ഇന്ത്യനൂര്‍ ഗോപി: ഭാരതപ്പുഴയ്ക്ക് വേണ്ടി ഒരു ജീവിതം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളീയ സംസ്‌കൃതിയുടെ സമ്പന്നമായ പ്രവാഹ സമൃദ്ധിയുടെ പ്രതീകമാണ് നിള എന്ന ഭാരതപ്പുഴ. തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തിയില്‍ നിന്നുമാരഭിച്ച് പൊന്നാനി ചമ്രവട്ടം അഴിമുഖത്ത് കടലില്‍ അലിഞ്ഞുചേരുന്ന നിളയുടെ പുളിനങ്ങളിലാണ് മലയാളത്തിന്റെ മഹാരഥന്മാരിലേറെപ്പേരും ജീവിച്ച് മരിച്ചത്. പുഴ പിന്നീട് മലിനമാവുകയും വറ്റിവരളുകയും കാലാന്തരത്തില്‍ മരുഭൂമിയാവുകയും ചെയ്തപ്പോഴാണ് നിളാ സംരക്ഷണവുമായി പ്രകൃതി സ്‌നേഹികള്‍ രംഗത്ത് വന്നത്.

ഭാരതപ്പുഴയുടെ നേരൊഴുക്കിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രകൃതി സ്‌നേഹിയായിരുന്നു ഇന്ത്യനൂർ ​ഗോപി. ഭാരതപ്പുഴ ഒരു കണ്ണീര്‍ച്ചാലായി ഒഴുകുന്നതില്‍ മനംനൊന്ത് അദ്ദേഹം ഭാരതപ്പുഴ സംരക്ഷണസമിതിക്ക് രൂപം നല്‍കി. ഈ പുഴയുടെ വീണ്ടെടുപ്പിനായി ഒരുപാട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍, കോളേജ് വിദാര്‍ത്ഥികള്‍, പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകര്‍, കര്‍ഷകരെയൊക്കെ സംഘടിപ്പിച്ച് ബോധവല്‍ക്കരണ പരിപാടികളും, അധികാരികളുടെ ശ്രദ്ധക്കായി വിവിധ സമരപരിപാടികളുമൊക്കെ സംഘടിപ്പിച്ചു. സര്‍ക്കാരിലേക്ക് അനേകം പരാതികളും നിവേദനങ്ങളും നല്‍കി. സ്വന്തം പേരിന്റെ കൂടെ ഇന്ത്യനൂര്‍ എന്ന ദേശപ്പേര് ചേര്‍ത്ത് ഭാരതപ്പുഴയെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഗോപി മാഷ് (പി. ഗോവിന്ദമേനോന്‍) ഇന്ന് നമ്മോടൊപ്പമില്ല. 2015 ഡിസംബർ18ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒമ്പത് വർഷം പിന്നിടുന്നു.

ഇന്ത്യനൂർ ​ഗോപി

ഭാരതപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിന്റെ കൂടെ ഇറങ്ങിത്തിരിക്കാന്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പട്ടാമ്പിയിലെ ഡോ. കെ.പി മുഹമ്മദുകുട്ടി, അഡ്വ. എം.പി ഉദയവര്‍മന്‍, കെ.എസ് ഹരിഹരന്‍, സി രാജഗോപാലന്‍ തുടങ്ങിയവരും സമിതിയോടൊന്നിച്ച് പ്രവര്‍ത്തിച്ച് വന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പി.കെ. വാരിയര്‍, എ.കെ ഗോപാലന്‍, പി.ടി ഭാസ്‌ക്കര പണിക്കര്‍, ഡോ. പി.എസ് പണിക്കര്‍ തുടങ്ങിവരും ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് മലമ്പുഴയുടെ ഉത്ഭവ സ്ഥാനമായ അയ്യപ്പപ്പന്‍പൊറ്റയില്‍ നിന്നും തുടങ്ങി ഒരുകൂട്ടം പരിസ്ഥിതി സ്‌നേഹികള്‍ ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ പൊന്നാനി അഴിമുഖം വരെ ഒരു പുഴയാത്ര നടത്തിയിരുന്നു. ആ യാത്രയില്‍ പൊതുജങ്ങള്‍ക്കിടയില്‍ ഭാരതപുഴയുടെ അവസ്ഥയെക്കുറിച്ച് ബോധവത്കരണം നടത്താന്‍ മുന്‍ കയ്യെടുത്തത് ഗോപി മാഷാണ്. എനിക്കും യാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ചെറിയ യോഗങ്ങള്‍, ജാഥകള്‍, നിവേദനങ്ങള്‍, ഭീമഹര്‍ജികള്‍ എന്നിവ കൂടാതെ കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ ചിത്രരചനാമത്സരം, പ്രബന്ധ പ്രസംഗ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

ഭാരതപ്പുഴ. കടപ്പാട്:timesofindia

ഭാരതപ്പുഴയുടെ തീരങ്ങളില്‍ വരള്‍ച്ച ആവര്‍ത്തിക്കപ്പെട്ടതും, കാലം തെറ്റി മഴ പെയ്യുന്നത് കാര്‍ഷിക മേഖലക്ക് തിരിച്ചടിയാവുന്നതുമെല്ലാം നാശോന്മുഖമായ നിളയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ജനങ്ങള്‍ക്ക് വിവരിച്ച് കൊടുത്തു. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ക്ക് കുടിനീരും, കൃഷിക്ക് ജലസേചനവും നല്‍കുന്ന ഭാരതപ്പുഴയുടെ സംരക്ഷണത്തിന് ഒരു അതോറിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുഴയും വനവും സംരക്ഷിക്കാതെ പരിഷ്‌കൃത സമൂഹത്തിന് നിലനില്‍ക്കാനാവില്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇനി ഇക്കാര്യങ്ങള്‍ ഇത്ര ആര്‍ജ്ജവത്തോടെ പറയാന്‍ കെല്‍പുള്ളവര്‍ അധികം പേരില്ല എന്നോര്‍ക്കുമ്പോഴാണ് ഇന്ത്യനൂര്‍ ഗോപി മാഷുടെ അഭാവം ഭാരതപ്പുഴയോളം നീണ്ടുപോവുന്നത്. ‌‌‌

തനിക്ക് മുമ്പെ പുഴ മരിക്കുമോ എന്ന് ആശങ്കപ്പെട്ട ഒരു മനുഷ്യ സ്‌നേഹിയോടൊപ്പം കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പുഴയും സംസ്‌കാരവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ത്യനൂര്‍ ഗോപി മാഷെുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ പ്രസിഡന്റായിരുന്നു ഇന്ത്യനൂര്‍ ഗോപി ഇന്ത്യയിലെ നദീസംരക്ഷണത്തിനായുള്ള പ്രഥമ പൗരത്വ സംരംഭങ്ങളിലൊന്നിനാണ് നേതൃത്വം നൽകിയത്. നദിയിലേക്ക് മലിനജലം ഒഴുക്കുന്ന ഫാക്ടറികള്‍ക്കെതിരായ നിരവധി പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ അദ്ദേഹമുണ്ടായിരുന്നു. പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് വിരുദ്ധ സമരത്തിലെ മുഖ്യസംഘാടകനുമായിരുന്നു അദ്ദേഹം. ദീര്‍ഘകാലം അടയ്ക്കാപുത്തൂര്‍ ഹൈസ്‌ക്കൂളിന്റെ പ്രധാനാധ്യാപകനും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിരുന്നു.

പി.വി തമ്പി മെമ്മോറിയൽ അവാർഡ് ബിനോയ് വിശ്വത്തിൽ നിന്നും ഏറ്റുവാങ്ങുന്ന ഇന്ത്യനൂർ ​ഗോപി മാഷ്.

ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തിയ ഗോപി ആദ്യം സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയത്തിലേക്ക് പിന്നീട് കൂറുമാറി. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടനായി. 1951ല്‍ മാര്‍ക്‌സിസ്റ്റ് നേതാവ് എ.കെ ഗോപാലനെ കണ്ടുമുട്ടി, അതിനുശേഷം അദ്ദേഹം അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങി.1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകുകയായിരുന്നു. ഇടതുപക്ഷ ആശയങ്ങളെ ഹരിത രാഷ്ട്രീയവുമായി സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എപ്പോഴും വാദിച്ചു. നദീസംരക്ഷണത്തിനായുള്ള പ്രഥമ പൗരത്വ സംരംഭങ്ങളിലൊന്നിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.

Also Read

3 minutes read December 22, 2024 9:14 am