകർക്ക് തുറന്നുകൊടുക്കലാണ് നീതി ആയോഗ് ഉദ്ദേശിക്കുന്നതെന്ന് ഈ രണ്ട് രേഖകളിലൂടെ കടന്നുപോകുമ്പോൾ വ്യക്തമാവും.
ഇന്ത്യൻ ആരോഗ്യ മേഖലയുടെ വിവിധ ഘട്ടങ്ങൾ
ഇന്ത്യൻ ആരോഗ്യ മേഖലയുടെ വികാസത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തരം 1947 മുതലുള്ള 35 വർഷങ്ങളാണ് ആദ്യ ഘട്ടം. രാജ്യത്തെ ആരോഗ്യ സേവന മേഖല ഡിസൈൻ ചെയ്യപ്പെടുന്നത് ഇക്കാലത്താണ്. 1946ൽ പുറത്തുവന്ന റിപ്പോർട്ട് ഓഫ് ഹെൽത്ത് സർവെ ആന്റ് ഡെവലപ്മെന്റ് കമ്മിറ്റി (Report of Health Survey and Development Committee) അഥവാ ബോർ കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഏറിയോ കുറഞ്ഞോ അക്കാലത്ത് ആരോഗ്യ മേഖലയുടെ വികാസത്തിനുള്ള ശ്രമങ്ങൾ നടന്നിട്ടുള്ളത്. പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ആരോഗ്യ സേവനങ്ങൾ നിഷേധിക്കരുത്, ഭരണകൂടമാണ് ആരോഗ്യ സേവനങ്ങൾ നൽകാൻ പ്രാഥമികമായും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത് എന്ന തത്ത്വമാണ് ബോർ കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നത്. ആരോഗ്യമെന്നാൽ മാനസികവും ശാരീരികവുമായ ആരോഗ്യവും മെച്ചപ്പെട്ട സാമൂഹ്യ ജീവിതവും കൂടിയതാണെന്നും രോഗമില്ലാത്ത അവസ്ഥ മാത്രമല്ലെന്നും എന്ന കാഴ്ചപ്പാടും ബോർ കമ്മിറ്റി അവതരിപ്പിക്കുകയുണ്ടായി. 1984-85 കാലം വരെ കുടിവെള്ളവും സാനിറ്റേഷനും പൊതു ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ചുമതലയായിരുന്നതിന് കാരണം ബോർ കമ്മിറ്റിയുടെ സ്വാധീന ഫലമാണ്. ആരോഗ്യ മേഖലയുടെ പുരോഗതിക്കായുള്ള ബഡ്ജറ്റ് വിഹിതം നിരന്തരം വർധിച്ചിരുന്ന കാലം കൂടിയായിരുന്നു അത്.
ബോർ കമ്മിറ്റിയെ ഇന്ത്യൻ ആരോഗ്യ മേഖല ഉപേക്ഷിച്ച് തുടങ്ങുന്നത് 1983ലെ ദേശീയ ആരോഗ്യ നയ (NHP-83)ത്തോടുകൂടിയാണ്. 1978ൽ ലോകാരോഗ്യ സംഘടന അന്നത്തെ സോവിയറ്റ് യൂണിയനിലെ അൽമഅത്തയിൽ സംഘടിപ്പിച്ച ലോകആരോഗ്യ അസംബ്ലി രൂപീകരിച്ചതിന് സമാനമായിരുന്നു 83ലെ ദേശീയ ആരോഗ്യ നയത്തിന്റേയും സമീപനം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വ്യാപിപ്പിച്ച് 2000ത്തോടെ മുഴുവനാളുകളേയും ആരോഗ്യ സേവനത്തിന്റെ പരിധിയിൽക്കൊണ്ടുവരലായിരുന്നു അൽമഅത്ത പ്രഖ്യാപനത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ആരോഗ്യ മേഖലയിലേക്ക് നവലിബറൽ നയങ്ങൾ കടന്നുവരുന്നതിന്റെ സൂചനകളും അൽമഅത്ത പ്രഖ്യാപനത്തിൽ ഉള്ളടങ്ങിയിരുന്നു. ഇന്ന് ആരോഗ്യ സേവനങ്ങൾക്ക് ഏർപ്പെടുത്തുന്ന ‘യൂസർ ഫീ’ക്കും ആയുഷ്പോലുള്ള സമഗ്രമ വൈദ്യത്തിനും പൊതു ആരോഗ്യ മേഖലയിലെ സ്വകാര്യ പങ്കാളിത്തം എന്ന ആശയത്തിനുമെല്ലാം ദാർശനിക അടിത്തറ പകർന്ന ആരോഗ്യ മേഖലയിലെ സാമൂഹ്യ പങ്കാളിത്തമെന്ന സങ്കൽപ്പം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് അൽമഅത്ത പ്രഖ്യാപനത്തിലൂടെയാണ്.
1983ലെ നയപ്രഖ്യാപനത്തെ തുടർന്ന് അധികം വൈകാതെ തന്നെ, കൃത്യമായി പറഞ്ഞാൽ 1985-86 സാമ്പത്തിക വർഷത്തെ ബഡ്ജറ്റോടു കൂടി ആരോഗ്യ ബഡ്ജറ്റ് വെട്ടിച്ചുരുക്കി തുടങ്ങി. 2002 വരെയുള്ള ബഡ്ജറ്റിൽ ഈ വെട്ടിച്ചുരുക്കൽ പ്രകടമാണ്. അഞ്ചാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച 1998 മാത്രമാണ് ഇതിനൊരു അപവാദം. 2002ൽ രാജ്യത്തെ രണ്ടാമത്തെ ആരോഗ്യ നയം – ദേശീയ ആരോഗ്യ നയം 2002 (NHP 2002) പ്രഖ്യാപിക്കപ്പെട്ടു. സംസ്ഥാനങ്ങൾ ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കുന്ന ബഡ്ജറ്റ് വിഹിതം 2010ഓടെ എട്ട് ശതമാനമായി വർധിപ്പിക്കണമെന്നായിരുന്നു NHP 2002ന്റെ പ്രധാന ഊന്നൽ. എന്നാൽ അത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു. 2003ൽ പാർലമെന്റിൽ പാസായ സാമ്പത്തിക ഉത്തരവാദിത്വവും ബഡ്ജറ്റ് മാനേജ്മെന്റും (FRBM) നിയമം ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് കേന്ദ്രത്തേയും സംസ്ഥാനങ്ങളെയും തടയാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഈ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് സർക്കാരുകൾക്ക് ക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റുമായി സർക്കാർ കടപത്രങ്ങളുടെ ഈടിൽ റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് പണം കടം വാങ്ങാനുള്ള അധികാരമുണ്ടായിരുന്നു. എന്നാൽ FRBM നിയമം ആ സാധ്യതയെ നിരോധിക്കുകയും പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ബാഹ്യ ഏജൻസികളെ ആശ്രയിക്കാൻ സർക്കാരുകളെ നിർബന്ധിതമാക്കിത്തീർക്കുകയും ചെയ്യുന്നുണ്ട്. ഇതോടുകൂടി ക്ഷേമപ്രവർത്തനങ്ങൾക്ക് പോലും സർക്കാരുകൾ വിദേശ-സ്വദേശ വായ്പാ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട നിലവന്നു.
ഈ നിയമം വരുന്നതിന് മുന്നേതന്നെ വായ്പാ സ്ഥാപനങ്ങൾ ഭരണകൂടത്തിൽ പിടിമുറുക്കി തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. 1990 മുതൽ തന്നെ ആഗോള വായ്പാ സ്ഥാപനങ്ങളായ ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടേയും (IMF) വായ്പയുടെ അകമ്പടിയോടെ എത്തിയ ഘടനാപരമായ പരിഷ്കാര പരിപാടികൾ (Structural Adjustment Programs,SAP) ഇന്ത്യൻ സാമ്പത്തിക മണ്ഡലത്തിൽ നടപ്പിലാക്കി തുടങ്ങിയിരുന്നു. SAPയുടെ ഭാഗമായി ആരോഗ്യ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഒമ്പതാം പഞ്ചവൽസര പദ്ധതിക്കാലത്ത്(1992-97) തന്നെ നടപ്പിലാക്കി തുടങ്ങിയിരുന്നു. ആരോഗ്യ മേഖലയിൽ സന്നദ്ധ സംഘടനകളുടേയും സ്വാശ്രയ സംഘങ്ങളുടേയും പങ്കാളിത്തവും പ്രാദേശിക സാമൂഹ്യ വിഭവങ്ങളുടെ ഉപയോഗവും എന്ന പേരിൽ തൊഴിലിന്റെ ഔട്ട്സോഴ്സിങ്ങും കരാർവൽക്കരണവും നടപ്പിലാക്കുന്നത് ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്താണ്. ആരോഗ്യസേവനങ്ങൾക്ക് യൂസർ ഫീ ഏർപ്പെടുത്തി തുടങ്ങുന്നതും ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് തന്നെയാണ്.
1993-ൽ ലോക ബാങ്ക് ആരോഗ്യ മേഖലയിലെ നിക്ഷേപം (Investment in Health) എന്ന പേരിലും തുടർന്ന് 2001ൽ ഇന്ത്യയിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സവിശേഷമായി ‘India raising the sights: better health system for India’s Poor’ എന്ന പേരിലും റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നുണ്ട്. ആരോഗ്യ സേവന മേഖലയിലും ആരോഗ്യ ഇൻഷുറൻസ് രംഗത്തും സർക്കാരിന് പരിമിതമായ പങ്ക് മാത്രമേ വഹിക്കാനുള്ളൂവെന്നും സർക്കാരുകൾ സ്വയമേവ നിലവിൽ വഹിക്കുന്ന പങ്ക് പരിമിതപ്പെടുത്തണമെന്നും ഒന്നാമത്തെ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ആരോഗ്യസേവനം പൊതുമേഖലയിലായിരിക്കണം എന്ന തത്ത്വത്തെയും ഈ റിപ്പോർട്ട് നിരാകരിക്കുന്നുണ്ട്. ആരോഗ്യ സേവനം വ്യക്തികളുടേയും കുടുംബങ്ങളുടേയും ഉത്തരവാദിത്ത്വമാണെന്ന വാദമാണ് റിപ്പോർട്ടിലൂടെ ലോകബാങ്ക് മുന്നോട്ടുവെക്കുന്നത്. രണ്ടാമത്തെ റിപ്പോർട്ടും രാജ്യത്തെ ആരോഗ്യ മേഖലയുടെ സ്വകാര്യവൽക്കരണത്തിൽത്തന്നെയാണ് ഊന്നുന്നതും. മരുന്നുൽപ്പാദനം സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിന് വിട്ടുനൽകി സർക്കാർ ഒരു മേൽനോട്ടക്കാരന്റെ ഉത്തരവാദിത്ത്വം മാത്രമേ നിർവഹിക്കൂ എന്നതിന്റെ സൂചന നൽകി 1994ൽ കേന്ദ്രം മരുന്നുവില നിയന്ത്രണ ഓർഡർ പുറപ്പെടുവിക്കുകയുണ്ടായി.
ആരോഗ്യ സേവന മേഖലയിൽ സമ്പൂർണമായ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കം കുറിച്ച വർഷമാണ് 2000. ആശുപത്രി മേഖലയിലേക്ക് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതും വൻകിട ആശുപത്രികൾക്ക് ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഇറക്കുമതി ചെയ്യാൻ അനുവാദം നൽകുന്നതും ദീർഘകാല വായ്പകൾ അനുവദിക്കുന്നതും 2000ത്തിലാണ്. ആരോഗ്യ മേഖലയിലെ സ്വകാര്യ സംരഭങ്ങൾക്ക് വൻതോതിൽ സബ്സിഡികളും നികുതിയിളവുകളും അനുവദിച്ച് നൽകിയതും പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ മേഖലയെ അനുവദിക്കുന്നതും 2000 മുതലാണ്.
മേൽവിവരിച്ച പരിവർത്തനങ്ങൾ ഇന്ത്യൻ ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാക്കി. 2016ലെ സാമ്പിൾ സർവെ റിപ്പോർട്ട് രാജ്യത്തെ അഞ്ചിൽ നാല് ആരോഗ്യ സേവന സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലാണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2016ൽ രാജ്യത്ത് ആകെ 10.67 ലക്ഷം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുണ്ടായിരുന്നപ്പോൾ സർക്കാർ മേഖലയിൽ 1.96 ലക്ഷം ആശുപത്രികളും സെന്ററുകളും മാത്രമാണുള്ളത്. 2023 ആയപ്പോഴേക്കും സ്വകാര്യ മേഖല വളർന്ന് 87 ശതമാനവും പൊതുമേഖല ശുഷ്കിച്ച് 13 ശതമാനവുമായി മാറിയിട്ടുണ്ട്.
ഉദാരവത്കരണ നയങ്ങൾ ചികിത്സയ്ക്കായി വ്യക്തികൾ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കുന്ന വിഹിതവും വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചികിത്സാ ചെലവിൽ 70 ശതമാനവും വ്യക്തിയുടെ പോക്കറ്റിൽ നിന്ന് ചെലവഴിക്കേണ്ട സ്ഥിതിയുണ്ട് ഇന്ന്. ആരോഗ്യ സേവനങ്ങളുടെ വിലവർധനവ് ചികിത്സ നിഷേധിക്കപ്പെടാൻ കാരണമായിട്ടുണ്ട്. തുഛമായ കൂലി മാത്രം കിട്ടുന്ന അസംഘടിത മേഖലയിലാണ് 93 ശതമാനം ഇന്ത്യക്കാരും പണിയെടുക്കുന്നത്. മറുവശത്തോ സംഘടിത തൊഴിൽ മേഖലയിലെ കരാർവൽക്കരണം കൂലിയെ ബാധിക്കുകയും ആരോഗ്യ സേവനങ്ങൾ വില കൊടുത്ത് വാങ്ങുന്നതിൽനിന്ന് തൊഴിലാളിയെ തടയുകയും ചെയ്യുന്നുണ്ട്.
തൊഴിലാളികളുടെ കൂലിക്കുറവ് സ്വകാര്യ ആരോഗ്യ സേവന മേഖലയെ നേരിട്ട് ബാധിക്കുന്ന പ്രതിഭാസമാണ്. എന്നാൽ കൂലി വർധിപ്പിച്ചുകൊണ്ട് പ്രശനം പരിഹരിക്കുകയെന്നത് സ്വകാര്യ നിക്ഷേപകരുടെ താൽപ്പര്യത്തിനെതിരാണെന്നതിനാൽ കൂലി വർധനവും അസാധ്യമാണ്. പൊതു ആരോഗ്യ മേഖലയിലേക്ക് ഫണ്ട് ഒഴുക്കി ചികിത്സ ഉറപ്പാക്കുന്നതും കോർപ്പറേറ്റ് താത്പര്യങ്ങൾക്കെതിരായ നടപടിയായി മാറിപ്പോവും. ഈ സാഹചര്യത്തിലാണ് പൂർണമായും സർക്കാർ ഫണ്ട് ചെലവഴിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കുന്നത്. അതിലൂടെ ആരോഗ്യ ഇൻഷുറൻസിനെ പ്രോത്സാഹിപ്പിക്കുകയെന്ന അന്താരാഷ്ട്ര വായ്പാ സ്ഥാപനങ്ങളുടെയും ലോക ആരോഗ്യ സംഘടനയുടെയും സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു ചെയ്തത്.
2008ലാണ് രാഷ്ട്രീയ സ്വാസ്ത് ഭീമ യോജന (RSBY)എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നത്. മുപ്പതിനായിരം രൂപയായിരുന്നു പദ്ധതിയുടെ കവറേജ്. 2017യിലെ ആരോഗ്യ നയത്തോടെ ദ്വിതീയവും ത്രിദീയവുമായ സ്വകാര്യ ആരോഗ്യ സേവനങ്ങളേയും സർക്കാർ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. തുടർന്ന് 2018ൽ 5,00,000 രൂപ വരെ കവറേജ് നൽകുന്ന ആയുഷ്മാൻ ഭാരത് എന്ന പേരിൽ പുതിയ ഇൻഷുറസ് പദ്ധതി രാജ്യത്ത് നടപ്പിലാക്കപ്പെടുന്നുണ്ട്.
രോഗികളെ സ്വകാര്യ മേഖലയിലേക്ക് കൂടി വഴിതിരിച്ച് വിടാൻ വേണ്ടിയാണ് 2017ലെ ആരോഗ്യ നയം സ്വകാര്യ മേഖലയിലെ ദ്വിതീയവും ത്രിദീയവുമായ ആരോഗ്യ സേവന മേഖലയെ സർക്കാർ വക ഇൻഷുറൻസിൽ ഉൾപ്പെടുത്തിയത്. എന്നാൽ അതുകൊണ്ട് മാത്രം ലക്ഷ്യം നേടാൻ സാധിക്കില്ലെന്ന് നയത്തിന്റെ നടത്തിപ്പുകാർക്കറിയാം. അതിന് സർക്കാർ സംവിധാനങ്ങൾ ഇല്ലാതാവുക കൂടിവേണം. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ ഇല്ലാതാവുന്നത് അതുകൊണ്ടാണ്. കുറ്റ്യാടിയിൽ മാത്രമല്ല, കേരളത്തിൽ പലയിടത്തും സർക്കാർ ആരോഗ്യ സേവന മേഖലയെ അപ്രാപ്യമാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കോട്ടയം ജില്ലയിലെ കുറിച്ചി സചിവോത്തമപുരം കമ്മ്യൂണിറ്റി ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരവും പൊതു ആരോഗ്യ മേഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിനെതിരെയുള്ള ചെറുത്തുനിൽപ്പാണ്. ഒരു കാലത്ത് ധാരാളം ചികിത്സാ വകുപ്പുകളും കിടത്തി ചികിത്സയുമുണ്ടായിരുന്ന ആശുപത്രിയായിരുന്നു കുറിച്ചിയിലേത്.
തകരുന്ന പൊതുജനാരോഗ്യ മേഖലയ്ക്ക് നീതി ആയോഗ് എഴുതിയ ചരമക്കുറിപ്പുകളായി ഇന്ത്യൻ ആരോഗ്യ സേവന മേഖലയിലെ നിക്ഷേപ സാധ്യതകൾ (Investment opportunities in India’s healthcare sector), സംയോജിത ധനവിനിയോഗത്തിലൂടെ പുനർവിഭാവനം ചെയ്യപ്പെടുന്ന ഇന്ത്യയിലെ ആരോഗ്യ സേവന മേഖല (Re-imagining Healthcare in India through blended financing) എന്നീ രേഖകളെ പരിഗണിക്കാമെങ്കിലും വളർന്നു വരുന്ന ചെറുത്ത് നിൽപ്പുകൾ ചെറുതല്ലാത്ത പ്രത്യാശ സമ്മാനിക്കുന്നുമുണ്ട്.
(പക്ഷി മാഗസിൻ എഡിറ്ററും മെഡിക്കൽ സർവീസ് സെന്റർ സംസ്ഥാന സമിതി അംഗവുമാണ് ലേഖകൻ)