Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിന് ആയുധ കൈമാറ്റം നടത്തുന്നതിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന ആവശ്യം ശക്തമാവുന്നു. ഇസ്രായേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് കേന്ദ്ര സർക്കാർ നിർത്തണമെന്ന ആവശ്യവുമായി കേന്ദ്ര ഭരണത്തിൽ പങ്കാളിയായ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയും രംഗത്തുവന്നിരിക്കുന്നു. പ്രതിപക്ഷ പാർട്ടികളും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. പലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ ജനതാദൾ (യുണൈറ്റഡ്) ജനറൽ സെക്രട്ടറി കെ.സി ത്യാഗി കഴിഞ്ഞ ദിവസം (ആഗസ്റ്റ് 26) രൂക്ഷമായി വിമർശിച്ചു. ലീഗ് ഓഫ് പാർലമെന്റേറിയന്‍സ് ഫോർ അൽ ഖുദ്‌സിന്റെ സെക്രട്ടറി ജനറൽ മുഹമ്മദ് മക്രം ബലാവിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിപക്ഷ നേതാക്കളോടൊപ്പം എൻ.ഡി.എ ഘടക കക്ഷിയായ ജനതാദൾ (യു) നിലപാട് വ്യക്തമാക്കിയത്. പലസ്തീനെ പിന്തുണയ്ക്കുന്നതിനായി പാർലമെന്ററി പ്രവർത്തനങ്ങളെ ആഗോള തലത്തിൽ ഏകോപിക്കുന്ന സ്ഥാപനമാണ് ലീഗ് ഓഫ് പാർലമെന്റേറിയന്‍സ് ഫോർ അൽ ഖുദ്‌സ്. യോഗത്തിൽ കെ.സി ത്യാഗിയോടൊപ്പം സമാജ്‌വാദി പാർട്ടി രാജ്യസഭാ എം.പി ജാവേദ് അലി ഖാനും പങ്കെടുത്തു. സ്വതന്ത്ര രാജ്യമെന്ന പലസ്തീനിന്റെ ആവശ്യത്തെ തുടക്കം മുതൽ പിന്തുണച്ചിരുന്ന പാർട്ടിയാണ് തങ്ങളുടേത് എന്നും ത്യാഗി വ്യക്തമാക്കി. ഗാസയിൽ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച യു.എൻ പ്രമേയങ്ങൾ മാനിക്കപ്പെടണമെന്നും എൻ.ഡി.എ ഘടകകക്ഷി തന്നെ ആവശ്യമുന്നയിക്കുന്നത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ലീഗ് ഓഫ് പാർലമെന്റേറിയന്‍സ് ഫോർ അൽ ഖുദ്‌സിന്റെ യോഗത്തിന് ശേഷം ഇസ്രായേലിന് ആയുധം നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ സമാജ്‌വാദി പാർട്ടി ലോക്‌സഭാ എം.പി മൊഹിബുള്ള നദ്‌വി, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, പാർട്ടി എം.എൽ.എ പങ്കജ് പുഷ്കർ, മുൻ ലോക്‌സഭാ എം.പി ഡാനിഷ് അലി, കോൺഗ്രസ് വക്താവ് മീം അഫ്‌സൽ തുടങ്ങിയവരാണ് ഒപ്പുവച്ചിട്ടുള്ളത്.
ആയുധങ്ങൾ ഇസ്രായേലിലേക്ക് പോകുന്നുണ്ടോ?
ഇസ്രായേലിന്റെ എൽബിറ്റ് സിസ്റ്റംസും അദാനി ഗ്രൂപ്പും ഉൾപ്പെടുന്ന സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഹൈദരാബാദിൽ നിർമ്മിച്ചെടുത്ത ഹെർമിസ് ഡ്രോണുകൾ ഇന്ത്യ യുദ്ധാവശ്യത്തിനായി ഇസ്രായേലിന് അയച്ചതായി മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിരീക്ഷണത്തിനും വ്യോമാക്രമണത്തിനും ഉപയോഗിക്കാനാവുന്ന ഹെർമിസ് 900 എന്ന സൈനിക ഡ്രോൺ ആണ് ഗാസയിലേക്ക് അയച്ചത് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇരുപതിലധികം ഹെർമിസ് 900 മീഡിയം ആൾട്ടിറ്റ്യൂഡ്, ലോങ്ങ് എൻഡ്യൂറൻസ്, ആളില്ലാ വിമാനങ്ങൾ എന്നിവ ഇസ്രായേലിന് നൽകിയിട്ടുണ്ടെന്ന് ഷെഫാർഡ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം യുദ്ധാവശ്യത്തിനായി ഇസ്രായേലിന് ആയുധമോ വെടിക്കോപ്പുകളോ നൽകുന്ന വിഷയം ഇന്ത്യ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതിനിടെ, ഗാസയുമായുള്ള സംഘർഷത്തിനിടയിൽ ഇന്ത്യ ഇസ്രായേലിന് ആയുധങ്ങൾ നൽകാൻ ഇടയുള്ളതായി ഇന്ത്യയിലെ മുൻ ഇസ്രായേൽ അംബാസഡർ ഡാനിയൽ കാർമൺ ഒരു ഇസ്രായേൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1999-ലെ കാർഗിൽ യുദ്ധസമയത്ത് ഇന്ത്യയ്ക്ക് ഇസ്രായേൽ നൽകിയ പിന്തുണയ്‌ക്ക് പ്രതിഫലമായി അത് ചെയ്യേണ്ടതാണെന്നും ഡാനിയൽ കാർമൺ പറയുന്നു. 2014 മുതൽ 2018 വരെയാണ് ഡാനിയൽ കാർമൺ ഇസ്രായേൽ അംബാസഡറായി ഇന്ത്യയിൽ സേവനമനുഷ്ഠിച്ചത്.
ചെന്നൈയിൽ നിന്ന് ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ ‘മരിയാനെ ഡാനിക്ക’ എന്ന ചരക്ക് കപ്പലിനെ സ്പെയിൻ തടഞ്ഞ സംഭവം 2024 മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കപ്പലിൽ 27 ടൺ സൈനിക സാമഗ്രികൾ ഉണ്ടായിരുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ. ഇത് ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് ആണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ ഇനിയും ആയുധം ആവശ്യമില്ല. അവിടെ സമാധാനമാണ് വേണ്ടതെന്നും ജോസ് മാനുവൽ ആൽബറസ് പറഞ്ഞു. മറ്റൊരു അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കപ്പലിൽ ഇന്ത്യയിൽ നിന്നും നിറച്ച സ്ഫോടക വസ്തുക്കളാണ് ഉണ്ടായിരുന്നത്. ഗാസ മുനമ്പിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) അകലെ ഇസ്രായേൽ തുറമുഖമായ അഷ്‌ദോദിലേക്ക് പോകുകയായിരുന്നു കപ്പൽ. 2024 ഏപ്രിൽ 2 ന് കപ്പൽ ചെന്നൈയിൽ നിന്ന് പുറപ്പെട്ട്, ഹൂതികളുടെ ആക്രണം ഭയന്ന് ചെങ്കടലിലൂടെ കടന്നുപോകാതെ ആഫ്രിക്കയെ ചുറ്റി ഇസ്രായേലിനെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു എന്നാണ് മറൈൻ ട്രാക്കിംഗ് സൈറ്റുകൾ കാണിക്കുന്നത്. 2024 ജൂൺ 6 ന്, ഗാസയിലെ നുസ്റാത്ത് അഭയാർത്ഥി ക്യാമ്പിലെ ഐക്യരാഷ്ട്രസഭയുടെ അഭയകേന്ദ്രത്തിലേക്ക് ഇസ്രായേൽ ബോംബാക്രമണം നടത്തിയതിന് ശേഷം, ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഉപേക്ഷിച്ച മിസൈലിൻ്റെ അവശിഷ്ടങ്ങളുടെ വീഡിയോ പുറത്തുവിടുകയുണ്ടായി. ആ വീഡിയോയിൽ കാണുന്ന മിസൈലിൻ്റെ അവശിഷ്ടത്തിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് വ്യക്തമായി കാണാം. ഇതും ഇന്ത്യ ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിന് തെളിവായി വിലയിരുത്തപ്പെടുന്നു.
എതിർപ്പുകൾ വ്യാപകമാകുന്നു
ഇസ്രായേലിന് ആയുധം നൽകുന്ന ഇന്ത്യയുടെ നിലപാടിനെതിരെ രാജ്യത്തിനുള്ളിൽ തന്നെ പ്രതിഷേധം വ്യാപകമാണ്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം എന്ന മുദ്രവാക്യത്തോടെ ഇസ്രയേലിനുള്ള ആയുധ വിതരണം നിർത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് വിദ്യാർഥികളും സാമൂഹ്യപ്രവർത്തകരും 2024 ജൂണിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഗാസയിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന ഇന്ത്യൻ സർക്കാരിന്റെ നയത്തിനൊപ്പമല്ല രാജ്യത്തെ ജനങ്ങളെന്നും ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് കേന്ദ്ര സർക്കാർ നിർത്തണമെന്നും പ്രഖ്യാപിച്ചുകൊണ്ട് 2024 ആഗസ്റ്റ് ഒന്നിന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അധ്യക്ഷതയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, മാധ്യമ പ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ, അഡ്വ. പ്രശാന്ത് ഭൂഷൺ, സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രെസ്, വിരമിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ അശോക് ശർമ എന്നിവരും പരിപാടിയിൽ പങ്കുചേർന്നു. ഈ ഐക്യദാർഢ്യ സമ്മേളനത്തിന് ഒരു ദിവസം മുമ്പ്, മുൻ ഇന്ത്യൻ സുപ്രീം കോടതി ജഡ്ജിമാരും, മറ്റ് ജഡ്ജിമാരും, വിദേശകാര്യ ഉദ്യോഗസ്ഥരും, അക്കാദമിക് വിദഗ്ധരും, കലാകാരും, ആക്ടിവിസ്റ്റുകളും ചേർന്ന് ഇസ്രായേലിന് ആയുധം വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയയ്ക്കുകയുണ്ടായി.
2023 ഒക്‌ടോബറിൽ ഗാസയിൽ സംഘർഷം ആരംഭിച്ച കാലം മുതൽ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഇസ്രായേലിന് അനുകൂലമായ നിലപാടാണ് പരസ്യമായി സ്വീകരിക്കുന്നത്. ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു എൻ മനുഷ്യാവകാശ സമിതി പാസാക്കിയപ്പോൾ ഇന്ത്യ അതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. 48 അംഗ സമിതിയിൽ 28 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു, ആറ് രാജ്യങ്ങൾ എതിർത്തു, ഇന്ത്യയടക്കം 13 രാജ്യങ്ങൾ വിട്ടുനിന്നു. ഇന്ത്യ ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ കക്ഷികൾക്കൊപ്പം എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു) കൂടി പങ്കുചേർന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇസ്രായേലിന് ആയുധം കൈമാറുന്ന കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയേണ്ടി വരും.