‘വനം’ കണക്കെടുപ്പിലെ വൻ അബദ്ധങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2011ലെ അന്താരാഷ്ട്ര വനവർഷത്തോട് അനുബന്ധിച്ചാണ് മാർച്ച് 21 അന്താരാഷ്ട്ര വനദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. നശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് വനദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ രാജ്യത്തെയും വനങ്ങളുടെ നിലവിലെ സ്ഥിതിയെന്താണെന്ന് വിലയിരുത്താൻ കഴിയുമ്പോഴാണ് വനസംരക്ഷണ പ്രവർത്തനങ്ങളുടെ ​ദിശ കൃത്യമായി നിശ്ചയിക്കാൻ കഴിയുന്നതും പോരായ്മകൾ പരിഹരിക്കാനാകുന്നതും. എന്നാൽ വനങ്ങളുടെ സ്ഥിതിയെക്കുറിച്ച് ഇന്ത്യയിൽ ലഭ്യമാകുന്ന വാർഷിക റിപ്പോർട്ട് ഏറെ പരിമിതികളും രീതിശാസ്ത്രപരമായ പ്രശ്നങ്ങളുമുള്ളതാണ്. ഓരോ വർഷവും ഇന്ത്യയിലെ വന വിസ്തൃതി കൂടി വരുന്നുണ്ടെന്നും വൃക്ഷാവരണം വർധിച്ചുവെന്നും പറയുന്ന കേന്ദ്ര സർക്കാരിന്റെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് വസ്തുനിഷ്ഠമല്ലെന്നും വന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഒട്ടും സഹായകമല്ലെന്നും പരാതിയുണ്ട്. രണ്ട് വർഷത്തിലൊരിക്കലാണ് ‘The India State of Forest Report – (ISFR) വനവിസ്തൃതിയുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുന്നത്. പരിസ്ഥിതി – വനം – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് (MoEFCC) കീഴിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. അവർ പുറത്തിറക്കിയ പതിനെട്ടാമത്തെ റിപ്പോർട്ടാണ് 2024 ‍ഡിസംബറിൽ പുറത്തിറങ്ങിയ ISFR – 2023. 2021, 2022, 2023 വർഷത്തെ കണക്കുകളാണ് 2024ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത്. ഇന്ത്യയിൽ ഈ വർഷങ്ങളിൽ വനവിസ്തൃതി കൂടിയെന്നാണ് ഈ റിപ്പോർട്ട് അഭിപ്രായപ്പെടുന്നത്. എന്നാൽ, കണക്കെടുപ്പിനായി ഉപയോ​ഗിക്കുന്ന സമ്പ്രദായത്തിന്റെയും വനത്തിന്റെ വ്യാഖ്യാന രീതിയുടെയും പ്രശ്നങ്ങൾ ഈ റിപ്പോർട്ടിനെ എന്തുകൊണ്ടാണ് അപ്രസക്തമാക്കുന്നതെന്ന് നോക്കാം.

ഇന്ത്യയിലെ ആകെ വനകവചവും വൃക്ഷകവചവും, റിപ്പോർട്ടിൽ നിന്നും.

വനത്തിന്റെ വ്യാഖ്യാനം

റിപ്പോർട്ടിൽ ‘വനം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഹെക്ടർ അല്ലെങ്കിൽ അതിലധികം വിസ്തൃതിയുള്ള, 10 ശതമാനത്തിൽ കൂടുതൽ കാനോപി സാന്ദ്രതയുള്ള പ്രദേശങ്ങളാണ്. ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യ രണ്ട് തരത്തിലാണ് ‘വനം’ കണക്കാക്കുന്നത്.

ഒന്ന്, റെക്കോർഡഡ് ഫോറസ്റ്റ് ഏരിയകൾ (Recorded Forest Areas): സർക്കാർ രേഖകളിൽ വനമായി ഔദ്യോഗികമായി രേഖപ്പെടുത്തിയ ഭൂമിയാണ് ഇതിൽ ഉൾപ്പെടുന്നത്. അതേസമയം ഒരു ഹെക്ടറിൽ 10 ശതമാനത്തിൽ കൂടുതൽ കാനോപി സാന്ദ്രതയുമുണ്ടാകണം.

രണ്ട്, റെക്കോർഡഡ് ഫോറസ്റ്റ് ഏരിയയ്ക്ക് പുറത്തുള്ള പ്രദേശങ്ങൾ (Areas Outside Recorded Forests): ഔദ്യോഗികമായി വനഭൂമിയിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ. ഒരു ഹെക്ടറിൽ 10 ശതമാനത്തിൽ കൂടുതൽ കാനോപി സാന്ദ്രതയുണ്ടാകണം.
ട്രീ ഔട്ട്സൈഡ് ഫോറസ്റ്റ് (Tree Outside Forest -TOF) എന്ന പേരിലാണ് ഇത് രേഖപ്പെടുത്തുന്നത്. വനഭൂമിക്ക് (Forest Area) പുറത്തുള്ള എല്ലാ ചെറിയ മരക്കൂട്ടങ്ങളും ട്രീ കവർ എന്ന വിഭാഗത്തിൽ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

ഈ രീതിശാസ്ത്രം പ്രകൃതിദത്ത വനങ്ങളും പ്ലാന്റേഷനുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ പ്രാധാന്യത്തെ ലളിതവത്കരിക്കുകയാണ്. ഉപഗ്രഹ ഡാറ്റയും നാഷണൽ ഫോറസ്റ്റ് ഇൻവെന്ററിയുടെ വിവരങ്ങളും ഉപയോഗിച്ചാണ് ഈ വിലയിരുത്തൽ നടത്തുന്നത്. ഉപഗ്രഹചിത്രങ്ങള ആശ്രയിച്ചാണ് 10 ശതമാനത്തിൽ കൂടുതൽ കാനോപി സാന്ദ്രതയുള്ള പ്രദേശങ്ങളെ റിപ്പോർട്ട് കണ്ടെത്തുന്നത്. ഫീൽഡ് തല പരിശോധനയില്ലാതെ പറയുന്ന ഈ വിവരം വനത്തിന്റെ ആരോ​ഗ്യവും ജൈവവൈവിധ്യം നേരിടുന്ന ഭീഷണികളും വിലയിരുത്തുന്നതേയില്ല.

റിപ്പോർട്ടിലെ വനം തരംതിരിക്കൽ

നിബിഡ വനം (Very Dense Forest – VDF) – 70 ശതമാനം അല്ലെങ്കിൽ അതിലധികം കാനോപി സാന്ദ്രത.

മിതമായ നിബിഡ വനം (Moderately Dense Forest – MDF) – 40 ശതമാനം മുതൽ 70 ശതമാനം വരെ കാനോപി സാന്ദ്രത.

തുറന്ന വനം (Open Forest – OF) – 10 ശതമാനം മുതൽ 40 ശതമാനം വരെ കാനോപി സാന്ദ്രത

ഇതിന് പുറമേയാണ് വനഭൂമിക്ക് പുറത്ത് കാണപ്പെടുന്ന വൃക്ഷങ്ങളെ വൃക്ഷകവചം (Tree Cover) എന്നതിൽ ഉൾപ്പെടുത്തുന്നത്.

വനം കണക്കാക്കുന്ന രീതിയെക്കുറിച്ച് റിപ്പോർട്ടിലെ ഗ്രാഫിക്സ്.

ഈ വർഷത്തെ കണക്കുകൾ

2023ലെ റിപ്പോർട്ടനുസരിച്ച്, ഇന്ത്യയുടെ മൊത്തം വന-വൃക്ഷ വിസ്തൃതി 8,27,357 ചതുരശ്ര കിലോമീറ്ററാണ്. ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്ര വിസ്തൃതിയുടെ 25.17 ശതമാനമാണ്. അതായത് ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 25.17 ശതമാനവും വനാവരണവും (Forest Cover) വൃക്ഷാവരണവും (Tree Cover) നിറഞ്ഞതാണ് എന്ന് റിപ്പോർട്ട് പറയുന്നു. 1988ലെ ദേശീയ വനനയം പ്രകാരം 33 ശതമാനമാണ് വനവിസ്തൃതി വേണ്ടത്. ഇതിൽ 7,15,343 ചതുരശ്ര കിലോമീറ്റർ (21.76%) വനവിസ്തൃതിയും 1,12,014 ചതുരശ്ര കിലോമീറ്റർ (3.41%) വൃക്ഷ വിസ്തൃതിയും ഉൾപ്പെടുന്നു. 2021 മുതൽ വന – വൃക്ഷ വിസ്തൃതിയിൽ 1,446 ചതുരശ്ര കിലോമീറ്റർ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഇതിൽ 156 ചതുരശ്ര കിലോമീറ്റർ (0.2%) വനവിസ്തൃതിയിലെ വർധനവും 1,289 ചതുരശ്ര കിലോമീറ്റർ (1.16%) വൃക്ഷ വിസ്തൃതിയിലെ വർധനവുമാണ്. ഛത്തീസ്ഗഡ് ആണ് വന വിസ്തൃതി വർധിച്ച സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്.

റിപ്പോർട്ട് നേരിടുന്ന വിമർശനങ്ങൾ

വനവിസ്തൃതി വിലയിരുത്തുന്നതിന് റിപ്പോർട്ട് പിന്തുടർന്ന രീതി അനുചിതമാണ് എന്ന വിമർശനം വ്യാപകമാണ്. Constitutional Conduct Group എന്ന സിവിൽ സൊസൈറ്റി കൂട്ടായ്മ ഇക്കാര്യം ചൂണ്ടിക്കാണിച്ച് 2024ൽ വനം പരിസ്ഥിതി മന്ത്രായത്തിന് ഒരു ഓപ്പൺ ലൈറ്റർ എഴുതിയിരുന്നു. റിപ്പോർട്ടിൽ വന മേഖലയിലുണ്ടായ വർധനവിൽ കാണിക്കുന്നത് പ്രധാനമായും റബ്ബർ പ്ലാന്റേഷനുകളും എണ്ണപ്പന തോട്ടങ്ങളും മറ്റ് സ്വകാര്യ തോട്ടങ്ങളുമാണ് എന്നതാണ് ഇവർ ഉന്നയിക്കുന്ന മുഖ്യ വിമർശനം. 1996 നും 2023 നും ഇടയിൽ വികസന പ്രവർത്തനങ്ങൾക്കായി വലിയ തോതിൽ വനങ്ങൾ തരംമാറ്റിയത് റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ല എന്നും ഇവർ കുറ്റപ്പെടുത്തുന്നു. റോഡുകളും ഡാമുകളും ഉൾപ്പെടെ സർക്കാർ പദ്ധതികൾക്കായി വലിയ അളവിൽ വനഭൂമി തരം മാറ്റിയിട്ടുണ്ടെന്നുമുള്ള വിവരങ്ങളൊന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതേയില്ല. വിവരങ്ങൾ വെളിപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ മറച്ചുവെക്കുകയാണ് ഈ റിപ്പോർട്ട് എന്ന് സെന്റർ ഫോർ പോളിസി റിസർച്ചിലെ പരിസ്ഥിതി ഗവേഷകയായ കാഞ്ചി കോഹ്‌ലിയും ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ വനസമ്പത്ത് കണക്കാക്കിയതിൽ നിന്നും റിപ്പോർട്ട് നേരിടുന്ന ഈ വിമർശനങ്ങളെ പരിശോധിക്കാം.

കേരളത്തിന്റെ വന വിസ്തൃതി

38,852 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് കേരളത്തിന്റെ മൊത്തം ജിയോഗ്രഫിക്കൽ ഏരിയ. ഇതിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള വന മേഖലയിൽ (RFA) നിബിഡ വനം മൊത്തം വിസ്തൃതിയുടെ 18.91 ശതമാനവും മിതമായ നിബിഡ വനം 54.61ശതമാനവും തുറന്ന വനം 26.48 ശതമാനവുമാണ്. കേരളത്തിലെ മൊത്തം റെക്കോർഡഡ് വനമേഖലയുടെ വിസ്തൃതി 9,925 ചതുരശ്ര കിലോമീറ്ററാണ്. റെക്കോർഡഡ് ഏരിയക്ക് പുറത്തുള്ള വനത്തിന്റെ വിസ്തൃതി 12,133 ചതുരശ്ര കിലോമീറ്ററും. അതിൽ നിബിഡ വനം 1.35 ശതമാനവും മിതമായ നിബിഡ വനം 32.15 ശതമാനവും തുറന്ന വനം 66.50 ശതമാനവുമാണ്.

കേരളത്തിന്റെ വന വിസ്തൃതി, റിപ്പോർട്ടിൽ നിന്നും

കേരളത്തിലെ കണക്ക് പ്രകാരം വനത്തിന് പുറത്തുള്ള മേഖലയിലാണ് വൃക്ഷകവചത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അത് മിക്കതും ഏകവിളത്തോട്ടങ്ങളാണ്. ഏതേത് വൃക്ഷങ്ങളാണ് ഇതിലുള്ളത് എന്നും റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. അതിൽ റെക്കോർഡഡ് വന മേഖലയിൽ Tectona grandis എന്ന തേക്കിനാണ് ഒന്നാം സ്ഥാനം. മൊത്തം 23,597 മരങ്ങളാണ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാമത് Xylia xylocarpa ഇരുൾ അഥവാ കടമരം (16,561). മൂന്നാമത് മരുത് (16,553).

റിക്കോർഡഡ് വന മേഖലയ്ക്ക് പുറത്ത് Hevea brasiliensis എന്ന റബ്ബർ മരമാണ് കൂടുതലുള്ളത് (1,55,616 എണ്ണം). രണ്ടാം സ്ഥാനത്ത് കമുകും മൂന്നാമത് തെങ്ങും നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം മഹാഗണിയും പ്ലാവും. നഗര പ്രദേശങ്ങളിൽ തെങ്ങാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമത് കമുകും മൂന്നാമതായി റബ്ബറും നാലാമത് മാവും ഉൾപ്പെടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മരങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ അതും റബ്ബറാണ്.

കേരളത്തിൽ വനത്തിന് പുറത്ത് വളരുന്ന മരങ്ങളുടെ എണ്ണം. റിപ്പോർട്ടിൽ നിന്നും.

കേരളത്തിൽ റെക്കോർഡഡ് വന മേഖലയ്ക്കുള്ളിൽ വന വിസ്തൃതി 9,925 ചതുരശ്ര കിലോമീറ്ററും റെക്കോർഡഡ് വന മേഖലയ്ക്ക് പുറത്ത് 12,133.5 ചതുരശ്ര കിലോമീറ്ററുമാണ് റിപ്പോർട്ട് കണക്കാക്കിയിരിക്കുന്നത്. അതായത് റെക്കോർഡഡ് വന മേഖലയ്ക്ക് പുറത്താണ് വനം കൂടുതലായി കണക്കാക്കിയിരിക്കുന്നത്. അതിൽ 8,068.48 ചതുരശ്ര കിലോമീറ്റർ, അതായത് 66.50 ശതമാനവും തുറന്ന വനമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത്, 10 ശതമാനം മുതൽ 40 ശതമാനം വരെ കാനോപി സാന്ദ്രതയുള്ള വൃക്ഷകവചം. ഈ 8,068.48 ചതുരശ്ര കിലോമീറ്റർ വൃക്ഷാവരണത്തിന്റെ (തോട്ടങ്ങളുടെ) കണക്ക് വച്ചിട്ടാണ് കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 56.78 ശതമാനം വനമാണെന്ന് SFR റിപ്പോർട്ട് കണക്കാക്കുന്നത്.

കേരളത്തിലെ റിക്കോർഡഡ് വന മേഖലയ്ക്കുള്ളിലെയും പുറത്തെയും കണക്കുകൾ

ഈ കാലയളവിൽ കേരളത്തിലെ വനഭൂമിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചോ ജൈവവൈവിധ്യത്തിന്റെ കണക്കുകളെക്കുറിച്ചോ അന്വേഷിക്കാതെയാണ് ഉപ​ഗ്രഹചിത്രങ്ങളെ മാത്രം ആശ്രയിച്ച് ഈ കണക്ക് പറയുന്നത്. കേരളത്തിന്റെ ഈ കണക്കുകളിൽ നിന്നു തന്നെ State of Forest Report ന്റെ പരിമിതി വ്യക്തമാകുന്നുണ്ട്.

ഇന്ത്യയിലെ വനങ്ങൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും പരിഹാരമാർ​ഗങ്ങൾ ആസൂത്രണം ചെയ്യുന്നതിനും The India State of Forest Report – (ISFR) തീർത്തും അപര്യാപ്തമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായുള്ള കാർബൺ ആ​ഗിരണ (carbon sequestration) ലക്ഷ്യങ്ങളെ വിലയിരുത്താൻ പോലും ഈ രീതിശാസ്ത്രം മതിയാകാതെ വരുന്നു.

Also Read

5 minutes read March 21, 2025 2:03 pm