മോദിയെ ഒരുനാൾ യുവ ജനത അധികാര ഭ്രഷ്ടനാക്കും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യ ഒരു റിപ്പബ്ലിക്കായി 75 വർഷം പിന്നിടുകയും ആർ എസ് എസ് അതിൻ്റെ ശതാബ്ദിയോട് അടുക്കുകയും ചെയ്യുമ്പോൾ നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ മാറ്റങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ഈ മാറ്റങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സ്വഭാവത്തെ അടിസ്ഥാനപരമായി എങ്ങനെയാണ് മാറ്റിമറിച്ചത്?

ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് എന്ന നിലയിൽ പിറവിയെടുത്തത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കകത്ത് ജീവിച്ചിരുന്നവർക്ക് അഭിമാനത്തിൻ്റെ നിമിഷം ആയിരുന്നപ്പോൾ നമ്മുടെ അതിരുകൾക്കപ്പുറമുള്ള മനുഷ്യർക്ക് അത് വലിയ പ്രതീക്ഷയുടെയും ശുഭാപ്തി വിശാസത്തിന്റെയും നിമിഷവുമായിരുന്നു. നമ്മുടെ ഭരണഘടനയിലെ “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ” (we the people of India) എന്ന പരികല്പന പ്രതിഫലിപ്പിക്കുന്ന ദർശനവും ധാർമ്മിക നിലപാടുകളും പുരോഗമന ആശയങ്ങളിൽ അധിഷ്ഠിതമായ മൂല്യങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. അതായിരുന്നു നമ്മുടെ ദേശീയതയുടെ നിർവ്വചനം. 19-ാം നൂറ്റാണ്ടിലെ നമ്മുടെ രാജ്യത്തിൻ്റെ നവോഥാന ആഭിമുഖ്യവും അന്വേഷണങ്ങളും നമ്മുടെ ഭരണഘടന രൂപീകരണത്തോടെ കൂടുതൽ ആഴമേറിയതും വലിയ സാമൂഹ്യ മാറ്റങ്ങൾക്ക് പ്രചോദനമേകുന്നതുമായിത്തീർന്നു. നെഹ്‌റു, അംബേദ്കർ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ അത് കൂടുതൽ ഉൾക്കാഴ്ചകളും പ്രതീക്ഷകളും ഇന്ത്യൻ സമൂഹത്തിനു നൽകി. ഗാന്ധിയൻ ആശയങ്ങളുടെ ചൈതന്യമായിരുന്നു ആ കാലത്ത് ഇന്ത്യൻ ജനതയ്ക്ക് വെളിച്ചവും വഴികാട്ടിയുമായിരുന്നത്.

തുടർന്നിങ്ങോട്ടുള്ള പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളുടെ ചരിത്രം ദീർഘവും സങ്കീർണ്ണവുമാണ്. ബഹുസ്വരത, മതേതര ഭരണകൂടം, വിമർശനാത്മക ചിന്ത എന്നിവയ്‌ക്കെതിരെ നിലകൊള്ളുന്ന ചില സംഘടനകളും വ്യക്തികളും ഇന്ത്യയിലെ പുരോഗമന മുന്നേറ്റങ്ങളെ ചരിത്രത്തിലുടനീളം പുറകോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ഈ വ്യക്തികളും സംഘടനകളും എല്ലായ്‌പ്പോഴും സാർവലൗകികമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളെയും സമത്വത്തെയും എതിർത്തുപോന്നു. അവരുടെ പ്രതിലോമകരമായ പ്രത്യയശാസ്ത്രത്തിൻ്റെയും വിധ്വംസക സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ചരിത്രം ചുരുക്കി വിവരിക്കാൻ എളുപ്പമല്ല. ഈ അവസരത്തിൽ ചുരുക്കത്തിൽ പറയാൻ കഴിയുന്നത്, ഒരു ദശാബ്ദത്തിലേറെയായി നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ ഓരോന്നായി തകർക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത് എന്നാണ്. ഇന്ന് അത് ഐ.സി.യുവിൽ ആണെന്ന് തോന്നുന്നു. ജനാധിപത്യത്തിൻ്റെ പ്രധാന ഘടകങ്ങൾ വളരെ ദുർബലമായിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം, ഭരണകൂടത്തെ വിമർശിക്കാനുള്ള അവകാശം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, ജാതി, മതം, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലായ്മ, എല്ലാം വളരെ ഗുരുതരമായ നിലയിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ആദ്യ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഡോ. ബി.ആർ അംബേദ്കർ. സമീപം, ജവഹർലാൽ നെഹ്റു. കടപ്പാട്:national herald

ഇത് മാത്രമല്ല, അന്ധവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ജാതിയുടെയും മതത്തിന്റയും അടിസ്ഥാനത്തിലുള്ള അഹങ്കാരത്തിനും അഭിമാന ബോധത്തിനും ഏറെ പ്രോത്സാഹനം ലഭിക്കുന്ന ഒരു കാലഘട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. അന്വേഷണമോ വിചാരണയോ കൂടാതെ കേവലം ആരോപണത്തിൻ്റെ പേരിൽ ഒരാളെ കൊല്ലുകയോ ഉപദ്രവിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് ദുഃഖകരവും എന്നാൽ പതിവുള്ള വാർത്തകളായി മാറിയിരിക്കുന്നു. ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട ചില വിഭാഗത്തിൽപ്പെട്ട കുറ്റവാളികളെ ആദരിക്കുന്നതും നമ്മുടെ രാജ്യത്ത് പതിവായിരിക്കുന്നു. ഇന്ത്യയെ ഒരു രാഷ്ട്രമെന്നോ ജനാധിപത്യമെന്നോ നമുക്ക് ഇപ്പോഴും വിളിക്കാൻ കഴിയുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. കാരണം രണ്ടും നിയമവാഴ്ചയില്ലാത്ത ആൾക്കൂട്ടത്തിന് തുല്യമല്ല.

നവലിബറൽ സാമ്പത്തിക നയങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ എങ്ങനെ കാണുന്നു? ഇന്നത്തെ സാമ്പത്തിക നയങ്ങൾ സാമൂഹിക അധികാര ശ്രേണികളെ ബലപ്പെടുത്തുകയും ദുർബലരുടെ അരികുവൽക്കരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കരുതുന്നുണ്ടോ?

നവലിബറൽ സാമ്പത്തികശാസ്ത്രം ക്ഷേമം എന്ന ആശയത്തെ ഇല്ലാതാക്കുന്നതാണ്. ഒരു സ്റ്റേറ്റ് ഉദാരവൽക്കരണ നയങ്ങൾ സ്വീകരിക്കുന്നതിലൂടെ സ്വാഭാവികമായും ക്ഷേമ രാഷ്ട്രമല്ലാതായി മാറും. കൂടാതെ, എൻ്റെ അഭിപ്രായത്തിൽ, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന ഒരു സ്റ്റേറ്റ് സ്വന്തം ജനങ്ങളോട് സ്വേച്ഛാധിപത്യപരമായി പെരുമാറുകയും ലാഭക്കൊതിമൂത്ത കോർപ്പറേറ്റുകൾക്ക് കീഴടങ്ങുകയും ചെയ്യുന്നു.

സമകാലിക ഇന്ത്യയിൽ ജുഡീഷ്യൽ സ്വാതന്ത്ര്യം ദുർബലമാകുന്നത് ആശങ്കയുണ്ടാക്കുന്നതല്ലേ?

തങ്ങളുടെ അവകാശമോ നിയമമോ ലംഘിക്കപ്പെട്ടാൽ ഭൂമിയിലെ മനുഷ്യർക്ക് നീതിക്കായി ആശ്രയിക്കാനുള്ള അവസാന അത്താണിയാണ് ജുഡീഷ്യറി. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും ഭരണകൂടം ഉൾപ്പെടെ ആരെങ്കിലും ഇല്ലാതാക്കാൻ ശ്രമിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുമ്പോൾ അതിനെതിരെ സംരക്ഷണ കവചമൊരുക്കാൻ ജുഡീഷ്യറിക്ക് മാത്രമേ കഴിയൂ. ഭരണഘടനാപരമായി, നമ്മുടെ രാജ്യത്ത് ജുഡീഷ്യറി ഭരണകൂടത്തിൽ നിന്ന് സ്വതന്ത്രമാണ്. നിർഭാഗ്യവശാൽ, പ്രായോഗിക തലത്തിൽ അതിന് കടകവിരുദ്ധമായ ഒരുപാട് ഇടപെടലുകൾ ജുഡീഷ്യറിയുടെയും സ്റ്റേറ്റിന്റേയും നടപടികളിൽ കണ്ടെത്താൻ കഴിയും. എന്നെ സംബന്ധിച്ചിടത്തോളം, ഈ നയ വ്യതിയാനങ്ങൾ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതും ആശങ്ക ജനിപ്പിക്കുന്നതുമാണ്.

ഛത്തീസ്ഗഡിലെ ഹസ്ദിയോ മേഖലയിൽ അദാനി ഗ്രൂപ്പ് നടത്തുന്ന കൽക്കരി ഖനിയ്ക്ക് എതിരായ സമരം. കടപ്പാട്:rediff

ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനം പ്രത്യയശാസ്ത്രപരമായ ഇടപെടലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ, പ്രത്യേകിച്ച് ചരിത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും. ചരിത്രത്തിൻ്റെ തിരുത്തിയെഴുതലിനെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

വിദ്യാഭ്യാസ സമ്പ്രദായം ആണ് നമ്മുടെ രാജ്യത്ത് തെറ്റായ ദിശയിലേക്ക് തിരുത്തപ്പെടുന്ന ഒരു പ്രധാന രംഗം. വിദ്യാഭ്യാസത്തിൻ്റെ ആത്മാവായ വിമർശനാത്മക ചിന്തയാണ് ഈ തിരുത്തൽ പ്രക്രിയയുടെ ഏറ്റവും വലിയ ഇര. സാർവത്രിക സാഹോദര്യം, പാരസ്പര്യം, വിമർശനാത്മക ചിന്ത, യുക്തിയുടെ പ്രയോഗം എന്നിവയ്ക്കുവേണ്ടി നിലകൊണ്ട മിക്ക എഴുത്തുകാരും സാമൂഹ്യ ശാസ്ത്രഞ്ജരും ഒന്നുകിൽ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുകയോ അല്ലെങ്കിൽ ഉപരിപ്ലവമായ രീതിയിൽ പ്രതിപാദിക്കപ്പെടുകയോ ചെയ്യുന്ന സ്ഥിതി വന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുടെ പുതിയ വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുകായും അവർക്ക് കീഴിൽ ഔപചാരിക യോഗ്യതയില്ലാത്ത വ്യക്തികളെ നിയമിക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. യഥാർത്ഥ യോഗ്യതയുള്ള അധ്യാപകർക്ക് പകരം തങ്ങൾക്ക് അഭിമതരായവരെ നിയമിക്കാനുള്ള കരട് നിയമങ്ങൾ പ്രാബല്യത്തിലിൽ വന്നിരിക്കുന്നു. സർവ്വകലാശാലകളിൽ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ ചിന്തകൾ പ്രചരിപ്പിക്കുന്ന കോഴ്‌സുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ജനിച്ചിട്ടില്ലാത്ത കുട്ടിക്ക് നല്ല ഗുണങ്ങൾ പകർന്നു നൽകുന്ന കോഴ്‌സ്. അതേസമയം പിന്നോക്ക വിഭാഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള സ്‌കോളർഷിപ്പുകൾ അവതാളത്തിലുമാണ്. എജുക്കേഷന് പകരം ഡീ എജുക്കേഷൻ സമ്പ്രദായം പ്രാബല്യത്തിയിൽ വരുത്തിയതായി തോന്നുന്നു.

ജനാധിപത്യത്തിനും ഭരണഘടന മൂല്യങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ, ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്താൻ എന്താണ് സാധ്യത?

ഞങ്ങളുടെ തലമുറ അനുഭവിച്ചിട്ടില്ലാത്ത തീവ്രതയോടെ നാനാവിധമായ പ്രതിസന്ധികൾ നേരിടുന്ന പുതുതലമുറയിലാണ് എനിക്ക് പ്രതീക്ഷ. എന്റെ ചെറുപ്പകാലത്തും തൊഴിലില്ലായ്‌മയും മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും ഇത്രയും ഗുരുതരമായിരുന്നില്ല. എന്തൊക്കെ പരിമിതികളും പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും സർക്കാരുകൾ ആ കാലത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ സന്നദ്ധമായിരുന്നു. ക്ഷേമരാഷ്ട്ര സങ്കല്പം നിലനിന്നിരുന്ന ഒരു കാലം ആയിരുന്നല്ലോ അത്. കഴിഞ്ഞ പത്ത് വർഷമായി ജനങ്ങളെ കേൾക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സർക്കാർ കരുതുന്നേയില്ല. മതത്തിന്റെ ഏറ്റവും വിധ്വംസകവും പ്രതിലോമകരവുമായ കാര്യങ്ങളിലാണ് ഒരു വിഭാഗം ജനങ്ങൾക്കും സർക്കാരിനും താൽപ്പര്യം. ഇത് ജനങ്ങളിൽ ഒരുതരം ഉന്മാദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്ന പുതുതലമുറയ്ക്കാണ് ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ കഴിയുക എന്ന് ഞാൻ കരുതുന്നു. അവരിലാണ് എന്റെ പ്രതീക്ഷ. ഒരുനാൾ അവർ ഒന്നിച്ചുചേർന്ന് ഈ സർക്കാരിനെ അധികാര ഭ്രഷ്ടരാക്കുകയും നീതിയും ധർമ്മവും നിരാകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ, ജുഡീഷ്യറി, പോലീസ് അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ അവർ മോദി സർക്കാരിനെ നിരാകരിച്ചതാണ്. എന്നാൽ നീതിപൂർവ്വം തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ മാത്രമാണ് വീണ്ടും മോദി അധികാരത്തിൽ വന്നത്. രണ്ടാമത്തെ പ്രതീക്ഷ പ്രതിപക്ഷ കൂട്ടായ്മയിലാണ്. എന്തൊക്കെ പ്രശ്നങ്ങളും പരിമിതികളും അവർക്കുണ്ടെങ്കിലും അവരുടെ ഐക്യം നമ്മുടെ നാടിന് അനിവാര്യമാണ്.

ഹിന്ദുത്വ ശക്തികളെയും അവരുടെ ഏകാധിപത്യ അജണ്ടയെയും നേരിടുക എളുപ്പമല്ലല്ലോ. വർഷങ്ങളായുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്നും ചെറുത്തുനിൽപ്പിൽ നിന്നും താങ്കൾ പഠിച്ച പ്രധാന പാഠം എന്താണ്?

ഭരണഘടന മൂല്യങ്ങളും സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും നിലനിൽക്കെ തന്നെ ബഹുജനങ്ങളുടെ ഇടയിൽ അവരുടെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തം ഉണ്ടെന്ന് ഞാൻ കരുതുന്നു. അതിൽ വീഴ്ച വരുന്ന പക്ഷം നാം ഇപ്പോൾ അനുഭവിക്കുന്ന തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. എല്ലാം താനേ ശരിയായിക്കൊള്ളും, അല്ലെങ്കിൽ മറ്റുള്ളരുടെ പ്രശ്‍നങ്ങളിൽ തനിക്ക് ഉത്തരവാദിത്തം ഇല്ല എന്ന് നമ്മൾ കരുതരുത്. നമുക്കിടയിലെ മതേതരത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആളുകളുടെ ഭാഗത്ത് നിന്നും ജനാധിപത്യ സംരക്ഷണത്തിനായി അവരുടെ കഴിവിന്റെ പകുതിപോലും ശ്രമങ്ങൾ ഈ അടുത്തകാലത്ത് ഉണ്ടായിട്ടില്ല എന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. എന്നാൽ ജനങ്ങളെ വിഭജിക്കുകയും അവർക്കിടയിൽ വർ​ഗീയ വിഷം കുത്തിവയ്ക്കുകയും ചെയ്യുന്ന വ്യക്തികളും സംഘടനകളും അവരുടെ പരമാവധി ജനങ്ങൾക്കിടയിൽ അവരുടെ ലക്ഷ്യം നേടാൻ യത്നിക്കുന്ന കാഴ്ചയും നമുക്ക് കാണാം. അവർക്ക് പുരോഗമന ചിന്താഗതിക്കാരായിരുന്ന ആളുകളെക്കൂടി സ്വാധീനിക്കാൻ കഴിയുന്നുണ്ട്. നല്ല മനുഷ്യരേക്കാൾ അത്തരം ആളുകൾക്കാണ് വളരെ എളുപ്പത്തിൽ തങ്ങളുടെ ശൃംഖല ഫലപ്രമായി വ്യാപിപ്പിക്കാൻ കഴിയുന്നതെന്നും തോന്നുന്നു. ഡെമോക്രസിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ജനങ്ങളോട് ചേർന്ന് പ്രവൃത്തിക്കുന്നതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നാണ് ഞാൻ മനസിലാക്കിയ വലിയ പാഠം.

മറ്റൊന്ന്, അധികാരത്തിൽ വരുന്നതിനു മുമ്പ് സംഘ്പരിവാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സാംസ്കാരിക സംഘടനകളിലൂടെയും ജനങ്ങളെ നേരിൽ കണ്ടും വർഗ്ഗീയത പ്രചരിപ്പിക്കുമ്പോൾ അത് തടയാനുള്ള നടപടികൾ കൈക്കൊള്ളാൻ അന്നത്തെ സർക്കാരിനെ പ്രേരിപ്പിക്കാനും നമുക്ക് കഴിഞ്ഞില്ല എന്ന് ഞാൻ തിരിച്ചറിയുന്നു. ആ സമയത്ത് ഒരു ജനകീയ പ്രസ്ഥാനം അതിനെതിരെ രൂപം കൊണ്ടിരുന്നെങ്കിൽ ഇത്രയും ശക്തമായ സാന്നിധ്യമായി ഹിന്ദുത്വ ശക്തികൾ മാറില്ലായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും മനുഷ്യർക്കിടയിലെ സാഹോദര്യത്തിനും തുരങ്കം വയ്ക്കുന്ന സംഘടനകളെ നിരോധിക്കുകയാണ് വേണ്ടിയിരുന്നത്.

വർ​ഗീയതയ്ക്കെതിരായ ഒരു പ്രതിഷേധ റാലിയിൽ പ്രൊഫ. രൂപ് രേഖ വർമ്മ. കടപ്പാട്:rediff.com

സ്വേച്ഛാധിപത്യത്തെ ചെറുക്കാനും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ആഗ്രഹിക്കുന്ന യുവ ജനങ്ങളോടും വിദ്യാർത്ഥികളോടും എന്താണ് പറയാനുള്ളത്?

എനിക്ക് പുതുതലമുറയോയോട് ഒരു കാര്യമേ പറയാനുള്ളു. നിങ്ങൾ സുരക്ഷിതരാണെന്നും അപകടം മറ്റുള്ളവർക്കാണെന്നും ഒരിക്കലും കരുതരുത്. അപകടം ഒരു ദിവസം നിങ്ങളുടെ വീട്ടുമുറ്റത്തും വന്നുചേരും. ഇത് ചരിത്രത്തിൽ പല തവണ സംഭവിച്ചതാണെന്ന് ഓർക്കണം. ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ സുരക്ഷിതരാണെന്ന് സ്വയം കരുതുന്നു എങ്കിൽ അവർ പതിയിരിക്കുന്ന ദുരന്തം കാണാതെ പോവുകയാണ്. എല്ലാ ഹിന്ദുക്കളും ഒന്നാണെന്ന പ്രചാരണം വ്യാജമാണ്. ജാതി ഘടനയിൽ ഏറ്റവും താഴേക്കിടയിലെ മനുഷ്യരാണ് ഇപ്പോൾ ഏറ്റവും കൂടുതൽ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നാളെ അത് മറ്റ് സമുദായങ്ങൾക്കിടയിലേക്കും പടരും. ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇരകൾ നാളെ അവർ മാത്രമായിരിക്കില്ല. ഇന്ന് സുരക്ഷിതരാണെന്ന് കരുതുന്ന ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഒക്കെ നാളെ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. ഇന്ന് ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്‍നങ്ങളോട് മൗനം പാലിക്കുന്നത് മാനവരാശിക്ക‌് തന്നെ അപകടകരമായി മാറും. അതുകൊണ്ട് അനീതിക്കെതിരെ ശബ്ദമുയർത്താൻ ഇനിയും മടികാണിച്ചുകൂടാ. മാനവരാശിയുടെ പുരോഗതിക്കായി കൈകോർക്കാൻ യുവ തലമുറ ഇനിയും വൈകരുത്.

Also Read